ഭാഷയിലെ അർത്ഥമുള്ള ശബ്ദങ്ങളിൽ ഏറ്റവും ചെറുതാണ് രൂപിമം. ഭാഷാശാസ്ത്ര പഠനത്തിലെ രൂപവിജ്ഞാനീയത്തിലാണ് രൂപിമം ചർച്ചചെയ്യപ്പെടുന്നത്. ഭാഷയുടെ അടിസ്ഥാന ശബ്ദങ്ങളായ സ്വനം, സ്വനിമം, ഉപസ്വനം എന്നതുപോലെ ഭാഷയിലെ അർത്ഥമുള്ള ശബ്ദങ്ങളെ രൂപം, രൂപിമം, ഉപരൂപം എന്നിങ്ങനെ തിരിക്കാം.

രൂപിമം (morpheme)

തിരുത്തുക

ഭാഷയിലെ അർത്ഥയുക്തമായ ഏറ്റവും ചെറിയ മൂലകമാണ് രൂപം എന്ന് ഡോ.കെ.എം.പ്രഭാകരവാര്യർ[1] സ്വനങ്ങളും സ്വനിമങ്ങളും തമ്മിലുള്ള ബന്ധം പോലെയാണ് രൂപങ്ങളും രൂപിമങ്ങളും തമ്മിലുള്ളത്.മിടുക്കന്മാർ എന്ന പ്രയോഗത്തിൽ മിടുക്ക്- അൻ- മാർ, എന്നിങ്ങനെ രൂപിമങ്ങൾ ചേർന്നിരിക്കുന്നു. അർത്ഥയുക്തമായ പദങ്ങൾ പോലെ പ്രത്യയങ്ങളും രൂപിമങ്ങളാണ്.ഒരർത്ഥം ഉത്പാദിപ്പിക്കുന്ന സ്വനങ്ങളും രൂപിമങ്ങളായി വരാം. ഒരേഅർത്ഥമുള്ള ഒന്നിലധികം രൂപങ്ങളുണ്ടെങ്കിൽ അവയാണ് ഉപരൂപം.ന്റെ, ഉടെ എന്നിവ സംബന്ധികാർത്ഥത്തിൽ ഉപയോഗിക്കുന്ന രൂപങ്ങളാണ്. ഒരേ അർത്ഥത്തിൽ ഉപയോഗിക്കുന്നതിനാൽ ഇവയ്ക്ക് ഉപരൂപ പദവിനൽകാം. മലയാളത്തിലെ ഭുതകാലപ്രത്യയങ്ങളാണ് തു, ഇ എന്നിവ, അതിനാൽ അവ ഒരു രൂപിമത്തിന്റെ ഉപരൂപങ്ങളാണ്.

രൂപിമങ്ങളെ സ്വതന്ത്രം ആശ്രിതം എന്നിങ്ങനെ തിരിക്കാം.ഒരു വാക്യത്തിൽ സ്വതന്ത്രമായി ഉപയോഗിക്കാവുന്ന രൂപിമങ്ങൾ സ്വതന്ത്രരൂപിമങ്ങൾ. തല, മല, കല, തടി, വീട്, ആന തുടങ്ങി നാമങ്ങൾ വാക്യത്തിൽ സ്വതന്ത്രമായി ഉപയോഗിക്കാം. അതിനാൽ ഇവ സ്വതന്ത്ര രൂപിമങ്ങളാണ്. എന്നാൽ വിഭക്തി(എ, ക്ക്, ആൽ, ന്റെ,ഓട്, ഇൽ) ലിംഗം(അൻ, അൾ) വചനം(കൾ,അർ,മാർ) കാലം(തു,ഉം,ഇ)പ്രകാരം(അട്ടെ,അണം,ആം) ഇവയെ സൂചിപ്പിക്കുന്ന രൂപിമങ്ങൾ നാമത്തോടൊ ക്രിയയോടോ ചേർന്നു മാത്രമേ വരുകയുള്ളു.അതിനാൽ ഇവ ആശ്രിതരൂപിമങ്ങൾ.

  1. ഭാഷാശാസ്ത്രവിവേകം, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, പുറം-81
"https://ml.wikipedia.org/w/index.php?title=രൂപിമം&oldid=3725040" എന്ന താളിൽനിന്ന് ശേഖരിച്ചത്