തായ്‌ലാന്റ്

(Thailand എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കിങ്ങ്ഡം ഓഫ് തായ്‌ലാന്റ് ചുരുക്കത്തിൽ തായ്‌ലാന്റ് തെക്കുകിഴക്കേ ഏഷ്യയിലെ ഒരു രാജ്യമാണ്. കിഴക്ക് ലാവോസ്, കംബോഡിയ, തെക്ക് തായ്‌ലാന്റ് ഉൾക്കടൽ, മലേഷ്യ, പടിഞ്ഞാറ് ആൻഡമാൻ കടൽ, മ്യാന്മാർ എന്നിവയാണ് തായ്‌ലാന്റിന്റെ അതിരുകൾ. തായ്‌ലാന്റിലെ ഏറ്റവും വലിയ നഗരവും തലസ്ഥാനവും ബാങ്കോക്ക് ആണ്. ഈ രാജ്യം പണ്ട് സയാം എന്ന പേരിലും അറിയപ്പെട്ടിരുന്നു.

കിങ്ങ്ഡം ഓഫ് തായ്‌ലാന്റ്

ราชอาณาจักรไทย
Ratcha Anachak Thai
Flag of തായ്‌ലാന്റ്
Flag
Emblem of തായ്‌ലാന്റ്
Emblem
ദേശീയ ഗാനം: Phleng Chat Thai

Location of  തായ്‌ലാന്റ്  (green) in Southeast Asia  (dark grey)  —  [Legend]
Location of  തായ്‌ലാന്റ്  (green)

in Southeast Asia  (dark grey)  —  [Legend]

തലസ്ഥാനം
and largest city
ബാങ്കോക്ക്1
ഔദ്യോഗിക ഭാഷകൾThai[1]
Official scriptsThai alphabet
നിവാസികളുടെ പേര്Thai
ഭരണസമ്പ്രദായംജനാധിപത്യ പാർലിമെന്ററി വ്യവസ്ഥ and Constitutional monarchy
Rama X (2016-)
യിങ്‌ലക് ഷിനവത്ര
നിയമനിർമ്മാണസഭNational Assembly
Senate
House of Representatives
Formation
1238 - 1448
1351 - 1767
1768 - 1782
6 ഏപ്രിൽ 1782
24 ജൂൺ 1932
24 ഓഗസ്റ്റ് 2007
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
513,120 കി.m2 (198,120 ച മൈ) (50th)
•  ജലം (%)
0.4 (2,230 km2)
ജനസംഖ്യ
• 2010 estimate
66,404,688 (est. July 2010) (21st)
• 2000 census
60,606,947[2]
•  ജനസാന്ദ്രത
132.1/കിമീ2 (342.1/ച മൈ) (88th)
ജി.ഡി.പി. (PPP)2009 estimate
• ആകെ
$539.871 billion[3]
• പ്രതിശീർഷം
$8,060[3]
ജി.ഡി.പി. (നോമിനൽ)2009 estimate
• ആകെ
$263.889 billion[3]
• Per capita
$3,939[3]
ജിനി (2002)42
medium
എച്ച്.ഡി.ഐ. (2007)Increase0.783[4]
Error: Invalid HDI value · 87th
നാണയവ്യവസ്ഥBaht (฿) (THB)
സമയമേഖലUTC+7
ഡ്രൈവിങ് രീതിഇടത്
കോളിംഗ് കോഡ്+66
ഇൻ്റർനെറ്റ് ഡൊമൈൻ.th
  1. ^ Thai name: กรุงเทพมหานคร Krung Thep Maha Nakhon or Krung Thep. The full name is กรุงเทพมหานคร อมรรัตนโกสินทร์ มหินทรายุทธยา มหาดิลกภพ นพรัตนราชธานีบุรีรมย์ อุดมราชนิเวศน์มหาสถาน อมรพิมานอวตารสถิต สักกะทัตติยะวิษณุกรรมประสิทธิ์ Krung Thep Mahanakhon Amon Rattanakosin Mahinthara Yuthaya Mahadilok Phop Noppharat Ratchathani Burirom Udomratchaniwet Mahasathan Amon Phiman Awatan Sathit Sakkathattiya Witsanukam Prasit.
  2. ^ According to the Department of Provincial Administration's official register, not taking into account unregistered citizens and immigrants.

പേരിനു പിന്നിൽ

തിരുത്തുക

1939 ജൂൺ 24 വരെ ഈ രാജ്യത്തിന്റെ ഔദ്യോഗികനാമം സയാം (തായ്:: สยาม; IPA: [saˈjaːm], RTGS: Sayam) എന്നായിരുന്നു. 1945 മുതൽ 1949 മെയ് 11 വരെയും ഈ രാജ്യം സയാം എന്ന് അറിയപ്പെട്ടു. 1949-ൽ രാജ്യത്തിന്റെ പേര് വീണ്ടും ഔദ്യോഗിക വിജ്ഞാപനത്തിലൂടെ തായ്‌ലാന്റ് എന്ന് മാറ്റി. തായ് (ไทย) എന്ന പദം സ്വാതന്ത്ര്യം എന്ന് അർത്ഥമുള്ള റ്റായ് (ไท) എന്ന തായ് ഭാഷാപദത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. രാജ്യത്തിലെ ഏറ്റവും വലിയ ആദിമ ജനവിഭാഗത്തിന്റെ പേരും തായ് എന്നാണ്.

ചരിത്രം

തിരുത്തുക

തായ്ലൻഡിന്റെ പ്രാക് ചരിത്രത്തെക്കുറിച്ച് പരിമിതമായ അറിവേ ലഭ്യമായിട്ടുള്ളൂ. ശിലായുഗം മുതൽതന്നെ തായ്ലൻഡിൽ മനുഷ്യാധിവാസം തുടങ്ങിയതായി അനുമാനമുണ്ട്. പുരാതന കാലം തൊട്ടേ തായ്ലാൻഡിൽ മനുഷ്യവാസമുണ്ടായിരുന്നു. ബി.സി. 3600 മുതലുള്ള ചരിത്രാവശിഷ്ടങ്ങൾ ബൻ ചിയാങ് പ്രദേശത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. നെൽകൃഷിയും ചെമ്പ് ആയുധ നിർമ്മാണവും അക്കാലത്തു തന്നെ ഉണ്ടായിരുന്നു. സുമാത്ര ദ്വീപിൽ നിന്നും മലായ് ഉപ ദ്വീപിലേക്ക് വ്യാപിച്ച ശ്രീ വിജസാമ്രാജ്യവും കംബോഡിയയിലെ ഖമർ സാമ്രാജ്യവുമെല്ലാം തായ് പ്രദേശങ്ങളുടെ അധീനതയിലായിരുന്നു. ഹിന്ദുക്കളായ ഖമറുകളുടെ കീഴിലായിരുന്നു തായ് വംശജർ.തായ്ലൻഡിലെ വ. കിഴക്കൻ ഭാഗങ്ങളിൽ നടന്ന പുരാവസ്തുപഠനങ്ങളുടെ വെളിച്ചത്തിൽ കൃഷിയെക്കുറിച്ച് അറിവുള്ള ജനതയായിരുന്നു .

1939-ൽ തായ്ലൻഡ് എന്ന നാമം സ്വീകരിക്കുന്നതുവരെയും ഈ പ്രദേശം സയാം എന്ന പേരിലാണ് അറിയപ്പെട്ടത്. ചരിത്രാരംഭം മുതൽ നിരവധി ഗോത്ര വർഗക്കാരുടെ നിയന്ത്രണത്തിലായിരുന്നു സയാം. 3-ആം ശതകത്തിൽ സയാം ഫുനാൻ സാമ്രാജ്യത്തിന്റെ ഭാഗമായി. സാംസ്കാരികമായി ഇന്ത്യയോടു താദാത്മ്യമുണ്ടായിരുന്ന ഈ സാമ്രാജ്യത്തിന്റെ ആസ്ഥാനം കംബോഡിയയായിരുന്നു. ഫുനാൻ സാമ്രാജ്യം ശിഥിലമായതോടെ ദക്ഷിണ ചൈനയിൽ നിന്നെത്തിയ മോൺ ജനത സയാമിൽ നിരവധി രാജ്യങ്ങൾ സ്ഥാപിച്ചു. ദ്വാരാവതി, ഹരിപുഞ്ചായ എന്നിവയായിരുന്നു അവയിൽ പ്രമുഖം. ഇന്ത്യൻ രാഷ്ട്രീയ തത്ത്വങ്ങളിൽ അധിഷ്ഠിതമായ ഈ രാജ്യങ്ങളിലെ ജനത സാംസ്കാരികമായി ഹൈന്ദവ-ബൗദ്ധമതങ്ങളോടു കടപ്പെട്ടിരുന്നു. 10-ആം ശതകത്തിൽ ദ്വാരാവതിയും ചാവേഫ്രയാ താഴ്വരയും കംബോഡിയയിലെ ഖ്മർ സാമ്രാജ്യത്തിന്റെ അധീനതയിലായി.

11-ആം ശതകത്തിൽ ദക്ഷിണ ചൈനയിൽ നിന്നുള്ള തായ് ജനത തായ്ലൻഡിലേക്കു കുടിയേറ്റമാരംഭിച്ചു. ചാവേഫ്രയാ തടത്തിലെ ഫലഭൂയിഷ്ടമായ മണ്ണാണ് ഇവരെ തായ്ലൻഡിലേക്ക് ആകർഷിച്ചത്. ഖ്മറുകളുടെ മേൽക്കോയ്മ സ്വീകരിച്ച തായ് ഗോത്ര തലവന്മാർ നിരവധി സ്വരൂപങ്ങൾ ഇവിടെ സ്ഥാപിക്കുകയുണ്ടായി. ഖ്മർ-മോൺ ജനതയുമായുള്ള സഹവർത്തിത്വം മൂലം ഹൈന്ദവ ബൗദ്ധ സ്വാധീനം ഇവരിൽ രൂഢമൂലമായിത്തീർന്നു. തായ്ലൻഡിൽ നിലവിലുള്ള പല സ്ഥലനാമങ്ങളും സംസ്കൃത ഭാഷയോടു ബന്ധമുള്ളവയാണ്; ഇന്ത്യൻ സംസ്കാരത്തിന്റെ സ്വാധീനതയാണ് ഇതിലൂടെ പ്രകടമാകുന്നത്. 13--ആം ശതകത്തിൽ ഖ്മറുകളുടെ അധികാരനിയന്ത്രണങ്ങൾ ദുർബലമായതോടെ തായ്ഗോത്രത്തലവന്മാർ, ഖ്മർ ഗവർണർമാരെ പുറത്താക്കിക്കൊണ്ട് ഇന്നത്തെ ബാങ്കോക്കിനു 322 കി.മീ. വടക്കായിട്ടുള്ള സുഖോതായ് കേന്ദ്രമാക്കി ഒരു തായ് രാജ്യത്തിന് അടിത്തറയിട്ടു. രാമഖാംഹെങ്ങായിരുന്നു (1277-1317) സുഖോതായ് രാജ്യത്തെ ഏറ്റവും പ്രബലനായ രാജാവ്. തെക്ക് നകോൺ സിതമരാട്ട് വരെയുള്ള ഖ്മർ പ്രദേശങ്ങളെ പിടിച്ചെടുത്ത ഇദ്ദേഹത്തിന് ബർമ (മ്യാൻമർ), ലാവോസ് എന്നീ രാജ്യങ്ങൾ കപ്പം നല്കിയിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ ദുർബലരായ പിൻഗാമികളുടെ കീഴിൽ ശിഥിലമായ സുഖോതായ് രാജ്യത്തിനു ദക്ഷിണ തായ്ലൻഡിൽ 1350-ൽ സ്ഥാപിതമായ ആയൂതിയ എന്ന പുതിയ തായ് രാജ്യത്തിന്റെ ഭീഷണി നേരിട്ടു. രാമാതിബോധി സ്ഥാപിച്ച ഈ രാജ്യത്തിന് വടക്കേ ഇന്ത്യയിലെ അയോദ്ധ്യയുടെ പേരാണ് നല്കപ്പെട്ടത്. 1360-ൽ ഥേരാവാദബുദ്ധമതത്തെ ആയൂതിയയുടെ ഔദ്യോഗിക മതമായി സ്വീകരിച്ച ഇദ്ദേഹം ഇന്ത്യൻ ധർമശാസ്ത്രത്തിന്റെ മാതൃകയിൽ ഒരു നിയമാവലിയും രൂപവത്കരിച്ചിരുന്നു. 19-ാം ശതകംവരെ ഈ നിയമാവലിയാണ് തായ്ലൻഡിൽ പ്രാബല്യത്തിലിരുന്നത്. തായ് രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക മണ്ഡലങ്ങളിലെ സമൂർത്ത സ്വാധീനമായി ഇന്നും ബുദ്ധമതം നിലനില്ക്കുന്നു. 1378-ൽ സുഖോതായ് രാജ്യത്തെ കീഴടക്കിയ ആയൂതിയ ക്രമേണ തെക്കു കിഴക്കൻ ഏഷ്യയിലെ പ്രബല ശക്തിയായി മാറി. 1431-ൽ അങ്കർ പിടിച്ചെടുത്ത ആയൂതിയ രാജാക്കന്മാർ കംബോഡിയയിലെ മിക്ക പ്രദേശങ്ങളേയും അധീനപ്പെടുത്തിയതോടെ ഖ്മർ സാമ്രാജ്യം ശിഥിലമായി.

 
Buddhist images at Wat Mahathat built during the Sukhothai period.

17--ആം ശതകത്തിൽ വ്യാപാരാവശ്യങ്ങൾക്കായി വന്ന ഡച്ചുകാരായിരുന്നു സയാമിൽ എത്തിയ ആദ്യത്തെ യൂറോപ്യന്മാർ (1608). ഇവരെത്തുടർന്ന് ഫ്രാൻസ്-ഇംഗ്ളണ്ട് എന്നിവിടങ്ങളിൽ നിന്നും വ്യാപാരികൾ ഇവിടെ എത്തുകയുണ്ടായി. ആയൂതിയ രാജാവായ നാറയെ (ഭ.കാ. 1657-88) ക്രിസ്തുമതത്തിൽ ചേർക്കാൻ ഫ്രഞ്ചുകാർ ശ്രമിച്ചത് യാഥാസ്ഥിതിക ബുദ്ധമതക്കാരുടെ എതിർപ്പിനിടയാക്കിയതോടെ ഒട്ടുമിക്ക വിദേശികളും രാജ്യത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. 18-ാം ശ.-ത്തിൽ ബർമക്കാർ ആയൂതിയ രാജ്യത്തെ കീഴടക്കിയെങ്കിലും തക്സിൻ എന്ന തായ് സൈനികൻ ബർമീസ് ആധിപത്യത്തിൽ നിന്ന് ആയൂതിയയെ മോചിപ്പിച്ചു. ആയൂതിയയിലെ രാജാവായി സ്വയം പ്രഖ്യാപിച്ച ഇദ്ദേഹം മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതോടെ സഹോദരനായ ഫ്രയ ചക്രി, രാമ - I എന്ന പേരിൽ രാജാവായി. തുടർന്നു വന്ന ചക്രി രാജാക്കന്മാരും രാമ എന്ന പേരിലാണ് അറിയപ്പെട്ടത്. ഇദ്ദേഹത്തിന്റെ പിൻതലമുറക്കാരാണ് ഇന്നും തായ്ലൻഡ് ഭരിക്കുന്നത്.

 
King Chulalongkorn (Rama V) with Tsar Nicholas II of Russia in Saint Petersburg 1897.

ധിഷണാശാലികളായ ചക്രി രാജാക്കന്മാർ സ്വീകരിച്ച ഭരണപരിഷ്കാരങ്ങൾ, സാമ്രാജ്യ ശക്തികൾക്ക് അടിമപ്പെടാതെ സ്വതന്ത്രമായി നില്ക്കാൻ തക്കവണ്ണം തായ്ലൻഡിനെ ശക്തമാക്കി. രാമ-III ബ്രിട്ടൻ, യു.എസ്. എന്നീ രാജ്യങ്ങളുമായി ഉണ്ടാക്കിയ വ്യാപാരക്കരാർ വഴി മികച്ച വാണിജ്യ-വ്യാപാര കേന്ദ്രമായി മാറിയ തായലൻഡ് സാമ്പത്തിക ഭദ്രത കൈവരിക്കുകയും ചെയ്തു. രാജ്യത്തെ ആധുനികവത്കരിക്കുവാനും ശക്തിപ്പെടുത്തുവാനും പര്യാപ്തമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുകവഴി സ്വാതന്ത്യ്രം കാത്തുസൂക്ഷിക്കാൻ രാമ-കഢ, രാമ-ഢ എന്നിവർക്കു കഴിഞ്ഞു. പാശ്ചാത്യ രാഷ്ട്രീയതത്ത്വങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു പറ്റം പുരോഗമനവാദികൾ പരമാധികാര രാജഭരണത്തിനെതിരെ (Absolute Monarchy) നടത്തിയ രക്തരഹിതമായ വിപ്ളവത്തിന്റെ ഫലമായി 1932-ൽ ഭരണഘടനാനുസൃത രാജഭരണത്തെ അനുകൂലിക്കുവാൻ രാജാവായ പ്രജാധിപോക് നിർബന്ധിതനായി. പുതിയതായി രൂപവത്കരിക്കപ്പെട്ട ജനറൽ അസംബ്ളിയെ പിരിച്ചുവിടാൻ 1933-ൽ പ്രജാധിപോക് നടത്തിയ നീക്കത്തെ പട്ടാളം എതിർത്തതോടെ തായ് രാഷ്ട്രീയത്തിലെ നിർണായക ഘടകമായി പട്ടാളം മാറുകയായിരുന്നു. 1933-ൽ ഇദ്ദേഹം സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്ന് അനന്തരവനായ ആനന്ദ മഹിദോൾ അടുത്ത രാജാവായി.

രണ്ടാം ലോകയുദ്ധത്തിൽ ജപ്പാന്റെ പക്ഷം ചേർന്ന തായ്ലൻഡ് യു.എസ്സിനെതിരെ യുദ്ധം പ്രഖ്യാപിച്ചെങ്കിലും യുദ്ധാനന്തരം യു.എസ്സുമായി സഖ്യത്തിലായി. യു.എസ്സുമായി ഊഷ്മളമായ ബന്ധം ഇന്നും നിലനിർത്തിപ്പോകുന്ന രാജ്യങ്ങളിൽ ഒന്നാണ് തായ്ലൻഡ്.

1946-ൽ രാമ-VIII ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞതിനെ ത്തുടർന്ന് പട്ടാളം അധികാരം പിടിച്ചെടുത്തു. ഫീൽഡ് മാർഷൽ പിബുൺ സോൺഗ്രാമിന്റെ നേതൃത്വത്തിലുള്ള ഈ സൈനിക ഭരണകൂടം 1957-ൽ മറ്റൊരു സൈനിക അട്ടിമറിയിൽ പുറത്താക്കപ്പെടുന്നതുവരെ നിലനിന്നു. ഫീൽഡ് മാർഷൽ സരിത് താനാരട്ട് (1957-63), ജനറൽ താനം കിട്ടികച്ചോൺ (1963-73) എന്നിവരുടെ സൈനിക ഭരണകൂടങ്ങളാണ് പിന്നീട് തായ്ലൻഡിൽ അധികാരത്തിലിരുന്നത്. 1973-ൽ കിട്ടികച്ചോണിന്റെ സൈനിക ഭരണകൂടത്തെ പുറത്താക്കിയ വിദ്യാർഥിപ്രക്ഷോഭത്തിനു ശേഷംവന്ന സിവിലിയൻ കൂട്ടുകക്ഷി സർക്കാരുകൾ ഫലപ്രദമല്ലാതെ വന്നപ്പോൾ പട്ടാളം വീണ്ടും അധികാരത്തിലേറി (1976). 1976-നു ശേഷം മാറിമാറി വന്ന ജനകീയ സൈനിക ഭരണകൂടങ്ങൾക്ക് ഒടുവിൽ 1992-ൽ ചുവാൻ ലിക്പെയുടെ നേതൃത്വത്തിലുള്ള ജനകീയ ഗവൺമെന്റ് അധികാരത്തിൽ വന്നു. അഴിമതി ആരോപണത്തിന്റെ പേരിൽ ലിക്പെ 1994-ൽ രാജിവച്ചെങ്കിലും 1997-ൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷിമന്ത്രിസഭ വീണ്ടും അധികാരത്തിലേറി. 2001-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തക്സിൻ ഷിനാമാത്രയുടെ നേതൃത്വത്തിലുള്ള തായ് രാക് തായ് പാർട്ടിയാണ് വിജയിച്ചത്.

ഭൂപ്രകൃതി

തിരുത്തുക

513,120 ച. �കിലോ�ീ. (5.5232×1012 sq ft),[5] വിസ്തൃതിയുള്ള തായ്‌ലന്റ് ലോകത്തിലെ ഏറ്റവും വലിയ 50-ആമത്തെ രാജ്യമാണ്.

ഭൂപ്രകൃതിയനുസരിച്ച് തായ്ലൻഡിനെ 4 പ്രധാന ഭൂഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു: 1. ഉത്തര പർവതങ്ങൾ 2. ഖൊറാത് പീഠഭൂമി 3. മധ്യ സമതലം 4. ദക്ഷിണ ഉപദ്വീപ്.

ഉത്തര പർവതങ്ങൾ

തിരുത്തുക

ഉത്തര തായ്ലൻഡിലെ പർവത പ്രദേശമായ ഈ ഭൂപ്രദേശം രാജ്യത്തിന്റെ പശ്ചിമാതിർത്തിയിലൂടെ മലായ് ഉപദ്വീപുവരെ വ്യാപിച്ചിരിക്കുന്നു. ഹിമാലയത്തിന്റെ തുടർച്ചയും ഹരിതമനോഹരമായ സസ്യപ്രകൃതിയാൽ സമ്പന്നവുമായ ഈ പർവതപ്രദേശത്തിന്റെ ശ.ശ. ഉയരം 1,800 മീ. ആണ്. തായ്ലൻഡിലെ ഏറ്റവും ഉയരം കൂടിയ പർവതമായ ഇൻതാനോൻ (2,595 മീ.) സ്ഥിതിചെയ്യുന്നത് ഈ പർവതനിരയിലാണ്. ഇവിടെ നിന്ന് ഉദ്ഭവിച്ചൊഴുകുന്ന ചിങ് (Ching), വാങ് (wang), യോൻ ( Youn), നാൻ (Nan), പസ്ക് (Pask) എന്നീ പുഴകൾ കൂടിച്ചേർന്ന് തായ്ലൻഡിലെ പ്രധാന നദിയായ ചാവേഫ്രയാ രൂപംകൊള്ളുന്നു. മലനിരകൾക്കിടയിലൂടെ പ്രവഹിക്കുന്ന നദികൾ സൃഷ്ടിക്കുന്ന ജലപാതങ്ങളും മലമടക്കുകളിലെ പ്രാചീന ഗുഹകളും ഇവിടെയെത്തുന്ന സന്ദർശകർക്ക് ദൃശ്യവിസ്മയം പ്രദാനം ചെയ്യുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. തണുത്ത കാലാവസ്ഥയാണ് ഈ പ്രദേശത്തിന്റെ മറ്റൊരു പ്രത്യേകത. തായ്ലൻഡിന്റെ സാംസ്കാരിക ചരിത്രത്തിൽ സ്ഥാനം നേടിയിട്ടുള്ള ഈ മേഖലയിൽ ചില പുരാതന തായ്സാമ്രാജ്യങ്ങൾ നിലനിന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു.

ഖൊറാത് പീഠഭൂമി

തിരുത്തുക
 
ഖൊറാത് പീഠഭൂമിയുടെ ഭൂപടം

സമുദ്രനിരപ്പിൽ നിന്ന് 150 മീറ്റർ ഉയരത്തിൽ, തായ്ലൻഡിന്റെ മൂന്നിലൊന്നു ഭാഗത്തോളം വ്യാപിച്ചു കിടക്കുന്ന പീഠഭൂമിയാണിത്. ഇസാൻ (Isan) എന്നും ഇതിന് പേരുണ്ട്. വരണ്ട മണൽ കലർന്ന മണ്ണു നിറഞ്ഞ ഈ മഴനിഴൽ പ്രദേശം പൊതുവേ കൃഷിക്കനുയോജ്യമല്ല. ജലസേചനസൗകര്യങ്ങളുടെ അപര്യാപ്തതയും ഈ മേഖലയിലെ കാർഷികവികസനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മിക്കോങ് (Mekong) നദി ഉത്തര-പൂർവ അതിർത്തികൾ നിർണയിക്കുന്ന ഈ പീഠഭൂമിയിലെ ചില മലനിരകൾ ഈ ഭൂപ്രദേശത്തെ മധ്യ തായ്ലൻഡിൽ നിന്നും കംബോഡിയയിൽ നിന്നും വേർതിരിക്കുന്നു. ചി (Chi), മുൻ (Murn) എന്നിവയാണ് ഈ മേഖലയിലെ മറ്റു പ്രധാന നദികൾ. മിക്കോങ് നദി കേന്ദ്രീകരിച്ചുള്ള വ്യാപാരം മാത്രമാണ് ഖൊറാത് മേഖലയുടെ പ്രധാന ധനാഗമമാർഗം.

മധ്യ സമതലം

തിരുത്തുക
 
ചാവേഫ്രയാ നദി ബാങ്കോക്കിലെ രാമ VIII പാലത്തിനു സമീപം

ഉത്തരപർവതനിരകളുടെ അടിവാരത്തു നിന്നാരംഭിച്ച്, തായ്ലൻഡ് ഉൾക്കടൽ വരെ ഉദ്ദേശം 480 കി.മീ. ദൈർഘ്യത്തിൽ വ്യാപിച്ചിരിക്കുന്ന ചാവേഫ്രയാ നദീതട പ്രദേശമാണ് മധ്യ സമതലം. തായ്ലൻഡിന്റെ നെല്ലറയും പ്രധാന വ്യാവസായിക കേന്ദ്രവുമായ മധ്യ സമതലം ജനസാന്ദ്രതയിലും മുന്നിലാണ്. എക്കൽ മണ്ണിനാൽ സമ്പന്നമായ ഈ നദീസമതലത്തിലെ പ്രധാന വിള നെല്ലാണ്. നാൻ, പിങ്, വാങ് എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന നദികൾ. മധ്യ സമതല രൂപീകരണത്തിന് നിദാനമായ ചാവേഫ്രയാ നദി രാജ്യത്തെ മുഖ്യ ജലസ്രോതസ്സുകൂടിയാണ്. തായ്ലൻഡിലെ പ്രധാന ജനവാസകേന്ദ്രമായ മധ്യ സമതലം മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നിനെ ഉൾ ക്കൊള്ളുന്നുണ്ടെന്നാണ് കണക്ക്. തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ ബാങ്കോക് സ്ഥിതിചെയ്യുന്നതും ഇവിടെയാണ്.

 
ദാമ്നിയൻ സഡ്ക്കിലെ ഒഴുകുന്ന ചന്തകൾ

ചരിത്രപ്രസിദ്ധമായ നിരവധി പട്ടണങ്ങൾ മധ്യ സമതല പ്രദേശത്ത് സ്ഥിതിചെയ്യുന്നു. തായ്ലൻഡിന്റെ മുൻ തലസ്ഥാനമായ ആയൂതിയാ, ലോപ്ബുറി, നഖോൺപതാം എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. മധ്യസമതലത്തിന്റെ കിഴക്ക് ധാതു സമ്പന്നമായ ചന്ദാബുറി(Chanthaburi)യും പശ്ചിമ കാൻചനാബുറിയും (Kanchanaburi) സ്ഥിതിചെയ്യുന്നു. ബാങ്കോക്കിന് തൊട്ട് വടക്ക് സ്ഥിതിചെയ്യുന്ന ക്ളോങ് ദാമ്നിയൻ സഡ്ക്കിലെ ഒഴുകുന്ന ചന്തകൾ ലോകപ്രസിദ്ധമാണ്. പൗരാണിക തായ്ലൻഡിനെ അനുസ്മരിപ്പിക്കുന്ന ഇവ ഇവിടെയെത്തുന്ന സന്ദർശകരുടെ മനം കവരുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നു.

ദക്ഷിണ ഉപദ്വീപ്

തിരുത്തുക
പ്രധാന ലേഖനം: തെക്കൻ തായ്‌ലാന്റ്
 
Dawn at Patong beach, Phuket Province, Thailand.

മ്യാൻമറുമായി വ.പടിഞ്ഞാറൻ അതിർത്തി പങ്കിടുന്ന ഈ ഉപദ്വീപീയ ഭൂഭാഗം വടക്ക് തെനാസെറീം മലനിര മുതൽ തെക്ക് മലേഷ്യ വരെ വ്യാപിച്ചിരിക്കുന്നു. ബൈലക്താങ് പർവതമാണ് തായ്ലൻഡിനെ മ്യാൻമറിൽ നിന്ന് വേർതിരിക്കുന്നത്. ചുണ്ണാമ്പുകല്ലും മറ്റു ശിലകളും കൊണ്ട് ആവൃതമായ ഈ പർവതത്തിന്റെ ചില ഭാഗങ്ങൾക്ക് സു. 1,786 മീ. വരെ ഉയരമുണ്ട്. ദക്ഷിണ ഉപദ്വീപിന്റെ ഇരുവശങ്ങളിലും സ്ഥിതിചെയ്യുന്ന ഹരിതമനോഹരമായ ചെറുദ്വീപുകളാണ് ഇവിടത്തെ ഭൂപ്രകൃതിയുടെ മറ്റൊരു സവിശേഷത. ഏഷ്യയിലെ തന്നെ ഏറ്റവും മനോഹരങ്ങളായ കടലോരങ്ങളിൽ ചിലത് സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. മത്സ്യബന്ധനം, റബ്ബർ ഉത്പാദനം, ടിൻഖനനം തുടങ്ങിയവയാണ് ദക്ഷിണ ഉപദ്വീപീയ മേഖലയിലെ മുഖ്യ വ്യാവസായിക-തൊഴിൽ മേഖലകൾ.

ജലസമ്പത്ത്

തിരുത്തുക

ചാവേഫ്രയാ നദിയും ബാങ്കോക് പട്ടണവും തായ്ലൻഡിലെ മിക്കനദികളും ചാവേഫ്രയാ,ചീ-മുൻ നദീവ്യൂഹങ്ങളുടെ ഭാഗമാണ്. ചാവേഫ്രയാ നദീശൃംഖല രാജ്യത്തിന്റെ ഉത്തര മധ്യഭാഗങ്ങളേയും ചീ-മുൻ നദീവ്യൂഹം രാജ്യത്തിന്റെ വ. കിഴക്കൻ മേഖലകളേയും ജലസിക്തമാക്കുന്നു. ലാവോഷ്യൻ അതിർത്തിയിൽ നിന്ന് ഉദ്ഭവിക്കുന്ന നാൻനദി 640 കി.മീ. തെക്കോട്ടൊഴുകി നഖോൻ സാവനിന് സമീപം പിങ് നദിയിൽ (Ping river) സംഗമിച്ച് തായ്ലൻഡിലെ പ്രധാന നദിയായ ചാവേഫ്രയായ്ക്ക് രൂപംനല്കുന്നു. ബാങ്കോക്കിന് വ.കി. നിന്ന് ഉദ്ഭവിക്കുന്ന മുൻ കിഴക്കോട്ടൊഴുകി ഖോങ് (Khong) നദിയിൽ ചേരുന്നു. ചീയാണ് ഇതിന്റെ മുഖ്യ പോഷക നദി. ഉപദ്വീപീയ ഭാഗങ്ങളിൽക്കൂടി ഒഴുകുന്ന നദികൾക്ക് 80 കി.മീറ്ററോളം മാത്രമേ ദൈർഘ്യമുള്ളൂ.

കാലാവസ്ഥ

തിരുത്തുക

വർഷകാലവും വേനൽക്കാലവും വ്യതിരിക്തമായി അനുഭവപ്പെടുന്ന ഉഷ്ണമേഖലാ കാലാവസ്ഥയാണ് തായ്ലൻഡിലേത്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വർഷത്തിൽ മൂന്ന് വ്യത്യസ്ത ഋതുക്കൾ അനുഭവപ്പെടുക സാധരണമാണ്. വരണ്ട വേനൽക്കാലം മേയ് മാസത്തോടെ അവസാനിക്കുന്നു. ജൂൺ മുതൽ ഒക്ടോബർ വരെ ഈർപ്പമുള്ള വരണ്ട കാലാവസ്ഥയും, നവംബർ മുതൽ ഫെബ്രുവരി വരെ തണുത്തുവരണ്ട കാലാവസ്ഥയുമാണ് അനുഭവപ്പെടുന്നത്. ഡിസംബറിൽ 25º-ഉം ഏപ്രിലിൽ 33º-ഉം ആണ് ശരാശരി താപനില. പർവതപ്രദേശങ്ങളിൽ എല്ലായ്പ്പോഴും താരതമ്യേന തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുക. മേയിൽ ആരംഭിച്ച് ഒക്ടോബറിൽ അവസാനിക്കുന്ന മൺസൂൺകാലത്ത് തായ്ലൻഡിലുടനീളം ശക്തിയായ മഴ ലഭിക്കുന്നു. ദക്ഷിണ ഉപദ്വീപിൽ വർഷത്തിൽ 250 സെ.മീറ്ററിൽ കൂടുതൽ മഴ ലഭിക്കാറുണ്ട്. ബാങ്കോക്കിലെ ശരാശരി വർഷപാതം 140 സെ.മീ. ആണ്.

ജൈവസമ്പത്ത്

തിരുത്തുക

മൺസൂൺ കാലാവസ്ഥാമേഖലകളിലേതിന് സമാനമായ ജൈവപ്രകൃതിയാണ് തായ്ലൻഡിന്റേത്. തീരപ്രദേശത്തെ കുറ്റിക്കാടുകളും ചതുപ്പുനിലങ്ങളും ജൈവവൈവിധ്യത്തിന്റെ പ്രധാന കലവറകളായി വർത്തിക്കുന്നു. ചതുപ്പു പ്രദേശങ്ങളിൽ പ്രധാനമായി കണ്ടൽ സസ്യങ്ങളും, പർവതപ്രദേശങ്ങളിൽ റാട്ടൻ, അയൺ വുഡ്, സ്പാൻവുഡ്, എബണി, ഈട്ടി തുടങ്ങിയ വൻ വൃക്ഷങ്ങളും, നിബിഡവനങ്ങളിൽ തേക്ക്, ആഗലാക്, ഓക് എന്നീ വൃക്ഷങ്ങൾക്കു പുറമേ ഓർക്കിഡുകൾ, ഗാർഡെനീയ, ചെമ്പരത്തി, വാഴ തുടങ്ങിയ സസ്യങ്ങളും സമൃദ്ധമായി വളരുന്നു. തായ്ലൻഡിൽ എവിടെയും താമരക്കുളങ്ങൾ കാണാം. പർവതപ്രദേശങ്ങളിൽ ആന, കാണ്ടാമൃഗം, കടുവ, പുള്ളിപ്പുലി, നീർക്കുതിര, എന്നീ വന്യമൃഗങ്ങളും ഗിബ്ബൺ ഇനത്തിലെ കുരങ്ങുകളും ധാരാളമായുണ്ട്. തായ്ലൻഡിൽ മാത്രമാണ് 'സയാമീസ് ക്യാറ്റ്' കാണപ്പെടുന്നത്. ഉഗ്രവിഷമുള്ള അൻപതിലധികം ഇനം പാമ്പുകൾ, വിവിധയിനം മത്സ്യങ്ങൾ, പക്ഷികൾ എന്നിവയെയും തായ്ലൻഡിൽ കണ്ടെത്തിയിട്ടുണ്ട്. തായ്ലൻഡിൽ സർവസാധാരണമായി കാണപ്പെടുന്ന പക്ഷിവർഗമാണ് ഫെസന്റ്. ഷഡ്പദങ്ങളെ മാത്രം ഭക്ഷിക്കുന്ന വിവിധയിനം പക്ഷികളും തായ്ലൻഡിലുണ്ട്.

ജനങ്ങളും ജീവിതരീതിയും

തിരുത്തുക

11-ആം ശതകത്തിൽ ചൈനയിൽ നിന്നു തെക്കോട്ടു സഞ്ചരിച്ച് ചാവേഫ്രയാ-മീക്കോങ് നദീ തടങ്ങളിൽ ആവാസമുറപ്പിച്ച തായ് വംശജരാണ് തായ്ലൻഡിലെ ആദിമ നിവാസികൾ. തായ് വംശീയ വിഭാഗത്തിൽപ്പെടുന്ന ഇവർ തായ്ലൻഡ് ജനസംഖ്യയുടെ ഭൂരിഭാഗത്തെയും പ്രതിനിധാനം ചെയ്യുന്നു. ഇൻഡോ-ചൈനീസ് ഭാഷാ കുടുംബത്തിൽപ്പെട്ട തായ് ആണ് ഇവരുടെ മുഖ്യ വ്യവഹാര ഭാഷ. ചൈനീസ് വംശജർക്കാണ് ജനസംഖ്യയിൽ രണ്ടാം സ്ഥാനം; മലയ്, ഖ്മർ എന്നീ വിഭാഗങ്ങൾക്ക് മൂന്നാം സ്ഥാനവും. ശേഷിക്കുന്നവരിൽ ചൈനീസ് ഗോത്ര വർഗങ്ങൾ, ലാവോ, ഗിരിവർഗക്കാർ, ഇന്ത്യൻ വംശജർ, വിയറ്റ്നാമീസ് എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്നു.

ജനസംഖ്യയുടെ 80 ശതമാനം രാജ്യത്തെ പ്രധാന നെല്ല് ഉത്പാദന കേന്ദ്രമായ മധ്യസമതലത്തിലെ 44,600-ലേറെ ഗ്രാമങ്ങളിലും, 20 ശതമാനം നഗരങ്ങളിലും പട്ടണങ്ങളിലുമായും കേന്ദ്രീകരിച്ചിരിക്കുന്നു. പ്രധാന നഗരവും തലസ്ഥാനവുമായ ബാങ്കോക്കിലെ ജനസംഖ്യ 6 ലക്ഷത്തിലേറെയാണ്. താൺബുരി, ചിയാൻമൈ, നവോൺ രാച്ചസിമ എന്നിവയാണ് ജനസംഖ്യയിൽ മുന്നിൽ നില്ക്കുന്ന മറ്റ് നഗരങ്ങൾ. പൊയ്ക്കാലുകൾക്കു മേൽ തടികൊണ്ടു നിർമിച്ച വീടുകളിലാണ് ഗ്രാമീണരിൽ അധികവും താമസിക്കുന്നത്. വെള്ളപ്പൊക്കത്തിൽ നിന്നു സംരക്ഷണം ഉറപ്പാക്കുന്നതിനു വേണ്ടി തറയിൽ നിന്ന് 2 മുതൽ 3 വരെ മീറ്റർ ഉയരത്തിലാണ് ഇത്തരം വീടുകൾ നിർമ്മിക്കുന്നത്. ബുദ്ധമതാരാധനാലയങ്ങൾ തായ്ലൻഡ് ഗ്രാമങ്ങളുടെ മുഖമുദ്രയാണ്. തായ് ജനതയുടെ ജീവിതരീതിയിലും ബുദ്ധമതത്തിന്റെ ശക്തമായ സ്വാധീനം കാണാം. ഗ്രാമീണരുടെ സാംസ്കാരിക കേന്ദ്രങ്ങൾ കൂടിയാണ് ബുദ്ധവിഹാരങ്ങൾ. ആചാരാനുഷ്ഠാനങ്ങൾക്കും ആഘോഷങ്ങൾക്കും വേണ്ടി ജനങ്ങൾ വിഹാരങ്ങളിൽ ഒത്തുചേരുന്നു. നഗരങ്ങളിലും പട്ടണങ്ങളിലും കോൺക്രീറ്റു കെട്ടിടങ്ങൾക്കാണ് മുൻതൂക്കം. ബാങ്കോക് പോലുള്ള വൻ നഗരങ്ങളിൽ ജനങ്ങൾ ഒറ്റപ്പെട്ട വീടുകളിലെന്നപോലെ, അപ്പാർട്ടുമെന്റുകളിലും താമസിക്കുന്നു. വ്യാപാര സ്ഥാപനങ്ങൾക്കു മുകളിൽ വാസഗേഹമൊരുക്കുന്നതും സാധാരണമാണ്. പരമ്പരാഗതവും ആധുനികവുമായ ജീവിതരീതികളുടെ സമ്മിശ്രഭാവങ്ങൾ പ്രതിഫലിക്കുന്ന തായ്ലൻഡിൽ ജനങ്ങൾ വസ്ത്രധാരണത്തിൽ യൂറോപ്യൻ രീതിയെയാണ് കൂടുതൽ പിൻതുടരുന്നതെങ്കിലും ആഘോഷവേളകളിലും മതസംബന്ധമായ ചടങ്ങുകളിലും തായ് സിൽക്കിൽ നെയ്ത പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുകയാണ് പതിവ്.

 
ലോകത്തിൽ ഏറ്റവും അധികം അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് തായ്‌ലന്റ്

നെല്ലരിയാണ് തായ്ജനതയുടെ മുഖ്യാഹാരം. ചോറിനോടൊപ്പം കായ്കറികൾ, മത്സ്യം, മാംസം, മുട്ട തുടങ്ങിയവയും കഴിക്കുന്നു. പോഷകസമൃദ്ധവും രുചികരവുമായ തായ്ലൻഡ് വിഭവങ്ങൾക്ക് തായ്ലൻഡിനകത്തും പുറത്തും ധാരാളം ആവശ്യക്കാരുണ്ട്.

1960-കളിൽ ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള യുവാക്കളുടെ വ്യാപകമായ കുടിയേറ്റം നഗരജനസംഖ്യ ഗണ്യമായി വർധിപ്പിച്ചു. ഉന്നത വിദ്യാഭ്യാസവും മെച്ചപ്പെട്ട തൊഴിലും തേടിയുള്ള ഈ കുടിയേറ്റം ബാങ്കോക് പോലുള്ള വൻ നഗരങ്ങളിൽ വിദ്യാസമ്പന്നരായ മധ്യ വർഗത്തിന്റെ ആധിക്യത്തിനു തന്നെ കാരണമായി.

വിദ്യാഭ്യാസം

തിരുത്തുക

തായ്ലൻഡ് ജനസംഖ്യയുടെ 95.3 ശതമാനവും സാക്ഷരരാണ്. തായ്ലൻഡിന്റെ ഭരണഘടന 7-നും 14-നും മധ്യേ പ്രായമുള്ള കുട്ടികൾക്ക് നിർബന്ധിത വിദ്യാഭ്യാസം അനുശാസിക്കുന്നു. ദേശീയ സമ്പത്തിന്റെ 4.8 ശതമാനം വിദ്യാഭ്യാസാവശ്യത്തിനുവേണ്ടി നീക്കിവച്ചിട്ടുണ്ടെങ്കിലും സാർവത്രിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ തുലോം പരിമിതമാണ്. പതിനഞ്ച് സർവകലാശാലകൾക്കു പുറമേ നിരവധി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അധ്യാപക പരിശീലന കോളജുകൾ, വൊക്കേഷണൽ കോളജുകൾ തുടങ്ങിയവ രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സേവനം അനുഷ്ഠിക്കുന്നു. 1959-ൽ സ്ഥാപിച്ച ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയാണ് തായ്ലൻഡിലെ മറ്റൊരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം.ഇംഗ്ലീഷ് പഠനത്തെ അവർ പരമാവധി പ്രോൽസാഹിപ്പിക്കുന്നുണ്ട്.

ഇന്തോ-ചൈനീസ് ഭാഷാ കുടുംബത്തിൽപ്പെട്ട തായ് (Thai) ആണ് തായ്ലൻഡിന്റെ ഔദ്യോഗിക ഭാഷ. ജനങ്ങളുടെ മുഖ്യ വ്യവഹാരഭാഷയും തായ്തന്നെ. തായ് ഭാഷയ്ക്ക് നാല് പ്രധാന വകഭേദങ്ങൾ ഉണ്ടെങ്കിലും മധ്യതായ് വിഭാഗത്തെയാണ് ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്. വിദ്യാലയങ്ങളിൽ, പ്രത്യേകിച്ച് സ്കൂളുകളിൽ മാധ്യമമായി ഉപയോഗിക്കുന്നതും മധ്യതായ് തന്നെ. ജനങ്ങളിൽ അധികവും തങ്ങളുടെ പ്രാദേശിക, വംശിയ-ഗോത്ര ഭാഷകൾക്കു പുറമേയാണ് മധ്യതായ് ഉപയോഗിക്കുന്നത്. ഇംഗ്ളീഷ്, മലായ്, ചൈനീസ് എന്നീ ഭാഷകളും പ്രചാരത്തിലുണ്ട്. ഇംഗ്ളീഷ് മാധ്യമമായി സ്വീകരിച്ചിട്ടുള്ള സ്കൂളുകളും തായ്ലൻഡിൽ പ്രവർത്തിക്കുന്നുണ്ട്. വാണിജ്യ-ഭരണ നിർവഹണ ആവശ്യങ്ങൾക്കാണ് പ്രധാനമായും ഇംഗ്ളീഷ് ഉപയോഗിക്കുന്നത്.

 
Theravada Buddhism is highly respected in Thailand.

ജനസംഖ്യയുടെ 95 ശതമാനവും ബുദ്ധമതവിശ്വാസികളാണ്. ഥേരവാദബുദ്ധിസത്തിനാണ് തായ്ലൻഡിൽ കൂടുതൽ പ്രചാരം. ഇവിടത്തെ പ്രത്യേക മതാചാര പ്രകാരം യുവാക്കളിൽ ഭൂരിഭാഗവും ഏതാനും മാസക്കാലം വിഹാരങ്ങളിൽ പീത വസ്ത്രമണിഞ്ഞ് ബുദ്ധഭിക്ഷുക്കളായി ധ്യാനത്തിന്റേയും പഠനത്തിന്റേയും പാത പിൻതുടരുക പതിവാണ്. തായ്ലൻഡിലെ ചൈനീസ് വംശജരിൽ അധികവും കൺഫ്യൂഷ്യനിസത്തിന്റെ പിൻതുടർച്ചക്കാരാണ്. ഇസ്ളാമാണ് മലായ് വംശജരുടെ മതം, ജനസംഖ്യയുടെ 5 ശതമാനം ഇസ്ളാം മതവിശ്വാസികളാണ് [6][7]. 16-ആം ശതകത്തിൽ പോർച്ചുഗീസുകാർ തായ്ലൻഡിൽ ക്രിസ്തുമതം സന്നിവേശിപ്പിച്ചു; ജനസംഖ്യയിൽ ഒരു ശതമാനത്തോളം റോമൻ കത്തോലിക്കരാണ്.

കലയും സംസ്കാരവും

തിരുത്തുക

ബൗദ്ധ സംസ്കാരത്തിന്റെ പാരമ്പര്യവും സ്വാധീനവും ആഴത്തിൽ പ്രതിഫലിക്കുന്നതാണ് തായ്ലൻഡിന്റെ കലയും സംസ്കാരവും. ജനങ്ങളുടെ നിത്യ ജീവിതത്തിൽ എന്ന പോലെ തായ്ലൻഡിലെ കലയിലും സാഹിത്യത്തിലും ബുദ്ധമതത്തിന്റെ നൈതികതയും ലാളിത്യവും ദർശിക്കാം. കലാരംഗത്തെയാണ് ബുദ്ധിസം വളരെയധികം സ്വാധീനിച്ചിട്ടുള്ളത്. ബൗദ്ധ കലാപാരമ്പര്യം പ്രതിഫലിപ്പിക്കുന്ന ഇവിടത്തെ ബുദ്ധവിഹാരങ്ങൾ തായ് വാസ്തു ശില്പകലാ വൈദഗ്ദ്ധ്യത്തിന്റെ മകുടോദാഹരണങ്ങളായി പ്രശോഭിക്കുന്നു. തായ് ചിത്രകലയിലും ബൗദ്ധ പാരമ്പര്യം പ്രകടമാണ്. പരമ്പരാഗത മതസങ്കല്പങ്ങളും ആധുനിക രീതികളും സമന്വയിപ്പിച്ച ആധുനിക തായ് പെയിന്റിങ് ലോകശ്രദ്ധയാകർഷിച്ചിട്ടുണ്ട്. സിൽക്ക് വസ്ത്രനിർമ്മാണ രംഗത്തും തായ് ജനത തനതായ വ്യക്തിമുദ്ര പതിപ്പിച്ചു.

ബൗദ്ധ പാരമ്പര്യത്തേയും ചരിത്രത്തേയും സ്വാംശീകരിച്ചു കൊണ്ടാണ് തായ്ക്ളാസ്സിക്കൽസാഹിത്യം വികസിപ്പിച്ചത്. നാടകങ്ങളും ഇതിഹാസകാവ്യങ്ങളും ഉൾപ്പെടുന്ന തായ്ക്ളാസ്സിക്കൽ സാഹിത്യം കൊട്ടാരസാഹിത്യം എന്ന നിലയ്ക്കാണ് ആവിർഭവിച്ചത്. പാശ്ചാത്യ ശൈലി പിന്തുടരുന്ന ആധുനിക സാഹിത്യ പ്രസ്ഥാനം വിഖ്യാതരായ നിരവധി എഴുത്തുകാരെ സംഭാവന ചെയ്തിട്ടുണ്ട്.

സമ്പദ് വ്യവസ്ഥ

തിരുത്തുക

ആധുനിക ലോകത്തെ ഒരു പ്രധാന വികസ്വര രാജ്യമാണ് തായ്ലൻഡ്. സ്വതന്ത്ര വ്യവസായങ്ങൾക്ക് മുൻതൂക്കം നല്കുന്ന തായ്ലൻഡിന്റെ സമ്പദ്ഘടന 1980-90 കാലഘട്ടങ്ങളിലാണ് ദ്രുതഗതിയിൽ വികസിച്ചത്. രാജ്യത്തെ തൊഴിലാളികളിൽ 65 ശ.മാ. കൃഷി, മത്സ്യബന്ധനം എന്നീ മേഖലകളിലും, 10 ശ.മാ. ഉത്പാദന മേഖലയിലും തൊഴിൽ ചെയ്യുന്നു. ഇപ്പോൾ കാർഷിക മേഖലയേക്കാൾ ഉത്പാദന മേഖലയ്ക്കാണ് രാജ്യത്തിന്റെ സമ്പദ്ഘടനയിൽ നിർണായക സ്വാധീനമുള്ളത്. ഭരണ നിർവഹണം, വാണിജ്യം, ഗതാഗതം, സേവന വ്യവസായം എന്നീ മേഖലകളിലും നല്ലൊരു ശ.മാ. തൊഴിൽ ചെയ്യുന്നു. നിർമ്മാണ-ഖനന മേഖലകളെ ആശ്രയിച്ചു ജീവിക്കുന്ന ചെറിയൊരു വിഭാഗവും തായ്ലൻഡിലുണ്ട്. തടിയുത്പന്നങ്ങളുടെ നിർമ്മാണവും വ്യവസായവും തായ്ലൻഡിന്റെ ധനാഗമമാർഗ്ഗത്തിൽ സുപ്രധാനമായൊരു പങ്കു വഹിക്കുന്നു.

കാർഷികോത്പാദനത്തെ അടിസ്ഥാനമാക്കിയുള്ള സമ്പദ്ഘടനയാണ് തായ്ലൻഡിന്റേത്. ഭൂവിസ്തൃതിയുടെ 45 ശ.മാ.വും കൃഷിക്ക് ഉപയോഗിക്കുന്നു. മൊത്തം പ്രതിശീർഷോത്പാദനത്തിന്റെ 32 ശതമാനത്തിലധികം പ്രദാനം ചെയ്യുന്ന കാർഷിക മേഖല ജനസംഖ്യയിൽ 75 ശതമാനത്തിനും ജീവനോപായം നല്കുന്നു. കർഷകരിൽ 75 ശ.മാ.-ത്തിനും സ്വന്തമായി കൃഷി ഭൂമിയുണ്ട്. കൃഷിയിടങ്ങളുടെ ശ.ശ. വിസ്തൃതി 4 ഹെക്ടറാണ്. ലോകത്തെ പ്രധാന നെല്ല് ഉത്പാദക രാജ്യങ്ങളിൽ ഒന്നായ തായ്ലൻഡിൽ[8] റബ്ബറിനാണ് കാർഷിക വിളകളിൽ രണ്ടാം സ്ഥാനം. 1960-കളിൽ 11.3 ദശലക്ഷം ടൺ ആയിരുന്നു വാർഷിക നെല്ല് ഉത്പാദനം. 1980 മുതൽ ഉത്പാദനം 20.8 ദശലക്ഷം ടൺ ആയി വർധിച്ചു. മലേഷ്യയും ഇന്തോനേഷ്യയും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ നൈസർഗിക റബ്ബർ ഉത്പാദിപ്പിക്കുന്ന രാജ്യം തായ്ലൻഡാണ്. ഉപദ്വീപീയ മേഖലയിലാണ് റബ്ബർകൃഷി വ്യാപകമായിട്ടുള്ളത്. പ്രധാന വിളകൾക്കു പുറമേ കസാവ[9], പരുത്തി, ചണം, ചോളം, കൈതച്ചക്ക, കരിമ്പ്, പുകയില എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. പട്ടുനൂൽപ്പുഴു വളർത്തൽ, കന്നുകാലി വളർത്തൽ, ഉൾനാടൻ മത്സ്യബന്ധനം എന്നിവയും അടുത്തകാലത്ത് പ്രാധാന്യം നേടി. രാജ്യത്തിന്റെ തെ.-ഉം, തെ.കിഴക്കൻ മേഖലകളിലും കൃഷിയിടങ്ങളോടു ചേർന്ന ജലാശയങ്ങളിലാണ് കർഷകർ മത്സ്യം വളർത്തുന്നത്. പ്രധാനമായും ചെമ്മീനും കക്കവർഗങ്ങളുമാണ് ഇവിടെ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത്. ഫണലാകൃതിയിലുള്ള വലയുപയോഗിച്ചുള്ള പരമ്പരാഗത മത്സ്യബന്ധന രീതിക്കാണ് ഇപ്പോഴും തായ്ലൻഡിൽ മുൻതൂക്കം.

ഖനനവും വ്യവസായവും

തിരുത്തുക

ലോകത്തെ പ്രധാന ടിൻ ഉത്പാദക രാജ്യമാണ് തായ്ലൻഡ്. തായ്ലൻഡിലെ പ്രധാന സാമ്പത്തിക ഖനിജവും ടിൻ തന്നെ. ഫുക്കെറ്റ് ദ്വീപ്, പാങ്ഞം, റനോങ് എന്നിവിടങ്ങളിലാണ് ടിന്നിന്റെ അയിരായ കാസിറ്ററൈറ്റിന്റെ കനത്ത നിക്ഷേപങ്ങൾ ഉപസ്ഥിതമായിട്ടുള്ളത്. വുൾഫ്രമൈറ്റ്, കറുത്തീയം, മാംഗനീസ്, ജിപ്സം, നാകം തുടങ്ങിയ ധാതുക്കളും തായ്ലൻഡിൽ വ്യാവസായികാടിസ്ഥാനത്തിൽ ഖനനം ചെയ്യുന്നുണ്ട്. പരമ്പരാഗത വ്യവസായങ്ങൾക്ക്, പ്രത്യേകിച്ചും കാർഷിക വിഭവങ്ങളുടെ സംസ്കരണത്തിനായിരുന്നു മുമ്പ് തായ്ലൻഡിൽ പ്രാമുഖ്യമുണ്ടായിരുന്നത്. 1970-ൽ ജപ്പാനുമായുണ്ടാക്കിയ വാണിജ്യക്കരാർ വ്യാവസായിക അഭിവൃദ്ധിക്കു വഴിതെളിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തുടനീളം സിമന്റ് ഫാക്ടറികൾ, വസ്ത്രനിർമ്മാണ ശാലകൾ, വിവിധയിനം മില്ലുകൾ, എണ്ണ ശുദ്ധീകരണശാലകൾ തുടങ്ങിയവ സ്ഥാപിതമായി. വ്യാവസായിക ഉത്പന്നങ്ങളിൽ കാറുകൾ, സിമന്റ്, ഇലക്ട്രോണിക് ഉപകരണങ്ങൾ, സംസ്കരിച്ച ഭക്ഷ്യ പദാർഥങ്ങൾ, പ്ളാസ്റ്റിക് ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ മുതലായവ ഉൾപ്പെടുന്നു. തടിയുത്പാദനവും ഈ കാലയളവിൽ ഗണ്യമായി വർധിച്ചു. രാജ്യത്തിന്റെ 22.8 ശ.മാ. ഭാഗത്തോളം വ്യാപിച്ചിരിക്കുന്ന വനങ്ങളിൽ നിന്ന് തേക്ക് ഉൾപ്പെടെയുള്ള വിവിധയിനം തടികളും, കരി, റാട്ടൺ, മുള തുടങ്ങിയ വിഭവങ്ങളും ലഭിക്കുന്നു.

വിനോദസഞ്ചാരം

തിരുത്തുക

തായ്ലൻഡിന്റെ സമ്പദ്ഘടനയിൽ അപ്രധാനമല്ലാത്ത സ്ഥാനമാണ് വിനോദ സഞ്ചാരത്തിനുള്ളത്. ഇവിടത്തെ ചേതോഹരങ്ങളായ ബുദ്ധവിഹാരങ്ങൾ, ചരിത്രസ്മാരകങ്ങൾ, കടലോരം, ജലപാതങ്ങൾ, പ്രകൃതി ദൃശ്യങ്ങൾ തുടങ്ങിയവ കാണാൻ പ്രതിവർഷം ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്നു. യു.എസ്., മലേഷ്യ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ തായ്ലൻഡ് സന്ദർശിക്കാൻ എത്തുന്നത്. തലസ്ഥാന നഗരമായ ബാങ്കോക് ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിലും ശ്രദ്ധേയമാണ്. തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പട്ടായ ലോകശ്രദ്ധ നേടിയിട്ടുണ്ട്.

വിദേശ വാണിജ്യം

തിരുത്തുക

രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തോടെയാണ് തായ്ലൻഡിന്റെ വിദേശ വ്യാപാര ബന്ധങ്ങൾ ഗണ്യമായി വർധിക്കുന്നത്. ഇപ്പോൾ ടിൻ, ഇലക്ട്രോണിക് ഉപകരണങ്ങൾ, സംസ്കരിച്ച മത്സ്യം, രത്നങ്ങൾ, അരി, റബ്ബർ, പഞ്ചസാര, കിഴങ്ങുവർഗങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ വിദേശ കമ്പോളങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ഇറക്കുമതി ഉത്പന്നങ്ങളിൽ മോട്ടോർകാറുകളുടെ ഭാഗങ്ങൾ, യന്ത്രസാമഗ്രികൾ, രാസവസ്തുക്കൾ, വളം, ഇന്ധനം, ഇരുമ്പുരുക്ക് ഉത്പന്നങ്ങൾ എന്നിവയ്ക്കാണ് മുൻതൂക്കം. ജർമനി, ജപ്പാൻ, സിംഗപ്പൂർ, അമേരിക്ക, നെതർലൻഡ്, മലേഷ്യ എന്നിവയാണ് തായ്ലൻഡിന്റെ പ്രധാന വിദേശ വാണിജ്യ പങ്കാളികൾ.

ഗതാഗതവും വാർത്താവിനിമയവും

തിരുത്തുക
 
ടക്-ടക് എന്നറിയപ്പെടുന്ന് ഓട്ടോ റിക്ഷകൾ തായ്‌ലാന്റിലെ പ്രധാനവാഹനമാണ്

തായ്ലൻഡിന്റെ ഗതാഗത ശൃംഖല വികസിതമാണ്. രാജ്യത്തുടനീളം റോഡുകളും റെയിൽപാതകളും കാണാം. 3,755 കി.മീ. ദൈർഘ്യമുള്ള തായ് റെയിൽപാതയുടെ സേവനം ഗവൺമെന്റ് നേരിട്ട് കൈകാര്യം ചെയ്യുന്നു. ബാങ്കോക്കാണ് തായ് റെയിൽവേയുടെ ആസ്ഥാനം. ഗതാഗതയോഗ്യമായ നദികളും കനാലുകളും ഉൾനാടൻ ഗതാഗതത്തിൽ നിർണായക പങ്കുവഹിക്കുന്നു. തായ്ലൻഡിലെ ഏറ്റവും തിരക്കേറിയ തുറമുഖം കൂടിയാണ് ബാങ്കോക്. ദേശീയ- അന്തർദേശീയ സർവീസുകൾ നടത്തുന്ന ഒരു അന്താരാഷ്ട്ര വിമാനത്താവളവും ബാങ്കോക്കിൽ പ്രവർത്തിക്കുന്നുണ്ട്. ദേശീയ സർവീസുകൾ മാത്രം നടത്തുന്ന നിരവധി വിമാനത്താവളങ്ങളും തായ്ലൻഡിലുണ്ട്.

 
തായ് ഏയർവേയ്സിന്റെ ഒരു ബോയിംഗ് 747-400 വിമാനം
 
സുവർണ്ണഭൂമി അന്താരാഷ്ട്രവിമാനത്താവളം, ബാങ്കോക്ക്

രണ്ട് ഇംഗ്ളീഷ് ദിനപത്രങ്ങളും 6 ചൈനീസ് പത്രങ്ങളും ഉൾപ്പെടെ 20-ൽ അധികം പത്രങ്ങളും തായ്, ഇംഗ്ളീഷ്, ചൈനീസ് ഭാഷകളിൽ മുദ്രണം ചെയ്യുന്ന നിരവധി ആഴ്ചപ്പതിപ്പുകളും ബാങ്കോക്കിൽ നിന്നു പ്രസിദ്ധീകരിക്കുന്നു. രാജ്യത്തെ മിക്ക നഗരങ്ങളേയും പട്ടണങ്ങളേയും ടെലിഫോൺ ശൃംഖല മുഖേന ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം ഗ്രാമങ്ങളിലും ടെലിഫോൺ സൌകര്യം ലഭ്യമല്ല.

ഭരണകൂടം

തിരുത്തുക

രാജവാഴ്ച നിലനില്ക്കുന്ന ഭരണഘടനാധിഷ്ഠിത രാഷ്ട്രമാണ് തായ്ലൻഡ്. രാഷ്ട്രത്തലവനായ രാജാവിന് പരിമിതമായ അധികാരമേ ഉള്ളൂ. നിയതാർഥത്തിൽ ഒരു ഉപദേശകന്റെ സ്ഥാനമാണ് രാജാവിന്റേത്. പ്രധാനമന്ത്രി ഗവൺമെന്റിനെ പ്രതിനിധാനം ചെയ്യുന്നു. നാഷണൽ അസംബ്ളിയാണ് രാജ്യത്തെ പരമോന്നത നിയമനിർമ്മാണസഭ. 360 അംഗ പ്രതിനിധിസഭയും 270 അംഗ സെനറ്റും ഉൾപ്പെടുന്ന നാഷണൽ അസംബ്ളിക്ക് രണ്ട് മണ്ഡലങ്ങളുണ്ട്. ജനങ്ങൾ തെരഞ്ഞെടുക്കുന്ന നാഷണൽ അസംബ്ളി അംഗങ്ങളുടെ കാലാവധി 4 വർഷമാണ്. സെനറ്റിലെ ഭൂരിപക്ഷം അംഗങ്ങളുടേയും നിയമനാധികാരം ഭരണത്തിലേറുന്ന കക്ഷിക്കാണ്. നാഷണൽ അസംബ്ളിയാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കേണ്ടത്. പ്രധാനമന്ത്രി 48 അംഗ ക്യാബിനറ്റിനെ നിശ്ചയിക്കുന്നു.

 
Map of Thailand

ഭരണ സൗകര്യാർഥം തായ്ലൻഡിനെ എഴുപത്തിയഞ്ച് പ്രവിശ്യകളായും പ്രവിശ്യകളെ 600-ൽ അധികം ജില്ലകളായും ജില്ലകളെ 6,600-ൽ അധികം പ്രാദേശിക ഭരണ നിർവഹണ യൂണിറ്റുകളായും 60,000-ൽ അധികം ഗ്രാമങ്ങളായും വിഭജിച്ചിരിക്കുന്നു. ഗവർണർമാരാണ് പ്രവിശ്യാതലവന്മാർ; ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഹെഡ്മാൻ ഗ്രാമത്തലവനും. പ്രായപൂർത്തി വോട്ടവകാശം നിലവിലുള്ള രാജ്യമാണ് തായ്ലൻഡ്. പലപ്പോഴും സൈനിക അട്ടിമറികളിലൂടെ ഗവൺമെന്റുകൾ അധികാരത്തിൽ വന്നിട്ടുണ്ട്.

ഒരു ചീഫ് ജസ്റ്റിസും 21 ജഡ്ജിമാരും ഉൾപ്പെടുന്ന സുപ്രീം കോടതിയാണ് തായ്ലൻഡിലെ പരമോന്നത കോടതി. നിരവധി കീഴ്കോടതികളും ഇവിടെ പ്രവർത്തിക്കുന്നു. ജുഡീഷ്യൽ കമ്മിഷനാണ് ജഡ്ജിമാരെ തെരഞ്ഞെടുക്കാനുള്ള അധികാരം. രാജാവ് നിർദ്ദേശിക്കുന്ന ജഡ്ജിമാരെ പ്രധാനമന്ത്രിയാണ് നിയമിക്കുന്നത്.


  1. CIA - The World Factbook -- Thailand. 2009-10-03. https://www.cia.gov/library/publications/the-world-factbook/geos/th.html Archived 2010-12-29 at the Wayback Machine.
  2. "Population and Housing Census 2000, National Statistical Office". Web.nso.go.th. 2000-04-01. Retrieved 2010-04-25.
  3. 3.0 3.1 3.2 3.3 "Thailand". International Monetary Fund. Retrieved 2010-04-21.
  4. "Human Development Report 2009. Human development index trends: Table G" (PDF). The United Nations. Retrieved 2009-10-05.
  5. [https://web.archive.org/web/20101229000203/https://www.cia.gov/library/publications/the-world-factbook/geos/th.html Archived 2010-12-29 at the Wayback Machine. CIA - The World Factbook - Thailand
  6. "CIA World Factbook: Thailand". Central Intelligence Agency. 2007-02-08. Archived from the original on 2010-12-29. Retrieved 2007-03-07.
  7. "U.S. Department of States - Thailand". State.gov. Retrieved 2010-04-25.
  8. Thailand country profile. Library of Congress Federal Research Division (July 2007)
  9. http://www.nytimes.com/2010/07/19/world/asia/19thai.html?partner=rss&emc=rss


തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈകംബോഡിയഈസ്റ്റ് ടിമോർഇന്തോനേഷ്യലാവോസ്മലേഷ്യമ്യാൻ‌മാർഫിലിപ്പീൻസ്സിംഗപ്പൂർതായ്‌ലാന്റ്വിയറ്റ്നാം

‍‍

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തായ്ലൻഡ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തായ്‌ലാന്റ്&oldid=3776559" എന്ന താളിൽനിന്ന് ശേഖരിച്ചത്