സങ്കീർത്തനങ്ങൾ

വിക്കിപീഡിയ വിവക്ഷ താൾ
(Psalms എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എബ്രായ ബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും ഒരു ഗ്രന്ഥമാണ് സങ്കീർത്തനങ്ങൾ. യഹൂദധാർമ്മികതയുടെ സമൃദ്ധിയേയും വൈവിദ്ധ്യത്തേയും പ്രതിനിധാനം ചെയ്യുന്ന 150 വിശുദ്ധഗീതങ്ങളുടെ ശേഖരമാണിത്.[1] സമാഹാരത്തിന്റെ 'തെഹില്ലിം' (תְהִלִּים) എന്ന എബ്രായ നാമത്തിന് സ്തുതികൾ, പുകഴ്ചകൾ എന്നൊക്കെയാണർത്ഥം. യഹൂദവിശുദ്ധഗ്രന്ഥങ്ങളുടെ പുരാതന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റിൽ ഇതിനു 'സാമോയി' (Psalmoi) എന്നാണു പേര്. തന്തികളുള്ള വീണ, തംബുരു മുതലായ സംഗീതോപകരണങ്ങളിൽ പാടുന്ന പാട്ട് എന്നായിരുന്നു ഈ പേരിന്റെ മൂലാർത്ഥം. സമാഹാരത്തിനു പൊതുവായുള്ള ഈ പേരിനു പുറമേ, പല സങ്കീർത്തനങ്ങളുടേയും ശീർഷകഭാഗത്ത് സംഗീതസംബന്ധിയായ സൂചനകളും നിർദ്ദേശങ്ങളും, ആദിമ വിശ്വാസി സമൂഹങ്ങൾക്കു പരിചിതമായിരുന്നിരിക്കാവുന്ന രാഗങ്ങളും ചേർത്തിരിക്കുന്നതു കാണാം .

എബ്രായ ഭാഷയിലുള്ള സങ്കീർത്തനച്ചുരുൾ


ഈ ഗാനങ്ങളിൽ പലതും കൃതജ്ഞതാസ്തോത്രങ്ങൾ(30-ആം സങ്കീർത്തനം), സ്തുതിഗീതങ്ങൾ(117-ആം സങ്കീർത്തനം), കിരീടധാരണം, വിവാഹം തുടങ്ങിയവയുമായി ബന്ധപ്പെട്ട രാജഗീതങ്ങൾ എന്നീ വകുപ്പുകളിൽ പെടുന്നു. ചില സങ്കീർത്തനങ്ങൾ പ്രാർത്ഥനകളാണെന്ന സൂചന അവയുടെ പാഠത്തിൽ തന്നെയുണ്ട്: ഉദാഹരണമായി 72-ആം സങ്കീർത്തനം തീരുന്നത് "ജെസ്സേയുടെ പുത്രനായ ദാവീദിന്റെ പ്രാർത്ഥന ഇവിടെ സമാപിക്കുന്നു" എന്നാണ്. യഹൂദമതത്തിലേയും വിവിധ ക്രിസ്തീയ വിഭാഗങ്ങളുടേയും പ്രാർത്ഥനാശ്രൂഷകളിൽ ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. എന്നാൽ പ്രത്യേകം സൂചിപ്പിക്കപ്പെടുന്നില്ലെങ്കിലും, സങ്കീർത്തങ്ങളിലെ ഏറ്റവും വലിയ വിഭാഗം, ദൈവത്തോടുള്ള പരാതികളും യാചനകളും അടങ്ങിയ വിലാപഗീതങ്ങളാണ് (laments). പല സങ്കീർത്തനങ്ങളും യഹൂദനിയത്തെ പരാമർശിക്കുന്നതിനാൽ(ഉദാ: സങ്കീർത്തനങ്ങൾ 1, 119), ഈ സമാഹാരത്തിന് പ്രബോധനപരമായ ലക്ഷ്യവും ഉണ്ടായിരുന്നിരിക്കാം.


ഇവയുടെ രചനാകാലത്തെക്കുറിച്ചു തീർപ്പു പറയുക മിക്കവാറും ദുഷ്കരവും, പലപ്പോഴും അസാദ്ധ്യവും ആണ്. പല സങ്കീർത്തനങ്ങളും ഇസ്രായേലിന്റെ ആദിമയുഗത്തിൽ എഴുതപ്പെട്ടതായി തോന്നിക്കുമ്പോൾ, ചിലതൊക്കെ പിൽക്കാലത്ത്, ബാബിലോണിലെ പ്രാവാസത്തിനു ശേഷം എഴുതിയതാണ്. യഹൂദരുടെ ദൈവനിയമമായ പഞ്ചഗ്രന്ഥിയിലെ അഞ്ചു പുസ്തകങ്ങളുടെ മാതൃകയിൽ, ഇവയെ പഴയ കാലത്തു തന്നെ അഞ്ചു ഗണങ്ങളായി തിരിച്ചിട്ടുള്ളത് ബൈബിൾ പണ്ഡിതന്മാർ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ ഈ വേർതിരിവിന്റെ യുക്തി അവ്യക്തമായിരിക്കുന്നു. പല സങ്കീർത്തനങ്ങളുടേയും കർത്താവ് ദാവീദു രാജാവാണെന്ന അവകാശവാദം ഉണ്ടെങ്കിലും, ഈ ഗാനങ്ങളുടെ കർതൃത്വം അജ്ഞാതമായിരിക്കുന്നു. [2]

  1. Harris, Stephen L., Understanding the Bible. Palo Alto: Mayfield. 1985. "Psalms" p. 161-164
  2. Miller, Patrick D. "Psalms Introduction" in Harper Collins Study Bible, Revised Ed. 2006.
"https://ml.wikipedia.org/w/index.php?title=സങ്കീർത്തനങ്ങൾ&oldid=2894645" എന്ന താളിൽനിന്ന് ശേഖരിച്ചത്