പത്രോസ് എഴുതിയ ഒന്നാം ലേഖനം

(First Epistle of Peter എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുതിയ നിയമം

ക്രിസ്തീയബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ പുസ്തകങ്ങളിൽ ഒന്നാണ് പത്രോസ് എഴുതിയ ഒന്നാം ലേഖനം. "1 പത്രോസ്" എന്ന ചുരുക്കപ്പേരും ഇതിനുണ്ട്. റോമിലെയോ അന്ത്യോഖ്യായിലേയോ മെത്രാനായിരിക്കെ, ക്രിസ്തുശിഷ്യനായ പത്രോസ് രചിച്ചതാണിതെന്ന് ക്രിസ്തീയപാരമ്പര്യം ഘോഷിക്കുന്നു. എങ്കിലും ലേഖകന്റെ സഭാധികാരസ്ഥാനത്തെക്കുറിച്ച് ലേഖനത്തിൽ സൂചനയൊന്നുമില്ല. മതപരമായ പീഡനത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്ന ഏഷ്യാമൈനറിലെ സഭകൾക്കു വേണ്ടിയാണ് ഇതെഴുതപ്പെട്ടത്. ആധുനികനിരൂപകന്മാരിൽ ഒട്ടേറെപ്പേർ ഇതിനെ പത്രോസിന്റെ രചനയായി കണക്കാക്കുന്നില്ല.[1]

കർതൃത്വം

തിരുത്തുക

മർക്കോസ് എഴുതിയതും യേശുശിഷ്യനായ പത്രോസിന്റെ സ്മരണകളെ ആശ്രയിച്ചുള്ളതെന്നു പറയപ്പെടുന്നതുമായ സുവിശേഷം, കാനോനികസുവിശേഷങ്ങളിൽ ഒന്നെന്ന നിലയിൽ പുതിയനിയമത്തിന്റെ ഭാഗമാണ്. അതേസമയം പത്രോസിന്റെ നടപടികൾ, പത്രോസിന്റെ സുവിശേഷം, പത്രോസിന്റെ പ്രഭാഷണം, പത്രോസിന്റെ വെളിപാട്, പത്രോസിന്റെ വിധി എന്നിങ്ങനെ പത്രോസിന്റെ പേരിൽ അറിയപ്പെടുന്ന സന്ദിഗ്ദ്ധരചനകൾ കാനോനികമായി അംഗീകരിക്കപ്പെടാത്തതിനാൽ പുതിയനിയമത്തിന്റെ ഭാഗമല്ല. എന്നാൽ പത്രോസിന്റെ[2] പേരിൽ അറിയപ്പെടുന്ന രണ്ടു രണ്ടു കാതോലിക ലേഖനങ്ങൾ, അവയുടെ ആധികാരികതയെക്കുറിച്ച് തർക്കങ്ങളുണ്ടെങ്കിലും പുതിയനിയമത്തിന്റെ ഭാഗമാണ്.

പത്രോസിന്റെ ഒന്നാം ലേഖനത്തിന്റെ കർത്താവ് ആമുഖഭാഗത്ത്, "യേശുവിന്റെ അപ്പസ്തോലനായ പത്രോസ്" എന്നു സ്വയം പരിചയപ്പെടുത്തുന്നു. ഐറേനിയസ് (140-203), തെർത്തുല്യൻ (150-222), അലക്സാണ്ഡ്രിയയിലെ ക്ലെമന്റ് (155-215) ഒരിജൻ (185-253) തുടങ്ങിയ സഭാപിതാക്കൾ ഇതിനെ പത്രോസിന്റെ രചനയായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ഇതു പത്രോസിന്റെ രചനയല്ലെന്നും പത്രോസിന്റെ മരണശേഷം ക്രിസ്തുവർഷം 75-നും 112-നും ഇടയ്ക്ക് അദ്ദേഹത്തിന്റെ പേരിൽ അജ്ഞാതനായ ഒരു വ്യക്തി എഴുതിയതാണെന്നും കരുതുന്ന പണ്ഡിതന്മാരുണ്ട്.[3]

സ്വീകർത്താക്കൾ

തിരുത്തുക

"പൊന്തെസ്, ഗലാത്തിയ, കപ്പദോക്യ, ആസ്യ, ബിഥുനിയ എന്നിവിടങ്ങളിൽ ചിതറിപ്പാർക്കുന്ന പ്രവാസികൾക്ക്, യേശുക്രിസ്തുവിന്റെ അപ്പസ്തോലനായ പത്രോസ് എഴുതുന്നത്" എന്ന ലേഖനത്തിന്റെ തുടക്കത്തിൽ പ്രവാസികളെക്കുറിച്ചുള്ള പരാമർശത്തിൽ നിന്ന്, പ്രവാസിയഹൂദർക്കിടയിലെ സഭകളെയാണ് ലേഖകൻ സംബോധന ചെയ്യുന്നതെന്നു തോന്നുമെങ്കിലും ലേഖനത്തിന്റെ ഉള്ളടക്കത്തിൽ നിന്നു സാധ്യമായ അനുമാനം യഹൂദേതരസമൂഹങ്ങളിലെ ക്രിസ്തീയസഭകൾക്കു വേണ്ടി ഇത് എഴുതപ്പെട്ടു എന്നാണ്. ഈ പ്രദേശങ്ങളിലെ സഭകളിൽ ചിലത് പൗലോസ് അപ്പസ്തോലൻ സ്ഥാപിച്ചവയോ പുനസ്ഥാപിച്ചവയോ ആണെന്നതിന് അപ്പസ്തോലനടപടികളിൽ സൂചനയുണ്ട് [4]

പീഡനങ്ങൾക്കിടെ സ്ഥിരതയും വിശ്വാസദൃഢതയും കാട്ടാനും, വിശുദ്ധജീവിതത്തിന്റെ പ്രായോഗികവശങ്ങളിൽ ശ്രദ്ധിക്കാനും ലേഖകൻ സഭാംഗങ്ങളോടാവശ്യപ്പെടുന്നു. ക്ഷമയുടേയും വിശുദ്ധിയുടേയും ആവശ്യകതയെക്കുറിച്ചുപദേശിച്ച ശേഷം സഭാനേതാക്കൾക്കും മറ്റുമുള്ള പ്രത്യേകോപദേശത്തിൽ ലേഖനം സമാപിക്കുന്നു(അദ്ധ്യായം 5).

പൊതുവേ ലേഖനത്തിന്റെ ഉള്ളടക്കം, പൗലോസിയ ക്രിസ്തീയതയുടേയും കാനോനിക സുവിശേഷങ്ങളിലെ പ്രബോധനങ്ങളുടേയും ചട്ടക്കൂടിൽ നിന്നാണ്. ധാർമ്മികോപദേശങ്ങളും വേദപ്രബോധനവും അതിൽ ചേർന്നു നിൽക്കുന്നു.

നരകത്തിലെ പ്രഘോഷണം

തിരുത്തുക

"ശരീരത്തിൽ മരിച്ചവരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്മാവിൽ ദൈവത്തെപ്പോലെ ജീവിക്കുന്നതിനു വേണ്ടിയാണ് മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്" എന്ന കൗതുകകരമായ വാക്യം ലേഖനത്തിലുണ്ട് (4:6). ഇതിനു സമാനമായി, വളരെച്ചുരുക്കം പ്രസ്താവനകളേ[5] പുതിയനിയമത്തിൽ കാണാനുള്ളു. ഈ പ്രബോധനം പിന്നീട് അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണത്തിൽ ചേർക്കപ്പെട്ടപ്പോൾ “അവൻ പാതാളങ്ങളിൽ ഇറങ്ങി” എന്നായി. തെർത്തുല്യന്റേതുപോലുള്ള ആദ്യകാലവിശ്വാസപ്രമാണങ്ങളിൽ ഈ വകുപ്പ് കാണുന്നില്ല. ഈ ആശയം മദ്ധ്യകാലകഥകളുടേയും കേന്ദ്രസങ്കല്പമായി.

പത്രൊസ് എഴുതിയ ഒന്നാം ലേഖനം

  1. "1 പത്രോസ്, പത്രോസിന്റെ രചനയല്ലെന്നും അപ്പസ്തോലികകാലത്തിനു ശേഷമാണ് അതെഴുതപ്പെട്ടതെന്നും മിക്കവാറും പണ്ഡിതന്മാർ കരുതുന്നു." സ്റ്റീഫൻ എൽ ഹാരിസ്, Understanding the Bible. Palo Alto: Mayfield. 1985 (പുറം 352)
  2. Autorzy Saint Jerome,Thomas Patrick Halton, On illustrious men, p. 5
  3. The early Christian world, Volume 1, p.148, Philip Esler
  4. അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ16:6-7; 18:23
  5. എഫേസോസുകാർക്ക് എഴുതിയ ലേഖനം 4:9-10, പത്രോസ് എഴുതിയ ഒന്നാം ലേഖനം 3:18-19, യോഹന്നാൻ എഴുതിയ സുവിശേഷം 5:25