ഹഗ്ഗായിയുടെ പുസ്തകം

(Book of Haggai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എബ്രായ ബൈബിളിന്റേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിന്റേയും ഭാഗമായ ഒരു ലഘുഗ്രന്ഥമാണ് ഹഗ്ഗായിയുടെ പുസ്തകം. ദൈർഘ്യം കുറഞ്ഞ 12 പ്രവചനഗ്രന്ഥങ്ങൾ ചേർന്ന "ചെറിയ പ്രവാചകന്മാർ" എന്ന വിഭാഗത്തിന്റെ ഭാഗമയാണ് ഇതു മിക്കവാറും ബൈബിൾ സംഹിതകളിൽ കാണുന്നത്. പേർഷ്യൻ വാഴ്ചക്കാലത്ത് ബാബിലോണിലെ പ്രവാസത്തിൽ നിന്നു സെറുബ്ബാബേലിന്റെ നേതൃത്വത്തിൽ യെരുശലേമിൽ മടങ്ങി വന്ന ഇസ്രായേൽക്കാരോട്, നബുക്കദ്നസ്സറിന്റെ സൈന്യം നശിപ്പിച്ച അവരുടെ പുരാതന ദേവാലയം പുനർനിർമ്മിക്കാനുള്ള ആഹ്വാനമാണ് ഈ കൃതി മുഖ്യമായും. പേർഷ്യൻ രാജാവായ ദാരിയസിന്റെ വാഴ്ചയുടെ രണ്ടാം വർഷം, ക്രി.മു. 520-ലെ മൂന്നു മാസങ്ങളാണ് ഇതിലെ ദർശനങ്ങളുടെ കാലമായി പറയപ്പെടുന്നത്. ചെറിയ പ്രവാചകന്മാരുടെ 12 ഗ്രന്ഥങ്ങളിൽ, കൃത്യമായ കാലസൂചനകൾ അടങ്ങുന്ന രണ്ടെണ്ണത്തിൽ ഒന്നിതാണ്. രണ്ടാമത്തേത് സഖറിയായുടെ പുസ്തകമാണ്. ഈ രണ്ടു പ്രവാചകന്മാരും സമകാലീനരും സഹപ്രവർത്തകരും ആയിരുന്നുവെന്നതിന് എബ്രായബൈബിളിൽ തന്നെയുള്ള എസ്രായുടെ പുസ്തകത്തിൽ സൂചനയുണ്ട്.[1]

ഗ്രന്ഥകാരൻ

തിരുത്തുക

പ്രവാചകനെക്കുറിച്ച് വ്യക്തിപരമായ വിവരങ്ങളൊന്നും ഈ കൃതിയിലോ ബൈബിളിലെ ഇതരഗ്രന്ഥങ്ങളിലോ ഇല്ല. ഈ ഗ്രന്ഥത്തിലെ പ്രവചനങ്ങൾ നടത്തുമ്പോൾ ഹഗ്ഗായി പടുവൃദ്ധനായിരുന്നു എന്ന് അനുമാനിക്കുന്നവരുണ്ട്. പുനർനിർമ്മിതമായിക്കൊണ്ടിരുന്ന ദേവാലയത്തിന്റെ അവസ്ഥയെ ബാബിലോണിയർ നശിപ്പിച്ച പഴയ ദേവാലയത്തിന്റെ പ്രൗഢിയുമായി താരതമ്യം ചെയ്യുന്നതു കൊണ്ട്[2] പഴയ ദേവാലയം കണ്ടിട്ടുള്ളവനായിരുന്നു ഗ്രന്ഥകാരനെന്നും പ്രവാസിയായി ബാബിലോണിലേക്കു പോവുകയും അര നൂറ്റാണ്ടിലേറെ ദീർഘിച്ച പ്രവാസത്തെ അതിജീവിച്ച് വാർദ്ധക്യത്തിൽ മടങ്ങിയെത്തുകയും ചെയ്തവരിൽ ഒരാളായിരുന്നു അദ്ദേഹമെന്നുമാണ് വാദം.[3][4]

ഉള്ളടക്കം

തിരുത്തുക

പേർഷ്യയിലെ ദാരിയസ് രജാവിന്റെ വാഴ്ചയുടെ രണ്ടാം വർഷം ആറാം മാസം 1-ആം ദിവസം മുതൽ ഒൻപതാം മാസം 24-ആം ദിവസം വരെയുള്ള 4 മാസക്കാലത്തിനിടെ ഹഗ്ഗായിക്കു ലഭിച്ചതായി പറയപ്പെടുന്ന നാല് അരുളപ്പാടുകളാണ് രണ്ടദ്ധ്യായങ്ങൾ മാത്രമുള്ള ഈ കൃതിയുടെ ഉള്ളടക്കം.

ഒന്നാം അദ്ധ്യായം

തിരുത്തുക

ആറാം മാസം 1-ആം ദിവസം ലഭിച്ച ആദ്യത്തെ അരുളപ്പാടും അതിന്റെ അതിന്റെ ഫലങ്ങളുമാണ് ഒന്നാം അദ്ധ്യായത്തിലുള്ളത്. നശിപ്പിക്കപ്പെട്ട ദേവാലയത്തിന്റെ പുനർനിർമ്മാണം വൈകുന്നത്, ജനങ്ങളെ ബാധിച്ചിരുന്ന ദാരിദ്യവും ഇല്ലായ്മകളും മൂലമാണെന്ന വിശദീകരണം തള്ളിക്കളയുകയാണ് പ്രവാചകൻ ഇവിടെ. ദേവാലയം നിർമ്മിക്കപ്പെടാതെ കിടക്കുന്നതാണ് എല്ലാ അഭിവൃദ്ധിയില്ലായ്മയുടേയും കാരണമെന്ന എതിർവാദമാണ് അദ്ദേഹം അവതരിപ്പിച്ചത്. കർത്താവിന്റെ ആലയം നശിച്ചു കിടക്കെ ജനങ്ങൾക്ക് മച്ചിട്ട വീടുകളിൽ താമസിക്കാൻ സമയമായില്ലെന്ന് ഹഗ്ഗായി കരുതി.[5] "നിങ്ങൾ മലമുകളിൽ ചെന്നു തടികൊണ്ടു വന്ന് ആലയം നിർമ്മിക്കുക. അപ്പോൾ ഞാൻ പ്രസാദിക്കും" എന്നായിരുന്നു അരുളപ്പാട്. പ്രവാചകന്റെ വചനങ്ങൾ കേട്ട് ആവേശഭരിതരായ ജനനേതാവ് സെറുബ്ബാബേലും പുരോഹിതനായ യോശുവായും ജനത്തിന്റെ ശിഷ്ടഭാഗം മുഴുവനും ദേവാലയത്തിന്റെ പുനർ നിർമ്മാണത്തിൽ പങ്കുചേരുന്നു.

രണ്ടാം അദ്ധ്യായം

തിരുത്തുക

7-ആം മാസം 21-ആം ദിവസം കിട്ടിയ രണ്ടാമത്തെ അരുളപ്പാടിൽ, നിർമ്മിതമായിക്കൊണ്ടിരുന്ന ദേവാലയത്തെ, നശിപ്പിക്കപ്പെട്ട പഴയ ദേവാലയവുമായി താരതമ്യപ്പെടുത്തി നിസ്സാരവൽക്കേണ്ടതില്ലെന്ന ഉപദേശമാണുള്ളത്. താമസിയാതെ പുതിയ ദേവാലയം പഴയതിനെ അതിശയിക്കുംവിധം മഹതമുള്ളതാകും. കരയേയും കടലിലേയും ഭൂ-സ്വർഗ്ഗങ്ങളേയും കർത്താവ് താമസിയാതെ ഇളക്കിമറിക്കുമ്പോൾ എല്ലായിടത്തു നിന്നും ധനം ഇങ്ങോട്ടു പ്രവഹിക്കും.[6]

9-ആം മാസം 24-ആം ദിവസം ലഭിച്ച മൂന്നം ദർശനത്തിൽ കർത്താവിന്റെ നിദ്ദേശമനുസരിച്ച് പ്രവാചകൻ ദേവാലയ വിധിയുടെ ശുദ്ധാശുദ്ധിമുറകളെ സംബന്ധിച്ച ചില പ്രശ്നങ്ങൾ പുരോഹിതർക്കു മുൻപിൽ ഉന്നയിച്ച് പരിഹാരം തേടുന്നു. ഇപ്പോഴത്തെ ഇല്ലായ്മകളെക്കുറിച്ച് ആവലാതിപ്പെടേണ്ടതില്ലെന്നും ദേവാലയത്തിന്റെ നിർമ്മാണം തുടങ്ങിയ സ്ഥിതിയ്ക്ക് ഇനി ജനങ്ങളുടെ ആവലാതികൾക്ക് അറുതിയുണ്ടാകുമെന്നുമുള്ള ആശ്വാസവും ആ ദർശനത്തിൽ ലഭിക്കുന്നു.[7]

അതേദിവസം തന്നെ ലഭിച്ച രണ്ടാം ദർശനത്തിൽ ദാവീദുരാജാവിന്റെ വംശജനായ ജനനേതാവ് സെറുബ്ബാബേലിനെ കേന്ദ്രീകരിച്ച് ഇസ്രായേലിന്റെ ഭാവിയെക്കുറിച്ചുള്ള പ്രത്യാശയുണർത്തുന്ന പ്രവചനങ്ങളാണ്.[8]

  1. എസ്രായുടെ പുസ്തകം 6:14
  2. ഹഗ്ഗായിയുടെ പുസ്തകം 2:3
  3. ".... a not improbable inference that he was a very old man at the time of his prophesying, one who had outlasted the Babylonian exile" Haggai, Introduction, A commentary on the Holy Bible by various writers, Edited by JR Dummelow(പുറം 595)
  4. "സാമാന്യം നല്ല ഗദ്യത്തിന്റെ തലത്തിൽ നിന്ന് ഹഗ്ഗായി ഉയരുന്നത് വിരളമാണ്. അദ്ദേഹം എഴുതുകയും പ്രവചിക്കുകയും ചെയ്തത് പക്വമായ വാർദ്ധക്യത്തിൽ എത്തിയ ശേഷമാണെന്നതിനു തെളിവായി വിമശകർ ഇതും ചൂണ്ടിക്കാട്ടാറുണ്ട്." ഹഗ്ഗായിയുടെ പുസ്തകം, യഹൂദവിജ്ഞാനകോശം
  5. ഹഗ്ഗായിയുടെ പുസ്തകം 1:4
  6. ഹഗ്ഗായിയുടെ പുസ്തകം 2:1-9
  7. ഹഗ്ഗായിയുടെ പുസ്തകം 2:10-19
  8. ഹഗ്ഗായിയുടെ പുസ്തകം 2:20-23
"https://ml.wikipedia.org/w/index.php?title=ഹഗ്ഗായിയുടെ_പുസ്തകം&oldid=1696509" എന്ന താളിൽനിന്ന് ശേഖരിച്ചത്