സിക വൈറസ് രോഗം

(Zika fever എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫ്ലാവിവൈറിഡെ കുടുംബത്തിൽ അംഗമായ സിക്ക വൈറസ് മൂലം മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന ഒരു രോഗമാണ് സിക വൈറസ് രോഗം അഥവാ സിക പനി (ഇംഗ്ലീഷ് : Zika Fever).[9] തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, ചർമ്മത്തിൽ ചുവന്ന പാടുകൾ, ചെങ്കണ്ണ്, സന്ധിവേദന എന്നിങ്ങനെ ഡെങ്കിപ്പനിയോടു സാദൃശ്യമുള്ള ലക്ഷണങ്ങളാണ് രോഗത്തിനുള്ളത്.[10] മിക്ക രോഗികളിലും ലഘുവായ രീതിയിലാണ് ലക്ഷണങ്ങൾ അനുഭവപ്പെടുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ അപ്രത്യക്ഷമാകാറുമുണ്ട്.[11] ആശുപത്രിയിൽ കിടത്തിയുള്ള ചികിത്സ വേണ്ടി വരാറില്ല. മരണസാധ്യത തീരെയില്ല. വിശ്രമം, ശരിയായ ഭക്ഷണം, പാനീയങ്ങൾ എന്നിവ കൊണ്ടു തന്നെ രോഗശമനമുണ്ടാകുന്നു.[12] രോഗബാധിതന്റെ കോശങ്ങൾ, രക്തം എന്നിവ പരിശോധിക്കുന്നതിലൂടെ രോഗനിർണ്ണയം നടത്താം. എന്നാൽ ഇത്തരം പരിശോധനകൾ ചെയ്യാനുള്ള സംവിധാനമുള്ള ലാബുകൾ ചുരുക്കമാണ്.[12]

സിക രോഗം
മറ്റ് പേരുകൾZika virus disease, Zika, Zika virus infection
സികരോഗം ബാധിച്ച ഒരാളുടെ ശരീരത്തിലെ ചുവന്ന പാടുകൾ
ഉച്ചാരണം
സ്പെഷ്യാലിറ്റിപകർച്ചവ്യാധി
ലക്ഷണങ്ങൾFever, red eyes, joint pain, headache, maculopapular rash[1][2][3]
സങ്കീർണതDuring pregnancy can cause microcephaly, Guillain–Barré syndrome[4][5][6]
കാലാവധിLess than a week[2]
കാരണങ്ങൾZika virus mainly spread by mosquitoes[2]
ഡയഗ്നോസ്റ്റിക് രീതിTesting blood, urine, or saliva for viral RNA or blood for antibodies[1][2]
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Chikungunya, malaria, dengue, leptospirosis, measles[7]
പ്രതിരോധംDecreasing mosquito bites, condoms[2][8]
TreatmentSupportive care[2]
മരണംNone during initial infection[4]

ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നീ രോഗങ്ങൾ പരത്തുന്ന ഈഡിസ് കൊതുകുകൾ തന്നെയാണ് സിക രോഗവും പകർത്തുന്നത്.[11] രോഗിയുമായുള്ള ലൈംഗികബന്ധത്തിലൂടെയും രക്തദാനത്തിലൂടെയും രോഗം പകരാൻ സാധ്യതയുണ്ട്.[11] വൈറസ് ബാധിച്ച അമ്മയിൽ നിന്നും കുഞ്ഞിലേക്ക് രോഗം പകരാം. രോഗബാധയുള്ള അമ്മമാർ പ്രസവിക്കുന്ന കുഞ്ഞുങ്ങൾ വലിപ്പം കുറഞ്ഞ തലച്ചോറും ചുരുങ്ങിയ തലയോട്ടിയുമായി ജനിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അവസ്ഥയെ മൈക്രോസെഫാലി (Microcephaly) എന്നാണു വിശേഷിപ്പിക്കുന്നത്.[13][14] മുതിർന്നവരിൽ നാഡികളെ ബാധിക്കുന്ന ഗില്യൻ ബാരി സിൻഡ്രോം (Guillain-Barré Syndrome) എന്ന അവസ്ഥയ്ക്കും ഈ രോഗം കാരണമാകുന്നതായി സംശയിക്കുന്നു.[15] സികാ രോഗം ബാധിച്ചു മരണം സംഭവിച്ചതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.[16] എന്നാൽ ഗില്യൻ ബാരി സിൻഡ്രോം ബാധിച്ചു മരണം സംഭവിച്ചിട്ടുണ്ട്.[17]

രോഗബാധ തടയുവാനുള്ള ഫലപ്രദമായ മാർഗ്ഗം കൊതുകുനിർമ്മാർജ്ജനമാണ്. രോഗത്തിനെതിരെ ഫലപ്രദമായ പ്രതിരോധമരുന്ന് കണ്ടത്തിയിട്ടില്ല. ഹൈദരാബാദിലെ ഭാരത് ബയോടെക് എന്ന സ്ഥാപനം രോഗത്തിനെതിരെ പ്രതിരോധമരുന്ന് വികസിപ്പിക്കുന്നതിൽ നിർണ്ണായക ഘട്ടം പൂർത്തിയാക്കിയതായി അവകാശപ്പെട്ടിരുന്നു.[15][18]

1947-ൽ ഉഗാണ്ടയിൽ മഞ്ഞപ്പനിയെക്കുറിച്ച് ഗവേഷണം നടത്തിയിയിരുന്ന ശാസ്ത്രജ്ഞരാണ് ആദ്യമായി രോഗത്തെ കണ്ടെത്തിയത്‌.[19] അവിടെയുള്ള സിക വനാന്തരങ്ങളിലെ റീസസ് കുരങ്ങുകളിലാണ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.[20] ആദ്യമായി മനുഷ്യരിൽ രോഗബാധ സ്ഥിരീകരിച്ചത് 1954-ൽ നൈജീരിയയിലാണ്.[21] അതിനുശേഷം ആഫ്രിക്കയിലും തെക്കൻ എഷ്യയിലും ഭൂമധ്യരേഖയുടെ സമീപപ്രദേശങ്ങളിലും രോഗം എത്തിയെങ്കിലും ഗുരുതരമായ അവസ്ഥ സംജാതമായിരുന്നില്ല.[14][19] 2007-ൽ ആദ്യമായി മൈക്രോനേഷ്യയിലാണ് രോഗം വ്യാപകമായി പടർന്നത്.[11] 2014-ൽ അമേരിക്കൻ ഭൂഖണ്ഡത്തിൽ ആദ്യമായി രോഗം തിരിച്ചറിഞ്ഞത് ബ്രസീലിലാണ്. 2015 മേയ് മാസത്തോടെ ബ്രസീലിൽ വ്യാപകമായി രോഗം പടർന്നു.[10] തുടർന്ന് വടക്കേ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും 23-ഓളം രാജ്യങ്ങളിൽ രോഗം വ്യാപിച്ചു. അതോടെയാണ് രോഗം അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചത്. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ മാത്രം 40 ലക്ഷം പേർ രോഗബാധയുടെ ഭീഷണിയിലായി.[22] അമേരിക്കൻ വൻകരകളിൽ നിന്നും യൂറോപ്പിലേക്കും ഓസ്ട്രേലിയയിലേക്കും രോഗം പടർന്നു.[13][22] ജനസാന്ദ്രതയും ജനനനിരക്കും കൂടുതലായ ഏഷ്യൻ രാജ്യങ്ങളിൽ രോഗം വേഗത്തിൽ പകരാൻ സാധ്യതയുണ്ട്. രോഗത്തിനെതിരെ ലോകരാജ്യങ്ങളെ സജ്ജരാക്കാനും പനി പടരുന്നതു പ്രതിരോധിക്കാനുമായി 2016 ഫെബ്രുവരി 2-ന് ലോകാരോഗ്യസംഘടന സിക രോഗത്തിനെതിരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.[22]

രോഗകാരികൾ

തിരുത്തുക
 
ഈഡിസ് ഈജിപ്തി കൊതുക്.

ഫ്ലാവിവൈറിഡെ കുടുംബത്തിലെ ഫ്ലാവിവൈറസ് ജനുസ്സിൽപ്പെട്ട സിക വൈറസാണ് രോഗത്തിനു കാരണമാകുന്നത്. ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും പരത്തുന്ന വൈറസുകളുടെ അടുത്ത ബന്ധുവായിട്ടാണ് സിക്ക വൈറസിനെ കണക്കാക്കുന്നത്. [23]

പകരുന്ന വിധം

തിരുത്തുക

ചൂടുള്ള കാലാവസ്ഥയിൽ വളരുന്ന ഈഡിസ് ഈജിപ്തി പോലുള്ള കൊതുകുകളുടെ കടിയേൽക്കുന്നതു മൂലമാണ് രോഗം പകരുന്നത്.[24] ശൈത്യകാലാവസ്ഥയുള്ള സ്ഥലങ്ങളിൽ രോഗം പെട്ടെന്നു പടരില്ല. [15] കൊതുകിന്റെ കടിയേൽക്കുന്നതു കൂടാതെ ലൈംഗികബന്ധത്തിലൂടെയും രോഗം പകരാമെന്ന് അമേരിക്കയിലെ ടെക്സസിലുള്ള ആരോഗ്യവിദഗ്ദ്ധൻമാർ സ്ഥിരീകരിച്ചു.[25][26] ടെക്സസിലെ ഡാപസ്കൗണ്ടിയിൽ ഇത്തരമൊരു സംഭവം രേഖപ്പെടുത്തിയിരുന്നു.[18] സിക വൈറസ് ബാധിച്ച രോഗികളുടെ ഉമിനീർ, മൂത്രം എന്നിവയിൽ വൈറസിന്റെ സാന്നിധ്യ മുണ്ടാകാമെന്ന് ബ്രസീലിലെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇവ വഴി രോഗം പകരുമോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.[17]

രോഗലക്ഷണങ്ങൾ

തിരുത്തുക
സിക്ക വൈറസിനെക്കുറിച്ചും രോഗത്തെക്കുറിച്ചുമുള്ള വീഡിയോ
 
വൈറസ് ബാധ മൂലം കൈയ്യിലുണ്ടായ അടയാളങ്ങൾ

കൊതുകുകടിയിലൂടെ രോഗാണുക്കൾ ശരീരത്തിലെത്തിയാൽ മൂന്നാം ദിവസം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.[12] തലവേദന, പനി, ചെങ്കണ്ണ്, കണ്ണിനുപിന്നിൽ വേദന, ഛർദ്ദി, സന്ധിവേദന, ചർമ്മത്തിൽ തടിപ്പ്, പേശിവേദന എന്നിങ്ങനെ ഡെങ്കിപ്പനിയോടു സാദൃശ്യമുള്ള ലക്ഷണങ്ങളാണ് ഈ രോഗത്തിനുമുള്ളത്. മിക്ക രോഗികളിലും ഇവ ലഘുവായിട്ടേ അനുഭവപ്പെടുന്നുള്ളൂ.[14][10] സാധാരണ 7-12 ദിവസം വരെ ലക്ഷണങ്ങൾ നീണ്ടുനിൽക്കുന്നു. പ്രത്യേക ചികിത്സ കൂടാതെ തന്നെ ഇവ മാറുന്നു.[14]

ഗർഭിണികളിൽ

തിരുത്തുക
 
മൈക്രോസെഫാലി

സികരോഗം ബാധിച്ച അമ്മമാർ പ്രസവിക്കുന്ന കുഞ്ഞുങ്ങൾ വലിപ്പം കുറഞ്ഞ തലച്ചോറും ചുരുങ്ങിയ തലയോട്ടിയുമായി ജനിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അവസ്ഥയെ മൈക്രോസെഫാലി എന്നാണു വിശേഷിപ്പിക്കുന്നത്. രോഗബാധിതയായ മാതാവിന്റെ അമ്നിയോട്ടിക് ദ്രവത്തിലും പ്ലാസെന്റയിലും, ശിശുവിന്റെ തലച്ചോറിലും വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.[10] ബ്രസീലിൽ നാലായിരത്തോളം കുഞ്ഞങ്ങൾ തലയോട്ടി ചുരുങ്ങിയ അവസ്ഥയിൽ ജനിച്ചിരുന്നു.[15] കുഞ്ഞുങ്ങളിൽ മസ്തിഷ്കമരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണിത്.[24] തെക്കേ അമേരിക്ക-കരീബിയൻ മേഖലയിലെ രോഗബാധിതമായ 23-ഓളം രാജ്യങ്ങൾ സന്ദർശിക്കുന്നതിൽ നിന്നു ഗർഭിണികളെ വിലക്കിക്കൊണ്ട് യു.എസ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ഉത്തരവ് ഇറക്കിയിരുന്നു.[23]

മുതിർന്നവരിൽ

തിരുത്തുക

മുതിർന്നവരിൽ നാഡികളെ ബാധിക്കുന്ന ഗില്യൻ ബാരി എന്ന അസുഖത്തിനും സിക വൈറസാണു കാരണം എന്നു സംശയിക്കുന്നു.[14] 2014-ൽ ശാന്തസമുദ്ര ദ്വീപുകളായ പോളിനേഷ്യയിൽ സിക്കാരോഗം പടർന്നപ്പോൾ ചില രോഗികളിൽ ഗില്യൻ ബാരി സിൻഡ്രോമും ഉണ്ടായതായി പറയപ്പെടുന്നു.[27] ഗില്യൻ ബാരി സിൻഡ്രോം ബാധിച്ചു മരണം സംഭവിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.[17]

പ്രതിരോധ മാർഗ്ഗങ്ങൾ

തിരുത്തുക

സിക രോഗത്തെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാർഗ്ഗം കൊതുകുനിർമ്മാർജ്ജനം മാത്രമാണ്.

വാക്സിൻ

തിരുത്തുക

രോഗത്തിനെതിരെയുള്ള പ്രതിരോധ മരുന്നുകൾ കണ്ടെത്തിയിട്ടില്ല. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് എന്ന സ്ഥാപനം സിക വാക്സിൻ വികസിപ്പിക്കുന്നതിൽ സുപ്രധാന ചുവടുവച്ചതായി അവകാശപ്പെട്ടിരുന്നു. ഇവർ തയ്യാറാക്കിയ രണ്ടു വാക്സിനുകളിൽ ഒരെണ്ണം മൃഗങ്ങളിൽ പരീക്ഷിക്കാവുന്ന ഘട്ടത്തിലാണ്.വാക്സിന്റെ കണ്ടുപിടിത്തത്തിനു പേറ്റന്റ് ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചിരുന്നു. [18]

രോഗബാധയുണ്ടായ രാജ്യങ്ങൾ

തിരുത്തുക
 
സിക്ക വൈറസ് ബാധിച്ച രാജ്യങ്ങൾ (2016 ജനുവരിയിലെ സ്ഥിതി) [28]

1947-ൽ ഉഗാണ്ടയിലാണ് ആദ്യമായി സികരോഗം തിരിച്ചറിഞ്ഞത്. 2015 മേയിൽ ബ്രസീലിൽ രോഗം വ്യാപകമായി പടർന്നു. 2014-ൽ ബ്രസീലിൽ നടന്ന ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കാനെത്തിയ വിദേശികളിൽ നിന്നാണ് രാജ്യത്ത് രോഗം പകർന്നതെന്നാണ് അധികൃതർ പറയുന്നത്.[15] പിന്നീട് വടക്കേ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും 23-ഓളം രാജ്യങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചു. ഡെൻമാർക്ക്, ബ്രിട്ടൺ, നെതർലാൻഡ് എന്നീ യൂറോപ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും സികരോഗബാധയുണ്ടായതായി സ്ഥിരീകരിട്ടുണ്ട്.[22] ലോകത്താകെ 16 ലക്ഷത്തോളം പേർക്കു രോഗബാധയുണ്ടായതായി കണക്കാക്കുന്നു. ഇതിൽ ഭൂരിഭാഗം രോഗികളും ബ്രസീലിലാണ്.[18]

ലോകാരോഗ്യസംഘടനയുടെ ഇടപെടൽ

തിരുത്തുക

അമേരിക്കൻ വൻകരകളിൽ വളരെ വേഗത്തിൽ രോഗം പടർന്ന സാഹചര്യത്തിൽ 2016 ഫെബ്രുവരി 2-ന് ലോകാരോഗ്യസംഘടന സികാരോഗത്തിനെതിരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.[22] വൈറസ് ഭീഷണി നേരിടാൻ ആഗോള പ്രതികരണയൂണിറ്റും രൂപീകരിച്ചു.

പോളിയോ, പക്ഷിപ്പനി, എബോള എന്നീ മാരകരോഗങ്ങൾ ലോകമാകെ പടർന്നപ്പോഴും ലോകാരോഗ്യസംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 2005-ലെ ഇന്റർനാഷണൽ ഹെൽത്ത് റെഗുലേഷൻ എഗ്രിമെന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ അടിയന്തരാവസ്ഥ (Public Health Emergency of International Concern - PHEIC) പ്രഖ്യാപിക്കുന്നത്. രോഗത്തിനെതിരെ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനായി ലോകരാജ്യങ്ങളെ സജ്ജരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 2014-ൽ എബോളരോഗത്തിനെതിരെയാണ് ഇതിനുമുമ്പ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.[29]

  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; WHO2016Jan എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 2.2 2.3 2.4 2.5 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Ann2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Musso14 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. 4.0 4.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ecdc1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; NEJM201604 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; CDC2016Cause എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. Bope, Edward T.; Kellerman, Rick D. (2016). Conn's Current Therapy 2017 E-Book (in ഇംഗ്ലീഷ്). Elsevier Health Sciences. p. 635. ISBN 9780323443357. Archived from the original on 10 സെപ്റ്റംബർ 2017.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; CDC2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. "Zika virus". WHO. January 2016. Retrieved 3 February 2016.
  10. 10.0 10.1 10.2 10.3 "Zika: I think WHO should declare an Emergency". The Hindu - Science and technology, 2016 February 1, Trivandrum Edition.
  11. 11.0 11.1 11.2 11.3 Musso, D.; Nilles, E.J.; Cao-Lormeau, V.-M. (2014). "Rapid spread of emerging Zika virus in the Pacific area". Clinical Microbiology and Infection. 20 (10): O595–6. doi:10.1111/1469-0691.12707. PMID 24909208.
  12. 12.0 12.1 12.2 "സിക്കാ വൈറസ് പടരുമ്പോൾ". ദേശാഭിമാനി ദിനപത്രം - കിളിവാതിൽ. 2016-02-04. Archived from the original on 2016-05-10. Retrieved 2016-02-07.
  13. 13.0 13.1 "സിക വൈറസ് യു.എസിലും; ബ്രസീൽ ഭീതിയിൽ", മലയാള മനോരമ, 2016 ജനുവരി 22, പേജ് 5, കൊല്ലം എഡിഷൻ.
  14. 14.0 14.1 14.2 14.3 14.4 "സിക വൈറസിനെതിരെ ജാഗ്രത വേണം.", മലയാള മനോരമ, 2016 ഫെബ്രുവരി 2, പേജ് 14, കൊല്ലം എഡിഷൻ.
  15. 15.0 15.1 15.2 15.3 15.4 "സിക യൂറോപ്പിലും", മലയാള മനോരമ, 2016 ജനുവരി 28, പേജ് 5, കൊല്ലം എഡിഷൻ.
  16. "Factsheet for health professionals". ecdc.europa.eu. Retrieved 22 December 2015.
  17. 17.0 17.1 17.2 "സിക വൈറസ് : കൊളംബിയയിൽ മൂന്നു മരണം", മലയാള മനോരമ, 2016 ഫെബ്രുവരി 7, പേജ് - 1, കൊല്ലം എഡിഷൻ.
  18. 18.0 18.1 18.2 18.3 "സിക വരവ് രണ്ടു പോർമുഖങ്ങളുമായി; വാക്സിനുമായി ഇന്ത്യ", മലയാള മനോരമ, 2016 ഫെബ്രുവരി 4, പേജ് 1, കൊല്ലം എഡിഷൻ.
  19. 19.0 19.1 "സിക വൈറസ് ലാറ്റിനമേരിക്കയിൽ നിന്നു യൂറോപ്പിലും എത്തിക്കഴിഞ്ഞു; അയർലണ്ടിൽ രണ്ട് പേർ രോഗബാധിതർ; കൊതുക് വഴി മാത്രമല്ല ലൈംഗിക ബന്ധം വഴിയും പടരുമെന്ന് ആശങ്ക". മറുനാടൻ മലയാളി. 2016-02-03. Archived from the original on 2016-05-10. Retrieved 2016-02-04. {{cite web}}: line feed character in |title= at position 83 (help)
  20. Hayes, Edward B. "Zika Virus Outside Africa". Emerging Infectious Diseases. 15 (9): 1347–50. doi:10.3201/eid1509.090442. PMC 2819875. PMID 19788800.
  21. MacNamara, F. N. (1 March 1954). "Zika virus : A report on three cases of human infection during an epidemic of jaundice in Nigeria". Trans. Roy. Soc. Trop. Med. Hyg. 48 (2): 139–145. doi:10.1016/0035-9203(54)90006-1. ISSN 0035-9203. PMID 13157159.
  22. 22.0 22.1 22.2 22.3 22.4 "സിക വൈറസിനെതിരെ അടിയന്തരാവസ്ഥ", മലയാള മനോരമ, 2016 ഫെബ്രുവരി 3, പേജ് 12, കൊല്ലം എഡിഷൻ.
  23. 23.0 23.1 "ബ്രസീലിൽ സിക വൈറസ് പടരുന്നു; ഗർഭിണികൾക്കു മുന്നറിയിപ്പ് ", മലയാള മനോരമ, 2016 ജനുവരി 20, പേജ് 15, കൊല്ലം എഡിഷൻ.
  24. 24.0 24.1 "സിക വൈറസ് : വിദേശ സന്ദർശനം ഒഴിവാക്കാൻ നിർദ്ദേശം". മാതൃഭൂമി. 2016-02-02. Archived from the original on 2017-09-15. Retrieved 2016-02-04.
  25. "സിക വൈറസ് ലൈംഗികബന്ധത്തിലൂടെ പകരുമെന്ന് കണ്ടത്തൽ". മാധ്യമം ദിനപത്രം. 2016-02-03. Archived from the original on 2016-05-10. Retrieved 2016-02-04.
  26. "സിക വൈറസ് ലൈംഗികബന്ധത്തിലൂടെ പകരുമെന്ന് റിപ്പോർട്ട്". സിറാജ് ദിനപത്രം. 2016-02-03. Archived from the original on 2016-05-10. Retrieved 2016-02-04.
  27. "സിക്കാ രോഗത്തെപ്പറ്റി നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ". Bodhicommons. Archived from the original on 2016-04-18. Retrieved 2016-02-08.
  28. "Geographic Distribution – Zika virus – CDC". www.cdc.gov. Retrieved 18 January 2016.
  29. "സിക വൈറസ് : അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും". ദേശാഭിമാനി ദിനപത്രം. 2016-01-29. Archived from the original on 2016-05-10. Retrieved 2016-02-04.
"https://ml.wikipedia.org/w/index.php?title=സിക_വൈറസ്_രോഗം&oldid=3792484" എന്ന താളിൽനിന്ന് ശേഖരിച്ചത്