ദ സ്റ്റോറി ഓഫ് ഫിലോസഫി
അമേരിക്കൻ ചരിത്രകാരനും ചിന്തകനുമായ വിൽ ഡുറാന്റിന്റെ ഒരു കൃതിയാണ് ദ സ്റ്റോറി ഓഫ് ഫിലോസഫി അല്ലെങ്കിൽ തത്ത്വചിന്തയുടെ കഥ. "ദ സ്റ്റോറി ഓഫ് ഫിലോസഫി, ദ ലൈവ്‌സ് അൻഡ് ഒപ്പിനിയൻസ് ഓഫ് ദ ഗ്രേറ്റർ ഫിലോസഫേഴ്സ്" എന്നാണ് ഈ കൃതിയുടെ മുഴുവൻ പേര്. പ്ലേറ്റോ മുതൽ നീച്ചയും ഇരുപതാം നൂറ്റാണ്ടിലെ ജോൺ ഡൂവിയും വരേയുള്ള പാശ്ചാത്യ ദാർശനികരുടെ ജീവിതത്തിന്റേയും ചിന്തയുടേയും ചിത്രങ്ങളാണ് ഇതിന്റെ ഉള്ളടക്കം. ഈ ചിന്തകന്മാരുടെ ആശയങ്ങളുടെ പരസ്പരബന്ധവും ഒരോരുത്തരും അവരുടെ പിൻഗാമികളെ എങ്ങനെ സ്വാധീനിച്ചുവെന്നും ഡുറാന്റ് എടുത്തുകാട്ടുന്നു.
പശ്ചാത്തലം
തിരുത്തുകഡുറാന്റിന്റെ ആദ്യഗ്രന്ഥം, തത്ത്വചിന്തയും സാമൂഹ്യപ്രശ്നങ്ങളും എന്ന പേരിൽ 1917-ൽ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധമാണ്. സാമൂഹത്തിലെ പ്രശ്നങ്ങളെ അവഗണിക്കുന്നതുകൊണ്ടാണ് തത്ത്വചിന്ത മുരടിച്ചുപോകുന്നത് എന്നായിരുന്നു അതിൽ അദ്ദേഹം വാദിച്ചത്. 1917-ൽ കൊളംബിയ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ഡുറാന്റിന് അവിടെ തന്നെ തത്ത്വചിന്തയുടെ അദ്ധ്യാപകനായി ജോലികിട്ടിയെങ്കിലും ഒന്നാം ലോകമഹായുദ്ധം തുടങ്ങിയതോടെ ആ ജോലി നഷ്ടമായി. തുടർന്ന്, ന്യൂയോർക്കിലെ ഒരു പഴയ പ്രിസ്ബിറ്റേറിയൻ പള്ളിയിൽ വ്യത്യസ്തപശ്ചാത്തലമുള്ള ശ്രോതക്കൾക്കിടയിൽ അദ്ദേഹം ഒരു പ്രസംഗപരമ്പര തുടങ്ങി. തത്ത്വചിന്ത, സാഹിത്യം, ശാസ്ത്രം, സംഗീതം എന്നിവയൊക്കെയായിരുന്നു വിഷയങ്ങൾ. ഒരു ഞായറാഴ്ച വൈകിട്ട് ഡുറാന്റ് പള്ളിയിൽ പ്ലേറ്റോയേക്കുറിച്ച് പ്രസംഗിക്കുമെന്ന അറിയിപ്പുകണ്ട ഇ ഹാൽഡെമാൻ ജൂലിയസ് എന്ന പ്രസാധകൻ പ്രസംഗം കേൾക്കാനെത്തി. ചെറിയ നീലപ്പുസ്തകങ്ങൾ എന്ന പേരിലറിയപ്പെട്ടിരുന്ന അഞ്ചു സെന്റ് വിലയുള്ള ലഘുഗ്രന്ഥങ്ങളുടെ പ്രസാധകനായിരുന്നു ജൂലിയസ്. പ്രസംഗം ഇഷ്ടപ്പെട്ട അദ്ദേഹം അത് ഒരു ലഘുഗ്രന്ഥമായി വികസിപ്പിച്ച് പ്രസിദ്ധീകരിക്കുവാൻ ഡുറാന്റിനോടാവശ്യപ്പെട്ടു. പ്രതിഫലത്തിനുള്ള ചെക്ക് മുൻകൂറായി അയച്ചുകൊടുത്ത് ജൂലിയസ് നിർബ്ബന്ധിച്ചപ്പോൾ ഡുറാന്റ് സമ്മതിച്ചു. അങ്ങനെ പ്ലേറ്റോയേക്കുറിച്ചുള്ള ആദ്യപ്രഭാഷണവും പിന്നീട് അരിസ്റ്റോട്ടിലിനെക്കുറിച്ചും മറ്റു പാശ്ചാത്യതത്ത്വചിന്തകന്മാരെക്കുറിച്ചും നടത്തിയ പ്രഭാഷണങ്ങളും ജൂലിയസിന്റെ നിർബ്ബന്ധത്തിൽ പതിനൊന്നു ലഘുഗ്രന്ഥങ്ങളായി വെളിച്ചം കണ്ടു.
പുസ്തകരൂപത്തിൽ
തിരുത്തുക1926-ൽ, ഈ ലഘുഗ്രന്ഥങ്ങളുടെ വിജയം കണ്ട ഒരു പുസ്തകപ്രസാധക സ്ഥാപനം അവയെല്ലാം ചേർത്ത് ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാൻ ഡുറാന്റിനെ പ്രേരിപ്പിച്ചു. ആയിരത്തോളം പ്രതികൾ വിറ്റഴിയുമെന്നാണ് ഡുറാന്റ് കണക്കുകൂട്ടിയത്. പ്രസാധകരുടെ ഉത്സാഹത്തിൽ 1500 പ്രതികൾ അച്ചടിച്ചു. കൂടിയവിലയായ അഞ്ചു ഡോളറും, വിഷയത്തിന്റെ വിരസതയും വായനക്കാരെ അകറ്റുമന്നായിരുന്നു ഭയം. എന്നാൽ പല പതിപ്പുകളിലും പരിഭാഷകളിലുമായി തത്ത്വചിന്തയുടെ കഥ ഒടുവിൽ ഇരുപതുലക്ഷത്തോളം പ്രതികൾ വിറ്റഴിഞ്ഞു. പ്രസിദ്ധീകരണത്തെ തുടർന്നു വന്ന നാളുകളിൽ ആ പുസ്തകത്തെ പുകഴ്ത്തുന്നതും, അത് വിലകൊടുത്തു വാങ്ങുന്നതും, ചിലപ്പോൾ വായിക്കുന്നതുപോലും ഫാഷനായി മാറി എന്നാണ് തന്റെ പുസ്തകത്തിനുകിട്ടിയ സ്വീകരണത്തെക്കുറിച്ച് ഡുറാന്റ് പിന്നീട് എഴുതിയത്.[1]
പതിനൊന്ന് അദ്ധ്യായങ്ങളുള്ള ഈ ഗ്രന്ഥത്തിന്റെ ആദ്യത്തെ ഒൻപത് അദ്ധ്യായങ്ങൾ പ്ലേറ്റോ, അരിസ്റ്റോട്ടിൽ, ഫ്രാൻസിസ് ബേക്കൺ, സ്പിനോസ, വോൾട്ടയർ, ഇമ്മാനുവേൽ കാന്റ്, ഷോപ്പൻഹോവർ, ഹെർബർട്ട് സ്പെൻസർ, ഫ്രീഡ്രിക്ക് നീച്ച എന്നിവരേയും അവരുടെ ദർശനങ്ങളേയും കുറിച്ചാണ്. പത്താം അദ്ധ്യായം ഹെൻറി ബേർഗ്‌സൺ, ബെനഡിറ്റോ ക്രോസ്(Beneditto Croce) ബെർട്രാൻഡ് റസ്സൽ തുടങ്ങിയ ആധുനിക യൂറോപ്യൻ ചിന്തകന്മാരെക്കുറിച്ചാണ്. പതിനൊന്നാം അദ്ധ്യായത്തിൽ പരിഗണിക്കപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കൻ ദാർശനികരായ ജോർജ്ജ് സന്തായന, വില്യം ജെയിംസ്, ജോൺ ഡൂവി എന്നിവരാണ്.
തത്ത്വചിന്തയുടെ കഥയുടെ വിജയം ഡുറാന്റുമാർക്ക് അടിയുറച്ച സാമ്പത്തിക സുരക്ഷ നൽകി. നിത്യവൃത്തിയെക്കുറിച്ചുള്ള അല്ലലില്ലാതെ, സംസ്കാരത്തിന്റെ കഥ എന്ന വലിയ രചനാസംരംഭത്തിൽ മുഴുകാൻ അവരെ പ്രാപ്തരാക്കിയത് ആ സുരക്ഷയാണ്.
1926-ൽ പ്രസിദ്ധീകരിച്ച ദ സ്റ്റോറി ഓഫ് ഫിലോസഫി അതിന്റെ ജനപ്രീതിയും ബെസ്റ്റ് സെല്ലർ പദവിയും എട്ടു പതിറ്റാണ്ടിനു ശേഷം ഇന്നും നിലനിർത്തുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[2]
ഡുറാന്റിന്റെ ശൈലി
തിരുത്തുക"സാധാരണക്കാർക്ക് ദുർഗ്രഹരായ ദാർശനികരെ ഭാവഗീതം പോലെ മധുരവും ലളിതവുമായ രചനയിലൂടെ പരിചയപ്പെടുത്തുന്ന കൃതി" എന്ന് ഈ പുസ്തകം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[2] യുവപ്രായത്തിൽ താൻ വായിച്ച പുസ്തകങ്ങളെക്കുറിച്ച് പറയുന്ന കൂട്ടത്തിൽ സുകുമാർ അഴീക്കോട് തന്റെ ആത്മകഥയിൽ ഈ പുസ്തകത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: "സോക്രട്ടീസ് തൊട്ട് റസ്സൽ വരെ വായിക്കപ്പെട്ട ഉജ്ജ്വലചിന്തകന്മാർ അനേകം പേരുണ്ടെങ്കിലും വലിയ ചിന്തകനെന്നു വിശേഷിപ്പിക്കാൻ വയ്യാത്ത വിൽ ഡുറാന്റിന്റെ തത്ത്വചിന്തയുടെ കഥ എന്ന കൃതിയാണ് ഞാൻ ഏറ്റവും കൂടുതൽ വായിച്ചു രസിക്കുകയും പഠിക്കുകയും ചെയ്തത്."[3] വായനക്കാരുടെ മുൻപിൽ വിഷയം സൗമ്യമായും സൗഹൃദാഭാവത്തിലും എന്നാൽ ബുദ്ധിമുട്ടുകൾ മറച്ചുവക്കാതെയും അവതരിപ്പിക്കുന്ന രീതിയായിരുന്നു ഡുറാന്റ് അവലംബിച്ചത്. സ്പിനോസയുടെ 'സന്മാർഗ്ഗശാസ്ത്രം' എന്ന ഗ്രന്ഥത്തെ എങ്ങനെ സമീപിക്കണമെന്ന് അദ്ദേഹം ഉപദേശിക്കുന്ന ഭാഗം തന്റെ രീതിക്ക് ഉദാഹരണമായി അദ്ദേഹം തന്നെ ഏടുത്തുകാട്ടിയിട്ടുണ്ട് [4] അതിങ്ങനെയാണ്:-
“ | സ്പിനോസയെ വായിക്കുകയല്ല, പഠിക്കുകയാണ് വേണ്ടത്. (സന്മാർഗ്ഗശാസ്ത്രത്തിന്റെ)ഹ്രസ്വമയ ഇരുനൂറുപുറങ്ങളിൽ ഒരു മനുഷ്യൻ, തന്റെ ആയുഷ്കാലത്തെ ചിന്തകളത്രയും, പകർന്നുവച്ചിരിക്കുകയാണെന്നും, അനാവശ്യമായതിനെയെല്ലാം ചീന്തിക്കളയുന്ന സ്റ്റോയിക് ശില്പനിഷ്കർഷയാണ് അദ്ദേഹം പിന്തുടർന്നത് എന്നും അറിഞ്ഞ്, യൂക്ലിഡിനെ സമീപിക്കുന്നതുപോലെ വേണം സ്പിനോസയെ സമീപിക്കാൻ. ഓടിച്ചുള്ള വായനയിൽ സന്മാർഗശാസ്ത്രത്തിന്റെ കാമ്പ് പിടികിട്ടുമെന്ന് കരുതരുത്. ഒറ്റയടിക്കല്ല, പല ഇരുപ്പിൽ, ഭാഗങ്ങളായാണ് അത് വായിക്കേണ്ടത്. വായന തീർന്നുകഴിയുമ്പോൾ, നിങ്ങൾ അതിനെ കഷ്ടിച്ചു മനസ്സിലാക്കാൻ തുടങ്ങിയെന്നേ കരുതാവൂ. തുടർന്ന്, പൊള്ളോക്ക്, മാർട്ടിന്യൂ എന്നിവരിൽ ഒരാളെങ്കിലും എഴുതിയ പഠനം വായിക്കുക. രണ്ടു പഠനങ്ങളും വായിക്കാനായാൽ ഏറെ നന്ന്. ഒടുവിൽ 'സന്മാർഗ്ഗശാസ്ത്രം' വീണ്ടും വായിക്കുക. അപ്പോൾ അത് നിങ്ങൾക്ക് ഒരു പുതിയ പുസ്തകമായിരിക്കും. രണ്ടാമത്തെ വായനക്ക് ശേഷം നിങ്ങൾ നിത്യകാലവും തത്ത്വചിന്തയുമായി പ്രണയത്തിലായിരിക്കും.[5] | ” |
കുറവുകൾ
തിരുത്തുക"തത്ത്വചിന്തയുടെ കഥ"-യ്ക്കുണ്ടായിരുന്ന കുറവുകൾ പലതും ഡുറാന്റ് തന്നെ സമ്മതിച്ചിട്ടുണ്ട്. ക്രിസ്തുവർഷാരംഭത്തിന് മൂന്നിലേറെനൂറ്റാണ്ടുമുൻപ് ജീവിച്ചിരുന്ന അരിസ്റ്റോട്ടിലിനും പതിനാറാം നൂറ്റാണ്ടിലെ ഫ്രാൻസിസ് ബേക്കണും ഇടക്കുള്ള പാശ്ചാത്യചിന്തകന്മാരെയെല്ലാം അവഗണിച്ചതായിരുന്നു അതിന്റെ ഒരു കുറവ്. എന്നാൽ അക്കാലത്ത് ചിന്തയുടെ ലോകത്തെ മേധാവികൾ തത്ത്വചിന്തയിലെന്നതിനേക്കാൾ ദൈവശാസ്ത്രത്തിലാണ് അഭിരമിച്ചത് എന്ന ന്യായീകരണം അദ്ദേഹത്തിനുണ്ടായിരുന്നു.[ക] വിജ്ഞാനശാസ്ത്രികളെ (Epistemologists) പൊതുവേ അവഗണിച്ചതിനും[ഖ] വിശദീകരണമുണ്ടായിരുന്നു: വിജ്ഞാനശാസ്ത്രത്തെ തത്ത്വചിന്തയുടെയെന്നതിനേക്കാൾ മന:ശാസ്ത്രത്തിന്റെ ഭാഗമായാണ് ഡുറാന്റ് കണ്ടത്. ഡുറാന്റിനെ ഏറെ വിഷമിപ്പിച്ചത് പാശ്ചാത്യലോകത്തെ വിമർശകന്മാർ ഏറെ ശ്രദ്ധിക്കതിരുന്ന മറ്റൊരു കുറവാണ്. പുസ്തകത്തിന്റെ രണ്ടാം പതിപ്പിനെഴുതിയ ആമുഖത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി:-
“ | വിമർശകന്മാർ ശ്രദ്ധിച്ചില്ലെങ്കിലും, ഏറ്റവും വലിയ പിഴ ചൈനയിലേയും ഇൻഡ്യയിലേയും തത്ത്വചിന്തകളെ അവഗണിച്ചതാണ്. സോക്രട്ടീസിൽ തുടങ്ങുകയും, ലാവോത്സ(Lao Tze), കൺഫ്യൂഷസ്, മെൻസിയസ്, ച്വാങ്ങ സേ, ബുദ്ധൻ, ശങ്കരൻ എന്നിവരെക്കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്ന തത്ത്വചിന്തയുടെ കഥ പ്രദേശികപൂർണ്ണതയില്ലാത്തതാണ്.[6] | ” |
തന്റെ അടുത്ത ഗ്രന്ഥമായ സംസ്കാരത്തിന്റെ കഥക്ക് ഇത്തരം പ്രാദേശിക അപൂർണ്ണത(Provincial Incompleteness) ഉണ്ടാകാതിരിക്കാൻ ഡുറാന്റ് പ്രത്യേകം ശ്രദ്ധിച്ചു. ആ പരമ്പര അദ്ദേഹം തുടങ്ങിയത്, പൗരസ്ത്യദേശത്തെ സംസ്കാരങ്ങളെ വിശദമായി പരിഗണിക്കുന്ന "നമ്മുടെ പൗരസ്ത്യപൈതൃകം" എന്ന ബൃഹദ്‌വാല്യത്തിലാണ്.
കുറിപ്പുകൾ
തിരുത്തുകക.^ സ്കോളാസ്റ്റിക് ചിന്ത തത്ത്വചിന്തയല്ല, പ്രച്ഛന്നവേഷത്തിലുള്ള ദൈവശാസ്ത്രമാണ് എന്ന് ഡുറാന്റ് കരുതി. ഒരുകാലത്ത് വൈദിക വിദ്യാർത്ഥിയായിരിക്കെ, സെമിനാരിയിൽ അതിന്റെ പീഡനം ഏറെ അനുഭവിച്ചിട്ടുള്ള തന്നെപ്പോലൊരാൾ അതിനെ അവഗണിക്കുന്നതിന് മാപ്പർഹിക്കുന്നുവെന്നും അദ്ദേഹം എഴുതി.
ഖ.^ വിജ്ഞാനശാസ്ത്രികളിൽ ആകെ പരിഗണിക്കപ്പെട്ടിരുന്നത് ഇമ്മാനുവേൽ കാന്റ് ആയിരുന്നു. കാന്റിനെക്കുറിച്ച് തത്ത്വചിന്തയുടെ കഥയിൽ ഉൾപ്പെടുത്തിയിരുന്ന നാല്പതു പുറം വായിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ചിന്തയുടെ അർത്ഥം തനിക്ക് ആദ്യമായി മനസ്സിലായതെന്ന്, മദ്ധ്യ-പശ്ചിമ അമേരിക്കയിലെ സർവകലാശാലകളിലൊന്നിൽ പതിനഞ്ചു വർഷം കാന്റിന്റെ തത്ത്വചിന്ത പഠിപ്പിച്ച ഒരു പ്രൊഫസർ ഡുറാന്റിന് എഴുതിയത്രെ.
അവലംബം
തിരുത്തുക- ↑ Story of Philosophy - രണ്ടാം പതിപ്പിന്റെ മുഖവുര, പുറം (vii)
- ↑ 2.0 2.1 "ലോകത്തെ പഠിപ്പിക്കുന്ന പുസ്തകം" എന്ന ശീർഷകത്തിൽ, ഡുറാന്റ് ദമ്പതിമാരുടെ മുഖ്യസൃഷ്ടിയായ സംസ്കാരത്തിന്റെ കഥയെക്കുറിച്ച് എഴുതിയ ലേഖനത്തിൽ പി. ഗോവിന്ദപ്പിള്ള(മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2010 ഫിബ്രവരി 21-27 (പുറം 78)
- ↑ അഴീക്കോടിന്റെ ആത്മകഥ, അദ്ധ്യായം 77, 2011 ഫെബ്രുവരി 27-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പ്
- ↑ Story of Philosophy - രണ്ടാം പതിപ്പിന്റെ മുഖവുര - പുറം (x)
- ↑ Story of Philosophy - പുറം 130
- ↑ Story of Philosophy, രണ്ടാം പതിപ്പിനെഴുതിയ ആമുഖം - പുറം (viii)