തൃക്കരിപ്പൂർ

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
(Trikarpur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു പട്ടണമാണ് തൃക്കരിപ്പൂർ. തൃക്കരിപ്പൂർ പഞ്ചായത്ത് വടക്കൻ തൃക്കരിപ്പൂർ, തെക്കൻ തൃക്കരിപ്പൂർ ഗ്രാമങ്ങൾ ചേർന്നതാണ്. 23.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക്: പിലിക്കോട്, പടന്ന പഞ്ചായത്തുകളും, കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ പെരളം പഞ്ചായത്തും, തെക്ക്: കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മുനിസിപ്പാലിറ്റിയും, കിഴക്ക്: കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മുനിസിപ്പാലിറ്റിയും കരിവെള്ളൂർ പെരളം പഞ്ചായത്തും, പടിഞ്ഞാറ്: വലിയപറമ്പ, പടന്ന പഞ്ചായത്തുകളുമാണ്. കാസർഗോഡ് ജില്ലയുടെ തെക്കെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന തൃക്കരിപ്പൂർ പഞ്ചായത്ത്, കാർഷിക മേഖലയിൽ നോർതേൺ-മിഡ്ലാന്റ് സോണിൽപ്പെടുന്നു. ഭൂമിശാസ്ത്രപരമായി പൂർണ്ണമായും തീരപ്രദേശത്തിലുൾപ്പെടുന്ന പ്രദേശമാണ് തൃക്കരിപ്പൂർ.

കാലിക്കടവ് ജങ്ഷൻ, തൃക്കരിപ്പൂർ
തൃക്കരിപ്പൂർ
പട്ടണം
Country ഇന്ത്യ
Stateകേരളം
Districtകാസർഗോഡ്
Talukഹൊസ്ദുർഗ്
ഭരണസമ്പ്രദായം
 • ഭരണസമിതിതൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്
വിസ്തീർണ്ണം
 • ആകെ23.31 ച.കി.മീ.(9.00 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ38,687
 • ജനസാന്ദ്രത1,660/ച.കി.മീ.(4,300/ച മൈ)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
671310
Telephone code046722
വാഹന റെജിസ്ട്രേഷൻKL-60
Sex ratio1109 /
Literacy89.86%
Lok Sabha constituencyകാസർഗോഡ്
Vidhan Sabha constituencyതൃക്കരിപ്പൂർ
Civic agencyപഞ്ചായത്ത് (സ്പെഷ്യൽ ഗ്രേഡ്)
Climatepleasant (Köppen)
വെബ്സൈറ്റ്lsgkerala.in/trikaripurpanchayat/

ചരിത്രം

തിരുത്തുക

കോലത്തുനാട്ടിലെ സ്വരൂപങ്ങളിൽ പ്രധാനമായ അള്ളടസ്വരൂപം ആരംഭിക്കുന്നതുതന്നെ ഒളവക്കടവു തൊട്ടാണ്. പൂർണ്ണമായും ജാതിമതാചാരങ്ങൾ പാലിച്ചുകൊണ്ട് നിലനിന്നിരുന്ന ഒരു വ്യവസ്ഥിതി തന്നെയാണ് ഇവിടെയുണ്ടായിരുന്നത്. കാർഷിക വൃത്തിയും അതോടൊപ്പം ജാതിക്കനുസരിച്ച കുലത്തൊഴിലുകളും ചെയ്താണ് ജനങ്ങൾ ഉപജീവനം കഴിച്ചിരുന്നത്. ഭൂമി പ്രധാനമായും ഏതാനും ജന്മിമാരുടെ കീഴിലായിരുന്നു. ഈ പ്രദേശത്തെ പ്രധാന ഭൂവുടമ, തെക്കെ തൃക്കരിപ്പൂരിലെ താഴെക്കാട്ടു മനക്കാർ ആയിരുന്നു. ആനകളും ആനച്ചങ്ങലയുമുള്ള അവർ എല്ലാ അധികാരങ്ങളും കൈപ്പിടിയിലൊതുക്കിക്കൊണ്ട് നീണ്ടകാലം ജനങ്ങളെ അടക്കി ഭരിച്ചവരായിരുന്നു. താഴെക്കാട്ട് മനയുടെ പ്രതാപകാലത്തും, അതിനുശേഷവും ഉദിനൂർ ദേവസ്വത്തിന്റെയും അതുപോലെ ഉടുമ്പുന്തല, കൈക്കോട്ടു കടവ് എന്നിവിടങ്ങളിലെ മുസ്ളീം പ്രഭുക്കന്മാരുടെ കീഴിലും ധാരാളം കുടിയാന്മാർ കർഷകരായിട്ടുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരായ സമരാഹ്വാന രംഗങ്ങളിൽ ഏർപ്പെട്ട പ്രമുഖർ നാണാട്ട് കണ്ണൻനായർ, കെ.സി.കോരൻ എന്നിവരായിരുന്നു. കണ്ണൻനായർ ഖാദി പ്രവർത്തനത്തിലും മദ്യവർജ്ജന പരിപാടികളിലും ശ്രദ്ധയൂന്നിയപ്പോൾ കെ.സി.കോരൻ ഹരിജനോദ്ധാരണ പ്രവർത്തനങ്ങളുമായാണ് ബന്ധപ്പെട്ടത്. അവരെ സ്വാമിആനന്ദതീർത്ഥനൊന്നിച്ച് വിദ്യാലയങ്ങളിൽ പ്രവേശിപ്പിക്കുന്നതിന് പരിശ്രമിച്ചു. തുളുവൻ കണ്ണൻ, കലശക്കാരൻ കുഞ്ഞിരാമൻ, മാമുനികോരൻ, ചന്തൻ, കപ്പണക്കാരൻ കുഞ്ഞമ്പു എന്നിങ്ങനെ നിരവധി പേർ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. സമരസേനാനി ടി.കെ.കൃഷണൻമാസ്റ്റർ ഖാദി പ്രവർത്തനത്തിലും രാഷ്ട്രഭാഷാ പ്രചരണത്തിലും സജീവമായി രംഗത്തിറങ്ങിയ വ്യക്തിയായിരുന്നു. 1930-ൽ കെ.കേളപ്പന്റെ നേതൃത്വത്തിൽ നടന്ന ചരിത്രപ്രസിദ്ധമായ പയ്യന്നൂർ ഉപ്പ് സത്യാഗ്രഹം തൃക്കരിപ്പൂരിലെ ഒളവറയ്ക്ക് സമീപമുള്ള ഉളിയെ കടവിൽവെച്ചാണ് നടന്നത്. 1939-ൽ അഖിലേന്ത്യാ കോൺഗ്രസ്സ് നേതാവ് എൻ.ഡി.രങ്കയെ പങ്കെടുപ്പിച്ചുകൊണ്ട് കൊടക്കാട്ട് വെച്ച് നടന്ന കർഷകസംഘം സമ്മേളനത്തിൽ തൃക്കരിപ്പൂർ നിന്നും പ്രതിനിധികൾ പങ്കെടുത്തിരുന്നു. ഭൂപ്രഭുക്കന്മാരായിരുന്ന താഴെക്കാട്ട് മനയുടെ കുടുംബത്തിൽ നിന്നാണ് മലബാർ കർഷക വിമോചന പ്രസ്ഥാനത്തിന്റെ പാടുന്ന പടവാളെന്ന് പ്രസിദ്ധനായ ടി.സുബ്രഹ്മണ്യൻ തിരുമുമ്പ് രംഗത്ത് വന്നത്. മനയിലെ തന്നെ ഉണ്ണികൃഷ്ണൻ തിരുമുമ്പ്, ഹരീശ്വരൻ തിരുമുമ്പ് എന്നിവരും കർഷക പ്രസ്ഥാനത്തിൽ വളരെ സജീവമായി പ്രവർത്തിച്ചിരുന്നു. മൊട്ടുക്കന്റെ കണ്ണൻ, കെ.വി.കുഞ്ഞിരാമൻ, കെ.വി.കോരൻ എന്നിവരുടെ സാമൂഹിക പ്രവർത്തനത്തിന്റെ ഗുണഫലമാണ് ഒളവറ ഗ്രന്ഥാലയം. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ തന്നെ ഔപചാരിക വിദ്യാഭ്യാസം തുടങ്ങിയ പ്രദേശമാണ് തൃക്കരിപ്പൂർ. 1917-ൽ താഴെക്കാട്ട് മന വക ഊട്ടു മഠത്തിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടം പിന്നീട് സൌത്ത് തൃക്കരിപ്പൂർ ഗവ: ഹൈസ്കൂളായതു മുതൽ തന്നെ പ്രദേശത്തിന്റെ ഈ രംഗത്തെ ചരിത്രം ആരംഭിക്കുന്നു. കലാകായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേർ തൃക്കരിപ്പൂരുണ്ട്. അവരിലാദ്യം ഓർക്കേണ്ട വ്യക്തി ഗുരു ചന്തുപ്പണിക്കരാണ്. കഥകളി രംഗത്ത് പ്രസിദ്ധനായ കലാമണ്ഡലം കൃഷ്ണൻനായരടക്കമുള്ള പ്രഗല്ഭമതികളുടെ ഗുരുസ്ഥാനം അലങ്കരിച്ച ഈ പ്രതിഭാധനൻ താഴെക്കാട്ട് മനയുടെ കളിയോഗത്തിലൂടെയാണ് അരങ്ങേറുന്നത്. തെയ്യം കലാകാരന്മാരായ ചന്തുപ്പെരുമലയൻ, കൃഷ്ണൻ പെരുമലയൻ, രാമൻ പണിക്കർ എന്നിവരും കോൽക്കളിയിലും കളരിപ്പയറ്റിലും ലക്ഷ്മണൻ ഗുരുക്കളും അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ്. തൃക്കരിപ്പൂരിലെ ഗ്രന്ഥാലയങ്ങളുടെയും വായനശാലകളുടെയും ചരിത്രം പ്രദേശത്തിന്റെ സാംസ്കാരിക ചരിത്രം കൂടിയാണ്. 1940-ന് ശേഷം രൂപികരിച്ച കൊയൊങ്കര ആചാര്യ നരേന്ദ്രദേവ് ഗ്രന്ഥാലയം, സുവർണ്ണ ജൂബിലിയാഘോഷിക്കുന്ന ഒളവറ ഗ്രന്ഥാലയം, മുഹമ്മദ് അബ്ദുറഹിമാൻ ഗ്രന്ഥാലയം തുടങ്ങിയ നിരവധി ഗ്രന്ഥാലയങ്ങളും വായനശാലകളും അവയുടെ സജീവമായ പ്രവർത്തനം തുടർന്നു കൊണ്ടേയിരിക്കുന്നു. ക്രിസ്തുമതാനുയായികളുടെ ഒരു ആരാധനാ കേന്ദ്രമാണ് തൃക്കരിപ്പൂർ സെന്റ് പോൾസ് ചർച്ച്. കഥകളി രംഗത്തെന്നപോലെ തുള്ളൽ പ്രസ്ഥാനത്തിലും പ്രഗല്ഭരായ ആശാന്മാർ ഇവിടെയുണ്ടായിരുന്നു. തുള്ളലിലെ പറയൻതുള്ളലിൽ പ്രാവീണ്യം നേടിയ കലാചാര്യനായിരുന്നു തങ്കയത്തിലെ അപ്പാട്ട് കുഞ്ഞിരാമപൊതുവാൾ ആശാൻ. കോൽക്കളിയുടെ ആചാര്യനായിരുന്ന ലക്ഷ്മണൻ ഗുരുക്കൾ, തെയ്യം കലാകാരന്മാരായിരുന്ന ചന്തുപ്പെരുമലയൻ, കൃഷ്ണൻ പെരുമലയൻ, രാമൻപണിക്കർ, അമ്പുപ്പണിക്കർ എന്നിവരുടെ സാന്നിദ്ധ്യവും പ്രാതിനിധ്യവും പഞ്ചായത്തിനെ ധന്യമാക്കിയിരിക്കുന്നു. സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഒളവറ വായനശാല ആന്റ് ഗ്രാന്ഥാലയവും, തങ്കയം മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല ആന്റ് ഗ്രാന്ഥാലയവുമടക്കം നല്ല നിലയിൽ പ്രവർത്തിക്കുന്ന ഗ്രന്ഥാലയങ്ങൾ ഇവിടെയുണ്ട്. കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഒട്ടേറെ അമെച്വർ കലാസമിതികൾ ഇവിടെ പ്രവർത്തിച്ച് വരുന്നു. സ്വാതന്ത്ര്യസമര സേനാനിയും നാടകകൃത്തും, നടനും ഗായകനുമായ കെ.എം.കുഞ്ഞമ്പുവിന്റെ സ്മരണയെ നിലനിർത്തുന്ന തൃക്കരിപ്പൂർ കെ.എം.കെ സ്മാരക കലാസമിതിയടക്കം പല കലാസമിതികളും ഇവിടെ വളരെ നന്നായി പ്രവർത്തിച്ച് വരുന്നു.

കേരളപ്പിറവിക്കുമുമ്പെ പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന തെക്കൻ കർണ്ണാടക ജില്ലയുടെ തെക്കെ അതിർത്തി ഗ്രാമങ്ങളായിരുന്ന വടക്കെ തൃക്കരിപ്പൂരും, തെക്കെ തൃക്കരിപ്പൂരിന്റെ ഭൂരിഭാഗങ്ങളും ചേർന്നാണ് ഇന്നത്തെ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് രൂപം കൊണ്ടത്. ഇനിയും ചരിത്രത്തിൽ പുറകോട്ട് പോയാൽ, പഴയ നിലേശ്വരം രാജവംശത്തിന്റെ തെക്കേയറ്റത്തെ ഗ്രാമങ്ങളായിരുന്നു ഇവയെന്ന് കാണാം. പടിഞ്ഞാറ് ആയിറ്റിപ്പുഴ, കിഴക്ക് പാടിയിൽ പുഴ, കുണിയൻതോട്, തെക്ക് കവ്വായിപ്പുഴ വടക്ക് പിലിക്കോട്, പടന്ന പഞ്ചായത്തുകൾ എന്നിവ അതിർത്തിയായുളള വടക്കെ തൃക്കരിപ്പൂർ ഗ്രാമവും തെക്കെ തൃക്കരിപ്പൂർ ഗ്രാമത്തിന്റെ ഭൂരിഭാഗവും ഉൾക്കൊളളുന്ന തൃക്കരിപ്പൂർ പഞ്ചായത്തിന് ചിര പുരാതനമായ സാംസ്കാരിക പൈതൃകമുണ്ട്. ഒരു കാലത്ത് എന്തിനും തന്നെ പരമാധികാരമുള്ള താഴക്കാട്ട് മനക്കാരുടെയും ഉടുമ്പുന്തല നാലുപുരപ്പാട്ടിൽ തറവാട്ടുകാരുടെയും കൈവശമായിരുന്നു ഇവിടുത്തെ ഭൂരിഭാഗവും ഭൂമിയും. താഴക്കാട്ട് മനയിലെ വലിയ കാരണവരായ വാസുദേവൻ വലിയ തിരുമുൽപ്പാടിന്റെ ഭരണകാലം ശ്രദ്ധേയമായിരുന്നു. ഈ കാലത്തുതന്നെയാണ് താഴക്കാട്ടു മനയുടെ നേതൃത്വത്തിൽ കഥകളിയോഗത്തിന്റെ പ്രവർത്തനം തുടങ്ങിയത്. തൃക്കരിപ്പൂർ പഞ്ചായത്തിന്റെ വികസന ചരിത്രത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.പി.പി.മുഹമ്മദ്കുഞ്ഞി പട്ടേലരുടെ സ്ഥാനം പ്രശംസനീയമാണ്. ഏകദേശം രണ്ടു ദശാബ്ദക്കാലം പ്രസിഡന്റായി അദ്ദേഹം സേവനമനുഷ്ഠിച്ചു. കഥകളിയാശാൻ ഗുരുചന്തുപ്പണിക്കരുടെ ജന്മനാടാണ് തൃക്കരിപ്പൂർ. തെക്കെ തൃക്കരിപ്പൂരിലെ തെക്കേ കാരക്കാടൻ ചന്തു ഗുരു ചന്തുപ്പണിക്കരാകുന്നത് നീണ്ടകാലത്തെ തപസ്യയിലൂടെയായിരുന്നു. ഏതു കഥകളി വേഷവും അനായാസമായി ആടാനുള്ള അദ്ദേഹത്തിന്റെ കഴിവ് സഹൃദയ ലോകത്തിന്റെ അഭിനന്ദനം പിടിച്ചുപറ്റിയതാണ്. കലാമണ്ഡലം കൃഷ്ണൻനായരടക്കം ഒട്ടേറെ ശിഷ്യന്മാർ അദ്ദേഹത്തിനുണ്ട്. 1958-ൽ അദ്ദേഹത്തിന് ലഭിച്ച കേന്ദ്രസംഗീതനാടക അക്കാദമി അവാർഡടക്കം ധാരാളം ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

പുരാതന പ്രസിദ്ധമായ ശ്രീചക്രപാണി ക്ഷേത്രം, എളമ്പച്ചി തിരുവമ്പാടിക്ഷേത്രം, ഉത്തമന്തിൽ ക്ഷേത്രപാലക ക്ഷേത്രം, കാളീശ്വര ക്ഷേത്രം, ശ്രീരാമവില്യം കഴകം, കണ്ണമംഗലം കഴകം, തൃക്കരിപ്പൂർ മുച്ചിലോട്ട് കാവ് തുടങ്ങി ഒട്ടേറെ ആരാധനാലയങ്ങൾ ഇവിടെയുണ്ട്. മുസ്ളീം ആരാധനാ കേന്ദ്രങ്ങളിൽ ബീരിച്ചേരി ജുമാമസ്ജിദ്, വൾവക്കാട് ജുമാമസ്ജിദ്, ആയിറ്റി ജുമാമസ്ജിദ്, ടൌൺ ജുമാമസ്ജിദ്, ഉടുമ്പുന്തല ജുമാമസ്ജിദ് തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ.ക്രൈസ്തവ ആരാധാനാലയം സെന്റ് പോൾസ് ചർച് അര നൂറ്റാണ്ടു മുന്നേ തൃക്കരിപ്പൂരിൽ സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. അമ്പലങ്ങളും പള്ളികളും ചർച്ചുകളും മതസൌഹാർദ്ദത്തിന്റെ ഉത്തമ മാതൃകകളായി ഇവിടെ നിലകൊള്ളുന്നു. കണ്ണമംഗലം കഴകത്തിന്റെ ഉത്സവാഘോഷങ്ങളിൽ വൾവക്കാട് ജുമാമസ്ജിദിന് പ്രമുഖ സ്ഥാനമുണ്ട്. ഇതേ പോലെതന്നെ ബീരിച്ചേരി മനയും ബീരിച്ചേരി ജുമാമസ്ജിദും തമ്മിൽ കൊടുക്കൽ വാങ്ങൽ ബന്ധമുണ്ട്. കഴകങ്ങളിലും ചില മുണ്ഡ്യകളിലും പുരക്കളിയും മറത്തുകളിയും നടത്താറുണ്ട്. കുന്നച്ചേരിയിലെ കൊട്ടൻപണിക്കർ, പേക്കടത്തെ കണ്ണൻ പണിക്കർ, വൈക്കത്തെ കുഞ്ഞിത്തീയൻ പണിക്കർ, എളമ്പച്ചിയിലെ കാനക്കീൽ കരുണാകരൻ പണിക്കർ എന്നിവർ പഞ്ചായത്തിലെ പൂരക്കളി ആചാര്യന്മാരിൽ പ്രമുഖരായിരുന്നു. ഫുട്ബോളിന്റെ ഈറ്റില്ലം എന്ന ഖ്യാതി കൂടി തൃക്കരിപ്പൂരിനുണ്ട്.

ഐതിഹ്യം

തിരുത്തുക

ചക്രപാണി ക്ഷേത്രത്തിന്റെ ഉത്ഭവവും, പൌരാണികതയും സംബന്ധിച്ച കാര്യങ്ങൾ ബ്രഹ്മാണ്ഡ പുരാണത്തിൽ കേരളമഹാത്മ്യം എന്ന അധ്യായത്തിൽ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ബ്രാഹ്മണരെ കൊണ്ടുവന്നു പ്രതിഷ്ഠിക്കാൻ പരശുരാമൻ മലനാട്ടിൽ സ്ഥാപിച്ച മുപ്പത്തിരണ്ട് ഗ്രാമങ്ങളിൽ വടക്കേയറ്റത്തു കിടക്കുന്ന പയ്യന്നൂർ ഗ്രാമത്തിന്റെ സമീപസ്ഥലം കൂടിയാണ് തൃക്കരിപ്പൂർ. പയ്യന്നൂർ കേന്ദ്രീകരിച്ച് ബ്രാഹ്മണാധിപത്യം വിപുലപ്പെടുത്താൻ തുനിഞ്ഞ പരശുരാമൻ, സൈന്യശേഖരണം നടത്തിയ സ്ഥലമാണ് ഇത്. സൈനികാവശ്യത്തിന് രാമൻ ഇവിടെയൊരു ഗജശാല സ്ഥാപിക്കുകയും നൂറുകണക്കിന് ആനകളെ കുടിയിരുത്തുകയും ചെയ്തു. കരികളാൽ നിബിഡമായ പുരമായിരിക്കണം കരിപുരമായതെന്ന ചിന്തയും പ്രസിദ്ധമാണ്. ഉത്തര കേരളത്തിലെ അനുഷ്ഠാന കലയായ തെയ്യത്തിന്റെ തോറ്റം പാട്ടിലും പൂരക്കളിപ്പാട്ടിലും തൃക്കരിപ്പൂർ പരാമർശിക്കപ്പെടുന്നുണ്ട്.

സ്ഥലനാമ ഐതിഹ്യം

തിരുത്തുക

തൃക്കരിപ്പൂർ എന്ന സ്ഥലനാമം ഇവിടുത്തെ പുരാണ പ്രസിദ്ധമായ ചക്രപാണി ക്ഷേത്രവും തൊട്ടടുത്ത താമരക്കുളവുമായി ബന്ധപ്പെട്ട് കിടക്കുന്നു. കുളത്തിൽ നിന്നും താമരപ്പൂക്കൾ പറിച്ച് ചക്രപാണിയെ അർപ്പിച്ച് മോക്ഷം നേടിയ കരീന്ദ്രന്റെ നാട് കരിപുരവും ശ്രീകരിപുരവുമായി പിന്നീട് തൃക്കരിപ്പൂരായതെന്നാണ് കരുതുന്നത്.

ആനകളുമായി ചരിത്രമുള്ളതിനാൽ മൂന്ന് ആനകളുടെ നാട് (തൃ+ കരി + ഊര് ) എന്നത് പിന്നീട് തൃക്കരിപ്പൂരായി മാറി എന്നും ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട് .

ശ്രീ രാമവില്യം കഴകം

തിരുത്തുക

ഉത്തര കേരളത്തിലെ തീയ്യ സമുദായക്കാരുടെ പ്രധാന ആരാധന കേന്ദ്രങ്ങളിൽ ഒന്നാണ്. ഒളവറ മുണ്ട്യ,കൂലേരി മുണ്ട്യ,തടിയൻ കൊവ്വൽ മുണ്ട്യ, പടന്ന മുണ്ട്യ, പേക്കടം കുറുവാപ്പള്ളി അറ എന്നിവ അടങ്ങുന്ന കഴകമാണിത്. ചിര പുരാതനമായ കഴകങ്ങളിൽ ഒന്നായ ശ്രീ രാമവില്യം കഴകത്തിൽ 25 സംവത്സരങ്ങൾക്ക് ശേഷം, 2025 മാർച്ച് 5 മുതൽ 12 വരെ പെരുങ്കളിയാട്ടം നടക്കും.

ബീരിച്ചേരി ജുമാ മസ്ജിദ്

തിരുത്തുക

നൂറ്റാണ്ട് പഴക്കമുള്ള ബീരിച്ചേരി ജുമാ മസ്ജിദ് ചരിത്ര പ്രസിദ്ധമാണ്. മതസൗഹാർദ്ദത്തിന് പേരുകേട്ട ജുമാമസ്ജിദിലെ നാലു ശുഹദാ മഖാമിൽ നാനാജാതി മതസ്ഥർ സന്ദർശനത്തിനായി എത്താറുണ്ട് എന്നത് ഏറെ സവിശേഷതയുള്ളതാണ്.

നടക്കാവ് കൊവ്വൽ മുണ്ട്യ

തിരുത്തുക

തൃക്കരിപ്പൂർ: നടക്കാവ് കൊവ്വൽ മുണ്ട്യ കളിയാട്ടം  2017 Feb 18, 19 തീയതികളിൽ നടക്കും. 18-ന് രാത്രി ഏഴുമണിക്ക് എണ്ണകൂട്ടൽ ചടങ്ങ്. തുടർന്ന് പരദേവത മൂവരുടെയും തോറ്റം. 9.30ന് തിരുമുൽക്കാഴ്ച നടക്കാവ് ക്ഷേത്രപാലകന്റെ തിരുനടയിൽനിന്നാരംഭിക്കും.19-ന് രാവിലെ 10 മണിമുതൽ വിഷ്ണുമൂർത്തി, അങ്കക്കുളങ്ങര ഭഗവതി, രക്തചാമുണ്ഡി, ഗുളികൻ എന്നീ തെയ്യങ്ങൾ. ഉച്ചയ്ക്ക് ഒരുമണിമുതൽ അന്നദാനം.

പ്രശസ്തർ

തിരുത്തുക

താഴേക്കാട്ടു മനയുടെ പഴയ ആസ്ഥാനം തൃക്കരിപ്പൂർ ആയിരുന്നു. ടി.എസ്. തിരുമുമ്പ് എന്ന പ്രശസ്ത കവിയും സ്വാതന്ത്ര്യ സമരസേനാനിയും താഴേക്കാട്ടു മനയിൽ നിന്നാണ്. പ്രശസ്ത കഥകളി കലാകാരനായ ഗുരു ചന്തുപ്പണിക്കർ ജനിച്ചത് തൃക്കരിപ്പൂർ ആണ്.

തമിഴ്‌ലെ യുവതാരം ആര്യ (നടൻ) തൃക്കരിപ്പൂർ വംശജനാണ് .

പ്രശസ്ത ഫുടബോൾ താരം മുഹമ്മദ് റാഫിയും എം സുരേഷും തൃക്കരിപ്പൂരുകാരാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക

ഒരു എഞ്ജിനിയറിംഗ് കോളേജ് (കോളേജ് ഓഫ് എഞ്ജിനിയറിംഗ്,തൃക്കരിപ്പൂർ),ഫാർമസി കോളേജ് (Rajiv Gandhi Institute of Pharmacy, തൃക്കരിപ്പൂർ പോളി ടെക്നിക്, തൃക്കരിപ്പൂർ എം.ഇ.സി എന്ന പേരിൽ പ്രസിദ്ധമായ മുനവ്വിറുൽ ഇസ്‌ലാം മദ്റസ,.എച്.എസ്.സി വിദ്യാലയങ്ങൾ, മറ്റു വിദ്യാലയങ്ങൾ തുടങ്ങിയവ തൃക്കരിപ്പൂരിൽ ഉണ്ട്.ജാമിഅ സഅദിയ്യ അൽ ഇസ്ലാമിയ്യ, മുജമ്മഉൽ ഇസ്‌ലാമി, എന്ന പേരിൽ രണ്ട്അനാഥാലയവും സയ്യിദ് മുഹമ്മദ് മൗല, ജാമിഅഃ സഅദിയ്യ എന്ന പേരിൽ ഖുർആൻ കോളേജുമുണ്ട്. ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവൺമെൻറ് ഹയർസെക്കണ്ടറി സ്ക്കൂൾ ഇളംമ്പച്ചി,Pmsa pookoyathangal smarakka vocational higher secondary school കൈക്കോട്ടുകടവ്

പൊതുജനാരോഗ്യ കേന്ദ്രങ്ങൾ

തിരുത്തുക
  • താലൂക്ക് ഗവ. ആശുപത്രി , തങ്കയം
  • പ്രൈമറി ഹെൽത്ത്‌ സെന്റർ , ഉടുംബന്തല
  • സർക്കാർ ഹോമിയോ ഇളംമ്പച്ചി.
  • പ്രൈമറി ഹെൽത്ത് സെൻറർ,ഇളംമ്പച്ചി.
  • എം.സി ഹോസ്പിറ്റൽ , തൃക്കരിപ്പൂർ
  • ലൈഫ് കെയർ ഹോസ്പ്പിറ്റൽ , തൃക്കരിപ്പൂർ
  • സർക്കാർ ആയ്യുർവ്വേദ ആശുപത്രി,കൊയോങ്കര
  • കുടുംബക്ഷേമകേന്ദ്രം,കൊയോങ്കര

ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തൃക്കരിപ്പൂർ&oldid=4113373" എന്ന താളിൽനിന്ന് ശേഖരിച്ചത്