വിക്കിപീഡിയ:ഉപയോക്തൃനാമനയം

(വിക്കിപീഡിയ:Username policy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
ഈ താളിന്റെ രത്നച്ചുരുക്കം: ആക്രമണം ലക്ഷ്യം വച്ചുള്ളതോ, ചിന്താക്കുഴപ്പമുണ്ടാക്കുന്നതോ, പരസ്യപ്രചാരത്തിനുപകരിക്കുന്നതോ ആയ ഉപയോക്തൃനാമം തിരഞ്ഞെടുക്കരുത്. വ്യക്തമായ കാരണമില്ലാതെ ഒന്നിലധികം അംഗത്വങ്ങൾ എടുക്കാതിരിക്കുക.

ഉപയോക്തൃനാമനയം വിക്കിപീഡിയയിൽ താങ്കൾ ഉപയോഗിക്കുന്ന ഉപയോക്തൃനാമത്തെക്കുറിച്ചും താങ്കളുടെ അംഗത്വം പുലർത്തേണ്ട പെരുമാ‍റ്റരീതികളെ കുറിച്ചും പ്രതിപാദിക്കുന്നു.

താങ്കൾക്ക് ഇതുവരെ ഒരു അംഗത്വമില്ലങ്കിൽ ഒന്നുണ്ടാക്കാവുന്നതാണ്. അംഗത്വം ഉപയോക്താവിന് ഏറെ ഗുണങ്ങൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് താങ്കൾക്ക് താങ്കളുടെ തിരുത്തലുകൾ ഒരുമിച്ച് കാണാൻ കഴിയും. താങ്കൾക്ക് നിലവിലുള്ള അംഗത്വത്തിലേക്ക് പ്രവേശിക്കുന്നതിനായുള്ള സഹായം ഇവിടെ(ഇംഗ്ലീഷ്) ലഭിക്കുന്നതാണ്.

ഉപയോക്തൃനാമം തിരഞ്ഞെടുക്കുമ്പോൾ

താങ്കൾ എത്രത്തോളം ഒളിഞ്ഞിരിക്കാൻ താത്പര്യപ്പെടുന്നു എന്നതിനടിസ്ഥാനത്തിൽ താങ്കൾക്ക് താങ്കളുടെ യഥാർത്ഥനാമമോ പരിചിതമായ ചെല്ലപ്പേരോ, തികച്ചും വ്യാജമായ പേരോ തിരഞ്ഞെടുക്കാവുന്നതാ‍ണ്. താഴെയുള്ള യഥാർത്ഥനാമം‍ എന്ന ഖണ്ഡിക ശ്രദ്ധിക്കുക.

താങ്കൾ താങ്കളുടെ യഥാർത്ഥനാമമല്ല ഉപയോഗിക്കുന്നതെങ്കിൽ താങ്കൾക്ക് നല്ലതെന്നു തോന്നുന്ന ഉപയോക്തൃനാമം തിരഞ്ഞെടുക്കാവുന്നതാണ്, അത് മറ്റുള്ളവർക്കും നല്ലതെന്നു തോന്നണമെന്നു മാത്രം. ഒരു പ്രശ്നകാരിയായ നാമം താങ്കളെകുറിച്ച് മറ്റുള്ളവർക്ക് ഒരു നല്ല ചിത്രമാവില്ല നൽകുക, അത് സംഭവിക്കാതിരിക്കാൻ സ്വയം ശ്രദ്ധിക്കുക.

വിക്കിപീഡിയയിൽ താങ്കൾക്ക് ഉള്ളതോ ഇല്ലാത്തതോ ആയ പദവികളെ ഉപയോക്തൃനാമം ഉപയോഗിച്ച് കാണിക്കരുത്. അതായത് കാര്യനിർവ്വാഹകൻ, ബ്യൂറോക്രാറ്റ്, സ്റ്റിവാർഡ് തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാതിരിക്കുക. അഡ്മിൻ, സിസോപ് തുടങ്ങിയവയുടെ കാര്യവും ഇതു പോലെ തന്നെ. ബോട്ട് (bot) അഥവാ യന്ത്രം എന്നവസാനിക്കുന്ന ഉപയോക്തൃനാമങ്ങൾ വിക്കിപീഡിയയിൽ യന്ത്രങ്ങളാണ് ഉപയോഗിക്കുന്നതെന്നുമോർക്കുക.

വിക്കിപീഡിയയിൽ താങ്കൾ ഉപയോഗിക്കുന്ന നാമം ഇംഗ്ലീഷ് ആണെങ്കിൽ അത് കേസ് സെൻസിറ്റീവ്(case sensitive) ആയിരിക്കും, ആദ്യത്തെ അക്ഷരം സ്വതവേ വലിയ അക്ഷരമായി കണക്കാക്കും. താങ്കൾ ഉപയോഗിക്കുന്ന ഉപയോക്തൃനാമം സംവാദം താളിൽ ഒപ്പിടുമ്പോൾ സ്വതവേ വരുന്നതായിരിക്കും. കൂടുതൽ വിശദീകരണങ്ങൾക്ക് വിക്കിപീഡിയ:ഒപ്പ് കാണുക (ഇംഗ്ലീഷ്)

താങ്കളുടെ ഉപയോക്തൃനാമം മറ്റുള്ളവർ തുടർച്ചയായി അക്ഷരപിശകു വരുത്തി ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് താങ്കളുടെ താളിലേക്കുള്ള ഒരു തിരിച്ചുവിടൽ താളായി സൃഷ്ടിച്ചേക്കുക.

യഥാർത്ഥനാമം

യഥാർത്ഥനാമം ഉപയോക്തൃനാമമായി ഉപയോഗിക്കുന്നത് വ്യക്തിയെ എളുപ്പം തിരിച്ചറിയാൻ ഉപകരിക്കുന്നു. ഇത് ചിലപ്പോൾ ആക്രമണമുണ്ടാകാനിടയാക്കാറുണ്ട്. താങ്കൾ താങ്കളുടെ യഥാർത്ഥനാമത്തിൽ തിരുത്തലുകൾ നടത്തുന്നതിനുമുമ്പ് അതുകൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും തിരിച്ചറിയുക. ഉപയോക്തൃനാമം മാറ്റം വരുത്താൻ പിന്നീടു സാധിക്കുമെങ്കിലും പഴയ ഉപയോക്തൃനാമത്തിന്റെ രേഖകൾ അവശേഷിക്കും.

വളരെ പ്രശസ്തനായ ഒരു വ്യക്തിയുടെ പേര് താങ്കൾ ഉപയോഗിക്കുകയാണെങ്കിൽ താങ്കളുടെ പേരും കൃത്യം അതു തന്നെയായിരിക്കണം. അങ്ങനെയുള്ള അംഗത്വങ്ങൾ വിക്കിപീഡിയയ്ക്കു ബോദ്ധ്യപ്പെടുന്നതുവരെ തടയപ്പെടാനും സാധ്യതയുണ്ട്.

താങ്കൾ ഇത്തരത്തിൽ തടയപ്പെടുകയാണെങ്കിൽ, അതിനെതിരേ നശീകരണ പ്രവർത്തനം നടത്തിയല്ല പ്രതികരിക്കേണ്ടത്; ആൾമാറാട്ടത്തിനെതിരേയുള്ള മുൻ‌കരുതൽ മാത്രമാണതെന്ന് മനസ്സിലാക്കുക. താങ്കൾ താങ്കളുടെ പേരിൽ തന്നെ തിരുത്തലുകൾ നടത്തുന്നതിന് വിക്കിപീഡിയ ഒരിക്കലും എതിരല്ല; താങ്കൾ “താങ്കൾ“ തന്നെയാണെന്നു തെളിയിക്കേണ്ടി വന്നേക്കാം അത്രമാത്രം.

കമ്പനി അഥവാ സംഘത്തിന്റെ നാമം

വിക്കിപീഡിയ ഏതെങ്കിലും കമ്പനിക്കോ വ്യാപാരസ്ഥാപനത്തിനോ പരസ്യപ്രചാരണത്തിനുള്ള വേദിയാക്കാൻ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല. അത്തരത്തിൽ പ്രവർത്തിക്കുന്ന അംഗത്വങ്ങൾ തടയപ്പെടും. ഏതെങ്കിലും കമ്പനിയുടെ പേരുപയോഗിച്ചു പ്രവർത്തിക്കുന്ന അംഗത്വം ഉറപ്പായും തടയപ്പെടണമെന്നില്ല. പക്ഷേ അത് പ്രോത്സാഹിപ്പിക്കുന്നുമില്ല.

ഒരു അംഗത്വം ഉപയോഗിച്ച് കമ്പനിക്കോ സംഘത്തിനോ തിരുത്തലുകൾ നടത്താനും വിക്കിപീഡിയ അനുവദിക്കില്ല. പങ്ക് അംഗത്വങ്ങൾ കാണുക.

മലയാളം - ഇംഗ്ലീഷ് ഇതര ഉപയോക്തൃനാമങ്ങൾ

ഉപയോക്താക്കൾ ഇംഗ്ലീഷോ, മലയാളമോ ഉപയോഗിക്കുന്ന ഉപയോക്തൃനാമങ്ങൾ തിരഞ്ഞെടുക്കണം എന്നു നിർബന്ധമില്ല. പക്ഷേ അപ്രകാരമല്ലാത്തത് (ചൈനീസ്, ഗ്രീക്ക്, സിറിലിക്, അറബി തുടങ്ങിയവ) ബഹുഭൂരിപക്ഷത്തിനും അപ്രാപ്യമായിരിക്കും. അതിനാൽ ആശയക്കുഴപ്പം ഒഴിവാക്കാൻ അത്തരം അംഗങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ ഉള്ള ഒപ്പ് ഉപയോഗിച്ചിരിക്കണം.

ഒരേ പോലുള്ള ഉപയോക്തൃനാമങ്ങൾ

നിലവിലുള്ള ഉപയോക്തൃനാമങ്ങളോട് വളരെ സാദൃശ്യമുള്ള ഉപയോക്തൃനാമങ്ങൾ ഉണ്ടാക്കരുത്. അത്തരത്തിലൊന്ന് താങ്കൾക്ക് ഉണ്ടാക്കിയേ തീരു എങ്കിൽ വിക്കിപീഡിയ:അംഗത്വം വേണം എന്ന താളിൽ ഒരു കുറിപ്പിടുക. സജീവമായി പ്രവർത്തിക്കുന്ന ഉപയോക്താവിന്റെ പേരിനോടോ ഏതെങ്കിലും കാര്യനിർവ്വാഹകരുടെ പേരിനോടോ വളരെ സാദൃശ്യമുള്ള അംഗത്വങ്ങൾ ഉപയോഗിക്കാതിരിക്കുക. അത്തരം അംഗത്വങ്ങൾ സൃഷ്ടിക്കപ്പെട്ടാൽ അവയുടെ ലക്ഷ്യം ശുഭസൂചകമല്ലങ്കിൽ തടയപ്പെടുന്നതായിരിക്കും. ഉപയോക്താക്കളുടെ പട്ടികയിൽ നിന്നും താങ്കൾക്ക് നിലവിലുള്ള ഉപയോക്തൃനാമങ്ങൾ പരിശോധിക്കാവുന്നതാണ്.

താങ്കളുടെ ഉപയോക്തൃനാമം മറ്റാരുടേയെങ്കിലും ഉപയോക്തൃനാമത്തോട് വളരെ സാദൃശ്യമുള്ളതെങ്കിൽ സ്വന്തം താളിൽ നാനാർത്ഥങ്ങൾ പോലെ എന്തെങ്കിലും ചേർക്കുക.

അനുയോജ്യമല്ലാത്ത ഉപയോക്തൃനാമങ്ങൾ

വിക്കിപീഡിയ തെറ്റിദ്ധാരണാജനകങ്ങളായതോ, പരസ്യാർത്ഥം സൃഷ്ടിച്ചതോ, ആക്രമണ ലക്ഷ്യത്തോടെയുള്ളതോ കുത്തിത്തിരിപ്പു സൃഷ്ടിക്കാൻ ലക്ഷ്യം വച്ചുള്ളതോ ആയ അംഗത്വങ്ങളെ ഒരു കാരണവശാലും അനുവദിക്കില്ല.

  • തെറ്റിദ്ധാരണാജനകങ്ങളായ നാമങ്ങൾ: വ്യംഗ്യമായോ അല്ലാതെയോ, ഉപയോക്താവിനെ കുറിച്ച് “ശരി“യല്ലാത്ത കാര്യങ്ങൾ നൽകുന്നയിനം നാമങ്ങൾ (ശരി തെറ്റുകൾ സമൂഹം തീരുമാനിക്കും). ഉദാ: വളച്ചൊടിക്കപ്പെട്ട സത്യങ്ങളെ പ്രതിനിധീകരിക്കുന്നയിനം, മേധാവിത്വ സ്വഭാവമുള്ളവ, അല്ലെങ്കിൽ വ്യക്തിയല്ലിതൊരു കൂട്ടമാളുകളാണെന്നു ധ്വനിപ്പിക്കുന്നവ.
  • പ്രചരണാർത്ഥമുള്ള പേരുകൾ: എന്തെങ്കിലും വ്യാപാരലക്ഷ്യത്തോടെയോ മറ്റു പരസ്യർത്ഥമോ സൃഷ്ടിക്കുന്ന നാമങ്ങൾ
  • പിന്തിരിപ്പൻ ലക്ഷ്യങ്ങളോടെയുള്ളവ: ഒത്തൊരുമയോടെയുള്ള തിരുത്തലുകൾക്കു തടസ്സമുണ്ടാക്കുന്നവയോ അസാധ്യമാക്കുന്നവയോ ആയ നാമങ്ങൾ.
  • ദ്രോഹം ലക്ഷ്യം വച്ചുള്ളവ: കുത്തിത്തിരിപ്പുണ്ടാക്കാൻ ലക്ഷ്യം വച്ചുള്ളതോ, വ്യക്ത്യാക്രമണത്തിനെന്നു മനസ്സിലാക്കാൻ കഴിയുന്നവയോ അല്ലെങ്കിൽ വിക്കിപീഡിയയെ മോശമായി പ്രതിനിധീകരിക്കുന്നവയോ ആയ ഉപയോക്തൃനാമങ്ങൾ
  • വിക്കിപീഡിയ ഉപയോഗാനുമതി നൽകുന്നില്ലാത്തവ: വിക്കി, പീഡിയ, പീഡിക, പീടിക തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നതോ വിക്കിപീഡിയ എന്ന നാമവുമായി ഏതെങ്കിലും തരത്തിൽ സാദൃശ്യം തോന്നാവുന്നതോ ആയ ഉപയോക്തൃനാമങ്ങൾ ഇവിടെ അനുവദിക്കുന്നില്ല.

ഈ മാനദണ്ഡങ്ങൾ ഉപയോക്തൃനാമങ്ങൾക്കും ഒപ്പുകൾക്കും ഒരേ പോലെ ബാധകമാണ്. ഇവിടെ ഏതൊരു ഭാഷയിലും ഇതേ നിയമങ്ങൾ ബാധകമായിരിക്കും.

സ്വീകാര്യം അസ്വീകാര്യം എന്നത് മറ്റുപയോക്താക്കളുടെ കൈയിലാണെന്നോർക്കുക.

അസ്വീകാര്യങ്ങളായ ഉപയോക്തൃനാമങ്ങളെ കൈകാര്യം ചെയ്യൽ

തികച്ചും അസ്വീകാര്യങ്ങളായ നാമങ്ങളെ താങ്കൾക്ക് വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ് എന്ന താളിൽ വിശദാംശങ്ങളടക്കം അറിയിക്കാവുന്നതാണ്. ഏതെങ്കിലും കാര്യനിർവ്വാഹകനു ബോധ്യപ്പെടുന്ന പക്ഷം അവ തടയപ്പെടുന്നതാണ്.

തികച്ചും അസ്വീകാര്യങ്ങളല്ലാത്തവയും എന്നാൽ മേൽപ്പറഞ്ഞ നിബന്ധനകൾക്ക് പാലിക്കനിടയില്ലാത്തവയുമായ നാമങ്ങൾ ഉടൻ തന്നെ തടയപ്പെടണമെന്നില്ല. ഇത്തരം പ്രശ്നം ഉപയോക്താവിനോട് ചോദിക്കുക. മിക്കവാറും അദ്ദേഹം ഈ നയത്തെ കുറിച്ച് അറിവില്ലാതെയായിരിക്കും അങ്ങനെ ചെയ്തത്. അദ്ദേഹത്തോടാരാഞ്ഞ് അദ്ദേഹം സ്വയം മറ്റൊരംഗത്വമെടുക്കാൻ തയ്യാറാണെങ്കിൽ പ്രശ്നം അതുകൊണ്ടവസാനിക്കും. എന്നാൽ സമവായമുണ്ടായില്ലങ്കിൽ സമൂഹത്തിന്റെ തീരുമാനമനുസരിച്ച് കടുത്ത നടപടികൾ എടുക്കേണ്ടി വന്നേക്കാം.

കാര്യനിർവാഹകർക്ക് താഴെകാണുന്ന സന്ദർഭങ്ങളിൽ തടയാനുള്ള അധികാരം ഉപയോഗിക്കാനിടയുണ്ട്:

  • വിക്കിപീഡിയയ്ക്കു തികച്ചും അസ്വീകാര്യങ്ങളായ ഉപയോക്തൃനാമമാണെങ്കിൽ നാശോന്മുഖങ്ങളായ പ്രവർത്തനങ്ങളല്ല ലക്ഷ്യമെങ്കിലും അനന്തകാലത്തേക്ക് ഉപയോക്തൃനാമം തടയപ്പെട്ടേയ്ക്കാം. അത്തരം സന്ദർഭങ്ങളിൽ പുതിയ അംഗത്വമെടുക്കാനുള്ള അവകാശം തടയാൻ പാടില്ല. ഓട്ടോബ്ലോക്കും പ്രവർത്തനരഹിതമായിരിക്കണം. താങ്കൾ ഇത്തരത്തിൽ തടയപ്പെടുകയാണെങ്കിൽ വ്യക്തിപരമായെടുക്കരുതെന്നപേക്ഷിക്കുന്നു. ആ പ്രത്യേക ഉപയോക്തൃനാമത്തെ മാ‍ത്രമാണ് തടഞ്ഞത്, അല്ലാതെ താങ്കളെയല്ല. ഈ താൾ മുഴുവനും ശ്രദ്ധയോടെ വായിക്കാനും അനുയോജ്യമായ ഒരു പേര് തിരഞ്ഞെടുക്കാനും താത്പര്യപ്പെടുന്നു.
  • പ്രശ്നം സൃഷ്ടിക്കാനെത്തിയവയെന്നു നൂറുശതമാനം ഉറപ്പുള്ള ഉപയോക്തൃനാമങ്ങൾ അനന്തകാലത്തേക്ക് തടയപ്പെട്ടേക്കാം. അത്തരം സന്ദർഭങ്ങളിൽ അതേ ഐ.പി.കളിൽ നിന്നുള്ള അജ്ഞാത തിരുത്തലുകളും പുതിയ അംഗത്വമെടുക്കലും തടയപ്പെട്ടേക്കാം (ഓട്ടോബ്ലോക്ക് പ്രവർത്തിക്കുന്നുണ്ടാകും, പുതിയ അംഗത്വമെടുക്കാനുള്ള അവകാശം ഉണ്ടാവില്ലതാനും). അത്തരം അംഗത്വങ്ങൾ സാധാരണ പീഡനോത്സുകരും വ്യക്ത്യാക്രമണങ്ങൾ നടത്താൻ മടിയില്ലാത്തവരുമായിരിക്കും.
  • അംഗീകരിക്കാൻ പറ്റാത്ത പേരുള്ള ഉപയോക്താവിനെ അദ്ദേഹത്തിന്റെ പ്രവർത്തനശൈലി കാരണം തടയുകയാണെങ്കിൽ , തടയൽ അനന്തകാലത്തേക്കായിരിക്കും. മര്യാദാപരിപാലന തടയലുകൾ- കുത്തിനോവിക്കുന്ന തിരുത്തലുകൾ നടത്തുന്നതിനോ, മര്യാദകേടിനോ വ്യക്ത്യാക്രമണങ്ങൾക്കോ ആണ് നൽകുക.

ഒരു ഉപയോക്താവിന്റെ ഉപയോക്തൃനാമം അസ്വീകാര്യമാണെങ്കിൽ കൂടി അദ്ദേഹം തിരുത്തലുകൾ ഒന്നും നടത്തുന്നില്ലങ്കിൽ അത് വിളിച്ചു പറയേണ്ട കാര്യമില്ല. പരസ്യപ്പെടുത്തുന്നതു മിക്കവാറും കൂടുതൽ പ്രശ്നമുണ്ടാക്കും. രജിസ്റ്റർ ചെയ്യുന്ന ബഹുഭൂരിഭാഗം അംഗത്വങ്ങളും ഒരിക്കലും ഉപയോഗിക്കുന്നില്ലന്നോർക്കുക.

ചിന്താക്കുഴപ്പമുണ്ടാക്കുന്ന പേരുകൾ

ഉപയോക്തൃനാമം ആൾക്കാരെ തിരിച്ചറിയാനാണുപയോഗിക്കുന്നത്. താങ്കളുടെ ഉപയോക്തൃനാമമോ ഒപ്പോ അനാവശ്യമായി ചിന്താക്കുഴപ്പമുണ്ടാക്കുന്നതായാൽ അതു മാറ്റണമെന്നു മറ്റുള്ളവർ പറയാനിടയുണ്ട്. ചിന്താക്കുഴപ്പമുണ്ടാക്കുന്ന ഉപയോക്തൃനാമങ്ങൾക്കെതിരേ എന്തെങ്കിലും നടപടി ആവശ്യമെങ്കിൽ - ചർച്ചക്കു ശേഷം മാത്രമേ അതിനു പാത്രമാകാറുള്ളു.

അനാവശ്യമായ തരത്തിൽ ചിന്താക്കുഴപ്പമുണ്ടാക്കുന്ന ഉപയോക്തൃനാമങ്ങൾ മറ്റുപ്രശ്നങ്ങളുടെ അടയാളമായേക്കാം. ഒരു ഉപയോക്താവ് അത്തരത്തിലൊരു നാമം ഉപയോഗിക്കുകയും ദ്രോഹകരമായ തിരുത്തലുകൾ നടത്തുകയും ചെയ്യുന്നുവെങ്കിൽ, ഉപയോക്തൃനാമം പ്രവർത്തിക്ക് ഉപോൽബലകമാങ്കിൽ തടയുക എന്നത് ആവശ്യമായി വന്നേക്കാം. എല്ലാ തടയലുകളിലും എടുക്കേണ്ടതു പോലെ ഇക്കാര്യത്തിലും കാര്യനിർവ്വാഹകർ തങ്ങളുടെ വിവേചനബുദ്ധിയും സാമാന്യബുദ്ധിയും ഉപയോഗിക്കുക.

അസാധാരണമായ സന്ദർഭങ്ങളിൽ അനുയോജ്യമല്ലാത്ത പേരുപയോഗിക്കുന്നതും എന്നാൽ ശുഭപ്രതീക്ഷ തരുന്ന തിരുത്തലുകൾ നടത്തുന്നതുമായ ഉപയോക്താവ് നിരന്തരാവശ്യത്തിനു ശേഷവും തന്റെ ഉപയോക്തൃനാമം മാറ്റാനിടയില്ലങ്കിൽ തടയപ്പെട്ടേക്കാം.

ഉപയോക്തൃനാമം മാറ്റാൻ

നയം കുറുക്കുവഴി:
WP:UNC

ബ്യൂറോക്രാറ്റുകൾക്ക് ഉപയോക്തൃനാമം മാറ്റിനൽകാൻ കഴിയും; അതിനായി വിക്കിപീഡിയ:ഉപയോക്തൃനാമം മാറ്റണം എന്നതാളിൽ ഒരു കുറിപ്പിട്ടാൽ മതിയാവും. തിരുത്തലുകളുടെ എണ്ണം വളരെ കുറവാണെങ്കിൽ പുനർനാമകരണം ചെയ്യുന്നതിലും എളുപ്പം പുതിയൊരു അംഗത്വമെടുക്കുന്നതാവും.

ഒരിക്കൽ ഉപയോക്തൃനാമം മാറ്റിയാൽ പിന്നെ താങ്കളുടെ അതുവരെയുള്ളതും ശേഷമുള്ളതുമായ തിരുത്തലുകളെല്ലാം പുതിയ പേരിലാവും അറിയപ്പെടുക. സംവാദം താളിലെ ഒപ്പുകളിൽ സ്വയം മാറ്റമുണ്ടാകില്ല. തന്റെ പഴയ പേരിലുള്ള സകലരേഖകളും മായ്ക്കണമെങ്കിൽ മാത്രമേ അതു പുതുക്കാവു. എന്നിരുന്നാലും പഴയനാമം സംവാദം താളുകളുടെ പഴയ പതിപ്പുകളിൽനിന്നും ലഭിക്കുന്നതാണ്.

അംഗത്വം നീക്കംചെയ്യൽ

അംഗത്വം നീക്കം ചെയ്യുക എന്നത് സാധ്യമല്ല. എല്ലാ പ്രവർത്തനങ്ങളും സൂക്ഷിച്ചുവെക്കുന്നതുകൊണ്ടാണിതു സാധ്യമല്ലാത്തത്. എന്നിരുന്നാലും ഉപയോക്താവിനുള്ള താളും ബന്ധപ്പെട്ട സംവാദം താളും മായ്ച്ചുകളയാവുന്നതാണ്.

പങ്ക് അംഗത്വങ്ങൾ

നയം കുറുക്കുവഴി:
WP:NOSHARE

ഒരു അംഗത്വം ഒരു വ്യക്തിയെ മാത്രമേ പ്രതിനിധാനം ചെയ്യാവൂ. ഒരു അംഗത്വമോ അഥവാ രഹസ്യവാക്കോ മറ്റുള്ളവരുമായി പങ്ക് വെക്കുന്നത് അനുവദിക്കില്ല. അത്തരത്തിൽ ചെയ്യുന്നത് വിലക്കപ്പെടാൻ കാരണമാവും.

വിക്കിമീഡിയ ഫൌണ്ടേഷനുമായി ബന്ധപ്പെട്ട അംഗത്വങ്ങൾക്കുമാത്രമേ ഇത്തരത്തിൽ പ്രവർത്തിക്കാനനുവാദമുള്ളു, പക്ഷേ ഇത്തരത്തിലൊന്നുപോലും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. യന്ത്രങ്ങൾ ചിലപ്പോൾ ഒന്നിലധികം ഉപയോക്താക്കൾ കൈകാര്യം ചെയ്തെന്നു വരാം. പക്ഷേ അത്തരം പ്രവൃത്തി വ്യക്തവും സമവായത്താൽ ഉണ്ടായതായിരിക്കണം.

ഒന്നിലധികം അംഗത്വങ്ങൾ

ഉപയോക്താക്കൾ സംശുദ്ധമായ കാരണമില്ലാതെ ഒന്നിലധികം അംഗത്വങ്ങൾ എടുക്കരുത്. എന്തെങ്കിലും തരത്തിലുള്ള സ്വയം പ്രവർത്തിതമായ തിരുത്തലുകൾ നടത്താനുദ്ദേശിച്ചുള്ള തിരുത്തലുകൾക്ക് ഒരു യന്ത്ര അംഗത്വമെടുക്കുക. വിവിധ അംഗത്വങ്ങൾ താങ്കൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവ താങ്കളുടെ സൃഷ്ടിയാണെന്നു കാട്ടുന്നതു നല്ലതായിരിക്കും.

നയങ്ങൾ വ്യക്തികൾക്കാണെന്നോർക്കുക, അംഗത്വങ്ങൾക്കല്ല. നയങ്ങളെ മറികടക്കാനായി മറ്റൊരംഗത്വമെടുത്തു പ്രവർത്തിക്കുന്ന ഉപയോക്താവിനെ ആയിരിക്കും വിക്കിപീഡിയയിൽ നിന്നു വിലക്കുക. അതായത് അദ്ദേഹം ഉപയോഗിക്കുന്ന സകല അംഗത്വങ്ങളും വിക്കിപീഡിയയിൽ നിന്നു വിലക്കപ്പെടും.

അപരമൂർത്തിത്വം

വിവിധ അംഗത്വങ്ങൾ ഉപയോഗിച്ച് പ്രത്യേക വാദത്തിനോ മറ്റോ കൂടുതൽ ബലം കൊടുക്കാനുള്ള ശ്രമത്തെ അപരമൂർത്തിത്വമെന്നു പറയുന്നു, ഇത് ഒരിക്കലും അനുവദിക്കാറില്ല. അതായത് വിവിധ അംഗത്വങ്ങളുപയോഗിച്ചു നിർദ്ദേശങ്ങളോ അപേക്ഷകളോ വെയ്ക്കരുത്, വോട്ടു ചെയ്യരുത്, തിരുത്തൽ യുദ്ധങ്ങളിൽ പങ്കുകൊള്ളരുത്. അപരമൂർത്തികളെ ഉപയോഗിച്ചു ഏതെങ്കിലും വാദങ്ങൾ ദുർബലമാക്കാനും ശ്രമിക്കരുത്.

ദോഷകരമായി പ്രവർത്തിക്കുന്ന ഒന്നിലധികം അംഗത്വങ്ങളെ വിക്കിപീഡിയയിൽ നിന്നു അനന്തമായി വരെ വിലക്കുന്നതാണ്. അതേ വ്യക്തി ഉപയോഗിക്കുന്ന മറ്റ് അംഗത്വങ്ങളും തടയപ്പെടുന്നതാണ്.

ഇതും കാണുക