പെൺകുട്ടികൾ ഋതുമതികളാകുമ്പോൾ നടത്തുന്ന ഒരു ആഘോഷമാണ് തിരണ്ടുകല്യാണം. ഋതുമതിയാകുന്ന ദിവസം മുതൽ നിശ്ചിത ദിവസത്തേക്ക് അശുദ്ധി ആചരിച്ച ശേഷം നടത്തുന്ന ശുദ്ധീകരണവും തുടർന്നുള്ള ആഘോഷങ്ങളുമാണ് ഇത്. അശുദ്ധിയുടെ ദിവസങ്ങൾ, ശുദ്ധീകരണകർമങ്ങൾ, ഇതര ചടങ്ങുകൾ എന്നിവ ദേശ-സമുദായഭേദമനുസരിച്ച് വ്യത്യസ്തങ്ങളാണ്.

ഈ ആഘോഷങ്ങൾ ഋതുമതികൾക്ക് സ്വന്തം ശരീരത്തിൽ നടക്കുന്ന മാറ്റങ്ങളെപ്പറ്റി വന്നുപെടാവുന്ന സന്ദേഹങ്ങൾക്കും സംശയങ്ങൾക്കും അറുതിവരുത്താൻ സഹായകമായിരുന്നു. വരും തലമുറകൾക്കായി സമൂഹം അതിന്റെ ഊർവരത ഒരിക്കൽക്കൂടി ഉറപ്പാക്കുന്ന, എല്ലാവരും പങ്കുവക്കുന്ന ആ സന്തോഷത്തിന്റെ ദിനങ്ങൾ പെൺകുട്ടികൾക്ക് ആത്മവിശ്വാസം പകരാനും സഹായകരമായിരുന്നു. വിദ്യാഭ്യാസം സാർവത്രികമായതോടെ ആധുനികവൈദ്യശാസ്ത്രവും ശരീരശാസ്ത്രവും വ്യാപകമായി ചർച്ചചെയ്യപ്പെട്ടു തുടങ്ങിയപ്പോൾ സാംസ്കാരികസങ്കല്പങ്ങളിൽ അതുകൊണ്ടുവന്ന മാറ്റങ്ങൾ കാരണമായി പിൽക്കാലത്ത് ഈ ആഘോഷം കേരളത്തിൽ നിലച്ചുപോയി.

ചടങ്ങുകൾ തിരുത്തുക

പെൺകുട്ടി ഋതുമതിയാകുന്നതുമായി ബന്ധപ്പെട്ട് വൈവിദ്ധ്യമേറിയ ആചാരാനുഷ്ഠാനങ്ങൾ ലോകമെമ്പാടുമുണ്ടു്.

അക്കൂട്ടത്തിൽ ദക്ഷിണേന്ത്യയിൽ വ്യാപകമായിരുന്ന ആഘോഷമാണു് തിരണ്ടുകല്യാണം.അതു് ഏറെക്കുറെ ഇന്നും നിലനിൽക്കുന്നത് തമിഴ്‌നാട്ടിലാണ്. ക്ഷണക്കത്തടിച്ച് ബന്ധുമിത്രാദികളെയെല്ലാം വിളിച്ചുകൂട്ടി പന്തൽ കെട്ടി (ഇപ്പോൾ കല്യാണമണ്ഡപങ്ങളും മറ്റും വാടകക്കെടുത്തും ഇതു നടത്താറുണ്ടു്) നടത്തുന്ന വിപുലമായ ആഘോഷമാണു് അവിടത്തെ 'പൂപ്പുനിത നീരാട്ടുവിഴാ' എന്നറിയപ്പെടുന്ന തിരണ്ടുകല്യാണം. 'കന്നി'പ്പെണ്ണിനു് അതിഥികൾ ഉപഹാരങ്ങൾ നല്കുന്ന പതിവുമുണ്ടു്. ഋതുമതിയായ പെൺകുട്ടിയെ ഏഴാം ദിവസം വരെ മാറ്റിയിരുത്തുകയും വിശേഷാൽ ഭക്ഷണങ്ങൾ നല്കുകയും ചെയ്യും. കരിപ്പട്ടി (പനഞ്ചക്കര), മുട്ട, നല്ലെണ്ണ (എള്ളെണ്ണ), അരിപ്പൊടി എന്നിവ ചേർത്ത് ഉരുളയാക്കിയെടുക്കുന്ന പോഷകസാന്ദ്രമായ ഒരു വിഭവമാണു് ഇതിൽ പ്രധാനം. ബന്ധുക്കൾ വീട്ടിലെത്തി പെൺകുട്ടിക്കു് ഈ ആചാരഭക്ഷണം ഉണ്ടാക്കി നല്കണമെന്നാണു് വ്യവസ്ഥ. ഇതിനു് 'മാവുകൊട'എന്നാണ് പേരു്. ഏഴാം ദിവസം പെൺകുട്ടിയെ കുളിപ്പിച്ചു് അണിയിച്ചൊരുക്കി വീടിന്റെ ഉമ്മറത്തേക്കു് കൊണ്ടുവരും. തുടർന്നു് പുണ്യാഹവും ആരതിയുഴിയലും നടത്തും. ക്ഷണിതാക്കൾക്കെല്ലാം സദ്യയും ഉണ്ടായിരിക്കും. തമിഴ്നാട്ടിൽ തിരണ്ടുകല്യാണം കഴിഞ്ഞ പെൺകുട്ടി കല്യാണം വരെ ചാന്തുപൊട്ടണിയുന്ന പതിവുണ്ടു് .

ഇതിലൂടെ പെൺകുട്ടി വിവാഹയോഗ്യയായി എന്നു് അറിയിക്കുകയാണു്.

കേരളത്തിൽ തിരുത്തുക

തെക്കൻ കേരളത്തിലെ മിക്കവാറും എല്ലാ ഹിന്ദുസമുദായങ്ങളിലും തിരണ്ടുകല്യാണം അഥവാ കുഞ്ഞികല്യാണം മുമ്പ് നിലവിലുണ്ടായിരുന്നു. എന്നാൽ വടക്കൻ കേരളത്തിൽ നായർ, കണിയാൻ, തീയർ, നമ്പൂതിരി തുടങ്ങിയ സമുദായങ്ങൾക്കിടയിലാണ് ഇതു നടത്താറുള്ളത്. തിരണ്ടുമംഗലം എന്ന പേരിലും അവിടെ ഇതറിയപ്പെടുന്നു.

മലബാറിലെ തിരണ്ടുകല്യാണത്തെപ്പറ്റി എം.വി. വിഷ്ണുനമ്പൂതിരി നല്കുന്ന വിവരങ്ങൾ പ്രകാരം, ഈഴവ സമുദായത്തിൽ 12-ാം ദിവസമാണ് ഈ ചടങ്ങു നടത്തുന്നത്; മണ്ണാന്മാർ പെൺകുട്ടിയെ കുരുത്തോല കൊണ്ടുള്ള മെയ്യാഭരണങ്ങൾ അണിയിച്ചശേഷം തലേന്ന് 'ചടങ്ങുപാട്ട്' നടത്തും. തുടർന്ന് സ്ത്രീകൾ നടത്തുന്ന ചമഞ്ഞുപാട്ടുമുണ്ട്. പുലയർ ഏഴാം ദിവസം വീടിനു മുമ്പിൽ വാകക്കൊമ്പു നാട്ടി 'വാകകർമ'നടത്തിയ ശേഷം തിരണ്ട പെണ്ണിനെ മറ്റ് ആറ് പെണ്ണുങ്ങളോടൊപ്പം കൊണ്ടു വന്ന് വാകയെ വലം വയ്പിക്കും. തുടർന്ന് ആ ഏഴു പെൺകുട്ടികളും കൂടി വാകത്തൊലി കൊത്തിയെടുത്ത് അവിടെ വച്ചിട്ടുള്ള ഉരലിലിട്ട് ഇടിച്ച് പൊടിയാക്കും. തുടർന്ന് ആ വാകപ്പൊടിയുമായി ഏഴുപേരും നീരാട്ടിനു പോകും. കുളിച്ചുവന്ന ശേഷം ഋതുവായ പെൺകുട്ടി കലത്തിലെ വെള്ളം വാകച്ചോട്ടിൽ നിന്ന് തലയിലൊഴിക്കണം. അപ്പോൾ കർമി ഇളനീർ തളിച്ച് പുണ്യാഹം നടത്തും. മലയർ അഞ്ചാം ദിവസം തിരണ്ടുമംഗലം നടത്തും. ആ സമയത്ത് തിരണ്ടുപാട്ടു പാടും. വേലർ, പുലയർ, കമ്മാളർ, ഈഴവർ എന്നിവരും തിരണ്ടുപാട്ട് നടത്താറുണ്ട്. നായർ സമുദായത്തിലും 1930കൾ വരെ തിരണ്ടുകല്യാണം ആഘോഷിച്ചിരുന്നു. ഋതുമതിയായാൽ മൂന്നു ദിവസത്തേക്കു് പെൺകുട്ടി പ്രത്യേകം വേർതിരിച്ച മുറിയിൽ ഇരിക്കണം. മുറിയുടെ ചുമരുകൾ അരിമാവു കൊണ്ടു് അണിഞ്ഞു് ഭംഗി വരുത്താറുണ്ട്. അയല്പക്കത്തെ സ്ത്രീകൾ വിശേഷമന്വേഷിച്ചു വരും. പെൺകുട്ടിക്കു അവർ സമ്മാനങ്ങളും കൊണ്ടുവരും. നാലാം ദിവസം മാറ്റുടുത്ത് കുളത്തിൽ ആഘോഷമായി കുളിച്ചെത്തുന്ന പെൺകുട്ടിയെ ആർപ്പുവിളികളോടെ വീട്ടിലേക്കാനയിക്കും. തുടർന്നു് സദ്യയും നടത്തിപ്പോന്നു.

ആധുനികവൽക്കരിക്കപ്പെട്ട കേരളത്തിലെ ഇന്നത്തെ സമൂഹത്തിൽ ഒരു വിഭാഗവും ഈ ആഘോഷം ഇപ്പോൾ നടത്താറില്ല.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  1. http://planetjyothisham.blogspot.in/2011/08/blog-post_2623.html
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിരണ്ടുകല്യാണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തിരണ്ടുകല്യാണം&oldid=3522108" എന്ന താളിൽനിന്ന് ശേഖരിച്ചത്