പ്രധാന മെനു തുറക്കുക

ബോസ്റ്റൺ ചായവിരുന്ന്

(ബോസ്റ്റൺ ടീ പാർട്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നഥാനിയേൽ കറിയരുടെ 1846-ലെ ഈ ലിത്തോഗ്രാഫിന് "ബോസ്റ്റൺ തുറമുഖത്ത് തേയില നശിപ്പിക്കപ്പെടുന്നു" എന്നായിരുന്നു പേരിട്ടത്; "ബോസ്റ്റൺ ചായ വിരുന്ന്" എന്ന പ്രയോഗം അന്ന് പ്രചരിച്ചിരുന്നില്ല. പ്രതിഷേധക്കാരെയല്ലാം അമേരിക്കൻ ഇന്ത്യൻ വേഷത്തിലാണ് കറിയർ ചിത്രീകരിച്ചിരിക്കുന്നതെങ്കിലും അവരിൽ വളരെക്കുറച്ചുപേർ മാത്രമേ അങ്ങനെ വേഷം കെട്ടിയിരുന്നുള്ളൂ.[1]

മസ്സാചുസെറ്റ്സ് പ്രവിശ്യയിലെ ബോസ്റ്റൺ തുറമുഖത്ത് അമേരിക്കൻ കോളനിക്കാർ ബ്രിട്ടീഷ് സർക്കാരിന്റെ നികുതിനയത്തിനെതിരെ നടത്തിയ പ്രതിഷേധനടപടിയാണ് ബോസ്റ്റൺ ചായവിരുന്ന് (ബോസ്റ്റൺ ടീ പാർട്ടി) എന്നറിയപ്പെടുന്നത്. ബോസ്റ്റണിലെ അധികാരികൾ നികുതി ചുമത്തപ്പെട്ട മൂന്നു കപ്പൽ നിറയെ തേയില ബ്രിട്ടണിലേയ്ക്ക് തിരികെ അയക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഒരുപറ്റം കോളനിക്കാർ കപ്പലുകളിൽ കയറി അവയിലുണ്ടായിരുന്ന തേയില കടലിലെറിഞ്ഞ് നശിപ്പിച്ചതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. അമേരിക്കൻ ചരിത്രത്തിൽ ഏറെ പ്രതീകാത്മക പ്രാധാന്യമുള്ള ഈ സംഭവം മറ്റു രാഷ്ടീയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലും പരാമർശിക്കപ്പെടാറുണ്ട്.


1773-ൽ ബ്രിട്ടീഷ് പാർലിമെന്റ് പാസാക്കിയ തേയില നിയമത്തിനെതിരെ അമേരിക്കൻ കോളനികളിൽ ഉടനീളം നടന്നിരുന്ന പ്രതിഷേധങ്ങളാണ് "ചായ വിരുന്നിലേയ്ക്ക്" നയിച്ചത്. കോളനിവാസികൾ തേയില നിയമത്തെ പല കാരണങ്ങൾ മൂലവും എതിർത്തു. തങ്ങൾക്ക് പ്രാതിനിധ്യമുള്ള നിയമനിർമ്മാണസഭയ്ക്കു മാത്രമേ തങ്ങളുടെ മേൽ നികുതി ചുമത്താൻ അവകാശമുള്ളൂ എന്നതായിരുന്നു അവരുടെ ഏറ്റവും പ്രധാന വാദം. വേറെ മൂന്നു കോളനികളിലും പ്രതിഷേധക്കാർ തേയില കപ്പലുകളിൽ നിന്ന് ഇറക്കുന്നത് തടഞ്ഞിരുന്നു. എന്നാൽ ബോസ്റ്റണിലെ ഗവർണ്ണർ, തോമസ് ഹച്ചിൻസൺ, അങ്ങനെ ഇറക്കാൻ കഴിയാതിരുന്ന തേയില ബ്രിട്ടണിലേയ്ക്ക് തിരികെ അയക്കാൻ വിസമ്മതിച്ചു. പ്രക്ഷോഭകർ കപ്പലുകളിൽ കയറി തേയില കടലിൽ എറിയാൻ മുതിരുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചില്ല.


അമേരിക്കൻ വിപ്ലവത്തിലേയ്ക്കു നയിച്ച സുപ്രാധാനസംഭവങ്ങളിൽ ഒന്നാണ് "ചായ വിരുന്ന്". ബ്രിട്ടീഷ് പാർലിമെന്റ് ഇതിനോട് പ്രതികരിച്ചത് കർശന നടപടികൾ സ്വീകരിച്ചുകൊണ്ടാണ്. ഈസ്റ്റ് ഇൻഡ്യാ കമ്പനിക്ക് കോളനിക്കാർ നഷ്ടപരിഹാരം കൊടുക്കുന്നതുവരെ ബോസ്റ്റൺ തുറമുഖത്തെ വ്യാപാരം നിർത്തലാക്കുന്നതും അവയിൽ ഉൾപ്പെട്ടിരുന്നു. കൂടുതൽ പ്രതിഷേധനടപടികളുമായി കോളനിവാസികളും പ്രതികരിച്ചു. അവർ വിളിച്ചുകൂട്ടിയ ഒന്നാം ഭൂഖണ്ഡ കോൺഗ്രസ്, രാജാവിനോട് കർശനനിയമങ്ങൾ പിൻവലിക്കാൻ അഭ്യർത്ഥിക്കുകയും കോളനികളുടെ പ്രക്ഷോഭ നടപടികളെ ഏകോപിപ്പിക്കുകയും ചെയ്തു. പ്രതിസന്ധി മൂർച്ഛിച്ചതിനെ തുടർന്ന് 1775-ൽ ബോസ്റ്റണടുത്ത്, അമേരിക്കൻ സ്വാതന്ത്ര്യസമരം ആരംഭിച്ചു.

പശ്ചാത്തലംതിരുത്തുക

ബ്രിട്ടീഷ് സാമ്രാജ്യത്തെ 1773-ൽ നേരിട്ടിരുന്ന രണ്ടു പ്രശ്നങ്ങളാണ് "ചായ വിരുന്നിന്" പശ്ചാത്തലമൊരുക്കിയത്: ഈസ്റ്റ് ഇന്ത്യാ കമ്പനി നേരിട്ടിരുന്ന സാമ്പത്തിക പ്രശ്നങ്ങളായിരുന്നു അവയിൽ ഒന്ന്; കോളനിവാസികൾക്ക് പ്രാതിനിധ്യം ഇല്ലാതിരുന്ന ബ്രിട്ടീഷ് പാർലിമെന്റിന് കോളനികളുടെ മേൽ എന്തധികാരമാണുള്ളതെന്ന തർക്കമായിരുന്നു രണ്ടാമത്തെ പ്രശ്നം. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ബ്രിട്ടീഷ് സർക്കാരിന്റെ അസമർത്ഥമായ ശ്രമങ്ങളാണ് പ്രശ്നം വഷളാക്കി വിപ്ലവത്തിന് വഴിയൊരുക്കിയത്.

അവലംബംതിരുത്തുക

  1. Young, Alfred F. ചെരുപ്പുകുത്തിയും ചായവിരുന്നും: അമേരിക്കൻ വിപ്ലവത്തിന്റെ സ്മരണ. Boston: Beacon Press, 1999. ISBN 0-8070-5405-4; ISBN 978-0-8070-5405-5.
"https://ml.wikipedia.org/w/index.php?title=ബോസ്റ്റൺ_ചായവിരുന്ന്&oldid=2665463" എന്ന താളിൽനിന്ന് ശേഖരിച്ചത്