കെ.പി. അപ്പൻ

ഇന്ത്യന്‍ രചയിതാവ്‌

മലയാളസാഹിത്യത്തിൽ എഴുപതുകളിലുണ്ടായ ആധുനികതാപ്രസ്ഥാനത്തിന് ദിശാബോധം നൽകുകയും ഭാവുകത്വ പരിണാമത്തിന് സൈദ്ധാന്തിക ഭൂമിക ഒരുക്കുകുകയും ചെയ്ത നിരൂപകനാണ് കെ.പി. അപ്പൻ (ഓഗസ്റ്റ് 25, 1936 - ഡിസംബർ 15, 2008).[1] വ്യത്യസ്‌തമായ ശൈലിയിലൂടെ ഇദ്ദേഹം മലയാള സാഹിത്യനിരൂപണത്തിൽ ശ്രദ്ധേയനായി.

കെ.പി. അപ്പൻ
കെ.പി. അപ്പൻ
കെ.പി. അപ്പൻ
തൊഴിൽസാഹിത്യകാരൻ /സാഹിത്യ വിമർശകൻ
ദേശീയത ഇന്ത്യ

ജീവിതരേഖ

തിരുത്തുക

1936 ഓഗസ്റ്റ് 25-ന് ആലപ്പുഴ ജില്ലയിലെ പൂന്തോപ്പിൽ പത്മനാഭൻ-കാർത്ത്യായനി ദമ്പതികളുടെ മകനായാണ് അദ്ദേഹം ജനിച്ചത്. ആലപ്പുഴ സനാതന വിദ്യാലയം, എസ്.ഡി. കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.[1]

ആലുവ യു.സി. കോളേജ്, എസ്.എൻ. കോളേജ്, ചേർത്തല , കൊല്ലം എസ്.എൻ. കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1971 നവംബർ 28-നായിരുന്നു വിവാഹം. നങ്ങ്യാർകുളങ്ങര ടി.കെ. മാധവൻ സ്മാരക കോളേജിൽ അദ്ധ്യാപികയായിരുന്ന ഓമനയാണ്‌ ഭാര്യ[2]. രജിത്ത്‌, ശ്രീജിത്ത്‌ എന്നിവർ മക്കളാണ്‌.[1]

അപ്പൻ മറ്റുള്ളവരുടെ വിശ്വാസചര്യകളിൽ ഇടപെട്ടിരുന്നില്ലെങ്കിലും സാധാരണ വിവക്ഷിക്കുന്ന അർത്ഥത്തിൽ ആസ്തികനായിരുന്നില്ല.എങ്കിലും തന്റെ സ്വകാര്യവായനാമുറിയിൽ ശ്രീ നാരായണഗുരുവിന്റെ ചിത്രത്തിനു് പ്രത്യേക സ്ഥാനം നൽകിയ അദ്ദേഹം ഗുരുവിന്റെ തത്ത്വങ്ങളോടും ആദർശങ്ങളോടും ആഭിമുഖ്യം പുലർത്തിയിരുന്നു.[2] വിമർശനത്തിലെ വിരുദ്ധനിലപാടുകമൂലം ആദ്യകാലത്തു വൈരികളെപ്പോലെ അന്യോന്യം എതിർത്തിരുന്ന അപ്പനും സുകുമാർ അഴീക്കോടും പിന്നീട് ആത്മസുഹൃത്തുക്കളായി മാറി.[2]

അർബ്ബുദരോഗത്തെത്തുടർന്ന് 2008 ഡിസംബർ 15-ന് കായംകുളത്ത് അന്തരിച്ചു.[1][2]

സാഹിത്യജീവിതം

തിരുത്തുക

1972-ൽ പ്രസിദ്ധീകരിച്ച ആദ്യകൃതിയായ "ക്ഷോഭിക്കുന്നവരുടെ സുവിശേഷം" എന്ന ലേഖന സമാഹാരത്തോടെയാണ് അപ്പൻ മലയാളത്തിലെ സാഹിത്യനിരൂപകന്മാരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. അതിലെ ഒൻപതു ലേഖനങ്ങളിൽ ആദ്യത്തെ നാലെണ്ണം കഫ്ക, കമ്യൂ, യൊനെസ്കോ, ഷെനേ എന്നീ ആധുനിക പാശ്ചാത്യസാഹിത്യകാരന്മാരെക്കുറിച്ചായിരുന്നു. തുടർന്നുവന്ന മൂന്നു ലേഖനങ്ങൾ ആധുനിക സാഹിത്യത്തിന്റെ പ്രചോദനങ്ങളെയും അതിലെ പ്രവണതകളെയും കുറിച്ചും ഒടുവിലത്തെ രണ്ടെണ്ണം ആധുനിക വിമർശനത്തെക്കുറിച്ചുമായിരുന്നു. അവതാരികയൊന്നുമില്ലാതെ ഇറങ്ങിയ ആ കൃതിയുടെ ആദ്യപുറത്തിലെ കുറിപ്പ് ഇങ്ങനെയായിരുന്നു:-

പാശ്ചാത്യസാഹിത്യസിദ്ധാന്തങ്ങളിൽ ആഴത്തിൽ അറിവുണ്ടായിരുന്ന അപ്പന്റെ ഗദ്യശൈലിയെ രൂപപ്പെടുത്തിയ സ്വാധീനങ്ങളിലൊന്ന് ബൈബിളായിരുന്നു. ഇതിന്റെ പേരിൽ, "ക്രിസ്തീയബിംബങ്ങളുടെ തടവുകാരൻ" (A prisoner of Christian Images) എന്ന് കഥാകൃത്തായ ജി.എൻ. പണിക്കർ അദ്ദേഹത്തെ വിമർശിച്ചിട്ടും ഉണ്ട്.[4] "ബൈബിൾ - വെളിച്ചത്തിന്റെ കവചം" എന്ന ഏറെ ശ്രദ്ധിക്കപ്പെട്ട കൃതിയിൽ ബൈബിളിനോടുള്ള തന്റെ കടപ്പാട് അപ്പൻ ഏറ്റു പറയുന്നുണ്ട്.[5] ഈ കൃതി 'ലാ ബിബ്ള് ലേസാർമ ദെലാ ലുമിയേർ ' എന്ന പേരിൽ ഫ്രഞ്ച് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്[6].

അപ്പന്റെ പിൽക്കാലരചനകളിലൊന്നായ "മധുരം നിന്റെ ജീവിതം" യേശുവിന്റെ അമ്മയായ മറിയത്തെക്കുറിച്ചാണ്. മലയാളത്തിലെ ആദ്യത്തെ മേരിവിജ്ഞാനീയഗ്രന്ഥം (Mariology) എന്ന് ഈ പുസ്തകം വിശേഷിക്കപ്പെട്ടിട്ടുണ്ട്.[7] ഈ കൃതിയുടെ പേരിൽ അപ്പന് മരണശേഷം കേന്ദ്രസാഹിത്യ അക്കാഡമിയുടെ പുരസ്കാരം ലഭിച്ചു.

പ്രധാന കൃതികൾ

തിരുത്തുക
 1. ക്ഷോഭിക്കുന്നവരുടെ സുവിശേഷം
 2. പ്രകോപനങ്ങളുടെ പുസ്തകം
 3. കലഹവും വിശ്വാസവും
 4. മലയാള ഭാവന: മൂല്യങ്ങളും സംഘർഷങ്ങളും
 5. വരകളും വർണ്ണങ്ങളും
 6. ബൈബിൾ വെളിച്ചത്തിന്റെ കവചം
 7. കലാപം, വിവാദം, വിലയിരുത്തൽ
 8. സമയപ്രവാഹവും സാഹിത്യകലയും
 9. കഥ: ആഖ്യാനവും അനുഭവസത്തയും
 10. ഉത്തരാധുനികത വർത്തമാനവും വംശാവലിയും
 11. ഇന്നലെകളിലെ അന്വേഷണപരിശോധനകൾ
 12. വിവേകശാലിയായ വായനക്കാരാൻ
 13. രോഗവും സാഹിത്യഭാവനയും
 14. ചരിത്രത്തെ അഗാധമാക്കിയ ഗുരു
 15. സ്വർഗ്ഗം തീർന്നുപോവുന്നു, നരകം നിലനിൽക്കുന്നു.
 16. തിരസ്‌കാരം
 17. മാറുന്ന മലയാള നോവൽ
 18. പേനയുടെ സമരമുഖങ്ങൾ
 19. മധുരം നിന്റെ ജീവിതം
 20. അഭിമുഖസംഭാഷണങ്ങൾ
 21. ചരിത്രത്തെ നിങ്ങൾക്കൊപ്പം കൂട്ടുക
 22. ഫിക്‌ഷന്റെ അവതാരലീലകൾ

പുരസ്കാരങ്ങൾ

തിരുത്തുക
 • കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം-മധുരം നിന്റെ ജീവിതം [8]
 • ഉത്തരാധുനികത ചരിത്രവും വംശാവലിയും എന്ന കൃതിക്കു 1998ലെ കേരളസാഹിത്യ അക്കാദമി അവാർഡ്[9][10]
 1. 1.0 1.1 1.2 1.3 "കെ പി അപ്പൻ അന്തരിച്ചു". മാതൃഭൂമി. ഡിസംബർ 15, 2008. Retrieved ഡിസംബർ 15, 2008.[പ്രവർത്തിക്കാത്ത കണ്ണി]
 2. 2.0 2.1 2.2 2.3 “കിഴക്കുദിച്ച നക്ഷത്രത്തിന്റെ ഓർമ്മകളിൽ” - കെ.പി. അപ്പന്റെ പത്നി ഓമനടീച്ചറുമായി ചാത്തന്നൂർ മോഹൻ നടത്തിയ അഭിമുഖലേഖനം (മാതൃഭൂമി വാരാന്തപ്പതിപ്പ് 11 ഡിസംബർ 2011)
 3. ക്ഷോഭിക്കുന്നവരുടെ സുവിശേഷം - ഡി.സി.ബി. പ്രസിദ്ധീകരണം 2003
 4. ബൈബിൾ വെളിച്ചത്തിന്റെ കവചം എന്ന ഗ്രന്ഥത്തിലെ - "വേദപുസ്തകവും ഞാനും" എന്ന അവസാന ലേഖനം കാണുക - "വാതത്തിന്റെ ഉപദ്രവമില്ലെങ്കിൽ ആരും ചിരിച്ചുപോകുന്ന വിമർശനം" എന്നാണ് അപ്പൻ ഇതിനെ, ഷേക്സ്പിയറുടെ ഫോൾസ്റ്റാഫിന്റെ ഭാവന കടമെടുത്ത് വിശേഷിപ്പിച്ചത്.
 5. ബൈബിൾ വെളിച്ചത്തിന്റെ കവചം, മുകളിൽ പറഞ്ഞ ലേഖനം.
 6. http://thatsmalayalam.oneindia.in/culture/2003/082703kpappan.html[പ്രവർത്തിക്കാത്ത കണ്ണി]
 7. കത്തോലിക്കാവരികയായ സത്യദീപത്തിൽ ഡോ.ഇ.എം തോമസ് എഴുതിയ ലേഖനം "മധുരം നിന്റെ ജീവിതം: കെ.പി. അപ്പന്റെ വാക്കുകളിൽ വരച്ച 'അമ്മ'യുടെ ചിത്രം - http://sathyadeepam.org/Cover%20story.asp?id=22254&volno=82&issno=21&catid=1[പ്രവർത്തിക്കാത്ത കണ്ണി]"
 8. "കെ.പി.അപ്പന്‌ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌". മാതൃഭൂമി. ഡിസംബർ 23, 2008. Retrieved ഡിസംബർ 23, 2008.[പ്രവർത്തിക്കാത്ത കണ്ണി]
 9. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-29.
 10. നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.

പുറം കണ്ണികൾ

തിരുത്തുക

സമയ പ്രവാഹതീരത്ത്‌' മരിക്കാത്ത ഓർമ്മകളുമായി കെ.പി.അപ്പൻ, ചാത്തന്നൂർ മോഹൻ Archived 2012-11-27 at the Wayback Machine. 'മലയാളസമീക്ഷ'-യിലെ ലേഖനം


"https://ml.wikipedia.org/w/index.php?title=കെ.പി._അപ്പൻ&oldid=3950869" എന്ന താളിൽനിന്ന് ശേഖരിച്ചത്