ലാങ്ങും പരോളും

(ഭാഷണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഘടനാവാദ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ സസ്സൂറിന്റെ ഒരടിസ്ഥാന ദ്വന്ദ്വസങ്കല്പമാണ് ലാങ്ങ്, പരോൾ എന്നിവ . ലാങ് എന്നാൽ ഒരു ഭാഷയുടെ ഘടകങ്ങളായ ചിഹ്നങ്ങളേയും പ്രവർത്തനങ്ങളേയും നിർണ്ണയിക്കുന്ന നിയമങ്ങളുടെ ആകെത്തുകയായ വ്യവസ്ഥയെന്നാണ് സസ്സൂർ ഉദ്ദേശിക്കുന്നത്. ലാങ്ങ് സമൂഹത്തിൽ ലയിച്ച് കിടക്കുകയാണ്. ലാങ്ങ് സമൂഹത്തിലെ എല്ലാ അംഗങ്ങളും പങ്കുവെക്കുന്ന ഭാഷാനിയമങ്ങളുടെ ആകെത്തുകയാണെങ്കിൽ പരോൾ സമൂഹം പൊതുവായി പങ്കിടുന്ന അമൂർത്തമായ ഭാഷാവ്യവസ്ഥയെ ഉപയോഗിച്ച് ഓരോ ആളും നടത്തുന്ന സംസാരരൂപേണയുള്ള ഭാഷയുടെ ആവിഷ്കാരമാണ്. പരോൾ വ്യക്തിഗതവും സവിശേഷവുമാണ്. ലാങ്ങ് ആകട്ടെ, ഭാഷണത്തെതന്നെ സാദ്ധ്യമാക്കുന്ന അതിന്റെ അടിസ്ഥാനമാണ്. ഭാഷണത്തെ ഉപയോഗിച്ച് അതിനു പിന്നിലുള്ള സ്ഥിരവും പൂർണ്ണവുമായ ചിഹ്നവ്യവസ്ഥയെ പൂർണ്ണമായി പഠിക്കുക എന്നാതാണ് ഭാഷാശാസ്ത്രത്തിന്റെ പരിപാടി. ഭാഷാപഠനത്തിന് എഴുതപ്പെട്ട (വരമൊഴി) രേഖകളെ മാത്രം ആശ്രയിക്കുന്ന പരമ്പരാഗത ഭാഷാപണ്ഡിതന്മാരുടെ രീതിയെ സൊസ്യൂർ നിരാകരിച്ചു. പകരം വാമൊഴിയെ അടിസ്ഥാനമാക്കിവേണം ഭാഷാപഠനം തുടങ്ങേണ്ടതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതിനാൽ അദ്ദേഹം ഭാഷാപഠനത്തിന്റെ സാമ്പ്രദായികമാർഗ്ഗങ്ങളെ കൈവിട്ടുകളഞ്ഞു. സൊസ്യൂറിന്റെ ലാങ്/പരോൾ എന്നീ പരികല്പനകൾക്ക് സമാനമായി ഭാഷാശാസ്ത്രജ്ഞാനായ നോം ചോംസ്കി അവതരിപ്പിച്ചിട്ടുള്ള ഒരു സങ്കല്പനമാണ് ഭാഷാശേഷിയും ഭാഷാപ്രകടനവും(competence/ performance).

"https://ml.wikipedia.org/w/index.php?title=ലാങ്ങും_പരോളും&oldid=3502771" എന്ന താളിൽനിന്ന് ശേഖരിച്ചത്