തെക്കൻ സെമറ്റിക് ഭാഷാഗോത്രത്തിൽ പെട്ട ആഫ്രിക്കയിലെ ഒരു പുരാതന ഭാഷയാണ്‌ ഗീയസ് (Ge'ez). ആഫ്രിക്കയുടെ കൊമ്പിൽ(Horn of Africa) എറിത്രിയ, വടക്കൻ എത്യോപ്യ പ്രദേശങ്ങളിലാണ്‌ അത് വികസിച്ചുവന്നതും ഉപയോഗത്തിലിരിക്കുന്നതും. അത്ര കൃത്യതയോടെയല്ലെങ്കിലും "എത്യോപ്പിക്" എന്നും ഈ ഭാഷയെ വിളിക്കാറുണ്ട്. ഏറെക്കാലം അത് അസ്കം രാഷ്ട്രത്തിന്റേയും എത്യോപ്യൻ രാജകുടുംബത്തിന്റേയും ഔദ്യോഗിക ഭാഷയായിരുന്നു.

ഉണ്ണിയേശുവിനെ കയ്യിലേന്തിയ കന്യമറിയത്തിന്റെ ചിത്രം, "വെദ്ധസേ മറിയം" എന്ന ഗീയസ് പ്രാർത്ഥനപ്പുസ്തകത്തിന്റെ കൈയെഴുത്തുപ്രതിയിലുള്ളത് - കാലം 1875-നടുത്ത്

ഇന്ന് ഗീയസ് ഭാഷ നിലനിൽക്കുന്നത് എത്യോപ്യയിലെ മതവിഭാഗങ്ങളിൽ പലതിന്റേയും മുഖ്യ ആരാധനാഭാഷ എന്ന നിലയിലാണ്‌. എത്യോപ്യൻ ഓർത്തഡോക്സ്‌ സഭ, എറിത്രിയൻ ഓർത്തഡോക്സ്‌ സഭ, എത്യോപ്യൻ കത്തോലിക്കാ സഭ, ഇരുപതാം നൂറ്റാണ്ടിൽ എത്യോപ്യയിൽ നിന്ന് ഇസ്രായേലിലേയ്ക്ക് മാറ്റപ്പെട്ട "ബേതാ യിസ്രായേൽ" യഹൂദസമൂഹം എന്നിവയാണ്‌ ഗീയസ് ഭാഷയിൽ വിശുദ്ധലിഖിതങ്ങൾ സൂക്ഷിക്കുന്നതും ദൈവാരാധന നടത്തുന്നതും.

തെക്കൻ സെമറ്റിക് ഭാഷയായാണ്‌ ഗീയസ് വർഗ്ഗീകരിക്കപ്പെട്ടിരിക്കുന്നത്. ആധുനിക ഏറിത്രിയയും വടക്കൻ എത്യോപ്യയും ചേർന്ന പ്രദേശത്ത് ക്രി.മു. 8-7 നൂറ്റാണ്ടുകളിൽ നിലവിലിരുന്ന ഡിമറ്റ് രാജ്യത്ത് തെക്കൻ അറേബ്യൻ ലിപിയിൽ രാജകീയശാസനങ്ങൾ എഴുതാൻ ഉപയോഗിച്ചിരുന്ന ആദിമ എത്യോ-സെമറ്റിക് ഭാഷ പരിണമിച്ചുണ്ടായതാണത്. കാലക്രമേണ തെക്കൻ അറേബ്യൻ ലിപിയുടെ സ്ഥാനം ഗീയസ് ലിപി കയ്യടക്കി. ആദ്യകാല ഗീയസ് ഭാഷയേയും ലിപിയേയും സംബന്ധിച്ച തെളിവുകൾ ക്രിസ്തുവിനു മുൻപ് അഞ്ചാം നൂറ്റാണ്ടോളം ചെന്നെത്തുന്നു.[1] ഒരു തരം ആദിമ ഗീയസ് ക്രിസ്തുവിനു മുൻപ് എട്ടാം നൂറ്റാണ്ടിൽ പോലും എഴുതപ്പെട്ടിരുന്നു.

സാഹിത്യചരിത്രം

തിരുത്തുക

5 മുതൽ 7 വരെ നൂറ്റാണ്ടുകൾ

തിരുത്തുക
 
ബൈബിളിലെ ഉല്പത്തിപ്പുസ്തകം 29.11–16 ഗീയസ് ഭാഷയിൽ

ഗീയസ് ഭാഷയിൽ നിലവിലുള്ള ഏറ്റവും പഴയ കൈയെഴുത്തു പ്രതി 5-6 നൂറ്റാണ്ടുകളിലെ ഗരിമാ സുവിശേഷങ്ങളാണെന്ന് കരുതപ്പെടുന്നു.[2] ക്രിസ്തുവർഷം 494-ൽ ബൈസാന്തിയ സാമ്രാജ്യത്തിലെ മതപരമായ പീഡനത്തിൽ നിന്ന് രക്ഷപെടാൻ എത്യോപ്യയിലെത്തിയതായി കരുതപ്പെടുന്ന നവദിവ്യന്മാരിൽ(9 Saints) ഒരാളായിരുന്ന ഗരിമയുടെ പേരിലാണ്‌ അതറിയപ്പെടുന്നത്.

"അസ്ക്മം യുഗം" എന്നറിയപ്പെടുന്ന ഈ ആദ്യ കാലഘട്ടത്തിലേതായി ലഭ്യമായ രചനകൾ എല്ലാം തന്നെ ക്രിസ്തീയമത സാഹിത്യമാണ്‌. അവയിൽ പലതും ഗ്രീക്ക്, സുറിയാനി, കോപ്റ്റിക്, ഒടുവിലാകുമ്പോൾ അറബി തുടങ്ങിയ ഭാഷകളിൽ നിന്നുള്ള പരിഭാഷകളാണ്‌. "നവദിവ്യന്മാർ" എന്നറിയപ്പെടുന്ന 9 സിറിയൻ സന്യാസികളാണ്‌ 5-6 നൂറ്റാണ്ടുകളിൽ ക്രിസ്തീയ ബൈബിളിനെ ഗീയസ് ഭാഷയിലേയ്ക്കു മൊഴിമാറ്റം ചെയ്തത്. ഈ എത്യോപ്യൻ ബൈബിളിൽ, 46 പഴയനിമഗ്രന്ഥങ്ങളും 35 പുതിയനിയമഗ്രന്ഥങ്ങളും ചേർന്ന് മൊത്തം 81 പുസ്തകങ്ങളുണ്ട്; ഇവയിൽ ഏശയ്യായുടെ സ്വർഗ്ഗാരോഹണം, ജൂബിലികൾ, ഈനോക്കിന്റെ പുസ്തകം, നോഹയുടെ പുസ്തകം എന്നിവ പോലുള്ള ചിലതൊക്കെ, ഇതര ഇതരക്രിസ്തീയസഭകൾ അംഗീകരിക്കാത്തവയാണ്‌. ഗീയസ് ഭാഷയിൽ മാത്രം സമ്പൂർണ്ണ രൂപത്തിൽ ലഭിച്ചിട്ടുള്ള ഈനോക്കിന്റെ പുസ്തകം, ജൂബിലികൾ എന്നിവ പ്രത്യേകം ശ്രദ്ധേയമാണ്.

എത്യോപ്യൻ ദൈവശാസ്ത്രത്തിലെ അടിസ്ഥാന ഗ്രന്ഥമായ ക്വെർലോസ് എന്ന കൃതിയും ഈ ആദ്യകാലങ്ങളിലെ സൃഷ്ടിയാണ്‌. വിശുദ്ധ സിറിളിന്റെ "ഹമാനോത്ത് റിത്തീത്" ഉൾപ്പെടെയുള്ള ഒരുകുട്ടം ക്രിസ്തുശാസ്ത്രരചനകളുടെ ശേഖരമാണത്. പക്കോമിയൂസിന്റെ സന്യാസനിയമങ്ങളുടെ പരിഭാഷയായ "സെരാത്ത പക്നേമിസ്" ആണ്‌ മറ്റൊരു പ്രധാന കൃതി. യൂറോപ്പിൽ വളരെ പ്രചാരമുള്ള 'ഫിസിയോലോഗസ്' എന്ന പ്രകൃതിശാസ്ത്രഗ്രന്ഥത്തിന്റെ പരിഭാഷ ഇക്കാലത്തെ മതേതര രചനകളിൽ ഒന്നാണ്‌. [3]

13, 14 നൂറ്റാണ്ടുകൾ

തിരുത്തുക

അസ്കം രാഷ്ട്രത്തിന്റെ പതനം ഗീയസ് സാഹിത്യത്തിൽ ഒരു നിഷ്ഫലകാലത്തിനു തുടക്കമിട്ടു; എട്ടുമുതൽ പന്ത്രണ്ടു വരെ നൂറ്റാണ്ടുകളിലേതായി ഒരു രചനയും കണ്ടുകിട്ടിയിട്ടില്ല. 1270-ൽ ഒരു സോളമനിക രാജവംശം ഉയർന്നുവന്നതോടുകൂടിയാണ് ഈ സ്ഥിതിക്കു മാറ്റം വന്നു പുതിയ രചനകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. തുടർന്ന്, 14-ആം നൂറ്റാണ്ടുമുതലുള്ള ഒരു കാലഘട്ടം ഗീയസ് സാഹിത്യത്തിലെ സുവർണ്ണയുഗമാണെന്നു പോലും കരുതുന്നവരുണ്ട്. എന്നാൽ അപ്പോഴേയ്ക്ക് സാധാരണജനങ്ങളുടെ സംസാരഭാഷയെന്ന സ്ഥാനം ഗീയസിനു മിക്കവാറും നഷ്ടപ്പെട്ടിരുന്നു. ആ സ്ഥാനം തെക്കൻ ദേശങ്ങളിൽ അംഹാറിക്ക് ഭാഷയും, വടക്കൻ ദേശങ്ങളിൽ തിഗ്രിഗ്നാ, തൈഗ്രേ ഭാഷകളും കയ്യടക്കിയെന്നതിനു ഒട്ടേറെ തെളിവുകളുണ്ട്. എങ്കിലും മദ്ധ്യകാല യൂറോപ്പിൽ ലത്തീൻ എന്ന പോലെ, ഔദ്യോഗിക ലിഖിതഭാഷ എന്ന സ്ഥാനം 19-ആം നൂറ്റാണ്ടു വരെ ഗീയസ് നിലനിർത്തി. രക്തസാക്ഷികളുടെ നടപടികൾ, അപ്പസ്തോലന്മാരുടെ നടപടികൾ എന്നീ പേരുകളുള്ള ഓരോ ഗ്രന്ഥങ്ങൾ എത്യോപ്യൻ സഭയിലെ വിശുദ്ധന്മാരെക്കുറിച്ചുള്ള ഒരു കൃതി എന്നിവ ഇക്കാലത്തെ രചനകളിൽ ചിലതാണ്‌. മരുഭൂമിയിലെ അന്തോനീസ്, ഗീവർഗീസ് തുടങ്ങിയ പുണ്യവാന്മാരുടെ ജീവചരിത്രങ്ങളും ഇക്കാലത്ത് രചിക്കപ്പെട്ടു.


ഇക്കാലത്തു "അപ്പസ്തോലന്മാരുടെ ചട്ടങ്ങൾ" എന്ന പുരാതന സഭാനിയമസംഹിതയും ഗീയസ് ഭാഷയിലേക്കു പരിഭാഷ ചെയ്യപ്പെട്ടു. മറ്റൊരു പരിഭാഷയായ "സെനാ അയ്ഹൂദ്", ജോസഫ് ബെൻ‌ഗൂരിയൻ പത്താം നൂറ്റാണ്ടിൽ എബ്രായഭാഷയിൽ എഴുതിയ യഹൂദചരിത്രത്തിന്റെ അറബി ഭാഷ്യത്തെ ആശ്രയിച്ചുള്ളതായിരുന്നു. മതേതരസാഹിത്യത്തിൽ, എത്യോപ്യൻ രാജകീയ ദിനവൃത്താന്തങ്ങളിൽ ഏറ്റവും പുരാതനമായവ പതിനാലാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ അംദാ സെയോൺ ഒന്നാമൻ(1314–44)രാജാവിന്റെ കാലത്തേതാണ്‌. അംദാ സെയോണിന്റെ തന്നെ വിജയഗാഥകളിൽ അംഹാറിക് ഭാഷാസാഹിത്യത്തിന്റെ തുടക്കവും ഇക്കാലത്തായിരുന്നു. പതിനാലാം നൂറ്റാണ്ടിൽ അസ്കമിലെ നെബൂറാ എദ് യെഷാക്ക് എഴുതിയ കെബ്രാ നാഗാസ്ത് (രാജാക്കന്മാരുടെ പ്രതാപം) എത്യോപ്യൻ സാഹിത്യത്തിലെ സുപ്രധാന രചനകളിൽ ഒന്നാണ്‌. ചരിത്രവും, സങ്കല്പകഥകളും കൂട്ടിക്കുഴച്ച് ഷേബാ രാജ്ഞിയുടേയും സോളമൻ രാജാവിന്റേയും അവരുടെ പുത്രനായ എത്യോപ്യയിലെ മെനെലിക് ഒന്നാമൻ രാജാവിന്റേയും കഥ പറയുകയാണതിൽ. ഇക്കാലത്ത് രൂപമെടുത്തു തുടങ്ങിയ മറ്റൊരു കൃതി അക്സമിന്റെ പുസ്തകം എന്ന രചനയാണ്‌.[3]

പിൽക്കാലം

തിരുത്തുക

മതവും സാഹിത്യവും

തിരുത്തുക

സാഹിത്യത്തിന്റെ മതാഭിമുഖ്യം

തിരുത്തുക
 
ഗീയസ് ബൈബിൾ പരിഭാഷയുടെ സ്രഷ്ടാക്കളായ "നവദിവ്യന്മാരിൽ" ചിലർ - ബൈസാന്തിയ സാമ്രാജ്യത്തിലെ മതപീഡനത്തിൽ നിന്നു പലായനം ചെയ്തെത്തിയവരാണിവരെന്ന് കരുതപ്പെടുന്നു

ഗീയസ് ഭാഷയിലെ പ്രധാനകൃതികളിൽ മിക്കവയും എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ മതസാഹിത്യം കൂടിയാണ്‌. ഉത്തരകാനോനികങ്ങൾ അടക്കമുള്ള ബൈബിൾ ഗ്രന്ഥങ്ങളായിരുന്നു അതിൽ മുന്നിട്ടു നിന്നത്. ശുശ്രൂഷാക്രമങ്ങൾ, പ്രാർത്ഥനകൾ, കീർത്തനങ്ങൾ, പുണ്യവാന്മാരുടെ ചരിതങ്ങൾ, ആദിമസഭാപിതാക്കന്മാരുടെ ലിഖിതങ്ങൾ(Patristic Literature) എന്നിവയും ഈ മതോന്മുഖ സാഹിത്യത്തിന്റെ ഭാഗമായി. 14-ആം നൂറ്റാണ്ടു മുതൽ 19-ആം നൂറ്റാണ്ടു വരെ എത്യോപ്യൻ പുണ്യവാളന്മാരുടെ ചരിതങ്ങൾ തന്നെ 200-ഓളം എണ്ണം രചിക്കപ്പെട്ടു.


ഗീയസ് സാഹിത്യത്തിന്റെ ഈ മതോന്മുഖത, പുരോഹിതന്മാരുടേയും സന്യാസികളുടേയും മേൽ‌നോട്ടത്തിൽ നൽകപ്പെട്ടിരുന്ന പരമ്പരാഗത വിദ്യാഭ്യാസത്തിന്റെ ഫലമായിരുന്നു. "ദേശീയസംസ്കാരത്തിന്റെ സൂക്ഷിപ്പ്, സഭ അതിന്റെ ചുമതലയയി കണക്കാക്കി" എന്നു പറയുന്ന റിച്ചാർഡ് പാൻ‌ക്രസ്റ്റിന്റെ അഭിപ്രായത്തിൽ, എത്യോപ്യയിലെ പരമ്പരാഗതവിദ്യാഭ്യാസം മിക്കവാറും വേദപുസ്തകാധിഷ്ടിതമായിരുന്നു. അക്ഷരമാലയുടെ പഠനത്തിൽ അതു തുടങ്ങി. രണ്ടാം ഘട്ടത്തിൽ യോഹന്നാന്റെ ഒന്നാം ലേഖനം ഗീയസ് ഭാഷയിൽ മനപാഠമാക്കുകയാണ്‌ ചെയ്തിരുന്നത്. ഇതോടൊപ്പം തന്നെ എഴുത്തും അല്പം ഗണിതവും പഠിക്കാനുണ്ടാകും. മൂന്നാം ഘട്ടത്തിൽ പുതിയനിയമത്തിലെ അപ്പസ്തോലനടപടികളും ചില പ്രാർത്ഥനകളും പഠിക്കുകയും എഴുത്തിന്റേയും ഗണിതത്തിന്റേയും അഭ്യാസം തുടരുകയും ചെയ്തു...... നാലാം ഘട്ടത്തിന്റെ തുടക്കം പഴയനിയമത്തിലെ സങ്കീർത്തനങ്ങളുടെ പഠനത്തിലായിരുന്നു. വിദ്യാഭ്യാസത്തിലെ ഒരു നാഴികക്കല്ലായി അതിനെ കണക്കാക്കിയിരുന്നതിനാൽ മാതാപിതാക്കൾ, കുട്ടിയുടെ അദ്ധ്യാപകരേയും കുമ്പസാരക്കാരനായ പുരോഹിതനേയും, ബന്ധുക്കളേയും അയൽക്കാരേയും ക്ഷണിച്ചുവരുത്തി അവർക്കൊപ്പം അത് ആഘോഷിച്ചിരുന്നു.[4][5]

മതേതര സാഹിത്യം

തിരുത്തുക

ബൈബിൾ പശ്ചാത്തലമായുള്ള ധാർമ്മികരചനകളാണ്‌ ഗീയസ് സാഹിത്യത്തിൽ മുന്നിട്ടുനിൽക്കുന്നതെന്നു പറയാമെങ്കിലും മദ്ധ്യകാലത്തേതും ആധുനികകാലത്തിന്റെ ആരംഭത്തിലേതുമായ അനേക സ്വതന്ത്ര മതേതര രചനകളും ആ ഭാഷയിലുണ്ട്. ചരിത്രം, നാളാഗമങ്ങൾ, നിയമങ്ങൾ, ഭാഷാശാസ്ത്രം, വൈദ്യം, സാധാരണ കത്തുകൾ എന്നിവയും അതിന്റെ സാഹിത്യസമ്പത്തിന്റെ ഭാഗമാണ്‌. ബ്രിട്ടീഷ് ഗ്രന്ഥശാലയിലെ എത്യോപ്യൻ ശേഖരത്തിൽ 15 മുതൽ 20 വരെ നൂറ്റാണ്ടുകാലത്തെ 800-ഓളം കൈയെഴുത്തുപ്രതികളുണ്ട്. 16, 17 നൂറ്റാണ്ടുകളിലെ മന്ത്രങ്ങളും, ദൈവപ്രീതിസൂത്രങ്ങളുടെ ചുരുളുകളും സചിത്രരചനകളും അവയിൽ ഉൾപ്പെടുന്നു. 1830-40-കളിൽ ആംഗ്ലിക്കൻ പ്രേഷിതസമൂഹം സംഭാവന ചെയ്ത 74 ഗ്രന്ഥങ്ങളിൽ തുടങ്ങിയ ആ ശേഖരം 1868-ൽ എത്യോപ്യയിലെ തെവൊദ്രോസ് രണ്ടാമൻ രാജാവിന്റെ തലസ്ഥാനമായ മഗ്ദലയിലേക്കുള്ള ബ്രിട്ടീസ് ദൗത്യസംഘം ഏടുത്തുകൊണ്ടുപോന്ന 349 പുസ്തകങ്ങൾ ചേർന്നു വികസിച്ചു.

ലിപിവ്യവസ്ഥ

തിരുത്തുക

ആ ഭാഷയ്ക്കു വേണ്ടി പ്രത്യേകം രൂപപ്പെടുത്തിയ ഒരു ലിപിയിലാണ്‌ ഗീയസ് എഴുതുന്നത്. ഇടത്തു നിന്ന് വലത്തോട്ടെഴുതുന്ന ഈ ലിപി എത്യോപ്പിക്ക്, ഗീയസ് അബുഗിഡാ എന്നൊക്കെ അറിയപ്പെടുന്നു.

മറ്റു ഭാഷകൾ, പ്രത്യേകിച്ച് ഗീയസ് ഉൾപ്പെടുന്ന സെമറ്റിക് ഗോത്രത്തിൽ പെട്ടവ, എഴുതുവാനും ഗീയസ് ലിപി ഉപയോഗിക്കാറുണ്ട്. ഗീയസിനു പുറമേ ഈ ലിപി ഉപയോഗിക്കുന്ന പ്രധാനഭാഷകൾ എത്യോപ്യയിലെ അംഹാറിക്, എറിത്രിയായിലും എത്യോപ്യയിലും പ്രചാരത്തിലുള്ള തിഗ്രിന്യാ എന്നിവയാണ്‌‌. ആ ഭാഷകളിൽ ഈ ലിപി അറിയപ്പെടുന്നത് ഫിദാൽ എന്നാണ്‌. ലിപി, അക്ഷരമാല എന്നൊക്കെയാണ്‌ ആ വാക്കിന്‌ അർത്ഥം. സെബാത്ബീറ്റ്, മീയൻ, അഗ്യൂ എന്നിവയുൾപ്പെടെ എത്യോപ്യയിലെ ഇതരഭാഷകളും എറിത്രിയായിലെ ടിഗ്രെ, ബ്ലിൻ ഭാഷകളും ഈ ലിപി ഉപയോഗിച്ചാണെഴുതുന്നത്. ആഫ്രിക്കൻ കൊമ്പിലെ (Horn of Africa) ഒറോമോ പോലുള്ള മറ്റുചില ഭാഷകളും നേരെത്തെ ഈ ലിപിയിൽ എഴുതിയിരുന്നെങ്കിലും ഇപ്പോൾ അവ റോമൻ ലിപിയെ അടിസ്ഥാനമാക്കിയ എഴുത്തുവ്യവസ്ഥയിലേക്കു മാറി.

  1. "Matara Aksumite & Pre-Aksumite City Webpage". Archived from the original on 2006-02-11. Retrieved 2006-02-11.
  2. [1], [url=http://ethiopianheritagefund.org/artsNewspaper.html]}"Discovery Archived 2015-07-02 at the Wayback Machine. of earliest illustrated manuscript," Martin Bailey, The Art Newspaper, June 2010.
  3. 3.0 3.1 Budge, E. A. Wallis. 1928. A History of Ethiopia: Nubia and Abyssinia, Oosterhout, the Netherlands: Anthropological Publications, 1970.
  4. എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ വെബ്‌സൈറ്റിലെ വിവരണം
  5. Pankhurst, Richard K.P. 1968.An Economic History of Ethiopia, 1800-1935, Addis Ababa: Haile Selassie I University Press.
"https://ml.wikipedia.org/w/index.php?title=ഗീയസ്_ഭാഷ&oldid=3803854" എന്ന താളിൽനിന്ന് ശേഖരിച്ചത്