യേശുവിന്റെ അമ്മ വിശുദ്ധമറിയത്തെ കേന്ദ്രീകരിച്ച് പി. മോഹനൻ രചിച്ച മലയാളം നോവലാണ് അമ്മകന്യ. മറിയത്തിന്റെ സ്വയംഭാഷണത്തിന്റെ രൂപത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഈ കൃതി യേശുവിന്റെ ജീവിതത്തിന്റേയും അതുമായി ബന്ധപ്പെട്ട ദേശകാലങ്ങളുടേയും സ്ത്രീപക്ഷചിത്രം അവതരിപ്പിക്കാൻ ശ്രമിക്കുന്നു. "ബൈബിളിനെ അതിന്റെ ചരിത്രസിദ്ധിയോടെ മനസ്സിലാക്കുന്ന നോവൽ" എന്ന് ഇതിനെ കെ.പി. അപ്പൻ വിശേഷിപ്പിച്ചിട്ടുണ്ട്.[1] ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച ഈ കൃതിയുടെ ആദ്യപതിപ്പിറങ്ങിയത് 2004-ലാണ്.[2]

അമ്മകന്യ
പുസ്തകത്തിന്റെ പുറംചട്ട
കർത്താവ്പി. മോഹനൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
2004
മാധ്യമംഅച്ചടി
ISBNISBN 978-8184230666

കഥാപാത്രങ്ങൾ

തിരുത്തുക

റോമൻ ആധിപത്യത്തിന്റെ ഭാരത്തിൽ ഞെരിഞ്ഞമരുന്ന പലസ്തീന പശ്ചാത്തലമാക്കി എഴുതപ്പെട്ടിരിക്കുന്ന ഈ കൃതിയിലെ മറിയം, മൂത്തമകനായ യേശു ഉൾപ്പെടെ ആറു മക്കളുടെ അമ്മയാണ്. മരപ്പണിക്കാരനായ യേസെ, കൃഷിക്കാരനായ യാക്കോബ്, ആട്ടിടയനായ ശീമോൻ എന്നീ സഹോദരന്മാരും റഹേൽ, എലിസബീത്ത് എന്നീ സഹോദരിമാരുമണ് യേശുവിനുണ്ടായിരുന്നത്.

മറിയത്തിന്റെ മരിച്ചു പോയ ഭർത്താവ് ജോസഫിന്റെ സുഹൃത്തും കുടുംബത്തിന്റെ ഉപകർത്താവുമായിരുന്ന തീത്തോസ്; അയാളെ പിരിഞ്ഞ് ചേരിയിൽ മക്കൾ ബന്യാമിൻ, ശമുവേൽ എന്നിവരോടൊത്തു വേറെ കഴിയുന്ന ഭാര്യ റീസൽ; തീത്തോസിന്റെ 'വെപ്പാട്ടി' ശമര്യാക്കാരി മേരി; 'അമ്മകന്യ'-യുടെ ബന്ധുക്കളും സ്നാപകയോഹന്നാന്റെ മാതാപിതാക്കളുമായ ഇൻകെരീമിലെ സഖര്യാവും എലിസബീത്തും; ജോസഫിന്റെ സഹോദരി മിറിയം; ഗന്നസരേത്തിൽ നിന്നുള്ള ദമ്പതിമാരായ സെബദിയും മിറിയവും; സെബദീപുത്രന്മാരും യേശു-ശിഷ്യന്മാരുമായ യാക്കോബും യോഹന്നാനും; "റാമായിൽ ഒരു വിലാപം കേൾക്കുന്നു, റാഹേൽ മക്കളെക്കുറിച്ചു കേഴുന്നു" എന്ന ജെറമിയായുടെ പ്രവചനവാക്യം അനുസ്മരിക്കുന്ന റാമാക്കാരി റാഹേൽ[൧]; കഥാഗതിയിൽ ഒരിക്കലും നേരിട്ടു കടന്നുവരുന്നില്ലെങ്കിലും പശ്ചാത്തലത്തിൽ ഏറെ ചർച്ച ചെയ്യെപ്പെടുന്ന മഗ്ദലനക്കാരി മറിയം എന്നിവർ ഇതിലെ കഥാപാത്രങ്ങളിൽ ചിലരാണ്.[2]

'കണ്ണീരിന്റെ പുസ്തകം'

തിരുത്തുക

യേശുവിന്റെ രണ്ടു സഹോദരിമാർ ഉൾപ്പെടെയുള്ള സ്ത്രീകഥാപാത്രങ്ങൾക്ക് ഇതിലെ ആഖ്യാനത്തിൽ ഏറെ പ്രാധാന്യമുണ്ട്. അധിനിവേശത്തിനു മുന്നിൽ തകരുന്ന ഒരു നാട്ടിൽ ചിതറിപ്പോകുന്ന മക്കളെക്കുറിച്ചോർത്തു വിലപിക്കുന്ന അമ്മമാരെ അവതരിപ്പിക്കുന്ന കൃതിയെന്നും, സ്ത്രീകഥാപാത്രങ്ങളുടെ "കണ്ണീരും നിശ്വാസവും പരാതികളും കൊണ്ടു പണിയപ്പെട്ടിരിക്കുന്ന പുസ്തകം" എന്നും മലയാളത്തിലെ കവയിത്രി വി.എം. ഗിരിജ ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. "ബൈബിളിലെ അന്തരീക്ഷം പുനഃസൃഷ്ടിക്കുന്ന മനോഹരമായ ഭാഷ"-യുടെ പേരിലും അവർ ഈ കൃതിയെ പുകഴ്ത്തുന്നു.[3] "വാഴ്ത്തപ്പെട്ടവളുടെ സാഹിത്യസഞ്ചാരങ്ങൾ" എന്ന പ്രബന്ധത്തിൽ ആർ ഭദ്രൻ ഈ കൃതിയെ കെ പി അപ്പന്റെ മധുരം നിന്റെ ജീവിതം, ജോർജ് ഓണക്കൂറിന്റെ ഹൃദയത്തിലൊരുവാൾ എന്നീ കൃതികൾക്കൊപ്പം മലയാളത്തിലെ മൂന്നു മേരിവിജ്ഞാനീയ രചനകളിലൊന്നായി പരിഗണിച്ച് വിലയിരുത്തുന്നു.[4]

കുറിപ്പുകൾ

തിരുത്തുക

^ യേശുവിന്റെ പിറവിയെക്കുറിച്ചറിഞ്ഞ ഹേറേദോസ് രാജാവ്, കുഞ്ഞിനെ നശിപ്പിക്കാനായി ബെദ്‌ലഹേമിലും പരിസരത്തും നടത്തിയതായി മത്തായിയുടെ സുവിശേഷത്തിൽ പറയുന്ന 'പിള്ളവേട്ട'-യിൽ ഇരട്ടക്കുട്ടികളെ നഷ്ടപ്പെട്ടവളാണ് റാമാക്കാരി റാഹേൽ.

  1. കെ.പി. അപ്പൻ, "മധുരം നിന്റെ ജീവിതം (ഒന്നാം അദ്ധ്യായം, പുറം 13)
  2. 2.0 2.1 അമ്മകന്യ (നോവൽ), ഡി.സി. ബുക്ക്സ് 2004 മാർച്ച് മാസത്തിൽ പ്രസിദ്ധപ്പെടുത്തിയ ആദ്യപതിപ്പ്
  3. "പുരുഷൻ നിർണ്ണയിക്കാത്ത സ്ത്രീത്വം", 2004 ജൂലൈ 24-ലെ മലയാളം വാരികയിൽ വി.എം. ഗിരിജ എഴുതിയ 'പുസ്തകപരിചയം'
  4. "വാഴ്ത്തപ്പെട്ടവളുടെ സാഹിത്യസഞ്ചാരങ്ങൾ ചർച്ചയാകുന്നു". പത്തനംതിട്ട. ദേശാഭിമാനി പബ്ലിക്കേഷൻസ്. 2013 ജൂൺ 25. Archived from the original on 2013 ജൂൺ 30. ഗ്രന്ഥാലോകം മാസികയുടെ 2013 ഏപ്രിൽ ലക്കത്തിൽ വന്ന ആർ ഭദ്രന്റെ ലേഖനത്തെ പരാമർശിച്ച് വന്ന ലേഖനം. {{cite web}}: Check date values in: |date= and |archivedate= (help)CS1 maint: postscript (link)
"https://ml.wikipedia.org/w/index.php?title=അമ്മകന്യ_(നോവൽ)&oldid=3966928" എന്ന താളിൽനിന്ന് ശേഖരിച്ചത്