ആരഭി
ആരഭി | |
---|---|
ആരോഹണം | സ രി2 മ1 പ ധ2 സ[1][2][3] |
അവരോഹണം | സ നി3 ധ2 പ മ1 ഗ3 രി2 സ |
ജനകരാഗം | ധീരശങ്കരാഭരണം |
കീർത്തനങ്ങൾ | സാധിഞ്ചനേ |
ഇരുപത്തിയൊൻപതാമതു മേളകർത്താരാഗമായ ധീരശങ്കരാഭരണത്തിന്റെ ഒരു ജന്യമാണ് ആരഭി. ദേവഗാന്ധാരി രാഗവുമായി വളരെയധികം സാമ്യം ആരഭിക്കുണ്ട്.[4]
ചരിത്രം
തിരുത്തുകഎ.ഡി ഏഴാം നൂറ്റാണ്ടു മുതൽ നിലവിലുള്ള ഒരു രാഗമാണ് ആരഭി. പുരാതന തമിഴ് സംഗീതത്തിൽ ഇത് പഴം തക്ക എന്നാണ് അറിയപ്പെട്ടിരുന്നത്.[4][5][6] പിന്നീട് കുറേക്കാലം ഇത് ദേവഗാന്ധാരി രാഗത്തിന്റെയും ഇന്നത്തെ ആരഭി രാഗത്തിന്റെയും സ്വരങ്ങളുടെ ഒരു മിശ്രിതമായി ഉപയോഗിയ്ക്കപ്പെട്ടിരുന്നു. എന്നാൽ ആധുനിക കർണാടിക് സംഗീതത്തിൽ ഈ രണ്ടു രാഗങ്ങളും വ്യത്യസ്തമായാണ് കണക്കാക്കപ്പെടുന്നത്. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നിരുന്ന ഗോവിന്ദ ദീക്ഷിതരുടെ സംഗീതസുധയിൽ വിവരിച്ചിരിയ്ക്കുന്ന 50 രാഗങ്ങളിലൊന്ന് ആരഭിയാണ്.[5]
ഋഷഭം പ്രധാനസ്വരമായുള്ള ജതിയെയും ഋഷഭം ഗൃഹ-ന്യാസ-അംശ സ്വരങ്ങളായി വരുന്ന രാഗത്തെയും ആർഷഭി എന്ന് വിളിച്ചിരുന്നെന്നും കാലക്രമേണ ഇത് ലോപിച്ചു ആരഭി എന്ന പേരിൽ എത്തിച്ചേർന്നുവെന്നുമാണ് എൻ.സി.കൃഷ്ണമാചാരിയുലൂവിന്റെ സംഗീതരാഗ ദർശിനിയിൽ പറയുന്നത്.[5][7]
ഘടന
തിരുത്തുക- ആരോഹണം
- സ രി2 മ1 പ ധ2 സ
- അവരോഹണം
- സ നി3 ധ2 പ മ1 ഗ3 രി2 സ
ആരഭി ഒരു ഔഡവ-സമ്പൂർണ രാഗമാണ്. അതായത് ഇതിന് ആരോഹണത്തിൽ 5 സ്വരങ്ങളും (ഔഡവം) അവരോഹണത്തിൽ 7 സ്വരങ്ങളും (സമ്പൂർണം) ഉണ്ട്.
ആരോഹണത്തിൽ ഷഡ്ജം ഗൃഹസ്വരവും, ഋഷഭം ജീവസ്വരവുമാകുന്നു. ഈ ഋഷഭമാണ് രാഗത്തിന് അതിന്റെ തനതുഭാവം പ്രദാനം ചെയ്യുന്നത്.[3]
ഇതിന്റെ ആലാപനത്തിൽ വളരെയധികം ഗമകങ്ങൾ ഒന്നും ഉപയോയ്ക്കപ്പെടുന്നില്ല. പ്രധാനമായും അടിസ്ഥാന സ്വരങ്ങൾ ഉപയോഗിച്ച് തന്നെയാണ് ഇത് പാടുന്നത്. ഗ സ്വരത്തിന്റെ ആവൃത്തി എപ്പോഴും മ സ്വരത്തിന്റെ ആവൃത്തിയുടെ അടുത്ത് തന്നെയായിട്ടാണ് പാടുന്നത്. അതിനാൽ മ ഗ രി എന്നു പാടുമ്പോൾ പലപ്പോഴും അത് മ മ രി എന്ന് കേൾക്കാൻ സാധ്യതയുണ്ട്. അതുപോലെ തന്നെ നി എന്ന് പാടുമ്പോൾ അത് സ സ്വരത്തിന്റ ആവൃത്തിയുടെ സമീപത്തു തന്നെ ആയതിനാൽ സാ നി ധ എന്നുള്ളത് സാ സാ ധ എന്ന് കേട്ടേക്കാം.[അവലംബം ആവശ്യമാണ്] അവരോഹണത്തിലെ നിഷാദ, ഗാന്ധാര സ്വരങ്ങൾക്ക് ഒടുക്കൽ ഗമകം പ്രയോഗിയ്ക്കുന്നത് സാധാരണമാണ്.[1]
ത്യാഗരാജരുടെ കാലം വരെ അവരോഹണത്തിൽ നിഷാദസ്വരം ഇല്ലാതെയായിരുന്നു ആരഭി ആലപിച്ചിരുന്നത്. അതിനാൽ അദ്ദേഹത്തിന്റ പ്രശസ്ത കീർത്തനമായ സാധിഞ്ചനേയിൽ നിഷാദസ്വരം കാണപ്പെടാത്തത്.[2][5]
ചടുലമായാണ് സാധാരണയായി ആരഭി പാടുന്നത്. അതിനാൽ ഇതിന്റെ രാഗാലാപനത്തിൽ ഗമകങ്ങളേക്കാൾ ബ്രിഗങ്ങൾ ഉപയോഗിച്ചാണ് ഗായകർ തങ്ങളുടെ മനോധർമ്മം പ്രകടമാക്കുന്നത്.[8] ഒരു സാർവ്വകാലികമായ ഈ രാഗം ഏതു സമയത്തും പാടാവുന്നതാണ്.[5] ഇതൊരു ഘനരാഗമാണ്.[3]
കൃതികൾ
തിരുത്തുകകൃതി[9] [10] | രചയിതാവ് | താളം |
---|---|---|
സാധിഞ്ചനേ | ത്യാഗരാജർ | ആദി |
നാദസുധാരസം | ത്യാഗരാജർ | രൂപകം |
ശ്രീസരസ്വതീ | മുത്തുസ്വാമി ദീക്ഷിതർ | രൂപകം |
പാഹി പർവ്വതനന്ദിനി | സ്വാതി തിരുനാൾ | ആദി |
നരസിംഹ മാമവ | സ്വാതി തിരുനാൾ | ഖണ്ഡ ചാപ് |
ചാല കല്ലലടു | ത്യാഗരാജർ | ഖണ്ഡ ചാപ് |
ആഞ്ജനേയ അനിലജ | അന്നമാചാര്യ | ആദി |
ചലച്ചിത്രഗാനങ്ങൾ
തിരുത്തുകഗാനം[11] | ചലച്ചിത്രം | സംഗീതസംവിധാനം |
---|---|---|
ശ്രീ സരസ്വതി നമോസ്തുതേ | സർഗം | ബോംബെ രവി |
നവകാഭിഷേകം കഴിഞ്ഞു | ഗുരുവായൂർ കേശവൻ | ജി. ദേവരാജൻ |
ശ്രീപാദം രാഗാർദ്രമായ് | ദേവാസുരം | എം.ജി. രാധാകൃഷ്ണൻ |
എങ്ങനെ ഞാൻ | ദേശാടനം | കൈതപ്രം വിശ്വനാഥൻ |
പുത്തൂരം വീട്ടിൽ | ആരോമലുണ്ണി | ജി. ദേവരാജൻ |
പുടമുറിക്കല്യാണം | ചിലമ്പ് | ഔസേപ്പച്ചൻ |
അവലംബം
തിരുത്തുക- ↑ 1.0 1.1 Dikshitar, Subbarama (1907). SANGITA SAMPRADAYAPRADARSINI (PDF). Vol. 2. ENGLISH (WEB) VERSION. p. 844.
- ↑ 2.0 2.1 Ramachandran, N S (1938). Ragas of Carnatic music. University of Madras. p. 205.
- ↑ 3.0 3.1 3.2 Ramanathan, Dr. Hema (2004). Ragalakshanasangraha. N Ramanathan. p. 149.
- ↑ 4.0 4.1 "RAGAS ARABHI AND DEVAGANDHARI, SUMMARY OF PROCEEDINGS ON RAGAS ARABHI AND DEVAGANDHARI HELD ON 18TH JULY 2001". Retrieved 2018-05-14.
Devagandhari has practically the same swaras as Arabhi, the diffference being the occurrence of Kaishika Nishada.
{{cite web}}
: no-break space character in|title=
at position 105 (help) - ↑ 5.0 5.1 5.2 5.3 5.4 Chitti, Venkata Padma. "An Indepth Study of Sankarabharana and Its Janya Ragas" (PDF). p. 84. Retrieved 2019-04-23.
- ↑ S, Aswathy. "A Study on Allied Ragas" (PDF). p. 22. Retrieved 2019-04-23.
- ↑ Krishnamacharyulu, N.Ch. Sangitaraga Darshini. Rohini.
- ↑ Ragas in Carnatic music by Dr. S. Bhagyalekshmy, Pub. 1990, CBH Publications
- ↑ Kalyanaraman, Shivkumar. "Arabhi". Retrieved 2018-05-14.
- ↑ ശ്രീ. ത്യാഗരാജ പഞ്ചരത്നകൃതികൾ .
- ↑ http://www.malayalasangeetham.info/songs.php?tag=Search&raga=Aarabhi&limit=100&page_num=1&cl=1&sortorder=2&sorttype=1