ബോംബെ രവി
ഇന്ത്യൻ ചലച്ചിത്രമേഖലയിലെ പ്രമുഖനായ ഒരു സംഗീത സംവിധായകനാണ് ബോംബെ രവി എന്ന രവി ശങ്കർ ശർമ്മ (3 മാർച്ച് 1926 - 7 മാർച്ച് 2012). ഹിന്ദി, മലയാളം, തമിഴ്, തെലുഗു, ഗുജറാത്തി ഭാഷകളിലായി[1] ഇരുനൂറ്റി അൻപതോളം[2] ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം സംഗീതം പകർന്നിട്ടുണ്ട്. ഗുജറാത്ത്, കേരള സംസ്ഥാന അവാർഡുകളടക്കം ഇരുപതിലേറെ പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹത്തെ രാഷ്ട്രം 1971-ൽ പത്മശ്രീ നൽകി ആദരിച്ചു.പ്രതിഭാശാലിയായ രവിയുടെ ജനപ്രിയ ഗാനങ്ങൾ സിനിമകളെ ഹിറ്റുകളാക്കി.
ബോംബെ രവി | |
---|---|
![]() | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | രവി ശങ്കർ ശർമ്മ |
ജനനം | ഡൽഹി, ഇന്ത്യ | 3 മാർച്ച് 1926
മരണം | 7 മാർച്ച് 2012 മുംബൈ,ഇന്ത്യ | (പ്രായം 86)
തൊഴിൽ(കൾ) | സംഗീതസംവിധായകൻ |
ജീവിത രേഖ തിരുത്തുക
1926 മാർച്ച് 3-ന് ഡൽഹിയിൽ ജനിച്ച രവി ശങ്കർ അച്ഛൻ പാടുന്ന ഭജനുകളിൽ നിന്നാണ് ശാസ്ത്രീയ സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. ഹാർമോണിയം ഉൾപ്പെടെയുള്ള സംഗീതോപകരണങ്ങൾ സ്വയം അഭ്യസിച്ചു. കുടുംബം പുലർത്താനായി ഇലക്ട്രീഷ്യനായും പണിയെടുത്തു. 1950-ൽ ബോംബെയിൽ എത്തിയ ശേഷമാണ് പ്രൊഫഷണൽ ഗായകനാകുന്നത്. പാടാൻ നന്നായി അറിയാമായിരുന്നെങ്കിലും പ്രതീക്ഷിച്ചതു പോലെയുള്ള അവസരങ്ങൾ ലഭിച്ചിരുന്നില്ല. സ്വന്തമായി വീടില്ലാത്തതിനാൽ പലപ്പോഴും തെരുവോരങ്ങളിൽ അന്തിയുറങ്ങേണ്ടതായി വന്നു. മിക്കപ്പോഴും മലാഡ് റെയിൽവേ സ്റ്റേഷനായിരുന്നു രാത്രികാല താവളം.
ഇതിനിടെ രവിയുടെ സംഗീത പ്രതിഭയെ തിരിച്ചറിഞ്ഞ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായിരുന്ന ഹേമന്ത് കുമാർ 1952-ൽ ഇദ്ദേഹത്തെ ആനന്ദ് മഠ് എന്ന സിനിമയിൽ, വന്ദേമാതരം' ഗാനത്തിന്റെ പിന്നണി പാട്ടുകാരിൽ ഒരാളായി തിരഞ്ഞെടുത്തു. പിന്നീട് നാഗിൻ എന്ന സിനിമയിൽ ഹാർമോണിയം വായിച്ച രവി സംഗീത വിസ്മയം സൃഷ്ടിച്ചു. 1954-ൽ വചൻ എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധാനത്തിൽ അരങ്ങേറ്റം നടത്തിയത്. ചൗധ്‌വി കാ ചാന്ദ്(1960), ഗുംറാ(1963), ദോ ബദൻ(1966), ഹംരാസ്(1967), ആംഖേൻ(1968), നിക്കാഹ് (1982) തുടങ്ങിയവ രവിയുടെ ഹിറ്റുകളിൽ ഉൾപ്പെടുന്നു. ചൗധ്‌വി കാ ചാന്ദ്-ൽ റഫി ആലപിച്ച 'ചൗധ്‌വി കാ ചാന്ദ് ഹോ' എന്ന ഗാനം രവിയുടെ മാസ്റ്റർപീസുകളിൽ ഒന്നായി കരുതപ്പെടുന്നു. 'ആജ് മേരെ യാർ കി ഷാദീ ഹേ', 'ബാബുൽ ദുവായേൻ ലേതീ ജാ' തുടങ്ങിയ രവിയുടെ ഗാനങ്ങൾ ഒരു കാലത്ത് വിവാഹ ആഘോഷ വേളകളിൽ ഉപയോഗിച്ചിരുന്നു.[3] ആശാ ഭോസ്ലെയുടെ സംഗീത ജീവിതത്തിൽ നിർണ്ണായക പങ്കുവെച്ചത് രവിയുടെ 'തോരാ മൻ ദർപ്പൻ' തുടങ്ങിയ ഗാനങ്ങളായിരുന്നു. മഹേന്ദ്ര കപൂറിനെ ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു പ്രശസ്ത ഗായകനാക്കിയതിലും രവിക്ക് പങ്കുണ്ട്. ഘരാനാ, ഖാണ്ഡൻ എന്നീ ചിത്രങ്ങളിലെ സംഗീതം യഥാക്രമം 1961-ലെയും 1965-ലെയും ഫിലിംഫെയർ അവാർഡുകൾ ഇദ്ദേഹത്തിന് നേടി കൊടുത്തു. 1950-60കളിലെ ഹിന്ദി ചലച്ചിത്ര രംഗത്തെ സജീവ സാന്നിദ്ധ്യത്തിനു ശേഷം രവി 1975 മുതൽ 1982 വരെ സിനിമാ രംഗത്തു നിന്ന് വിട്ടു നിന്നു. 1984-ൽ തവൈഫ് എന്ന ഹിന്ദി ചിത്രത്തിൽ മഹേന്ദ്ര കപൂർ പാടിയ 'യേ ഖുദായേ പാക് യേ റബ്-ഉൾ-കരീം' എന്ന ഗാനത്തിന് രവി ഈണം പകർന്നു.
1986-ലാണ് 'ബോംബെ രവി' എന്ന പേരിൽ ഇദ്ദേഹം മലയാള ചലച്ചിത്രരംഗത്ത് കടന്നു വരുന്നത്. രവിയുടെ ഗാനങ്ങളുടെ ഒരു ആരാധകനായിരുന്ന സംവിധായകൻ ഹരിഹരനും പ്രശസ്ത എഴുത്തുകാരനായ എം.ടി-യും മുംബൈയിലെത്തി നടത്തിയ ക്ഷണം[4] സ്വീകരിച്ചെത്തിയ അദ്ദേഹം നഖക്ഷതങ്ങൾ (1986) എന്ന ചിത്രത്തിലെ 'മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി' എന്ന ഗാനത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. ഈ ഗാനത്തിന് കെ.എസ്. ചിത്രയ്ക്ക് മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തു. ഇതു ചിത്രയുടെ രണ്ടാമത്തെ ദേശീയ പുരസ്കാരമായിരുന്നു. 1986-ൽ ഹരിഹരന്റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ പഞ്ചാഗ്നിയിലെ 'സാഗരങ്ങളെ', 'ആ രാത്രി മാഞ്ഞു പോയി' എന്നീ ഗാനങ്ങളും വലിയ ഹിറ്റുകളായി. തുടർന്ന് ഒരു വടക്കൻ വീരഗാഥ, സർഗ്ഗം, പരിണയം, മയൂഖം എന്നീ ഹരിഹരൻ ചിത്രങ്ങൾക്ക് കൂടി ബോംബെ രവി സംഗീതം പകർന്നു.
ചിത്രയെ മൂന്നാമത്തെ ദേശീയ പുരസ്കാരത്തിന് അർഹയാക്കിയതും രവിയുടെ തന്നെ സംഗീതമായിരുന്നു. വൈശാലി (1988) എന്ന ചിത്രത്തിലെ 'ഇന്ദു പുഷ്പം ചൂടി നിൽക്കും രാത്രി' എന്ന ഗാനമായിരുന്നു അത്. ഒ.എൻ.വി., യൂസഫലി കേച്ചേരി, കൈതപ്രം, കെ.ജയകുമാർ എന്നിവരുടെ വരികൾക്കാണ് മലയാളത്തിൽ ഇദ്ദേഹം പ്രധാനമായും സംഗീതം പകർന്നത്. നഖക്ഷതങ്ങൾ, പഞ്ചാഗ്നി, വൈശാലി, സുകൃതം എന്നീ ചിത്രങ്ങൾ ഒ.എൻ.വി-യുമായും സർഗം, പരിണയം, ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ എന്നിവ യൂസഫലിയുമായും ചേർന്നു പ്രവർത്തിച്ചു. വിദ്യാരംഭം, പാഥേയം എന്നിവ കൈതപ്രവുമായും ഒരു വടക്കൻ വീരഗാഥ, കളിവാക്ക് എന്നിവ ജയകുമാറുമായും ചേർന്ന് പ്രവർത്തിച്ച ചിത്രങ്ങളാണ്.
മെലഡി ഗാനങ്ങൾക്ക് അനുയോജ്യമായ മോഹനമായിരുന്നു ബോംബെ രവി മലയാളത്തിൽ ഏറ്റവും അധികം ഉപയോഗിച്ചത്.[5] മോഹന രാഗത്തിൽ 13 ഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.[6] ശുദ്ധധന്യാസി, കല്യാണി, ഹിന്ദോളം തുടങ്ങിയ രാഗങ്ങളിലും മലയാളത്തിൽ അദ്ദേഹം ഗാനങ്ങൾ തീർത്തിട്ടുണ്ട്. പാർവണേന്ദു മുഖി പാർവതീ നീയീശ്വരന്റെ ചിന്തയിൽ മുഴുകി വലഞ്ഞു എന്ന തിരുവാതിര പാട്ട് കേട്ടാൽ അത് മലയാളിയല്ലാത്ത ഒരാൾ ചെയ്തതാണെന്ന് തോന്നുമോ?
2005ൽ പുറത്തിറങ്ങിയ മയൂഖമാണ് ബോംബെ രവി ഈണം പകർന്ന അവസാനത്തെ മലയാള ചലച്ചിത്രം. ക്രാന്തിയാണ് രവിയുടെ ഭാര്യ. വീണ, ഛായ ,അജയ് എന്നിവർ മക്കളാണ്. അവസാന കാലത്ത് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. സ്വന്തം മക്കൾ തിരിഞ്ഞു നോക്കിയില്ല. സ്വത്ത് തട്ടാൻ നോക്കി. 2012 മാർച്ച് 7-ന് 86ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. മൃതദേഹം പിറ്റേന്ന് മുംബൈയിലെ പൊതു ശ്മശാനത്തിൽ അടക്കി
സംഗീത സംവിധാനം ചെയ്ത മലയാളചിത്രങ്ങൾ തിരുത്തുക
- പഞ്ചാഗ്നി (1986)
- നഖക്ഷതങ്ങൾ (1986)
- വൈശാലി (1988)
- ഒരു വടക്കൻ വീരഗാഥ (1989)
- വിദ്യാരംഭം (1990)
- സർഗം (1992)
- സുകൃതം (1992)
- ഗസൽ (1993)
- പാഥേയം (1993)
- പരിണയം (1994)
- കളിവിളക്ക് (1996)
- ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ (1997)
- മനസ്സിൽ ഒരു മഞ്ഞു തുള്ളി (2000)
- മയൂഖം (2005)
പുരസ്കാരങ്ങൾ തിരുത്തുക
പരിണയം, സുകൃതം എന്നീ ചിത്രങ്ങളിലെ കമ്പോസിംഗിന് 1995ലെ ദേശീയ അവാർഡ് ലഭിച്ചു.
- പത്മശ്രീ പുരസ്കാരം (1971)
- ഗുജറാത്ത് സംസ്ഥാന അവാർഡ്
- കേരള സംസ്ഥാന അവാർഡ്
- ഫിലിംഫെയർ അവാർഡുകൾ (1961-ൽ ഘരാന ;1965-ൽ ഖാണ്ഡൻ)
- ജി. ദേവരാജൻ പുരസ്കാരം
പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Ravi
അവലംബം തിരുത്തുക
- ↑ "ബോംബെ രവി അന്തരിച്ചു". മലയാള മനോരമ. മാർച്ച് 8, 2012. മൂലതാളിൽ നിന്നും 2012-03-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മാർച്ച് 8, 2012.
- ↑ "ഭാവഗാനത്തിന്റെ ഭാഷ" (ഭാഷ: ഇംഗ്ലീഷ്). ദ് ഹിന്ദു. മാർച്ച് 28, 2008. മൂലതാളിൽ നിന്നും 2012-03-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മാർച്ച് 8, 2012.
- ↑ "സുവർണപടവുകളിൽ" (ഭാഷ: ഇംഗ്ലീഷ്). ദ് ഹിന്ദു. മേയ് 7, 2002. മൂലതാളിൽ നിന്നും 2004-03-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മാർച്ച് 8, 2012.
- ↑ "മെലഡികളുടെ ചക്രവർത്തി". സംവിധായകൻ ഹരിഹരന്റെ അനുസ്മരണം, മലയാള മനോരമ. മാർച്ച് 8, 2012. ശേഖരിച്ചത് മാർച്ച് 8, 2012.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ബോംബെ രവി ,മലയാളിത്തത്തിന്റെ മയൂഖം". മാധ്യമം. മാർച്ച് 8, 2012. മൂലതാളിൽ നിന്നും 2012-03-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മാർച്ച് 8, 2012.
- ↑ "ആരെയും ഭാവഗായകനാക്കും ബോംബെ രവി". ദീപിക. മാർച്ച് 8, 2012.
{{cite web}}
:|access-date=
requires|url=
(help); Missing or empty|url=
(help)