ദ സ്റ്റോറി ഓഫ് സിവിലിസേഷൻ

(സംസ്കാരത്തിന്റെ കഥ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ചരിത്രകാരനും ചിന്തകനുമായ വിൽ ഡുറാന്റ് എഴുതിയ വിശ്വനാഗരികതയുടെ ബൃഹദ് ചരിത്രമാണ്‌ ദ സ്റ്റോറി ഓഫ് സിവിലിസേഷൻ (The Story of Civilization) അഥവാ സംസ്കാരത്തിന്റെ കഥ. പതിനൊന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ച ഈ പരമ്പരയുടെ അവസാനത്തെ അഞ്ചു വാല്യങ്ങൾ ഡുറാന്റ്, തന്റെ പത്നി ഏരിയൽ ഡുറാന്റിന്റെ പങ്കാളിത്തത്തോടെ എഴുതിയതാണ്‌.

"ദ സ്റ്റോറി ഓഫ് സിവിലിസേഷൻ" പത്താം വാല്യത്തിന്റെ വിൽ, ഏരിയൽ ഡുറാന്റുമാരുടെ ചിത്രത്തോടു കൂടിയ പിൻപുറംചട്ട

താൻ നേരത്തേ ജോലിചെയ്തിരുന്ന ന്യൂയോർക്ക് ഈവനിങ്ങ് ജേർണലിന്റെ പത്രാധിപരായിരുന്ന ആർതർ ബ്രിസ്ബേന്റെ നിർദ്ദേശമനുസരിച്ച്, ഇംഗ്ലീഷ് ചരിത്രകാരനായ ഹെന്റി തോമസ് ബക്കിളിന്റെ(1821-1862) "സംസ്കാരത്തിന്റെ ചരിത്രത്തിന് ഒരാമുഖം" എന്ന പുസ്തകം ഡുറാന്റ് വായിച്ചിരുന്നു. മനുഷ്യന്റെ ഭൂതകാലത്തെ തത്ത്വചിന്താപരമായി നോക്കിക്കാണാൻ ആഗ്രഹിച്ച ഡുറാന്റിന് ആ പുസ്തകം ഇഷ്ടപ്പെട്ടു. മനുഷ്യ സംസ്കാരത്തിന്റെ ചരിത്രത്തെ തുടക്കം മുതൽ പത്തൊൻപതാം നൂറ്റാണ്ടുവരെ പിന്തുടരുന്ന ഒരു ഗ്രന്ഥപരമ്പര എഴുതാൻ പദ്ധതിയിട്ട ബക്കിൾ ആമുഖവാല്യം എഴുതിക്കഴിഞ്ഞ് അകാലത്തിൽ മരിച്ചു എന്ന അറിവ് ഡുറാന്റിന്റെ സ്പർശിച്ചു. ബക്കിൾ ഉദ്ദേശിച്ചതരം ഒരു ഗ്രന്ഥം എഴുതാൻ ആഗ്രഹിച്ച ഡുറാന്റ് അതിന് തയ്യാറെടുക്കാനും ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനും തുടങ്ങി. വിൽ ഡുറാന്റ് നേരത്തെ എഴുതിയ "തത്ത്വചിന്തയുടെ കഥ" എന്ന പ്രഖ്യാതഗ്രന്ഥത്തിന്റെ വൻ വിജയമാണ്‌, ഈ ബൃഹദ്‌സം‌രംഭത്തിൽ അല്ലലില്ലാതെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സാമ്പത്തിക ഭദ്രത ഡുറാന്റുമാക്ക് നൽകിയത്.

ആദ്യവാല്യങ്ങൾ

തിരുത്തുക

നമ്മുടെ പൗരസ്ത്യപൈതൃകം

തിരുത്തുക
 
"ദ സ്റ്റോറി ഓഫ് സിവിലിസേഷൻ"-ന്റെ "നമ്മുടെ പൗരസ്ത്യപൗതൃകം" എന്ന ഒന്നാം വാല്യത്തിന്റെ ടൈറ്റിൽ പുറം

മനുഷ്യവ്യക്തികളുടെ ധാരണാശേഷിയും വീക്ഷണഗതികളും വികസിപ്പിച്ച്, സഹജീവികളുടെ മാനുഷികമായ ബലഹീനതകളും അബദ്ധങ്ങളും പൊറുക്കാൻ അവരെ പ്രാപ്തരാക്കാനാണ് ഡുറാന്റ് ആഗ്രഹിച്ചത്. "ഗ്രീസിന്റെ കഥയിൽ ആരംഭിച്ച്, ഏഷ്യയെ ഒരുവരിയിൽ ഒതുക്കി സമാപിക്കുന്ന പരമ്പരാഗത ചരിത്രരചനയിലെ പ്രാദേശികത, വീക്ഷണഗതിയുടേയും ധിഷണയുടേയും മാരകമായ വൈകല്യം വ്യക്തമാക്കുന്നുവെന്നു" കരുതിയ അദ്ദേഹം,[1] യൂറോകേന്ദ്രീകൃതവാദം (Eurocentrism) എന്ന് പിന്നീട് അറിയപ്പെട്ട നിലപാടിൽ പ്രതിഫലിച്ച അലസമായ താൻപോരിമയിൽ നിന്ന് സംസ്കാരത്തിന്റെ കഥ മുക്തമായിരിക്കണമെന്ന് ആഗ്രഹിച്ചു. ആ പരമ്പരയുടെ ആദ്യവാല്യം പൗരസ്ത്യസംസ്കൃതികളുടെ ഒരു ബൃഹദ്പഠനമായിരുന്നു. "നമ്മുടെ പൗരസ്ത്യപൈതൃകം" (Our Oriental Heritage) എന്ന് പേരിട്ട ആ വാല്യത്തിൽ അദ്ദേഹം, യൂറോപ്പ് ഏഷ്യൻ ഭൂഖണ്ഡത്തിന്റെ കേവലം ഒരു മുനമ്പ് മാത്രമാണെന്ന് ചൂണ്ടിക്കാട്ടി. പൗരസ്ത്യസംസ്കൃതികളെ തുടക്കം മുതൽ ഗാന്ധിയുടേയും ചിയാങ്ങ്‌ കൈഷേക്കിന്റേയും കാലം വരെ പിന്തുടർന്ന ആ വാല്യം എഴുതിത്തീർക്കാൻ അറു വർഷമെടുത്തു. മെസൊപ്പൊട്ടേമിയ, ബാബിലോൺ, ചൈന, പേർഷ്യ, ഇന്ത്യ എന്നിവിടങ്ങളിലെ സംസ്കാരങ്ങളാണ്‌ ഈ വാല്യത്തിൽ വിവരിച്ചിരിക്കുന്നത്[2].


"സംസ്കാരത്തിന്റെ കഥ" എന്ന ഗ്രന്ഥനാമത്തിലെ 'കഥ' എന്ന വാക്കുകൊണ്ട് ഡുറാന്റ് ഉദ്ദേശിച്ചത് തന്റെ ഗ്രന്ഥം സ്കൂൾ വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ള ഏതൊരാൾക്കും വായിച്ചു മനസ്സിലാക്കാവുന്നതാണെന്നാണ്. എന്നാൽ വായന രസകരവും എളുപ്പവുമാക്കിയത് ഗുണമേന്മയിലുള്ള നിഷ്കർഷ വിടാതെയാണ്. ആദ്യവാല്യമായ "നമ്മുടെ പൗരസ്ത്യപൈതൃകം" എഴുതുന്നതിനുമാത്രമായി ഡുറാന്റ് രണ്ടുവട്ടം ലോകം ചുറ്റിക്കറങ്ങി. അഗാധമായ പാണ്ഡിത്യവും, വിശദവിവരങ്ങളിലുള്ള ഊന്നലും, തത്ത്വചിന്താപരമായ സമീപനവുമെല്ലാം ഓരോ വാല്യത്തേയും അനുഗ്രഹിച്ചിരുന്നു. ഫലിതം കലർന്ന തത്ത്വചിന്ത പലയിടത്തും കാണാം. മനുഷ്യചരിത്രത്തിന്റെ ആദിമദശയിലെ ദാരുണമായ ജീവിതസാഹചര്യങ്ങളിൽ ആത്മഹത്യ സാധാരണമായിരുന്നുവെന്ന് പറഞ്ഞതിനുശേഷമുള്ള ഈ നിരീക്ഷണം ഉദാഹരണമാണ്:-

പ്രാചീനസംസ്കാരങ്ങളിൽ പൗരോഹിത്യം നിർവഹിച്ചിരുന്ന പങ്കിനെക്കുറിച്ച് ഡുറാന്റിന്റെ നിരീക്ഷണം ഇതാണ്:-

ഗ്രീസിന്റെ ജീവിതം

തിരുത്തുക
 
ഗ്രീസിന്റെ ജീവിതം എന്നു പേരിട്ട രണ്ടാം വാല്യം

പരമ്പരയിലെ രണ്ടാം വാല്യമായ "ഗ്രീസിന്റെ ജീവിതം", ഗ്രീക്ക് സംസ്കാരത്തിന്റെ കഥയാണ് പറഞ്ഞത്. ഗ്രീക്ക് രാഷ്ട്രതന്ത്രം, വ്യവസായം, ആചാരമര്യാദകൾ, സന്മാർഗശാസ്ത്രം, മതം, തത്ത്വചിന്ത, ശാസ്ത്രം, സാഹിത്യം, കല എന്നിവയുടെ ആദിമകാലം മുതൽ റോമൻ അധിനിവേശം വരെയുള്ള ചരിത്രമായിരുന്നു അത്. 1939-ൽ വെളിച്ചം കണ്ട ആ വാല്യത്തിൽ ഡുറാന്റ്, ആധുനികവും പൗരാണികവുമായ സംസ്കാരങ്ങൾ നേരിടുന്ന പ്രശ്നങ്ങളിലെ സമാനതകൾ എടുത്തുപറഞ്ഞു. ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കയിൽ റുസ്വെൽറ്റിനും, പുരാതന ഗ്രീസിൽ പെരിക്കിൾസിനും ഒരേതരം പ്രശ്നങ്ങളെയാണ് അഭിമുഖീകരിക്കേണ്ടിവന്നത്. ദാരിദ്ര്യം മൂലം സർക്കാർ സഹായം(Doles) വാങ്ങി ജീവിക്കേണ്ടി വന്ന മനുഷ്യർ, അത്തരം സഹായപദ്ധതികളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ, നികുതിപിരിവ്, നികുതിവെട്ടിപ്പ്, മതവും ശാസ്ത്രവുമായുള്ള പിണക്കങ്ങൾ എന്നിവയെല്ലാം, രണ്ടു സംസ്കാരങ്ങളിലുമുണ്ടായിരുന്നു. തീക്ഷ്ണമായ നിരീക്ഷണങ്ങളും ഓർമ്മയിൽ നിൽക്കുന്ന ആപ്തവാക്യങ്ങളും കൊണ്ട് സമൃദ്ധമാണ് ഈ വാല്യം. "മക്കളുടെ വിനോദങ്ങൾ പിതാക്കന്മാരുടെ പാപങ്ങളോളം പഴക്കമുള്ളവയാണ്" എന്നെഴുതിയ ഡുറാന്റ്, രാഷ്ട്രങ്ങളുടെ ഉത്ഭവത്തേയും പതനത്തേയും സംബന്ധിച്ച് ഈ ഗ്രന്ഥത്തിൽ പറയുന്നത്, "രാഷ്ട്രങ്ങൾ സം‌യമചിന്തയിൽ ജനിക്കുകയും, ഭോഗഹർഷത്തിൽ മരിക്കുകയും ചെയ്യുന്നു" (A nation is born stoic and dies epicurean.) എന്നാണ്.

സീസറും ക്രിസ്തുവും

തിരുത്തുക

പരമ്പരയിലെ 1944-ൽ പ്രസിദ്ധീകരിച്ച മൂന്നാം വാല്യത്തിന് "സീസറും ക്രിസ്തുവും" എന്നാണ് പേരിട്ടത്. ചരിത്രത്തിലെ മഹാസം‌രംഭങ്ങളിലൊന്നായ റോമാ സാമ്രാജ്യത്തിന്റേയും അതിന്റെ പിന്നാമ്പുറങ്ങളിലൊന്നിൽ പാർശ്വവൽകൃത മുന്നേറ്റമായി തുടങ്ങിയ ക്രിസ്തുമതം ക്രമേണ അതിനെ ഗ്രസിച്ച് കീഴടക്കി അതിജീവിക്കുന്നതിന്റേയും കഥയാണ് ഈ വാല്യം പറഞ്ഞത്. ഒരു കവലപ്പട്ടണമെന്ന നിലയിൽ നിന്ന് ലോകമേധാവിത്വത്തിലേയ്ക്കു വളർന്ന റോം കിഴക്കു ക്രൈമിയ മുതൽ പടിഞ്ഞാറ് ജിബ്രാൾട്ടർ വരേയും, തെക്ക് യൂഫ്രട്ടീസ് നദി മുതൽ വടക്ക് ഇന്നത്തെ ഉത്തര ഇംഗ്ലണ്ടിലെ ഹാഡ്രിയന്റെ ഭിത്തി വരേയും ശാന്തിയുടെ രണ്ടു നൂറ്റാണ്ടുകൾ പുലർത്തിയതും, പശ്ചിമ യൂറോപ്പിലും മദ്ധ്യധരണി പ്രദേശങ്ങളിലും പൗരാണിക സംസ്കാരം പരത്തിയതും, ചുറ്റുപാടുമുള്ള കാടത്തത്തിൽ നിന്ന് സ്വയം രക്ഷിക്കാനുള്ള സാമ്രാജ്യത്തിന്റെ ശ്രമങ്ങളും അതിന്റെ മെല്ലെയുള്ള ചുരുക്കവും അവസാനത്തെ വിനാശകരമായ പതനവും ഈ ആഖ്യാനത്തിൽ വിവരിക്കപ്പെടുന്നു. യെരുശലേമിലെ അരമനയിൽ പീലാത്തോസിനു മുൻപിൽ സാമ്രാജ്യത്തോടു മുഖാമുഖം നിന്ന ക്രിസ്തുവിന്റെ പേരിൽ ഉത്ഭവിച്ച മതം, വേട്ടയാടപ്പെടുന്ന ആൾക്കൂട്ടമെന്ന അവസ്ഥയിൽ നിന്ന് സമയത്തിന്റേയും ക്ഷമയുടേയും ബലത്തിൽ വളർന്ന്, ആദ്യം സാമ്രാജ്യത്തിന്റെ സൗഹൃദവും പിന്നെ അതിനുമേൽ യജമാനത്ത്വവും കൈവരിച്ച് ഒടുവിൽ അതിന്റെ പിന്തുടർച്ചാവകാശിയാകുന്ന കഥയും ഇതോടൊപ്പം വായിക്കാം.[5]

ഡുറാന്റിന്റെ ശൈലിയും സമീപനരീതിയും ഈ വാല്യത്തിലും പ്രകടമാണ്. റോമൻ ചിന്തകനായ സെനെക്കയെക്കുറിച്ചുള്ള ഒരു നിരീക്ഷണം ഇങ്ങനെയാണ്:-

വിശ്വാസത്തിന്റെ യുഗം

തിരുത്തുക

"വിശ്വാസത്തിന്റെ യുഗം" (The Age of Faith) എന്നു പേരിട്ട നാലാം ഭാഗം 1950-ലാണിറങ്ങിയത്. പരമ്പരയിലെ ഏറ്റവും വലിയ വാല്യങ്ങളിലൊന്നായിരുന്ന അത്,[ക] റോമാ സാമ്രാട്ടായിരുന്ന കോൺസ്റ്റന്റൈനിൽ തുടങ്ങി ഇറ്റലിയൻ കവി ഡാന്റെയിൽ അവസാനിക്കുന്ന ആയിരം വർഷക്കാലത്തെ യഹൂദ, പാശ്ചാത്യ ക്രിസ്തീയ, ബൈസാന്തിയ, ഇസ്ലാമിക സംസ്കാരങ്ങളുടെ കഥയാണ് പറഞ്ഞത്. [7] ബൈസാന്തിയ, ഇസ്ലാമിക, യഹൂദ, പശ്ചിമയൂറോപ്യൻ സംസ്കാരങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ, നീതിപാലന, സൈനിക, സാന്മാർഗ്ഗിക, സാമൂഹ്യ, ധാർമ്മിക, ശാസ്ത്രീയ, വൈദ്യവിജ്ഞാനീയ, ദാർശനിക, സാഹിത്യ, കലാ ചരിത്രങ്ങൾ ഈ വാല്യം വിസ്തരിക്കുന്നു. ഈ നാലു സംസ്കാരങ്ങളുടെ മുഖാമുഖവും ഏറ്റുമുട്ടലുമായ കുരിശുയുദ്ധങ്ങളുടെ കഥയും ഈ വാല്യത്തിനു വിഷയമാകുന്നു.[8]

നവോത്ഥാനം

തിരുത്തുക
 
"സംസ്കാരത്തിന്റെ കഥ"-യിൽ ഇറ്റാലിയൻ നവോത്ഥാനത്തിന്റെ ചരിത്രം വിവരിക്കുന്ന അഞ്ചാം വാല്യം

ഈ പരമ്പരയിലെ അഞ്ചാം വാല്യം നവോത്ഥാനകാലത്തെ ഇറ്റലിയുടെ ചരിത്രമാണ്‌. ക്രിസ്ത്വബ്ദം 1304 മുതൽ 1576 വരെയുള്ള കാലഘട്ടമാണ്‌ അതിൽ പരിഗണിക്കപ്പെട്ടത്. ഇറ്റാലിയൻ നവോത്ഥാനത്തിന്റെ തുടക്കക്കാരനായ കവി പെട്രാർക്കിന്റെ ജനനത്തേയും നവോത്ഥാനകലയിലെ അത്ഭുതപ്രതിഭകളിലൊരാളായിരുന്ന റ്റിഷന്റെ(Titian) മരണത്തേയും ആണ്‌ ഈ കാലസന്ധികൾ സൂചിപ്പിച്ചത്. ഈ വാല്യത്തിന്റെ സമാപനഭാഗത്ത് മൈക്കെലാഞ്ചലോയുടെ കലാജീവിതത്തെ ഉപസംഹരിക്കുമ്പോൾ ഡുറാന്റ് ഇങ്ങനെ നിരീക്ഷിക്കുന്നു:-

മതനവീകരണം

തിരുത്തുക

ആറാം വാല്യം പാശ്ചാത്യക്രിസ്തീയതയിൽ കോളിളക്കമുണ്ടാക്കിയ "മതനവീകരണത്തിന്റെ" ചരിത്രമാണ്‌. മതനവീകരണത്തെ വിഷയമാക്കി എഴുതുമ്പോൾ ചരിത്രകാരന്റെ നിഷ്പക്ഷത വായനക്കാരെ ബോദ്ധ്യപ്പെടുത്തുന്നതിലെ ബുദ്ധിമുട്ട് അറിഞ്ഞ ഡുറാന്റ് ഇങ്ങനെ എഴുതി:-

ഏരിയലുമായി സഹകരിച്ച്

തിരുത്തുക

സംസ്കാരത്തിന്റെ കഥയുടെ നിർമ്മിതിയിൽ തുടക്കം മുതൽ തന്നെ ഡുറാന്റിന്റെ പത്നി ഏരിയലും പങ്കാളിയായിരുന്നു. മുന്നോട്ടുള്ള വാല്യങ്ങളിൽ അവരുടെ സംഭാവന ഏറി വന്നു. പരമ്പരയിൽ ഏഴാമത്തേതായിരുന്ന "യുക്തിയുഗത്തിന്റെ തുടക്കം" മുതലുള്ള വാല്യങ്ങൾ വിൽ, ഏരിയൽ ഡുറാന്റുമാർ ഇരുവരുടേയും പേരിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

യുക്തിയുഗത്തിന്റെ തുടക്കം

തിരുത്തുക

1558 മുതൽ 1642 വരെയുള്ള ചരിത്രം പരിഗണിച്ച ഈ വാല്യം 1961-ലാണ് വെളിച്ചം കണ്ടത്. ഇംഗ്ലണ്ടിലെ ഒന്നാം എലിസബത്തു രാജ്ഞി മുതൽ ഇറ്റാലിയൻ ശാസ്ത്രജ്ഞനായ ഗലീലിയോ വരെയുള്ളുവരുടെ കാലത്തെ കഥയായിരുന്നു ഈ വാല്യത്തിനു വിഷയം. ഇത് ഷേക്സ്പിയറുടേയും, ബേക്കന്റേയും, മൊണ്ടേയ്ൻ‌റ്റേയും, റെംബ്രാൻഡിന്റേയും, ദെക്കാർത്തിന്റേയും കാലത്തെ യൂറോപ്യൻ സംസ്കാരത്തിന്റെ കഥയാണ്‌.

പരമ്പരയിലെ അവസാനവാല്യമെന്ന നിലയിലാണ്‌ ഡുറാന്റ് ഇത് തുടങ്ങിയത്. ഒന്നാം എലിസബത്തു രാജ്ഞിയുടെ സ്ഥാനാരോഹണം മുതൽ ഫ്രഞ്ചു വിപ്ലവത്തിന്റെ തുടക്കം വരെയുള്ള ചരിത്രമായാണ്‌ അദ്ദേഹം ഇതിനെ അപ്പോൾ സങ്കല്പിച്ചത്. എന്നാൽ കഥ നമ്മുടെ കാലഘട്ടത്തോടും താത്പര്യങ്ങളോടും അടുത്തു വന്നപ്പോൾ, കൂടുതൽ വിശദമായ പരിഗണന ആവശ്യമായി വന്നതിനാൽ കൂടുതൽ വാല്യങ്ങൾ വേണ്ടി വരുകയാണുണ്ടായതെന്ന ഗന്ഥകർത്താക്കൾ "വായനക്കാരനെ" ഉദ്ദേശിച്ചുള്ള മുഖവുരയിൽ പറയുന്നു. ആദ്യം ഇതിന്‌ "യുക്തിയുഗം" എന്നായിരുന്നു പേരിട്ടിരുന്നത്. യുക്തിയുഗത്തിന്റെ പരിധിയിൽ വരുന്ന കാലഘട്ടത്തിന്‌ ഒന്നിലേറെ വാല്യങ്ങൾ വേണ്ടി വന്നതിനാൽ പിന്നീട് ഈ വാല്യത്തിന്റെ പേര്‌ "യുക്തിയുഗത്തിന്റെ തുടക്കം" എന്നാക്കി.[11]

ലൂയി പതിനാലാമന്റെ കാലം

തിരുത്തുക

1963-ൽ പ്രസിദ്ധീകരിച്ച അടുത്ത വാല്യം, യൂറോപ്യൻ ചരിത്രത്തിലെ അതിപ്രധാന സംഭവമായ വെസ്റ്റ്ഫാലിയ ഉടമ്പടിയുടെ വർഷമായ 1648-ൽ അഞ്ചാമത്തെ വയസ്സിൽ സിംഹാസനാരോഹണം ചെയ്ത്, 1715 വരെയുള്ള 67 വർഷക്കാലം ഭരിച്ച ഫ്രാൻസിലെ ലൂയി പതിനാലാമന്റെ കാലത്തിന്റെ പഠനമായിരുന്നു. പാസ്കൽ, മോളിയേർ, ക്രോംവെൽ, മിൽട്ടൺ, ന്യൂട്ടൻ, സ്പിനോസ, റഷ്യയിലെ പീറ്റർ ചക്രവർത്തി തുടങ്ങിയ അതികായന്മാരുടെ കാലത്തെ യൂറോപ്യൻ സംസ്കാരത്തിന്റെ ചിത്രം അത് വർച്ചുകാട്ടി. വിശ്വാസവും യുക്തിയും തമ്മിലുള്ള സം‌വാദം ഈ വാല്യത്തിൽ നിറഞ്ഞു നിൽക്കുന്ന വിഷയമാണ്‌. യുക്തിയുടെ വക്താക്കളായ തൊമസ് ഹോബ്ബ്സ്, ജോൺ ലോക്ക്, ന്യൂട്ടൻ, സ്പിനോസ എന്നിവർ ഇതിൽ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്നു. അതേസമയം വിശ്വാസത്തിന്റെ പ്രതിനിധികളായ പാസ്കൽ, ബോസ്യൂട്ട്, ഫെനെലോൺ, ബെർക്ക്ലി, ലീബ്നീസ് തുടങ്ങിയവരുടെ നിലപാടുകൾക്ക് നൽകിയിട്ടുള്ള പ്രാധാന്യം അതിനെ സന്തുലിതമാക്കുന്നു.

വോൾട്ടയറുടെ യുഗം

തിരുത്തുക

ഈ വാല്യം 1965-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 1715 മുതൽ 1756 വരെയുള്ള പശ്ചിമയൂറോപ്പിന്റെ ചരിത്രം ഇതിൽ പരിഗണിക്കപ്പെട്ടു. സുദീർഘമായ വാഴ്ചക്കുശേഷമുണ്ടായ ലൂയി പതിനാലാമന്റെ മരണം മുതൽ, മുഖ്യയൂറോപ്യൻ രാഷ്ട്രശക്തികൾ തമ്മിൽ നടന്ന പ്രസിദ്ധമായ സപ്തവത്സരയുദ്ധത്തിന്റെ തുടക്കം വരെയുള്ള കാലമായിരുന്നു അത്. മതവും തത്ത്വചിന്തയുമായുള്ള സംഘർഷത്തിൽ ഇത് പ്രത്യേകം ഊന്നൽ കൊടുക്കുന്നു. ഈ വാല്യത്തിന്റെ പേരിൽ വോൾട്ടയർ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും, ഇത് വോൾട്ടയറുടെ ജീവചരിത്രമല്ലെന്നു ഗ്രന്ഥകർത്താക്കൾ തുടക്കത്തിൽ കൊടുത്തിരിക്കുന്ന "അപ്പോളജി"-യിൽ എടുത്തു പറയുന്നു. അതേസമയം വോൾട്ടയറെ, ലൂയി പതിനാലാമന്റെ മരണം മുതൽ ബസ്റ്റീലിന്റെ പതനം വരെയുള്ള കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയും ആ കാലഘട്ടത്തിന്റെ മാതൃകയും ആയി കണക്കാക്കിയാണ്‌ ഇതിന്റെ രചന. വോൾട്ടയറുടെ സംഘർഷഭരിതമായ ജീവിതവും അതിലെ അലഞ്ഞുതിരിയലുകളും ഈ വാല്യത്തിനു വിഷയമായ കാലഘട്ടത്തിൽ ദേശങ്ങളേയും തലമുറകളേയും പരസ്പരം ബന്ധിപ്പിക്കുന്നു.

റുസ്സോയും വിപ്ലവവും

തിരുത്തുക
 
"റുസ്സോയും വിപ്ലവവും" എന്നു പേരിട്ട പത്താം വാല്യം

ഫ്രഞ്ച് വിപ്ലവത്തിന്റെ ബൗദ്ധികപശ്ചാത്തലമൊരുക്കിയ ചിന്തകന്മാരിൽ മുഖ്യനായ റുസ്സോയുടെ പേരിൽ അറിയപ്പെട്ട ഈ വാല്യം 1967-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. യുക്തിയുടെ ഭാഗം ഫലിത-പരിഹാസങ്ങളോടെ വാദിച്ച വോൾട്ടയറിൽ കേന്ദ്രീകരിച്ച ഒരു വാല്യത്തിനു പിൻപേ വന്ന ഇതിൽ, മനുഷ്യന്റെ വൈകാരികജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കണ്ണീരോടെ വാദിക്കുന്ന റൂസ്സോയെ[ഖ] കാണാം. 1756-ൽ സപ്തവത്സരയുദ്ധത്തിന്റെ തുടക്കം മുതൽ 1789-ൽ ഫ്രഞ്ചുവിപ്ലവത്തിന് നാന്ദികുറിച്ചുകൊണ്ട് കുപ്രസിദ്ധമായ ബസ്റ്റീൽ ജെയിൽ തകർക്കപ്പെട്ടതുവരെയുള്ള ചരിത്രമാണ്‌ ഇതിലുള്ളത്. ഈ വാല്യത്തിന്റെ അവസാന ഭാഗത്ത്, 1789 ജൂലൈ 14-നു വിപ്ലവകാരികൾ ബസ്റ്റീൽ തകർത്തതിനു ശേഷവും, വിപ്ലവത്തിൽ ചെന്നെത്തിയ സാമൂഹ്യ-രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് തീർത്തും അജ്ഞനായിരുന്ന ലൂയി പതിനാറാമൻ രാജാവിനെ ചിത്രീകരിച്ചിരിക്കുന്നു.

ഇത് അന്തിമ വാല്യം ആയിരിക്കുമെന്ന ധാരണയിൽ, വായനക്കാരോട് വിടവങ്ങുന്ന ഒരു ആമുഖത്തോടെയാണ്‌ ഡുറാന്റുമാർ "റുസ്സോയും വിപ്ലവവും" പ്രസിദ്ധീകരിച്ചത്. "ഫ്രഞ്ച് വിപ്ലവത്തോളം എത്തിയപ്പോൾ ഞങ്ങൾ തളർന്നു പോയിരിക്കുന്നു. ആ സംഭവം ചരിത്രത്തിന്റെ അന്ത്യമല്ലെന്ന് ഞങ്ങൾക്കറിയാം. എന്നാൽ അതോടെ ഞങ്ങളുടെ അന്ത്യമായിരിക്കുന്നു"[ഗ] എന്ന് അവർ ആ ആമുഖത്തിൽ എഴുതി. ഈ വാല്യത്തിന്റെ പേരിലാണ് ഡുറാന്റുമാർക്ക് പുലിറ്റ്സർ പുരസ്കാരം ലഭിച്ചത്.

നെപ്പോളിയന്റെ യുഗം

തിരുത്തുക
 
"നെപ്പോളിയന്റെ യുഗം" - അവസാനത്തേതായ പതിനൊന്നാം വാല്യം

"റുസ്സോയും വിപ്ലവവും" എന്ന പത്താം വാല്യമായിരിക്കും സംസ്കാരത്തിന്റെ കഥയിൽ അവസാനത്തേത് എന്നാണ് ഡുറാന്റുമാർ ആദ്യം കരുതിയത്. അതിനാൽ, ആ വാല്യത്തെ തുടർന്ന്, "ചരിത്രത്തിന്റെ പാഠങ്ങൾ" എന്ന ഒരു ലഘുരചന അവലോകനവും സംഗ്രഹവുമെന്നോണം അവർ പ്രസിദ്ധീകരിച്ചു. എന്നാൽ പിന്നീട് കഥ കുറേക്കൂടി മുന്നോട്ടുകൊണ്ടുപോയ "നെപ്പോളിയന്റെ യുഗം" എന്ന വാല്യം കൂടി പ്രസിദ്ധീകരിച്ചു. 1789-ലാരംഭിച്ച ഫ്രഞ്ചുവിപ്ലവത്തിന്റെ കഥ വിസ്തരിച്ചു പറയുന്ന ഈ വാല്യം, "വിപ്ലവത്തിന്റെ മകനായിരുന്ന ശേഷം പ്രതിവിപ്ലവത്തിന്റെ മരുമകനായി മാറിയ"[11] നെപ്പോളിയന്റെ വളർച്ചയും തകർച്ചയുമെല്ലാം വിശദമായി പരിഗണിക്കുന്നു. 1921-ൽ തന്നെ നെപ്പോളിയനെക്കുറിച്ച് പത്തു പ്രഭാഷണങ്ങൾ വിൽ ഡുറാന്റ് നടത്തിയിരുന്ന കാര്യം അനുസ്മരിച്ചുകൊണ്ട്, അറുപതു വർഷക്കാലത്തിനിടെ അദ്ദേഹത്തെക്കുറിച്ചു സമാഹരിച്ച വിവരങ്ങൾ ഈ വാല്യത്തിന്റെ രചനയിൽ ഉപയോഗിച്ചതായി ഇതിന്റെ മുഖവുരയിൽ പറയുന്നു.[13]

സംഹാരത്തിന്റെയും വിനാശത്തിന്റേയും മൂർത്തിയെന്നതിനു പകരം അധികാരമോഹത്തിന്റെയും അതിരറ്റ സ്വപ്നങ്ങളുടെയും വഴി പിന്തുടർന്ന വ്യക്തിയായി ഈ വാല്യത്തിനൊടുവിലെ ഉത്തരാഖ്യാനത്തിൽ നെപ്പോളിയനെ ഡുറാന്റുമാർ വിലയിരുത്തുന്നു. ഫ്രാൻസിനും യൂറോപ്പിനും എന്താണു ആവശ്യമെന്ന് അവിടങ്ങളിലെ പൗരന്മാരേക്കാൾ നന്നായി തനിക്ക് അറിയാമെന്നു വിശ്വസിച്ച സ്വേച്ഛാപതിയായിരുന്നു അദ്ദേഹം; അതോടൊപ്പം, തന്റേതായ രീതിയിൽ മഹാമനസ്കനും മൃദുഹൃദയനും ക്ഷമാശീലനും ആയിരുന്നു. ഒടുവിൽ രോഗങ്ങളും വൈദ്യന്മാരും, റഷ്യയിൽ നേരിട്ട വൻ‌പരാജയവും, വിശുദ്ധ ഹെലേനാ ദ്വീപിലെ മരിച്ചുള്ള ജീവിതവും അദ്ദേഹത്തിന്റെ പാപങ്ങൾക്ക് പരിഹാരമായെന്നും ഗ്രന്ഥകർത്താക്കൾ ചൂണ്ടിക്കാണിക്കുന്നു.[14]

ഫ്രഞ്ച് വിപ്ലവം മുതൽ 1840 വരെയുള്ള കാലത്തെ ചരിത്രമാണ് ഇതിലുള്ളത്. 1975-ലാണ് ഡുറാന്റുമാരുടെ ബൃഹദ്സം‌രംഭത്തിന്റെ ഈ അന്തിമവാല്യം പ്രസിദ്ധീകരിക്കപ്പെട്ടത്.

എഴുതപ്പെടാതെ പോയ വാല്യങ്ങൾ

തിരുത്തുക

സംസ്കാരത്തിന്റെ കഥയെ 1945 വരെ എത്തിക്കാൻ പദ്ധതിയിട്ട്, "ഡാർവിന്റെ യുഗം" എന്ന പേരിൽ ഒരു വാല്യത്തിനുവേണ്ട കുറിപ്പുകളും, "ഐൻസ്റ്റീന്റെ യുഗം" എന്ന പേരിലൊന്നിന്റെ രൂപരേഖയും ഡുറാന്റുമാർ തയ്യാറാക്കിയിരുന്നു. എന്നാൽ ആ വാല്യങ്ങൾ എഴുതപ്പെടാതെയിരുന്നു.

വിലയിരുത്തൽ

തിരുത്തുക

ഡുറാന്റുമാരുടെ ഈ രചന, കഥപറച്ചിലും, ലളിതവൽക്കരണവും, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെ ആധാരമാക്കിയുള്ള തോന്നിയമട്ടിലെ വിധിയെഴുത്തും വഴി ചരിത്ര സത്യത്തിൽ എത്തിച്ചേരാനുള്ള അശ്രദ്ധമായൊരു ശ്രമമെന്ന് വിമർശിക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് ചരിത്രകാരനായ ജെ.എച്ച് പ്ലമ്പ് ഡുറാന്റുമാരുടെ പരമ്പരയെ വിമർശിച്ച് പറഞ്ഞത്, "ചരിത്രകാരന്മാരുടെ വിദഗ്‌ധലോകത്തിനപ്പുറം ചരിത്രസത്യം കണ്ടെത്തപ്പെടുക സാധ്യമല്ല"[ഘ] എന്നാണ്‌. [15] പണ്ഡിതന്മാർക്കായി നിശ്ചിതമായ ചരിത്രം സത്യം കണ്ടെത്തുകയല്ല ഡുറാന്റുമാർ ലക്ഷ്യം വച്ചത് എന്നാണ്‌ ഈ വിമർശനത്തിനുള്ള മറുപടി. ചരിത്രസംബന്ധിയായ സമഗ്രവിജ്ഞാനം വലിയ അളവിലും മനസ്സിലാകുന്ന രൂപത്തിനും അഭ്യസ്തവിദ്യരായ സാധാരണക്കാർക്ക് ലഭ്യമാക്കുകയായിരുന്നു അവരുടെ സം‌രംഭത്തിന്റെ ലക്ഷ്യം.


യൂറോപ്പിനെ കേന്ദ്രീകരിച്ചുള്ള ചരിത്രരചനയെ "നമ്മുടെ പൗരസ്ത്യപൈതൃകം" എന്ന ആദ്യവാല്യത്തിൽ നിശിതമായി വിമർശിച്ച ഡുറാന്റിന്റെ പരമ്പരയും, അതിന്റെ സമാപ്തിയിൽ വലിയൊരളവുവരെ യൂറോപ്പിനെ കേന്ദ്രീകരിച്ചുള്ളതായി പരിണമിച്ചു എന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും വിമർശകനുമായ പി. ഗോവിന്ദപ്പിള്ള ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പതിനൊന്നു വാല്യങ്ങളിൽ, അവസാനത്തെ നാലെണ്ണത്തിലെ കേന്ദ്രവ്യക്തിത്വങ്ങളായ ലൂയി പതിനാലാമൻ, വോൾട്ടയർ, റുസ്സോ, നെപ്പോളിയൻ എന്നിവർ ഫ്രാൻസുമായി ബന്ധപ്പെട്ടവരാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. എന്നാൽ ഈ പരമ്പരയിലെ ഇത്തരം കുറവുകളെ ചന്ദ്രനിലെ കളങ്കത്തോട് ഉപമിക്കുന്ന ഗോവിന്ദപ്പിള്ള, ഇതിനെ തന്റെ ഇഷ്ടകൃതിയെന്ന് വിശേഷിപ്പിക്കുകയും "ലോകത്തെ പഠിപ്പിക്കുന്ന പുസ്തകം", "സമ്പൂർണ്ണ വിദ്യാഭ്യാസപദ്ധതി" എന്നൊക്കെ പുകഴ്ത്തുകയും ചെയ്യുന്നു.[11]

കുറിപ്പുകൾ

തിരുത്തുക

ക. ^ ഈ വാല്യത്തിന്റെ ദൈർഘ്യം മൂലം വലയുന്ന വായനക്കാരന്‌ ആദ്യം എഴുതിയപ്പോൾ ഇതിനു ഇപ്പോഴുള്ളതിന്റെ പകുതി കൂടി വലിപ്പമുണ്ടായിരുന്നു എന്ന അറിവ് ആശ്വാസം നൽകിയേക്കാമെന്ന്, ആമുഖത്തിൽ ഡുറാന്റ് ഫലിതം പറയുന്നു.

ഖ.^ "Voltaire defending reason with wit and Rousseau pleading with tears for the rights of feeling.[16]

ഗ. ^ "We find ourselves exhausted on reaching the French Revolution. We know that this event did not end history, but it ends us." [17]

ഘ. ^ "Historical truth… can rarely be achieved outside the professional world of historians".

  1. Our Oriental Heritage, Prefare പുറം (ix),
  2. സുകുമാർ അഴീക്കോട് (1993). "7-സ്വാതന്ത്ര്യപ്പിറ്റേന്ന്". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 138. ISBN 81-7130-993-3. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. Our Oriental Heritage - പുറം 53
  4. Our Oriental Heritage - പുറം 68
  5. Caesar and Christ, ആമുഖം(പുരം vii)
  6. Ceasar and Christ - പുറം 307
  7. Will Durant Online: The Gentle Philosopher - ലിങ്ക് മുകളിൽ
  8. The Age of Faith-ലെ "വായനക്കാരനോട്" എന്ന ആമുഖക്കുറിപ്പ്(പുറം vii)
  9. The Renaissance (പുറം 723)
  10. Will Durant Online: The Gentle Philosopher
  11. 11.0 11.1 11.2 "ലോകത്തെ പഠിപ്പിക്കുന്ന പുസ്തകം", മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (2010 ഫിബ്രവരി 21-27) പി. ഗോവിന്ദപ്പിള്ള എഴുതിയ ലേഖനം(പുറം 80)
  12. Rousseau and Revolution(പുറം 963)
  13. "One of us was rash enough to give ten lectures on Napoleon in 1921" The Age of Napoleon, Preface(പുറം vii)
  14. The Age of Napoleon(പുറം 779)
  15. ജെ. എച്ച്. പ്ലമ്പ്, ന്യൂ യോർക്ക് റിവ്യൂ ഓഫ് ബുക്ക്സ്; 1965 ഒക്ടോബർ 28-ലെ ക്രിസ്ത്യൻ സയൻസ് മോനിറ്റർ പത്രത്തിൽ എഴുതിയ “Is History Only for the Historians?” എന്ന ലേഖനത്തിൽ Arnold Beichman ഉദ്ധരിച്ചിരിക്കുന്നത്.
  16. Rousseau and Revolution"(പുറം 964)
  17. Rousseau and Revolution, "വായനക്കാരനോട്"(പുറം vii)