വിക്കിപീഡിയ:നിയമങ്ങൾ ലളിത രൂപത്തിൽ
തുടർച്ചയായ അവസാനമില്ലാത്ത ഒരു പ്രക്രിയയാണ് വിക്കിപീഡിയ - താങ്കൾ എഴുതുന്നതെന്തും നൂറ്റാണ്ടുകൾ നിലകൊള്ളും! മായ്ച്ചുകളയുന്ന കാര്യങ്ങൾ വരെ കാത്തുസൂക്ഷിക്കുന്നുണ്ട്, അതിനാൽ താങ്കൾ ചെയ്യുന്നതെന്തും ഇവിടെനിന്നും മറ്റുള്ളവർക്ക് പരിശോധിക്കാവുന്നതാണ്. എങ്കിലും ഉത്കണ്ഠപ്പെടേണ്ട കാര്യമൊന്നുമില്ല! തിരുത്തുമ്പോൾ, താഴെ പറയുന്ന കാര്യങ്ങൾ മനസ്സിൽ വയ്ക്കുക, ഒന്നാന്തരം തിരുത്തലുകൾ നടത്താൻ കഴിയുമെന്ന് താങ്കൾക്കു തന്നെ അധികം വൈകാതെ മനസ്സിലാവും.
വിക്കിപീഡിയയുടെ പ്രധാന ലക്ഷ്യം ഒന്നാന്തരം സർവ്വവിജ്ഞാന കോശം ആവുകയാണ്, ബഹുഭൂരിഭാഗം ലേഖനങ്ങളും വിജ്ഞാന കോശ സ്വഭാവം ഉള്ളവയുമാണ്. എന്നാലും ലേഖനങ്ങൾ സൃഷ്ടിക്കാൻ വിക്കിപീഡിയക്ക് ഔദ്യോഗിക ചട്ടക്കൂടുകൾ ഒന്നും തന്നെയില്ല, വിക്കിപീഡിയ സമൂഹം അതിന്റെ നിയമങ്ങളും, പദ്ധതികളും, മൂല്യങ്ങളും തുടർച്ചയായി പരിശോധിച്ച് പുതുക്കിക്കൊണ്ടിരിക്കുന്നു. ചില മൂല്യങ്ങൾ അനൗപചാരികങ്ങളായി നിലകൊള്ളുന്നു, അവ താങ്കൾ നിരീക്ഷണങ്ങളിലൂടെയോ, മറ്റുള്ളവരോടു ചോദിക്കുമ്പോഴോ, മറ്റുള്ളവർ പറഞ്ഞു തരുമ്പോഴോ മനസ്സിലാക്കുമെന്നുറപ്പാണ്. ചിലവ ഔപചാരികങ്ങളായിരിക്കും(അത്തരം താളുകൾ “വിക്കിപീഡിയ” എന്നു തുടങ്ങുന്നതാവും, ഈ താൾ പോലെ). ഗൗരവപൂർണ്ണമോ, തമാശയായിട്ടുള്ളതോ ആയ എല്ലാ കാര്യങ്ങളേയും ഉൾക്കൊള്ളുന്ന നിയമങ്ങളും നടപടികളും വിക്കിപീഡിയക്കുണ്ട്, ചിലത് വളരെ പ്രധാനവുമാണ്. സാമാന്യബുദ്ധിയിലും പരസ്പരബഹുമാനത്തിലുമാണ് വിക്കിപീഡിയ പ്രവർത്തിക്കുന്നത്, എങ്കിലും വിക്കിപീഡിയയുടെ ലേഖകർ തുടർച്ചയായി പഠിച്ച്, പരിഷ്കരിച്ചുകൊണ്ടിരിക്കുന്ന മൂല്യങ്ങളും അതിൽ സ്വാധീനം ചെലുത്തുന്നു. അത് ആശയ സംഘട്ടനങ്ങൾ പരിഹരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു, ലേഖനങ്ങൾ മെച്ചപ്പെടുത്താൻ വഴികാട്ടുന്നു.
താങ്കൾ ഈ സ്വഭാവരീതികൾ പിന്തുടരുകയാണെങ്കിൽ ദയവും ബഹുമാനവും നേടിയേക്കും, കൂടുതൽ പ്രവർത്തിക്കും തോറും താങ്കൾ കാര്യങ്ങൾ എങ്ങനെ ചെയ്യാമെന്നും, അതിന്റെ ശൈലിയും, എളുപ്പവഴികളും പഠിച്ചുകൊണ്ടിരിക്കും. താങ്കൾക്ക് അവ അറിയില്ലെങ്കിൽ ഒട്ടും വിഷമിക്കണ്ട. ആരെങ്കിലുമൊക്കെ അവയിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തിരുത്തിക്കൊള്ളും, മുന്നോട്ടു പോവുക- താങ്കൾ എപ്രകാരം നല്ലൊരു വിജ്ഞാന കോശ രചയിതാവാകാമെന്ന് സ്വയം മനസ്സിലാക്കുമെന്ന് തീർച്ചയാണ്.
ഇവിടെ ഒരു നിയമവും ശക്തമല്ല, പകരം അവയൊക്കെ താങ്കൾക്ക് വഴികാട്ടികളായി പ്രവർത്തിക്കുകയേ ഉള്ളു.
ഒന്നാന്തരം ലേഖനങ്ങൾ സൃഷ്ടിക്കുമ്പോൾ പാലിക്കേണ്ട നയങ്ങൾ
- സന്തുലിതമായ കാഴ്ചപ്പാട്. ലേഖനങ്ങൾ നിഷ്പക്ഷമായി എഴുതുക. അത് നമ്മളെ ലോകത്തിനു മുമ്പിൽ നല്ലയാളായി അവതരിപ്പിക്കും, ഇത് വിക്കിപീഡിയയുടെ ഒരു അടിസ്ഥാന തത്ത്വമാണ്. താങ്കൾ എഴുതി ചേർക്കുന്നത് പരിശോധനായോഗ്യമായ കാര്യമാണെങ്കിൽ പോലും സന്തുലിതമായി എഴുതാൻ ശ്രമിക്കുക.
- പരിശോധനായോഗ്യത. വിശ്വാസയോഗ്യങ്ങളായ സ്രോതസ്സുകളിൽ നേരത്തേ പ്രസിദ്ധീകരിച്ചിട്ടുള്ള കാര്യങ്ങൾ മാത്രം വിക്കിപീഡിയയിൽ എഴുതുക. വിവരങ്ങൾ സ്രോതസ്സിലേക്കു ചൂണ്ടി നിർത്തുക,(അതായത് റഫറൻസുകൾ കൊടുക്കുക) അല്ലെങ്കിൽ മറ്റേതെങ്കിലും ലേഖകർ അത് മായ്ച്ചു കളഞ്ഞേക്കാം. വിവരങ്ങൾ ഉൾപ്പെടുത്തി നിർത്താൻ ഏതെങ്കിലും പ്രമാണങ്ങൾ കണ്ടെത്താനാവുമോ എന്നാണ് മായ്ക്കുന്നതിനു മുമ്പ് ലേഖകർ അന്വേഷിക്കേണ്ടത്, അല്ലാതെ അത് നീക്കം ചെയ്യാനാവുമോ എന്നല്ല.
- കണ്ടുപിടിത്തങ്ങൾ അരുത്. മറ്റെവിടെയും പ്രസിദ്ധീകരിക്കാത്ത വാദമുഖങ്ങളോ, ആശയങ്ങളോ, വിവരങ്ങളോ, പ്രസ്താവനകളോ, സിദ്ധാന്തങ്ങളോ വിക്കിപീഡിയയിൽ ഉപയോഗിക്കരുത്.
നല്ല പെരുമാറ്റ രീതികൾ
ഈ മാർഗ്ഗരേഖകൾ സുഗമമായ പ്രവർത്തനത്തിനു വേണ്ടി സൃഷ്ടിച്ചിട്ടുള്ളവയാണ്, ഇവ പിന്തുടർന്നാൽ താങ്കൾക്ക് പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയില്ല. ഭാവിയിൽ താങ്കൾക്ക് ഒരു കാര്യനിർവാഹകൻ /കാര്യനിർവാഹക ആകാൻ വരെ സാധിക്കുകയും ചെയ്തേക്കാം
- ധൈര്യശാലിയാകുക! താളുകൾ പുതുക്കുമ്പോൾ ധൈര്യത്തോടെ മുന്നോട്ടു പോവുക, ഇതൊരു വിക്കിയാണ്
- മര്യാദയുള്ളവരാവുക. മറ്റെല്ലാവരോടും എല്ലായ്പ്പോഴും.
- ചട്ടങ്ങളെ അവഗണിക്കുക -ഏതെങ്കിലും നിയമങ്ങൾ വിക്കിപീഡിയ മെച്ചപ്പെടുത്തുന്നതിൽ നിന്നും താങ്കളെ വിലക്കുന്നുവെങ്കിൽ അവയെ അവഗണിക്കുക.
- സംശയമുണ്ടായാൽ സംവാദം താളിലുന്നയിക്കുക. നാമോരുരുത്തരുടേയും തിരുത്തലുകൾ ദയാരഹിതമായി വെട്ടിത്തിരുത്തിയേക്കാം, അവരുടെ തിരുത്തലുകൾ മനസ്സിലാക്കാൻ കഴിയുന്നവയാണെങ്കിൽ അത് അംഗീകരിക്കുക. പരസ്പര ബഹുമാനത്തോടെ പെരുമാറുക.
- തിരുത്തലുകളുടെ ചുരുക്കം വൃത്തിയായി നൽകുക. സുതാര്യവും വ്യക്തവുമായ ചുരുക്കങ്ങൾ പൊതുവേ അംഗീകരിക്കപ്പെടും, മറ്റുള്ളവർക്ക് താങ്കൾ എന്താണ് ചെയ്തതെന്ന് പെട്ടെന്നു മനസ്സിലാക്കാൻ ഇതുപകരിക്കും, ഒരു പക്ഷേ വളരെ നാളുകൾക്കു ശേഷം താങ്കൾക്കു തന്നെ താങ്കൾ എന്താണു ചെയ്തെന്നോർത്തെടുക്കാനും ഇതു സഹായിക്കും. ദയവായി "എന്ത്" "എന്തുകൊണ്ട്" ചെയ്തു എന്ന് അവിടെ കുറിക്കുക. വിശദീകരണം വളരെ വലുതെങ്കിൽ സംവാദം താളിലേക്ക് മാറ്റുക. ആർക്കും തിരുത്താവുന്ന ഒന്നാണ് വിക്കിപീഡിയ, അതു കൊണ്ടു തന്നെ ശ്രദ്ധിക്കേണ്ട തിരുത്തലുകളും ഉണ്ടായേക്കാം, ചുരുക്കങ്ങൾ ഇതിനെ എളുപ്പമാക്കുന്നു.
- ശുഭപ്രതീക്ഷയോടെ പ്രവർത്തിക്കുക; അഥവാ ചർച്ചയിൽ എതിർഭാഗത്തു നിൽക്കുന്ന ആളും വിക്കിപീഡിയയെ മെച്ചപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കരുതുക. അവർ വിക്കിപീഡിയയെ പിച്ചിച്ചീന്തുകയാണെന്നു തോന്നിയാലും അവരെ പൂർണ്ണവിശ്വാസത്തിലെടുക്കുക, തൊണ്ണൂറു ശതമാനം സന്ദർഭങ്ങളിലും അവർ ശരിക്കും നല്ലതായിരിക്കും ചെയ്യുന്നത് എന്ന് താങ്കൾക്ക് മനസ്സിലാകും(താങ്കൾ ഒരു വിഡ്ഢിയെ പോലെയല്ല അവരെ കാണുന്നതെങ്കിൽ)
- ശുഭപ്രതീക്ഷയോടെയുള്ള തിരുത്തലുകൾ മുൻരൂപം പ്രാപിപ്പിക്കരുത്, വളരെ വ്യക്തമായ നശീകരണപ്രവർത്തനങ്ങൾ (ഉദാഹരണമായി " ലസ്ജ്ഫ്ലസ്ജ്ഫ്ല്ജസ്ദ്ല്ഫ്ജൊപുഅഫ്പുഅസ്ഫ്/‘നസ്ജ്ഫ്ബഫ്ക്ക്റ്റ്*(-90;adasdfasf" എന്ന് ചേർക്കുക അഥവാ “4+5=9” എന്നുള്ളത് “4+5=50” എന്നാക്കി മാറ്റുക മുതലായവ) അല്ലെങ്കിൽ പുനർപ്രാപനം ചെയ്യുന്നത് ഒറ്റയടിക്ക് ചിന്തിക്കരുത്. വികാരത്തിനു വശംവദനാകാതിരിക്കാൻ ശ്രമിക്കുക. സാധിക്കുന്നില്ലെങ്കിൽ എന്തുകൊണ്ട് പുനർപ്രാപനം ചെയ്തു എന്ന് ചുരുക്കരൂപത്തിലോ സംവാദം താളിലോ ഉടൻ പരാമർശിക്കുക.
- ദയവുള്ളവരാവുക. താങ്കൾ സ്വീകരിക്കുന്നവയിൽ വിശാലഹൃദയനും നൽകുന്നവയിൽ ശ്രദ്ധാലുവും ആവുക. മറ്റുള്ളവരുടെ സ്വഭാവ വൈചിത്ര്യങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കുക, സ്വയം ഉറച്ച, നേരായ രീതിയിൽ, വിനയത്തോടെ പെരുമാറാൻ ശ്രമിക്കുക.
- ഒപ്പിടുക: ആശയവിനിമയത്തിനുള്ള താളുകളിൽ ഒപ്പിടാൻ ശ്രമിക്കുക(താങ്കളുടെ പേരും സബ്മിറ്റ് ചെയ്യുന്ന സമയത്തെ സമയവും വരാൻ ~~~~ എന്നു ചേർത്താൽ മതിയാവും)
- പ്രിവ്യൂ കാണുക, തിരുത്തലുകളുടെ പ്രിവ്യൂ കാണുന്നത്, ലേഖനം ചിതറി പോകുന്നത് തിരിച്ചറിയാൻ സാധിക്കും.
- അടിസ്ഥാന കാര്യങ്ങൾ; അഞ്ച് അടിസ്ഥാന ചട്ടങ്ങളാണ് വിക്കിപീഡിയക്കുള്ളത്; സന്തുലിതമായ കാഴ്ചപ്പാട്, സ്വന്തന്ത്രാനുമതി, വിക്കി തുടർ പ്രക്രിയ, ആർക്കും തിരുത്താനുള്ള സ്വാതന്ത്ര്യം, ജിംബോയുടേയും ബോർഡിന്റേയും നേതൃത്വം എന്നിവയാണവ. ഇവയിൽ ഏതെങ്കിലുമായി താങ്കൾക്ക് കടുത്ത വിയോജിപ്പുണ്ടെങ്കിൽ വിക്കിപീഡിയ താങ്കൾക്ക് യോജിച്ച സ്ഥലമാവാൻ സാധ്യതയില്ല. വിക്കിപീഡിയ ഇന്നു വരെ ഇവയെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്, ഭാവിയിൽ മാറ്റം വരാനും സാധ്യതയില്ല. വളരെ ആഴത്തിലുള്ള വിചിന്തനങ്ങൾക്കു ശേഷമാണ് വിക്കിപീഡിയ ഇവയെ സ്വീകരിച്ചിട്ടുള്ളത്. ഇവയെ മാറ്റം വരുത്താനോ, പുറത്തു പോകാനോ ആലോചിക്കുന്നതിനു മുമ്പ് ഒന്നു കൂടി ആലോചിക്കുക.
- പകർപ്പവകാശങ്ങളെ ബഹുമാനിക്കുക വിക്കിപീഡിയ ക്രിയേറ്റീവ് കോമൺസ് ഷെയർ എലൈക് 3.0, ജി.എഫ്.ഡി.എൽ. എന്നീ അനുമതിപത്രങ്ങൾപ്രകാരമാണ് പ്രവർത്തിക്കുന്നത്. താങ്കൾ സംഭാവന ചെയ്യുന്നതെന്തും അതിനു യോജിക്കുന്നതാവണം.