സിറ്റോളജി
സീറ്റേസി ഗോത്രത്തിൽ ഉൾപ്പെടുന്ന ഏകദേശം എൺപത് തരം തിമിംഗലങ്ങൾ, ഡോൾഫിനുകൾ, പോർപോയിസ് എന്നിവയെക്കുറിച്ച് പഠിക്കുന്ന സമുദ്ര സസ്തനി ശാസ്ത്രത്തിന്റെ ശാഖയാണ് സിറ്റോളജി. ഇത് വേലോർ അല്ലെങ്കിൽ വേലിയോളജി എന്നും അറിയപ്പെടുന്നു. സിറ്റോളജിസ്റ്റുകൾ, അല്ലെങ്കിൽ സിറ്റോളജി പരിശീലിക്കുന്നവർ, സെറ്റേഷ്യൻ പരിണാമം, വിതരണം, രൂപഘടന, പെരുമാറ്റം, കമ്മ്യൂണിറ്റി ഡൈനാമിക്സ്, മറ്റ് വിഷയങ്ങൾ എന്നിവ മനസ്സിലാക്കാനും വിശദീകരിക്കാനും ശ്രമിക്കുന്നു.
ചരിത്രം
തിരുത്തുകസിറ്റേഷ്യയെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ കുറഞ്ഞത് ക്ലാസിക്കൽ കാലഘട്ടം മുതൽ രേഖപ്പെടുത്തിയിട്ടുണ്ട്. പുരാതന ഗ്രീക്ക് മത്സ്യത്തൊഴിലാളികൾ വർഷങ്ങൾക്ക് ശേഷം അവയെ വേർതിരിച്ചറിയാൻ ഉദ്ദേശിച്ച് വലയിൽ കുടുങ്ങിയ ഡോൾഫിനുകളുടെ ഡോർസൽ ഫിനിൽ കൃത്രിമ നാച്ച് സൃഷ്ടിച്ചിരുന്നു.
ഏകദേശം 2,300 വർഷങ്ങൾക്ക് മുമ്പ്, ഈജിയൻ കടലിൽ മത്സ്യത്തൊഴിലാളികൾക്കൊപ്പം ബോട്ടുകളിൽ യാത്ര ചെയ്യുമ്പോൾ അരിസ്റ്റോട്ടിൽ സെറ്റേഷ്യനുകളെ കുറിച്ച് ശ്രദ്ധാപൂർവം രേഖപ്പെടുത്തി. ഹിസ്റ്റോറിയ ആനിമലിയം (മൃഗങ്ങളുടെ ചരിത്രം) എന്ന തന്റെ പുസ്തകത്തിൽ, ബലീൻ തിമിംഗലങ്ങളെയും പല്ലുള്ള തിമിംഗലങ്ങളെയും വേർതിരിച്ചറിയാൻ അരിസ്റ്റോട്ടിൽ ശ്രദ്ധാലുവായിരുന്നു. എണ്ണത്തിമിംഗലത്തെയും സാധാരണ ഡോൾഫിനിനെയും കുറിച്ച് പഠിച്ച അദ്ദേഹം അവയ്ക്ക് ഇരുപത്തഞ്ചോ മുപ്പതോ വർഷമെങ്കിലും ജീവിക്കാൻ കഴിയുമെന്ന് പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ നേട്ടം അക്കാലത്തു ശ്രദ്ധേയമായിരുന്നു, കാരണം ഇന്നും വികസിത സമുദ്രജീവികളുടെ ആയുസ്സ് കണക്കാക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. അരിസ്റ്റോട്ടിലിന്റെ മരണശേഷം, സെറ്റേഷ്യനുകളെ കുറിച്ച് അദ്ദേഹം നേടിയെടുത്ത അറിവുകളിൽ ഭൂരിഭാഗവും നഷ്ടപ്പെട്ടു എങ്കിലും അത് പിന്നീട് നവോത്ഥാനകാലത്ത് വീണ്ടും കണ്ടെത്താനായി.
സിറ്റേഷ്യനുകളെക്കുറിച്ചുള്ള പല മധ്യകാല ഗ്രന്ഥങ്ങളും പ്രധാനമായും സ്കാൻഡിനേവിയയിൽ നിന്നും ഐസ്‌ലൻഡിൽ നിന്നുമാണ് വന്നത്, മിക്കതും പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് എഴുതുന്നത്. സ്‌പെക്കുലം റീഗേൽ ആണ് കൂടുതൽ അറിയപ്പെടുന്നത്. ഇതിൽ ഐസ്ലാൻഡ് ദ്വീപിന് ചുറ്റും ജീവിച്ചിരുന്ന വിവിധ ഇനങ്ങളെ വിവരിച്ചിരിക്കുന്നു. നായയെപ്പോലെയുള്ള പല്ലുകളുള്ള ഓർക്കുകളെക്കുറിച്ച്, കാട്ടുനായ്ക്കൾ മറ്റ് കരയിലെ മൃഗങ്ങളോട് കാണിക്കുന്ന അതേ തരത്തിലുള്ള ആക്രമണം ഇവ മറ്റ് സെറ്റേഷ്യനുകളോട് കാണിക്കും എന്ന് അതിൽ പരാമർശിക്കുന്നു. ഇപ്പോൾ ഓർക്കാസ് എന്ന് വിളിക്കപ്പെടുന്ന ഓർക്കുകളുടെ വേട്ടയാടൽ സാങ്കേതികത പോലും ഈ വാചകം ചിത്രീകരിച്ചിരിക്കുന്നു. എണ്ണത്തിമിംഗലം, നാർവാൾ എന്നിവയുൾപ്പെടെ മറ്റ് സിറ്റേഷ്യനുകളെയും സ്പെക്യുലം റീഗേൽ വിവരിക്കുന്നു. മനുഷ്യരെ കൊല്ലുന്നവർ, കപ്പലുകൾ നശിപ്പിക്കുന്നവർ എന്നിങ്ങനെയുള്ള വിവരണങ്ങളാൽ ഭയങ്കര ജീവികളായി അവയെ പലപ്പോഴും പരാമർഷിക്കുന്നു. "പന്നി തിമിംഗലം" എന്ന അർഥം വരുന്ന "പിഗ് വേൽ", "കുതിര ത്തിമിംഗലം എന്ന അർഥം വരുന്ന ഹോഴ്സ് വേൽ", "ചുവന്ന തിമിംഗലം" എന്ന അർഥം വരുന്ന "റെഡ് വേൽ" എന്നിങ്ങനെയുള്ള വിചിത്രമായ പേരുകൾ പോലും പരാമർശിക്കുന്നു. എന്നാൽ വിവരിച്ചിരിക്കുന്ന എല്ലാ ജീവജാലങ്ങളും ഉഗ്രമായവയാണെന്ന് അതിൽ പറഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികൾക്ക് ഏറെ സഹായകമാകുന്ന തരത്തിൽ മത്തിയുടെ കൂട്ടങ്ങളെ തീരഭാഗത്തേക്ക് ഓടിക്കുന്ന തിമിംഗലങ്ങൾ പോലെയുള്ള ചിലതിനെ നല്ലവയായി വിവരിക്കുന്നു.
ആദ്യകാല പഠനങ്ങളിൽ പലതും ചത്ത മാതൃകകളെയും കെട്ടുകഥകളെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ശേഖരിച്ച വിവരങ്ങൾ സാധാരണയായി അവയുടെ നീളവും പരുക്കൻ ബാഹ്യ ശരീരഘടനയും ആയിരുന്നു. സിറ്റേഷ്യനുകൾ അവയുടെ ജീവിതകാലം മുഴുവൻ വെള്ളത്തിൽ ജീവിക്കുന്നതിനാൽ, ഈ മൃഗങ്ങളെ കൂടുതൽ പഠിക്കാനുള്ള സാങ്കേതികവിദ്യ ആദ്യകാല ശാസ്ത്രജ്ഞർക്ക് ഉണ്ടായിരുന്നില്ല. 16-ാം നൂറ്റാണ്ടോടെയാണ് കാര്യങ്ങൾ മാറാൻ തുടങ്ങിയത്. ആ കാലത്താണ് മത്സ്യങ്ങളെന്ന് അന്നുവരെ തെറ്റിദ്ധരിച്ചിരുന്ന സിറ്റേഷ്യനുകൾ സസ്തനികളാണെന്ന് തെളിയിക്കപ്പെടുന്നത്.
സിറ്റേഷ്യനുകൾ സസ്തനികളാണെന്ന് അരിസ്റ്റോട്ടിൽ വാദിച്ചു. എന്നാൽ അവ മത്സ്യങ്ങളാണെന്ന് പ്ലിനി ദി എൽഡർ പ്രസ്താവിച്ചു, അത് നിരവധി പ്രകൃതിശാസ്ത്രജ്ഞർ പിന്തുടർന്നു. എന്നിരുന്നാലും, പിയറി ബെലോൺ (1517-1575), ജി. റോണ്ടെലെറ്റ് (1507-1566) എന്നിവർ അവ സസ്തനികളാണെന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത് തുടർന്നു. സസ്തനികളെപ്പോലെ അവയ്ക്ക് ശ്വാസകോശവും ഗർഭാശയവും ഉണ്ടെന്ന് അവർ വാദിച്ചു. 1758-ൽ, സ്വീഡിഷ് സസ്യശാസ്ത്രജ്ഞനായ കാൾ ലിനേയസ് (1707-1778) സിസ്റ്റമ നാച്ചുറേയുടെ പത്താം പതിപ്പ് പ്രസിദ്ധീകരിക്കുന്നതുവരെ, അവയെ സസ്തനികളായി പരിഗണിച്ചിരുന്നില്ല.
പതിറ്റാണ്ടുകൾക്ക് ശേഷം, ഫ്രഞ്ച് ജന്തുശാസ്ത്രജ്ഞനും പാലിയന്റോളജിസ്റ്റുമായ ബാരൺ ജോർജസ് കുവിയർ (1769-1832) അവയെ പിൻകാലുകളില്ലാത്ത സസ്തനികളായി വിശേഷിപ്പിച്ചു. അസ്ഥികൂടങ്ങൾ ശേഖരിച്ച് ആദ്യത്തെ പ്രകൃതി ചരിത്ര മ്യൂസിയങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു. അസ്ഥികൂടങ്ങളും വംശനാശം സംഭവിച്ച മറ്റ് മൃഗങ്ങളുടെ ഫോസിലുകളും സൂക്ഷ്മമായി നിരീക്ഷിച്ചും താരതമ്യം ചെയ്തും, കരയിലെ സസ്തനികളുടെ കുടുംബത്തിൽ നിന്നാണ് സിറ്റേഷ്യനുകൾ വന്നതെന്ന് ജന്തുശാസ്ത്രജ്ഞർ നിഗമനം ചെയ്തു.
പതിനാറാം നൂറ്റാണ്ടിനും ഇരുപതാം നൂറ്റാണ്ടിനും ഇടയിൽ, സിറ്റേഷ്യനുകളെക്കുറിച്ചുള്ള നമ്മുടെ വിവരങ്ങളിൽ ഭൂരിഭാഗവും തിമിംഗലങ്ങളിൽ നിന്നാണ് ലഭിച്ചത്. പക്ഷേ പെരുമാറ്റത്തെക്കുറിച്ചുള്ള വളരെ കുറച്ച് വിവരങ്ങൾ മാറ്റിനിരത്തിയാൽ അവയുടെ വിവരങ്ങൾ പ്രധാനമായും അവയുടെ മൈഗ്രേഷൻ റൂട്ടുകളെയും ബാഹ്യ ശരീരഘടനയെയും കുറിച്ചുള്ളതായിരുന്നു. 1960 കളിൽ ആളുകൾ സീറ്റേഷ്യനുകളെ തീവ്രമായി പഠിക്കാൻ തുടങ്ങി, പലപ്പോഴും സമർപ്പിത ഗവേഷണ സ്ഥാപനങ്ങളിൽ. 1986-ൽ സ്ഥാപിതമായ ടെതിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിലാൻ, മെഡിറ്ററേനിയൻ കടലിന്റെ വിപുലമായ സിറ്റോളജി ഡാറ്റാബേസ് സമാഹരിച്ചു. വന്യജീവികളെക്കുറിച്ചുള്ള ആശങ്കയും ഓർക്കാ പോലുള്ള വലിയ മൃഗങ്ങളെ പിടികൂടുന്നതും മറൈൻ പാർക്കുകളിലെ ഡോൾഫിൻ പ്രദർശനങ്ങൾ ജനപ്രീതി നേടിയതും ഇതിന് കാരണമായി.
സിറ്റേഷ്യനുകളെക്കുറിച്ചുള്ള പഠനം
തിരുത്തുകസിറ്റേഷ്യനുകളെക്കുറിച്ചുള്ള പഠനം നിരവധി വെല്ലുവിളികൾ ഉള്ളതാണ്. സിറ്റേഷ്യൻസ് അവയുടെ ജീവിത സമയത്തിന്റെ 10% മാത്രമേ ഉപരിതലത്തിൽ ചെലവഴിക്കുന്നുള്ളൂ, ഉപരിതലത്തിൽ അവ ചെയ്യുന്നത് ശ്വസിക്കുക മാത്രമാണ്. അതിനാൽ തന്നെ ഒരു പ്രദേശത്ത് ഇവ ഉണ്ടായിരുന്നതിന്റെ അടയാളങ്ങൾ കണ്ടെത്താൻ കഴിയില്ല. എന്നിരുന്നാലും, തിമിംഗലങ്ങളുടെ മലം പലപ്പോഴും പൊങ്ങിക്കിടക്കുന്നു, അവയുടെ ഭക്ഷണത്തെക്കുറിച്ചും പരിസ്ഥിതിയിൽ അവയ്ക്കുള്ള പങ്കിനെക്കുറിച്ചുമുള്ള പ്രധാന വിവരങ്ങൾ നല്കാൻ ഇത് ശേഖരിക്കാറുണ്ട്.[1]
സിറ്റോളജിസ്റ്റുകൾ ഹൈഡ്രോഫോണുകൾ (ആശയവിനിമയം നടത്തുന്ന മൃഗങ്ങളുടെ കോളുകൾ കേൾക്കാൻ), ബൈനോക്കുലറുകൾ, ഒപ്റ്റിക്കൽ ഉപകരണങ്ങൾ (ചക്രവാളം സ്കാൻ ചെയ്യുന്നതിനായി), ക്യാമറകൾ എന്നിവ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നു.
കരയിൽ അടിയുന്ന ചത്ത ജീവികളുടെ ശരീര പരിശോധനയാണ് സിറ്റേഷ്യനുകളെ പഠിക്കുന്നതിനുള്ള ഒരു ബദൽ രീതി. ശരിയായി ശേഖരിക്കുകയും സംഭരിക്കുകയും ചെയ്താൽ, ഈ ശവശരീരങ്ങൾക്ക് ഫീൽഡ് പഠനങ്ങളിൽ ലഭിക്കാൻ പ്രയാസമുള്ള പ്രധാനപ്പെട്ട വിവരങ്ങൾ നൽകാൻ കഴിയും.[2]
തിരിച്ചറിയൽ
തിരുത്തുകസമീപ ദശകങ്ങളിൽ, സിറ്റേഷ്യനുകളെ ഒറ്റയ്ക്കൊറ്റക്ക് തിരിച്ചറിയുന്നതിനുള്ള രീതികൾ വന്നതോടെ അവയുടെ കൃത്യമായ ജനസംഖ്യയും വിവിധ ജീവിവർഗങ്ങളുടെ ജീവിത ചക്രങ്ങളെക്കുറിച്ചും സാമൂഹിക ഘടനകളെക്കുറിച്ചും ഉള്ള ഉൾക്കാഴ്ചകൾ പ്രാപ്തമാക്കിയിട്ടുണ്ട്.
അത്തരത്തിലുള്ള ഒരു വിജയകരമായ സംവിധാനം ഫോട്ടോ തിരിച്ചറിയുന്ന ഫോട്ടോ ഐഡന്റിഫിക്കേഷൻ രീതിയാണ്. ആധുനിക ഓർക്കാ (കൊലയാളി തിമിംഗലം) ഗവേഷണത്തിലെ പ്രഗത്ഭൻ ആയ മൈക്കൽ ബിഗ് ആണ് ഈ സംവിധാനം ജനകീയമാക്കിയത്. 1970-കളുടെ മധ്യത്തിൽ, ബിഗ്ഗും ഗ്രെയിം എല്ലിസും ബ്രിട്ടീഷ് കൊളംബിയൻ കടലിലെ പ്രാദേശിക ഓർക്കാസിന്റെ ഫോട്ടോ എടുത്തു. ഫോട്ടോകൾ പരിശോധിച്ച ശേഷം, ഡോർസൽ ഫിനിന്റെ ആകൃതിയും അവസ്ഥയും കൂടാതെ സാഡിൽ പാച്ചിന്റെ ആകൃതിയും നോക്കി ചില തിമിംഗലങ്ങളെ വ്യക്തിഗതമായി തിരിച്ചറിയാൻ കഴിയുമെന്ന് അവർ മനസ്സിലാക്കി. ഇവ മനുഷ്യന്റെ വിരലടയാളം പോലെ അദ്വിതീയമാണ്. ഒറെണ്ണത്തിന്റെ രൂപം മറ്റൊന്നിന്റേതു പോലെയല്ല. ചിലവയെ തിരിച്ചറിഞ്ഞ ശേഷം, അവ പോഡ്‌സ് എന്ന സ്ഥിരതയുള്ള ഗ്രൂപ്പുകളായി സഞ്ചരിക്കുന്നതായി അവർ കണ്ടെത്തി. നിർദ്ദിഷ്ട ജീവികളെയും പോഡുകളെയും തിരിച്ചറിയാൻ ഗവേഷകർ ഫോട്ടോ ഐഡന്റിഫിക്കേഷൻ ഉപയോഗിക്കുന്നു.
കൂനൻ തിമിംഗല പഠനത്തിലും ഫോട്ടോഗ്രാഫിക് സംവിധാനം നന്നായി ഉപയോഗിക്കപ്പെടുന്നുണ്ട്. അവയെ വ്യക്തിഗതമായി തിരിച്ചറിയാൻ ഗവേഷകർ പെക്റ്ററൽ ഫിനുകളുടെ നിറവും ഫ്ലൂക്കിന്റെ നിറവും പാടുകളും ഉപയോഗിക്കുന്നു. അവയുടെ ഫ്ലക്കുകളിൽ കാണപ്പെടുന്ന ഓർക്കാ ആക്രമണങ്ങളിൽ നിന്നുള്ള പാടുകളും തിരിച്ചറിയലിൽ ഉപയോഗിക്കുന്നു.
No branch of zoology is so much involved as that which is entitled Cetology.
— William Scoresby (as quoted in Moby-Dick)
അനുബന്ധ ജേണലുകൾ
തിരുത്തുകഇതും കാണുക
തിരുത്തുക- വർഗ്ഗം:സിറ്റോളജിസ്റ്റുകൾ
- മൊബി-ഡിക്കിന്റെ സിറ്റോളജി
കുറിപ്പുകൾ
തിരുത്തുക- ↑ Lavery, T.J. et al. 2010. Iron defecation by sperm whales stimulates carbon export in the Southern Ocean. Proceedings of the Royal Society of London B. 277: 3527-3531
- ↑ Lavery, T.J., Butterfield, N., Kemper, C.M., Reid, R.J., Sanderson, K: (2008). Metals and selenium in the liver and bone of three dolphin species from South Australia. Science of the Total Environment 390(1): 77–85
അവലംബം
തിരുത്തുക- Whales: Giants of the Sea, 2000
- Transients: Mammal-Hunting Killer Whales, by John K.B. Ford and Graeme M. Ellis, 1999