സ്വനിമം

(Phoneme എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഭാഷയിലെ അർത്ഥഭേദമുണ്ടാക്കാൻ കഴിവുള്ള ഏറ്റവും ചെറിയ ഘടനാപരമായ ഏകകമാണ് സ്വനിമം (Phoneme). ഭാഷണത്തിൽ ഒരേ ധർമ്മം നിർവഹിക്കുന്ന, അല്പമാത്രം വ്യത്യസ്തമായ സ്വനങ്ങളുടെ ആകെമാനമാണ് ഇത്. സ്വനിമം ഒരു ഭൗതികഖണ്ഡമല്ല (Physical Segment); മറിച്ച് ധാരണാപരവും അമൂർത്തവുമായ സങ്കല്പനമാണ്. ഇതിനെ മാനസിക യൂണിറ്റായി ഭാഷാശാസ്ത്രജ്ഞർ കാണുന്നു. ആന എന്ന വാക്ക് ഓരാളിൽ ഉണ്ടാക്കുന്നത് എങ്ങനെ ഏതെങ്കിലും ഒരു ആനയുടെ മൂർത്തരൂപമല്ലാതെ ആനയെക്കുറിച്ചുള്ള അയാളുടെ വിവിധ ധാരണകളുടെ സമാഹൃതബോധം ആകുന്നു, അതുപോലെ, അർത്ഥപരമായി ഒരേ ധർമ്മം നിർവ്വഹിക്കുന്ന സ്വനങ്ങളെ കേൾവിയിലും പ്രത്യക്ഷീകരണത്തിലും സാമാന്യവത്കരിച്ച് കാണാൻ മനസ്സിനു സാധിക്കുന്നു. സ്വനിമത്തെ അപേക്ഷിച്ച് ഭൗതികമെങ്കിലും സ്വനത്തെയും കേവല ഭൗതികമായി കാണാൻ കഴിയില്ല. ഒരിക്കൽ ഉച്ചരിക്കപ്പെടുന്ന സ്വനം അതിന്റെ എല്ലാ സവിശേഷതകളോടെയും ആവർത്തിക്കുന്നില്ല. ചില ഭാഷാശാസ്ത്രജ്ഞർ സ്വനത്തിനു താഴെ അധസ്വനം എന്നൊരു തലത്തെ പരിഗണിക്കുന്നു.[1]

ഓരോ ഭാഷയുടെയും സ്വനിമസഞ്ചയം(Phonology) വ്യത്യസ്തമാണ്. ദ്രാവിഡത്തിലെ ഴകാരം സംസ്കൃതഭാഷയിലില്ല; സംസ്കൃതത്തിലെ മഹാപ്രാണസ്വനിമങ്ങൾ തമിഴ് തുടങ്ങിയ ഭാഷകളിലും ഇല്ല. ഒരു ഭാഷയിലെ രണ്ടു വ്യത്യസ്ത സ്വനിമങ്ങൾ മറ്റൊരുഭാഷയിൽ ഒരേ സ്വനിമത്തിന്റെ ഉപസ്വനങ്ങളുമാകാം. ഉദാ- മലയാളത്തിൽ ല, ള; ര, റ എന്നിവ വെവ്വേറെ സ്വനിമങ്ങളാണ്. എന്നാൽ സംസ്കൃതത്തിൽ ഇവ ഉപസ്വനങ്ങൾ മാത്രമാണ്.

അല്പതമജോടി

തിരുത്തുക

ഓരേ സ്വനികസാഹചര്യത്തിൽ പ്രത്യക്ഷപ്പെട്ട് അർത്ഥഭേദം ജനിപ്പിക്കുന്ന സ്വനങ്ങൾക്ക് വ്യത്യയ(Contrast)മുണ്ട്. വ്യത്യയമുള്ള സ്വനങ്ങളെ ആ ഭാഷയിലെ വ്യത്യസ്ത സ്വനിമങ്ങളായി കണക്കാക്കുന്നു.

ഒരു ഭാഷയിലെ രണ്ട് സ്വനങ്ങൾ സ്വനിമപദവി അർഹിക്കുന്നുണ്ടോ എന്നറിയാനുള്ള പരീക്ഷണമാണ് അല്പതമജോടികൾ (Minimal Pairs). ഏതെങ്കിലും ഒരു സ്വനം മാത്രം ഭിന്നമായ രണ്ടു വാക്കുകൾ ചേർന്നതാണ് അല്പതമജോടി. ഈ വാക്കുകൾ തമ്മിൽ അർത്ഥഭേദമുണ്ടെങ്കിൽ സ്വനജോടി രണ്ട് ഭിന്ന സ്വനിമങ്ങളെ കുറിക്കുന്നു.

മലയാളത്തിലെ, സംവൃതോകാരം എന്നു വിളിക്കുന്ന കേന്ദ്രസ്വരവും(്) വിവൃതമായ ഉകാരവും വ്യത്യസ്ത സ്വനിമങ്ങളാണോ എന്ന് പരിശോധിക്കാം - ഉണ്ട്, ഉണ്ടു എന്നീ വാക്കുകൾ നോക്കുക -

[ഉ ൺ ട´ ഉ]-[ഉ ൺ ട´ ഉ്]

ഇവ വ്യത്യസ്തന്മായ അർത്ഥം കുറിക്കുന്നു. ഭേദം ഉ-് എന്നിവ മാത്രമായതിനാൽ ഈ സ്വരങ്ങൾ മലയാളഭാഷയിൽ രണ്ട് ഭിന്ന സ്വനിമങ്ങളാണ് എന്നു പറയാം. മറ്റ് ഉദാഹരണങ്ങൾ - കരി-കറി, പുലി-പുളി, കള-കഴ, വാഴ-വായ

ചരിത്രം

തിരുത്തുക

പാണിനിയുടെ മാഹേശ്വരസൂത്രത്തിൽ ഉച്ചാരണത്തെ ആസ്പദമാക്കി വർണങ്ങളെ വർഗീകരിക്കുന്നുണ്ട്. ആധുനികഭാഷാശാസ്ത്രത്തിലെ സ്വനിമത്തിനു സമാനമായി കാണാവുന്നതാണ് വർണങ്ങളെ. ഓരോ വർണത്തിനും നിരവധി ഉപവിഭാഗങ്ങളെയും പാണിനി വിശദീകരിക്കുന്നുണ്ട്.[2]

ഇന്നുള്ള അർത്ഥത്തിൽ സ്വനിമത്തെക്കുറിച്ച് ആദ്യമായി പ്രതിപാദിക്കുന്നത് 1893-ൽ പോളിഷ് ഭാഷാശാസ്ത്രജ്ഞനായ ബോദോയിൻ കോർതിനെ(Jan Baudouin de Courtenay,1845-1929) പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലാണ്. 'ഫൊണീമ' എന്ന പദമാണ് കോർതിനെ ഉപയോഗിക്കുന്നത്. മാനസികസ്വനവിജ്ഞാനത്തിന്റെ അടിസ്ഥാനമായാണ് ഈ പദം ഉപയോഗിച്ചത്. പ്രേഗ് കളരിയിലെ നിക്കോളെ ട്രുബെസ്കി, ല്യനാഡോ ബ്ലൂംഫീൽഡ് തുടങ്ങിയവരാണ് സ്വനിമസങ്കല്പത്തിന് സൈദ്ധാന്തിക അടിത്തറയും വികാസവും നൽകുന്നത്.

ആലേഖനം(Transcription)

തിരുത്തുക

പല ഭാഷകളിലും ഒരു സ്വനിമത്തിന് ഒരു ലേഖിമം എന്ന വ്യവസ്ഥയുണ്ട്. ഇംഗ്ലീഷിന്റെ വർണമാല (Alphabet) സ്വനിമികമല്ല. ഉദാ - 'ഷ' (/sh/) എന്ന ഒറ്റ സ്വനിമത്തിന് s,h എന്നിങ്ങനെ രണ്ട് ലേഖിമങ്ങൾ ഉപയോഗിക്കുന്നു. /k/ എന്ന സ്വനിമത്തെ സൂചിപ്പിക്കാൻ തന്നെ <k>,<c>, എന്ന് മൂന്ന് ലേഖിമങ്ങളുണ്ട്. മിക്ക ലേഖിമങ്ങൾക്കും ആ ഭാഷയിൽ ഒന്നിലേറെ സ്വനിമോച്ചാരണങ്ങളുണ്ട്. ഇതുകൊണ്ടാണ് ഇംഗ്ലീഷ് എഴുത്തും ഉച്ചാരണവും തികച്ചും ഭിന്നമാകുന്നത്. ഭാരതീയഭാഷകളിൽ മിക്കവാറും സ്വനിമ-ലേഖിമ സമാന്തരത്വം കാണാം. മലയാളത്തിന് അക്ഷരമാല(syllabary) ആണെങ്കിലും ഒരു സ്വനിമത്തിന്റെ സ്ഥാനത്ത് ഒരു അക്ഷരലിപി എന്ന് മിക്കവാറും വ്യവസ്ഥയുണ്ട്. സ്വനിമികലിപിവ്യവസ്ഥ അഭികാമ്യമാണ്. പൂർണമായും സ്വനിമിക വിന്യാസമുള്ള ഒരു ലേഖിമസഞ്ചയം ഒരു ഭാഷയ്ക്കും അവകാശപ്പെടാനാവില്ല.

സ്വനിമത്തെ ചായ്‌വര(slash)കൾക്കകത്താണ് സൂചിപ്പിക്കുന്നത്. ഉദാ- ‘ൽ’ എന്ന സ്വനിമത്തെ /ല/ എന്ന് സൂചിപ്പിക്കുന്നു. ഇവ്വിധം /ക/,/ /അ/, /ഌ/,/മ/, /ŋ/ എന്നുള്ളവ വെവ്വേറെ സ്വനിമങ്ങളാണെന്ന് മനസ്സിലാക്കുക.

സ്വനത്തെ സൂചിപ്പിക്കാൻ കോഷ്ഠവും([ ]) ലേഖിമത്തെ സൂചിപ്പിക്കാൻ < >ഉം ഉപയോഗിക്കുന്നു.

പ്രാന്തസ്വനിമങ്ങൾ(Marginal Phonemes)

തിരുത്തുക

ചില സ്വനിമ/ഉപസ്വനങ്ങളുടെ പ്രത്യക്ഷീകരണങ്ങൾ ഒരു ഭാഷയിൽ ഏതാനും വാക്കുകളിൽമാത്രമായിരിക്കും. പ്രധാനമായും പരകീയപദങ്ങൾ ‍വഴിയാണ് ഇത്തരം സ്വനിമങ്ങൾ ഭാഷയിൽ സ്വീകരിക്കപ്പെടുന്നത്. ഇംഗ്ലീഷ് , പേർഷ്യൻ തുടങ്ങിയവയിൽനിന്നും തത്സമ-തദ്ഭവപദങ്ങൾ വഴി മലയാളത്തിൽ വന്ന /f/ എന്ന ഓഷ്ഠ്യഘർഷം പ്രാന്തസ്വനിമത്തിന് ഉദാഹരണമാണ്. ഹുസൂർ, സീബ്രാ തുടങ്ങിയവയിലെ വർത്സ്യനാദിയായ ഘർഷവും മലയാളത്തിൽ പ്രാന്തസ്വനിമമാണ്.

സ്വനിമസങ്കല്പനം - ഭാഷാശാസ്ത്രത്തിന്റെ ന്യൂക്ലിയസ്

തിരുത്തുക

ആധുനികഭാഷാശാസ്ത്രത്തിന്റെ ഉദ്ഭവത്തിനുള്ള കാരണങ്ങളിലൊന്നു തന്നെ വർണതലത്തിലുള്ള അന്വേഷണങ്ങളും പഠനങ്ങളുമാണ്. ഭാഷയുടെ ധർമപരമായ അടിസ്ഥാനയൂണിറ്റ് എന്ന നിലയിൽ മാത്രമല്ല സ്വനിമ സങ്കല്പത്തിനു പ്രസക്തി. ഭാഷാശാസ്ത്രത്തിലെ വിവിധതലങ്ങളെ നാമകരണം ചെയ്യാനാണ് ആദ്യം ഈ സംജ്ഞ ഉപയോഗപ്പെടുത്തിയത്. എങ്കിലും ഭാഷ എന്നത് ചിഹ്നശാസ്ത്രമെന്ന മഹാവിജ്ഞാനത്തിന്റെ പ്രധാനശാഖയാണെന്നും വിവിധ മാനുഷിക വിജ്ഞാനങ്ങൾ ഇതുമായി ഗാഢബന്ധം പുലർത്തുന്നുവെന്നുമുള്ള തിരിച്ചറിവിൽനിന്ന് ചിഹ്നശാസ്ത്രമടക്കമുള്ള മേഖലകൾ വികസിച്ചപ്പോഴാണ്‌ സ്വനിമം എന്ന സംജ്ഞ ഈ പരസ്പരബന്ധത്തിന്റെ താക്കോൽസങ്കല്പമായി വർദ്ധിക്കുന്നത്. നരവംശശാസ്ത്രം, മനശ്ശാസ്ത്രം തുടങ്ങി നിരവധി വിജ്ഞാനങ്ങളിൽ ഇന്ന് സ്വനിമം സമാനപദാവലികളെ രൂപവത്കരിക്കുന്നു.

സ്വനിമിക-സ്വനികവ്യവസ്ഥകളുടെ സവിശേഷതകളാണ് കെനത് പൈക്കിന്റെ ഇക-മികമാനങ്ങളുടെ സങ്കല്പത്തിന് കാരണമായത്.

വിവിധ വിജ്ഞാനശാഖകളിലെ സ്വനിമ തുല്യമായ ഘടനാത്മക-ധർമാത്മക യൂണിറ്റുകൾ താഴെ കൊടുക്കുന്നു.

ഇതും കാണുക

തിരുത്തുക
  1. സ്വനിമവിജ്ഞാനം, ഡോ. കെ.എം. പ്രഭാകരവാരിയർ‍, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
  2. കാശികാവ്യാഖ്യാനം
"https://ml.wikipedia.org/w/index.php?title=സ്വനിമം&oldid=3725273" എന്ന താളിൽനിന്ന് ശേഖരിച്ചത്