പ്രൊട്ടസ്റ്റന്റ് കലാപത്തെ തുടർന്ന് പാശ്ചാത്യ ക്രിസ്തീയസഭയിൽ ഉണ്ടായ സ്ഥിതിവിശേഷത്തെ നേരിടാനായി പതിനാറാം നൂറ്റാണ്ടിൽ കത്തോലിക്കാ സഭ വിളിച്ചുകൂട്ടിയ ഒരു സഭാസമ്മേളനമാണ് ത്രെന്തോസ് സൂനഹദോസ് (Council of Trent). കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സഭാസമ്മേളനങ്ങളിൽ ഒന്നായി ഇതു പരിഗണിക്കപ്പെടുന്നു.[1] ഇറ്റലിയിൽ, 1545 ഡിസംബർ 13-നും 1563 ഡിസംബർ 4-നും ഇടയ്ക്ക് മൂന്നു മാർപ്പാപ്പാമാരുടെ ഭരണകാലങ്ങളിലായി നടന്ന 25 സമ്മേളനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. വടക്കൻ ഇറ്റലിയിൽ, ആൽപ്സ് അടിവാരത്തിലുള്ള ത്രെന്തോസ് നഗരത്തിലാണ് മിക്കവാറും സമ്മേളനങ്ങൾ നടന്നത്. അക്കാലത്ത് ത്രെന്തോസ് നഗരം മാർപ്പാപ്പായുടെ രാഷ്ട്രീയാധികാര സീമക്കു പുറത്ത്, വിശുദ്ധറോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.

സൂനഹദോസ് വിളിച്ചുകൂട്ടിയ പൗലോസ് മൂന്നാമൻ മാർപ്പാപ്പ - ടിഷന്റെ ചിത്രം
ത്രെന്ത്രോസിലെ വിശുദ്ധമറിയത്തിന്റെ മുഖ്യദേവാലയത്തിലെ (സാന്താ മരിയ മഗിയോരെ) സൂനഹദോസ് സമ്മേളനം

ആദ്യത്തെ എട്ടു സമ്മേളനങ്ങൾ മൂന്നാം പൗലോസ് മാർപ്പാപ്പയുടെ കാലത്ത് ത്രെന്തോസിൽ 1545 മുതൽ 1547 വരെ നടന്നു. ഇറ്റലിക്കാരായ മെത്രാന്മാരുടെ അഭിലാഷമനുസരിച്ച്, 1547-ൽ 9 മുതൽ 11 വരെ സമ്മേളനങ്ങളുടെ വേദിയായത് മാർപ്പാപ്പായുടെ രാഷ്ട്രീയാധികാര സീമയിൽ പെട്ട ബൊളോഞ്ഞാ നഗരമാണ്.[2] ജൂലിയസ് മൂന്നാമൻ മാർപ്പാപ്പയുടെ കാലത്തു 1551-52 വർഷങ്ങളിൽ 12 മുതൽ 16 വരെ സമ്മേളനങ്ങളിൽ സൂനഹദോസ് ത്രെന്തോസിൽ തിരികെയെത്തി. തുടർന്ന് ദീർഘമായ പത്തുവർഷക്കാലത്തെ ഇടവേളയ്ക്കു ശേഷം പീയൂസ് നാലാമൻ മാർപ്പാപ്പയുടെ കാലത്ത് 1562-63 വർഷങ്ങളിൽ നടന്ന 17 മുതൽ 25 വരെ സമ്മേളനങ്ങളും ത്രെന്തോസിൽ തന്നെയായിരുന്നു.

പുരോഗതി

തിരുത്തുക

സഭയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള ഒരു സാർവലൗകിക സമ്മേളനം, വ്യവസ്ഥാപിത നേതൃത്വത്തിനെതിരെ കലാപമുയർത്തിയ മാർട്ടിൻ ലൂഥർ ഉൾപ്പെടെയുള്ളവർ ഉന്നയിച്ച ഒരാവശ്യമായിരുന്നു. മുൻനൂറ്റാണ്ടിൽ, കോൺസ്റ്റൻസിലും(1414-18) ബേസലിലും(1431-45) നടന്ന സൂനഹദോസുകൾ മാർപ്പാപ്പാമാരുടെ അധികാരത്തിനു കടിഞ്ഞാണിടാൻ ശ്രമിച്ചതും മറ്റും മൂലം, മാർപ്പാപ്പാമാർ ഇതിൽ താത്പര്യം കാട്ടിയില്ല. നവീകർത്താക്കൾ ഉയർത്തിയ വെല്ലുവിളി ഗുരുതരമായതോടെ രാഷ്ട്രീയ സാഹചര്യങ്ങൾ, എല്ലാ വിഭാഗക്കാരും പങ്കെടുക്കുന്ന ഒരു സമ്മേളനത്തിനു പറ്റാത്തതുമായി. ഒടുവിൽ സമ്മേളനം വിളിച്ചുകൂട്ടാൻ തീരുമാനിച്ചത് പൗലോസ് മൂന്നാമൻ മാർപ്പാപ്പയാണ്.

എല്ലാവരും സ്വന്തം സ്വാധീനമേഖലയിൽ സൂനഹദോസ് നടന്നുകാണാനാണ് ആഗ്രഹിച്ചത്. "വിശുദ്ധറോമാസാമ്രാട്ട്" ചാൾസ് അഞ്ചാമന്റെ സ്വാധീനത്തിലുള്ള ജർമ്മൻ പ്രദേശങ്ങൾ സൂനഹദോസിനു വേദിയാകുന്നത് മാർപ്പാപ്പയ്ക്കും ഫ്രാൻസിലെ രാജാവിനും ഇഷ്ടമായിരുന്നില്ല. ഒടുവിൽ ത്രെന്തോസ് തെരഞ്ഞെടുക്കപ്പെടാൻ കാരണം അത് ചാൾസിന്റെ സാമ്രാജ്യത്തിന്റെ ഭാഗമെങ്കിലും, ഇറ്റലിയിലെ ഒരു നഗരമെന്ന നിലയിൽ മാർപ്പാപ്പയുടെ കൂടി സ്വാധീനമേഖലയിൽ ഉൾപ്പെട്ടതാണ് എന്നതു കൊണ്ടാണ്. ഇടയ്ക്ക്, സഭാഭരണത്തിലെ നവീകരണത്തെ സംബന്ധിച്ച് നടപടികൾ സൂനഹദോസ് ത്വരിതഗതിയിലാക്കണമെന്ന് ചാൾസ് അഞ്ചാമൻ ആവശ്യപ്പെട്ടപ്പോൾ, സൂനഹദോസ് വേദി തന്റെ രാഷ്ട്രീയാധികാര പരിധിയിലുള്ള ബൊളോഞ്ഞയിലേക്കു മാറ്റാൻ മാർപ്പാപ്പ ഉത്തരവിട്ടു. ഇറ്റലിക്കാരല്ലാത്തെ മെത്രാന്മാർ ഇതിനെ എതിർത്തു. ത്രെന്തോസിലുണ്ടായ ഏറെ വ്യാപകമല്ലാത്ത പ്ലേഗു ബാധയിൽ ഒരു മെത്രാൻ മരിച്ചപ്പോൾ, ഇറ്റലിക്കാരായ മെത്രാന്മാർ മാത്രം ത്രെന്തോസു വിട്ടുപോയി ബൊളോഞ്ഞയിൽ സമ്മേളിച്ചു. എന്നാൽ അവിടെ നടന്ന സമ്മേളനങ്ങളെ അംഗീകരിക്കാൻ ചാൾസ് വിസമ്മതിച്ചതിനാൽ വീണ്ടും ത്രെന്തോസ് തന്നെ സൂനഹദോസ് വേദിയായി. ചാൾസ് അഞ്ചാമന്റെ അധികാരത്തിൽ പെട്ട ത്രെന്തോസിനെ സമ്മേളനവേദിയായി അംഗീകരിക്കാൻ ഫ്രാൻസിലെ രാജാവ് വിസമ്മതിച്ചതിനാൽ ഫ്രഞ്ചു സഭാനേതാക്കൾ സൂനഹദോസിന്റെ ആദ്യസമ്മേളനങ്ങളിൽ നിന്നു വിട്ടു നിന്നിരുന്നു. ആദ്യവസാനം, സൂനഹദോസിൽ പങ്കെടുത്തവരിൽ അധികവും ഇറ്റലിക്കാരായിരുന്നു. സമ്മേളനസ്ഥലത്തെ അസൗകര്യങ്ങൾ, പൊതുവേ വൃദ്ധരും സുഖകരമായി ജീവിതം ശീലിച്ചിരുന്നവരുമായ പ്രതിനിധികളെ വിഷമിപ്പിച്ചു. സൂനഹദോസിന്റെ ദൈർഘ്യവും വലിയ ഇടവേളകളും മൂലം, ഒരേ കൂട്ടം പ്രതിനിധികളല്ല അതിൽ ആദ്യവസാനം ഉണ്ടായിരുന്നത്.[3]

സൂനഹദോസിൽ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളുടെ പ്രതിനിധികളെക്കൂടി പങ്കെടുപ്പിച്ച്, വ്യാപകമായ രഞ്ജിപ്പിനു വഴിയൊരുക്കാനും ശ്രമമുണ്ടായി. ചില സമ്മേളനങ്ങളിൽ അവർ പങ്കെടുത്തെങ്കിലും ആ വഴിക്കുള്ള ശ്രമങ്ങൾ വിജയിച്ചില്ല. പ്രൊട്ടസ്റ്റന്റുകാരുമായുള്ള രഞ്ജിപ്പ് ചാൾസ് അഞ്ചാമനെ ജർമ്മനിയിൽ രാഷ്ട്രീയമായി ശക്തിപ്പെടുത്തുമെന്നതിനാൽ, ഫ്രാൻസിനും മാർപ്പാപ്പയുടെ നേതൃത്വത്തിലുള്ള ഇറ്റാലിയൻ പക്ഷത്തിനും അതിൽ വലിയ ഉത്സാഹം ഇല്ലായിരുന്നു.[4]

തീരുമാനങ്ങൾ

തിരുത്തുക

ധാർമ്മികശുദ്ധീകരണത്തിലൂടെ പുരോഹിതന്മാർക്കിടയിലെ ദുർന്നടത്തവും സഭാഭരണത്തിൽ ആരോപിക്കപ്പെട്ട അഴിമതിയും ഇല്ലാതാക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും സഹായിച്ച ഒട്ടേറെ തീരുമാനങ്ങൾ സൂനഹദോസ് കൈക്കൊണ്ടു. എന്നാൽ വിശ്വാസത്തിന്റെ മേഖലയിൽ സൂനഹദോസ് ചെയ്തത്, "പ്രൊട്ടസ്റ്റന്റ് ശീശ്മ" എന്ന് അതു വിശേഷിപ്പിച്ച നിലപാടുകളെ അപലപിക്കുകയും, വിശുദ്ധഗ്രന്ഥം, സഭാ പാരമ്പര്യങ്ങൾ, മൂലപാപം, നീതീകരണം, കൂദാശകൾ, കുർബ്ബാനയിലെ ദിവ്യകാരുണ്യം, വിശുദ്ധന്മാരുടെ വണക്കം എന്നീ വിഷയങ്ങളിൽ കത്തോലിക്കാ പക്ഷം നിർവ്വചിച്ചുറപ്പിക്കുന്ന പ്രഖ്യാപനങ്ങൾ പുറപ്പെടുവിക്കുകയുമാണ്.[2] നിത്യരക്ഷ, കൂദാശകൾ, വിശുദ്ധലിഖിതസംഹിത എന്നീ വിഷയങ്ങളിൽ കത്തോലിക്കാ സഭയുടെ നിലപാടു വ്യക്തമാക്കുക വഴി സൂനഹദോസ്, പ്രൊട്ടസ്റ്റന്റുകൾ ഉയർത്തിയ തർക്കങ്ങൾക്കു മറുപടി പറയുകയായിരുന്നു.[1]

 
സമാപനഘട്ടത്തിൽ സൂനഹദോസിനു നേതൃത്വം കൊടുത്ത പീയൂസ് നാലാമൻ മാർപ്പാപ്പ - ബെർത്തലോമ്യോ പാസറോട്ടി വരച്ച ചിത്രം

ശുദ്ധീകരണം

തിരുത്തുക

സൂനഹദോസ് കൈക്കൊണ്ട ഏറ്റവും ശ്രദ്ധേയമായ തീരുമാനങ്ങളിൽ ചിലത് സഭയിൽ പൊതുവേയും പൗരോഹിത്യത്തിൽ പ്രത്യേകിച്ചും ആവശ്യമായി വന്ന ധാർമ്മികശുദ്ധീകരണത്തെ ലക്ഷ്യമാക്കിയുള്ളതായിരുന്നു. പുരോഹിതന്മാർക്കിടയിലെ ദുർന്നടത്തവും സഭാഭരണത്തിൽ ആരോപിക്കപ്പെട്ട അഴിമതിയും ഇല്ലാതാക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും ഈ തീരുമാനങ്ങൾ ഉപകരിച്ചു. മാർപ്പാപ്പാമാരും അദ്ദേഹത്തിന്റെ കീഴിലുള്ള സഭയുടെ ഉന്നത ഭരണസമിതിയായ റോമൻ കൂരിയായും ആയി ബന്ധപ്പെട്ട സ്വജനപക്ഷപാതവും മറ്റും ത്രെന്തോസിനു ശേഷം നിയന്ത്രണത്തിലായി. പിൽക്കാലങ്ങളിൽ സഭയുടെ ഭരണത്തിൽ കാര്യക്ഷമതയും നെറിവും ഉണ്ടാകാൻ ഇത് ഇടയാക്കി. പുരോഹിത ബ്രഹ്മചര്യത്തിൽ വിട്ടുവീഴ്ചചെയ്യാതിരുന്ന സൂനഹദോസ് അവരുടെ അവിഹിതബന്ധങ്ങളേയും ഇതര അസന്മാർഗ്ഗികതകളേയും നിയന്ത്രിക്കാൻ വ്യവസ്ഥ ചെയ്തു. അഭ്യസ്തവിദ്യരായി പുരോഹിതരുടെ ദൗർലഭ്യം കണക്കിലെടുത്ത്, പുരോഹിതപരിശീലത്തിനായി കൂടുതൽ സെമിനാരികൾ സ്ഥാപിക്കാൻ സൂനഹദോസ് വ്യവസ്ഥ ചെയ്തു.

സഭയിലെ അഴിമതിയെ സംബന്ധിച്ച ലൂഥറിന്റെ പ്രചരണത്തെ ഏറെ സഹായിച്ച ദണ്ഡവിമോചനവിപണനം (sale of indulgences) അവസാനിപ്പിക്കാനും സൂനഹദോസ് നടപടിയെടുത്തു. ദണ്ഡവിമോചനങ്ങൾ അനുവദിക്കപ്പെടുന്നത് ഭക്തകൃത്യങ്ങളും പരോപകാരപ്രവൃത്തികളും ചെയ്യുന്നവർക്കു മാത്രമായപ്പോൾ, പ്രായശ്ചിത്തവിമുക്തി വിലയ്ക്കു വാങ്ങാമെന്ന സ്ഥിതി മാറി.

വിശ്വാസസംഹിത

തിരുത്തുക

വിശ്വാസത്തെ സംബന്ധിച്ച് നവീകരണവാദികൾ ഉയർത്തിയ തർക്കങ്ങളിൽ കത്തോലിക്കാ നിലപാട് കൂടുതൽ ശക്തിയോടെ ആവർത്തിച്ച സൂനഹദോസ് പ്രൊട്ടസ്റ്റന്റു വിഭാഗവുമായുള്ള അനുരഞ്ജനത്തിനുള്ള വഴിയടച്ചു. ക്രിസ്തീയവിശ്വാസത്തിന്റെ സ്രോതസ്സെന്ന നിലയിൽ വേദപുസ്തകത്തിനൊപ്പം സഭാപാരമ്പര്യത്തിനുള്ള പ്രാധാന്യം, വിശുദ്ധന്മാരുടെ വണക്കം, ക്രിസ്തീയജീവിതത്തിൽ കൂദാശകൾക്കുള്ള സ്ഥാനം, വിശുദ്ധകുർബ്ബാനയിൽ യേശുവിന്റെ "യഥാർത്ഥസാന്നിദ്ധ്യം" (real presence) തുടങ്ങിയ വിഷയങ്ങളിൽ സൂനഹദോസ് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തു. വിശുദ്ധകുർബ്ബാനയിൽ ബലിയപ്പത്തിനും വീഞ്ഞിനും സഭവിക്കുന്നതായി പറയപ്പെടുന്ന പദാർത്ഥാന്തരീകരണത്തെ (transubstantiation) സംബന്ധിച്ചുള്ള സൂനഹദോസിന്റെ ഈ പ്രഖ്യാപനം[5] ഇതിനുദാഹരണമാണ്:-

ജെറോമിന്റെ വുൾഗാത്താ ലത്തീൻ പരിഭാഷയെ ബൈബിളിന്റെ ആധികാരികപാഠമായി പ്രഖ്യാപിച്ച സൂനഹദോസ്, പ്രൊട്ടസ്റ്റന്റുകൾ തിരസ്കരിച്ച അപ്പോക്രിഫയിലെ ഗ്രന്ഥങ്ങളെ പഴയനിയമത്തിന്റെ ഭാഗമായി അംഗീകരിച്ചു. തോമസ് അക്വീനാസിനെ സൂനഹദോസ് ക്രിസ്തീയവിശ്വാസസംഹിതയുടെ ആധികാരിക വക്താവായി പേരെടുത്തു പറഞ്ഞു. സമ്മേളനവേദിയിലെ അൾത്താരയിൽ അക്വീനാസിന്റെ മുഖ്യകൃതിയായ ദൈവശാസ്ത്രസംഗ്രഹം (സമ്മാ തിയോളജിയാ) ബൈബിളിനൊപ്പം സ്ഥാനം കണ്ടു.[4]

ചാൾസ് അഞ്ചാമൻ ഉൾപ്പെടെ ജർമ്മനിയിൽ നിന്നുള്ള കത്തോലിക്കർ, കുർബ്ബാനയിലെ വീഞ്ഞിൽ വിശ്വാസികളുടെ പങ്കുപറ്റൽ[൨], പുരോഹിതരുടെ വിവാഹം, ആരാധനയിൽ നാട്ടുഭാഷകളുടെ ഉപയോഗം എന്നിവയുൾപ്പെടെയുള്ള പരിഷ്കാരങ്ങൾ ആഗ്രഹിച്ചെങ്കിലും അവ അനുവദിക്കപ്പെട്ടില്ല.[3]

അധികാരശ്രേണി

തിരുത്തുക

മാർപ്പാപ്പയുടെ അധികാരത്തിന്റെ കാര്യത്തിലും സൂനഹദോസ് പ്രൊട്ടസ്റ്റന്റ് നിലപാടുമായി ഒത്തുതീർപ്പിനു തയ്യാറായില്ല. സ്പെയിനിലും ഫ്രാൻസിലും മറ്റും നിന്നുള്ള പ്രമുഖ സഭാനേതാക്കന്മാരിൽ പലരും സൂനഹദോസ് മാർപ്പാപ്പയുടെ നിയന്ത്രണത്തിൽ ആയിരിക്കുന്നതിനെ എതിർക്കുകയും[൧] സഭയുടെ ചട്ടക്കൂടിനുള്ളിൽ മെത്രാന്മാരുടെ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുകയും ചെയ്തു. റോമിലെ മെത്രാനായ മാർപ്പാപ്പായെ മെത്രാന്മാരിൽ ഒന്നാമനായി അംഗീകരിക്കാൻ അവർ തയ്യാറായിരുന്നെങ്കിലും അദ്ദേഹം "സമന്മാരിൽ ഒന്നാമൻ" (Primus inter pares - first among equals) മാത്രമാകണമെന്ന് അവർ വാദിച്ചു. മെത്രാന്മാരുടെ അധികാരം മാർപ്പാപ്പയിൽ നിന്നല്ല അപ്പസ്തോലിക പിന്തുടർച്ചയിലൂടെ ക്രിസ്തുവിൽ നിന്നു ലഭിക്കുന്നതാണ് എന്നായിരുന്നു അവരുടെ ന്യായം.[3] ഈ നിലപാട് തിരസ്കരിച്ച സൂനഹദോസ് മാർപ്പാപ്പായുടെ പരമാധികാരത്തെ എല്ലാ സഭാസമ്മേളനങ്ങൾക്കും ഉപരി പ്രതിഷ്ഠിച്ചു. ഒടുവിൽ, അതിന്റെ തീരുമാനങ്ങൾ നടപ്പാക്കുന്ന ചുമതല സൂനഹദോസ് ഏല്പിച്ചതും മാർപ്പാപ്പയെ ആണ്; തൽഫലമായി, നാലാം പീയൂസ് മാർപ്പാപ്പ 1565-ൽ ത്രെന്തോസ് വിശ്വാസപ്രമാണം പ്രസിദ്ധീകരിച്ചു; പീയൂസ് അഞ്ചാമൻ മാർപ്പാപ്പ 1566-ൽ റോമൻ വേദോപദേശവും, 1568-ൽ പരിഷ്കരിച്ച റോമൻ യാമപ്രാർത്ഥനകളും, 1570-ൽ പുതിയ കുർബ്ബാനക്രമവും പ്രസിദ്ധീകരിച്ചു. ക്ലെമന്റ് എട്ടാമൻ മാർപ്പാപ്പ 1592-ൽ ബൈബിളിന്റെ ലത്തീൻ പരിഭാഷയായ വുൾഗാത്തയുടെ പരിഷ്കരിച്ച പതിപ്പു പ്രസിദ്ധീകരിച്ചതും സൂനഹദോസ് തുടക്കമിട്ട പരിഷ്കരണങ്ങളുടെ തുടർച്ചയിലായിരുന്നു.[6]

പ്രാധാന്യം

തിരുത്തുക

മതപരവും രാഷ്ട്രീയവുമായ ഭിന്നതകളും പ്ലേഗു ബാധയും മറ്റും മൂലം പലവട്ടം വൈകുകയും നിർത്തിവയ്ക്കപ്പെടുകയും ചെയ്ത ത്രെന്തോസ് സൂനഹദോസ്, സഭാചരിത്രത്തിലെ സുപ്രധാനമായ ഒരു നവീകരണ സമ്മേളനമായിരുന്നു. പ്രൊട്ടസ്റ്റന്റ് നവീകരണത്തിനുള്ള കത്തോലിക്കാ പക്ഷത്തിന്റെ മറുപടിയായ പ്രതിനവീകരണത്തിന്റെ ആശയങ്ങൾ ഏറ്റവും ശ്രദ്ധേയമായ രൂപം ധരിച്ചത് സൂനഹദോസിലാണ്.[6] പിന്നീടൊരു സാർവലൗകിക സഭാസമ്മേളനം നടക്കാൻ കത്തോലിക്കാസഭയ്ക്ക് മൂന്നു നൂറ്റാണ്ടോളം കാത്തിരിക്കേണ്ടി വന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ (1869-70) നടന്ന ഒന്നാം വത്തിക്കാൻ സൂനഹദോസായിരുന്നു ആ സമ്മേളനം. ഇരുപതാം നൂറ്റാണ്ടിൽ രണ്ടാം വത്തിക്കാൻ സൂനഹദോസ് (1962-65) വിളിച്ചു കൂട്ടിയ യോഹന്നാൻ 23-ആമൻ മാർപ്പാപ്പ, ത്രെന്തോസ് സൂനഹദോസിന്റെ ആശയങ്ങൾ ആധുനിക കാലത്തും പ്രസക്തമാണെന്നു പ്രഖ്യാപിച്ചു. രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ സമാപനഘട്ടത്തിൽ മാർപ്പാപ്പ ആയിരുന്ന പൗലോസ് ആറാമനും ഈ പ്രഖ്യാപനം ആവർത്തിച്ചു.[7]

കുറിപ്പുകൾ

തിരുത്തുക

^ റോമിന്റെ അതിരുവിട്ട ഇടപെടലിനെക്കുറിച്ച് സൂനഹദോസിൽ പങ്കെടുത്ത സഭാപിതാക്കന്മാരിൽ ഒരാളായ ലൊറൈനിലെ കർദ്ദിനാൾ ചാൾസ് നിരീക്ഷിച്ചത്, തീരുമാനങ്ങൾക്ക് പ്രചോദനം കിട്ടാൻ ദൈവാത്മാവിനെ വേണമെന്നു തോന്നിയപ്പോഴൊക്കെ, റോമിൽ നിന്ന് ചാക്കിൽ കെട്ടി കൊണ്ടുവരുകയാണു ചെയ്തത് എന്നായിരുന്നു.[5] "ത്രിത്വത്തിലെ മൂന്നാമത്തെയാൾ, റോമിൽ നിന്ന് തപാൽക്കാരന്റെ സഞ്ചിയിൽ, പതിവായി ത്രെന്തോസിൽ വന്നിരുന്നു"[4]

^ കൂദാശ ചെയ്യപ്പെടുന്ന അപ്പം മാത്രമാണ് പുരോഹിതരല്ലാത്ത വിശ്വാസികൾക്ക് കുർബ്ബാനയിൽ നൽകിയിരുന്നത്. ഈ പാരമ്പര്യം തുടരുന്നതിന് സൂനഹദോസ് പറഞ്ഞ ന്യായം, അപ്പത്തിലും വീഞ്ഞിലും യേശു, ശരീരരക്തങ്ങളോടെ സമ്പൂർണ്ണമായി ഉണ്ടായിരിക്കുന്നു എന്നാണ്. മാംസരക്തങ്ങൾ ചേർന്ന യേശുവിന്റെ സമ്പൂർണ്ണ ശരീരമാകാൻ അപ്പവും വീഞ്ഞും വേണം എന്ന വിശ്വാസത്തിന്റെ (consubstantiation) തിരസ്കാരമായിരുന്നു ഈ വിശദീകരണം.[3]

  1. 1.0 1.1 Wetterau, Bruce. World history. New York: Henry Holt and company. 1994.
  2. 2.0 2.1 Hubert Jedin, Konciliengeschichte, Herder Freiburg, 138
  3. 3.0 3.1 3.2 3.3 A History of Christianity, Kenneth Scott Lattourette (പുറങ്ങൾ 866-72)
  4. 4.0 4.1 4.2 "മതനവീകരണം", സംസ്കാരത്തിന്റെ കഥ ആറാം ഭാഗം, വിൽ ഡുറാന്റ് (പുറങ്ങൾ 927-33)
  5. 5.0 5.1 A New History of Christianity, Vivian Greene (പുറം 164-67)
  6. 6.0 6.1 Cross, F. L., ed. The Oxford Dictionary of the Christian Church (Oxford University Press 2005 ISBN 978-0-19-280290-3), article Trent, Council of
  7. "ആയിരുന്നത്, ഇപ്പോഴും ആയിരിക്കുന്നു": What was, still is, quoted in Responses to Some Questions Regarding Certain Aspects of the Doctrine on the Church
"https://ml.wikipedia.org/w/index.php?title=ത്രെന്തോസ്_സൂനഹദോസ്&oldid=3910602" എന്ന താളിൽനിന്ന് ശേഖരിച്ചത്