ഇഞ്ചി
ഇഞ്ചിച്ചെടിയുടെ, മണ്ണിനടിയിൽ വളരുന്ന കിഴങ്ങാണ് ഇഞ്ചി. ഒരു സുഗന്ധദ്രവ്യവും ഔഷധവുമാണ് ഇഞ്ചി. ഇംഗ്ലീഷ്: Ginger. സ്സിഞ്ജിബർ ഒഫീസിനാലെ (Zingiber officinale ) എന്നാണ് ശാസ്ത്രീയ നാമം. ആഹാരപദാർത്ഥങ്ങളിലും ഔഷധങ്ങളിലും ഇഞ്ചി വളരെയധികം ഉപയോഗിച്ചുവരുന്നു. ഇതിന്റെ കിഴങ്ങാണ് ഉപയോഗയോഗ്യമായ ഭാഗം. ചൈനയിലാണ് ഇഞ്ചി ഉത്ഭവം കൊണ്ടത്. പിന്നീട് ഇന്ത്യ, തെക്ക്കിഴക്ക് ഏഷ്യ, ദക്ഷിണ ആഫ്രിക്ക, കരീബിയ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ഇഞ്ചി പ്രത്യേകതരത്തിൽ ഉണക്കിയെടുക്കുന്ന ചുക്ക്, ആയുർവേദത്തിലെ മിക്ക ഔഷധങ്ങളിലും ഒരു പ്രധാന ചേരുവയാണ്. ചുക്കിലാത്ത കഷായം ഇല്ല എന്ന് ചൊല്ലു പോലും ഉണ്ട്.
ഇഞ്ചി | |
---|---|
Color plate from Köhler's Medicinal Plants | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
ക്ലാഡ്: | Commelinids |
Order: | Zingiberales |
Family: | Zingiberaceae |
Genus: | Zingiber |
Species: | Z. officinale |
Binomial name | |
Zingiber officinale | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
പേരിന് പിന്നിൽ
തിരുത്തുകഇഞ്ചി എന്ന മലയാള പദം ചിങ്കി വേർ[അവലംബം ആവശ്യമാണ്] എന്ന ദ്രാവിഡ മൂലപദത്തിൽ നിന്നുണ്ടായതാണ്. ചിങ്കി വേർ* > സിങ്കി വേർ*> ഇങ്കി വേർ* > ഇഞ്ചി വേര് . തമിഴിലും ഇഞ്ചി തന്നെ. കന്നഡത്തിൽ ശുണ്ഠി എന്നും തെലുങ്കിൽ അല്ലം എന്നും ഇഞ്ചി അറിയപ്പെടുന്നു .
ഇംഗ്ലീഷ് പദമായ ജിഞ്ചറും മൂലദ്രാവിഡ പദത്തിൽ നിന്ന് തന്നെ നിഷ്പന്നമായതാണ് . [അവലംബം ആവശ്യമാണ്]
മറ്റു ഭാഷകളിൽ:
സംസ്കൃതം: ശൃംഗവേര , ആർദ്രകം
അറബി: زنجبيل ( zanjibayl)
ലത്തീൻ: gingiber
ഗ്രീക്ക്: τζίντζερ ( tzintzer)
ഒട്ടു മിക്ക ലോകഭാഷകളിലും ഇഞ്ചിയെക്കുറിക്കുന്ന പദം മേൽ കാണിച്ചിട്ടുള്ള ദ്രാവിഡ പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞ വന്നിട്ടുള്ളതാണ്.[അവലംബം ആവശ്യമാണ്] പുരാതന ഭാരതവുമായുണ്ടായിരുന്ന വ്യാപാര ബന്ധങ്ങളാണ് ഇതിനു കാരണം.
വിവരണം
തിരുത്തുക30-90 സെ.മീ ഉയരത്തിൽ വളരുന്ന ചിരസ്ഥായിയായ സസ്യമാണ്. മണ്ണിനു മുകളിലുള്ള ഭാഗം ആണ്ടു തോറും നശിക്കുമെങ്കിലും അടിയിലുള്ള കിഴങ്ങ് വീണ്ടും വളരുന്നു.
നടീൽവസ്തു
തിരുത്തുകകിഴങ്ങ് തന്നെയാണ് നടീൽവസ്തുവായി ഉപയോഗിക്കുന്നത്. ഗവേഷണ സ്ഥാപനങ്ങൾ പുറത്തിറക്കിയിട്ടുള്ള അത്യുത്പാദനശേഷിയുള്ള വിത്തുകളുടെ ലഭ്യത കുറവായതിനാൽ വിളവെടുക്കുമ്പോൾ തന്നെ അതിൽ നിന്നും നടുന്നതിലേക്കാവശ്യമായ വിത്തു കാണ്ഡങ്ങൾ ശേഖരിക്കേണ്ടതാണ്. ഇങ്ങനെ വിത്തുകൾ എടുക്കുന്നതിലേക്കായി ഒക്ടോബർ നവംബർ മാസങ്ങളിൽ രോഗകീട ബാധയില്ലാത്ത തടങ്ങൾ അടയാളപ്പെടുത്തി വയ്ക്കാവുന്നതാണ്. ഡിസംബർ ജനുവരി മാസത്തിൽ വിളവെടുക്കുന്ന വിത്തിഞ്ചി,വർഷത്തിലെ ഏറ്റവും ചൂടുകൂടിയ മാസങ്ങളായ ഏപ്രിൽ മെയ് മാസങ്ങളിൽ ചുരുങ്ങാതെയും രോഗകീടബാധയേൽക്കാതെയും സൂക്ഷിക്കേണ്ടതുമാണ്. ഇതിലേക്കായി പല രീതികൾ അവലംബിക്കാമെങ്കിലും തണുപ്പുള്ള ഷെഡ്ഡുകളിൽ കുഴികൾ ഉണ്ടാക്കി സൂക്ഷിക്കുന്ന രീതിയാണ് ഏറ്റവും എളുപ്പത്തിൽ വിത്തുകൾ സൂക്ഷിക്കാനുള്ള വഴി. വിത്തിനായി തിരഞ്ഞെടുക്കുന്ന ഇഞ്ചി, കുമിൾനാശിനി, കീടനാശിനി എന്നിവയുടെ മിശ്രിതലായനിയിൽ 30 മിനിറ്റ് മുക്കി വയ്ക്കുന്നത് കീടരോഗങ്ങളെ അകറ്റാൻ സഹായകരമാണ്. ഇങ്ങനെ ലായനിയിൽ മുക്കിയെടുത്ത വിത്തിഞ്ചി വെള്ളം വാർത്തു തണലത്തുണക്കി; കുഴികളിൽ താഴെ അറക്കപ്പൊടിയോ മണലോ വിരിച്ച് അതിനുമീതെ പരത്തിയിടാവുന്നതാണ്. വിത്തിഞ്ചിയുടെ മീതെ പാണലിന്റെ ഇലകൾ ഇട്ട് മൂടുന്നത് കീടബാധയിൽ നിന്നും സംരക്ഷണം നൽകുന്നതുകൂടാതെ ചുരുങ്ങാതിരിക്കുന്നതിനും നല്ലതാണ്. ഇപ്രകാരം ഇഞ്ചിവിത്ത് കൃഷിയിറക്കുന്നതിനു മുൻപായി 15 ഗ്രാം മുതൽ 20 ഗ്രാം വരെ ഭാരമുള്ളതും രണ്ടോ മൂന്നോ മുകുളങ്ങളുള്ളതുമായ് കഷണങ്ങളാക്കി വീണ്ടും കുമിൽ നാശിനി കീടനാശിനീ മിശ്രിതത്തിൽ അര മണിക്കൂർ മുക്കി തണലത്ത് ഉണക്കി കൃഷിക്കായി ഉപയോഗിക്കാം.
കൃഷിരീതി
തിരുത്തുകകേരളത്തിലെ ഭൂപ്രകൃതിയനുസരിച്ച് സമുദ്രനിരപ്പിൽ നിന്നും 1500 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ഇഞ്ചി കൃഷി ചെയ്യാമെങ്കിലും 300 മീറ്ററിനും 900 മീറ്ററിനും ഇടയിൽ ഉയരമുള്ള പ്രദേശങ്ങളാണ് ഉചിതം. ചൂടും ഈർപ്പവും കലർന്ന കാലാവസ്ഥയാണ് ഇഞ്ചികൃഷിക്ക് നല്ലത്. മഴയെ ആശ്രയിച്ചോ ജലസേചന സൗകര്യം ഏർപ്പെടുത്തിയോ കൃഷി ചെയ്യാവുന്നതുമാണ്. കൃഷി മഴയെ മാത്രം ആശ്രയിച്ച് ആണെങ്കിൽ നടുന്ന സമയത്ത് മിതമായും വളർച്ച സമയത്ത് സമൃദ്ധമായി മഴ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. വിളവെടുപ്പിന് ഒരു മാസം മുൻപെങ്കിലും മഴ നിലച്ചിരിക്കുകയും വേണം. മിതമായ തോതിൽ തണൽ ഇഷ്ടപ്പെടുന്ന വിളയാണിതെങ്കിലും സൂര്യപ്രകാശം ധാരാളം ലഭിക്കുന്ന സ്ഥലങ്ങളിലും നല്ലതുപോലെ വളർച്ച കാണിക്കുന്നു.
കുറച്ചുകാലം കൃഷിയൊന്നും ചെയ്യാതിരുന്നതും വളക്കൂറുള്ളതും ജൈവാംശം കൂടിയതുമായ മണ്ണാണ് ഇഞ്ചി കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. അങ്ങനെ തിരഞ്ഞെടുക്കുന്ന മണ്ണ്; നല്ല നീർവാഴ്ചയുള്ളതും നല്ലതുപോലെ വായു സഞ്ചാരം ഉള്ളതുമായിരിക്കണം. കൂടാതെ ഇങ്ങനെ തിരഞ്ഞെടുക്കുന്ന മണ്ണിന്റെ അമ്ല-ക്ഷാര സൂചിക ആറിനും ഏഴിനും ഇടയിലുമായിരിക്കണം. പുളി രസം കൂടുതലായി കാണപ്പെടുന്ന മണ്ണിൽ കുമ്മായം വിതറി അമ്ലരസം കുറയ്ക്കാവുന്നതാണ്. മണ്ണിൽ നിന്നും ധാരാളം ജലം വലിച്ചെടൂക്കുന്നതിനാലും മണ്ണിലൂടെ രോഗകാരികളായ ബാക്റ്റീരിയയും കുമിളുകളൂം പടരുന്നതിനാലും ഒരേസ്ഥലത്ത് തുടർച്ചയായി ഇഞ്ചി കൃഷി ചെയ്യരുത്. കുറഞ്ഞത് ഒരേ കൃഷിസ്ഥലത്തെ കൃഷിയുടെ ഇടവേളകൾ രണ്ടുവർഷം വരെ ആകാവുന്നതുമാണ്.
മഴയെ മാത്രം ആശ്രയിച്ചുള്ള കൃഷിയാണെങ്കിൽ പുതുമഴ കിട്ടുന്നതോടുകൂടി നിലമൊരുക്കാവുന്നതാണ്. നന്നായി ഉഴുതോ കിളച്ചോ മണ്ണിളകുന്ന വിധത്തിൽ തടങ്ങൾ കോരുന്നു.ഓരോ പ്രദേശത്തിന്റേയും കൃഷി രീതിയനുസരിച്ച് തടത്തിന്റെ ആകൃതി നിശ്ചയിക്കാവുന്നതാണ്. അടിവളമായി ക്മ്പോസ്റ്റോ കാലിവളമോ ചേർക്കാവുന്നതാണ്. തടങ്ങൾ തമ്മിൽ ഏകദേശം ഒരടി അകലത്തിൽ 25 സെന്റിമീറ്റർ ഉയരത്തിൽ നിർമ്മിക്കാവുന്നതാണ്. വിത്തിഞ്ചി തടങ്ങളിൽ 25 സെന്റീമീറ്റർ അകലത്തിൽ കുഴികളെടുത്ത് അതിൽ 5 സെന്റീമീറ്റർ താഴ്ചയിൽ ചെറിയ കുഴികളിൽ നടാവുന്നതാണ്. നടുന്നതിനോടൊപ്പം ട്രൈക്കോഡർമ അടങ്ങിയ ചാണകപ്പൊടി - വേപ്പിൻ പിണ്ണാക്ക് മിശ്രിതം ചെറിയ കുഴികളിൽ ഇട്ട് മണ്ണിട്ടു മൂടുന്നത്; മണ്ണിലൂടെയുള്ള രോഗങ്ങളെ നിയന്ത്രിക്കാൻ സാധ്യമാകുന്നു.
പരിപാലനം
തിരുത്തുകവിത്ത് കൃഷിക്കായി ശേഖരിക്കുന്നതു മുതൽ വിളവെടുപ്പുവരെ വളരെയധികം പരിപാലനം ആവശ്യമുള്ള ഒരു സസ്യമാണ് ഇഞ്ചി. കൃഷിക്കായി ഒരുക്കുന്ന കീടരോഗങ്ങൾ ഇല്ലാത്ത ചെടികളിൽ നിന്നു മാത്രം വിത്തിനുള്ള ഇഞ്ചി ശേഖരിക്കുക. കൃഷി സമയത്തേക്കായി കീടങ്ങളുടെ ആക്രമണം ഇല്ലാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുക. നടുന്നതിനായി സമുദ്രനിരപ്പിൽ നിന്നും 300 മീറ്റർ മുതൽ 900 മീറ്റർ വരെ പൊക്കമുള്ള പ്രദേശങ്ങൾ തിരഞ്ഞെടുക്കുക. കൃത്യമായ കാലയളവിലുള്ള രാസവള/ജൈവവളപ്രയോഗം. എന്നിവയും പരിപാലനത്തിൽ ഉൾപ്പെടുന്ന പ്രധാന കാര്യങ്ങളാണ്. നിത്യേനയുള്ള നിരീക്ഷണം ഇഞ്ചിയുടെ കൃഷിയിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു സംഗതിയാണ്. പരിപാലനത്തിൽ ഏറ്റവും പ്രധാന സംഗതിയായി കരുതുന്നത് ഇഞ്ചിയുടെ ചുവട്ടിലെ പുതയിടൽ ആണ്. നടീൽ കഞ്ഞ ഉടനേതന്നെ ഒരു പച്ചില തടത്തിനു മുകളിൽ വിരിക്കുന്നത് തടത്തിലെ ഈർപ്പം നഷ്ടപ്പെടുന്നത് ഒരു പരിധിവരെ തടയുന്നതിനുള്ള പ്രധാന മാർഗ്ഗമാണ്. ഇങ്ങനെ പുതയിടുന്നതിനാൽ വലിയ മഴയിൽ നിന്നും ഒലിച്ചു പോകാതെ വിത്തിനെ സംരക്ഷിക്കുന്നു. പുതയിടുന്നതിനായി പച്ചില കിട്ടാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ ഒന്നാം മഴ കഴിഞ്ഞാൽ തടങ്ങൾക്കിടയിലുള്ള സ്ഥലങ്ങളിൽ ഡയിഞ്ചയുടെ വിത്ത് വിതയ്ക്കുന്നത് നന്നായിരിക്കും. അവ പിന്നീട് വെട്ടി പുതയിടുന്നതിനായി ഉപയോഗിക്കാവുന്നതാണ്. ഓരോ പ്രാവശ്യവും വളപ്രയോഗത്തിനു മുൻപ് തടത്തിൽ നിന്നും കളകൾ നീക്കം ചെയ്യേണ്ടതാണ്.
വളപ്രയോഗം
തിരുത്തുകവളരെയധികം മൂലകങ്ങളെ സ്വീകരിച്ച് വളരുന്ന വിളയാണ് ഇഞ്ചി. അതിനാൽ തന്നെ ശാസ്ത്രീയമായ രീതിയിലുള്ള മണ്ണു പരിശോധനയ്ക്കു ശേഷം നടത്തുന്ന വളപ്രയോഗമാണ് നല്ലത്. ആദ്യത്തെ മൂന്നുമുതൽ നാലുമാസം വരെയാണ് ഇഞ്ചിയുടെ വളാർച്ച് ദ്രുതഗതിയിലുള്ളത്. അതിനാൽ നാലുമാസത്തിനുള്ളിൽ വളം മുഴുവനും ചെടികൾക്ക് നൽകേണ്ടതാണ്. ഒരു ഹെക്ടർ കൃഷി സ്ഥലത്ത് 163 കിലോഗ്രാം യൂറിയ, 250 കിലോഗ്രാം മസോറിഫോസ്, 85 കിലോഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ രാസവളങ്ങൾ ഉപയോഗിക്കണം എന്നാണ് കേരള കാർഷിക സർവകലാശാലയുടെ ശുപാർശ. ഇതി മുഴുവൻ ഫോസ്ഫറസും, പകുതി പൊട്ടാഷും അടിവളം ആയി ഉപയോഗിക്കണം. കൂടാതെ നടീൽ കഴിഞ്ഞ് രണ്ടു മാസം പ്രായമായാൽ യൂറിയയുടെ പകുതിയും നാലുമാസപ്രായത്തിൽ ബാക്കി യൂറിയയും പകുതി പൊട്ടാഷും നൽകണം. . നൈട്രജൻ, പൊട്ടാസ്യം, ഫോസ്ഫറസ്, കാത്സ്യം, മഗ്നീഷ്യം, എന്നിവയാണ് ഇഞ്ചിയുടെ വളർച്ചക്ക് വേണ്ട മൂലകങ്ങൾ. സിങ്കിന്റെ അഭാവം മണ്ണിൽ ഉണ്ടായാൽ സിങ്ക് സൾഫേറ്റ് 5 കിലോഗ്രാം ഒരു ഹെക്ടർ എന്ന തോതിലും നൽകാം. വളപ്രയോഗത്തിനുശേഷം തടങ്ങളിൽ മണ്ണ് കയറ്റി പുതയിടേണ്ടതുമാണ്.
രോഗം/കീടം
തിരുത്തുകമണ്ണിൽ കൂടിയും വിത്തിൽ കൂടിയും ഇഞ്ചിയിൽ പകരുന്ന രോഗങ്ങളാണ് മൃദുചീയൽ, ബാക്റ്റീരിയൽ വാട്ടം എന്നിവ. ഇഞ്ചിയെ പ്രധാനമായും ആക്രമിക്കുന്ന കീടം തണ്ടുതുരപ്പനാണ്.
തണ്ടുതുരപ്പൻ
തിരുത്തുകഇഞ്ചി നട്ട് ആദ്യം ആക്രമിക്കുന്ന കീടമാണ് തണ്ടുതുരപ്പൻ. ജൂൺ -ജൂലൈ മാസത്തിലാണ് ഇത് ആക്രമിക്കുന്നത്. ചെടിയുടെ നടുവിലെ ഇല മഞ്ഞളിച്ച് ഉണങ്ങുകയും ചെടിയുടേ അടിഭാഗം പുഴു തുരന്നിരിക്കുന്നതായും കാണാം. ഇങ്ങനെ തുരന്നിരിക്കുന്ന ഭാഗത്തുകൂടി ചെടിയുടെ ഭാഗങ്ങൾ പൊടി രൂപത്തിൽ കട്ടയായി പുറത്തേക്കു വന്നിരിക്കുന്നതും കാണാം. എക്കാലക്സ് , റോഗർ എന്നിവയിലേതെങ്കിലും രാസകീടനാശിനി വെള്ളത്തിൽ ലയിപ്പിച്ച് ചെടി മുഴുവനും തളിക്കുക. കൂടാതെ ഉണങ്ങിയ കൂമ്പ് പറിച്ച് കരിച്ചു കളയുകയും വേണം. ഇഞ്ചിയിൽ മൃദു ചീയൽ, ബാക്റ്റീരിയൽ വാട്ടം എന്നീ രോഗങ്ങൾ വരാനുള്ള സാധ്യത കൂട്ടുന്നതിനാൽ തണ്ടുതുരപ്പനെ കൃത്യമായും നിയന്ത്രിക്കേണ്ടതാണ്.
മൃദുചീയൽ
തിരുത്തുകഇഞ്ചിയെ ആക്രമിക്കുന്ന പ്രധാന കുമിൾ ജന്യ രോഗമാണിത്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഈ രോഗം കൂടുതലായി ഉണ്ടാകുന്നത്. ഈ രോഗം ബാധിച്ച ഇലകൾ മഞ്ഞളിക്കുകയും തണ്ട് അഴുകി മൃദുവായി തീരുകയും ഒടിഞ്ഞുവീഴുകയും ചെയ്യും. കൂടാതെ കിഴങ്ങുകൾ അഴുകി നശിക്കുകയും ചെയ്യുന്നു.. രോഗബാധയേൽക്കാത്ത വിത്തുകിഴങ്ങുകൾ ശേഖരിച്ച് കീട - കുമിൾ നാശിനികളിൽ മുക്കിയവ കൃഷിക്കായി ഉപയോഗിക്കുക. തടത്തിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക. തുടർച്ചയായി ഒരേ സ്ഥലത്തു തന്നെയുള്ള കൃഷി ഒഴിവാക്കുക. എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഈ രോഗത്തെ ചെറുക്കാവുന്നതാണ്. രോഗം ബാധിച്ച ചെടികൾ പിഴുതു മാറ്റി നശിപ്പിക്കുക, രോഗബാധയേറ്റ ചെടികളുടെ ചുറ്റിലും നിൽക്കുന്ന ചെടികളിലും കുമിൾ നാശിനി പ്രയോഗിക്കുക.
ബാക്ടീരിയൽ വാട്ടം
തിരുത്തുകഇഞ്ചിയുടെ കൃഷിയിൽ മാരകമായി ബാധിക്കുന്ന ഒരു രോഗമാണിത്. വളരെ പെട്ടെന്ന് വ്യാപിക്കുന്ന ഒരു രോഗം കൂടിയാണിത്. ജലാംശം കുറഞ്ഞ് ഇലകൾ ചുരുണ്ടിരിക്കുന്നതും പച്ചയായിരിക്കുമ്പോൾ തന്നെ വാടുന്നതും ബാക്റ്റീരിയൽ വാട്ടത്തിന്റെ പ്രാരംഭ ൽക്ഷണങ്ങളാണ്. ഇതു കൂടാതെ ചെടികളിൽ ഓറഞ്ച് നിറം പ്രത്യക്ഷപ്പെട്ട് ക്രമേണ മഞ്ഞളിച്ച് വാടിപ്പോകുന്നതും ഇതിന്റെ ലക്ഷണമാണ്. വളരെ പെട്ടെന്ന് പകരുന്ന ഒരു രോഗമാണിത്. ഇങ്ങനെയുള്ള രോഗം ബാധിച്ചിട്ടുള്ള പ്രദേശങ്ങളിൽ വിത്തിഞ്ചി കുമിൾ നാശിനി , കീടനാശിനി എന്നിവ കൂടാതെ സ്ട്രെപ്റ്റോസൈക്ലിൻ എന്ന ബാക്ടീരിയനാശിനിയിൽ അരമണിക്കൂർ മിക്കി വച്ച് തണലത്തുണക്കി നടാവുന്നതാണ്. ഈ രോഗം ചെടികളിൽ പ്രത്യക്ഷപ്പെട്ടാലുടനെ കോപ്പർ ഓക്സിക്ലോറൈഡ് വെള്ളത്തിൽ കലക്കി രോഗം ബാധിച്ച ചെടിക്കും അതിനും ചുറ്റിലുമുള്ള ചെടികൾക്കുമായി തളിക്കാവുന്നതാണ്.
പുള്ളിക്കുത്ത്
തിരുത്തുകസെപറ്റംബർ - ഒക്ടോബർ മാസത്തോടുകൂടി ഇഞ്ചിയിൽ പ്രത്യക്ഷപ്പെടുന്ന ഒരു രോഗമാണ് പുള്ളിക്കുത്ത്. തുറസ്സായ സ്ഥലത്ത് കൃഷി ചെയ്യുമ്പോഴാണ് ഇ ഇരോഗം വരുന്നത്.. ഇത് നിയന്ത്രിക്കാനായി ബോർഡോ മിശ്രിതമോ ഇൻഡോഫിൽ എം. 45 എന്ന രാസ കീടനാശിനിയോ ഉപയോഗിക്കാവുന്നതാണ്.
വിളവെടുപ്പ്
തിരുത്തുകഇഞ്ചി നട്ട് ഏഴെട്ടുമാസം പ്രായമാകുന്നതോടെ അവയുടെ ഇലകളും തണ്ടുകളും ഉണങ്ങി തുടങ്ങുന്നു. അതാണ് വിളവെടുപ്പിന് അനുകൂല സമയം. ഇലകളും തണ്ടുകളും പൂർണ്ണമായും ഉണങ്ങുന്നതോടെ വിളവെടുപ്പ് ആരംഭിക്കാം. ഉപയോഗക്രമം അനുസരിച്ചും വിലയുടെ ഏറ്റക്കുറച്ചിലും അനുസരിച്ച് ഇഞ്ചിയുടെ വിളവെടുപ്പിൽ ഏറ്റക്കുറച്ചിലുകൾ വരാറുണ്ട്. ഇഞ്ചി നട്ട് ആറാം മാസത്തിലെ വിളവെടുപ്പ് പ്രധാനമായും പച്ച ഇഞ്ചി, ബാഷ്പശീല തൈലം, ഓളിയ്യോറസിൻ എന്നിവക്കായിട്ടാണ്. പുതിയ വിത്തിഞ്ചി, ചുക്ക് എന്നിവയ്ക്ക് എട്ടാം മാസത്തെ വിളവെടുപ്പുമാണ് നല്ലത്. വിളവെടുക്കാൻ കാലതാംസം നേരിട്ടാൽ ഇഞ്ചി ഉണങ്ങി അഴുകുന്ന ഒരു തരം കുമിൾ രോഗം വരാനുള്ള സാധ്യതയുമുണ്ട്.
രസാദി ഗുണങ്ങൾ
തിരുത്തുകരസം :കടു
ഗുണം :രൂക്ഷം, ഗുരു, തീക്ഷ്ണം
വീര്യം :ഉഷ്ണം
വിപാകം :മധുരം [2]
ഔഷധയോഗ്യമായ ഭാഗം
തിരുത്തുകകിഴങ്ങ്
ഔഷധഫലം
തിരുത്തുകഇഞ്ചി ഒരു സുഗന്ധദ്രവ്യമാണ്. ഉദരരോഗങ്ങൾ, ഛർദ്ദി എന്നിവയെ ശമിപ്പിക്കും. ദഹനകേടിനു ഫലപ്രദമാണ്. അജീർണ്ണം, അതിസാരം, പ്രമേഹം, അർശസ് എന്നിവയിലെല്ലാം ഉപയോഗിക്കാം. കൂടാതെ കൂട്ടാനുകളിലും അച്ചാർ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നു.
പുതിയ ഇഞ്ചിവിത്തിനങ്ങൾ
തിരുത്തുകനാടൻ വിത്തിനങ്ങൾക്കു പുറമേ അത്യുത്പാദനശേഷിയുള്ള പുതിയ സങ്കരയിനം ഇഞ്ചി വിത്തുകളും പുറത്തിറക്കിയിട്ടുണ്ട്.
- വരദ, രജത, മഹിമ - കേന്ദ്ര സുഗന്ധവിള സ്ഥാപനം
- ആതിര, കാർത്തിക - കാർഷിക സർവകലാശാല
ചുക്ക്
തിരുത്തുകഉണങ്ങിയ ഇഞ്ചിയാണ് ചുക്ക്. സുഗന്ധദ്രവ്യമായും ഔഷധമായും ചുക്ക് ഉപയോഗിക്കുന്നു.
ചിത്രസഞ്ചയം
തിരുത്തുക-
ഇഞ്ചി ചെടി
-
ഇഞ്ചി
-
ചുക്ക് - ഇഞ്ചി ഉണക്കിയത്
അവലംബം
തിരുത്തുക- ↑ "Zingiber officinale information from NPGS/GRIN". ars-grin.gov. Archived from the original on 2015-10-01. Retrieved 3 March 2008.
- ↑ ഡോ. എസ്., നേശമണി (1985). ഔഷധസസ്യങ്ങൾ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം. ISBN 81-7638-475-5.
- ഡോ.നാരായണൻ നായര്, മൃതസഞ്‌ജീവിനി
കുറിപ്പുകൾ
തിരുത്തുകഇതരലിങ്കുകൾ
തിരുത്തുക- Plant Cultures: botany, history and uses of ginger Archived 2006-06-13 at the Wayback Machine.
- Medicinal uses of ginger Archived 2007-04-06 at the Wayback Machine.