തണ്ണീർത്തടം

ജലനിമഗ്നമായ ഭൂപ്രദേശം
(വാട്ടർ ഷെഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വർഷത്തിൽ ആറുമാസമെങ്കിലും ജലത്താൽ ആവൃതമോ ജലനിർഭരമോ ജലനിമഗ്നമോ ആയതും തനതായ പാരിസ്ഥിതികസവിശേഷതകൾ ഉള്ളതുമായ ഭൂപ്രദേശമാണ് തണ്ണീർത്തടം (Wetland).[1] അധികം ആഴമില്ലാതെ ജലം സ്ഥിരമായോ, വർഷത്തിൽ കുറച്ചു കാലമോ കെട്ടിക്കിടക്കുന്ന കരപ്രദേശമാണിത്. തണ്ണീർത്തടങ്ങളിൽ ജലം ഉപരിതലത്തിലോ അല്ലെങ്കിൽ ഉപരിതലത്തിനു തൊട്ടുതാഴെയോ ആണ് കാണപ്പെടുക. ഇത് കടൽ ജലമോ ശുദ്ധജലമോ ഓരുവെള്ളമോ ആകാം. ജലസസ്യങ്ങൾക്കും ജീവികൾക്കും വസിക്കുവാൻ യോഗ്യമായ ഇത്തരം പ്രദേശങ്ങളിൽ ചെളി കലർന്നതും ജൈവാവശിഷ്ടങ്ങളാൽ സമ്പുഷ്ടമായതുമായ മണ്ണു കാണപ്പെടുന്നു.

മുണ്ടേരികടവ് തണ്ണീർത്തടം,കണ്ണൂർ
ഒരു തണ്ണീർത്തടം-വേമ്പനാട്ടുകായൽ

എല്ലാ ഭൂഖണ്ഡങ്ങളിലും തണ്ണീർത്തടങ്ങൾ സ്വാഭാവികമായി നിലവിലുണ്ട്.[2] ചെറുതും വലുതുമായ തടാകങ്ങൾ, നദികൾ, അരുവികൾ. അഴിമുഖങ്ങൾ. ഡെൽറ്റകൾ, കണ്ടൽ പ്രദേശങ്ങൾ, പവിഴപ്പുറ്റുകൾ നിറഞ്ഞ പ്രദേശങ്ങൾ, ചതുപ്പ് പ്രദേശങ്ങൾ, താഴ്ന്ന നിരപ്പിലുള്ള നെൽവയലുകൾ, അണക്കെട്ടുകൾ, ജലസംഭരണികൾ, ഋതുഭേദങ്ങൾ മൂലം വെള്ളത്തിനടിയിലായ സമതല പ്രദേശങ്ങളും വനഭൂമികളും എന്നിവയെല്ലാം തണ്ണീർത്തടത്തിന്റെ നിർവ്വചനത്തിൽ വരും.[1]

പാരിസ്ഥിതികസംതുലനത്തിൽ തണ്ണീർത്തടങ്ങൾ നിരവധി ധർമങ്ങൾ നിർവ്വഹിക്കുന്നു. ജലശുചീകരണം, വെള്ളപ്പൊക്കനിയന്ത്രണം, തീരസംരക്ഷണം എന്നിവ ഇതിൽ പ്രധാനമാണ്. തണ്ണീർത്തടങ്ങൾ‌ മറ്റുള്ള ആവാസ വ്യവസ്ഥകളെക്കാൾ ജൈവവൈവിധ്യം കൊണ്ട് സമ്പുഷ്ടമാണ്. നിരവധിയായ സസ്യ-ജന്തുജാതികളുടെ വാസസ്ഥലമാണ് തണ്ണീർത്തടങ്ങൾ. ശാസ്ത്രജ്ഞർ തണ്ണീർത്തടങ്ങളെ ഭൂമിയുടെ വൃക്കകൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും തണ്ണീർത്തടങ്ങൾ കാണപ്പെടുന്നു.[3] ലോകത്തെ ഏറ്റവും വലിയ തണ്ണീർത്തടങ്ങളുടെ കൂട്ടത്തിൽ ആമസോൺ നദീതടവും പടിഞ്ഞാറൻ സൈബീരിയൻ സമതലപ്രദേശവും ഉൾപ്പെടുന്നു. ആധുനികകാലത്തു് തണ്ണീർത്തടങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിനാശം മറ്റേത് ആവാസ വ്യവസ്ഥയിലേതിനെക്കാളും വളരെക്കൂടുതലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ സഹസ്രാബ്ദ ആവാസവ്യവസ്ഥ വിലയിരുത്തലിൽ കണ്ടെത്തിയിട്ടുണ്ട്.[4]

നിർവ്വചനം

തിരുത്തുക

1971 ൽ ഇറാനിലെ റാംസറിൽ നടന്ന സമ്മേളന തീരുമാനപ്രകാരം തണ്ണീർത്തടങ്ങളുടെ നിർവ്വചനം ഇപ്രകാരമാണ്: ചതുപ്പ് നിറഞ്ഞതോ വെള്ളക്കെട്ട് നിറഞ്ഞതോ ആയ പ്രദേശം. പ്രകൃത്യാലുള്ളതോ, മനുഷ്യ നിർമിതമോ, സ്ഥിരമായോ താൽക്കാലികമായോ ജലം ഒഴുകുന്നതോ, കെട്ടിക്കിടക്കുന്നതോ ആയ, ശുദ്ധജലത്താലോ കായൽ ജലത്താലോ അല്ലെങ്കിൽ ഉപ്പ് ജലത്താലോ നിറഞ്ഞതും വേലിയേറ്റ വേലിയിറക്കം അനുഭവപ്പെടുന്നതും, ആറു മീറ്ററിൽ താഴെ ആഴമുള്ളതുമായ ജലമേഖലകൾ തണ്ണീർത്തടങ്ങൾ എന്നറിയപ്പെടുന്നു. ഇത്തരം പ്രദേശങ്ങളിൽ ജലസസ്യങ്ങൾ അല്ലെങ്കിൽ ജലത്തിൽ വളരുന്നതിന് അനുരൂപപ്പെട്ട സസ്യങ്ങൾ ഉണ്ടായിരിക്കുകയും വേണം.[5]

വർഗീകരണം

തിരുത്തുക

റാംസർ ഉടമ്പടി തണ്ണീർത്തടങ്ങളെ സമുദ്ര/തീരപ്രദേശത്തുള്ളവ, ഉൾനാടൻ തണ്ണീർത്തടങ്ങൾ, മനുഷ്യ നിർമ്മിത തണ്ണീർത്തടങ്ങൾ എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്.[1]

സമുദ്ര/തീരപ്രദേശത്തുള്ളവ

തിരുത്തുക

സമുദ്രതീരത്തോ തീരത്തോടടുത്ത പ്രദേശങ്ങളിലോ കാണപ്പെടുന്ന തണ്ണീർത്തടങ്ങളാണിവ. ഇതിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ:

ഉൾനാടൻ തണ്ണീർത്തടങ്ങൾ

തിരുത്തുക

സമുദ്രതീരത്തുനിന്നും വേറിട്ട് ഉൾപ്രദേശങ്ങളിൽ കാണപ്പെടുന്നവയാണിവ. ഇവയിൽ ഉൾപ്പെടുന്നവ:

  • ഉൾനാടൻ ഡെൽറ്റകൾ (നദീമുഖങ്ങൾ),
  • നദികൾ, അരുവികൾ, വെള്ളച്ചാട്ടങ്ങളുള്ള പാറയിടുക്കുകൾ,
  • ആനുകാലികമായോ ഇടക്കിടക്കോ ഒഴുകുന്ന നദികൾ, അരുവികൾ,
  • എട്ടു ഹെക്ടറിൽ കൂടുതൽ വിസ്തീർണമുള്ള ശുദ്ധജലതടാകങ്ങൾ (ഓക്സ്ബോ തടാകങ്ങൾ ഉൾപ്പെടുന്നവ),
  • ആനുകാലികമായോ ഇടക്കിടക്കോ കടൽജലം കയറുന്ന കായൽ (ക്ഷാരസ്വഭാവമുള്ള തടാകങ്ങളും),
  • ശുദ്ധജല തടാകങ്ങൾ,
  • കാലാനുസൃതമായി ഉപ്പുവെള്ളം കയറുന്നതോ ക്ഷാരഗുണമുള്ളതോ ആയ പ്രദേശങ്ങൾ,
  • സ്ഥിരമായി ഉപ്പ് വെള്ളമോ ക്ഷാരഗുണമുള്ളതോ ശുദ്ധജലം ലഭ്യമായതോ ആയ ചെളി പ്രദേശങ്ങൾ,
  • വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ,
  • പീറ്റ് നിലങ്ങൾ (കരിനിലങ്ങൾ),
  • ആൽപ്പെൻ തണ്ണീർത്തടങ്ങൾ (മഞ്ഞുരുകി ഉണ്ടാകുന്ന ജലപ്രദേശങ്ങൾ),
  • ഇടതൂർന്ന് കുറ്റിച്ചെടികൾ നിറഞ്ഞ ചെളിപ്രദേശങ്ങൾ,
  • തുന്ധ്രാപ്രദേശങ്ങൾ,
  • വൃക്ഷനിബിഡമായ ശുദ്ധജലതണ്ണീർത്തടങ്ങൾ,
  • ജല ഉറവകൾ,
  • ഭൌമാന്തർജന്യമായ താപം വഹിക്കുന്ന ചൂടുനീരുറവകൾ.

മനുഷ്യ നിർമ്മിത തണ്ണീർത്തടങ്ങൾ

തിരുത്തുക

മനുഷ്യ നിർമിതമായ കൃത്രിമ ജലാശയങ്ങളോ അനുബന്ധപ്രദേശങ്ങളോ ആണിവ. ഇവയിൽ ഉൾപ്പെടുന്നവ:

  • ജലകൃഷിയിടങ്ങൾ (മത്സ്യ/ചെമ്മീൻ കെട്ടുകൾ),
  • എട്ടുഹെക്ടറിൽ താഴെയുള്ള മനുഷ്യ നിർമ്മിത കുളങ്ങൾ,
  • ജലം കയറിഇറങ്ങുന്ന ഉടത്തോടുകൾ, ജലസേചനത്തോടുകൾ, നെൽവയലുകൾ,
  • കാലാനുസൃതമായി ജലം കയറിയിറങ്ങുന്ന കൃഷിയിടങ്ങൾ,
  • ഉപ്പളങ്ങൾ,
  • വെള്ളം സംഭരിച്ചിരിക്കുന്ന ഡാമുകൾ/റിസർവോയറുകൾ/ബാരേജുകൾ,
  • ഖനനം മൂലം ജലം കെട്ടിക്കിടക്കുന്ന പ്രദേശങ്ങൾ,
  • മലിനജലലം സംസ്കരിക്കുന്ന പ്രദേശങ്ങൾ,
  • കനാലുകൾ.

തണ്ണീർത്തടങ്ങളുടെ പ്രാധാന്യം

തിരുത്തുക

എല്ലാ ജീവജാലങ്ങളുടെയും നിലനില്പിനും പരിസ്ഥിതിയുടെ ഗുണനിലവാരം നിലനിർത്തുന്നതിനും തണ്ണീർത്തടങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. അങ്ങനെ ആവാസ വ്യവസ്ഥ സന്തുലിതമായി നിലനിർത്തുന്നു. അവയ്ക്ക് സാമ്പത്തികമായും സാമൂഹികമായും വളരെയധികം മൂല്യവും പ്രാധാന്യവുമുണ്ട്. മലിനജലത്തെ ശുദ്ധീകരിച്ച്, ജീവജാലങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാൽ തണ്ണീർത്തടങ്ങളെ ഭൂമിയുടെ വൃക്കകൾ എന്ന് വിളിക്കുന്നു. അമേരിക്കക്കാരനായ കോസ്റ്റാൻസയും സംഘവും 1997ൽ നടത്തിയ പഠനത്തിൽ ഒരു വർഷം ഒരു ഹെക്ടർ തണ്ണീർത്തടം 6,80,110 രൂപയുടെ സേവനം പ്രദാനം ചെയ്യുന്നതായി വിലയിരുത്തിയിട്ടുണ്ട്.

2007ൽ നടത്തിയ ഒരു പഠനമനുസരിച്ച് കേരളത്തിലെ തണ്ണീർത്തടങ്ങൾ വർഷത്തിൽ 157.97 കോടി രൂപയുടെ വരുമാനം നേടിത്തരുന്നു.[1] സംസ്ഥാനത്തെ നെൽവയലുകൾ കൂടി ഉൾപ്പെടുത്തിയാൽ ആകെ 231.15 കോടി രൂപയുടെ വരുമാനം തണ്ണീർത്തടങ്ങൾ കേരളത്തിന് നേടിത്തരുന്നതായി പഠനം വിലയിരുത്തുന്നു. ഭക്ഷ്യശൃംഖലയിലുള്ള ഇതിന്റെ സ്വാധീനവും സേവനങ്ങളും വിലമതിക്കാനാകാത്തതാണ്.

 
കുട്ടനാട്ടിലെ നെൽവയൽ

തണ്ണീർത്തടങ്ങൾ മിക്കവയും ഉയർന്ന ഉല്പാദനക്ഷമതയുള്ള ജലസംഭരണികളാണ് (nutrient sinks). മനുഷ്യരാശി ഭക്ഷിക്കുന്ന ആകെ മത്സ്യത്തിന്റെ 90 ശതമാനവും തണ്ണീർത്തടങ്ങൾ സംഭാവനചെയ്യുന്നു[1].

നെല്ല് മുതലായ ധാന്യങ്ങൾ ഉല്പാദിപ്പിക്കുന്നത് പ്രധാനമായും തണ്ണീർത്തടങ്ങളെ ആശ്രയിച്ചാണ്. കൂടാതെ കാലിത്തീറ്റയായി ഉപയോഗിക്കുന്ന നിരവധി പുൽവർഗങ്ങളും പായലുകളും തണ്ണീർത്തടങ്ങളിൽ നിന്നും ലഭിക്കുന്നു.

വെള്ളപ്പൊക്ക നിയന്ത്രണം

തിരുത്തുക

വെള്ളപ്പൊക്കനിയന്ത്രണം പ്രധാനമായും നടപ്പിലാക്കുന്നത് തണ്ണീർത്തടങ്ങളാണ്. കനത്ത മഴക്കാലത്ത് പെയ്തൊലിക്കുന്നതും,നദികളിൽനിന്നും മറ്റും ഒഴുകി എത്തുന്നതുമായ അധികജലവും ശേഖരിക്കപ്പെടുന്ന സംഭരണികളാണ് തണ്ണീർത്തടങ്ങൾ.

ജലസംഭരണം

തിരുത്തുക

തണ്ണീർത്തടങ്ങൾ പ്രകൃതിദത്ത അണക്കെട്ടുകളാണ്. ഇവ ഭൂഗർഭജലത്തെ സമ്പുഷ്ടമാക്കുകയും ആവശ്യാനുസരണം വീണ്ടെടുക്കുകയും ചെയ്യുന്നു. തണ്ണീർത്തടങ്ങളുടെ സവിശേഷമായ ഭൗമഘടന ഭൂഗർഭ ജലപോഷണത്തിന് അനുയോജ്യമാണ്. ഇവിടത്തെ മണൽകലർന്ന ചെളിയിലുള്ള അതിസൂക്ഷ്മ സുഷിരങ്ങളിലൂടെ ഭൂഗർഭജലം സംഭരിക്കപ്പെടുന്ന ഇടത്തേക്ക് (aquifer) ശുദ്ധജലം ഊർന്നിറങ്ങുന്നു. തണ്ണീർത്തടങ്ങളുടെ സാമീപ്യമുള്ളിടങ്ങളിൽ വേനൽക്കാലത്ത് വരൾച്ച കുറവായിരിക്കും.

കരസംരക്ഷണം

തിരുത്തുക
 
തണ്ണീർത്തടങ്ങളുടെ കരയിൽ വളരുന്ന കണ്ടലുകൾ

തണ്ണീർത്തടങ്ങളുടെ തീരത്ത് വളരുന്ന സസ്യങ്ങൾ ജലാശയത്തിട്ടകൾക്കും നദീതീരങ്ങൾക്കും ബലംനൽകുകയും സ്ഥിരപ്രകൃതം പ്രധാനം ചെയ്യുകയും ചെയ്യുന്നു. തണ്ണീർത്തടങ്ങളുടെ കരയോട് ചേർന്ന് വളരുന്ന പ്രത്യേകതരം സസ്യങ്ങൾ എക്കലുകൾ അടിയുന്നതിനും തീരഘടനയെ നിലനിർത്തുന്നതിനും സഹായിക്കുന്നു. കണ്ടൽചെടികൾ, പാപ്പിറസ്, ടൈഫ തുടങ്ങിയ കുറ്റിച്ചെടികൾ എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. ഇവ പലതരം മത്സ്യ ജാതികളുടെ ആഹാരസമ്പാദനത്തിനും പ്രജനനത്തിനും അവസരം സൃഷ്ടിക്കുന്നു. കടൽക്ഷോഭത്തിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നും ഇവ കരപ്രദേശങ്ങളെ രക്ഷിക്കുന്നു. വേലിയേറ്റ വേലിയിറക്കസമയത്തെ ജലപ്രവാഹത്തെ നിയന്ത്രിക്കുന്നു. സുനാമിയിൽ നിന്നും ചുഴലിക്കൊടുംകാറ്റിൽനിന്നും തീരത്തെ സംരക്ഷിക്കുന്നതിൽ കണ്ടലുകളിൽ വളരുന്ന തണ്ണീർത്തടങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

മാലിന്യ സംസ്കരണം

തിരുത്തുക

ഘനലോഹങ്ങൾ ഉൾപ്പെടെ ജലത്തിൽ അലിഞ്ഞുചേർന്ന മാലിന്യങ്ങളും നിരുപയോഗ വസ്തുക്കളും അരിച്ച് ശുചിയാക്കുന്ന ജൈവ അരിപ്പകളായി തണ്ണീർത്തടങ്ങൾ വർത്തിക്കുന്നു. ഇവയിലെ മണ്ണും ചെളിയും സസ്യങ്ങളും സൂക്ഷ്മജീവികളും ഉൾപ്പെടുന്ന ശൃംഖല മാലിന്യത്തെ വിഘടിപ്പിക്കുകയോ വലിച്ചെടുക്കുകയോ ചെയ്ത് ജലത്തെ ശുദ്ധീകരിക്കുന്നു. ജലമാലിന്യംമൂലമുള്ള രോഗങ്ങളും പകർച്ചവ്യാധികളും തടയുന്നതിൽ ഇത് മുഖ്യ പങ്ക് വഹിക്കുന്നു. വയലേലകളിൽ നിന്നും പുറന്തള്ളുന്ന കീടനാശിനികളെയും രാസവളങ്ങളെയും തണ്ണീർത്തടങ്ങൾ സ്വാംശീകരിച്ച് ജലത്തെ ശുചിയാക്കുന്നു. മനുഷ്യവാസപ്രദേശങ്ങളിൽനിന്നും ശബരിമലപോലെയുള്ള വലിയ തീർത്ഥാടന പ്രദേശങ്ങളിൽ നിന്നും പുറന്തള്ളുന്ന മനുഷ്യ വിസർജ്യങ്ങൾ ശുദ്ധീകരിക്കുന്നതും തണ്ണീർത്തടങ്ങളാണ്. കാർഷിക-വ്യാവസായിക-ഗാർഹിക മേഖലകളിൽനിന്നും പുറന്തള്ളപ്പെടുന്ന നൈട്രേറ്റ്, ഫോസ്ഫേറ്റ് തുടങ്ങിയ പോഷകങ്ങളെ തണ്ണീർത്തടങ്ങളിലെ ജലസസ്യങ്ങൾ ആഗിരണം ചെയ്ത് ജലശുചീകരണം ഉറപ്പുരുത്തുന്നു.

ജീവജാലങ്ങളുടെ ആവാസപ്രദേശം

തിരുത്തുക
 
തണ്ണീർത്തടത്തിൽ കാണപ്പെടുന്ന നീലക്കോഴി

തണ്ണീർത്തടങ്ങൾ ജൈവവൈവിധ്യത്താൽ സമ്പന്നമാണ്. ജീവനെ നിലനിർത്താനാവശ്യമായ ജലത്തിന്റെ നിർലോഭമായ സാന്നിധ്യവും ഉയർന്ന ഉല്പാദനക്ഷമതയുമാണ് ഇതിന് കാരണം. അസംഖ്യം ജീവജാതികളോടൊപ്പം അപൂർവ്വവും അന്യംനിന്നുപോകാൻ സാധ്യതയുള്ളതുമായ ജീവജന്തുജാലങ്ങളേയും തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നു. വിവിധ തരത്തിൽ പെട്ട മത്സ്യങ്ങളുടേയും പക്ഷികളുടേയും പ്രജനനകേന്ദ്രങ്ങളാണ് തണ്ണീർത്തടങ്ങൾ. കരിമീൻ, കണമ്പ്, ഞണ്ട്, കക്ക തുടങ്ങി മനുഷ്യൻ ഭക്ഷിക്കുന്ന ജീവികളും ഇവയിൽ ഉൾപ്പെടുന്നു. തണ്ണീർത്തടങ്ങൾ ജീൻ പൂളുകളാണ്. തണ്ണീർത്തടങ്ങളിൽ കാണപ്പെടുന്ന കുളയട്ട അശുദ്ധരക്തം നീക്കംചെയ്യുന്നതിന് പ്രയോജനപ്പെടുന്നു. സ്പൈറുലിന (spirulina) തുടങ്ങിയ ആൽഗകൾ മാംത്സ്യ ഉല്പാദനത്തിനും ഉപകരിക്കുന്നു. വിവിധയിനം പൂവുകൾ, തീറ്റപ്പുല്ലുകൾ തുടങ്ങിയവയും തണ്ണീർത്തടങ്ങളിൽ വളരുന്നു. തദ്ദേശീയപക്ഷികളും ദേശാടന പക്ഷികളും തണ്ണീർത്തടങ്ങളിൽ പ്രജനനം നടത്തുന്നു.

പ്രധാന തണ്ണീർത്തടങ്ങൾ

തിരുത്തുക

ലോകത്തിലെ പ്രധാന തണ്ണീർത്തടങ്ങൾ

തിരുത്തുക

ലോകത്തെ പ്രമുഖ പരിസ്ഥിതി സംരക്ഷണ സംഘടനയായ വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (World Wide Fund for Nature – WWF) പട്ടികപ്പെടുത്തിയ പ്രകാരം ലോകത്തെ പ്രധാന തണ്ണീർത്തടങ്ങൾ താഴെപറയുന്നു.[6]

പാന്റനാൽ (Pantanal) – ബ്രസീൽ, ബൊളീവിയ, പരാഗ്വേ

തിരുത്തുക
 
പാന്റനാൽ

ലോകത്തിലെതന്നെ ഏറ്റവും വലുതും സംരക്ഷിക്കപ്പെടുന്നതുമായ ഒരു തണ്ണീർത്തടമാണിത് പാന്റനാൽ. ഇതിന്റെ ആകെ പരപ്പളവ് 1,50,000 ച. കി. മീ. ആണ്. ചതുപ്പുകൾ, കായലുകൾ, വെള്ളപ്പൊക്ക പ്രദേശങ്ങൾ എന്നിവയെല്ലാം ചേർന്ന സങ്കരമായ ഒരു തണ്ണീർത്തട വ്യവസ്ഥയാണിത്. 658 ജാതി പക്ഷികളും 190 ജാതി സസ്തനികളും 270 മത്സ്യജാതികളും 1,132 ൽപരം ചിത്രശലഭങ്ങളും ഇവിടെ വസിക്കുന്നു.

കമാഗ് (Camargue) – ഫ്രാൻസ്

തിരുത്തുക
 
കമാഗ്

തെക്കുകിഴക്കൻ ഫ്രാൻസിലെ റോണി നദീതടത്തിൽ സ്ഥിതിചെയ്യുന്നു. ഇതിന്റെ ഏതാണ്ട് മൂന്നിലൊന്ന് ഭാഗം തടാകമോ ചതുപ്പ് നിലങ്ങളോ ആണ്. യൂറോപ്പിൽ പക്ഷിനിരീക്ഷണത്തിന് പറ്റിയ നല്ല സ്ഥലങ്ങളിൽ ഒന്നാണ് കമാഗ്. ഇവിടത്തെ കുളങ്ങൾ ഫ്ലമിംഗോ പക്ഷികളുടെ ആവാസ പ്രദേശങ്ങളാണ്. കമാഗ് കാളകൾ, കമാഗ് കുതിരകൾ എന്നിവ പ്രസിദ്ധങ്ങളാണ്.

വാസൂർ നാഷണൽ പാർക്ക് (Wasur National Park) – ഇന്തോനേഷ്യ

തിരുത്തുക

ഇന്തോനേഷ്യൻ പ്രദേശമായ പാപ്പുവയിലെ ന്യൂ ഗുനിയ ദ്വീപിലെ വിസ്തൃതമായ തണ്ണീർത്തടമാണ് വാസൂർ നാഷണൽ പാർക്ക്. അപൂർവ്വവും അന്യംനിന്നുപോയേക്കാവുന്നതുമായ അനവധി ജീവജാതികൾ ഇവിടെ കാണപ്പെടുന്നു, പ്രത്യേകിച്ചും റാവ ബിരു (Rawa Biru Lake) തടാകത്തിന് ചുറ്റും. എന്നാൽ കുളവാഴകളുടേയും മറ്റ് അധിനിവേശ സസ്യങ്ങളുടേയും വളർച്ച ഇവിടത്തെ പുല്ലുകളും മറ്റും നിറഞ്ഞ സ്വാഭാവിക പരിസ്ഥിതിക്ക് വലിയ ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്.

കക്കഡ്യു തണ്ണീർത്തടം (Kakadu Wetlands) – ആസ്ട്രേലിയ

തിരുത്തുക
 
കക്കഡ്യൂ

ആസ്ട്രേലിയയുടെ വടക്കൻ പ്രവിശ്യയിൽ കാണപ്പെടുന്നതും ഏതാണ്ട് സ്വിറ്റ്സർലാണ്ടിന്റെ പകുതിയോളം വിസ്തൃതിയുള്ളതുമായ ഒരു നാഷണൽ പാർക്കാണ് കക്കാഡ്. ശുദ്ധജലത്തിലും ഉപ്പ്ജലത്തിലും വളരുന്ന നിരവധി മുതലകളുടെ വാസസങ്കേതമാണ് ഈ നാഷണൽ പാർക്ക്. ഇവിടേക്ക് പതിക്കുന്ന മഞ്ഞനദിയാണ് പ്രധാനപ്പെട്ട ഒരു സവിശേഷത. ഈ മഞ്ഞനദി നിരവധി മുതലകളുടേയും വന്യജാതിയിൽപെട്ട കുതിരകളുടേയും പോത്തുകളുടേയും വാസകേന്ദ്രമാണ്. ദശലക്ഷക്കണക്കിന് ദേശാടനപക്ഷികളെ ആകർഷിക്കുന്ന നിരവധി പോഷക നദികൾ കക്കാഡിലെത്തുന്നു.

കേരളത്തിലെ കായലുകൾ (Kerala Backwaters) – ഇന്ത്യ

തിരുത്തുക
 
കേരളത്തിലെ കായൽ

പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന വലുതും ചെറുതുമായ നിരവധി കായലുകളുടേയും ചിറകളുടേയും ഒരു ശൃംഖലയാണ് കേരളത്തിലെ കായലുകൾ. അഞ്ച് പ്രധാന കായലുകൾ, അവയിലേക്ക് ഒഴുകിയെത്തുന്ന വലുതും ചെറുതുമായ മുപ്പതിലധികം നദികൾ, അവയെ ബന്ധിപ്പിക്കുന്ന കനാലുകൾ എന്നിവയെല്ലാം ഈ തണ്ണീർത്തട വ്യവസ്ഥയുടെ ഭാഗമാണ്. ഞണ്ട്, കൊഞ്ച്, നീർപക്ഷികൾ, തവളകൾ, മത്സ്യങ്ങൾ തുടങ്ങി അപൂർവ്വങ്ങളായ നിരവധി ജന്തുജാതികളുടേയും കണ്ടലുകളടക്കമുള്ള നിരവധി സസ്യ വർഗങ്ങളുടേയും ആവാസകേന്ദ്രമാണ് ഇവിടം. ലോകത്തിലെ പ്രധാന വിനോദസഞ്ചാര മേഖലയാണ് കേരളത്തിലെ കായലുകൾ

ഇന്ത്യയിലെ പ്രധാന തണ്ണീർത്തടങ്ങൾ

തിരുത്തുക

ആകെ തണ്ണീർത്തടങ്ങൾ ഇന്ത്യൻ ഭൂവിസ്തൃതിയുടെ 19.6 ശതമാനമാണ്. നദികളും തോടുകളും 1.41 ലക്ഷം കിലോമീറ്റർ നീളമുണ്ട്.[7][1] റാംസർ കൺവൻഷനിൽ പങ്കെടുത്ത് ഉടമ്പടിയിൽ ഒപ്പുവച്ച രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഒഡിഷയിലെ ചിൽക്കാ തടാകവും രാജസ്ഥാനിലെ ഭരത്പൂർപാർക്കുമാണ് ആദ്യമായി റാംസർ പ്രദേശങ്ങളായി ഇന്ത്യ പ്രഖ്യാപിച്ച തണ്ണീർത്തടങ്ങൾ. നിലവിൽ 26 റാംസർ പ്രദേശങ്ങളാണ് ഇന്ത്യയിലുള്ളത്. ഇവയുടെ ആകെ വിസ്തൃതി 6 89, 131 ഹെക്ടറാണ്.[8]

ഇന്ത്യയിലെ റാംസർ പ്രദേശങ്ങൾ

തിരുത്തുക

(2012 സെപ്തംബർ 28 ലെ കണക്കുപ്രകാരം)[9][10]

പേര്[10] സ്ഥാനം നിർണയ തീയതി പരപ്പളവ് (km2) വിവരണം ചിത്രം
1 അഷ്ടമുടി തണ്ണീർത്തടം കേരളം
8°57′N 76°35′E / 8.950°N 76.583°E / 8.950; 76.583 (Ashtamudi Wetland)
19/08/02 614 വലിപ്പംകൊണ്ട് കേരളത്തിലെ രണ്ടാമത്തേതും ആഴമുള്ള നീർത്തട ആവാസവ്യവസ്ഥയുമുള്ള ഒരു കായലാണ്‌ കൊല്ലം ജില്ലയിലുള്ള അഷ്ടമുടിക്കായൽ. പനയാകൃതിയുള്ള ഈ വലിയ ജലസംഭരണി വലിപ്പത്തിൽ വേമ്പനാട് കായലിന്റെ തൊട്ടു പുറകിൽ സ്ഥാനമുറപ്പിക്കുന്നു. അഷ്ടമുടി എന്നതിന്റെ അർത്ഥം എട്ടു ശാഖകൾ എന്നാണ്‌.  
2 ഭിത്തർകണിക കണ്ടൽക്കാടുകൾ ഒഡിഷ
20°39′N 86°54′E / 20.650°N 86.900°E / 20.650; 86.900 (Bhitarkanika Mangroves)
19/08/02 650
 
3 ഭോജ് തണ്ണീർത്തടം മധ്യപ്രദേശ്
23°14′N 77°20′E / 23.233°N 77.333°E / 23.233; 77.333 (Bhoj Wetland)
19/08/02 32
 
4 ചന്ദർത്താൽ ഹിമാചൽ പ്രദേശ്
32°29′N 77°36′E / 32.483°N 77.600°E / 32.483; 77.600 (Chandra Taal)
08/11/05 .49
 
5 ചിൽക്ക തടാകം ഒഡിഷ 01/10/81 1165 ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്ത് കിഴക്ക് തീരത്ത് ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള ലവണജല തടാകമാണ് ചിൽക്ക തടാകം.പുരി, ഖുർദ, ഖഞ്ജാം എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ തടാകം ദയ നദിയുടെ പതനപ്രദേശം കൂടിയാണ്. വലിപ്പത്തിൽ ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേയും ലഗൂൺ ആണിത്.
 
6 ഡീപോർവീൽ ആസ്സാം 19/08/02 40
7 കിഴക്കൻ കൊൽക്കത്താ തണ്ണീർത്തടം പശ്ചിമ ബംഗാൾ 19/08/02 125  
8 ഹാരികേ തണ്ണീർത്തടം പഞ്ചാബ് 23/03/90 41
9 ഹൊക്കേറ തണ്ണീർത്തടം ജമ്മു കാശ്മീർ 08/11/05 13.75
10 കാഞ്ചിലി തണ്ണീർത്തടം പഞ്ചാബ് 22/01/02 1.83
11 കിയോലാഡിയോ നാഷണൽ പാർക്ക് രാജസ്ഥാൻ 01/10/81 28.73
12 കൊല്ലേരു തടാകം ആന്ധ്രാപ്രദേശ് 19/08/02 901
13 ലോക്തക് തടാകം മണിപ്പൂർ 23/03/90 266
14 നാൽസരോവർ പക്ഷിസങ്കേതം ഗുജറാത്ത് 24/09/12 123
15 പോയിന്റ് കാലിമീർ വന്യജീവി പക്ഷി സങ്കേതം തമിഴ്നാട് 19/08/02 385
16 പോങ് ഡാം തടാകം ഹിമാചൽ പ്രദേശ് 19/08/02 156.62
17 രേണുക തണ്ണീർത്തടം ഹിമാചൽ പ്രദേശ് 08/11/05 .2
18 രൂപാർ പഞ്ചാബ് 22/01/02 13.65
19 രുദ്രസാഗർ തടാകം ത്രിപുര 08/11/05 2.4
20 സാംഭാർ തടാകം രാജസ്ഥാൻ 23/03/90 240
21 ശാസ്താംകോട്ട തടാകം കേരളം 19/08/02 3.73
22 സുരിൻസർ-മൻസർ തടാകം ജമ്മുകാശ്മീർ 08/11/05 3.5
23 സോമോരിരി ജമ്മുകാശ്മീർ 19/08/02 120 ട്രാൻസ്-ഹിമാലയൻ മേഖലയിലെ ഉയരത്തിലുള്ള ഏറ്റവും വലിയ കായൽ. ആൽകലൈൻ വെള്ളമുള്ള ഈ കായൽ ഒരു ഓലിഗോട്രോഫിക് കായലാണ്.  
24 ഗംഗാ തടം (ബ്രിഡ്ജ് ഘട്ട് മുതൽ നറോറ വരെ) ഉത്തർ പ്രദേശ് 08/11/05 265.9
25 വേമ്പനാട് കോൾ തണ്ണീർത്തടം കേരളം 19/08/02 1512.5 കേരളത്തിലെ ഏറ്റവും വലുതും, ഭാരതത്തിലെ ഏറ്റവും നീളം കൂടിയതുമായ തടാകമാണ് വേമ്പനാട് കായൽ.[1] ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന വേമ്പനാടിന്റെ വിസ്തീർണം 1512 ച. കി. മി. ആണ്. 14 കി. മി. ആണ് ഏറ്റവും കൂടിയ വീതി.അച്ചൻകോവിലാർ, മണിമലയാർ, മീനച്ചിലാർ, മൂവാറ്റുപുഴയാർ, പമ്പാനദി, പെരിയാർ തുടങ്ങിയ നദികൾ ഈ കായലിൽ ഒഴുകി എത്തുന്നു. പാതിരാമണൽ, പള്ളിപ്പുറം, പെരുമ്പളം തുടങ്ങിയ ദ്വീപുകൾ വേമ്പനാട് കായലിലാണ്. വേമ്പനാട്ടുകായൽ അറബിക്കടലുമായി ചേരുന്ന പ്രദേശത്താണ് കൊച്ചി തുറമുഖം.  
26 വൂളാർ തടാകം ജമ്മുകാശ്മീർ 23/03/90 189

കേരളത്തിലെ തണ്ണീർത്തടങ്ങൾ

തിരുത്തുക

കേരളത്തിലെ 44 നദികളും കായലുകളും അഴിമുഖങ്ങളും പൊഴികളും നെൽവയലുകളും റിസർവോയറുകളുമെല്ലാം തണ്ണീർത്തടങ്ങളുടെ പട്ടികയിൽ പെടുന്നു. 2001 ലെ ഒരു പൊതു പഠനപ്രകാരം കൃത്രിമ ജലാശയങ്ങളും റിസർവോയറുകളും ഒഴികെ കേരളത്തിൽ 157 തണ്ണീർത്തടങ്ങളാണുള്ളത്.[1] കേരളത്തിലെ മിക്ക തണ്ണീർത്തടങ്ങളും ഓരുവെള്ളം കയറുന്നവയാണ്. ഏതാനും ശുദ്ധജല തടാകങ്ങളും കേരളത്തിലുണ്ട്. ആലപ്പുഴയിലെ കുട്ടനാട് നെൽപ്പാടങ്ങൾ, എറണാകുളത്തെ പൊക്കാളിപ്പാടങ്ങൾ, തൃശ്ശൂരിലെ കോൾ നിലങ്ങൾ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ജാതിച്ചതുപ്പുകൾ എന്നിവ കേരളത്തിന്റെ തനതായ തണ്ണീർത്തടങ്ങളാണ്.

റാംസർ പ്രദേശങ്ങൾ

തിരുത്തുക
 
വേമ്പനാട്ട് കായൽ നികത്തെയെടുത്ത നിലങ്ങളിൽ നടക്കുന്ന നെൽ കൃഷി. സമുദ്രനിരപ്പിനും താഴെയാണ് ഇവിടെ കൃഷി നടക്കുന്നത്. വലിയ യന്ത്രങ്ങളുപയോഗിച്ച് വെള്ളം വറ്റിച്ചാണ് കൃഷിനിലങ്ങൾ ഒരുക്കുന്നത്. ലോകത്തിലെ തന്നെ അപൂർവ്വമായ ഒരു കൃഷിരീതിയാണ് വേമ്പനാട് തണ്ണീർത്തടത്തിന്റെ ഭാഗമായ കേരളത്തിലെ കുട്ടനാടൻ കൃഷി.

151,250ഹെക്ടർ വിസ്തൃതിയുള്ള വേമ്പനാട്ട് കായൽ ഒരു തീരദേശ തണ്ണീർത്തടമാണ്. ഇത് കേരളത്തിലെ ഏറ്റവും വലിയ തീരദേശനീർത്തടമാണ്. റാംസർ ഉടമ്പടിയിൽ 1214-ാം നമ്പരാണ് ഈ കായലിന്.

61,400 ഹെക്ടർ വിസ്തൃതിയുള്ള അഷ്ടമുടിക്കായൽ ഒരു തീരദേശ തണ്ണീർത്തടമാണ്. റാംസർ ഉടമ്പടിയിൽ 1204-ാം നമ്പരാണ് ഈ കായലിന്. ഇതു കേരളത്തിലെ വലിപ്പത്തിൽ രണ്ടാമത്തെ തീരദേശനീർത്തടമാണിത്.

373 ഹെക്ടർ വിസ്തൃതിയുള്ള ശാസ്താംകോട്ട കായൽ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലകായലാണ്. റാംസർ ഉടമ്പടിയിൽ 1212-ാം നമ്പരാണ് ഈ കായലിന്.

കേരളത്തിലെ ശുദ്ധജല തടാകങ്ങൾ

തിരുത്തുക

ഏഴു ശുദ്ധജലതടാകങ്ങളാണ് കേരളത്തിലുള്ളത്.

  1. വെള്ളായണി കായൽ (തിരുവനന്തപുരം ജില്ല),
  2. ശാസ്താംകോട്ട കായൽ (കൊല്ലം ജില്ല),
  3. മനക്കൊടി കായൽ (തൃശ്ശൂർ ജില്ല),
  4. മുരിയാട് തടാകം (തൃശ്ശൂർ ജില്ല),
  5. കാട്ടകാമ്പാൽ തടാകം (തൃശ്ശൂർ ജില്ല),
  6. ഏനാമാക്കൽ തടാകം (തൃശ്ശൂർ ജില്ല),
  7. പൂക്കോട് തടാകം (വയനാട് ജില്ല).

തണ്ണീർത്തടങ്ങളുടെ നശീകരണം

തിരുത്തുക
 
കുളവാഴ മൂടിയ നെൽവയൽ

ഗുരുതരമായ പാരിസ്ഥിതിക നാശംനേരിടുന്ന പ്രദേശങ്ങളാണ് തണ്ണീർത്തടങ്ങൾ. മനുഷ്യകേന്ദ്രീകൃതവും പ്രകൃത്യാലുമുള്ള കാരണങ്ങളാൽ ഇവ ലോകത്താകമാനം നാശം നേരിടുന്നു. നഗരവല്കരണം, കാർഷിക-ഗാർഹിക-വ്യാവസായിക ആവശ്യങ്ങൾക്കായുള്ള കയ്യേറ്റങ്ങൾ,നികത്തലുകൾ എന്നിവ ഇതിൽ പ്രധാനങ്ങളാണ്.

പ്രകൃത്യാലുള്ള നശീകരണം

തിരുത്തുക

വരൾച്ച, കൊടുങ്കാറ്റ്, മണ്ണൊലിപ്പ്, സമുദ്രജലവിതാനത്തിന്റെ ഉയർച്ച, അമിതപോഷണം (Eutrophication) എന്നീ പ്രകൃത്യാലുള്ള പ്രതിഭാസങ്ങൾ തണ്ണീർത്തടങ്ങളുടെ നാശത്തിന് കാരണമാകുന്നു. ഇവമൂലം തണ്ണീർത്തടങ്ങളിലെ മണ്ണിന്റെ ഘടന, മൂലകങ്ങളുടെ സ്വഭാവം, വിതരണം, ജൈവവൈവിധ്യം, ഭൂഗർഭജലവിതരണം എന്നിവയുടെ താളം തെറ്റുന്നു. അമിതപോഷണം മൂലമുണ്ടാകുന്ന കളകളുടെ വളർച്ച മറ്റുജീവജാതികളുടെ നിലനില്പിന് ഭീഷണിയാകുന്നു. വൈദേശിക ജീവികളുടെ കടന്നുകയറ്റം തദ്ദേശീയ ജീവികളുടെ നാശത്തിന് വഴിവയ്ക്കുന്നു.

മനുഷ്യകേന്ദ്രീകൃത നശീകരണം

തിരുത്തുക
 
അമിതപോഷണംമൂലം പച്ചനിറമായ നദി

വ്യത്യസ്ത മനുഷ്യ ഇടപെടലുകളാണ് തണ്ണീർത്തടങ്ങൾ നേരിടുന്ന പ്രധാന ഭീഷണി. പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം, നഗരവല്കരണം, വ്യാവസായിക വികസനം, ടൂറിസം, കൃഷി എന്നിവ തണ്ണീർത്തടങ്ങളിലെ പ്രധാന മനുഷ്യ ഇടപെടലുകളാണ്. കാർഷിക മേഖലയിൽ നടക്കുന്ന വളങ്ങളുടെയും കീടനാശികളുടേയും അമിത ഉപയോഗം തണ്ണീർത്തടങ്ങളിലെ ജീവജാലങ്ങളുടെ നാശത്തിന് വഴിവയ്ക്കുന്നു. ഗാർഹിക-വ്യാവസായിക മാലിന്യങ്ങൾ വൻതോതിൽ തണ്ണീർത്തടങ്ങളിൽ നിക്ഷേപിക്കുന്നതും ഓടയിലേയും മറ്റും മലിനജലം, ശുദ്ധീകരിക്കാതെ പുറത്തുവിടുന്ന വ്യാവസായിക മാലിന്യങ്ങൾ ഇവയെല്ലാം തണ്ണീർത്തടങ്ങളെ വിഷലിപ്തമാക്കുന്നു. ജൈവവസ്തുക്കളുടെ ആധിക്യം ജലത്തിലെ ഓക്സിജന്റെ അളവിനെകുറച്ച് അതിലെ ജീവിവർഗങ്ങളുടെ നാശത്തിന് കാരണമാകുന്നു. പ്രത്യേകിച്ചും നിരവധി ജാതി മത്സ്യങ്ങൾ ഇങ്ങനെ വംശനാശ ഭീഷണി നേരിടുന്നു. അഴുകുന്ന ജൈവവസ്തുക്കൾമൂലം ജലത്തിൽ ഉണ്ടാകുന്ന ഹൈഡ്രജൻ സൾഫൈഡിന്റെ സാന്നിധ്യം തണ്ണീർത്തടങ്ങളിൽ നിന്നും ദുർഗന്ധം വമിക്കുന്നതിന് കാരണമാകുന്നു. തണ്ണീർത്തടങ്ങളിൽ സംഭവിക്കുന്ന അമിതപോഷണത്തിന്റെ ഫലമായി ജലോപരിതലത്തിൽ വളരുന്ന കളകളും പായലുകളും സൂര്യപ്രകാശത്തിന്റെ വിതരണം തടസ്സപ്പെടുത്തുകയും താഴെതട്ടിൽ വളരുന്ന ജീവജാലങ്ങളെ ഉന്മൂലനം ചെയ്യുകയും ചെയ്യുന്നു. അണക്കെട്ടുകളുടേയും ജലസംഭരണികളുടേയും നിർമ്മാണം തണ്ണീർത്തടങ്ങളുടെ ജലചംക്രമണത്തെ തടസ്സപ്പെടുത്തുകയും ജലലഭ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇത് തണ്ണീർത്തടങ്ങളുടെ സ്വാഭാവിക പരിസ്ഥിതിയെ തകിടംമറിക്കുന്നു. ഹൗസ്ബോട്ടുകളിൽനിന്നും ഹോട്ടലുകളിൽനിന്നുമുള്ള മാലിന്യങ്ങൾ ടൂറിസം പ്രധാനമായിനടക്കുന്ന തണ്ണീർത്തടങ്ങൾ നേരിടുന്ന ഭീഷണികളാണ്.

തണ്ണീർത്തടങ്ങളുടെ സംരക്ഷണം

തിരുത്തുക

മനുഷ്യരാശിയുടെ വികാസത്തിന്റെ കളിത്തൊട്ടിലായി അറിയപ്പെടുന്ന തണ്ണീർത്തടങ്ങളുടെ സംരക്ഷണം മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ നിലനില്പിനും ഭക്ഷ്യസുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണ്. ഇതിനായി അന്താരാഷ്ട്രതലത്തിൽ നടന്ന വലിയ ഇടപെടലാണ് യുനെസ്കോയും എ.യു.സി.എന്നും ചേർന്ന് 1971ൽ നടത്തിയ റാംസർ കൺവൻഷൻ. അന്താരരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളുടെ ഒരു പട്ടിക ഈ കൺവൻഷൻ പ്രഖ്യാപിക്കുകയുണ്ടായി. തണ്ണീർത്തടങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി ഇന്ത്യയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനുകീഴിൽ ഒരു തണ്ണീർത്തട വിഭാഗം പ്രവർത്തിക്കുന്നു.

തണ്ണീർത്തടങ്ങളെ അതിന്റെ അതിർത്തി നിശ്ചയിച്ച് നിയമനിയന്ത്രണത്തിന് വിധേയമാക്കേണ്ടതും അവയെ പൊതുമുതലായിക്കണ്ട് നിയമപരിരക്ഷണം നൽകേണ്ടതും അതിന്റെ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. പൊതുജനങ്ങളുടെ സഹകരണത്തോടേയും പങ്കാളിത്തത്തോടേയും മാത്രമേ ഇത് സാധ്യമാവുകയുള്ളു.

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 1.2 1.3 1.4 1.5 1.6 പരിസ്ഥിതി വിജ്ഞാനകോശം (2012). തണ്ണീർത്തടം. കേരള സംസ്ഥാന സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്. pp. 482–488.
  2. Davidson, N.C. (2014). "How much wetland has the world lost? Long-term and recent trends in global wetland area". Marine and Freshwater Research. 65 (10): 934−941. doi:10.1071/MF14173.
  3. "US EPA". Retrieved 2011-09-25.
  4. Wikipedia
  5. "Official page of the Ramsar Convention". Retrieved 2011-09-25.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-14. Retrieved 2013-12-01.
  7. ഫിഷറി സർവ്വേ ഓഫ് ഇന്ത്യ, 1993
  8. http://www.ramsar.org/pdf/sitelist.pdf
  9. The Annotated Ramsar List: India
  10. 10.0 10.1 "Ramsar List" (PDF). Ramsar.org. Retrieved 31 March 2013.
"https://ml.wikipedia.org/w/index.php?title=തണ്ണീർത്തടം&oldid=3817932" എന്ന താളിൽനിന്ന് ശേഖരിച്ചത്