സി.ജെ. തോമസ്

സാഹിത്യകാരൻ
(സി.ജെ. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളഭാഷയിലെ ഒരു നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്നു സി.ജെ. തോമസ് (നവംബർ 14, 1918 - ജൂലൈ 14, 1960) എന്നറിയപ്പെടുന്ന ചൊള്ളമ്പേൽ യോഹന്നാൻ തോമസ്. മലയാള നാടകസാഹിത്യത്തെ ആധുനിക ഘട്ടത്തിലെത്തിക്കുന്നതിൽ നിർണായക പങ്കു് വഹിച്ച ഇദ്ദേഹം പത്രപ്രവർത്തകൻ, ചിത്രകാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു.

സി.ജെ. തോമസ്
സി.ജെ. തോമസ്
സി.ജെ. തോമസ്
തൊഴിൽനാടകകൃത്തു്, സാഹിത്യ നിരൂപകൻ, പത്രപ്രവർത്തകൻ, ചിത്രകാരൻ അദ്ധ്യാപകൻ, ഉപന്യാസകൻ, വിവർത്തകൻ
ശ്രദ്ധേയമായ രചന(കൾ)മതവും കമ്യൂണിസവും, അവൻ വീണ്ടും വരുന്നു, 1128-ൽ ക്രൈം 27, ഉയരുന്ന യവനിക, ആ മനുഷ്യൻ നീ തന്നെ, വിഷവൃക്ഷം, ഇവനെന്റെ പ്രിയപുത്രൻ, ധിക്കാരിയുടെ കാതൽ,

1918–ൽ കൂത്താട്ടുകുളത്തെ പ്രമുഖ ക്രിസ്തീയ വൈദികന്റെ മകനായി ജനിച്ച സിജെ വൈദിക വിദ്യാർത്ഥിയായിരിയ്ക്കുന്ന സമയത്തു് ളോഹ ഉപേക്ഷിച്ചു് തിരിച്ചുപോന്ന് വിപ്ലവം സൃഷ്ടിച്ചു. രണ്ട് വർഷക്കാലം വടകര സെന്റ് ജോൺസ് ഹൈസ്കൂളിലും തുടർ‍ന്നു് എം. പി. പോൾസ് കോളേജിലും അധ്യാപകനായി ജോലിനോക്കിയിരുന്ന അദ്ദേഹം പിന്നീടു് അവസാനം വരെ പത്രപ്രവർ‍ത്തനരംഗത്തു് സജീവമായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണസംഘം, ആകാശവാണി, ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റ് എന്നിവയിലും പ്രവർ‍ത്തിച്ചു.

സാഹിത്യ പ്രവർത്തക സഹകരണസംഘം വക പുസ്തകങ്ങളുടെ പുറംചട്ടകൾക്ക് അത്യധികം ആകർഷകങ്ങളായ ചിത്രങ്ങൾ വരച്ചു് മലയാള പുസ്തകങ്ങളുടെ പുറംചട്ട രൂപകല്പനയുടെ രംഗത്തു് മാറ്റങ്ങളുടെ തുടക്കം കുറിച്ചതു് സിജെയാണു.

പ്രസിദ്ധ സാഹിത്യകാരനായിരുന്ന എം.പി. പോളിന്റെ മൂത്ത പുത്രി റോസിയെയാണ് വിവാഹം ചെയ്തതു്. റോസി തോമസ് സിജെയുടെ മരണശേഷം അറിയപ്പെടുന്ന സാഹിത്യകാരിയായി.

പ്രശസ്ത കവയിത്രി മേരി ജോൺ കൂത്താട്ടുകുളം സി.ജെ. തോമസിന്റെ മൂത്ത സഹോദരിയായിരൂന്നു. കേരളത്തിലെ സ്വതന്ത്ര ചിന്തകരുടെ മുൻ‍നിരയിൽ സ്ഥാനമുറപ്പിച്ചിരുന്ന ധിഷണയുടെ ഹിമഗിരിശൃംഗമായിരു‍ന്നു സിജെയെന്നാണു് സുകുമാർ അഴീക്കോടു് അഭിപ്രായപ്പെട്ടിട്ടുള്ളതു്.[അവലംബം ആവശ്യമാണ്] 1960 ജൂലൈ 14-ന്‌ 42-ആം വയസ്സിൽ സി.ജെ. അന്തരിച്ചു.

ആദ്യകാലജീവിതം

തിരുത്തുക

സി.ജെ. തോമസ് 1918 നവംബർ 14-ആം തീയതി കൂത്താട്ടുകുളത്തു് വടകര യോഹന്നാൻ മാംദാന യാക്കോബായ സുറിയാനി പള്ളിവികാരി ചൊള്ളമ്പേൽ യോഹന്നാൻ കോർഎപ്പിസ്ക്കോപ്പയുടെയും (1870-1951) പുത്തൻകുരിശ് ഏഴക്കരനാട്ടെ അന്നമ്മയുടേയും ഏഴുമക്കളിൽ ഇളയമകനായി ജനിച്ചു. ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനുശേഷം മകനെ ഒരു വൈദികനാക്കാൻ ആഗ്രഹിച്ച മാതാപിതാക്കൾ ഒരു വൈദിക വിദ്യാർത്ഥിയായി കോട്ടയം സി.എം.എസ്. കോളേജിൽ അയച്ചു. ശെമ്മാശനായിരുന്ന സി. ജെ താമസിയാതെതന്നെ ളോഹ വലിച്ച് കീറി ഒരു വിപ്ളവകാരിയായി തിരിച്ചുപോന്നു.

വിദ്യാഭ്യാസം

തിരുത്തുക

ആദ്യകാല വിദ്യാഭ്യാസം കൂത്താട്ടുകുളത്തും വടകരയിലുമായിരുന്നു. ഇന്റർമീഡിയറ്റിന് കോട്ടയം സി.എം.എസ്. കോളജിൽ ചേർന്നു. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നിന്നു ബി.എ. ബിരുദവും, തിരുവനന്തപുരം ലോ കോളേജിൽ നിന്ന് 1943-ൽ നിയമബിരുദവും നേടി. മാർത്താണ്ഡം ഗ്രാമോദ്ധാരണകേന്ദ്രത്തിൽ ചേർന്ന് ഒരു കൊല്ലത്തെ പരിശീലനവും പൂർത്തിയാക്കി.

ലോ കോളേജിലെ വിദ്യാഭ്യാസജീവിതത്തിനിടയ്ക്കു് സി.ജെ. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. വിദ്യാർത്ഥി ഫെഡറേഷൻ പ്രവർത്തനത്തിലൂടെ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തി. നാലഞ്ച് വർഷത്തോളം ആ രംഗത്തു് സജീവമായി പ്രവർത്തിച്ചു. തന്റെ വിശ്വാസങ്ങളും ആദർശങ്ങളും പാർട്ടി പ്രവർത്തനവുമായി പൊരുത്തപ്പെടുകയില്ലെന്നു് ബോധ്യമായപ്പോൾ പാർട്ടിയിൽ നിന്ന് പുറത്തുപോന്നു. അതിനു്ശേഷം ഒരു പാർട്ടിയുടേയും വക്താവായിട്ടില്ല.

വടകര സെന്റ് ജോൺസ് ഹൈസ്കൂളിലും, പ്രസിദ്ധ സാഹിത്യകാരനായിരുന്ന എം.പി. പോളിന്റെ എം.പി. പോൾസ് ട്യൂട്ടേറിയൽ കോളേജിലും അദ്ധ്യാപകനായി ജോലി നോക്കി.

എം.പി. പോളിന്റെ ട്യൂട്ടോറിയൽ കോളെജിൽ (പോൾസ്‌ കോളേജിൽ) ഇംഗ്ലീഷ്‌ അധ്യാപകനായി എത്തിയകാലത്തു് (1945) സി. ജെ. തോമസ്, എം.പി. പോളിന്റെ മൂത്തപുത്രിയായ റോസിയുമായി പ്രണയത്തിലായി.

റോസിയുടെയും സി.ജെ.യുടെയും പ്രണയത്തോട്‌ പുരോഗമന സാഹിത്യപ്രസ്‌ഥാനത്തിന്റെ നായകനായിരുന്നെങ്കിലും എം.പി. പോളിന്‌ യോജിപ്പുണ്ടായിരുന്നില്ല. എതിർപ്പുകളുടെ നാളുകൾക്കൊടുവിൽ സി.ജെ. സഭ മാറണമെന്ന വ്യവസ്ഥയിലാണു് എം.പി. പോൾ അവരുടെ വിവാഹത്തിനു് സമ്മതം നല്കിയതു്. 1951 ജനുവരി 18-നായിരുന്നു ഇവരുടെ വിവാഹം.

വിവാഹത്തിനു് ശേഷം കുറെക്കാലം ഇവർ കൂത്താട്ടുകുളത്തെ ചൊള്ളമ്പേൽ വീട്ടിൽ താമസിച്ചു. വിവാഹത്തിന്റെ പിറ്റേ മാസം, അതായതു് 1951 ഫെബ്രുവരി 21-നു് സിജെയുടെ പിതാവ് മരണമടഞ്ഞു. ഒന്നര വർഷത്തിനു് ശേഷം എം പി പോളും മരിച്ചു.

സാഹിത്യരംഗത്തു്

തിരുത്തുക

എം. പി. പോൾസ് കോളേജിൽ അദ്ധ്യാപകനായിരുന്ന കാലഘട്ടത്തിലാണു് സി.ജെ. സാഹിത്യരംഗത്തു് പ്രത്യക്ഷപ്പെടുന്നതു്. പ്രൊഫസർ എം.പി. പോളുമായുള്ള ബന്ധവും അദ്ദേഹത്തിന്റെ പ്രോത്സാഹനവും സി.ജെ.യെ ഗുണകരമായി സ്വാധീനിച്ചു. ഏതുകാര്യവും മൌലികമായും വിദഗ്ദ്ധമായും അവതരിപ്പിക്കുവാൻ അപാരമായ കഴിവുണ്ടായിരുന്നു സി.ജെ.യ്ക്കു്.

അവൻ വീണ്ടും വരുന്നു എന്ന നാടകം 1949-ൽ പ്രസിദ്ധീകരിച്ചു. പ്രാചീന യവന നാടകങ്ങളുടെ സ്വാധീനം ഈ കൃതിയിൽ പ്രകടമാണു്. കേരള സാഹിത്യ അക്കാദമി ഈ കൃതിയുടെ ആംഗല പരിഭാഷ 1979-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

1950-ൽ പ്രസിദ്ധീകരിച്ച ഉയരുന്ന യവനിക എന്ന ലേഖനസമാഹാരം നാടകരചന, അവതരണം, സംവിധാനം തുടങ്ങിയ വിവിധ ഘടകങ്ങളെക്കുറിച്ചു് പ്രതിപാദിക്കുന്നു . മലയാള നാടകപ്രസ്ഥാനത്തിന്റെ വേരുകൾ, നാടകവും ഇതര കലകളും, മലയാളത്തിലെ രാഷ്ട്രീയ നാടകങ്ങൾ, ഭാഷയിലെ ഇബ്സൻ പ്രസ്ഥാനം, രംഗസംവിധാനം, കാഴ്ചക്കാർ തുടങ്ങിയവയാണ് ഈ കൃതിയിലെ ചർച്ചാവിഷയങ്ങൾ.

1953-ൽ പ്രസിദ്ധീകരിച്ച ഇവൻ എന്റെ പ്രിയ പുത്രൻ എന്നകൃതി പതിനഞ്ച് ഉപന്യാസങ്ങളുടെ സമാഹാരമാണു്. വേഷവും സദാചാരവും, കുറുക്കുവഴികൾ, എ. ബാലകൃഷ്ണപിള്ള എന്തു ചെയ്തു?, എന്റെ ചങ്ങമ്പുഴ തുടങ്ങിയ ഉപന്യാസങ്ങളാണു് ഇതിൽ.

ഇബ്സനുശേഷം പാശ്ചാത്യ നാടകരംഗത്തുണ്ടായ മാറ്റങ്ങൾ സി.ജെ. തോമസ് ഉൾക്കൊണ്ടു. മൊണ്ടാഷിന്റെ സൗന്ദര്യശാസ്ത്രവും എക്സ്പ്രഷനിസ്റ്റ് ദർശനവും സ്വാംശീകരിച്ച നാടകങ്ങൾ സി.ജെ.യാണ് മലയാളത്തിൽ അവതരിപ്പിച്ചുതുടങ്ങിയതു്.

മതവും കമ്യൂണിസവും, അവൻ വീണ്ടും വരുന്നു, 1128-ൽ ക്രൈം 27, ഉയരുന്ന യവനിക, ആ മനുഷ്യൻ നീ തന്നെ, വിലയിരുത്തൽ, ശലോമി, വിഷവൃക്ഷം, ആന്റിഗണി, കീടജന്മം, ലിസിസ്ട്രാറ്റ, ഈഡിപ്പസ്, പിശുക്കന്റെ കല്യാണം, ഇവനെന്റെ പ്രിയപുത്രൻ, ധിക്കാരിയുടെ കാതൽ, മനുഷ്യന്റെ വളർച്ച, ജനുവരി 9, രണ്ടു ചൈനയിൽ, നട്ടുച്ചയ്ക്കിരുട്ട് മുതലായവ തോമസിന്റെ ശ്രദ്ധേയമായ കൃതികളാണു്.

തമിഴിലെ പ്രശസ്ത എഴുത്തുകാരനായ സുന്ദരരാമസ്വാമി രചിച്ച ജെ.ജെ: ചില കുറിപ്പുകൾ എന്ന നോവലിലെ പ്രധാന കഥാപാത്രമായ ജെ.ജെ യുടെ പ്രാഗ് രൂപം സി.ജെ. തോമസാണെന്നു കരുതപ്പെടുന്നു.[അവലംബം ആവശ്യമാണ്]

പത്രപ്രവർത്തനം

തിരുത്തുക

വിവാഹശേഷം ആകാശവാണിയുടെ (ഓൾ ഇന്ത്യാ റേഡിയോ) തിരുവന്തപുരം നിലയത്തിൽ കുറച്ചുകാലം പ്രൊഡ്യൂസറായി ജോലി ചെയ്തു. അതു രാജിവെച്ചശേഷം മദിരാശിയിൽ ദക്ഷിണഭാഷാ ഗ്രന്ഥമണ്ഡലത്തിന്റെ പ്രൊഡക്ഷൻ ആഫീസറായി നിയമിതനായി. ഒരു വർഷത്തിനുശേഷം അതും ഉപേക്ഷിച്ചു. സി.ജെ എവിടെ ജോലിയിൽ പ്രവേശിക്കുമ്പോഴും ഒരു രാജിക്കത്ത് എഴുതി കീശയിൽ സൂക്ഷിയ്ക്കുവാൻ മറക്കാറില്ല.[അവലംബം ആവശ്യമാണ്] അഭിപ്രായവ്യത്യാസം തോന്നുന്ന ആദ്യ സന്ദർഭത്തിൽത്തന്നെ അത് പ്രയോഗിയ്ക്കാൻ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

കോട്ടയം സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ പ്രാരംഭകാലം മുതൽ അതിന്റെ വളർച്ചയ്ക്കും പുരോഗതിയ്ക്കും വേണ്ടി സി.ജെ. വളരെയധികം പ്രവർത്തിച്ചിട്ടുണ്ടു്. എൻ.ബി.എസ്സിന്റെ എംബ്ലം അരയന്നത്തിന്റെ മാതൃകയിൽ രൂപകല്പന ചെയ്തത് സി.ജെ.ആണ്‌.[അവലംബം ആവശ്യമാണ്] മലയാളഗ്രന്ഥങ്ങൾക്ക് ഇന്നു കാണുന്നവിധം മനോജ്ഞമായ മുഖഛായ നൽകിയതിനു പിന്നിൽ സി.ജെ. യുടെ ഭാവനയും കഴിവും നല്ലപോലെ പണിയെടുത്തിട്ടുണ്ട്.

കഥ, ചിത്രോദയം, പ്രസന്നകേരളം, നവസാഹിതി, ഡെമോക്രാറ്റ് തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയിൽ മുഖ്യസ്ഥാനം വഹിച്ചിട്ടുണ്ട്. ദീനബന്ധു, വീക്കിലി കേരള, ഡെമോക്രാറ്റ് തിയ്യേറ്റേഴ്സ്, വോയ്സ് ഓഫ് കേരള എന്നിവയുടെ അണിയറയിലും സി.ജെ. പ്രവർത്തിച്ചിരുന്നു. എറണാകുളത്തെ ഡെമോക്രാറ്റ് പബ്ളിക്കേഷൻസായിരുന്നു, സി.ജെ.യുടെ അവസാനകാല പ്രവർത്തനമണ്ഡലം.

1959-ൽ വിമോചനസമരത്തിന്റെയൊപ്പം സിജെ നിലയുറപ്പിച്ചിരുന്നു. ജനാധിപത്യ വാദിയായ സി.ജെ. സത്യത്തിനും നീതിക്കും എതിരായ എല്ലാ പ്രവണതകൾക്കുമെതിരെ പ്രതിഷേധശബ്ദമുയർത്തി.[അവലംബം ആവശ്യമാണ്] കക്ഷിരാഷ്ട്രീയത്തിനതിതമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും സി.ജെക്ക് കഴിഞ്ഞിരുന്നു. സ്വന്തം ചിന്തകൾക്കും നിരീക്ഷണങ്ങൾക്കും നിഗമനങ്ങൾക്കും അതീതമായി മറ്റൊന്നിനേയും അനുസരിക്കുവാൻ തയ്യാറാകാതിരുന്നതുകൊണ്ടുതന്നെ ഏറെ വിമർശനങ്ങൾക്കു വിധേയനായിട്ടുമുണ്ടു്.

നാല്പത്തിരണ്ടാമത്തെ വയസ്സിൽ കഠിനരോഗിയായി വെല്ലൂരിലെത്തിയ തോമസ് 1960 ജൂലൈ 14-ആം തീയതി അന്തരിച്ചു. മസ്തിഷ്കാർബുദമായിരുന്നു രോഗം. ഇദ്ദേഹത്തിന്റെ മരണാനന്തരം ഭാര്യ റോസി തോമസ് ഇവൻ എന്റെ പ്രിയ സി.ജെ. എന്ന പേരിൽ ആത്മകഥാപരമായ ഒരു കൃതി പ്രസിദ്ധീകരിക്കുകയുണ്ടായി. 42 വർഷത്തെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനകാലഘട്ടത്തിൽ നാലുവർഷത്തെ കാമുകിയും ഒമ്പതുവർഷത്തെ ഭാര്യയുമായി താൻ കഴിഞ്ഞുവെന്നാണു് റോസി എഴുതിയതു്.[അവലംബം ആവശ്യമാണ്] സി.ജെ അന്തരിച്ചപ്പോൾ മഹാകവി ജി.ശങ്കരക്കുറുപ്പ് വിലപിച്ചതിങ്ങനെയാണു്: "സാഹിത്യത്തിലെ ധീരവും സ്വതന്ത്രവുമായ ശബ്ദമായിരുന്നു സി.ജെ. തോമസ് .ആ ശബ്ദം അപഥ സഞ്ചാരികളെ നടുക്കിയിട്ടുണ്ട്, വിലക്കിയിട്ടുണ്ട്. അത് നിത്യനിശ്ശബ്ദതയിൽ ലയിച്ചുപോയെന്നറിയുമ്പോൾ ആരാണ് വിഷാദിക്കാതിരിക്കുക."[അവലംബം ആവശ്യമാണ്]

1948 മുതൽക്കാണ് സി.ജെയുടെ കൃതികൾ പ്രസിദ്ധീകൃതമാകുന്നത്.

സ്വന്തം രചനകൾ

തിരുത്തുക
  1. സോഷ്യലിസം (1948 ജൂൺ )
  2. മതവും കമ്യൂണിസവും (1948 ജൂലൈ )
  3. അവൻ വീണ്ടും വരുന്നു (1949 ആഗസ്റ്റ് )
  4. ഉയരുന്ന യവനിക (1950 ഒക്ടോബർ )
  5. വിലയിരുത്തൽ (1951 സെപ്തംബർ)
  6. ഇവനെന്റെ പ്രിയ പുത്രൻ (1953 ഏപ്രിൽ )
  7. 1128-ൽ ക്രൈം 27 (1954 ജനുവരി)
  8. ശലോമി (1954 സെപ്തംബർ)
  9. ആ മനുഷ്യൻ നീ തന്നെ (1955 മെയ്)
  10. ധിക്കാരിയുടെ കാതൽ (1955 മെയ്)
  11. മനുഷ്യന്റെ വളർച്ച (1960 ഏപ്രിൽ)
  12. പിശുക്കന്റെ കല്യാണം (1960 ആഗസ്റ്റ്)
  13. വിഷവൃക്ഷം (1960 ആഗസ്റ്റ്)
  14. സി.ജെ.വിചാരവും വീക്ഷണവും(1985)
  15. അന്വേഷണങ്ങൾ(2004 ജൂലൈ).

വിവർത്തനങ്ങൾ

തിരുത്തുക
  1. ജനുവരി ഒമ്പത് (1952 ജൂൺ)
  2. ആന്റിഗണി(1955 ഫെബ്രുവരി)
  3. നട്ടുച്ചക്കിരുട്ട്(1955 നവംബർ)
  4. ഭൂതം (1956 മെയ്)
  5. രണ്ടു ചൈനയിൽ(1956 ഒക്ടോബർ)
  6. ലിസി സ്ടാറ്റ (1960 ഫെബ്രുവരി)
  7. കീടജന്മം (1960 സെപ്തബർ)

അപൂർണ്ണങ്ങൾ

തിരുത്തുക
  1. ഈഡിപ്പസ്
  2. ഹാംലറ്റ് ( അച്ചടിച്ചിട്ടില്ല)

അപ്രകാശിതം

തിരുത്തുക

കാൽ‍വരിയിലെ കല്പപാദപം -ചലച്ചിത്ര തിരക്കഥ (1949-50-ൽ രചിച്ചതു്)

സി.ജെ. തോമസ്സിനെപ്പറ്റിയുള്ള കൃതികൾ

തിരുത്തുക
  1. ഇവൻ എന്റെ പ്രിയ സി.ജെ. (റോസി തോമസ്, 1970)
  2. സി. ജെ. തോമസ് പ്രിയപ്പെട്ട ധിക്കാരി (ഡോ.കെ. ജോയ് പോൾ, 2003)
  3. മണൽ‍ക്കാറ്റിന്റെ ശബ്ദം (ഡോ.ജോർ‍ജ് ഓണക്കൂർ‍, 2010)
  4. സി.ജെ. എന്ന വിമർശകൻ (ഡോ.എം.എസ്.പോൾ,പാബ്ലോ ബുക്സ്)

സഹോദരങ്ങൾ

തിരുത്തുക

അഞ്ചു് സഹോദരിമാരും ഒരു സഹോദരനുമാണു് അദ്ദേഹത്തിനുണ്ടായിരുന്നതു്. പ്രശസ്ത കവയിത്രി മേരി ജോൺ കൂത്താട്ടുകുളം സി.ജെ. തോമസിന്റെ മൂത്ത സഹോദരിയാണു്. സി.ജെ തോമസ്സിന്റെ ജ്യേഷ്ഠനായിരുന്ന സി.ജെ. ജോസഫ് (1910-1943) സ്വാതന്ത്ര്യസമരസേനാനിയും സ്റ്റേറ്റ് കോൺഗ്രസ് പ്രവർ‍ത്തകനുമായിരുന്നു. വിദ്യാർ‍ത്ഥിയായി സി.എം.എസ്സിൽ പഠിക്കവെ രാഷ്ട്രീയത്തിൽ‍ പ്രവേശിച്ച അദ്ദേഹം 1938-ലെ സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭത്തിൽ‍ പങ്കെടുക്കവെ പോലീസ് മർ‍ദനമേറ്റു് രോഗിയായി. 1943 മാർ‍ച്ച് 24നു് മരിച്ചു.

സി.ജെ – റോസിദമ്പതികളുടെ മൂന്നുമക്കളിൽ മൂത്തയാൾ ബിനോയ്‌ കാനഡ സൺ മാഗസിന്റെ മുൻ എഡിറ്ററാണു്; ഭാര്യ അഡ്വ. ജിൻസി. ബീന എംസണാണു് മക്കളിൽ രണ്ടാമത്തെയാൾ; ഭർ‍ത്താവു് അഡ്വ. എംസൺ കാത്തലിക്‌ സിറിയൻ ബാങ്ക്‌ റിട്ട. ലോ ഓഫിസറായി വിരമിച്ചു. ഇളയമകൻ പോൾ സി തോമസ്‌ സൗത്ത്‌ ഇന്ത്യൻ ബാങ്ക്‌ ഇടപ്പള്ളി ശാഖ അസി. മാനേജരാണു്.

സി.ജെ സ്മാരക പ്രസംഗങ്ങളും, പ്രസംഗസമിതിയും

തിരുത്തുക
 
പ്രഫ. സാറാ ജോസഫ് 2009-ലെ സി ജെ സ്മാരക പ്രസംഗം നടത്തുന്നു. വലത്തുനിന്നു് മൂന്നാമതിരിക്കുന്നതു് പ്രഫ. എം കെ സാനു.

സി.ജെ.യെ ആദരിക്കാൻ സ്നേഹിതർ1961-ൽ രൂപം കൊടുത്ത സാഹിത്യചർച്ചാവേദിയാണു് സി.ജെ. സ്മാരക പ്രസംഗസമിതി. 1961 ൽ സി.ജെ. സ്മാരക പ്രസംഗം ആരംഭിച്ചു. പാസ്സുമൂലമായിരുന്നു പ്രവേശനം. പ്രതിവർഷം തിരഞ്ഞെടുക്കുന്ന വിഷയത്തെക്കുറിച്ചാണ് പ്രസംഗം. സാഹിത്യം മാത്രമല്ല സാഹിത്യേതര വിഷയങ്ങളും ചർച്ചചെയ്യപ്പെടാറുണ്ട്. എങ്കിലും നാടകത്തിനായിരുന്നു മുന്തിയ പരിഗണന.

ഒരു സമയത്തു് കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരിക വേദിയായിരുന്നു സി.ജെ. സ്മാരകസമിതി.[അവലംബം ആവശ്യമാണ്] സാഹിത്യസമ്മേളനങ്ങൾ, ചർച്ചകൾ, സംവാദങ്ങൾ, പുസ്തകപ്രസാധനം എല്ലാം കൊണ്ടും സജീവമായ വേദിയായിരുന്നു ഇതു്.സമ്മേളനങ്ങളിൽ അവതരിക്കപ്പെടുന്ന പ്രബന്ധങ്ങൾ ആദ്യകാലത്തു് പുസ്തകങ്ങളാക്കി പ്രസിദ്ധീകരിച്ചിരുന്നു. നാടകം ഒരു പഠനം, നോവൽ, ശാസ്ത്രയുഗത്തിൽ, ജവഹർലാൽ നെഹ്റു, നാടകക്കളരി, റോമിൽ നിന്നുള്ള കത്തുകൾ എന്നിവയാണു് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ. പല കാരണങ്ങളാൽ അതു തുടരാൻ കഴിഞ്ഞില്ല. ‘നാടകം ഒരു പഠനം’ കേരള യൂണിവേഴ്സിറ്റിയുടെ പാഠപുസ്തകമായിരുന്നു. ‘ജവഹർലാൽ നെഹ്രു’ മധുര യൂണിവേഴ്സിറ്റിയിലും. മറ്റു് ഗ്രന്ഥങ്ങളിലെ പല പ്രബന്ധങ്ങളും ഹൈസ്ക്കൂൾ ക്ളാസുകളിലെ മലയാളം പാഠാവലിയിലും വന്നിട്ടുണ്ട്.[1]

സി.ജെ സ്മാരക പ്രസംഗസമിതിയുടെ ആദ്യകാലത്തെ രക്ഷാധികാരിയായിരുന്ന ഡോ. അബ്രാഹം വടക്കേലിന്റെ പേരിൽ ഏർ‍പ്പെടുത്തിയ അവാർഡ് 1980 മുതൽ കൊടുത്തുതുടങ്ങി. കേരളത്തിലെ ഒട്ടേറെ പ്രമുഖസാഹിത്യകാരൻമാർ ഡോ. അബ്രാഹം വടക്കേൽ അവാർഡ് നേടിയിട്ടുണ്ടു്.

കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തും എറണാകുളം ജില്ലാ പഞ്ചായത്തും മുൻ‍കയ്യെടുത്ത് 2009-ൽ സി.ജെ സ്മാരക മന്ദിരം പണിതീർത്തു. സി.ജെ സ്മാരക പ്രസംഗസമിതിയുടെ ഓഫീസ് ഇവിടെയാണിപ്പോൾ പ്രവർ‍ത്തിക്കുന്നതു്.

പ്രൊഫ. എം.കെ.സാനു, ചെമ്മനം ചാക്കോ, ഡോ.സുകുമാർ അഴീക്കോട്, പെരുമ്പടവം ശ്രീധരൻ, ഡോ.ജോർജ്ജ് ഓണക്കൂർ, സി.എൻ. കുട്ടപ്പൻ, ആർ.എസ്. പൊതുവാൾ എന്നിവരാണു് സി.ജെ സ്മാരക പ്രസംഗസമിതിയുടെ രക്ഷാധികാരികൾ.

ഇതും കാണുക

തിരുത്തുക

മലയാള നാടകവേദി

"https://ml.wikipedia.org/w/index.php?title=സി.ജെ._തോമസ്&oldid=3612193" എന്ന താളിൽനിന്ന് ശേഖരിച്ചത്