ചില ഗർഭിണികൾ ഒമ്പതാം മാസത്തിൽ അനുഷ്ഠിക്കുന്ന ഒരു കർമ്മമാണ് പുളികുടി. നായർ സ്ത്രീകൾക്കു ഗർഭമുണ്ടായാൽ അഞ്ച്, ഏഴ്, ഒൻപത് മാസങ്ങളിൽ ഏതെങ്കിലും ഒരു മാസത്തിൽ നടത്തിയിരുന്ന അടിയന്തരമാണ് പുളികുടി.[1] പുംസവനം (പുങ്ങൻ) എന്ന ചടങ്ങിന്റെ അനുബന്ധമായാണ് പുളികുടി എന്ന ചടങ്ങു നടത്തുക.[2]

ദേശ-സമുദായ ഭേദംതിരുത്തുക

ഈ ചടങ്ങിന് സമൂദായ-ദേശ ഭേദം ഉണ്ടായിരുന്നു. ഓരോ സമുദായത്തിലും ദേശത്തിലും നടത്തുന്ന ചടങ്ങുകളിൽ വത്യാസം കാണുക സാധാരണമായിരുന്നു. ബ്രാഹ്മണ സമുദായത്തിൽ വാളൻ ഞെരിഞ്ഞൽ എന്നിവയുടെ നീര് എടുത്ത് ഉപ്പും ചേർത്ത് ആയിരുന്നു പുളികുടി നടത്തിയിരുന്നത്. മറ്റു പല സമുദായങ്ങളിലും പല രീതിയിലായിരുന്നു പുളികുടി നടത്തിയിരുന്നത്. ഇലക്കറികൾ പതിവില്ലെങ്കിലും ചില പുളിയിലകളുടെ നീരെടുത്താണ് ഈ ചടങ്ങ് എല്ലായിടങ്ങളിലും നടത്തിയിരുന്നത്. ആദിവാസികൾക്കിടയിലും ഈ ചടങ്ങ് പതിവായിരുന്നു. മലവേട്ടുവരും മറ്റും പുളിയില ഇടിച്ചു പിഴിഞ്ഞ നീര് ഗർഭിണികൾക്ക് കൊടുത്തിരുന്നു. മറ്റുചിലയിടങ്ങളിൽ ഏഴുതരം പുളികളുടെ ഇലകൾ അരച്ച് ഉരുട്ടി ഗുളികരൂപത്തിൽ ആക്കി ഗർഭിണികൾക്കു കുടുക്കുന്നപതിവും ഉണ്ടായിരുന്നു. തെക്കൻ കേരളത്തിലെ വേലൻ, ഈഴവ സമുദായങ്ങളിൽ ഈ പതിവായിരുന്നു ഉണ്ടായിരുന്നത്.[2]

നായർ സമുദായത്തിൽ ഗർഭിണിയായ സ്ത്രീയെ അഞ്ചാമത്തെ മാസത്തിലോ ഏഴാമത്തെ മാസത്തിലോ ചെന്നുകാണുന്ന ചടങ്ങിനാണ് സീമന്തം അഥവാ പുളികുടി എന്നു പറയുന്നത്. തെക്കൻ കേരളത്തിൽ അത് 'ഏക്കൾകൊട' എന്ന പേരിൽ ഒരു വലിയ ചടങ്ങാണ്. എത്ര മാസം ഗർഭവതിയാണോ അത്രയും തരം പലഹാരങ്ങളുമായാണ് പെൺവീട്ടുകാർ, ആ അവസരത്തിൽ ഭർത്തൃഗൃഹം സന്ദർശിക്കുന്നത്. ഈ ചടങ്ങ് തീരുന്നതോടെ ഗർഭിണി പുല ആചരിച്ചു തുടങ്ങേണ്ടതുണ്ട്. പ്രസവത്തിനുശേഷം പതിനഞ്ചു ദിവസംവരെ 'പുല' തുടരുന്നു. ഇക്കാലയളവിൽ ഗർഭിണിയായ സ്ത്രീ അമ്പലങ്ങളിൽ പ്രവേശിക്കാൻ പാടുള്ളതല്ല.

ചടങ്ങുകൾതിരുത്തുക

മുഹൂർത്തം നോക്കി നടുമുറ്റത്തിന്റെ വടക്കുഭാഗത്ത് അമ്പഴത്തിന്റെ തണ്ട് നാട്ടിനിർത്തും. ഗർഭിണിയെ വടക്കിനിയിൽ കൊണ്ടുവന്ന് കിഴക്കോട്ടു തിരിച്ചിരുത്തും. മുറ്റത്തെ അമ്പഴത്തിൽനിന്നും അമ്മായി കുറച്ചു നീരുപിഴിഞ്ഞെടുക്കും. ഈ നീര് ആങ്ങളയോ അമ്മാവനോ ഗർഭിണിയുടെ മുകളിൽ വടക്കോട്ടു തിരിച്ചുപിടിച്ച കത്തിയിൽ പതുക്കെ ഒഴിക്കും. കത്തിയിൽ നിന്നും ഇറ്റിറ്റുവീഴുന്ന അമ്പഴനീര് ഗർഭിണി നുണഞ്ഞിറക്കും.[3]

മറ്റൊരു ഭാഷ്യംതിരുത്തുക

അടിയന്തരത്തിന്റെ തലേദിവസം ഗർഭിണി പുളിവാതിൽ കൊള്ളുന്നു എന്നറിഞ്ഞ് പരിവാരസമേതം അൽപ്പം ദൂരസ്ഥലത്ത് എവിടെയെങ്കിലും പോയി[ആര്?] ഒരു കിണറ്റിൻകരയിൽ ഒരു പുളിമരത്തിന്റെ തൈയും കടലാടിയും കൂടെ നടുകയും അവിടെ ചില പ്രദക്ഷിണങ്ങളും നമസ്കാരങ്ങളും ഒക്കെ കഴിക്കയും അടിയന്തര ദിവസം ഗർഭിണി തന്നെ ചെന്ന് ആ തൈകൾക്ക് ചില വന്ദനങ്ങളും മറ്റും ചെയ്ത് പിഴുത് നടുമുറ്റത്തു കൊണ്ടുവന്ന് ജനസമക്ഷത്തിൽ നടുകയും മറ്റും ചെയ്യുന്നു. ഉടൻ ബന്ധുക്കളിൽ രണ്ടു സ്ത്രീകൾ ഇറങ്ങി ഗർഭിണിക്ക് അഭിമുഖമായി മുമ്പോട്ടു ചെന്ന് അവളുടെ ഉടുപ്പിൽ പിടിച്ച് വെറ്റില ചെരുവുകയും അതിൽക്കൂടി പൊക്കിൾ വഴി എണ്ണ ഒഴിക്കുകയും പുളിത്തൈ എടുത്ത് ഉടുപ്പിൽ ചെരുവുകയും ചെയ്യുന്നു. മറ്റു രണ്ടു സ്ത്രീകൾ ഗർഭിണിയെ വേവുപിടിപ്പിക്കുന്നെന്നും പറഞ്ഞ് വയറ്റിലോ മറ്റോ വെള്ളമൊഴിച്ച് തടവുകയും പൊതുവൻ (പുലതളിക്കുന്നവൻ) ഒരു കൊതുമ്പ് കരിച്ചുകൊടുക്കുകയും മറ്റു സ്ത്രീകൾ ആ കരി ഗർഭിണിയുടെ കണ്ണിലോ മുഖത്തോ തേയ്ക്കുകയും ചെയ്യുന്നു. ഇത്രയും കഴിഞ്ഞാൽ ഭാര്യയും ഭർത്താവും പലകയിൽ കേറി നിന്ന് കൈചേർത്തു വച്ച് പുരുഷന്റെ കൈയ്യിൽ പിണറിന്റെ ഇലയുടെ ചാറോ മറ്റോ പൊതുവൻ ഒഴിക്കുകയും സ്ത്രീ അതിനെ വായിൽക്കൊണ്ടു തുപ്പുകയും ചെയ്യുന്നു. മേൽപ്പറഞ്ഞ ഗോഷ്ടികളത്രയും കാണിക്കുന്നത് ഈ ചീത്ത വെള്ളം വായിൽക്കൊണ്ടു തുപ്പുന്നതിനു മാത്രമാണ്.[4]

അവലംബങ്ങൾതിരുത്തുക

  1. പുളികുടിയും താലികെട്ടും, ജി. പ്രിയദർശനൻ, ഭാഷാപോഷിണി, ജൂലൈ 2014
  2. 2.0 2.1 എം.വി.വിഷ്‌ണു നമ്പൂതിരി (04 ഡിസംബർ 2007). "ഇലക്കറികൾ". പുഴ.കോം. മൂലതാളിൽ നിന്നും 2014-08-04 10:03:14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 07 ജൂലൈ 2014. Check date values in: |accessdate=, |date=, |archivedate= (help)
  3. Edgar Thurston. Castes and Tribes of Southern India, Volume V of VII (ഭാഷ: ഇംഗ്ലീഷ്). അലക്സാണ്ഡ്രിയ ഗ്രന്ഥശാല.
  4. മടവൂർ.സി. നാരായണപിള്ള, മലയാളമനോരമ, 1893 ഡിസംബർ 3 (ജി.പ്രിയദർശനൻ, ഭാഷാപോഷിണി ജൂലൈ 2014)

സ്രോതസ്സുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പുളികുടി&oldid=3104646" എന്ന താളിൽനിന്ന് ശേഖരിച്ചത്