മധുരം നിന്റെ ജീവിതം

കെ. പി. അപ്പന്റെ ലേഖന സമാഹാരം

യേശുവിന്റെ അമ്മ മറിയത്തെക്കുറിച്ച് മലയാളത്തിലെ പ്രമുഖ സാഹിത്യവിമർശകൻ കെ.പി. അപ്പൻ രചിച്ച പുസ്തകമാണ് മധുരം നിന്റെ ജീവിതം. മേരിവിജ്ഞാനീയം എന്ന ദൈവശാസ്ത്രശാഖയുടെ ഭാഗമായി[1] മലയാളത്തിൽ പിറന്ന ആദ്യത്തെ രചനയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ കൃതി[2] പ്രസിദ്ധീകരിക്കപ്പെട്ടത് 2006-ൽ ആണ്.[3] മരണശേഷം ഈ കൃതിയുടെ പേരിൽ അപ്പന് 2008-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡു ലഭിച്ചു.[4]

മധുരം നിന്റെ ജീവിതം
പുസ്തകത്തിന്റെ പുറംചട്ട
കർത്താവ്കെ.പി. അപ്പൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
2006
മാധ്യമംഅച്ചടി
ISBNISBN 9788126412839

1994-ൽ പ്രസിദ്ധീകരിച്ച ബൈബിൾ വെളിച്ചത്തിന്റെ കവചം എന്ന കൃതിയിൽ "ക്രിസ്തുവിജ്ഞാനീയം മേരിവിജ്ഞാനീയത്തിന്റെ സാന്നിദ്ധ്യത്തിലായിരിക്കും പൂർണ്ണമായിത്തീരുക" എന്നും അതിനാൽ "മലയാളചിന്തയിൽ മേരിവിജ്ഞാനീയത്തിന്റെ ഇമ്പമുള്ള വാക്കുകൾ അതിവേഗം സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു" എന്നും അഭിപ്രായപ്പെട്ടിരുന്ന അപ്പൻ[5] തന്റെ ബൈബിൾ വായനയുടെ വെളിച്ചത്തിൽ വിശുദ്ധമറിയത്തെ പരിചയപ്പെടുത്തുകയാണ് ഈ കൃതിയിൽ.[6]

ഉള്ളടക്കം തിരുത്തുക

79 പുറങ്ങൾ മാത്രമുള്ള ഈ ലഘുഗ്രന്ഥം 15 അദ്ധ്യായങ്ങൾ അടങ്ങുന്നതാണ്.[7]

തുടക്കം തിരുത്തുക

ആദ്യത്തെ രണ്ടദ്ധ്യായങ്ങളിൽ ഗ്രന്ഥകാരൻ ബൈബിളിന്റെ സംസ്കാരത്തിലേക്കും വിശുദ്ധമറിയത്തിന്റെ സവിശേഷതകളെ സംബന്ധിച്ച അറിവിലേക്കുമുള്ള തന്റെ പ്രവേശനത്തിന്റെ കഥ പറയുകയും മലയാളത്തിലും ഇതരഭാഷകളിലും സാഹിത്യഭാവനയെ ബൈബിളും മറിയവും സ്വാധീനിച്ച വിധം പരിശോധിക്കുകയും ചെയ്യുന്നു.

ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്ന തന്നെ സുവിശേഷങ്ങളിലെ സ്ഥലദർശനവുമായി പരിചയപ്പെടുത്തുകയും കന്യാമറിയത്തിന്റെ നല്ല ചിത്രങ്ങൾ തന്റെ മനസ്സിൽ വരച്ചിടുകയും ചെയ്ത ഗിൽബർട്ട് എന്ന പുരോഹിതന്റെ കാര്യം അദ്ദേഹം ഒന്നാം അദ്ധ്യായത്തിൽ എടുത്തു പറയുന്നു . അടുത്ത അദ്ധ്യായത്തിൽ ഗ്രന്ഥകാരൻ, തന്റെ വിമർശനഭാഷയെ രൂപപ്പെടുത്തുന്നതിലും ബുദ്ധിശക്തിയെ ചൈതന്യവത്താക്കുന്നതിലും ബൈബിൾ വഹിച്ച പങ്ക് ഏറ്റു പറയുകയും, മികച്ച കൃതികളെ ധ്യാനത്തോടെ വായിക്കാനുള്ള പ്രേരണ തനിക്കു നൽകിയത് ബൈബിളാണെന്നു വെളിപ്പെടുത്തുകയും ചെയ്യുന്നു. മലയാളസാഹിത്യത്തിൽ വേദപുസ്തകസംബന്ധിയായ പ്രമേയങ്ങൾ പതിവായിരുന്നെങ്കിലും "ഏറ്റവും സുന്ദരമായ നക്ഷത്രത്തേക്കാൾ സുന്ദരിയായ കന്യക" എന്നു വേഡ്സ്‌വർത്ത് വിശേഷിപ്പിച്ച കന്യാമറിയത്തെ "ആരാധനയുടെ പ്രാധാന്യത്തിൽ ഉൾക്കൊള്ളാൻ" മലയാളഭാവനക്കു കഴിഞ്ഞില്ലെന്ന പരിതാപത്തിലാണ് ഈ അദ്ധ്യായം സമാപിക്കുന്നത്.

"ബകുനിന്റേയും ബ്ലാങ്കിയുടേയും അനുയായികൾ പറയുന്നതുപോലെ, ദൈവത്തിൽ വിശ്വസിക്കുന്നത് എല്ലാ സോഷ്യലിസത്തിനും എതിരാണ്. എന്നാൽ കന്യാമറിയത്തിൽ വിശ്വസിക്കുന്നത് തികച്ചും മറ്റൊരു കാര്യമാണ്. അന്തസ്സുള്ള ഏതൊരു സോഷ്യലിസ്റ്റും കന്യാമറിയത്തിൽ വിശ്വസിക്കണം"[8]

കല്പനകൾ തിരുത്തുക

മൂന്നാം അദ്ധ്യായം, ആത്മീയമായി ഉണർന്നിരിക്കുന്നവരുടെ പ്രതീകമായ നക്ഷത്രത്തിന് ക്രിസ്തുവിനേയും മറിയത്തേയും സംബന്ധിച്ച സങ്കല്പങ്ങളിലുള്ള സ്ഥാനം എടുത്തുകാട്ടുന്നു. നാവികർക്കു വഴികാണിക്കുന്ന സമുദ്രതാരമായി മറിയം ഭാവന ചെയ്യപ്പെട്ടിട്ടുള്ള കാര്യവും ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നു. യേശുവിനേയും മറിയത്തേയും "ദൈവശാസ്ത്രസംസ്കാരം നക്ഷത്രം കൊണ്ടു ബന്ധിച്ചിരിക്കുന്നു" എന്ന നിരീക്ഷണവും ഇവിടെയുണ്ട്.

'തിരുപ്പിറവി'-യുടെ മുന്നറിവ് ദൈവദൂതനിൽ നിന്നു കേട്ട മറിയത്തിന്റെ പ്രതികരണവും മറ്റുമാണ് നലാമദ്ധ്യായത്തിന്റെ വിഷയം. യേശുവിന്റെ പിറവിയുടെ സുവിശേഷങ്ങളിലേയും ഖുറാനിലേയും പശ്ചാത്തലവർണ്ണനകൾ ഒരുമിച്ച് പരിഗണിക്കുന്ന ഗ്രന്ഥകാരൻ, "മറിയത്തിന്റെ മഹിമയെ ഉഷസ്സിന്റെ ചിറകുകൾ ധരിച്ച വാക്കുകൾ കൊണ്ടു പുകഴ്ത്തുന്നത് വിശുദ്ധ ഖുറാൻ ആണെന്നു" വിലയിരുത്തുന്നു. പുതിയനിയമത്തിൽ വളരെക്കുറച്ചു വാക്കുകളിൽ മാത്രം പരാമർശിക്കപ്പെടുന്ന മറിയത്തെക്കുറിച്ച് പിന്നീട് ഒരുലക്ഷത്തോളം പഠനങ്ങൾ ഉണ്ടായെന്ന് അഞ്ചാമദ്ധ്യായം ചൂണ്ടിക്കാട്ടുന്നു. തുടർന്ന് ഗ്രന്ഥകാരൻ, പഴയനിയമം ഉത്തമഗീതത്തിലെ "സ്ത്രീകളിൽ പരമസുന്ദരി", "മൈലാഞ്ചിപ്പൂങ്കുല" എന്നീ കല്പനകൾ മറിയത്തിന്റെ പൂർവദർശനങ്ങളാണെന്നും സൂര്യനെ ഉടയാടയും ചന്ദ്രനെ പാദപീഠവുമാക്കിയവളായി വെളിപാടുപുസ്തകത്തിൽ പരാമർശിക്കപ്പെടുന്ന സ്ത്രീ വിശുദ്ധമാതാവാണെന്നും വാദിക്കുന്നു. മറിയത്തിന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള കല്പനകളിൽ 'മധുരം' എന്ന വാക്കിനുള്ള പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പറയുന്നു.

'രക്ഷയുടെ താക്കോൽ' തിരുത്തുക

ആറാം അദ്ധ്യായത്തിൽ, ചരിത്രത്തിന്റെ ദിവ്യരഹസ്യാത്മകതയിലാണ് മറിയത്തിന്റെ സ്ഥാനമെന്നു പറയുന്ന അപ്പൻ "ക്രിസ്തു മുഴുവൻ മനുഷ്യരാശിയേയും രക്ഷിച്ചെങ്കിൽ രക്ഷിക്കപ്പെട്ടവർ എവിടെ" എന്ന നീഷേയുടെ വെല്ലുവിളി എടുത്തു കാട്ടിയശേഷം, "ക്രിസ്തുവിലൂടെയുള്ള ദൈവത്തിന്റെ രക്ഷാലക്ഷ്യം ഇനിയും പൂർത്തിയായിട്ടില്ലായിരിക്കാം" എന്നു സമ്മതിക്കുന്നു. ഗ്രന്ഥകാരന്റെ അഭിപ്രായത്തിൽ "മറിയത്തിന്റെ നാമം അതിന്റെ പ്രവർത്തനത്തിലാണ്." രക്ഷയുടെ ഗോപുരം യേശുവായിരിക്കുമ്പോൾ അതിന്റെ താക്കോൽ മറിയമാണെന്ന ആശയം ചില സോഷ്യലിസ്റ്റുകൾ പോലും ഉയർത്തിപ്പിടിക്കുന്നതായി അദ്ദേഹം പറയുന്നു. "ദൈവത്തിൽ വിശ്വസിക്കുന്നത് എല്ലാ സോഷ്യലിസത്തിനും എതിരാണ്. എന്നാൽ......അന്തസ്സുള്ള ഏതൊരു സോഷ്യലിസ്റ്റും കന്യാമറിയത്തിൽ വിശ്വസിക്കണം" എന്ന മതം ബകുനിന്റേയും ബ്ലാങ്കിയുടേയും അനുയായികളുടേതായി അദ്ദേഹം ഉദ്ധരിക്കുന്നു.

"നിന്റെ ഹൃദത്തിലൂടെ ഒരു വാൾ തുളച്ചു കയറും" എന്ന ശിമയോന്റെ പ്രവചനത്തെ അനുസ്മരിച്ചു കൊണ്ട്, മറിയത്തിന്റെ ജീവിതത്തിലെ സഹനങ്ങളെക്കുറിച്ചുള്ള ചിന്തയാണ് ഏഴാം അദ്ധ്യായം.

മേരീപൂജ തിരുത്തുക

 
മോസ്കോയിലെ കാസാനിലുള്ള ദൈവമാതാവിന്റെ രൂപം

എട്ടാം അദ്ധ്യായത്തിൽ, ദൈവമാതൃസങ്കല്പത്തെ ആശ്രയിച്ചുള്ള മേരീപൂജയുമായി ബന്ധപ്പെട്ട സമസ്യകൾ പരിഗണിക്കുന്ന ഗ്രന്ഥകാരൻ, പള്ളിമതത്തിന്റെ പുരുഷാധിപത്യചായ്‌വ്, മേരീപൂജയുടെ നിഷേധത്തെ അബോധപൂർവമായി സ്വാധീനിച്ചിരിക്കാം എന്ന അഭിപ്രായം ഉദ്ധരിക്കുന്നു. എങ്കിലും ഒടുവിൽ വിരോധികൾ പോലും "മധുരം നിന്റെ ജീവിതം" എന്നു പാടാൻ തുടങ്ങിയതായും അദ്ദേഹം പറയുന്നു. ദേവീപൂജയുടെ പ്രാർത്ഥനാസംസ്കാരവുമായി പരിചയമുള്ള ഭാരതീയമനസ്സിൽ മേരീപൂജ പെട്ടെന്നു കടന്നു ചെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അടുത്ത മൂന്ന് അദ്ധ്യായങ്ങൾ (9-11), മേരിയുമായി ബന്ധപ്പെട്ട വൈരുദ്ധ്യങ്ങളേയും സങ്കീർണ്ണതകളേയും കുറിച്ചാണ്. ഒരേസമയം യേശുവിന്റെ അമ്മയും, ശിഷ്യയും ഗുരുനാഥയുമായി മേരിയെ കാണുന്ന ഗ്രന്ഥകാരൻ അവളെ "വൈരുദ്ധ്യങ്ങളുടെ രാജ്ഞി" എന്നു വിളിക്കുന്നു. "ദൈവത്തെ പ്രസവിച്ചവൾ", 'കന്യകാജാതൻ' തുടങ്ങിയ കല്പനകളിലെ 'വിശുദ്ധവൈരുദ്ധ്യത്തെ' ഗ്രന്ഥകാരൻ ഈ സന്ദർഭത്തിൽ എടുത്തുകാട്ടുന്നു. മേരിയുമായി ബന്ധപ്പെട്ട കല്പനകളുടെ സങ്കീർണ്ണതയെ വിശദീകരിക്കാൻ അദ്ദേഹം, "ക്രിസ്തുരഹസ്യം ഒരു ഈശ്വരപ്രശ്നം (God problem) ആണ്" എന്നും അതിനെ "മേരീരഹസ്യത്തിലൂടെ ആവിഷ്കരിക്കുകയാണു സുവിശേഷങ്ങൾ" എന്നും വാദിക്കുന്നു.

പന്ത്രണ്ടാം അദ്ധ്യായത്തിൽ മേരിയുടെ വിശ്വാസധീരതയെ പുകഴ്ത്തുന്ന ഗ്രന്ഥകാരൻ യോഗാത്മകതലത്തിൽ ആ ധൈര്യം സ്നേഹവും അലിവും തന്നെയാണെന്നു പറയുന്നു.

യേശുവും സ്ത്രീയും തിരുത്തുക

ടോൾസ്റ്റോയിയുടെ പത്നി സോണിയായുടെ ഒരു സ്വപ്നം വിവരിച്ച ശേഷം സ്ത്രീകളോട് യേശുവിനുണ്ടായിരുന്ന സവിശേഷമായ കാരുണ്യത്തിന്റെ കഥ പറയുകയാണ് പതിമൂന്നാം അദ്ധ്യായത്തിൽ. യേശുവിനെതിരെ മനസ്സിനെ കഠിനമാക്കാൻ പുരുഷനു കഴിഞ്ഞേക്കാമെങ്കിലും സ്ത്രീയ്ക്ക് അതിനു കഴിയുകയില്ലെന്നു ഗ്രന്ഥകാരൻ വാദിക്കുന്നു. വേദപുസ്തകം ക്രിസ്തുവിനും സ്ത്രീയ്ക്കുമിടയിൽ സമാധാനത്തിന്റെ ഉടമ്പടി സ്ഥാപിച്ചിരിക്കുന്നു എന്നതാണ് അതിനദ്ദേഹം പറയുന്ന കാരണം.

രണ്ടു കഥകൾ തിരുത്തുക

വിശുദ്ധമേരിയുടെ ചൈതന്യത്തിലും മേരിയെ സംബന്ധിച്ചും എഴുതപ്പെട്ട ഓരോ കഥകളാണ് അവസാനത്തെ രണ്ടദ്ധ്യായങ്ങളിൽ. കഷ്ടപ്പാടുകളുടെ നടുവിലും പരസ്നേഹചൈതന്യം നിലനിർത്തി അനുഗൃഹീതനായ ഒരു മനുഷ്യനെ സംബന്ധിച്ച മദ്ധ്യയുഗങ്ങളിലെ നാടോടിക്കഥയെ (14-ആം അദ്ധ്യായം) ഗ്രന്ഥകാരൻ "മേരിയിൽ ആനന്ദിക്കുന്ന ആഖ്യാനം", "മേരിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടവരുടെ കഥ" എന്നെല്ലാം പുകഴ്ത്തുന്നു. ദൈവമാതൃപ്രതിമയ്ക്കു മുന്നിൽ അഭ്യാസപ്രകടങ്ങൾ നടത്തി മേരിയുടെ പ്രീതിയും അനുഗ്രഹവും നേടിയ നല്ലവനായ സർക്കസ്സുകാരനെക്കുറിച്ച് അമേരിക്കൻ ദൈവശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ മെഗാൻ മക്‌ന്നാ (Megan McKenna) പറഞ്ഞ കഥയാണ് അവസാനത്തെ (15) അദ്ധ്യായത്തിൽ. കന്യാമറിയത്തെ മനസ്സിലാക്കുന്നത് പാവപ്പെട്ടവരും ദുഃഖിതരുമാണെന്നും അവർ മറവിയിൽ നിന്ന് വിശുദ്ധമറിയത്തെ വീണ്ടെടുക്കുന്നെന്നും ഈ കഥയുടെ പശ്ചാത്തലത്തിൽ ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നു.

വിലയിരുത്തൽ തിരുത്തുക

ഗർഭിണിയായിട്ടും കന്യകയായിരുന്നവൾ, കന്യകയായി തന്നെ പ്രസവിച്ചവൾ, അതിനു ശേഷവും കന്യകയായിരുന്നവൾ എന്ന വിശുദ്ധവൈരുദ്ധ്യങ്ങളിലൂടെ മറിയത്തിന്റെ ജീവിതം കടന്നുപോയി. ദൈവസ്തോത്രമായി.[9]

ബൈബിളിലേയും ദൈവശാസ്ത്രപാരമ്പര്യത്തിലേയും കലാ-സാഹിത്യസംസ്കാരങ്ങളിലേയും സൂചനകളുടെ വെളിച്ചത്തിൽ മറിയത്തിന്റെ വ്യക്തിത്വത്തിന്റെ വിവിധവശങ്ങളുടെ ആരാധനനിറഞ്ഞ അന്വേഷണമാണ് ഈ കൃതി. "മേരീവിജ്ഞാനീയത്തിനു മലയാളത്തിൽ ലഭിച്ച ക്ലാസിക് കൃതി" എന്ന് ഈ രചനയെ പുകഴ്ത്തുന്ന ചാത്തന്നൂർ മോഹൻ അതിൽ, മറിയത്തിന്റെ വ്യക്തിത്വത്തിന് മുമ്പിൽ കൂപ്പുകൈകളുമായി നിൽക്കുന്ന അപ്പനെ കാണുന്നു.[1]

കന്യാമേരിയെക്കുറിച്ചുള്ള വിശുദ്ധവിശ്വാസങ്ങളെ ചോദ്യങ്ങളില്ലാതെ സ്വീകരിക്കുന്ന ഈ കൃതിയിലെ സമീപനത്തെ വി. വിജയകുമാർ, അപ്പന്റെ വിമർശനാദർശങ്ങൾക്ക് മതാത്മകതയുമായുണ്ടായിരുന്ന ബന്ധത്തിന്റെ പശ്ചാത്തലത്തിൽ വിശദീകരിക്കുന്നു. "ഗർഭിണിയായിട്ടും കന്യകയായിരുന്നവൾ, കന്യകയായി തന്നെ പ്രസവിച്ചവൾ, അതിനു ശേഷവും കന്യകയായിരുന്നവൾ എന്ന വിശുദ്ധവൈരുദ്ധ്യങ്ങളിലൂടെ മറിയത്തിന്റെ ജീവിതം കടന്നുപോയി" എന്ന അപ്പന്റെ പ്രസ്താവനയെ വലിയ മതവിശ്വാസത്തിന്റെ വരികളായി വിജയകുമാർ കാണുന്നു. വിശുദ്ധമറിയത്തിലെ വൈരുദ്ധ്യങ്ങളെ യുക്തി കൊണ്ട്‌ പരിഹരിക്കാൻ ശ്രമിക്കാതെ, അവ ഉണർത്തുന്ന സന്ദേഹങ്ങളെ 'വിശുദ്ധവൈരുദ്ധ്യങ്ങൾ' എന്ന വാക്കു കൊണ്ട്‌ മറയ്ക്കാനാണ്‌ അപ്പൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കെ.പി. അപ്പൻ യുക്തിയുടെ ആരാധകനായിരുന്നില്ലെന്നും യുക്തിപരമായ വിചിന്തനത്തിലൂടെയുള്ള അർത്ഥോൽപാദനം പൂർണ്ണമല്ലെന്ന ധാരണ അദ്ദേഹത്തിനുണ്ടായിരുന്നെന്നും പറയുന്ന ഈ നിരൂപകൻ, സാഹിത്യകൃതിയുടെ യഥാർത്ഥമൂല്യങ്ങൾ സൌന്ദര്യാത്മകതയുടേതാണെന്നു കരുതിയ അപ്പൻ യുക്തിവിചാരത്തിലൂടെ ഈ മൂല്യവിചാരം അസാദ്ധ്യമാണെന്നു പോലും കരുതിയതായി വാദിക്കുന്നു.[10]

പുരസ്കാരം തിരുത്തുക

ജീവിതകാലത്ത് സാഹിത്യലോകത്തിലെ പുരസ്കാരങ്ങളോട് കലഹിച്ചു നിന്ന അപ്പന്, മരണശേഷം ഈ കൃതിയുടെ പേരിൽ 2008-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡു ലഭിച്ചു.[11] നേരത്തേ പുരസ്കാരങ്ങൾ സ്വീകരിക്കുക പതിവില്ലാതിരുന്ന അപ്പൻ, സാഹിത്യ അക്കാദമി പുരസ്കാരം സംബന്ധിച്ച തീരുമാനത്തിൽ പങ്കാളിയായിരുന്ന സുകുമാർ അഴീക്കോടിന്റെ അഭ്യർത്ഥന മാനിച്ച് അതു സ്വീകരിക്കാൻ സമ്മതം അറിയിച്ചിരുന്നതായി പറയപ്പെടുന്നു. എന്നാൽ പുരസ്കാരപ്രഖ്യാപനം ഉണ്ടാകുന്നതിന് എട്ടുദിവസം മുൻപ് അദ്ദേഹം അന്തരിച്ചു.[12]

അവലംബം തിരുത്തുക

 1. 1.0 1.1 മധുരം നിന്റെ ജീവിതം എന്ന പേരിൽ ദേശാഭിമാനി വാരാന്തപ്പതിപ്പിൽ ചാത്തന്നൂർ മോഹൻ എഴുതിയ ലേഖനം[പ്രവർത്തിക്കാത്ത കണ്ണി]
 2. കത്തോലിക്കാ വാരികയായ സത്യദീപത്തിൽ ഡോ.ഇ.എം തോമസ് എഴുതിയ ലേഖനം "മധുരം നിന്റെ ജീവിതം: കെ.പി. അപ്പന്റെ വാക്കുകളിൽ വരച്ച 'അമ്മ'യുടെ ചിത്രം"
 3. "മധുരം നിന്റെ ജീവിതം, പുഴ.കോം, മലയാളം ബുക്ക്സ്റ്റോർ". Archived from the original on 2007-09-20. Retrieved 2013-06-22.
 4. Sahitya Akademi awards for seven novelists[പ്രവർത്തിക്കാത്ത കണ്ണി] "K.P. Appan, a well-known critic who died earlier this month, won the award for his collection of essays in Malayalam, ‘Madhuram Ninte Jeevitham" - 2008, ഡിസംബർ 25-ൽ 'ദ ഹിന്ദു' ദിനപത്രം പ്രസിദ്ധീകരിച്ച വാർത്ത
 5. ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച് ബൈബിൾ വെളിച്ചത്തിന്റെ കവചം, വിശുദ്ധ കന്യക എന്ന ലേഖനം (പുറങ്ങൾ 38-44)
 6. പുസ്തകത്തിന്റെ ആമുഖക്കുറിപ്പ്
 7. ഡി.സി.ബുക്ക് പ്രസിദ്ധീകരിച്ച "മധുരം നിന്റെ ജീവിതം" - 2012-ലെ എട്ടാം പതിപ്പ്
 8. മധുരം നിന്റെ ജീവിതം (പുറം 38)
 9. മധുരം നിന്റെ ജീവിതം (പുറം 57)
 10. വി. വിജയകുമാർ, "ബൈബിളും സാഹിത്യവിമർശനവും," 2009 ഡിസംബറിൽ, കെ.പി. അപ്പന്റെ ഒന്നാം ചരമവാർഷികത്തിൽ സമകാലീനമലയാളം വാരിക പ്രസിദ്ധീകരിച്ച ലേഖനം
 11. 2012 ഡിസംബർ 15-ലെ കേരളകൗമുദി ദിനപത്രത്തിൽ ഇ.വി.ശ്രീധരൻ "മധുരം നിന്റെ ജീവിതം" എന്ന പേരിൽ എഴുതിയ ലേഖനം - "മരിച്ചതിനുശേഷം സാഹിത്യ അക്കാഡമി അവാർഡ് അപ്പൻ സാറിനെ പിടികൂടുക തന്നെ ചെയ്തു. ആരൊക്കെയോ ചേർന്ന് ഒരു സാഹിത്യ അക്കാഡമി അവാർഡ് വീട്ടിലെത്തിച്ചു"
 12. മധുരം മരണാനന്തരം[പ്രവർത്തിക്കാത്ത കണ്ണി], മനോരമ ഓൺലൈൻ, 2012 ഡിസംബർ 9 ഞായർ
"https://ml.wikipedia.org/w/index.php?title=മധുരം_നിന്റെ_ജീവിതം&oldid=3777416" എന്ന താളിൽനിന്ന് ശേഖരിച്ചത്