കൃഷ്ണപിള്ള എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൃഷ്ണപിള്ള (വിവക്ഷകൾ) എന്ന താൾ കാണുക. കൃഷ്ണപിള്ള (വിവക്ഷകൾ)

തിരുവിതാംകൂറിലെ സാമൂഹ്യ പ്രവർത്തകനും അധ്യാപകനുമായിരുന്നു സി. കൃഷ്ണപിള്ള(1851 -8 ജൂലൈ 1916). നായർ സമുദായോദ്ദാരക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം നായർ സമുദായത്തിലെ പുലകുളി, തിരണ്ടു കുളി തുടങ്ങിയ അനാചാരങ്ങൾക്കെതിരെ പ്രചരണം നടത്തി. സമുദായോത്തേജകൻ എന്നറിയപ്പെട്ടു.[2] ഔപചാരികമായി ചട്ടമ്പി സ്വാമിയുടെ ശിഷ്യത്വമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും സ്വാമിയുടെ ചിന്തകളം ഉപദേശങ്ങളും ഉൾക്കൊണ്ടു് സ്വാമിയുടെ ജീവിതകാലത്തുതന്നെ അവ നായന്മാരുടെ ഇടയിൽ നടപ്പിലാക്കിയ പ്രധാന വ്യക്തിയാണു് സി. കൃഷ്ണപിള്ള. അദ്ദേഹത്തിന്റെ നേതൃത്വത്തിലാരംഭിച്ച സമുദായപരിഷ്കാരിണി എന്ന മാസിക സമുദായത്തിലെ ദുരാചാരങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചു.[3]

സി. കൃഷ്ണപിള്ള
സി. കൃഷ്ണപിള്ള
ജനനം
സി. കൃഷ്ണപിള്ള

1851
തിരുവനന്തപുരം
മരണം1915
ദേശീയതഇന്ത്യൻ
തൊഴിൽവിദ്യാഭ്യാസ പ്രവർത്തകൻ, നായർ സമുദായോത്തേജകൻ
അറിയപ്പെടുന്നത്സമുദായോദ്ദാരകൻ[1]

ജീവിതരേഖ

തിരുത്തുക

തിരുവനന്തപുരത്തു പട്ടത്തു മുളയറത്തലവീട്ടിൽ ലക്ഷ്മി അമ്മയുടെയും പത്മനാഭപിള്ളയുടെയും പുത്രനായി 1851ൽ ജനിച്ചു. ആശാൻ പള്ളിക്കൂടത്തിൽ മലയാളവും തമിഴും പഠിച്ചു. നല്ല സംഗീതവാസനയുണ്ടായിരുന്നു. പതിനാലാം വയസ്സിൽ രായസം ജോലി ലഭിച്ചു. താമസിയാതെ അതുപേക്ഷിച്ചു. ദിവാൻ ബഹദൂർ ഗോവിന്ദപ്പിള്ള, ആറ്റുകാൽ ശങ്കരപ്പിള്ള തുടങ്ങിയവരുടെ സൗഹൃദം നേടി. ഹരിഹരഭാഗവതർ എന്ന സംഗീതജ്ഞന്റെ കീഴിൽ സംഗീതമഭ്യസിച്ചു. പ്രൈവറ്റായി ഇംഗ്ളീഷ് പഠിച്ച് അഞ്ചാം ക്ലാസിൽ സ്കൂൾ പ്രവേശനം നേടി. കോളേജ് പഠനകാലത്ത് സമുദായ പരിഷ്കരണ ശ്രമങ്ങൾ തുടങ്ങി. 1875ൽ ബി.എ ജയിച്ചു. ചാല മലയാളം സ്കൂളിൽ അധ്യാപകനായി. കൊല്ലം ഇംഗ്ലീഷ് ഹൈസ്കൂളിലും ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചു.[2] തെക്കൻറേഞ്ച് മലയാളം സ്കൂൾ ഇൻസ്പെക്ടറായി നിയമനം ലഭിച്ചു. അവാന്തര ജാതിവ്യത്യാസങ്ങളാലും ദേശഭേദങ്ങളാലും അന്യോന്യ ബന്ധമില്ലാതെ കഴിഞ്ഞിരുന്ന നായന്മാരുടെ ഇടയ്ക്ക് ഐക്യബോധം ഉണ്ടാക്കുക, താലികെട്ടുകല്യാണം, തെരണ്ടുകുളി, പുളികുടി, തുടങ്ങിയ അനാവശ്യ സമുദായാചാരങ്ങൾ അവസാനിപ്പിക്കുന്നതിനായി യുക്തിയുക്തവും ഫലിതസമ്പൂർണ്ണവുമായി പ്രസംഗിച്ചു. സ്കൂൾ പരിശോധനയ്ക്ക് ഓരോ സ്ഥലം സന്ദർശിക്കുമ്പോഴും അവിടത്തെ പ്രമാണിമാരെക്കണ്ടു് സമുദായപരിഷ്കരണത്തിനു വേണ്ട പ്രവർത്തനങ്ങൾ ആസൂത്രണംചെയ്തു. 1886ൽ വടക്കൻ റേഞ്ച് സ്കൂൾ ഇൻസ്പെക്ടറായതോടെ തന്റെ ആശയങ്ങൾ അങ്ങോട്ടും പ്രചരിപ്പിക്കാനുള്ള അവസരം ലഭിച്ചു. സി.വി രാമൻപിള്ള തുടങ്ങിയവരോടൊപ്പം ചേർന്ന് 1880കളിൽ മലയാളിസഭ എന്ന നാമധേയത്തിൽ ഒരു സമുദായ പരിഷ്കരണസംഘടന ആരംഭിച്ചു. ഗ്രാമ സംഘടനകളെ കോർത്തിണക്കി സ്ഥാപിച്ച തിരുവിതാംകൂർ നായർ സമാജം പിന്നീട് കേരളീയ നായർ സമാജമായി (1905) രൂപാന്തരം പ്രാപിച്ചു.[4]സഞ്ചാരങ്ങൾക്കിടയിൽ സഭാകാര്യങ്ങൾ പ്രചരിപ്പിച്ചു. മലയാളി മെമ്മോറിയലിനു വേണ്ടി ഒപ്പു ശേഖരണം നടത്തി. 1890 കളിൽ സഭയെ നില നിറുത്താൻ ശ്രമിച്ചു. തറവാട് ഭാഗത്തിന്റെ പ്രശ്നത്തിൽ 1915 ൽ സമാജം പിളർന്നു.

തൈക്കാട്ട് അയ്യാ സാമി, ചട്ടമ്പിസ്വാമി തുടങ്ങിയവരുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി. താമസിയാതെ സാമ്പത്തികകാര്യങ്ങളിൽ ഉണർവുണ്ടാക്കുക, സാമ്പത്തിക ബാധ്യത വരുത്തുന്ന പഴയരീതിക്കുള്ള അടിയന്തിരങ്ങൾ നിർത്തുക, കുടുംബ നാശം വരുത്തുന്ന വ്യവഹാരങ്ങൾ അവസാനിപ്പിക്കുക, മക്കൾക്കു പിതാവിന്റെ അവകാശം ലഭിക്കാത്ത വിജാതീയവിവാഹങ്ങൾ നിർത്തലാക്കുക, വിവാഹ ബന്ധത്തെ നിയമീകരിക്കുക, മരുമക്കത്തായദായക്രമം പരിഷ്കരിക്കുക, പണവും പ്രവൃത്തി ശക്തിയും വ്യർത്ഥമാക്കിക്കൊണ്ടിരുന്ന പടയണി, കുതിരകെട്ട് തുടങ്ങിയ ക്ഷേത്രാഘോഷങ്ങളിൽ നിന്ന് നായന്മാരെ പിന്തിരിപ്പിക്കുക, അവരിൽ ആരോപിതമായിരുന്ന ശൂദ്രത്വത്തിൽ നിന്ന് അവരെ വിമുക്തമാക്കുക, തുടങ്ങിയവയായിരുന്നു സംഘടനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ.അവാന്തര വിഭാഗങ്ങളെ ഉന്മൂലനം ചെയ്തു ഒറ്റ സമുദായമാക്കി മാറ്റുക എന്ന ഉദ്ദേശ്യം മുൻ നിർത്തി ഉപജാതി വിഭാഗങ്ങളെ സംഘടിപ്പിയ്ക്കാൻ തുടങ്ങി .ഇതിനുവേണ്ടി മലയാളി സഭയിലെ അധ്യാപകനും പ്രവർത്തകനുമായ കെ. സി. ഷഡാനനൻ നായർ[3] സമസ്തകേരള വിളക്കിത്തല നായർ സമാജം എന്ന ആദ്യ നായർ സംഘടനാ 1899 ൽ രൂപീകരിക്കുകയും സമുദായ രഞ്ജിനി എന്നൊരു മാസിക പ്രസിദ്ധീകരിക്കുകയും ചെയ്തു.[3] വാഴൂർ തീർത്ഥപാദപരമഹംസർ ആചാരപദ്ധതി എന്ന ഗ്രന്ഥം അദ്ദേഹം തന്റെ പ്രവർത്തനങ്ങൾക്കുപയോഗപ്പെടുത്തി. പരമഹംസരോടൊപ്പം ചേർന്നു് അദേഹം നായർ പുരുഷാ‍ർത്ഥസാധിനീസഭ രൂപീകരിച്ചു.[5]

വിദ്യാഭ്യാസ പ്രവർത്തകൻ

തിരുത്തുക

തിരുവിതാംകൂറിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ സമൂലം പരിഷ്കരിക്കാൻ യത്നിച്ചയാളായിരുന്നു സി.കെ.പി. 1906 ഡിസംബർ 6 ലെ പരീക്ഷ ഭ്രാന്ത് എന്ന സ്വദേശാഭിമാനി മുഖപ്രസംഗത്തിൽ രാമകൃഷ്ണപിള്ള ഇങ്ങനെ എഴുതുന്നു:[6]

വഞ്ചിയൂർ മലയാളം ഗ്രാൻറ് ഇൻ എയിഡ് സ്‌കൂളിൽ വച്ച്, സമ്മാനദാന സഭാധ്യക്ഷനെന്ന നിലയിൽ, സി. കൃഷ്ണപിള്ള നടത്തിയ പ്രസംഗം സംക്ഷിപ്തമായി 1908 ഒക്ടോബർ 7 ലെ മുഖപ്രസംഗത്തിൽ രാമകൃഷ്ണപിള്ള എഴുതുന്നുണ്ട്.[7]

മലയാളിസഭ

തിരുത്തുക

മലയാളിസഭയുടെ ചലിക്കുന്ന ചൈതന്യമായിരുന്നു കൃഷ്ണപിള്ള എന്ന സി.കെ.പി.[8] 1870 കളിൽ പ്രവർത്തിച്ചിരുന്ന മലയാളി സോഷ്യൽ ക്ലബ് എന്ന സാംസ്കാരിക സംഘടനയിൽ ധാരാളം ഉൽപ്പതിഷ്ണുക്കളായ യുവാക്കൾ പ്രവ‍ത്തിച്ചിരുന്നു. ദിവാന്റെ ഓഫീസ് മാനേജറായിരുന്ന പി. താണുപിള്ളയായിരുന്നു ആ സംഘടനയുടെ മാർഗദർശി. 1883 ൽ താണുപിള്ള കൊല്ലത്തേക്ക് സ്ഥലം മാറ്റപ്പെട്ടു. കൊല്ലം ഹൈസ്കൂളിൽ അന്ന് ഹെഡ്മാസ്റ്ററായിരുന്ന സി.കെ.പി. യുടെ നേതൃത്വത്തിൽ അൽപ്പം മന്ദഗതിയിലായിരുന്ന ക്ലബ് ഉണർന്നു പ്രവർത്തിക്കാൻ ആരംഭിച്ചു. 1880 കളിൽ വിദ്യാഭ്യാസം നേടിയ നായർ യുവാക്കൾ നേരിട്ട പ്രധാന പ്രശ്നങ്ങൾ തറവാടിന്റെ ജീർണതയും സർക്കാർ സർവീസിലെ ഉയർന്ന തസ്തികകളിൽ പരദേശി ബ്രാഹ്മണരുടെ പിടിയും ആയിരുന്നു. ഇതിനെതിരെയുണ്ടായ വികാരമാണ് മലയാളി സഭയുടെ സ്ഥാപനത്തിലേക്ക് നയിച്ചത്. 1885 ൽ സ്ഥാപിച്ച മലയാളിസഭ വളരെ വേഗം സർക്കാർ സർവീസിൽ പരദേശി ബ്രാഹ്മണരുടെ സ്വാ.ധീനം വെട്ടിച്ചുരുക്കാനുള്ള പ്രക്ഷോഭ കേന്ദ്രമായി തീർന്നു. നായന്മാരുടെ സാമൂഹ്യ ലക്ഷ്യങ്ങളായിരുന്നു മലയാളി സഭയുടെ ലക്ഷ്യങ്ങൾ. [8]1887 ൽ സഭക്ക് 900 അംഗങ്ങളും 25 വിദ്യാലയങ്ങളും 14 ശാഖകളും ആണ്ടിൽ 5000 രൂപ സമ്പാദിക്കുന്ന ഒരു വ്യാപാരക്കമ്പനിയും ഉണ്ടായിരുന്നതായി പ്രസ്താവിക്കപ്പെടുന്നു.[9]ആരംഭത്തിൽ ഗവൺമെന്റിന്റെ അപ്രീതിക്കിടയാകാതിരിക്കാൻ അവർ വളരെ ശ്രദ്ധിച്ചു. എങ്കിലും പിന്നീട് മദിരാശിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സ്റ്റാൻഡേർഡ് എന്ന പത്രത്തിലൂടെ ജി.പി. പിള്ള രാജാവിനെയും ദിവാനെയും പരദേശി ബ്രാഹ്മണരെയും രൂക്ഷ ഭാഷയിൽ വിമർശിച്ചു. മലയാളി സഭാംഗങ്ങളിൽ പലരും ജി.പി. യുടെ സഹപാഠികളായിരുന്നു. ഇത് മലയാളിസഭ രാജഭരണത്തിനറുതി വരുത്താൻ പ്രവർത്തിക്കുന്ന സംഘടനയാണെന്ന പ്രതീതി ജനിപ്പിച്ചു. കൃഷ്ണപിള്ളയെ തിരുവനന്തപുരത്ത് നിന്ന് മാവേലിക്കരയിലേക്ക് സ്ഥലം മാറ്റി. സഭയെ തകർക്കാൻ സർക്കാർ എല്ലാ മാർഗ്ഗങ്ങളും സ്വീകരിച്ചു. ചില അംഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകിയും ചിലരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചും സഭയുടെ സജീവാംഗങ്ങളിൽ പലരെയും നിർജീവമാക്കുകയോ സഭയിൽ നിന്നകറ്റുകയോ ചെയ്തു. അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് 1903 ൽ സികെപി തിരുവിതാംകൂർ നായർ സമാജം എന്ന പേരിൽ പുതിയ സംഘടന രൂപീകരിച്ചു. നായർ അല്ലാത്തവർക്ക് ഇതിൽ അംഗത്വം നൽകിയിരുന്നില്ല. സർക്കാർ ആനുകൂല്യങ്ങളൊന്നും സമാജം അംഗങ്ങൾ സ്വീകരിച്ചിരുന്നില്ല. 1905 ൽ മലയാളിസഭയും തിരുവിതാംകൂർ നായർ സമാജവും ഒന്നായി പ്രവർത്തിക്കാൻ തീരുമാനിച്ചു. കേരളീയ നായർ സമാജം എന്ന പേരിൽ പുതിയ സംഘടന രൂപീകൃതമായി. 1905 ൽ സികെപി യുടെ സാരഥ്യത്തിൽ തിരുവനന്തപുരത്ത് സമാജത്തിന്റെ ആദ്യ കോൺഫറൻസ് നടന്നു. 1907 ൽ കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ രണ്ടാമത് സമ്മേളനവും സംഘടിപ്പിക്കപ്പെട്ടു. 1908 ൽ തിരുവിതാംകൂർ സർക്കാർ, കൃഷ്ണപിള്ള നിരന്തരം ഉയർത്തിയിരുന്ന മരുമക്കത്തായ സമ്പ്രദായം ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഈ കമ്മിറ്റി തിരുവിതാംകൂറിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. ആവർഷം അവസാനത്തോടെ സർക്കാരിന് റിപ്പോർട്ട് നൽകി. കമ്മിറ്റിയുടെ പ്രധാന നിർദേശങ്ങൾ ഇവയായിരുന്നു. ബഹുഭർതൃത്ത്വം, ബഹുഭാര്യത്വം എന്നിവ നിരോധിക്കാൻ കമ്മിറ്റി നിർദേശിച്ചു. 1912 ലെ നായർ ആക്റ്റ് ഇതിനെത്തുടർന്ന് നടപ്പാക്കപ്പെട്ടു. [10]

കേരളീയ നായർ സമാജം

തിരുത്തുക

സി.വി. രാമൻപിളള സെക്രട്ടറിയായും സി.കെ.പി പ്രസിഡന്റായും രൂപീകരിച്ച സംഘടനയാണ് കേരളീയ നായർ സമാജം. അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് രൂപീകരിച്ച് അധികം സമയമാകുന്നതിനു മുൻപ് സംഘം രണ്ടായി. സി.കെ.പി. യുടെ നേതൃത്ത്വത്തിൽ സമസ്ത കേരള നായർ സമാജം രൂപം കൊണ്ടു.[11] സി. കൃഷ്ണപിള്ളയുടെ പ്രവർത്തനങ്ങളിൽ പ്രചോദിതനായി കൈനിക്കര ഗോവിന്ദപ്പിള്ള ചങ്ങനാശ്ശേരിയിൽ നിന്നു് “നായർ' എന്ന മാസികയും സുഭാഷിണി എന്ന പത്രവും തുടങ്ങി. ചട്ടമ്പിസ്വാമിയുടെയും ശിഷ്യന്മാരുടെയും ഉപദേശങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് സി. കൃഷ്ണപിള്ളയും ഗോവിന്ദപ്പിള്ളയും സമുദായ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കി. ഈ പശ്ചാത്തലത്തിലാണ് മന്നത്തു പത്മനാഭൻ 1912ൽ പെരുന്നയിൽ നായർ കരയോഗം സ്ഥാപിക്കുന്നത്.[3] മരുമക്കത്തായ മനോഭാവത്തിൽ നിന്നും ബഹുഭൂരിപക്ഷം നായന്മാരെയും മക്കത്തായ മനോഭാവക്കാരാക്കി മാറ്റിയതു് കൃഷ്ണപിള്ളയുടെ പ്രവർത്തനങ്ങളാണ്. തലമുറ തലമുറയായി സമുദായമദ്ധ്യത്തിൽ വേരൂന്നിയ ദുരാചാരങ്ങൾ പിഴുതു മാറ്റാൻ അദ്ദേഹം ചെയ്തു പരിശ്രമം അസാധാരണമാണ്.

സമാജത്തിന്റെപ്രവർത്തനങ്ങൾ വിപുലമായി വരുന്ന ഘട്ടത്തിൽ പ്രമാണിമാർ തമ്മിൽ കലഹം ആരംഭിച്ചു. സി.വി. യുടെ വീട്ടിൽ നടന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സി.വി. രാമൻ പിള്ള, മള്ളൂർ തുടങ്ങിയവർ ഒരു ഭാഗത്തും പ്രസിഡന്റ് സി.കെ.പി., എം.എ. പരമുപിള്ള, ചങ്ങാനാശ്ശേരി തുടങ്ങിയവർ മറുഭാഗത്തുമായി കൂടുതൽ അംഗങ്ങളുടെ വോട്ടുവാങ്ങി സമാജത്തിന്റെ അധികാരവകാശങ്ങൾ പിടിച്ചെടുക്കാൻ ഇരു കൂട്ടരും ശ്രമിച്ചു. റിപ്പോർട്ട് വായനയോ കണക്കവതരണമോ നടക്കുന്നതിനു മുൻപ് വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചതിനെത്തുടർന്ന് സി.കെ.പി. യും സുഹൃത്തുക്കളും യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.[12] സമാജത്തിൽ നിന്നു സി.കെ.പി. യും കൂട്ടരും പുറത്തായി.

സ്കൂൾ ഇൻസ്പെക്ടറായി പ്രവർത്തിക്കുമ്പോൾ തന്നെ ഉപാദ്ധ്യായൻ എന്ന പേരിലൊരു മാസികയും സി.കെ.പി. ആരംഭിച്ചു. വിദ്യാഭ്യാസ കാര്യങ്ങൾക്ക് മുൻതൂക്കം നൽകിയിരുന്ന ഒരു പ്രസിദ്ധീകരണമായിരുന്നു അത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ആയിരുന്നു പത്രാധിപർ.[13]

ഷഷ്ഠിപൂർത്തിയും വാഷിംഗ്ടണിന്റെ ജീവചരിത്ര വായനയും

തിരുത്തുക

കേരളീയ നായർ സമാജത്തിലെ കക്ഷി പിണക്കങ്ങൾ മൂലം നായർ സമുദായ പ്രവർത്തനങ്ങൾ അശാന്തമായി വരുന്ന ഘട്ടത്തിലായിരുന്നു സി.കെ.പി. യുടെ ഷഷ്ഠി പൂർത്തി. അറുപത് വയസാകുമ്പോൾ നടത്തപ്പെടുന്ന ചടങ്ങാണിത്. സാധാരണ ഈ ആഘോഷങ്ങളുടെ ഭാഗമായി ആറു ദിവസം മുമ്പേ രാമായണമോ ഭാഗവതമോ വായന തുടങ്ങി എഴാം ദിവസം അവസാനിപ്പിക്കുകയായിരുന്നു പതിവ്. സി.കെ.പി സ്നേഹിതരെയെല്ലാം ക്ഷണിച്ച് വിളക്കും കത്തിച്ച് രാമായണത്തിനു പകരം അമേരിക്കയിലെ സ്വജനങ്ങളായ നീഗ്രോ ജാതിക്കാർക്ക് ഉൽകർഷമുണ്ടാക്കിയ ബുക്കർ ടി. വാഷിംഗ്ടണിന്റെ ജീവചരിത്രം വായിപ്പിച്ചു ഏഴു ദിവസം കൊണ്ട് അതു പൂർത്തിയാക്കി. ബ്രാഹ്മണദാനത്തിനു പകരം ഓരോ വയസിനും ഓരോ പണം കണക്കാക്കി 61 പണം ഒരു അഭിനന്ദനകത്തോടെസർവീസ് സൊസൈറ്റിക്കു നൽകി.[12]

സമസ്ത കേരള നായർ മഹാ സമ്മേളനം

തിരുത്തുക

കേരളീയ നായർ സമാജത്തെ സംബന്ധിച്ച അവകാശ തർക്കങ്ങളെത്തുടർന്ന് സമ്മേളനം ചങ്ങനാശ്ശേരിയിൽ നടത്താൻ മന്നവും സമുദായ പ്രവർത്തകരും തീരുമാനിച്ചു. സമസ്ത കേരള നായർ മഹാ സമാജം എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു. പ്രസിഡന്റായി സി.കെ.പി യെയും ജനറൽ സെക്രട്ടറിയായി ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയെയും തെരഞ്ഞെടുത്തു. . ജന പിന്തുണയുള്ള നായർ സമുദായ നായകൻ സി.കെ.പി. യാണെന്ന് ഈ സമ്മേളനത്തോടെ പ്രഖ്യാപിക്കപ്പെട്ടു.[12]

1906 ൽ സികെപി റേഞ്ച് ഇൻസ്പെക്ടറായി വിരമിച്ചു. സികെപി മുഴുവൻ സമയ സമുദായ പ്രവർത്തകനായി. 1925 ലെ നായർ ആക്റ്റ് പാസാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സികെപിയുടെ പരിശ്രമങ്ങളായിരുന്നു.

ചങ്ങനാശ്ശേരി സമ്മേളനത്തെ തുടർന്ന് ഓച്ചിറയിൽ ഒരു സമുദായ പ്രചരണ യോഗത്തിൽ മന്നത്തോടും എം.എ. പരമുപിള്ളയോടും ചിന്നമ്മയോടുമൊപ്പം പങ്കെടുത്ത സികെപി രണ്ടു ദിവസത്തിനു ശേഷം ഒരു വള്ളത്തിൽ കൊല്ലത്തേക്ക് തിരിച്ചു. കായംകുളം കായലിൽ കാറ്റിൽപ്പെട്ട് വള്ളം മുങ്ങാൻ തുടങ്ങി. ആ പരിഭ്രമത്തിനിടെ അദ്ദേഹത്തിന്റെ കാലിന് പരിക്ക് പറ്റി. പ്രമേഹ രോഗിയായ അദ്ദേഹത്തിന് മുറിവ് ഗുരുതരമാകുകയും തിരുവനന്തപുരത്ത് സ്വന്തം ഭവത്തിൽ വച്ച് 8 ജൂലൈ 1915ൽ 65 ാം വയസിൽ അദ്ദേഹം അന്തരിച്ചു.[12]

  1. https://www.jstor.org/stable/44140263?read-now=1&seq=7#page_scan_tab_contents
  2. 2.0 2.1 നാരായണപിള്ള, സി. (1941). ചങ്ങനാശേരി. ചങ്ങനാശ്ശേരി. p. 15.{{cite book}}: CS1 maint: location missing publisher (link)
  3. 3.0 3.1 3.2 3.3 നായർ സർവീസ് സൊസൈറ്റി സുവർണ ഗ്രന്ഥം 1964. കോട്ടയം: നായർ സർവീസ് സൊസൈറ്റി. 1964. p. 240.
  4. നായർ സർവീസ് സൊസൈറ്റി സുവർണ ഗ്രന്ഥം 1964. കോട്ടയം: നായർ സർവീസ് സൊസൈറ്റി. 1964. p. 14.
  5. നായർ, രാമൻ (2016). ചട്ടമ്പിസ്വാമികൾ ഒരു ധൈഷണിക ചരിത്രം. തിരുവനന്തപുരം: സെന്റർ ഫോർ സൗത്ത് ഇന്ത്യൻ സ്റ്റ‍ഡീസ്. p. 521. ISBN 978-93-83763-30-6.
  6. കെ. രാമകൃഷ്ണപിള്ള. സ്വദേശാഭിമാനിയുടെ മുഖ പ്രസംഗങ്ങൾ.
  7. കെ. രാമകൃഷ്ണപിള്ള (7 October 1908). "വിദ്യാഭ്യാസകാര്യചിന്തകൾ". www.swadeshabhimani.org. www.swadeshabhimani.org. Retrieved 22 October 2024.
  8. 8.0 8.1 ജെഫ്രി, റോബിൻ (2016). നായർ മേധാവിത്വത്തിന്റെ പതനം. കോട്ടയം: ഡിസി ബുക്ക്സ്. p. 198. ISBN 81-264-0634-8.
  9. Travancore Almanac. Travancore. 1891. p. 30.{{cite book}}: CS1 maint: location missing publisher (link)
  10. https://www.jstor.org/stable/44140263?seq=5
  11. https://nssnorthtexas.org/history/
  12. 12.0 12.1 12.2 12.3 മന്നത്തു പത്മനാഭൻ (1977). മന്നത്തിന്റെ സമ്പൂർണ്ണ കൃതികൾ - എന്റെ ജീവിത സ്മരണകൾ. കോട്ടയം: വിദ്യാർത്ഥിമിത്രം പ്രസ്സ് & ബുക്ക് ഡിപ്പോ. p. 59.
  13. ഗോവിന്ദപ്പിള്ള, പി (2010). സ്വദേശാഭിമാനി പ്രതിഭാവിലാസം. Kochi: Progressive, Kochi. p. 19.
"https://ml.wikipedia.org/w/index.php?title=സി._കൃഷ്ണപിള്ള&oldid=4121323" എന്ന താളിൽനിന്ന് ശേഖരിച്ചത്