സുഭാഷിതങ്ങൾ

(Book of Proverbs എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എബ്രായ ബൈബിളിന്റേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിന്റേയും ഭാഗമായ ഒരു ഗ്രന്ഥമാണ് സുഭാഷിതങ്ങൾ. പ്രബോധനപരമായ ചൊല്ലുകളുടേയും പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്ന വിജ്ഞാനപ്രദമായ ദീർഘകവിതകളുടേയും ഒരു ശേഖരമാണിത്. ചിന്തോദ്ദീപകമായ പ്രസ്താവനകളും, പ്രത്യേകവിധത്തിലുള്ള പെരുമാറ്റം ആവശ്യപ്പെടുന്ന ഉൽബോധനങ്ങളുമാണ് ഇതിലെ ചൊല്ലുകൾ. സുഭാഷിതങ്ങളിലെ ദീർഘകവിതകൾ വിജ്ഞാനത്തെ പ്രകീർത്തിക്കുകയും, അതിന്റെ പരിശീലനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനു പുറമേ, ദൈവത്തിന്റെ വലത്തുഭാഗത്തിരുന്ന് സൃഷ്ടികർമ്മത്തിൽ സഹായിച്ച ഒരു വനിതയായി അതിനെ ചിത്രീകരിക്കുന്നു. ഉദ്യമശീലം ചേർന്ന ഒരു ഉപരിവർഗ്ഗ ആശയസംഹിത ഇതിൽ നിഴലിച്ചു കാണാം. സ്വാതന്ത്ര്യത്തെ ബുദ്ധിപൂർവം ഉപയോഗിക്കാനുള്ള മനുഷ്യന്റെ കഴിവിൽ അത് വിശ്വാസം പ്രകടിപ്പിക്കുന്നു. ആത്മനിയന്ത്രണത്തേയും ധാർമ്മികതയേയും പരസ്പരപൂരകങ്ങളായി കാണുന്ന സുഭാഷിതങ്ങൾ സ്ത്രീകളോട് ബഹുമാനപൂർവം പെരുമാറാൻ ഉപദേശിക്കുന്നു.[1]

പുരാതന ഈജിപ്തിലെ ജ്ഞാനസാഹിത്യത്തിന്റെ സ്വാധീനം പ്രകടിപ്പിക്കുന്ന ഈ രചനയുടെ കാതൽ, ഇസ്രായേൽക്കാരുടെ ബാബിലോണിലെ പ്രവാസത്തിനു മുൻപു രൂപപ്പെട്ടതാകാൻ സാദ്ധ്യതയുണ്ട്. ക്രി.മു. 10 മുതൽ 4 വരെ നൂറ്റാണ്ടുകാലത്ത് രചിക്കപ്പെട്ടതായി കരുതപ്പെടുന്ന ഇവ സമാഹരിക്കപ്പെട്ടത് ക്രി.മു. 300-നടുത്താണ്. ഇസ്രായേലിലെ ജ്ഞാനത്തിന്റെ ആദ്യമാതൃകകളിലൊന്നായി പേരെടുത്ത സോളമൻ രാജാവിനെ ഈ കൃതിയുടെ കർത്താവായി കണക്കാക്കുന്ന ഒരു പഴയ പാരമ്പര്യം ഉണ്ടെങ്കിലും ഇതിലെ ഖണ്ഡങ്ങളുടെ രചനയിലും ശേഖരണത്തിലും ഒട്ടേറെ മനീഷികളുടെ സംഭാവന ഉണ്ടായിരിക്കാനാണിട; സോളമനുശേഷമുള്ള കാലത്ത് രാജാവായിരുന്ന "ഹെസക്കിയായുടെ ഉദ്യോഗസ്ഥരെ" ഒരു ഭാഗത്തിന്റെ സമാഹകരായി കൃതിയിൽ തന്നെ പരാമർശിക്കുന്നുണ്ട്.[2]

പ്രവാസാനന്തര യഹൂദതയുടെ(post-exilic Judaism) പ്രബോധന സംഹിതകളിലൊന്നായിരുന്ന ഈ കൃതി, എബ്രായ ബൈബിൾ സംഹിതകളിൽ 'ലിഖിതങ്ങൾ' (writings - കെതുവിം) എന്ന ഖണ്ഡത്തിലാണ് കാണപ്പെടുന്നത്. ജ്ഞാനസാഹിത്യം(wisdom literature) എന്ന ജനുസ്സാണ് ഇതിന്റേത്. ഇതിലെ ചൊല്ലുകൾ മനുഷ്യാവസ്ഥയെക്കുറിച്ച്, വിശേഷിച്ച് അതിന്റെ ധാർമ്മിക, സാമൂഹ്യ മാനങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചയുടെ കാച്ചിക്കുറുക്കിയ രൂപമാണ്. എബ്രായ ഭാഷയിൽ ഈ ഗ്രന്ഥത്തിന്റെ 'മസാൽ' എന്ന പേരിന്, താരതമ്യം, ഉപമ എന്നൊക്കെയാണർത്ഥം. ഇതിലെ പല ചൊല്ലുകളും ഉപമയുടേയും രൂപകത്തിന്റേയും സ്വഭാവമുള്ളവയാണ്. ഈ ചൊല്ലുകൾ ആദ്യം വാമൊഴിയായി പ്രചരിച്ചവയാണെന്നതിനു സൂചനകളുണ്ട്.[3]

  1. സുഭാഷിതങ്ങൾ 31:10-31
  2. Book of Proverbs, Believe Religious Information Source Web site
  3. സുഭാഷിതങ്ങൽ, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറങ്ങൾ 624-26
 
Wiktionary
സുഭാഷിതം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=സുഭാഷിതങ്ങൾ&oldid=3007408" എന്ന താളിൽനിന്ന് ശേഖരിച്ചത്