നിയമാവർത്തനം

വിക്കിപീഡിയ വിവക്ഷ താൾ
(Book of Deuteronomy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എബ്രായ ബൈബിളിലേയും പഴയനിയമം എന്നു ക്രിസ്ത്യാനികൾ വിളിക്കുന്ന ലിഖിതസമുച്ചയത്തിലേയും അഞ്ചാമത്തെ ഗ്രന്ഥമാണ് നിയമാവർത്തനം. പഞ്ചഗ്രന്ഥി എന്നു കൂടി പേരുള്ള യഹൂദനിയമസംഹിതയായ തോറായിലെ അഞ്ചു ഗ്രന്ഥങ്ങളിൽ അവസാനത്തേതും ഇതു തന്നെയാണ്. പോയ നാല്പതു വർഷം മരുഭൂമിയിൽ അലഞ്ഞുതിരിയേണ്ടി വന്നപ്പോഴത്തെ അനുഭവങ്ങൾ വിലയിരുത്തിയും കടന്നുചെല്ലാൻ പോകുന്ന വാഗ്ദത്തഭൂമിയിലെ ഭാവിയിലേക്ക് ഉറ്റുനോക്കിയും മോശെ നടത്തിയ മൂന്നു ദീർഘപ്രഭാഷണങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തിന്റെ വലിയൊരു ഭാഗം. വാഗ്ദത്തഭൂമിയിൽ ഇസ്രായേൽക്കാരുടെ ജീവിതത്തിനു വഴികാണിക്കാനുദ്ദേശിച്ചുള്ള വിശദമായൊരു നിയമസംഹിതയാണ് അതിന്റെ കാതൽ.

മോശെ ദൈവത്തിൽ നിന്ന് നിയമഗ്രന്ഥം സ്വീകരിച്ച് (മുകളിൽ) അത് ജനങ്ങളെ വായിച്ചു കേൾപ്പിക്കുന്നത്(താഴെ) കലാകാരന്റെ ഭാവനയിൽ

ദൈവശാസ്ത്രപരമായി നോക്കുമ്പോൾ, ദൈവമായ യഹോവയും ഇസ്രായേൽ മക്കളും തമ്മിലുള്ള ഉടമ്പടിയുടെ നവീകരണമാണ് ഈ കൃതി. ഇതിലെ ഏറ്റവും പ്രാധാന്യമുള്ള ഭാഗം ആറാമത്തെ അദ്ധ്യായത്തിലെ ഷെമാ എന്ന പേരിൽ അറിയപ്പെടുന്ന നാലാം വാക്യമാണ്. യഹൂദരുടെ ഏകദൈവവിശ്വാസത്തിന്റേയും, ദേശീയതയുടെ തന്നെയും പ്രഘോഷണമെന്ന നിലയിൽ പ്രസിദ്ധമായ ആ വാക്യം ഇതാണ്: "ഇസ്രായേലേ കേട്ടാലും: കർത്താവായ യഹോവയാണ് നമ്മുടെ ദൈവം; കർത്താവ് ഏകനാണ്."

മോശെയ്ക്ക് ദൈവത്തിൽ നിന്നു ലഭിച്ച വചനങ്ങളുടെ രേഖയായി ഈ ഗ്രന്ഥത്തെ പാരമ്പര്യം ഘോഷിക്കുന്നു.[1] എങ്കിലും ആധുനിക പണ്ഡിതന്മാർ ഇതിനെ പലർ ചേർന്ന് എഴുതിയ ഗ്രന്ഥമായും, യൂദയാ ഭരിച്ച ജോഷിയാ രാജാവിന്റെ ഭരണകാലത്തു നടന്ന മതപരമായ നവീകരണവുമായി ബന്ധപ്പെട്ട് രൂപപ്പെട്ടിരിക്കാവുന്നതായും കണക്കാക്കുന്നു.[2]

  1. Ronald F. Youngblood, F. F. Bruce, R. K. Harrison and Thomas Nelson Publishers, Nelson's New Illustrated Bible Dictionary, Rev. Ed. of: Nelson's Illustrated Bible Dictionary.; Includes Index. (Nashville: T. Nelson, 1995).
  2. Christopher Wright, Deuteronomy NIBC (Peabody, Massachusetts: Hendrickson, 1996): 6.
"https://ml.wikipedia.org/w/index.php?title=നിയമാവർത്തനം&oldid=4022743" എന്ന താളിൽനിന്ന് ശേഖരിച്ചത്