ഹിന്ദുമതത്തിലെ ഈശ്വരസങ്കല്പം

അമൂർത്ത പ്രപഞ്ചസത്യത്തിന്റെ മൂർത്തീകൃത സങ്കൽപ്പം. ഈശ്വരൻ, ഈശ്വരി, ഭഗവാൻ, ഭഗവതി, പരമാത്മാവ് എന്നീ പേരുകളിലും വ്യവഹരിക്കപ്പെടുന്നു. പ്രകൃതിയുടെ വിവിധ ശക്തികളെ ദേവന്മാരായി കരുതി ആരാധിച്ചിരുന്ന പ്രാചീന സമ്പ്രദായത്തിൽ നിന്നും പരിണമിച്ചാണ് 'ഈശ്വരൻ' എന്ന ഭാവന രൂപമെടുത്തിട്ടുള്ളത്. ഹിന്ദുമതത്തിന്റെ വിവിധ വിഭാഗങ്ങളിൽ വിവിധ രീതിയിൽ ഉള്ള ഈശ്വര സങ്കൽപ്പങ്ങൾ കാണാം. ശൈവ വിശ്വാസപ്രകാരം പരമാത്മാ ശിവൻ ഈശ്വര സങ്കല്പം ആകുന്നു എന്നാൽ വൈഷ്ണവ വിശ്വാസപ്രകാരം ഭഗവാൻ മഹാവിഷ്ണു തന്നെയാണ് ഈശ്വരൻ. ശാക്തേയ വിശ്വാസം അനുസരിച്ചു ഭഗവതി ആദിപരാശക്തിയാണ് ഈശ്വരി ആയി ആരാധിക്കപ്പെടുന്നു.ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; അസാധുവായ പേരുകൾ, ഉദാ: too many

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ നിന്നും ഈശ്വരന്റെ ഉദയം

തിരുത്തുക

പ്രകൃതിയുടെ അത്ഭുതകരവും അനവദ്യവുമായ സൗന്ദര്യത്തിന്റെയും സമൃദ്ധിയുടെയും മദ്ധ്യത്തിൽ ജീവിച്ച പ്രാചീന ജനതയ്ക്ക് ഭൗതിക ജീവിതത്തിലെ സംഘർഷം താരതമ്യേന ലഘുവായിരുന്നതിനാൽ തങ്ങളുടെ ചിന്താമണ്ഡലത്തെ അനവസാനമായി വിസ്തൃതമാക്കുവൻ അവസരം ലഭിച്ചു. ചുറ്റുമുള്ള പ്രകൃതിയോട് വൈകാരികവും അദ്ധ്യാത്മികവുമായ ഒരു സമീപനശൈലി സ്വീകരിക്കുകയായിരുന്നു അതിന്റെ അനന്തരഫലം. ആ വഴിക്ക് പ്രാഗ്‌‌വേദകാലത്തു തന്നെ പ്രകൃതിയിലുള്ള വസ്തുക്കളെ ഏതോ ഒരു അതിഭൗതികശക്തിയുടെ പ്രതീകങ്ങളായും വ്യഞ്ജകങ്ങളായും പരിഗണിക്കുവാനും അംഗീകരിക്കുവാനും അനുഭൂതിവിഷയം ആക്കുവാനും അവർ പരിശ്രമിച്ചു; അവയ്ക്കു രൂപങ്ങളും ഭാവങ്ങളും കല്പിച്ചുകൊടുക്കുകയും ചെയ്തു. ഈ പ്രക്രിയയുടെ ഫലമായി പ്രാഗ്‌‌വേദകാലത്തുതന്നെ രൂപംകൊണ്ട ദേവതകളാണ് മിത്രൻ, വരുണൻ, ദ്യോവ്, പൃഥിവി, അഗ്നി, മുതലായവർ. ചിലപ്പോൾ സരളവും മറ്റുചിലപ്പോൾ സങ്കീർണവുമായ കർമാനുഷ്ഠാനങ്ങൾ കൊണ്ട് ആ ദേവതകളെ പ്രീണിപ്പിക്കുന്ന സമ്പ്രദായവും അവർതന്നെ തുടങ്ങിവച്ചു.

വേദകാലമായപ്പോൾ പ്രാഗ്‌‌വേദകാല ദേവതകൾക്കെല്ലാം അത്ഭുതകരമായ ഒരു ഉന്നതസ്ഥിതി കൈവന്നു. ഈ ദേവന്മാരുടെ വൈഭവങ്ങൾ, കൃത്യങ്ങൾ, നിഗ്രഹാനുഗ്രഹ ശക്തികൾ എന്നിവയെ കുറിച്ച് ജനങ്ങൾക്കിടയിലുള്ള വിശ്വാസങ്ങൾക്ക് ദാർഢ്യം ലഭിച്ചു എന്നു സാരം. മാത്രമല്ല വൈദികകാലത്തെ ഋഷിപ്രതിമന്മാരായ ചിന്തകന്മാർക്ക് ദ്യോവിന്റെയും,പൃഥ്‌‌വിയുടെ അന്തരാർഥത്തെക്കുറിച്ച് മനനം ചെയ്ത് ഈ ദേവന്മാരെയെല്ലാം അതിശയിക്കുന്ന, കൂടുതൽ ഗഹനമായ ഒരു തത്ത്വത്തെകുറിച്ചുകൂടി സങ്കല്പിക്കുവാൻ സാധിച്ചു. അവർ അതിനെ അദിതി എന്നും എല്ലാ ദേവന്മാരെയും അദിതിയുടെ മക്കളാണെന്ന അർത്ഥത്തിൽ ആദിത്യന്മാർ എന്നും വ്യവഹരിക്കുവാൻ തുടങ്ങി. അഖണ്ഡം, അവ്യയം എന്നീ അർത്ഥങ്ങളുള്ള അദിതിശബ്ദമുപയോഗിച്ച് അങ്ങനെ ആര്യന്മാർ അനാദിയും അനിർ‌‌വചനീയവും അനന്തവുമായ പ്രപഞ്ചതത്വത്തിന് ആദ്യമായി നാമകരണം ചെയ്തു. നിരുക്തകാരനായ യാസ്കൻ (ബി. സി. 300-200) അദിതിയെ ദേവമാതാവായി പ്രതിപാദിച്ചിട്ടുണ്ട്. വേദകാല-ഋഷിമാർക്ക് വിവിധ ശക്തികളുടെ വിലാസരംഗമായ പ്രകൃതിയെ നിയന്ത്രിക്കുന്ന സർ‌‌വാതിശായിയായ ഒരു അഖണ്ഡതത്വത്തെക്കുറിച്ച് സുനിശ്ചിതമായ ധാരണയുണ്ടായിരുന്നു എന്നാണ് ഇതിൽനിന്നു തെളിയുന്നത്. ഈശ്വരൻ എന്ന സങ്കല്പത്തിന്റെ മുന്നോടിയായി ഇതിനെ കരുതാം. ഋഗ്വേദത്തിൽ അദിതിദേവതയെപ്പറ്റി അത്രയധികം സൂക്തങ്ങളില്ലെങ്കിലും അദിതി, ആദിത്യൻ എന്നീ ശബ്ദപ്രയോഗങ്ങൾക്കു പ്രാധാന്യമുണ്ട്.

ഋഗ്വേദത്തിൽ ഒന്നാം മണ്ഡലത്തിലെ 89-ആം സൂക്തത്തിൽ 10-ആമത്തെ മന്ത്രമായ ഇതിൽ നിന്ന് അദിതി സങ്കല്പത്തിന്റെ വ്യാപ്തി ഊഹിക്കാവുന്നതാണ്. ഈ ആശയത്തിൽനിന്ന് ആവേശമുൾക്കൊണ്ട് പുരാണകർത്താക്കന്മാർ ദേവന്മാരുടെ ഉദ്ഭവത്തെയും മറ്റും പറ്റി രസകരങ്ങളായ പല കഥകളും പിൽക്കാലത്തു കെട്ടിച്ചമച്ചിട്ടുണ്ട്.[2]

ഋഗ്വേദത്തിലെ പരാമർശം

തിരുത്തുക

ഋഗ്വേദഋഷികൾ ക്രമേണ പ്രപഞ്ചത്തെ ദ്യുലോകം (ആകാശം,സ്വർഗം), ഭുവർലോകം (അന്തരീക്ഷം), ഭൂലോകം (ഭൂമി)എന്നിങ്ങനെ മൂന്നു മണ്ഡലങ്ങളായി വിഭജിക്കുകയും സൂര്യൻ, ഇന്ദ്രൻ, (ചിലപ്പോൾ വായു), അഗ്നി എന്നിവരെ ക്രമത്തിൽ ഇവയുടെ അധിദേവതകളായി വാഴ്ത്തുകയും ചെയ്തു. അങ്ങനെ പ്രധാനദേവതകൾ മൂന്നായി. വിവിധ പ്രകൃതിശക്തികളെ കണക്കിലെടുത്ത് ഇവയുടെ എണ്ണം പിന്നീടു 33 ആയി. വസുക്കൾ 8, രുദ്രൻമാർ 11, ആദിത്യന്മാ‍ർ12 , ദ്യോവ്, പൃഥിവി എന്നിങ്ങനെ.[3]. ഋഗ്വേദത്തിൽ ഒരിടത്ത് ഈ സംഖ്യ 3339 ആയിത്തീർന്നു.

ഈ മൂവായിരത്തിലധികം ദേവന്മാരെക്കൊണ്ട് മുപ്പത്തിമൂന്നു ദേവന്മാരുടെ പ്രഭാവത്തെയാണു പ്രകീർത്തിക്കുന്നത് എന്ന് സായണൻ തന്റെ വ്യാഖ്യാനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഖ്യയാണ് പിന്നീടു വികസിച്ച് മുപ്പത്തിമൂന്നു കോടിയായത്. പ്രകൃതിയുടെയും മനുഷ്യ ജീവിതത്തിന്റെയും പലതരത്തിലുള്ള വശങ്ങളെയും വെവ്വേറെ കണക്കാക്കി വെവ്വേറെ പേർ കൊടുത്തു വ്യവഹരിക്കാൻ ഉദേശിച്ചതിന്റെ ഫലമായിട്ടാണ് അവിശ്വനീയമാം വിധം ദേവതാസംഖ്യ വർദ്ധിച്ചിട്ടുള്ളത്. എങ്കിലും ഒന്നു തന്നെയാണ് മൂന്നായി, മുപ്പത്തിമൂന്നായി, മൂവായിരത്തി മുന്നൂറ്റി മുപ്പത്തൊൻപതായി, മുപ്പത്തിമൂന്നു കോടിയായി പരിണമിച്ചിട്ടുള്ളത് എന്ന ആന്തരതത്വം വേദകാല ഋഷികളും വേദവ്യാഖ്യാതാക്കന്മാരും ഒരിക്കലും വിസ്മരിച്ചിട്ടില്ല.

ബൗദ്ധിക വേർതിരിവ്

തിരുത്തുക

എക്കാലത്തും മനുഷ്യസമുദായത്തിലെ അംഗങ്ങൾ ഒരേ ബൗദ്ധിക നിലവാരത്തിൽ പെട്ടവരല്ല. ചിലർ അതിബുദ്ധിമാന്മാരും അതിപ്രതിഭാശാലികളും ആണെങ്കിൽ ഭൂരിപക്ഷം ജനങ്ങളും മന്ദപ്രഞ്ജന്മാരായിരിക്കും. ഈ ഭൂരിപക്ഷം ജനങ്ങൾ പ്രതിഭാസമ്പന്നമായ ന്യൂനപക്ഷത്തിന്റെ ആദർശങ്ങൾക്കും നിർദ്ദേശങ്ങൾക്കും ഉപദേശങ്ങൾക്കുമനുസരിച്ച് ജീവിതം നയിക്കുന്നവരാണ്.

എന്ന പ്രമാണം എന്നും അർത്ഥവത്താണ്. ഋഗ്വേദ സംഹിതകൾ പല കാലങ്ങളിലായി വളർന്നു രൂപം കൊണ്ടവയാകയാലും അവയിലെ സൂക്തങ്ങളുടെ കർത്താക്കന്മാർ അനേകം ഋഷികളായാലും ഓരോ ഋഷിയും അവരവരുടെ രുചിഭേദം അനുസരിച്ചുള്ള ദേവതകൾക്കു പ്രാമുഖ്യവും പ്രാമാണ്യവും നൽകിയതിനാലും ഇഷ്ടദേവത എന്ന ഒരു ശൈലി ജനങ്ങൾക്കിടയിൽ പ്രചരിതമായി. ഋഗ്വേദദേവതകളിൽ പലരും പലരുടേയും ഇഷ്ടദേവതകളായും ആ ഇഷ്ടദേവതകൾ അതതു ജനങ്ങളുടെ ദൃഷ്ടിയിൽ സർ‌‌വേശ്വരന്മാരായും പരിണമിച്ചു. ഇങ്ങനെയുണ്ടായ പല സർ‌‌വേശ്വരന്മാരുടെയും സങ്കല്പങ്ങളെ സമന്വയിപ്പിക്കുന്നതിനുള്ള പ്രക്രിയയും ഋഗ്വേദകാലത്തു നടന്നിട്ടുള്ളതായി താഴെപറയുന്ന സൂക്തത്തിൽ നിന്നു മനസ്സിലാക്കാം.

ഈ മന്ത്രത്തിൽ ആത്യന്തികമായ പ്രപഞ്ചതത്വം ബ്രഹ്മതത്വമായും (സത്തായും) പരമാത്മാവായും സമന്വയിക്കപ്പെട്ടിരിക്കുന്നു മനുഷ്യാത്മാവിന്റെയും-ദേവന്മാരുടെയും പരമാത്മാവിന്റെയും ഏകത്വം ഇവിടെ സൂചിതമായിട്ടുണ്ടെന്ന് സായണൻ അഭിപ്രായപ്പെടുന്നുണ്ട്.

പ്രപഞ്ചത്തിന്റെ സ്രഷ്ടാവ്

തിരുത്തുക

വൈദിക-ഋഷികൾ തങ്ങളുടെ അഭൗതിക പ്രപഞ്ചരഹസ്യം അന്വേഷിക്കുന്നതിനിടയിൽ ഈ ദൃശ്യപ്രപഞ്ചത്തിന്റെ സ്രഷ്ടാവായി ഒരു ശക്തിയെ കണ്ടെത്തിയത് മറ്റൊരു പ്രധാന സംഭവമാണ്. പ്രപഞ്ചസൃഷ്ടി എന്ന ആശയമുദിച്ചതോടുകൂടി സൃഷ്ടികർത്താവായി ഒരു പ്രപഞ്ച മനസ്തത്വത്തെ (ഹിരണ്യ ഗർഭനെ, വിശ്വകർമാവിനെ) അവർ സങ്കല്പിച്ചു. അത്രയുമായപ്പോൾ പ്രപഞ്ചത്തിന്റെ നിമിത്തകാരണവും ഉപാദാനകാരണവും തമ്മിൽ ഒരിടയ്ക്ക് ആശയസംഘട്ടനമുണ്ടായതായി ഋഗ്വേദത്തിൽ തെളിവുകളുണ്ട്. ഈ രണ്ടാശയങ്ങളും വിശദമാകുന്ന സൂക്തങ്ങൾ താഴെ കൊടുക്കുന്നു.

പ്രപഞ്ചരഹസ്യം

തിരുത്തുക

ഇപ്രകാരം ഋഗ്വേദവും മറ്റു വേദങ്ങളും അവയുടെ വ്യാഖ്യാനങ്ങളായ ബ്രഹ്മണങ്ങളും പരിശോധിച്ചാൽ വേദകാല ചിന്തകന്മാർ പ്രപഞ്ചരഹസ്യത്തെ മൂന്നു വിധത്തിൽ ഉദ്ഘാടനം ചെയ്യുന്നതിന് പരിശ്രമിച്ചതായി തെളിവു ലഭിച്ചിട്ടുണ്ട്.

  • വൈദ്യശാസ്ത്രപരം.
  • അധ്യാത്മപരം.
  • മനഃശാസ്ത്രപരം എന്നിങ്ങനെ.

ഗാഢമായ ഭക്തിയുടെയും സഹജാവബോധം (intuition) ത്തിന്റെയും ഫലമായി അവർക്ക് സർ‌‌വാന്തര്യാമിയും സർ‌‌വശക്തനുമായ ഒരു പരമതത്വത്തെ സർ‌‌വത്തിനും അധിഷ്ഠാനമായി സങ്കൽപ്പിക്കുവാൻ സാധിച്ചു എന്നതാണ് അതിപ്രധാന സംഗതി. പ്രപഞ്ചം തന്നെ ആ ശക്തിയുടെ സ്വരൂപമെന്ന നിലയിൽ, അതിന് പരപുരുഷൻ എന്ന സംജ്ഞയും അവർ നൽകിയിട്ടുണ്ട്.

ഈ ഉദ്ധൃതഭാഗങ്ങളിൽനിന്ന് നാമരൂപാത്മകമായ ഈശ്വരാംശം പ്രപഞ്ചവും അഭൗതികമായ ഈശ്വരാംശം സർ‌‌വവ്യാപിയും സർ‌‌വാതിശായിയുമാണെന്ന് അവർ സിദ്ധാന്തിക്കുന്നതായി പരിഗണിക്കാം.

ഉപനിഷത്തുകളിലെ പരാമർശം

തിരുത്തുക

വൈദിക സാഹിത്യത്തിന്റെ അന്ത്യദശയിലെ കൃതികളായ ഉപനിഷത്തുകളിൽ ക്രിയാകാണ്ഡാതീതമായ കാര്യങ്ങൾക്കും ചിന്തകൾക്കും പ്രാമുഖ്യം വന്നതോടുകൂടി ഈശ്വരസങ്കല്പത്തിനു ദാർശനികമായ് ഒരു പരിവേഷം വന്നുചേർന്നു. അമൂർത്തമായ പ്രപഞ്ചതത്വം ബ്രഹ്മമെന്നും, സമൂർത്തമായത് ഈശ്വരനാണെന്നും, ഈശ്വരന്റെ ക്രിയാശക്തി മായയെന്നും വ്യവഹരിക്കപ്പെടുവാൻ തുടങ്ങി. ഈ മായാസങ്കൽപ്പത്തിനു പിന്നിൽ ഭാരത്തി പ്രാഗ് ആര്യസംസ്കാരത്തിന്റെ സംഭാവനയും ഉള്ളതായി വിചാരിക്കണം. എന്തുകൊണ്ടെന്നാൽ പ്രപഞ്ചത്തിലെ അധിദേവതയായി ഒരു ദേവിയെ കുറിച്ച് - ശക്തിയെക്കുറിച്ചുള്ള ഭാവന ആര്യന്മാരുടെ വരവിനു മുമ്പുതന്നെ ഭാരതത്തിൽ നിലവിലുണ്ടായിരുന്നു. ഈ ഭാവനയിൽ കൗതുകം തോന്നിയ വേദകാല ഋഷികൾ അതിനെ സ്വാംശീകരിക്കാൻ മടിച്ചില്ല. അതിന്റെ ഫലമായി ഋഗ്വേദത്തിൽ ദേവീസൂക്തം സ്ഥാനം പിടിച്ചു.[14]

പരമാത്മാവായ ഈശ്വരന് ശക്തിസ്വരൂപിണിയായ ദേവിയുടെ സഹായം കൂടാതെ സൃഷ്ടി, സ്ഥിതി, സംഹാരങ്ങൾ സാദ്ധ്യമല്ല എന്ന ആശയം ഈ ദേവീസൂക്തത്തിൽ പ്രസ്പഷ്ടമാണ്. സൃഷ്ടിക്കുമ്പോൾ ഈശ്വരനിൽ വാഗ്ശക്തിയും രക്ഷിക്കുമ്പോൾ ലക്ഷ്മിയും സംഹരിക്കുമ്പോൾ ദുർഗ്ഗയും അധികാരം ചെലുത്തുന്നു. ശക്തി ഈശ്വരിയാണ്; എല്ലാ ജീവത്‌‌സത്തയുടെയും ഉത്പത്തി സ്ഥാനവും ആധാരവും അന്തിമമായ പ്രാപ്യസ്ഥാനവുമാണ്. ഈ ഐശ്വര്യശക്തിയാണ് ഉപനിഷത്‌‌സാരഭൂതമായ ഭഗവത്ഗീയിലും അദ്വൈതദർശനത്തിലും മായ എന്ന പേരിൽ പിന്നീട് വ്യവഹൃതമായത്. അങ്ങനെ ഈശ്വരൻ മായയോടു കൂടിയവനായി - മായിയായി.

ഗീതയിലെ പരാമർശം

തിരുത്തുക

ഭഗവദ്ഗീതയിൽ ഉപനിഷദ്പ്രതിപാദിതമായ പ്രപഞ്ചതത്വത്തെ പല വിധത്തിലും പ്രതിപാദിച്ചിട്ടുണ്ട് - ചിലപ്പോൾ നിർഗുണൻ, നിരാകരൻ എന്ന നിലയിൽ, മറ്റുചിലപ്പോൾ സഗുണൻ, സകാരൻ എന്ന നിലയിൽ, ഈശ്വരൻ സഗുണനാണ്, നിർഗുണനാണ്, രണ്ടിലും കവിഞ്ഞ് ഒരു അനിർ‌‌വചനീയ തത്ത്വമാണ് എന്നുള്ള സങ്കല്പങ്ങളെല്ലാം ഗീതയിൽ പലേടങ്ങളിലായി വർണിച്ചിരിക്കുന്നു. ഉപനിഷത്തുകളിൽ ഘോഷിക്കപ്പെടുന്ന അനാദ്യന്ത്യവും അവ്യവച്ഛേദ്യവും തന്മൂലം അനിർ‌‌വചനീയവുമായ നിർഗുണബ്രഹ്മം ഗീതയ്ക്കും തികച്ചും സമ്മതമാണെങ്കിലും, ഈ ദൃശ്യപ്രതിപാദനത്തിന് അതിൽ പ്രാധാന്യമുണ്ടെങ്കിലും, ഭൂരിപക്ഷം ജനങ്ങൾക്കും പ്രയോജനപ്രദമായ രീതിയിൽ സഗുണബ്രഹ്മത്തെ അവതരിപ്പിക്കുവാനും പ്രചരിപ്പിക്കുവാനുമാണ് അത് കൂടുതൽ പ്രയത്നിച്ചിട്ടുള്ളത്. സഗുണമെന്നതുകൊണ്ട് കേവലം സാകാരമെന്നല്ല, നിരാകാരസഗുണമായ പ്രപഞ്ചതത്വത്തെയാണ് വിവക്ഷിക്കുന്നത്. ഈ തത്ത്വത്തെ ഗീത ഈശ്വരശബ്ദം കൊണ്ടു വ്യവഹരിക്കുന്നു. അറിവ്, ഇച്ഛ, പ്രേമം തുടങ്ങിയ എല്ലാ മനുഷ്യഗുണങ്ങളും ഈശ്വരനിൽ ആരോപിക്കപ്പെടുന്നുണ്ട്. എങ്കിലും മനുഷ്യന്റെ പരിമിതികൾ ഒന്നുമില്ലാത്ത ഒന്നാണ് ഗീതയിലെ ഈശ്വരൻ. ഉദാഹരണമായി മനുഷ്യൻ ജ്ഞാനമുള്ളവനാണ്; പക്ഷേ ഈശ്വരൻ സർ‌‌വജ്ഞനാണ്. നിർഗുണ നിരാകാരമായ പ്രപഞ്ചതത്വം സാമാന്യമനുഷ്യന്റെ ഭാവനക്ക് അതീതമാകയാൽ അത് ഉൾക്കൊള്ളുവാനോ വ്യവച്ഛേദിച്ചു പറയുവനോ ഭാവിക്കുമ്പോൾ അവന്റേതായ പരിമിതികൾ അതിൽ ആരോപിക്കുക എന്നത് സ്വാഭാവികം മാത്രമാണ്; അങ്ങനെ അത് സഗുണമായ തത്ത്വമായി - ഈശ്വരനായി പ്രതിപാദിക്കപ്പെടുകയും ചെയ്യുന്നു. സച്ചിദാനന്ദസ്വരൂപനായ ഈശ്വരൻ എന്ന സങ്കല്പം ഇപ്രകാരം പരിണമിച്ചുണ്ടായതാണ്. മനുഷ്യനിലെ അഹം എന്നബോധം നിലനിൽക്കുന്നിടത്തോളം ആത്മാവ്, പ്രകൃതി, ഈശ്വരൻ എന്നീ മൂന്നു തത്ത്വങ്ങൾ വേറെ വേറെയായി ഉണ്ടായിരിക്കുമെങ്കിലും ഈ മൂന്നും നിർഗുണബ്രഹ്മത്തിന്റെ പ്രാതിഭാസികമായ മൂന്നു ഭാവങ്ങൾ മാത്രമാണ്. അഹം വിലയിക്കുന്നതോടുകൂടി ഈ മൂന്നും മാഞ്ഞു പോവുകയും ഒരേ ഒരു നിർഗുണത്വമായിത്തീരുകയും ചെയ്യുന്നു. ജ്ഞാനമാത്രാത്മകമായ ബ്രഹ്മത്വം അപ്പോൾ അനുഭൂതിവിഷയം ആകുന്നതാണ്. ആകയാൽ നിർഗുണവും സഗുണവും, നിരാകാരവും സാകാരവും, നിരുപാധികവും സോപാധികവുമായ സങ്കല്പങ്ങൾ ഒരേ തത്ത്വത്തെക്കുറിച്ചുള്ള രണ്ടു സങ്കല്പങ്ങൾ മാത്രമാണെന്ന് വന്നു ചേരുന്നു. അഗ്നിയേയും അതിന്റെ ദാഹകശക്തിയെയും വേർതിരിച്ചു കാണുവാനോ പറയുവനോ ശക്യമല്ലാത്തതുപോലെ ബ്രഹ്മ - ഈശ്വര ഭാവനകൾ പരസ്പരാഭിന്നങ്ങളാണ് നിഷ്ക്രിയഭാവത്തിലുള്ള ബ്രഹ്മം സക്രിയഭാവത്തിൽ പ്രപഞ്ചത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരകാരകൻ ആയും, അച്ഛൻ, അമ്മ, സഖാവ്, പ്രഭു, ആശയം, നിലയം, രക്ഷാസങ്കേതം ലക്ഷ്യം എന്നിങ്ങനെ എല്ലാമായും സങ്കല്പിക്കപ്പെട്ടിരിക്കുന്നു. 'ഈശ്വരൻ അവ്യക്തമൂർത്തിയായ ബ്രഹ്മമായി പ്രപഞ്ചം മുഴുവനും വ്യാപിച്ചിരിക്കുന്നു.'

സർ‌‌വാതിശായിയും സർ‌‌വാന്തര്യാമിയുമായ ഈശ്വരൻ ജഗത്തിന്റെ നിമിത്തകാരണം മാത്രമല്ല ഉപാദാന കാരണവുമാണെന്നുള്ള ആശയത്തിന് ഇപ്രകാരം ദൃഢത കൈവരികയും അതുവഴി ഓരോ പദാർഥവും അതിന്റെ സാരാംശവും ഈശ്വരനല്ലാതെ മറ്റൊന്നുമല്ലെന്നു പ്രകീർത്തിക്കപ്പെടുകയും ചെയ്തു. എല്ലാ ഭൂതങ്ങളും ഈശ്വരനിൽ സ്ഥിതി, എന്നാൽ ഈശ്വരൻ ഒന്നിലുമില്ല മുതലായ വാദമുഖങ്ങൾക്കെല്ലാം ആധാരം ഈശ്വരനെ കുറിച്ചുള്ള ഈ നവീന ഭാവനകളാണ്. സകലാശ്രയമായ ഈശ്വരനെ സർ‌‌വാത്മനാ ശരണം പ്രാപിക്കുന്നവന് മായാകര്യതിരോഹിതമായ ഈ ദിവ്യരഹസ്യം ഈശ്വരാനുഗ്രഹത്താൽ ഉദ്ഘാടിതമാകുകയും അനുഭവൈകവേദ്യമാവുകയും ചെയ്യുന്നു എന്നു ഭഗവദ്ഗീത സമർഥിക്കുന്നു.

ദശാവതാരം

തിരുത്തുക

പ്രപഞ്ചം ഈശ്വരന്റെ തന്നെ ഒരു പ്രത്യക്ഷ രൂപമാകയാൽ അതിലെ വസ്തുതകളെല്ലാം തത്പ്രതീകങ്ങളാണ്. ഏതിനെ വേണമെങ്കിലും ധ്യാനവിഷയമാക്കാം. എങ്കിലും ഐശ്വരമായ അംശത്തിന് വസ്തുവിന്റെ നിലയനുസരിച്ച് ഏറ്റക്കുറച്ചിൽ ഉണ്ടായിരിക്കും. ഒരു മണൽത്തരിയിലും തൃണാങ്കുരത്തിലും സമുന്നതവൃക്ഷത്തിലും പക്ഷിയിലും മറ്റു തിര്യയക്കുകളിലും മനുഷ്യനിലും ഈശ്വരാംശം ഉണ്ടെങ്കിലും താരതമ്യേന അതു കൂടുതലായിട്ടുള്ളത് മനുഷ്യനിലാണ്. ഈശ്വരന്റെ സൃഷ്ടിക്രമത്തിലാണ് അതിനുള്ള കാരണം തേടേണ്ടത്.

മത്സ്യ വൃക്ഷ പക്ഷി മൃഗതികളെ സൃഷ്ടിച്ച് അവയിൽ തൃപ്തി തോന്നാത്ത ദേവൻ (ഈശ്വരന്റെ പര്യായം) ബ്രഹ്മാവലോക നിപുണനായ മനുഷ്യനെ ചമച്ച് സന്തുഷ്ടനായി എന്നർഥം. ഭാഗവതത്തിൽ പ്രസ്തുതാശയം ഇപ്രകാരം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.[18] മനുഷ്യനായി മൃഗാപേക്ഷയാ ഈശ്വരാംശം കൂടാമെങ്കിൽ ഒരു ഉത്കൃഷ്ട മനുഷ്യനിൽ അതിനു പിന്നെയും ആധിക്യമുണ്ടാകാൻ വഴിയുണ്ട്. അങ്ങനെയാണ് അസാധാരണ വൈഭവശാലികളായ രാമ, കൃഷ്ണാദികളിൽ അവതാര ബുദ്ധി ഉണ്ടാകുവാനും ഈശ്വരൻ മനുഷ്യ സമൂഹത്തെ ഉദ്ധരിക്കുന്നതിന് പലപ്പോഴും മനുഷ്യനായി അവതരിക്കുന്നു എന്ന ചിന്താഗതി ഉടലെടുക്കുവാനും ഇടയായത്. മത്സ്യം, കൂർമം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ബലരാമൻ, കൽകി എന്നിവർ അംശാവതാരങ്ങളായും രാമ, കൃഷ്ണന്മാർ പൂർണാവതാരങ്ങളായും വ്യാഖ്യാനിക്കപ്പെടുന്നത് ഇവരുടെ ഭൂലോക ജീവിതത്തെയും സിദ്ധിയേയും വൈഭവത്തെയും കർമമഹിമയേയും നിർണയിച്ചുകൊണ്ടാണ്. രാമ, കൃഷ്ണാവതാരങ്ങളെ സംബന്ധിച്ചിടത്തോളം അവതാരവും അവതാരിയും തമ്മിലുള്ള ഭേദഭാവനയില്ല. അവരെ ഹിന്ദുമതവിശ്വാസികൾ സാക്ഷാത് ഈശ്വരനായും പരബ്രഹ്മത്തിന്റെ - നിർഗുണബ്രഹ്മത്തിന്റെ - സഗുണരൂപമായും കാണുന്നുണ്ട്. കാര്യവിവേചനമില്ലാത്തവർ അവതാരത്തെ അവമതിക്കുന്നു എന്ന് ഗീതയിൽ ഒരിടത്ത് കൃഷ്ണൻ പറയുന്നു.

ഈശ്വരന്റെ വിഭൂതികളെപ്പറ്റിയും അവതാരങ്ങളെപ്പറ്റിയും അവതാര മാഹാത്മ്യത്തെപ്പറ്റിയും ഗീതയിൽ പ്രത്യേകം വർണിച്ചിട്ടുണ്ട്. ഈ ചിന്താഗതി ഗീതയിൽനിന്നും ബഹുജനങ്ങളിലേക്ക് സംക്രമിച്ചതു കൊണ്ടാണ് വാല്മീകി പുരുഷോത്തമനായി മാത്രം അവതരിപ്പിച്ച രാമനെ മതവിശ്വാസികൾ ഈശ്വരനായി ആരാധിക്കുവാൻ തുടങ്ങിയത്. ഈ അവതാരഭാവം മനുഷ്യരാശിക്കിടയിൽ ഉദയംചെയ്തിട്ടുള്ള മറ്റു മഹാപുരുഷന്മാരിലും ആരോപിക്കുക എന്ന ഒരു സ്വഭാവം തന്നെ ഈ ഗീതാസിദ്ധാന്തം ഇവിടെ പ്രചരിപ്പിച്ചത് കൊണ്ടാണ്.

ഷഡ്ദർശനങ്ങളിൽ വച്ച് പ്രഥമസ്ഥാനം നൽകപ്പെടാവുന്ന സാംഖ്യത്തിൽ പ്രപഞ്ചം സത്വ രജസ് തമോഗുണാത്മകമാണെന്ന് വർണിക്കപ്പെട്ടിട്ടുണ്ട്. ഈ സിദ്ധാന്തത്തെ സ്വാംശീകരിച്ച് പുരാണകർത്താക്കളും മറ്റും, ഈശ്വരനിലും ത്രിഗുണാത്മകത്വം കാണുന്നതിനുള്ള കൗതുകം പ്രദർശിപ്പിച്ചിട്ടുള്ളതുമൂലം രജഃപ്രധാനമായ ബ്രഹ്മാവ്, സത്വപ്രധാനമായ വിഷ്ണു, തമഃപ്രധാനമായ ശിവൻ എന്നിങ്ങനെ ത്രിമൂർത്തിസങ്കൽപം പ്രചരിച്ചു. ഇപ്രകാരം പ്രാഗ് - ആര്യസംസ്കാരത്തിന്റെയും, ആര്യസംസ്കാരത്തിന്റെയും ഭാഗങ്ങൾ ഉൾക്കൊണ്ടു വളർന്ന ഉദാത്തമായ ഒരു സങ്കല്പമാണ് ഈശ്വരൻ. ഒന്നു മുതൽ മുപ്പത്തിമൂന്നുകോടി വരെയും മുപ്പത്തിമൂന്നുകോടി മുതൽ ഒന്നു വൈദിക-പൗരാണിക സാഹിത്യങ്ങളിൽ പരാമൃഷ്ടമായ പ്രപഞ്ചതത്വം ഒന്നുതന്നെയായി സമന്വയിപ്പിക്കുന്നതിലും ഹിന്ദുമതാചാര്യന്മാർ പരിശ്രമിക്കുകയും ഭിന്നരുചികളായ ജനങ്ങളെ പ്രീണിപ്പിക്കുന്നതിലും ഈശ്വരോപാസനോന്മുഖരാക്കുന്നതിലും വിജയിക്കുകയും ചെയ്തിട്ടുണ്ട്.

ഭഗവാൻ എന്ന പദം ഈശ്വരന്റെ പര്യായമായി ഉപയോഗിക്കുന്നു.

ഭഗമുള്ളവൻ ഭഗവാൻ എന്നർഥം. ഈശ്വരനിൽ ആരോപിക്കപ്പെട്ടിട്ടുള്ള സമഗ്ര ഗുണഗ്രാമവും ഇതിൽ ഒതുങ്ങിയിട്ടുണ്ട്. ഈശൻ എന്നതിന് ഈശ്വരൻ (നിയന്താവ്) എന്ന പദത്തിന്റെ അർത്ഥം തന്നെയാണുള്ളത്. പ്രപഞ്ചതത്വത്തിനു നൽകിയിട്ടുള്ള ഈശ്വരശബ്ദം ശിവന്റെ പര്യായമായും പ്രയോഗിക്കപ്പെടുന്നു. പ്രാഗ്-ആര്യസംസ്കാർത്തിന്റെ സംഭാവനയായ ശിവ-ശക്തി സങ്കൽപ്പത്തിന്റെ സ്വാധീനത ഇതിൽ തെളിഞ്ഞുകാണുന്നു. ഭാരതത്തിൽ തന്നെ താമസിച്ചിരുന്ന പ്രാഗ്-ആര്യവർഗത്തിന്റെ മാത്രമല്ല ഇറാനിയൻ ജനതയുടേയും ബുദ്ധമതത്തിന്റെയും മറ്റും ആശയങ്ങളും ഈശ്വരതത്വ പരിണാമ നദീപ്രവാഹത്തിൽ പോഷകനദികളായി കലർന്നിരിക്കുവാൻ സാധ്യതയുണ്ട് എന്ന കാര്യവും നിഷേധിക്കത്തക്കതല്ല.

പ്രാചീനതകൊണ്ടു പ്രഥമസ്ഥാനം കല്പിച്ചുകൊടുക്കാവുന്നതും ഷഡ്ദർശനങ്ങളിൽ ഒന്നുമായ സാംഖ്യം നിരീശ്വരമെന്നും സേശ്വരമെന്നും രണ്ടായിട്ടുണ്ട്. പ്രകൃതി (അതതിലുള്ള സ്വാഭാവിക ശക്തി) ആണ് സകലതും നടത്തുന്നതെന്നും പുരുഷൻ സാക്ഷി മാത്രമായി പ്രകൃതിയിൽ ലയിച്ചു നിൽക്കുന്നതേയുള്ളു എന്നുമുള്ള തത്ത്വത്തെ കാണിച്ച് പ്രകൃതി-പുരുഷവിവേകത്തെ ജ്ഞാനസാധകമായി ഉപദേശിക്കുന്ന നിരീശ്വരസാംഖ്യത്തിൽ ജ്ഞാനരൂപനും പ്രമാതാവുമായ പുരുഷനാണ് പരമമായ തത്ത്വം. ഈ പുരുഷൻ അവർക്കു പ്രതിശരീരഭിന്നനുമാണ്. എന്നാൽ സേശ്വരസാംഖ്യക്കാർ ഈ പുരുഷനെക്കാൾ പരനായ ഒരു ഈശ്വരനെ സങ്കല്പ്പിക്കുന്നുണ്ട്. ക്ലേശ-കർമവിപാക-ആശയങ്ങൾ ഇല്ലാത്ത പരമപുരുഷനായിട്ടാണ് അവർ അതിനെ പ്രകീർത്തിച്ചിട്ടുള്ളത്. സേശ്വരസാംഖ്യം ഷഡ്ദർശനങ്ങളിൽ മറ്റൊന്നായ യോഗംആണ്. ഇച്ഛാജ്ഞാന ക്രിയാ ശക്തികളോടുകൂടിയ ചേതൻ (പ്രപഞ്ച ചാലകൻ) ആണ് വൈശേഷികദർശനത്തിൽ പ്രതിപാദിതനായ, സർ‌‌വജാതി ഗുണപൂർണനായ ഈശ്വരൻ. കർമകാണ്ഡമായ പൂർ‌‌വമീമാംസയിൽ കർമത്തിനു സർ‌‌വപ്രാധാന്യം നൽകുന്നതിനായി ഒരുതരം നിരീശ്വരവാദംവരെ തദുപജ്ഞാതാവു കടന്നു ചെല്ലുന്നുണ്ട്. ഉത്തരമീമാംസയിലാകട്ടെ ആദ്യത്തെ നാലദ്ധ്യായം സഗുണനായ ഈശ്വരനെക്കുറിച്ചും ബാക്കി ഭാഗങ്ങൾ നിർഗുണബ്രഹ്മത്തെക്കുറിച്ചും പ്രധാനമായി ചർച്ചചെയ്തിരിക്കുന്നു.

ഗ്രന്ഥസൂചി

തിരുത്തുക
  • വള്ളത്തോൾ നാരായണമേനോൻ, ഋഗ്വേദസംഹിത (വിവർത്തനം); ശബ്ദകല്പദ്രുമം; വാചസ്പത്യം;
  • Sri Ramakrishna Mission Publication, The Cultural Heritage
  • Benjamin Walker, Hindu World
  • Dr. S. Radhakrishnan, Indian Philosophy.
  1. (ഋഗ്വേദം I - 89, 10)
  2. Ancient Indian Hindu Vedic Scripture - Rigveda English translation
  3. ശതപഥബ്രാഹ്മണം IV - 5. 7.2
  4. ഋഗ്വേദം III-9, 9.
  5. ഭഗവദ്ഗീത III-21
  6. ഋഗ്വേദം I-164, 46
  7. ഋഗ്വേദം X - 83, 3.
  8. ഋഗ്വേദം X - 82, 2.
  9. ഋഗ്വേദം X - 82, 3.
  10. ഋഗ്വേദം X - 82, 4.
  11. ഋഗ്വേദം - 90, 1
  12. ഋഗ്വേദം - 90, 2
  13. ഋഗ്വേദം - 90, 3
  14. Upanishath
  15. Rigvedam X - 125
  16. Sreemad Bgavadgeetha
  17. Sree Maha Bahavatham
  18. Sreemad Bhagavatha (Bhagavatha Purana) The Story of Fortunate One
  19. Srimad Bhagavad - Gita

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക