സാവേരി

കർണാടകസംഗീതത്തിലെ ജന്യരാഗം
(Saveri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സാവേരി

ജനകരാഗംമായാമാളവഗൗള

കർണാടകസംഗീതത്തിലെ 15ആം മേളകർത്താരാഗമായ മായാമാളവഗൗളയുടെ ജന്യരാഗമാണ് സാവേരി. അനുകമ്പയാണ് ഈ രാഗത്തിന്റെ സ്വഭാവം[1][2]. ഒരു ദിവസത്തിന്റെ ആദ്യയാമത്തിൽ ആലപിക്കേണ്ട രാഗങ്ങളിൽ ഒന്നാണിത്. ബിലഹരി, ദേവമനോഹരി എന്നിവയാണ് ഇങ്ങനെ ഒരു ദിവസത്തിന്റെ ആദ്യയാമത്തിൽ ആലപിക്കേണ്ട മറ്റു രാഗങ്ങൾ[3].

ഘടന, ലക്ഷണം

തിരുത്തുക

ജനക രാഗമായ മായാമാളവഗൗളയോട് സാമ്യം ഉണ്ടെങ്കിലും ആരോഹണത്തിൽ ഗാന്ധാരം നിഷാദം എന്നിവ വർജ്യം. ഔഡവ സമ്പൂർണ്ണ രാഗം. അതായത്, ആരോഹണത്തിൽ 5 സ്വരങ്ങളും അവരോഹണത്തിൽ 7 സ്വരങ്ങളും വരുന്നു. കരുണരസ പ്രധാനമായ ഈ രാഗം പ്രഭാത സമയത്ത് പാടിയാൽ കൂടുതൽ ശോഭിക്കും. വിശദമായ രാഗലാപനതിനു ഇടം നൽകുന്നതിനാൽ കച്ചേരികളിൽ പ്രധാനമായും പാടുന്നു[4].

ഷഡ്ജം, ശുദ്ധഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കാകളി നിഷാദം എന്നിവയാണ് സ്വരസ്ഥാനങ്ങൾ. ധ മ ധ സ , നി ധ മ ഗ രി , എന്നീ പഞ്ചമ വർജ്യ പ്രയോഗങ്ങൾ ഈ രാഗത്തിന്റെ ഭംഗി വർധിപ്പിക്കുന്നു. പല്ലവി ശേഷയ്യർ ഈ രാഗം എട്ടു മണിക്കൂർ ആലപിച്ചതായി പറയപ്പെടുന്നു[4]. ഋഷഭം, മധ്യമം, ധൈവതം എന്നിവ ജീവ സ്വരങ്ങളും , മധ്യമം, പഞ്ചമം, ധൈവതം എന്നിവ ന്യാസസ്വരങ്ങളും ഷഡ്ജം, പഞ്ചമം, ധൈവതം എന്നിവ ഗ്രഹസ്വരങ്ങളുമാണ്. നിഷാദം ദീർഘമായി പാടാറില്ല. ഋഷഭം ഷഡ്ജത്തിലും ധൈവതം പഞ്ചമത്തിലും തൊട്ട് ചെറിയ ഗമകത്തോടെ പാടുന്നു[4].

കർണ്ണാടക സംഗീതത്തിലെ അതിശ്രേഷ്ഠമായ കൃതികളിൽ ഒന്നായ രാമായണം മുഴുവൻ ചുരുക്കി ഒരു കൃതിയിലാക്കി സാവേരി രാഗത്തിൽ രൂപക താളത്തിൽ സ്വാതി തിരുനാൾ ചിട്ടപെടുത്തിയ ഭാവയാമി രഘുരാമം ഏകദേശം 100 ഓളം വർഷങ്ങൾക്കു ശേഷം പ്രശസ്ത സംഗീതഞ്ജൻ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ ഈ കൃതിയെ ഒരു രാഗമാലിക ആയി മാറ്റി ചിട്ടപ്പെടുത്തി. ആറ് ഖണ്ഡികകളുള്ള ഈ കൃതി രാമായണത്തിലെ ആറ് കാണ്ഡങ്ങളെ പ്രതിനിധാനം ചെയ്യുന്നു. അതായത് ബാല, അയോധ്യ, ആരണ്യ, കിഷ്കിണ്ട, സുന്ദര, യുദ്ധ എന്നീ കാണ്ഡങ്ങൾ സാവേരി, നാട്ടക്കുറിഞ്ഞി, ധന്യാസി, മോഹനം, മുഖാരി, പൂർവികല്യാണി, മധ്യമാവതി എന്നീ രാഗങ്ങളിലാക്കി മാറ്റി ചിട്ടപ്പെടുതിയിരിക്കുന്നു. ഈ കൃതിക്കുള്ള മറ്റൊരു പ്രത്യേകത എന്തെന്നാൽ ഓരോ ഖണ്ഡിക കഴിയുമ്പോഴും ഓരോ രാഗവും സാവേരി രാഗത്തിലേക്ക് തിരിച്ച് സ്വരങ്ങൾ കൊണ്ട് ഗ്രഹഭേദം ചെയ്ത് പോകുന്നുണ്ട്. ഒടുവിൽ മധ്യമാവതിയിൽ നിന്ന് സാവേരിയിലേക്ക് ഈ ആറ് രാഗങ്ങളിലെ സ്വരങ്ങളിലൂടെയുള്ള തിരിച്ച് പോക്ക് ഗംഭീരമാണ്[4].

ത്യാഗരാജഭാഗവതരുടെ ഇന്തകന്ന ദാൽ പരാദ – ത്രിപുട – ദിവ്യനാമകീർത്തനം, കൊത്തവാസൽ വെങ്കടരാമയ്യരുടെ സരസൂഡ – ആദിതാളവർണ്ണം, ശ്യാമശാസ്ത്രികളുടെ ദുരുസുഗാ കൃപജൂമി – ആദി, മുത്തുസ്വാമി ദീക്ഷിതരുടെ ശ്രീ രാജഗോപാല – ആദി, പട്ടണം സുബ്രമണ്യ അയ്യരുടെ എന്ത നേർചിന – ആദി, മൈസൂർ സദാശിവ റാവുവിൻറെ ശ്രീ കാമ കോടി പീടസ്ഥിതെ – ആദി, സ്വാതി തിരുനാളിൻറെ ദേവി പാവനെ – ആദി – നവരാത്രി കീർത്തനം, ഇരയിമ്മൻ തമ്പിയുടെ പാഹിമാം ത്രിലോകേശ്വരി – ചാപ്പ്, ജനക സുതാ – രൂപകം – ഗീതം, തുളസീഗജജ്ജനനി – രൂപകം, ശങ്കരി ശങ്കരു ചന്ദ്രമുഖി – രൂപകം എന്നിവ ഈ രാഗത്തിലെ പ്രധാന കൃതികൾ ആണ്[4].

സ്വാതി തിരുനാളിൻറെ കീർത്തനങ്ങൾ

തിരുത്തുക

സാവേരി രാഗത്തിലുള്ള സ്വാതി തിരുനാളിൻറെ മറ്റ്‌ കീർത്തനങ്ങൾ 'പാഹിമാം ശ്രീപദ്മനാഭ', 'ഹേമോപ മേയാംഗി', 'ഭാസുരാംഗി ബാലെ', 'ആഞ്ജനേയ', 'പരിപാഹി ഗണാധിപ', 'സാരസരസ മൃദുവചന', 'സാവേരിഹതനൂജ', 'വനജാക്ഷ' തുടങ്ങിയവയാണ്[5].

ചലച്ചിത്രഗാനങ്ങൾ

തിരുത്തുക

പ്രശസ്തമായ രാഗം ആണെങ്കിലും സാവേരിയിൽ അധികം ഗാനങ്ങൾ കേൾക്കുന്നില്ല. കെ.പി. ഉദയഭാനു സംഗീതം നൽകി യേശുദാസ് ആലപിച്ച ‘ശബരി ഗിരീശ്വര സൗഭാഗ്യ ദായക’ എന്ന അയ്യപ്പഭക്തി ഗാനം ഈ രാഗത്തിലുള്ളതാണ്[4]. .

  1. Ragas in Carnatic music by Dr. S. Bhagyalekshmy, Pub. 1990, CBH Publications
  2. Raganidhi by P. Subba Rao, Pub. 1964, The Music Academy of Madras
  3. "രാഗങ്ങൾ ആലപിക്കുന്നതെപ്പോൾ?". Jobquiz.
  4. 4.0 4.1 4.2 4.3 4.4 4.5 "രാഗങ്ങളും സിനിമാ സംഗീതവും". arundivakaran.
  5. "രാഗം : സാവേരി". Malayalasangeetham.
"https://ml.wikipedia.org/w/index.php?title=സാവേരി&oldid=3918952" എന്ന താളിൽനിന്ന് ശേഖരിച്ചത്