കെ. ചിന്നമ്മ

ഇന്ത്യൻ സാമൂഹ്യ പ്രവർത്തക

ഇന്ത്യയിൽ കേരളത്തിൽ നിന്നുള്ള ഒരു ഫെമിനിസ്റ്റും സാമൂഹിക പ്രവർത്തകയും വനിതാ ആക്ടിവിസ്റ്റുമായിരുന്നു കെ. ചിന്നമ്മ. 1918-ൽ അവർ അഗതികളായ സ്ത്രീകൾക്കുള്ള കേരളത്തിലെ ആദ്യ ഭവനം ആയ രാജ ശ്രീമൂലം തിരുനാൾ ഷഷ്‌ടബ്ദ പൂർത്തി സ്മാരക ഹിന്ദു മഹിളാ മന്ദിരം (ഇപ്പോൾ എസ്‌എംഎസ്‌എസ് ഹിന്ദു മഹിളാ മന്ദിരം) തുടങ്ങി. മതമോ ജാതിയോ പരിഗണിക്കാതെ, താഴ്ന്ന പശ്ചാത്തലത്തിൽ നിന്നുള്ള പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയും ശാക്തീകരിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അവർ ഈ സ്ഥാപനം സ്ഥാപിച്ചത്.[1]

കെ. ചിന്നമ്മ
ജനനം1883 (1883)
ആറ്റിങ്ങൽ, തിരുവിതാംകൂർ, ബ്രിട്ടീഷ് ഇന്ത്യ
മരണം1930 (വയസ്സ് 46–47)
തൊഴിൽസാമൂഹ്യ പ്രവർത്തക

ജീവചരിത്രം തിരുത്തുക

1883-ൽ തിരുവനന്തപുരത്തെ ആറ്റിങ്ങലിൽ ഒരു സാധാരണ കർഷക കുടുംബത്തിൽ, ആറ്റിങ്ങൽ ഇടവമഠം വീട്ടിൽ കല്യാണി അമ്മയുടെയും വേലായുധൻ പിള്ളയുടെയും മകളായി കെ.ചിന്നമ്മ ജനിച്ചു.[2] ദുർബലരായ സ്ത്രീകൾ അനുഭവിക്കുന്ന ദാരിദ്ര്യവും അടിച്ചമർത്തലും അനാഥത്വവും ചിന്നമ്മയെ ചെറുപ്പം മുതൽക്കുതന്നെ അലട്ടിയിരുന്നു. അവരുടെ മാതൃസഹോദരിയുടെ പ്രോത്സാഹനത്താൽ, ഫോർട്ട് ഹൈസ്കൂളിൽ ചേർന്ന ചിന്നമ്മ അവിടത്തെ ആദ്യത്തെ പെൺകുട്ടികളിൽ ഒരാളായിരുന്നു.[3] തിരുവനന്തപുരം സേനാന മിഷൻ ഗേൾസ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് എഫ്എ ബിരുദം നേടി.[2] വിദ്യാഭ്യാസത്തിനു ശേഷം പൊതുവിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് ഇൻസ്പെക്ടറായി ചേർന്നു. അന്നത്തെ സ്കൂൾ ഇൻസ്പെക്ടർ കാരപ്പിറ്റിന്റെ അസിസ്റ്റന്റായി നിയമിതയായ ചിന്നമ്മ പതിനൊന്ന് താലൂക്കുകളുടെ ചുമതല വഹിച്ചിരുന്നു.[2]

വ്യക്തിഗത ജീവിതവും മരണവും തിരുത്തുക

സി വി രാമൻ പിള്ളയുടെ സഹോദരൻ തഹസിൽദാർ നാരായണ പിള്ളയുടെ മകൻ കുമാരപിള്ളയെയാണ് ചിന്നമ്മ വിവാഹം കഴിച്ചത്.[2] ചിന്നമ്മ ഭർത്താവിനും കുട്ടികൾക്കുമൊപ്പം കോട്ടയത്താണ് താമസിച്ചിരുന്നത്. 1930[2] ൽ അവർ അന്തരിച്ചു.

സാമൂഹിക സേവനവും ആക്ടിവിസവും തിരുത്തുക

സ്ത്രീകൾ പ്രത്യുത്പാദന യന്ത്രങ്ങളാണെന്ന് എം. സി. ശങ്കരപ്പിള്ള ഒരു പ്രസിദ്ധീകരണത്തിൽ എഴുതിയപ്പോൾ ചിന്നമ്മയും സഹപാഠി കല്യാണി അമ്മയും അതിനെ നിശിതമായി വിമർശിച്ചു.[4] 1911-ൽ, ഒരു വനിതാ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുമ്പോൾ, അവർ തീർഥപാദ പരമഹംസനെ കാണുകയും അദ്ദേഹത്തിന്റെ ഉപദേശപ്രകാരം സാമൂഹിക പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.[4]

വിവാഹിതരായ ഉദ്യോഗസ്ഥരുടെ അവകാശങ്ങൾക്കായി വാദിച്ച ചിന്നമ്മ നിരവധി വനിതാ കൂട്ടായ്മകൾ സ്ഥാപിച്ചിട്ടുണ്ട്. 1908-ൽ കെ.ചിന്നമ്മ തിരുവിതാംകൂറിലെ കോട്ടയം ഡിവിഷനിൽ സ്കൂൾ ഇൻസ്പെക്ടറായി നിയമിതയായി. തന്റെ ജോലിയുടെ ഭാഗമായി, കന്യാസ്ത്രീകൾ നടത്തുന്ന ക്രിസ്ത്യൻ സ്‌കൂളുകൾ അവർ സന്ദർശിക്കുകയും ക്രിസ്ത്യൻ കുട്ടികൾക്കായി സ്‌കൂളുമായി ബന്ധപ്പെട്ട അനാഥാലയങ്ങൾ കാണുകയും ചെയ്തു. ഹിന്ദു സമൂഹത്തിലെ അനാഥർക്കും വിധവകൾക്കും വേണ്ടി ഒരു ഷെൽട്ടർ ഹോം ആരംഭിക്കുന്നതിനെക്കുറിച്ച് അവർ ചിന്തിച്ചു.[5] 1916ൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ അറുപതാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന വനിതാ സമ്മേളനത്തിൽ ചിന്നമ്മ തന്റെ ആശയത്തെക്കുറിച്ച് സംസാരിച്ചെങ്കിലും ആരും അവരുടെ ആശയത്തെ പിന്തുണച്ചില്ല.[5]

വനിതാസമാജം മേധാവിയായിരുന്ന മിസിസ്. പി.രാമൻ തമ്പി 'ഷഷ്ടിപൂർത്തി മഹോൽസവം' (60-ാം ജന്മദിനാഘോഷം) സംഘടിപ്പിച്ചപ്പോൾ ചിന്നമ്മയെ ആണ് ചുമതലപ്പെടുത്തിയത്. ഷഷ്ടിപൂർത്തി മാഹോൽസവത്തിന് ശേഷം 200 രൂപ മിച്ചം ഉണ്ടായിരുന്നു. ബാക്കി പണം എന്ത് ചെയ്യണം എന്ന ചർച്ചയിൽ ചിന്നമ്മ ഒരിക്കൽ കൂടി നിർധന സ്ത്രീകൾക്ക് വീട് എന്ന ആവശ്യം ഉന്നയിച്ചു. അപ്പോഴും ശക്തമായ എതിർപ്പുണ്ടായെങ്കിലും പിന്നീട് ശ്രീമതി. രാമൻ തമ്പി ഈ ആശയത്തെ പിന്തുണച്ചു.[5] ചിന്നമ്മ അവിടെ ശക്തമായ ഒരു പ്രസംഗം നടത്തി. അതിൽ അവർ "ഇവിടെയിരിക്കുന്ന നമ്മൾക്ക് ഭൂരിപക്ഷത്തിനും ഭക്ഷണവും വസ്ത്രങ്ങളും ഉണ്ട്, എന്നാൽ ഇതൊന്നും ഇല്ലാത്ത പല സ്ത്രീകളും ഭിക്ഷാടനം നടത്തുന്നു. നിങ്ങളിൽ പലരും കണ്ടിട്ടുണ്ടാകില്ല. എന്നാൽ നമുക്ക് ഹൃദയമുണ്ടെങ്കിൽ, സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി വളരെയധികം ചെയ്ത രാജാവിന്റെ ബഹുമാനാർത്ഥം നിസ്സഹായരായ ഈ സ്ത്രീകളെ നാം തീർച്ചയായും സഹായിക്കണം." എന്ന് പ്രസംഗിച്ചു.[5]

പ്രസംഗം ഫലവത്താക്കുകയും 1918-ൽ തിരുവനന്തപുരത്ത് രാജശ്രീമൂലം തിരുനാൾ ഷഷ്‌ടബ്ദപൂർത്തി സ്മാരക ഹിന്ദു മഹിളാ മന്ദിരം സ്ഥാപിക്കുകയും ചെയ്തു. പാവപ്പെട്ട പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകുന്ന ഒരു സ്ഥാപനമായി അവർ അതിനെ വളർത്തി.[2] മഹിളാ മന്ദിർ എന്ന പേരിൽ ഒരു വനിതാ പ്രസിദ്ധീകരണവും അവർ നടത്തി.[2] മഹിളാ മന്ദിരത്തിന് വേണ്ടി അധ്യാപകരെ ഉപയോഗിച്ചെന്ന് വാർത്തകൾ പ്രചരിച്ചതോടെ സ്‌കൂൾ ഇൻസ്‌പെക്ടർ സ്ഥാനത്തുനിന്നും ചിന്നമ്മയെ മാറ്റി. [5] പിന്നീട് അവർ പേട്ട ഹയർ സെക്കൻഡറി സ്കൂൾ പ്രഥമാധ്യാപികയായി.[5] അക്കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന തൊട്ടുകൂടായ്മയെ അവഗണിച്ച ചിന്നമ്മ താഴ്ന്ന ജാതിക്കാരായ പെൺകുട്ടികളെ സ്കൂളിൽ ചേർത്തു.[5]

പിന്നീട് ചിന്നമ്മ ജോലി ഉപേക്ഷിച്ച് മഹിളാ മന്ദിരത്തിനായി മുഴുവൻ സമയവും പ്രവർത്തിച്ചു.[6] ഈ സ്ഥാപനത്തിനായി പണം സ്വരൂപിക്കുന്നതിനായി അവൾ ഒരുപാട് യാത്ര ചെയ്തു.[6]

ബഹുമതികൾ തിരുത്തുക

മഹിളാ മന്ദിരത്തെയും അതിന് നേതൃത്വം നൽകിയ ചിന്നമ്മയെയും ജവഹർലാൽ നെഹ്‌റുവും ആനി ബസന്റും ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ പ്രശംസിച്ചിട്ടുണ്ട്.[7] തിരുവനതപുരത്തെ ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്‌കൂൾ അവരുടെ പേരിലാണ് അറിയപ്പെടുന്നത്. ചിന്നമ്മയുടെ മികച്ച സംഭാവനകളുടെയും നിസ്വാർത്ഥ സേവനങ്ങളുടെയും സ്മരണാർത്ഥം മഹിളാ മന്ദിരം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 100 പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകി.[8]

ചിന്നമ്മ ആരംഭിച്ച എസ്എംഎസ്എസ് ഹിന്ദു മഹിളാ മന്ദിരത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് 2019 നവംബറിൽ ഇന്ത്യൻ തപാൽ വകുപ്പ് പ്രത്യേക കവർ പുറത്തിറക്കി. കവറിൽ കെ. ചിന്നമ്മയുടെ ചിത്രമുള്ള പ്രത്യേക സ്റ്റാമ്പ് ഉണ്ട്.[9]

അവലംബം തിരുത്തുക

  1. "THE WEEK". The Week (ഭാഷ: ഇംഗ്ലീഷ്).
  2. 2.0 2.1 2.2 2.3 2.4 2.5 2.6 "കെ ചിന്നമ്മ". Kerala Women. Department of Women and Child Development, Kerala state. 27 March 2021.
  3. Sathyendran, Nita (19 March 2015). "For women, by women". The Hindu (ഭാഷ: Indian English).
  4. 4.0 4.1 "ദിഗംബര സ്മരണകൾ 208;"രണ്ട് കൂട്ടുകാരികൾ, കെ. ചിന്നമ്മയും ബി.കല്യാണി അമ്മയും";എം.രാജീവ് കുമാർ". anweshanam.com. 8 October 2021.
  5. 5.0 5.1 5.2 5.3 5.4 5.5 5.6 "Remembering Kerala's Chinnamma, who opened state's first home for destitute women". The News Minute (ഭാഷ: ഇംഗ്ലീഷ്). 8 January 2020.
  6. 6.0 6.1 "ഇത് ചിന്നമ്മയുടെ കഥ, പൂജപ്പുര മഹിളാ മന്ദിരത്തിന്റേയും". Mathrubhumi (ഭാഷ: ഇംഗ്ലീഷ്).[പ്രവർത്തിക്കാത്ത കണ്ണി]
  7. Malayalam, Media (22 November 2021). "ഇത് ചിന്നമ്മയുടെ കഥ, പൂജപ്പുര മഹിളാ മന്ദിരത്തിന്റേയും - Media Malayalam (മീഡിയ മലയാളം)". മൂലതാളിൽ നിന്നും 2021-11-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-03-25.
  8. "'Children' of Mahila Mandiram Come Home to Thank 'Mothers'". News Experts. 12 November 2019.
  9. "India Post Issues Special Cover To Mark Centenary Of Mahila Mandiram - Kerala9.com". 28 November 2019.
"https://ml.wikipedia.org/w/index.php?title=കെ._ചിന്നമ്മ&oldid=3803226" എന്ന താളിൽനിന്ന് ശേഖരിച്ചത്