യേശുവിന്റെ അമ്മ മറിയത്തെക്കുറിച്ചുള്ള ദൈവശാസ്ത്രപഠനമാണ് മേരിവിജ്ഞാനീയം അല്ലെങ്കിൽ മരിയോളജി (Mariology). മറിയത്തെ സംബന്ധിച്ച ക്രിസ്തീയപ്രബോധനങ്ങളെ ക്രിസ്തുവിനേയും, നിത്യരക്ഷയേയും, ദൈവകൃപയേയും മറ്റും സംബന്ധിച്ച വിശ്വാസങ്ങളുമായി സമന്വയിപ്പിച്ച് അവതരിപ്പിക്കാനാണ് ഈ ദൈവശാസ്ത്രശാഖ ശ്രമിക്കുന്നത്. മേരിയെ വിഷയമാക്കി വേദപുസ്തകത്തിലും, ക്രിസ്തീയപാരമ്പര്യത്തിലും സഭാപ്രബോധനത്തിലും ഉള്ള കാര്യങ്ങളെ കൂട്ടിയിണക്കുകയാണ് ക്രൈസ്തവ മേരിവിജ്ഞാനീയത്തിന്റെ ലക്ഷ്യം.[1][2][3]

ഉണ്ണിയേശുവിനെ കയ്യിലേന്തിയ മേരിയുടെ ഇമ്മാതിരി ചിത്രീകരണങ്ങൾ പൗരസ്ത്യ-പാശ്ചാത്യ ക്രിസ്തീയതകളിൽ സാധാരണമാണ്

മറിയത്തെക്കുറിച്ചുള്ള ക്രിസ്തീയവീക്ഷണം വൈവിദ്ധ്യമാർന്ന ഒട്ടേറെ ധാരകൾ ചേർന്നതാണ്. റോമൻ കത്തോലിക്കാ മേരിശാസ്ത്രം പിന്തുണയ്ക്കുന്ന മരിയഭക്തി, അതിനെതിരായ പ്രൊട്ടസ്റ്റന്റ് നിലപാട്, ഇവ രണ്ടിന്റെയും 'മദ്ധ്യമാർഗം' എന്നു പറയാവുന്ന ആംഗ്ലിക്കൻ വീക്ഷണം തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു. മറിയത്തെക്കുറിച്ചുള്ള പൗരസ്ത്യ ഓർത്തഡോക്സ് വീക്ഷണം കേന്ദ്രീകൃതമായ ഏതെങ്കിലും വിശ്വാസസംഹിതയിലെന്നതിനു പകരം ആരാധനാക്രമത്തിലാണ് നിഴലിച്ചു കാണുന്നത്. സമീപനൂറ്റാണ്ടുകളിൽ ഒരു പഠനശാഖ എന്ന നിലയിൽ മേരിവിജ്ഞാനീയം എറ്റവുമേറെ വികസിച്ചത് കത്തോലിക്കാ സഭയിലാണ്. റോമൻ കത്തോലിക്കാസഭയിൽ മരിയൻ പ്രസ്ഥാനങ്ങളുടേയും സംഘടനകളുടേയും സംഖ്യാബലം അടുത്ത കാലത്ത് ഏറെ വർദ്ധിച്ചിട്ടുണ്ട്. സഭകൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾക്കുപരി അവയെ ഒന്നിപ്പിക്കുന്ന ഘടകങ്ങളിൽ ഒന്നായി മേരിവിജ്ഞാനീയത്തിലുള്ള താത്പര്യം നിലനിൽക്കുന്നു.

ഇരുപതാം നൂറ്റാണ്ടിൽ മറിയത്തെ സംബന്ധിച്ച് ഒട്ടേറെ രചനകൾ ഉണ്ടായിട്ടുണ്ട്. ദൈവശാസ്ത്രജ്ഞന്മാരായ റെയ്മൊണ്ടോ സ്പിയാസിയുടേയും ഗബ്രിയേൽ റോസ്ചിനിയുടേയും സംഭാവനകൾ അവയിൽ എടുത്തു പറയാവുന്നവയാണ്. മറിയത്തെ സംബന്ധിച്ച മത-സാഹിത്യരേഖകളുടേയും പാരമ്പര്യങ്ങളുടേയും സമ്പന്നത ക്രൈസ്തവേതരരേയും ആകർഷിച്ചിട്ടുണ്ട്. മലയാളത്തിലെ വിഖ്യാതസാഹിത്യവിമർശകൻ കെ.പി. അപ്പന്റെ പിൽക്കാലരചനകളിലൊന്നായ "മധുരം നിന്റെ ജീവിതം" മറിയത്തെക്കുറിച്ചാണ്. മലയാളത്തിലെ ആദ്യത്തെ മേരിവിജ്ഞാനീയരചന (Mariology) എന്നു വിശേഷിക്കപ്പെട്ടിട്ടുള്ള ഈ പുസ്തകം കേന്ദ്രസാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയിട്ടുണ്ട്.[4] പി.മോഹനന്റെ 'അമ്മകന്യ', ജോർജ്ജ് ഓണക്കൂറിന്റെ "ഹൃദയത്തിൽ ഒരു വാൾ" എന്നീ നോവലുകൾ, 'മരിയൻ' പ്രമേയങ്ങളെ കേന്ദ്രമാക്കി ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ മലയാളത്തിൽ ഉണ്ടായ രചനകളാണ്.[5]

  1. The encyclopedia of Christianity, Volume 3 by Erwin Fahlbusch, Geoffrey William Bromiley 2003 ISBN 90-04-12654-6 pages 403-404
  2. Rahner, Karl 2004 Encyclopedia of theology: a concise Sacramentum mundi ISBN 0-86012-006-6 page 901
  3. Hillerbrand, Hans Joachim. Encyclopedia of Protestantism, Volume 3 2003. ISBN 0-415-92472-3 page 1174
  4. കത്തോലിക്കാ വാരികയായ സത്യദീപത്തിൽ ഡോ.ഇ.എം തോമസ് എഴുതിയ ലേഖനം "മധുരം നിന്റെ ജീവിതം: കെ.പി. അപ്പന്റെ വാക്കുകളിൽ വരച്ച 'അമ്മ'യുടെ ചിത്രം[പ്രവർത്തിക്കാത്ത കണ്ണി]
  5. "വാഴ്ത്തപ്പെട്ടവളുടെ സാഹിത്യസഞ്ചാരങ്ങൾ" ചർച്ചയാകുന്നു[പ്രവർത്തിക്കാത്ത കണ്ണി] ദേശാഭിമാനി ദിനപത്രത്തിലെ വാർത്ത
"https://ml.wikipedia.org/w/index.php?title=മേരിവിജ്ഞാനീയം&oldid=3641873" എന്ന താളിൽനിന്ന് ശേഖരിച്ചത്