കാക്ക എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാക്ക (വിവക്ഷകൾ) എന്ന താൾ കാണുക. കാക്ക (വിവക്ഷകൾ)

പക്ഷികളിലെ ഒരു വർഗ്ഗമാണ് കാക്ക. ഏറ്റവും ബുദ്ധിയുള്ള പക്ഷികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നവയാണ് കാക്കകൾ.[1] ലോകത്തിൽ നിരവധി തരം കാക്കകൾ ഉണ്ടെങ്കിലും കേരളത്തിൽ കാക്കകൾ രണ്ടു തരമേ കാണപ്പെടുന്നുള്ളൂ. ബലിക്കാക്കയും പേനക്കാക്കയുമാണവ. രണ്ടും ഒരേ വർഗ്ഗമാണെങ്കിലും വ്യത്യസ്ത ജാതികൾ ആണ്.

കാക്ക
Common Raven (Corvus corax)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Corvus

Linnaeus, 1758
Species

See text.

a common crow chased by common tern

ബലിക്കാക്ക JUNGLE CROW (corvus macrorhynchos) ദൂരെ നിന്ന് നോക്കുമ്പോൾ ഒരേ പോലെ തോന്നാമെങ്കിലും സൂര്യപ്രകാശം പ്രതിഫലിക്കുമ്പോൾ ബലിക്കാക്കയും പേനക്കാക്കയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാം. കണ്ണാറൻ കാക്ക എന്നു പറയുന്ന ബലിക്കാക്കയുടെ തൂവലുകൾ പൂർണ്ണമായും കറുത്ത നിറമാണ്. ഏന്നാൽ രാമൻ കാക്ക എന്നു പറയുന്നപേനക്കാക്ക HOUSE CROW (Corvus splendens) കഴുത്തും തലയും ചാരനിറത്തിൽ കാണപ്പെടുന്നു. ബലിക്കാക്കയുടെ കൊക്കും ദേഹവും പേനക്കാക്കകളേക്കാൽ ദൃഡവും വലിപ്പമുള്ളതുമണ്. പേനക്കാക്കകളുടെ മുഖം, താടി, തൊണ്ട എന്നിവയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളും കറുപ്പ് നിറമാണ്.

ബലിക്കാക്ക എന്നു വിളിക്കുന്നത് ചില മതങ്ങളുടെ ആചാരമായ തർപ്പണം ചെയ്യുന്ന ഇടങ്ങളിൽ ബലിക്കാകൾ കൂടുതലായി കാണപ്പെടുന്നു എന്നതിനാലാണ്. മനുഷ്യന്റെ ജീവിതവുമായി പുരാതന കാലം മുതൽക്കേ കാക്കകൾ ബന്ധപ്പെട്ടിരുന്നതിനാലാണ് അവയ്ക്ക് ഇത്തരം മതാചാരങ്ങളുടെ സമയത്തും അല്ലാതെ ശബ്ദങ്ങൾ മുഖേനയും പ്രതികരിക്കാനാവുന്നത്. നനഞ്ഞ കൈകൾ കൊണ്ട് കൈകൊട്ടുന്നത് ബലിക്കാക്കകളെ വിളിച്ചു വരുത്തും എന്നു വിശ്വസിക്കുന്നവരാണ് കേരളത്തിൽ. ബലിക്കാക്കയും പേനക്കാക്കയും തമ്മിൽ സ്വഭാവത്തിൽ വ്യത്യാസമില്ലാ എന്നതും ഇരു കൂട്ടരും സമൂഹ ജീവികൾ ആണെന്നതുമൂലവും ഒരു ജാതിയിലെ തന്നെ പൂവനും പിടയുമാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ടെന്ന് പക്ഷി നിരീക്ഷകനായ ഇന്ദുചൂഢൻ ചൂണ്ടിക്കാണിക്കുന്നു .

പരിസരങ്ങളിലെ മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നതിൽ ഒരു പരിധിവരെ കാക്കകൾ മനുഷ്യന് സഹായകരമാവാറുണ്ട്.

ജീവിതരീതികൾ

തിരുത്തുക
 
കാക്ക

മനുഷ്യനെ ആശ്രയിച്ച് ജീവിക്കാൻ താല്പര്യമുള്ള ഒരു പക്ഷിയാണ് കാക്ക. ലോകത്തിൽ മിക്ക രാജ്യങ്ങളിലും കാക്ക ഉണ്ട്. ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലുമാണ് ഇവയെ കൂടുതലായി കാണുന്നത്. മനുഷ്യവാസമില്ലാത്ത സ്ഥലങ്ങളിൽ കാക്കയുടെ സാന്നിദ്ധ്യം അപൂർവമാണ്‌. അറിഞ്ഞും അറിയാതെയും മനുഷ്യൻ ഉപേക്ഷിക്കുന്ന മാലിന്യങ്ങളെ കാക്കകൾ ഭക്ഷണമാക്കുന്നു. ആഹാരം തേടുന്നതും രാത്രി ചേക്കേറുന്നതും കൂട്ടമായാണ്. എന്നാൽ മുട്ടയിട്ടു വിരിയിക്കുന്ന കാലത്ത് മാത്രം കാക്കകൾ ഇണ പിരിഞ്ഞ് കൂട്ടത്തിൽ നിന്നു മാറി തനിയെ ഒരു കൂടുണ്ടാക്കി ജീവിക്കുന്നു. കുഞ്ഞുങ്ങൾ പറക്ക മുറ്റിപ്പോകുന്നതോടെ ഓരോ കൂടും ഉപേക്ഷിക്കപ്പെടുന്നു.

സാമൂഹ്യബോധം

തിരുത്തുക

സമൂഹ ജീവിയാണ് കാക്കകൾ എന്നു വിശേഷിപ്പിക്കപ്പെടാറുണ്ട്. കൂട്ടത്തിലെ ഒരു കാക്കക്കോ കുഞ്ഞിനോ അപകടം പിണഞ്ഞാൽ ഇവ സംഘമായി ശബ്ദമുണ്ടാക്കി പ്രതികരിക്കുകയും ചിലപ്പോൾ ആക്രമോത്സുകത കാണിക്കുകയും ചെയ്യും. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിലും ഈ സംഘബോധം കാണാം. കാക്കക്ക് വലിയ ഓർമ്മശക്തിയാണെന്നും അതു മൂലം തന്റെ കുട്ടിക്കാലത്ത് കാക്കയുടെ പക നേരിടേണ്ടി വന്നതും ജീവിതം തന്നെ അതുമൂലം ദുസ്സഹമായതും പ്രശസ്തനായ ഫോട്ടോഗ്രാഫർ ആയ ഇ. എച്ച്. എൻ. ലൗദർ തന്റെ "ഇന്റ്യയിൽ ഒരു പക്ഷിഫോട്ടോഗ്രാഫർ എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. കാക്കകൾ ഭക്ഷണം എടുത്ത് മറച്ചു വക്കുന്നതും ചിലപ്പോൾ സംഘമായി വന്ന് മറ്റുള്ള വന്യ ജീവികളെ തുരത്തുന്നതും ചന്ത പോലുള്ള സ്ഥലങ്ങളിൽ ഒരു കൂസലുമില്ലാതെ വന്ന് മാലിന്യം എടുത്തു കൊണ്ട് പോകുന്നതും മറ്റും കാക്കകളുടെ ബുദ്ധിശക്തിക്ക് സൂചനയായി കരുതുന്നു. ആപത്തു നേരിടുമ്പോൾ ഉള്ള കരച്ചിലിൽ വളരെ പെട്ടെന്നാണ് ഇവ കൂട്ടം ചേർന്നെത്തുന്നത്. ഈ പ്രത്യേകതകൊണ്ടാകാം മറ്റു പക്ഷികളെയെന്നപോലെ കാക്കയെ ജീവനോടെ പിടികൂടാൻ മനുഷ്യർക്ക് പൊതുവേ സാധിക്കാത്തത്.[അവലംബം ആവശ്യമാണ്]

 
ചുള്ളിക്കമ്പുകൾ, ഇലക്ട്രിക് വയറുകൾ, കമ്പികൾ തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട കാക്കക്കൂട്

കാക്കക്കൂടുകൾക്ക് പ്രകൃത്യായിള്ള ആകൃതിയോ രൂപമോ ഉണ്ടാകുകയില്ല. കൂടുകെട്ടുന്ന സ്ഥലത്ത് സമൃദ്ധമായി കിട്ടുന്ന ചുള്ളികളോ കമ്പികളോ ഉപയോഗിച്ചാണ് ഇവ കൂടു നിർമ്മിക്കുന്നത്. പരുക്കനായാണ് നിർമ്മിതിയെങ്കിലും മുട്ടയും കുഞ്ഞുങ്ങളും കിടക്കേണ്ട സ്ഥാനത്ത് നാരുകൾ, രോമം, കീറത്തുണി എന്നിവ ഉപയോഗിച്ച് ഒരു മെത്തയുണ്ടാക്കും.[2] കാക്കകൾ പ്രധാനമായും സന്താനോൽപാദനം നടത്തുന്നത് ഡിസംബർ മുതൽ ജൂൺ വരെയാണ്. എങ്കിലും പെരുമഴക്കാലമൊഴികെ മറ്റു സമയങ്ങളിലും ഇവ കൂടു നിർമ്മിക്കുന്നതു കാണാം.[2] നീലനിറത്തിലുള്ള മുട്ടകൾക്കു മുകളിൽ തവിട്ടു നിറത്തിലുള്ള വരയും കുറിയും കാണാം. കുയിലിന്റെ മുട്ടകളും ഇതിനു സമാനമായതിനാൽ കൂട്ടത്തിൽ കിടക്കുന്ന കുയിൽ മുട്ടകളെ കാക്കകൾക്ക് തിരിച്ചറിയാൻ കഴിയില്ല. ഈ സാധ്യത ഉപയോഗപ്പെടുത്തിയാണ് കുയിലുകൾ കാക്കയുടെ കൂട്ടിൽ മുട്ടയിടുന്നത്.[3]

ദിവസവും കുളിക്കാറുള്ള പക്ഷികളാണ് കാക്കകൾ. [അവലംബം ആവശ്യമാണ്] ദിവസവും വൈകുന്നേരങ്ങളിൽ കൊക്കും ചിറകും ഉപയോഗിച്ച് വെള്ളം പലപ്രാവശ്യം തെറിപ്പിച്ചാണ് ഇവ കുളിക്കാറുള്ളത്. കുളികഴിഞ്ഞ് കൊക്കുപയോഗിച്ച് തൂവലുകളും പൂടയും ചീകിയൊതുക്കുന്ന കാക്കകളുടെ പ്രത്യേകതയാണ്. പേനക്കാക്കകൾ കൂട്ടമായും ബലിക്കാക്കകൾ ഒറ്റക്കോ ഇണകളായോ ആണ് കുളിക്കാനെത്തുക. വടക്കേ മലബാറിൽ പേനാ കാക്കകളെ കായിതൻ കാക്ക എന്നാണ് വിളിക്കുന്നത്‌. ബലി കാക്കകൾ നല്ല കറുപ്പ് നിറത്തിൽ ആണ് കാണുന്നത് . പേനാ കാക്കയുടെ കഴുത്തിന്‌ ചുറ്റും അല്പം വെളിതിരിക്കും പേനക്കാക്കകൾ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിലാണ് സമൂഹസ്നാനം നടത്താനെത്തുക. എന്നാൽ ബലിക്കാക്കകൾ ചെറിയ പാത്രങ്ങളിലിരിക്കുന്ന വെള്ളത്തിലും വെള്ളമിറ്റുവീഴുന്ന ടാപ്പുകൾക്കു കീഴിൽ നിന്നും കുളിക്കാറുണ്ട്.[3][4]

കാക്കകൾ വളരെ കുറച്ചു മാത്രം ഉറങ്ങാറുള്ള പക്ഷികളാണ്. ആൽ, കൊന്ന, ബദാം തുടങ്ങിയ വലിയ മരങ്ങളാണ് ഇവ ചേക്കേറാൻ തിരഞ്ഞെടുക്കുക. രാത്രി വളരെ വൈകുന്നതു വരെയും ഇവ ബഹളം വെച്ചുകൊണ്ടിരിക്കും. രാവിലെ നേരത്തെ ഉണരുകയും ചെയ്യും. കാക്കകൾ ചേക്കയിരിക്കുന്ന മരങ്ങൾ തന്നെയാണ് മൈനകളും രാത്രിയുറക്കത്തിനു തെരഞ്ഞെടുക്കാറുള്ളത്.[3]

കാക്കകൾ ധാരാളം ഭക്ഷണം കിട്ടുന്ന സമയത്ത് കുറച്ചു കൊക്കിലെടുത്തുകൊണ്ടുവന്ന് ഇലകൾക്കിടയിലും മറ്റും സൂക്ഷിച്ചു വെക്കാറുണ്ട്. പിന്നീട് കുറച്ചു സമയത്തിനു ശേഷം അവ എടുത്തു ഭക്ഷിക്കുന്നു.[3] പരിസരം വളരെ ശ്രദ്ധിക്കാറുള്ള പക്ഷിയാണ് കാക്ക. ഇവ എപ്പോഴും കണ്ണുകൾ ചുഴറ്റിക്കൊണ്ടിരിക്കുന്നതു കണ്ടാൽ കോങ്കണ്ണുള്ളതായി തോന്നും.[4]

കാക്കകൾ മാലിന്യങ്ങൾക്കു പുറമേ ധാന്യങ്ങളും പഴവർഗങ്ങളുമെല്ലാം ഭക്ഷിക്കാറുണ്ട്. എലികളും പ്രാണികളും ചെറിയ പക്ഷികളുമെല്ലാം ഇവയുടെ ഭക്ഷണങ്ങളിൽ പെടും. ചില മതങ്ങൾ കാക്കകളെ നല്ലവരായി കാണുമ്പോൾ മറ്റു ചിലത് പൈശാചികമായി ചിത്രീകരിക്കുന്നു.

ഐതിഹ്യങ്ങൾ

തിരുത്തുക
 
കാക്ക കൂട്ടിൽ അടയിരിക്കുന്നു. പ്ലാസ്റ്റിക്ക് നാരുകളും മറ്റും കൂടുണ്ടാക്കാനായി ഉപയോഗിച്ചിരിക്കുന്നത് കാണാം
 
ചുള്ളിയൊടിക്കുന്ന ബലിക്കാക്ക

ഹിന്ദുക്കളുടെ ചില പ്രാദേശിക വിശ്വാസങ്ങൾ പ്രകാരം ശ്രാദ്ധങ്ങളിലും മരണാനന്തര ചടങ്ങുകളിലും പിതൃക്കൾക്കായി അർപ്പിക്കുന്ന ബലിച്ചോറ് അവർക്കായി കൊണ്ടെത്തിക്കുന്നത് കാക്കകൾ ആണ്‌ . അതിനാൽ ബലിച്ചോർ ഭക്ഷിക്കാനെത്തുന്ന കാക്കകൾ ബലിക്കാക്കകൾ എന്ന‌റിയപ്പെടുന്നു. ഇത്തരം സന്ദർഭങ്ങളിൽ കാക്കകൾക്ക് ദിവ്യ പരിവേഷം ലഭിക്കുന്നുണ്ടെങ്കിലും മറ്റുള്ള സന്ദർഭങ്ങളിൽ, കാക്കകളുടെ സാമീപ്യമോ ശബ്ദമോ ഒക്കെ തികച്ചും അരോചകവും, വിശേഷിച്ച് ശുഭവേളകളിൽ വർജ്യവുമായി കണക്കാക്കപ്പെടുന്നു.

ശനി ഭഗവാന്റെ വാഹനം കാക്കയാണ്. ബുദ്ധമതത്തിലെ ഗ്രന്ഥങ്ങളിൽ കാക്കകളെ പറ്റി പരാമർശിച്ചിട്ടുണ്ട്. അവലോകിതേശ്വരന്റെ പുനർജ്ജന്മമാണ് എന്ന് കരുതുന്ന ദലൈ ലാമയെ കുഞ്ഞുന്നാളിൽ സം‍രക്ഷിച്ചത് രണ്ട് കാക്കകൾ ആയിരുന്നു എന്നു ടിബറ്റൻ ബുദ്ധമതാനുയായികൾ കരുതി വരുന്നു. നോർദിക പുരാണങ്ങളിലും കാക്കകളെ പറ്റി നിറയെ പരാമർശങ്ങൾ ഉണ്ട്.

സീതയെ ഉപദ്രവിച്ചതു കാരണം രാമനെയ്ത പുല്ലുശരം കൊണ്ടാണ് കാക്കയുടെ കണ്ണ് കോങ്കണ്ണായത് എന്നൊരു കഥയുണ്ട്.

കാട്ടിൽ ഒളിച്ചുതാമസിച്ചിരുന്ന ഏലിയാപ്രവാചകന് ഭക്ഷണം കൊടുക്കുന്നതിന് ദൈവം കാക്കയെ നിയോഗിച്ചതായി ബൈബിളിൽ പറയുന്നുണ്ട്.

പഴഞ്ചൊല്ലുകൾ

തിരുത്തുക
  • കാക്കയ്ക്കും തൻ കുഞ്ഞ് പൊൻ കുഞ്ഞ്
  • കാക്ക കുളിച്ചാൽ കൊക്കാകുമോ
  • കാക്ക കണ്ടറിയും കൊക്ക് കൊണ്ടറിയും
  • കാക്ക മലർന്നു പറക്കില്ല
  • അരിയെറിഞ്ഞാൽ ആയിരം കാക്ക
  • ആലിൻ പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ്.

സാഹിത്യത്തിൽ

തിരുത്തുക

വൈലോപ്പിള്ളി ശ്രീധരമേനോൻ കാക്ക എന്ന പേരിൽ ഒരു കവിത എഴുതിയിട്ടുണ്ട് . കൂരിരുട്ടിന്റെ കിടാത്തിയെന്നാൽ സൂര്യപ്രകാശത്തിനുറ്റ തോഴി എന്ന് തുടങ്ങുന്ന ഈ കവിത ലോകത്ത് ഏതെങ്കിലും ഒരു ഭാഷയിൽ ഒരു പക്ഷിയെപ്പറ്റി ഉണ്ടായിട്ടുള്ള ഏററവും ഹൃദയാവർജകമായ കവിതയാണു്. "ചില പക്ഷികൾ ഞാൻ മുതിർന്ന കാലത്ത് എന്റെ കവിതകളിൽ ചിറകടിച്ചു പോയി. കാക്കകൾ മാത്രം ഇന്നും വിടാതെ കൂടെയുണ്ട്" എന്നാണ് വൈലോപ്പിള്ളി പിന്നീട് എഴുതിയത്. ഒ.വി. വിജയന്റെ കടൽത്തീരത്ത് എന്ന കഥയിലും കാക്കയ്ക്ക് അപ്രധാനമല്ലാത്ത സ്ഥാനമുണ്ട്. നോബൽ സമ്മാനം ഐവാൻ ബുനിന്റെ കാക്ക എന്ന കഥ തുടങ്ങുന്നതു തന്നെ ഇങ്ങനെയാണ്: "എന്റെ അച്ഛൻ ഒരു കാക്കയെ പോലിരിക്കുന്നു...."

ചിത്രശാല

തിരുത്തുക
  1. http://news.bbc.co.uk/1/hi/sci/tech/4286965.stm
  2. 2.0 2.1 കേരളത്തിലെ പക്ഷികൾ-ഇന്ദുചൂഡൻ (കേരള സാഹിത്യ അക്കാദമി-1996)
  3. 3.0 3.1 3.2 3.3 പക്ഷിക്കൂട്: ഒരു പഠനം-പി.വി. പദ്മനാഭൻ (ഡി.സി.ബുക്സ്-2012) ISBN 978-81-264-3583-8
  4. 4.0 4.1 ദക്ഷിണേന്ത്യയിലെ പക്ഷികൾ-സി. റഹിം (ചിന്ത പബ്ലിഷേഴ്സ്-2013)ISBN 93-82808-40-x

മറ്റ് കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ കാക്ക എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=കാക്ക&oldid=3981594" എന്ന താളിൽനിന്ന് ശേഖരിച്ചത്