അമേരിക്കൻ സ്വാതന്ത്ര്യസമരം

അമേരിക്കൻ സ്വാതന്ത്ര്യസമരം
(American Revolution എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉത്തര അറ്റ്ലാന്റിക് തീരത്തുള്ള 13 ബ്രിട്ടീഷുകോളനികൾ, മാതൃരാജ്യമായ ഇംഗ്ലണ്ടിനെതിരായി നടത്തിയ സ്വാതന്ത്യ്രസമരം. സ്വാതന്ത്ര്യസമരം അമേരിക്കൻ വിപ്ലവം എന്നും അറിയപ്പെടുന്നു. യൂറോപ്പിലെ പല രാജ്യങ്ങളിൽനിന്നും വടക്കേ അമേരിക്കയുടെ കിഴക്കൻ സമുദ്രതീരപ്രദേശങ്ങളിൽ കുടിയേറിപ്പാർത്തവരാണ് ഈ കോളനികൾ സ്ഥാപിച്ചത്. ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, അയർലണ്ട്, ഫ്രാൻസ്, പോളണ്ട്, ജർമ്മനി, സ്വീഡൻ എന്നീ രാജ്യങ്ങളിൽനിന്നാണ് കുടിയേറ്റം പ്രധാനമായും നടന്നത്. ഇവരിൽ ബഹുഭൂരിപക്ഷം പേരും ബ്രിട്ടീഷുകാരായിരുന്നു. 1763-ൽ ഉണ്ടായിരുന്ന 13 കോളനികളിലെ നിവാസികളിൽ 13 ലക്ഷം പേർ ഇംഗ്ലീഷുകാരായിരുന്നു. ഇംഗ്ളണ്ടിലെ സ്റ്റുവർട്ട് രാജാക്കന്മാരുടെ മതപീഡനത്തിൽനിന്ന് രക്ഷപ്പെടാൻ തങ്ങളുടെ ജന്മദേശം വിട്ടു പോന്ന ഇംഗ്ലീഷ് പ്രോട്ടസ്റ്റന്റുകാരായിരുന്നു ഇവരിലധികം പേരും. ന്യൂഹാംഷെയർ‍, ന്യൂയോർക്ക്, മസാച്യുസെറ്റ്സ്, കണക്റ്റിക്കട്ട്, റോഡ് ഐലൻഡ്, ന്യൂ ജെഴ്സി, പെൻസിൽവേനിയ, ഡെലവെയർ‍, മെരിലൻഡ്, വെർജീനിയ, നോർത്ത് കാരലൈന, സൗത്ത് കാരലൈന, ജോർജിയ എന്നിവയായിരുന്നു ഈ കോളനികൾ. ഈ കോളനികളിലെല്ലാംതന്നെ ജനസംഖ്യയിൽ ഭൂരിപക്ഷം ഇംഗ്ളീഷുകാരായിരുന്നു. 17ആം ശതകത്തിൽ നിലവിലുണ്ടായിരുന്ന രാഷ്ട്രീയാശയങ്ങളെയും രാഷ്ട്രീയസമ്പ്രദായങ്ങളെയും അവർ കൂടെ കൊണ്ടുവരികയും കുടിയേറിപ്പാർത്ത കോളനികളിൽ അവ പ്രചരിപ്പിക്കുകയും ചെയ്തു. ബ്രിട്ടീഷ് കോമൺസ് സഭയുടെ മാതൃകയിൽ ഓരോ കോളനിയിലും ഓരോ നിയമസഭയുണ്ടായി. മിക്ക കോളനിയിലെയും ഭരണത്തലവൻ ബ്രിട്ടിഷ് രാജാവിന്റെ പ്രതിപുരുഷനെന്ന നിലയിൽ ഗവർണർ ആയിരുന്നു. ഗവർണറും പ്രാദേശിക നിയമസഭയും തമ്മിലുള്ള ബന്ധം, പ്രായേണ ബ്രിട്ടിഷ് രാജാവും ബ്രിട്ടിഷ് പാർലമെന്റും തമ്മിലുള്ള ബന്ധംപോലെ ആയിരുന്നു. നിയമസഭയുടെ അംഗീകാരമില്ലാതെ നിയമമുണ്ടാക്കുകയോ പുതിയ നികുതികൾ ചുമത്തുകയോ ചെയ്യാൻ പാടില്ലെന്ന് കോളനിക്കാർ വാദിച്ചു.

സ്വാതന്ത്ര്യപ്രഖ്യാപനം ഫിലഡെൽഫിയയിൽ
സ്വാതന്ത്ര്യസമരത്തിനു മുൻപ് 13 കോളനികൾ പിങ്ക് വർണ്ണത്തിൽ

വിപ്ലവപരമായ രാഷ്ട്രീയാശയങ്ങൾ അമേരിക്കൻ കോളനികളിൽ വളർന്നുവരാൻ പല സാഹചര്യങ്ങളും സഹായകമായി. കോളനിക്കാരിൽ ഭൂരിപക്ഷം പേരും കത്തോലിക്കാമതത്തോടു കൂറില്ലാത്ത ‘’പ്യൂരിറ്റൻ‘’ വിഭാഗക്കാരായിരുന്നു. അവരുടെ സ്വാതന്ത്യ്രബോധം രാഷ്ട്രീയ മണ്ഡലത്തിലും പ്രതിഫലിച്ചു. സാമ്പത്തിക സാമൂഹികസ്ഥിതികളും രാഷ്ട്രീയവിപ്ലവത്തിനു കളമൊരുക്കി. കോളനികളിലെ ഭൂരിപക്ഷംപേരും ഇടത്തരക്കാരോ താഴെക്കിടയിലുള്ളവരോ ആയിരുന്നതിനാൽ യൂറോപ്പിലെ ഫ്യൂഡൽ വ്യവസ്ഥിതി കോളനികളിൽ വേരൂന്നിയിരുന്നില്ല. ഭൂമിശാസ്ത്രപരമായും കോളനികൾക്ക് അനുകൂലസാഹചര്യങ്ങളാണുണ്ടായിരുന്നത്. മാതൃരാജ്യത്തുനിന്നു വളരെ അകലെ സ്ഥിതിചെയ്തിരുന്നതുകൊണ്ട് അവിടെനിന്ന് അനേകദിവസത്തെ സമുദ്രസഞ്ചാരം നടത്തി കോളനികളിൽ എത്തിച്ചേരുന്നത് അത്യന്തം ദുഷ്കരമായതിനാൽ‍, ബ്രിട്ടീഷ് ഗവൺമെന്റ് കോളനികളുടെ കാര്യത്തിൽ വേണ്ടത്ര ശുഷ്കാന്തി കാണിച്ചിരുന്നില്ല. സാമ്പത്തികമായി ബ്രിട്ടനു കോളനികൾകൊണ്ടു വലിയ മെച്ചമുണ്ടായിരുന്നില്ല. അതിനാൽ കോളനികളുടെ കാര്യം കോളനിക്കാർ തന്നെയാണു നോക്കിയിരുന്നത്. സ്വാഭാവികമായും മാതൃരാജ്യത്തിന്റെ ഇടപെടൽ കോളനികളിൽ അസംതൃപ്തിയുളവാക്കി. കച്ചവടക്കാര്യത്തിൽ ബ്രിട്ടന് കോളനികളിൽ ഇടപെടാതെ നിവൃത്തിയില്ലാത്ത പരിതഃസ്ഥിതി നിലവിലിരുന്നു. ബ്രിട്ടന്റെ കച്ചവടനയം '‘മെർക്കന്റലിസ്റ്റ്‘' സിദ്ധാന്തത്തെ ആധാരമാക്കിയുള്ളതായിരുന്നു (രാജ്യത്തിന്റെ സമ്പത്തും ശക്തിയും വർധിക്കത്തക്കവിധത്തിൽ പ്രജകളുടെ വിദേശവ്യാപാരം ക്രമപ്പെടുത്തണമെന്നതാണു മെർക്കന്റിലിസത്തിന്റെ തത്ത്വം). ബ്രിട്ടന്റെ ദൃഷ്ടിയിൽ കോളനിക്കാർ ബ്രിട്ടീഷ് പ്രജകളായിരുന്നു. അതിനാൽ മെർക്കന്റിലിസ്റ്റു തത്ത്വപ്രകാരം കോളനികൾക്ക് ബ്രിട്ടനോടു മൂന്നുതരം ബാദ്ധ്യതകൾ ഉണ്ടായിരുന്നു:

  1. ബ്രിട്ടനിൽ ഉത്പാദിപ്പിക്കാൻ നിവൃത്തിയില്ലാത്ത സാധനങ്ങൾ കോളനികൾ ഉത്പാദിപ്പിച്ച് മാതൃരാജ്യത്തിനു നല്കണം
  2. മാതൃരാജ്യത്തിലെ വ്യവസായങ്ങളോടു മത്സരിക്കുകയോ ബ്രിട്ടനോട് വ്യാവസായികമത്സരത്തിൽ ഏർപ്പെടുന്ന അന്യരാജ്യങ്ങളെ സഹായിക്കുകയോ ചെയ്യരുത്
  3. ഭരണം, സൈന്യം എന്നീ രംഗങ്ങളിൽ ബ്രിട്ടൻ വഹിക്കുന്ന സാമ്പത്തികഭാരത്തിൽ കോളനികൾ പങ്കു വഹിക്കണം.

മേൽപ്പറഞ്ഞ ബാദ്ധ്യതകൾ പ്രാവർത്തികമാക്കാൻ ബ്രിട്ടൻ പല നിയമങ്ങളും നിബന്ധനകളും നടപ്പിലാക്കി. ഉദാഹരണമായി ബ്രിട്ടന് ആവശ്യമായ നീലം കരോലിനയിലും, കാപ്പി ജമെയ്ക്കയിലും, പുകയില വെർജീനിയയിലും കൃഷി ചെയ്തുണ്ടാക്കാൻ ബ്രിട്ടൻ പ്രോത്സാഹനം നല്കി. അതു സാധ്യമല്ലാതിരുന്നെങ്കിൽ ഇവ ബ്രിട്ടന് സ്പെയിനിൽനിന്നു വാങ്ങേണ്ടിവരുമായിരുന്നു. അപ്രകാരം തന്നെ ബ്രിട്ടീഷ് വ്യവസായികൾ ഉത്പാദിപ്പിക്കുന്ന ചരക്കുകളുമായി മത്സരിക്കാതിരിക്കാൻ കോളനികളിൽ ഉണ്ടാക്കുന്ന ചരക്കുകളുടെ കയറ്റുമതിയിൽ നിശിതമായ നിയന്ത്രണം ചെലുത്തി. കോളനികളിൽ ഉണ്ടാക്കിയിരുന്ന രോമത്തൊപ്പികൾ കയറ്റുമതി ചെയ്യുന്നത് കർശനമായി നിരോധിച്ചു. ബ്രിട്ടനിലെ തൊപ്പിനിർമ്മാണവ്യവസായത്തിന് ഹാനിവരാതിരിക്കാനാണ് ഈ നിബന്ധന ഏർപ്പെടുത്തിയത്.

കോളനികൾക്ക് ഇതിനെക്കാൾ കൂടുതൽ വൈഷമ്യമുണ്ടാക്കിയതായിരുന്നു നാവിക നിയമങ്ങൾ (Navigation Acts). ഈ നിയമങ്ങളിലെ പ്രധാന വ്യവസ്ഥകൾ താഴെപ്പറയുന്നവയാണ്:

  1. എല്ലാ ചരക്കുകളുടെയും കയറ്റുമതിയും ഇറക്കുമതിയും ഇംഗ്ലണ്ടിലോ അയർലണ്ടിലോ കോളനികളിലോ നിർമിച്ചതും ബ്രിട്ടീഷ് പ്രജകൾ മാത്രം നയിച്ചുകൊണ്ടുപോകുന്നതുമായ കപ്പലുകളിലായിരിക്കണം.
  2. പഞ്ചസാര, പുകയില, പഞ്ഞി, രോമം, അരി, നീലം എന്നിങ്ങനെ പ്രത്യേക പട്ടികയിൽപ്പെടുത്തിയ സാധനങ്ങൾ കോളനികൾ ഇംഗ്ലണ്ടിലേക്കു മാത്രമേ കയറ്റുമതി ചെയ്യാൻ പാടുള്ളു.
  3. യൂറോപ്പിൽനിന്ന് കോളനികളിലേക്ക് ഇറക്കുമതി ചെയ്യാനുള്ള സാധനങ്ങൾ ഇംഗ്ലണ്ടിലടുപ്പിച്ച് അവിടെ ചുങ്കം കൊടുത്തതിനു ശേഷമേ കോളനികളിൽ എത്തിക്കാൻ പാടുള്ളു.

ഈ നിബന്ധനകൾ ഏറെക്കാലം കോളനികൾ ഗൗനിക്കാതിരുന്നു. കാരണം റോബർട്ട് വാൽപോൾ (1676-1745) ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നകാലത്ത് (1721-42) ഈ നിബന്ധനകൾ കർശനമായി നടപ്പാക്കിയിരുന്നില്ല. അതിനാൽ കോളനിക്കാർ നിയമലംഘനവും കള്ളക്കടത്തും പതിവായി നടത്തിയിരുന്നു. മാത്രമല്ല, കോളനിക്കാരുടെ അയൽപ്രദേശമായ കാനഡ ഫ്രഞ്ചുകാരുടെ അധീനത്തിലിരിക്കുന്നിടത്തോളംകാലം കോളനികൾക്ക് സ്വരക്ഷാർഥം ബ്രിട്ടനെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനുംപുറമേ 18-ആം ശതകത്തിന്റെ പൂർവാർധത്തിൽ കോളനികൾ ദുർബലാവസ്ഥയിലും പരസ്പര വൈരാഗ്യത്തിലും കഴിയുകയായിരുന്നു. അതിനാൽ ഒന്നിച്ചുചേർന്നു ബ്രിട്ടീഷ് സാമ്രാജ്യമേധാവിത്വത്തെ ചെറുക്കാനുള്ള കരുത്ത് അവർക്കുണ്ടായിരുന്നില്ല. മതം, സാമൂഹികാചാരങ്ങൾ, വ്യവസായങ്ങൾ എന്നിവയിൽ താത്പര്യഭിന്നത ഉണ്ടായിരുന്ന കോളനികൾ തമ്മിൽ പരസ്പര സഹകരണവും സൌഹാർദവും ഉണ്ടാകാതിരുന്നതിനാൽ അവർ ഒരു പൊതുശത്രുവിനെ നേരിടാൻ പ്രാപ്തരല്ലായിരുന്നു. എന്നാൽ 1763-ൽ സ്ഥിതിഗതികൾ പാടേ മാറി. ഇംഗ്ളണ്ടും ഫ്രാൻസും തമ്മിൽ നടന്ന സപ്തവത്സരയുദ്ധത്തിൽ‍ (1756-63) ഫ്രാൻസ് പരാജയപ്പെട്ടതിന്റെ ഫലമായി ഫ്രഞ്ചുകാർ കാനഡ ബ്രിട്ടീഷുകാർക്കു വിട്ടുകൊടുത്തു. തന്മൂലം കോളനികൾക്ക് അയൽപക്കത്തെ ഫ്രഞ്ചുശത്രുക്കളെ ഭയന്നു ജീവിക്കേണ്ട ആവശ്യമില്ലാതായി. മാത്രമല്ല, സപ്തവത്സരയുദ്ധത്തിൽ കോളനികൾ വഹിച്ച പങ്ക് അവരിൽ ആത്മവിശ്വാസം ഉളവാക്കി. 1754-ലെ അൽബനി കോൺഗ്രസ്സിൽ 7 കോളനികളുടെ പ്രതിനിധികൾ പങ്കെടുക്കുകയും 13 കോളനികളെയും കൂട്ടിച്ചേർത്ത് ഒരു ഫെഡറൽ സംഘടന ഉണ്ടാക്കുവാൻ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ (1706-90) അവിടെ അവതരിപ്പിച്ച രൂപരേഖ ചർച്ച ചെയ്യുകയും ചെയ്തു. കോൺഗ്രസ്, പദ്ധതി അംഗീകരിച്ചില്ലെങ്കിലും യോജിച്ചു പ്രവർത്തിക്കുന്നതിന്റെ പ്രയോജനങ്ങളെപ്പറ്റി കോളനികൾ ചിന്തിക്കാൻ കോൺഗ്രസ്സിലെ ചർച്ചകൾ സഹായിച്ചു.

ബ്രിട്ടീഷ് നടപടികൾ

തിരുത്തുക

സപ്തവത്സരയുദ്ധം അവസാനിച്ച ഘട്ടത്തിലാണ് (1763), ജോർജ് III (1738-1820) ബ്രിട്ടീഷ് രാജാവായത്; താമസിയാതെ ജോർജ് ഗ്രെൻവിൽ പ്രധാനമന്ത്രിയുമായി. സപ്തവത്സരയുദ്ധം ബ്രിട്ടനു വമ്പിച്ച സാമ്പത്തികബാദ്ധ്യത വരുത്തിവച്ചു. ഈ സാമ്പത്തികഭാരത്തിൽ ഒരു ഭാഗം അമേരിക്കൻ കോളനികളും വഹിക്കണമെന്നു രാജാവും പ്രധാനമന്ത്രിയും തീരുമാനിച്ചു. ഇതിനു പുറമേ ഫ്രഞ്ചുകാരിൽനിന്ന് പിടിച്ചടക്കിയ മിസിസിപ്പി നദീതടവും സെന്റ് ലോറൻസ് നദീതടവും ഫ്രഞ്ചുകാരുടെയും സ്പെയിൻകാരുടെയും അമേരിന്ത്യൻ വർഗക്കാരുടെയും ആക്രമണത്തിൽ നിന്നു സംരക്ഷിക്കുവാൻ ചുരുങ്ങിയത് പതിനായിരം പട്ടാളക്കാരെയെങ്കിലും സ്ഥിരമായി കാവൽ നിർത്തേണ്ട ബാദ്ധ്യതയും ബ്രിട്ടനു വന്നുചേർന്നു. അതിന് പ്രതിവർഷം 3 ലക്ഷം പവനെങ്കിലും ചെലവു വരുമായിരുന്നു. കോളനികൾക്കുവേണ്ടി വഹിക്കേണ്ടിവരുന്ന ഈ സാമ്പത്തികഭാരത്തിൽ ഒരംശമെങ്കിലും കോളനികൾതന്നെ വഹിക്കണമെന്നു ബ്രിട്ടീഷ് ഗവൺമെന്റ് നിശ്ചയിച്ചു. അതിനാൽ പകുതി ചെലവ് കോളനികൾ വഹിക്കണമെന്ന് ഗ്രെൻവിൽ തീരുമാനിക്കുകയും അതിനുവേണ്ടി രണ്ടു നിയമങ്ങൾ പാർലമെന്റിൽ പാസാക്കിയെടുക്കുകയും ചെയ്തു. 1764-ലെ പഞ്ചസാരനിയമവും (Sugar Act), 1765-ലെ സ്റ്റാമ്പ് നിയമവും (Stamp Act) ആണ് ഇവ.

പഞ്ചസാര നിയമം

തിരുത്തുക

അമേരിക്കൻ കോളനികളിലേക്ക് ഇറക്കുമതി ചെയ്യുന്ന പഞ്ചസാര മുതലായ ചരക്കുകളിൽ നികുതി ഈടാക്കുന്നതായിരുന്നു 'പഞ്ചസാര നിയമം'. ഈ നിയമം കർശനമായി നടപ്പിലാക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് നടപടിയെടുത്തു. കള്ളക്കടത്തു തടയാൻ പ്രധാന തുറമുഖങ്ങളിൽ ഉദ്യോഗസ്ഥന്മാരെ കാവൽ നിർത്തി. എന്നാൽ ഔദ്യോഗിക നിയന്ത്രണമില്ലാത്ത തുറമുഖങ്ങളിൽക്കൂടി കള്ളക്കടത്തുകാർ അവരുടെ വ്യാപാരം തുടർന്നു. അതിനെ നേരിടാൻ വീടുകളിലും കപ്പലുകളിലും പ്രവേശിച്ച് പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് അധികാരം നല്കി. ഇത് കോളനിക്കാരുടെ ഇടയിൽ വലിയ അമർഷമുണ്ടാക്കി.

സ്റ്റാമ്പ് നിയമം

തിരുത്തുക

പത്രങ്ങൾ, ലഘുലേഖകൾ‍, രജിസ്റ്റർ ചെയ്യാനുള്ള ആധാരങ്ങൾ മുതലായവ റവന്യൂ സ്റ്റാമ്പോടുകൂടിയ കടലാസിൽ ആയിരിക്കണമെന്ന് 1765-ലെ സ്റ്റാമ്പുനിയമത്തിൽ വ്യവസ്ഥ ചെയ്തിരുന്നത് കോളനിവാസികളുടെ ഇടയിൽ പ്രതിഷേധത്തിനു കാരണമായി. സ്റ്റാമ്പ് നിയമം പത്രപ്രസിദ്ധീകരണക്കാർക്കും ലഘുലേഖക്കാർക്കും കച്ചവടക്കാർക്കും ബാങ്കു നടത്തുന്നവർക്കും അഭിഭാഷകന്മാർക്കും പുതിയ സാമ്പത്തികഭാരമുണ്ടാക്കി. 'നികുതിദായകരുടെ പ്രാതിനിധ്യമില്ലാത്ത നികുതി ചുമത്തൽ നിഷ്ഠൂര ഭരണമാണ്' എന്ന് ബോസ്റ്റണിലെ ഒരഭിഭാഷകനായിരുന്ന ജെയിംസ് ഓട്ടിസ് (1725-83) രൂപംകൊടുത്ത മുദ്രാവാക്യം ജനങ്ങളെ ഇളക്കി. തങ്ങളുടെ നിയമസഭകൾക്കല്ലാതെ ബ്രിട്ടീഷ് പാർലമെന്റിന് തങ്ങളുടെ മേൽ നികുതി ചുമത്തുന്ന നിയമമുണ്ടാക്കാൻ അധികാരമില്ലെന്ന് (No Taxation Without Representation) കോളനിക്കാർ ശഠിച്ചു. സ്റ്റാമ്പുനിയമത്തിൽ പ്രതിഷേധിച്ച് ചിലയിടങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു. കോളനികളിലെ നിയമസഭകൾ പ്രതിഷേധപ്രമേയങ്ങൾ പാസാക്കി.

1765 ഒക്ടോബറിൽ 9 കോളനിക്കാരുടെ പ്രതിനിധികൾ ന്യൂയോർക്കിൽ സമ്മേളിച്ച് ഒരു അവകാശപ്രഖ്യാപനം നടത്തി. കോളനികൾ സംഘടിക്കാനും ഒത്തൊരുമിച്ച് പ്രവർത്തിക്കാനും തുടങ്ങിയതിന്റെ ലക്ഷണമായിരുന്നു ന്യൂയോർക്ക് സമ്മേളനം. സാമുവൽ ആഡംസ് (1722-1803), പാട്രിക് ഹെന്റി (1736-99) എന്നിവരുടെ നേതൃത്വത്തിൽ സ്വാതന്ത്യ്രപ്രക്ഷോഭം പുരോഗമിച്ചു. ബ്രിട്ടീഷ് ഗവൺമെന്റ് 1766-ൽ സ്റ്റാമ്പ് നിയമം റദ്ദുചെയ്തു. എന്നാലും ബ്രിട്ടീഷ് പാർലമെന്റിന് കോളനികൾക്കുവേണ്ടി നിയമമുണ്ടാക്കാൻ അധികാരമുണ്ടെന്നു പ്രഖ്യാപിക്കുന്ന നിയമം പാർലമെന്റിൽ പാസാക്കുകയും നിയമം നടപ്പിലാക്കാൻ കൂടുതൽ ബ്രിട്ടീഷ് പട്ടാളക്കാരെ കോളനികളിലേക്ക് അയയ്ക്കുകയും ചെയ്തു. പട്ടാളക്കാർക്ക് അമേരിക്കൻ പട്ടണങ്ങളിൽ ബലം പ്രയോഗിച്ച് താമസിക്കുവാൻ നിയമാനുവാദം നല്കുന്ന ക്വാർട്ടറിംഗ് നിയമം (Quartering Act) പാർലമെന്റ് പാസാക്കുകയുണ്ടായി. 1767-ൽ ബ്രിട്ടീഷ് ധനകാര്യമന്ത്രിയായിരുന്ന ചാൾസ് ടൗൺഷെന്റ് (1725-67) ഏതാനും നിയമങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കി. കണ്ണാടി, ഈയം, ചായം, കടലാസ്, തേയില എന്നീ സാധനങ്ങളിൽ ഇറക്കുമതിച്ചുങ്കം ചുമത്തുന്നതായിരുന്നു ഈ നിയമങ്ങൾ. ഈ നികുതികൾ അമേരിക്കൻ തുറമുഖങ്ങളിൽ ഈടാക്കാൻ ബ്രിട്ടീഷ് കമ്മീഷണർമാരെ നിയമിച്ചു. നിയമം ലംഘിക്കുന്ന അമേരിക്കക്കാരെ 'ജൂറി' ഇല്ലാതെതന്നെ വിചാരണ ചെയ്തു ശിക്ഷിക്കാനും വ്യവസ്ഥ ചെയ്തിരുന്നു. ടൌൺഷെന്റ് നിയമങ്ങൾ കോളനിയിലെ കച്ചവടക്കാരുടെ ഇടയിലും അസ്വസ്ഥത ഉണ്ടാക്കി. ഒരു കൊല്ലത്തിനകം ബ്രിട്ടീഷ് ഇറക്കുമതികൾ വളരെക്കുറഞ്ഞു. ക്വാർട്ടറിംഗ് നിയമത്തിന്റെ തണലിൽ ബ്രിട്ടീഷ് ഗവൺമെന്റ് ആയിരം പട്ടാളക്കാരെ ബോസ്റ്റൺ നഗരത്തിലേക്കയച്ചു. ഇത് ഒരു സംഘർഷാവസ്ഥ സൃഷ്ടിക്കുകയും സംഘട്ടനങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ബോസ്റ്റൺ നിവാസികൾ ബ്രിട്ടീഷ് പട്ടാളക്കാരെ അധിക്ഷേപിച്ചു. ബോസ്റ്റണിലെ ഈ സംഘട്ടനത്തിൽ (1770) പലരും കൊല്ലപ്പെട്ടു. 'ബോസ്റ്റൺ കൂട്ടക്കൊല' എന്ന പേരിലാണ് ഈ സംഭവം ചരിത്രത്തിൽ അറിയപ്പെടുന്നത്.

ബോസ്റ്റൺ ടീ പാർട്ടി

തിരുത്തുക
പ്രധാന ലേഖനം: ബോസ്റ്റൺ ടീ പാർട്ടി
 
ബോസ്റ്റൺ റ്റീ പാർട്ടി

ഈ പ്രതിസന്ധിയിൽ ബ്രിട്ടീഷ് രാജാവായ ജോർജ് III, നോർത്തു പ്രഭുവിനെ (1732-92) പ്രധാനമന്ത്രിയായി നിയമിച്ചു. അദ്ദേഹം 1770-ൽ ടൗൺഷെന്റ് നിയമങ്ങൾ റദ്ദു ചെയ്തു. എന്നാൽ ബ്രിട്ടീഷ് പാർലമെന്റിനു നികുതി ചുമത്താൻ അധികാരമുണ്ടെന്നു സ്ഥാപിക്കാൻ തേയിലയുടെ മേലുള്ള നിസ്സാര നികുതി മാത്രം നിലനിർത്തി. പക്ഷേ, തത്ത്വത്തിന്റെ പേരിൽ കോളനിക്കാർ ഈ നികുതിയെയും എതിർത്തു.

ബ്രിട്ടീഷ് പാർലമെന്റിന് കോളനികളുടെ മേൽ നികുതി ചുമത്താൻ അധികാരമില്ലെന്ന നിലപാടിൽത്തന്നെ അവർ ഉറച്ചുനിന്നു. ഇതനുസരിച്ച് അമേരിക്കയിൽ ഇറക്കുമതിചെയ്ത തേയില വാങ്ങാൻ അവർ വിസമ്മതിച്ചു. 1773 ഡി. 16-ന് ബോസ്റ്റൺ പൗരന്മാർ ബോസ്റ്റൺ തുറമുഖത്തിൽ നങ്കൂരമിട്ട ഒരു ബ്രിട്ടീഷ് തേയിലക്കപ്പലിൽ അമേരിക്കൻ ഇന്ത്യന്മാരുടെ വേഷത്തിൽ കയറിച്ചെന്ന് തേയില നിറച്ച 342 പെട്ടികൾ കടലിലേക്ക് വലിച്ചെറിഞ്ഞു. ബോസ്റ്റൺ റ്റീ പാർട്ടി (Boston Tea Party) എന്ന പേരിലറിയപ്പെടുന്ന ഈ സംഭവം അമേരിക്കൻ വിപ്ലവത്തിന്റെ നാന്ദികുറിച്ചു. ഇതിന്റെ ബ്രിട്ടീഷ് പ്രതികരണം 1774-ൽ പാസ്സാക്കിയ 5 നിയമങ്ങളാണ്. അതനുസരിച്ച് ബോസ്റ്റൺ തുറമുഖം അടച്ചുപൂട്ടി; ഈ നഗരം സ്ഥിതിചെയ്യുന്ന മാസച്ചുസിറ്റ്സ് എന്ന കോളനിയുടെ സ്വയംഭരണാവകാശം റദ്ദാക്കി; ബ്രിട്ടീഷ് പട്ടാളക്കാർ ബലാൽക്കാരമായി കോളനിക്കാരുടെ സ്ഥലങ്ങളിൽ താവളമുറപ്പിച്ചു; കാനഡയിലെ ക്യൂബക്ക് പ്രവിശ്യ ഒഹായോ നദിയുടെ തെക്കു വശംവരെ വിസ്തൃതമാക്കി; മാസച്ചുസിറ്റ്സ്, വെർജീനിയ, കണക്റ്റിക്കട്ട് എന്നീ കോളനികളുടെ പശ്ചിമപ്രദേശങ്ങളിൽ സാരമായ ഭാഗം കൈക്കലാക്കി.

കോണ്ടിനെന്റൽ കോൺഗ്രസ്

തിരുത്തുക
 

ഈ ഘട്ടത്തിൽ സ്വാതന്ത്ര്യപ്രസ്ഥാനം കോളനികളിൽ പ്രക്ഷുബ്ധാന്തരീക്ഷം സൃഷ്ടിച്ചു. ഇത്രയുമായിട്ടും അമേരിക്കയിൽ ചിലർ ബ്രിട്ടീഷ് രാജാവിനോട് പ്രത്യക്ഷത്തിൽ കൂറുള്ളവരായിരുന്നു; മറ്റു ചിലർ നിഷ്പക്ഷനില സ്വീകരിച്ചു; എന്നാൽ മൂന്നാമതൊരു കൂട്ടർ സ്വാതന്ത്യ്രത്തിനുവേണ്ടി എന്തു ത്യാഗവും ചെയ്യാൻ തയ്യാറായി മുന്നോട്ടുവന്നു. അവർ 'രാജ്യസ്നേഹികൾ' എന്നറിയപ്പെട്ടിരുന്നു. അവർക്കാണ് ഒടുവിൽ ഏറ്റവുമധികം ജനസ്വാധീനമുണ്ടായത്. അവരുടെ നേതൃത്വത്തിൽ 1774 സെപ്തംബർ 5-ന് ഫിലാഡൽഫിയയിൽ വച്ച് ഒരു കോണ്ടിനെന്റൽ കോൺഗ്രസ് വിളിച്ചൂകൂട്ടി. ഇതിൽ ജോർജ്ജിയ ഒഴികെയുള്ള എല്ലാ കോളനികളുടെയും പ്രതിനിധികൾ സംബന്ധിച്ചിരുന്നു. ഈ സമ്മേളനം അമേരിക്കയിലേക്കുള്ള ബ്രിട്ടീഷ് ഇറക്കുമതികൾ അവസാനിപ്പിക്കണമെന്ന പ്രമേയം പാസാക്കുകയും ബ്രിട്ടീഷ് രാജാവിന് ഹർജി അയയ്ക്കുകയും ചെയ്തു. എന്നാൽ ബ്രിട്ടീഷ് ഗവൺമെന്റ് ഒട്ടും വഴങ്ങിയില്ല. ചാതാംപ്രഭു (1708-78) ഈ അവസരത്തിൽ കോളനികളോട് വിട്ടുവീഴ്ച ചെയ്യണമെന്ന് പ്രഭുസഭയിൽ വാദിച്ചു. പ്രസിദ്ധ വാഗ്മിയായ എഡ്മണ്ട് ബർക്കും കോമൺസ്സഭയിൽ ഈ ആശയം ശക്തമായി ഉന്നയിച്ചു. എന്നാൽ രാജാവും ബ്രിട്ടീഷ് പാർലമെന്റിലെ ഭൂരിപക്ഷം അംഗങ്ങളും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. അമേരിക്കൻ 'രാജ്യസ്നേഹി'കളിൽ ഇതുളവാക്കിയ പ്രതികരണം സമരരംഗത്തിറങ്ങുകയെന്നുള്ളതായിരുന്നു. 1775 ഏപ്രിൽ 19-ന് മാസച്ചൂസിറ്റ്സിൽ ലെക്സിങ്ടൺ എന്ന സ്ഥലത്തു വച്ച് ബ്രിട്ടീഷ് സൈന്യവും അമേരിക്കൻ കോളനി സൈന്യവും തമ്മിൽ ഏറ്റുമുട്ടി. ഈ യുദ്ധത്തിൽ വിജയം അമേരിക്കക്കാർക്കായിരുന്നു.

സ്വാതന്ത്ര്യപ്രഖ്യാപനം

തിരുത്തുക

1775 മേയ് 10-ന് രണ്ടാമത്തെ 'കോണ്ടിനെന്റൽ കോൺഗ്രസ്' സമ്മേളിച്ചു. ഇതിൽ എല്ലാ കോളനികളുടെയും പ്രതിനിധികൾ സംബന്ധിച്ചിരുന്നു. ഈ സമ്മേളനം അമേരിക്കൻ സൈന്യങ്ങളുടെ സേനാനായകനായി ജോർജ് വാഷിംഗ്ടനെ (1732-99) നിയമിച്ചു. തോമസ് ജെഫേഴ്സൺ‍ (1743-1826), ബെഞ്ചമിൻ ഫ്രാങ്ക്ളിൻ തുടങ്ങിയ നേതാക്കൾ ഉൾപ്പെട്ട ഒരു കമ്മിറ്റി ഒരു സ്വാതന്ത്ര്യപ്രഖ്യാപന വിളംബരം (Declaration of Independence) തയ്യാറാക്കി സമർപ്പിച്ചത് കോൺഗ്രസ് 1776 ജൂലൈ 4-ന് അംഗീകരിച്ചു. ഈ പത്രികയുടെ ശില്പി തോമസ് ജെഫേഴ്സൺ ആയിരുന്നു. പ്രസ്തുത പത്രികയിൽ ജനാധിപത്യത്തിന്റെ ചില മൗലികപ്രമാണങ്ങൾ ഉൾക്കൊണ്ടിരുന്നു:

  1. ഇംഗ്ലീഷ്കാർക്കു മാത്രമല്ല എല്ലാ മനുഷ്യർക്കും ദൈവദത്തമായ ചില അനുപേക്ഷണീയാവകാശങ്ങളുണ്ട്. ജീവിക്കാനും സ്വാതന്ത്ര്യമനുഭവിക്കാനും ആത്മസുഖത്തിനുവേണ്ടി പ്രവർത്തിക്കാനുമുള്ള അവകാശങ്ങൾ ഇവയിൽ പ്രധാനമാണ്
  2. എല്ലാ ഭരണകൂടങ്ങളുടെയും ന്യായമായ അധികാരങ്ങൾ ഭരണീയരിൽനിന്നു ലഭിക്കുന്നവയാണ്
  3. അതിനാൽ സ്വേച്ഛാധിപത്യഭരണത്തെ മറിച്ചിട്ടു ജനസമ്മതമുള്ള ഭരണം സ്ഥാപിക്കാനുള്ള അവകാശം തികച്ചും ന്യായീകരിക്കത്തക്കതാണ്.

ഫിലാഡൽഫിയ കോൺഗ്രസ്സിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം കോളനികളിലെ 'ദേശസ്നേഹികളിൽ' ആവേശമുളവാക്കി. ബഞ്ചമിൻ ഫ്രാങ്ക്ളിൻ ഫ്രാൻസിലും ബ്രിട്ടന്റെ മറ്റു ശത്രുരാജ്യങ്ങളിലും എത്തി അമേരിക്കക്കാരുടെ സ്വാതന്ത്ര്യസമരത്തിന് സഹായം അഭ്യർഥിച്ചു. ഇംഗ്ളീഷുകാരനായ തോമസ് പെയിൻ അമേരിക്കയിൽ വന്ന് അമേരിക്കൻ സ്വാതന്ത്ര്യപ്രക്ഷോഭത്തിൽ സജീവമായി പ്രവർത്തിച്ചു. രാജാക്കന്മാരുടെ ഭരണാവകാശം ദൈവദത്തമാണെന്നുള്ള വാദത്തെ തോമസ് പെയിൻ പരസ്യമായി ഖണ്ഡിച്ചു. തുടരെ വിപ്ലവം നടത്തുന്നതു ജനാധിപത്യഭരണത്തിന് നല്ലതാണെന്നുകൂടി തോമസ് ജെഫേഴ്സൺ വാദിച്ചു. ഒന്നുകിൽ സ്വാതന്ത്ര്യം തരിക, അല്ലെങ്കിൽ മരണം തരിക എന്നുള്ള മുദ്രാവാക്യംകൊണ്ടു പാട്രിക് ഹെന്റി രാജ്യസ്നേഹികളിൽ ആവേശം സൃഷ്ടിച്ചു. ന്യൂയോർക്കിലെ വിപ്ലവകാരികൾ അവിടെ സ്ഥാപിച്ചിരുന്ന ജോർജ് രാജാവിന്റെ ലോഹപ്രതിമ തകർത്ത് അതിലെ ലോഹംകൊണ്ട് വെടിയുണ്ടകൾ ഉണ്ടാക്കി.

യുദ്ധം ആരംഭിക്കുന്നു

തിരുത്തുക
 
Johannes Adam Simon Oertel. Pulling Down the Statue of King George III, N.Y.C., ca. 1859. The painting is a romanticised version of the Sons of Liberty destroying the symbol of monarchy following the reading by George Washington of the United States Declaration of Independence to the Continental Army and residents on the New York City commons, July 9th, 1776.

ബ്രിട്ടനിലാകട്ടെ പാർലമെന്റും രാജാവും കോളനികളുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തെ രാജദ്രോഹമായിട്ടാണ് വീക്ഷിച്ചത്. അമേരിക്കൻ സ്വാതന്ത്ര്യസമരത്തിൽ കോളനിക്കാരെ ഹ്രസ്വകാലംകൊണ്ടു തന്നെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർക്കു കഴിയുന്ന സാഹചര്യമാണുണ്ടായിരുന്നത്. കാരണം സമ്പന്നരായ കോളനിനിവാസികളിൽ പലരും ബ്രിട്ടീഷു ഗവൺമെന്റിനോടു യുദ്ധത്തിലേർപ്പെടുന്നതിനെതിരായിരുന്നു. അഥവാ എല്ലാ കോളനിക്കാരും ഒത്തൊരുമിച്ചു യുദ്ധത്തിനിറങ്ങിയാൽത്തന്നെയും അവർക്ക് ജനസംഖ്യകൊണ്ടും നാവികശക്തികൊണ്ടും ബ്രിട്ടനോടു കിടപിടിക്കാൻ നിവൃത്തിയില്ലാത്ത സ്ഥിതിയായിരുന്നു. എന്നാൽ വേണ്ട സമയത്തു വേണ്ടതു ചെയ്യാതെ ബ്രിട്ടൻ അമേരിക്കൻ വിപ്ലവകാരികൾക്കു സംഘടിക്കാനും ശക്തി സംഭരിക്കാനും അവസരം നല്കി.

1776 ജൂൺ 15-ന് ബോസ്റ്റൺ നഗരത്തിനു സമീപത്ത് ബങ്കർഹിൽ എന്ന സ്ഥലത്തുവച്ച് ബ്രിട്ടീഷ് സൈന്യവും കോളനിക്കാരുടെ സൈന്യവും തമ്മിൽ ഏറ്റുമുട്ടി. ഒടുവിൽ അമേരിക്കക്കാർ പിന്മാറേണ്ടി വന്നു; എങ്കിലും ഈ സംഘട്ടനത്തിൽ വളരെ ബ്രിട്ടീഷ് പട്ടാളക്കാർ മരണമടഞ്ഞു. 1775 ജൂലൈ മുതൽ 1776 മാർച്ച് വരെ ബോസ്റ്റൺ നഗരത്തെ അമേരിക്കൻ സൈന്യം പ്രതിരോധിച്ചു. ഒടുവിൽ ബ്രിട്ടീഷുകാർക്ക് 1776 മാർച്ച് 17-നു ബോസ്റ്റൺ നഗരം വിട്ടുപോകേണ്ടിവന്നു. ബോസ്റ്റൺ നഗരം അമേരിക്കക്കാരുടെ അധീനത്തിലായതിനുശേഷം അവരുടെ സേനാനായകനായ ജോർജ് വാഷിംഗ്ടൺ ന്യൂയോർക്കിന്റെ നേരേ തിരിഞ്ഞു. ബ്രിട്ടീഷ് കരസേനാധിപനായ ജനറൽ വില്യം ഹൗവിന്റെയും (1729-1814) നാവികസേനാധിപനായ അഡ്മിറൽ റിച്ചാർഡ് ഹൗവിന്റെയും (1726-99) നേതൃത്വത്തിൽ ബ്രിട്ടീഷുകാർ ഇതിനെ ചെറുത്തു. 1776 സെപ്തംബർ 15-ന് ന്യൂയോർക്ക് നഗരം ബ്രിട്ടീഷുകാർ വീണ്ടെടുത്തു. തന്നിമിത്തം വാഷിങ്ടനു ന്യൂയോർക്കിൽനിന്നു വിട്ടുപോകേണ്ടതായും വന്നു.

എന്നാൽ 1776 ഡിസംബർ 26-ന് ട്രെന്റൺ എന്ന സ്ഥലത്തുവച്ചു നടന്ന ഏറ്റുമുട്ടലിൽ വാഷിങ്ടൺ ആയിരം ബ്രിട്ടീഷ് പട്ടാളക്കാരെ തടവുകാരാക്കി. അതിനെത്തുടർന്ന് 1777 ജനുവരി 3-ന് പ്രിൻസ്ടണിൽവച്ചു നടന്ന യുദ്ധത്തിൽ വാഷിങ്ടൺ ബ്രിട്ടീഷ്കാരുടേമേൽ നിർണായകമായ വിജയം കൈവരിച്ചു. 1777 ഒക്ടോബർ 17-ന് സാരറ്റോഗാ യുദ്ധത്തിൽ ജോൺ ബർഗൊയിൻ (1722-92) എന്ന ബ്രിട്ടീഷ് കരസേനാധിപൻ ആയിരത്തിൽപ്പരം പട്ടാളക്കാരോടുകൂടി അമേരിക്കൻ സൈന്യത്തിനു കീഴടങ്ങി. സെപ്തംബർ 11-ന് ബ്രാണ്ടിവൈൻ യുദ്ധത്തിൽ ഗ്രീൻ എന്ന സൈന്യാധിപന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ സൈന്യത്തെ വില്യം ഹൌ പരാജയപ്പെടുത്തി. സെപ്തംബർ 27-ന് ഫിലാഡൽഫിയ കൈവശപ്പെടുത്തി.

മറ്റു ശക്തികളുടെ ഇടപെടൽ

തിരുത്തുക

1777-ലെ സാരറ്റോഗാ യുദ്ധം അമേരിക്കൻ സ്വാതന്ത്ര്യസമരത്തിലെ ഒരു വഴിത്തിരിവിനെ കുറിക്കുന്നു. സപ്തവത്സരയുദ്ധത്തിൽ‍ പരാജയപ്പെട്ട ഫ്രഞ്ചുകാർ അമേരിക്കൻ കോളനിക്കാരുമായി പരസ്യമായി സഖ്യത്തിലേർപ്പെടുകയും 1778-ൽ ബ്രിട്ടീഷ് ഗവൺമെന്റിനോട് യുദ്ധപ്രഖ്യാപനം നടത്തുകയും ചെയ്തു. അതുവരെ അമേരിക്കയിൽ ഒതുങ്ങിനിന്നിരുന്ന യുദ്ധം ഒരു ആഗോളയുദ്ധത്തിന്റെ രൂപംപ്രാപിച്ചു. 1779 ജൂണിൽ ഫ്രാൻസിന്റെ പ്രേരണയിൽ സ്പെയിൻ ബ്രിട്ടീഷുകാർക്കെതിരായി യുദ്ധരംഗത്തു പ്രവേശിച്ചു. ജിബ്രാൾട്ടറും ഫ്ളോറിഡയും ബ്രിട്ടനിൽനിന്നു തിരികെ പിടിച്ചെടുക്കാൻ ഫ്രാൻസ് സ്പെയിനെ സഹായിക്കാമെന്ന വാഗ്ദാനമാണ് സ്പെയിൻ ബ്രിട്ടനോടു യുദ്ധത്തിനിറങ്ങിപ്പുറപ്പെടാൻ കാരണം. ബ്രിട്ടൻ ഡച്ചു കച്ചവടക്കാരെ അമേരിക്കൻ വാണിജ്യബന്ധത്തിൽനിന്ന് ഒഴിച്ചു നിർത്തി എന്ന കാരണത്താൽ ഹോളണ്ട് ഫ്രഞ്ചുകാരുടെ ഭാഗത്തുചേർന്നു. നാവികശക്തിയിൽ ബ്രിട്ടന്റെ പുരോഗതിയിൽ അസൂയയും ഭയവുമുണ്ടായിരുന്ന മറ്റു രാഷ്ട്രങ്ങളും ബ്രിട്ടനെതിരായി അണിനിരന്നു. അമേരിക്കയുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ബ്രിട്ടീഷ് നാവികോദ്യോഗസ്ഥന്മാർ അമേരിക്കക്കാരുമായി കച്ചവടബന്ധമുള്ള യൂറോപ്യൻ നിഷ്പക്ഷരാജ്യങ്ങളുടെ കപ്പലുകൾ ബലമായി പരിശോധിക്കാനും ചില കപ്പലുകൾ പിടിച്ചെടുക്കാനും തുടങ്ങി. ഇതിൽ റഷ്യയിലെ ചക്രവർത്തിനിയായ കാതറൈൻ II (1728-96) പ്രതിഷേധിക്കുകയും 1780-ൽ റഷ്യയും സ്വീഡനും ഡെന്മാർക്കും ചേർന്ന് ഇംഗ്ലണ്ടിനെതിരായി ഒരു സായുധനിഷ്പക്ഷതാ (Armed neutrality) സഖ്യം ഉണ്ടാക്കുകയും ചെയ്തു. പിന്നീട് പ്രഷ്യയും പോർച്ചുഗലും ഇറ്റലിയിലെ 'രണ്ടു സിസിലികൾ‍' എന്ന രാഷ്ട്രവും വിശുദ്ധ റോമാസാമ്രാജ്യവും ഈ സഖ്യത്തിൽ ചേർന്നു. അങ്ങനെ യൂറോപ്യൻ രാഷ്ട്രങ്ങളെല്ലാംതന്നെ ബ്രിട്ടന്റെ ശത്രുക്കളായിത്തീർന്നു. എന്നാൽ ഫ്രാൻസും സ്പെയിനും ഹോളണ്ടും മാത്രമേ സജീവമായി യുദ്ധരംഗത്തുണ്ടായുള്ളു. ഹോളണ്ട് നോർത്ത് സീയിൽ ശല്യമുണ്ടാക്കി. എന്നാൽ ഫ്രാൻസും സ്പെയിനും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും തുറന്ന ആക്രമണം നടത്തി.

ഇതുകൂടാതെ ബ്രിട്ടീഷ് ഗവൺമെന്റിന് ബ്രിട്ടീഷ് ദ്വീപുകളിൽനിന്നുള്ള എതിർപ്പിനെയും നേരിടേണ്ടി വന്നു. അയർലണ്ടിൽ ലഹള ഉണ്ടായതു കൂടാതെ ഇംഗ്ലണ്ടിൽത്തന്നെ വില്യം പിറ്റ്, എഡ്മണ്ട് ബർക്ക്, ചാൾസ് ജെയിംസ് ഫോക്സ് തുടങ്ങിയ നേതാക്കന്മാർ അമേരിക്കയോട് പരസ്യമായി കൂറു കാണിച്ചു. അമേരിക്കയിലേക്കു കപ്പലും പട്ടാളവും അയയ്ക്കുന്നതോടുകൂടിത്തന്നെ സ്പെയിനിന്റെയും ഫ്രാൻസിന്റെയും ആക്രമണത്തിൽനിന്നു സ്വന്തം രാജ്യത്തിന്റെ തെക്കേ കടൽത്തീരം സംരക്ഷിക്കേണ്ട ഭാരവും ബ്രിട്ടനു വന്നുകൂടി. അതിലുപരിയായി നോർത്ത് സീയിലും കരിബീയൻ കടലിലും വിദൂരമായ ബംഗാൾ ഉൾക്കടലിലും ഡച്ചുകാരെയും ഫ്രഞ്ചുകാരെയും നേരിടാൻ നാവികസൈന്യത്തെ അയയ്ക്കേണ്ട ബാദ്ധ്യതയും വന്നുചേർന്നു. ചുരുക്കത്തിൽ ബ്രിട്ടന് 3 ഭൂഖണ്ഡങ്ങളിൽ ഒരേ സമയത്തു യുദ്ധം ചെയ്യേണ്ടി വന്നു. 1779-ൽ ഫ്രഞ്ച്-സ്പാനിഷ് നാവികസേന ബ്രിട്ടനെ ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തി. മെഡിറ്ററേനിയനിലെ ബ്രിട്ടീഷ് സാമ്രാജ്യപ്രദേശങ്ങളെ സ്പെയിനും ഫ്രാൻസും കൂട്ടായി ആക്രമിക്കുകയും മിനോർക്ക ദ്വീപ് കൈവശപ്പെടുത്തുകയും ചെയ്തു. ജിബ്രാൾട്ടറിലെ ബ്രിട്ടീഷ് സൈന്യം ശത്രുക്കളെ തോല്പിച്ചതിനാൽ ജിബ്രാൾട്ടർ തുറമുഖം ബ്രിട്ടനു നഷ്ടപ്പെട്ടില്ല.

ബ്രിട്ടന്റെ കീഴടങ്ങൽ

തിരുത്തുക

വടക്കേ അമേരിക്കയിൽ കോളനിക്കാർ ഫ്രഞ്ചു യുദ്ധക്കപ്പലുകളുടെയും ഫ്രഞ്ചു കരസേനയുടെയും സഹായത്തോടുകൂടി ബ്രിട്ടീഷ് സൈന്യത്തിന്റെമേൽ നിർണായകമായ വിജയം നേടി. വാഷിങ്ടന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ സൈന്യവും മാർക്യൂസ് ദെ ലാഫീറ്റിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ചു സൈന്യവും ഫ്രഞ്ചു നാവികസേനയുംകൂടി ബ്രിട്ടീഷ് സേനാനായകനായ കോൺവാലിസ് പ്രഭുവിനെ വെർജീനിയയിലെ യോർക്ക്ടൗണിൽവച്ച് എല്ലാ വശങ്ങളിൽനിന്നും വളഞ്ഞു. 1781 ഒക്ടോബർ 19-ന് 7,000 പട്ടാളക്കാരോടുകൂടി കോൺവാലിസ് കീഴടങ്ങി. യൂറോപ്പിലും വെസ്റ്റ് ഇൻഡീസിലും ഏഷ്യയിലും ശത്രുക്കളെ നേരിടുന്നതിനായി സൈന്യങ്ങളെ നിർത്താൻ നിർബന്ധിതയായ ബ്രിട്ടന് അമേരിക്കയിലേക്ക് കൂടുതൽ സൈന്യങ്ങളെ അയയ്ക്കാൻ നിർവാഹമില്ലാത്ത സ്ഥിതി വന്നു. യുദ്ധത്തിലെ എല്ലാ സമരമുഖങ്ങളിലും ഒറ്റയ്ക്കു ശത്രുക്കളെ നേരിടേണ്ടി വന്ന ബ്രിട്ടൻ തളർന്നു. 1783 സെപ്തംബർ 3-ന് ബ്രിട്ടൻ പാരിസിൽ വച്ച് അമേരിക്കൻ കോളനികളുമായി സമാധാനക്കരാർ ഒപ്പുവച്ചു; ഫ്രാൻസും സ്പെയിനുമായി മറ്റൊരു സമാധാനക്കരാർ വേഴ്സയിലിൽ (Versailles) വച്ചും. അതോടെ അമേരിക്കൻ സ്വാതന്ത്ര്യസമരം അവസാനിച്ചു.

സമാധാനസ്ഥാപനം

തിരുത്തുക

പാരിസ് ഉടമ്പടിയിലെ പ്രധാനവ്യവസ്ഥകൾ താഴെ പറയുന്നവയായിരുന്നു:

  1. ബ്രിട്ടനോടു യുദ്ധം ചെയ്ത 13 കോളനികളും കൂട്ടിച്ചേർത്തു രൂപവത്കൃതമായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒഫ് അമേരിക്ക (U.S.A) എന്ന സ്വതന്ത്രരാഷ്ട്രത്തിന് അംഗീകാരം നല്കി. ഈ രാഷ്ട്രത്തിന്റെ വടക്കേ അതിർത്തി കാനഡയും അതിനു സമീപമുള്ള വൻതടാകങ്ങളും കിഴക്കേ അതിർത്തി അത്ലാന്തിക് സമുദ്രവും പടിഞ്ഞാറേ അതിർത്തി മിസിസിപ്പി നദിയുമായി നിർണയിച്ചു;
  2. ന്യൂഫൗണ്ട്ലണ്ടിലെ മത്സ്യബന്ധനകേന്ദ്രങ്ങളിൽ യു.എസ്സിനുള്ള പരിപൂർണാവകാശം അംഗീകരിക്കപ്പെട്ടു;
  3. മിസിസിപ്പി നദിയിൽ ബ്രിട്ടനും യു.എസ്സിനും തുല്യമായ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കപ്പെട്ടു.

അമേരിക്കൻ സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടൻ പരാജയപ്പെടാനിടയായ കാരണങ്ങൾ പലതാണ്. സ്വന്തം നാട്ടിൽനിന്ന് അനേകായിരം കിലോമീറ്റരുകൾ ദൂരെ നടന്ന യുദ്ധമായതുകൊണ്ടുള്ള വൈഷമ്യത്തിനു പുറമേ ഭൂമിശാസ്ത്രപരമായി ബ്രിട്ടന് പല പ്രതികൂല സാഹചര്യങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നു. കാടും മലയും നിറഞ്ഞ യുദ്ധരംഗങ്ങൾ അമേരിക്കക്കാർക്കു സുപരിചിതമായിരുന്നു. നേരെമറിച്ചു ബ്രിട്ടീഷു സൈന്യങ്ങൾക്ക് അപരിചിതവും. കൂടാതെ ഫ്രഞ്ചുകാരുടെ സാമ്പത്തികസഹായം അമേരിക്കക്കാർക്ക് ഒരു വലിയ രക്ഷാകവചമായിത്തീർന്നു. അമേരിക്കൻ രാജ്യസ്നേഹികളുടെ ധീരോദാത്തതയും ത്യാഗസന്നദ്ധതയും അവരുടെ നേതാക്കന്മാരുടെ വ്യക്തിമാഹാത്മ്യവും അമേരിക്കൻ വിജയത്തിന്റെ നിർണായകഘടകങ്ങളായിരുന്നു. ജോർജ് വാഷിങ്ടന്റെ സ്വഭാവശുദ്ധിയും ത്യാഗബുദ്ധിയുമാണ് അമേരിക്കക്കാരുടെ വിജയത്തിന് ഏറ്റവും സഹായകമായിരുന്നതെന്ന് ബ്രിട്ടീഷ് ചരിത്രകാരനായ ഡബ്ലിയു.ഇ.എച്ച്. ലെക്കി അഭിപ്രായപ്പെട്ടിട്ടുണ്ട്.

പുതു രാഷ്ട്ര പിറവി

തിരുത്തുക

അമേരിക്കൻ സ്വാതന്ത്യ്രസമരത്തിന്റെ ഫലങ്ങൾ വിവിധങ്ങളും ദൂരവ്യാപകങ്ങളുമായിരുന്നു. അമേരിക്കൻ കോളനികൾക്കു പരിപൂർണ രാഷ്ട്രീയസ്വാതന്ത്ര്യം ലഭിച്ചു. 13 കോളനികളും ഒത്തുചേർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് എന്ന സ്വതന്ത്ര ഫെഡറൽ രാഷ്ട്രത്തിനു രൂപം നല്കി. സ്വാതന്ത്യ്രസമരത്തിൽ കോളനികൾ വിജയിച്ചത് രാജകീയ സ്വേച്ഛാധിപത്യത്തിനും പ്രഭുക്കന്മാരുടെ മേധാവിത്വത്തിനും കനത്ത ആഘാതമായിരുന്നു. രാജാധികാരം ദൈവദത്തമാണെന്നുള്ള തത്ത്വത്തിന്റെ തകർച്ചയ്ക്ക് അമേരിക്കൻ സ്വാതന്ത്ര്യസമരം വളരെയേറെ സഹായിച്ചു. ഇംഗ്ലണ്ടിൽ 17-ആം ശതകത്തിലുണ്ടായ പ്യൂരിറ്റൻ വിപ്ലവത്തിന്റെയും 1688-ലെ 'രക്തരഹിത' വിപ്ളവത്തിന്റെയും സ്വാഭാവികമായ പരിസമാപ്തിയാണ് അമേരിക്കൻ വിപ്ലവത്തിൽ കാണാൻ കഴിയുന്നത്. ഈ വിപ്ലവം രാജാവിനെ മാത്രമല്ല, രാജസ്ഥാനത്തെയും നശിപ്പിക്കുകയും ജനാധിപത്യവാഴ്ച സാക്ഷാത്കരിക്കുകയും ചെയ്തു. അമേരിക്കൻ വിപ്ളവത്തിന്റെ വിജയം ജനാധിപത്യത്തിന്റെയും ദേശീയ സ്വയംനിർണയാവകാശത്തിന്റെയും വിജയമായിരുന്നു. അമേരിക്കൻ സ്വാതന്ത്യ്രസമരം ഫ്രഞ്ചുവിപ്ലവത്തിനു വഴിതെളിച്ചു. യുദ്ധത്തിൽ സജീവമായി പങ്കെടുത്തതുകൊണ്ടു സാമ്പത്തികമായും സൈനികമായും ഭീമമായ നഷ്ടം ഫ്രഞ്ചു ഗവൺമെന്റിനു സഹിക്കേണ്ടി വന്നു. തന്നിമിത്തം ഫ്രഞ്ചു ഗവൺമെന്റിന്റെ ഖജനാവ് ശോഷിക്കുകയും അത് ഫ്രഞ്ചുരാജാധികാരത്തിന്റെ പതനത്തിനു വഴിതെളിക്കുകയും ചെയ്തു. ഫ്രഞ്ചു വിപ്ലവകാരികൾക്ക് അമേരിക്കൻ സ്വാതന്ത്ര്യസമരം നല്കിയ പ്രചോദനമാണ് അവരിൽ വിപ്ലവത്തിന് ഏറ്റവുമധികം ആവേശമുളവാക്കിയത്. ബ്രിട്ടീഷ് രാജാധികാരം തകർക്കാൻ അമേരിക്കക്കാരെ സഹായിച്ച ഫ്രഞ്ചുകാർ അവരുടെ സ്വന്തം രാജാവിന്റെ നേർക്കു വിപ്ലവത്തിനു പുറപ്പെട്ടതു സ്വഭാവികമായ ഒരു പരിണതിയായിരുന്നു.

അമേരിക്കൻ സ്വാതന്ത്ര്യസമരത്തിന്റെ പ്രത്യാഘാതങ്ങളായി 19ആം ശതകത്തിൽ ലാറ്റിൻ അമേരിക്കയിൽ വിദേശാധിപത്യത്തിൽനിന്നു വിമോചനം ലഭിക്കാൻ പല രാഷ്ട്രങ്ങളിലും വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. സൈമൺ ബൊളിവറുടെയും സാൻ മാർട്ടിന്റെയും മറ്റും നേതൃത്വത്തിൽ തെ. അമേരിക്കൻ കോളനികളിലെ ജനങ്ങൾ സ്പാനിഷ് സാമ്രാജ്യ മേധാവിത്വത്തിനെതിരായി നടത്തിയ വിമോചനസമരങ്ങൾക്ക് അമേരിക്കൻ സ്വാതന്ത്ര്യസമരം നല്കിയ മാതൃകയാണു പ്രചോദനം നല്കിയത്. സമത്വം, സ്വാതന്ത്ര്യം', ജനാധിപത്യം എന്നിങ്ങനെ അമേരിക്കൻ സ്വാതന്ത്ര്യസമരം ഉയർത്തിപ്പിടിച്ച മഹത്തായ ആദർശങ്ങൾ അമേരിക്കൻ ഭൂഖണ്ഡത്തിൽ മാത്രമല്ല, യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും വ്യാപിച്ച് അവിടെയെല്ലാം ജനകീയ വിപ്ലവങ്ങൾക്കു പ്രേരണ നല്കി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു തന്നെ അമേരിക്കൻ സ്വാതന്ത്ര്യസമരത്തിലെ ആശയങ്ങൾ ആവേശം നല്കിയിട്ടുണ്ട്.


 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ സ്വാതന്ത്ര്യസമരം അമേരിക്കൻ സ്വാതന്ത്ര്യസമരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.