മേലുകാവ് ഗ്രാമപഞ്ചായത്ത്

കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട ബ്ളോക്കിലാണ് മേലുകാവ് ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. മേലുകാവ്, തലപ്പലം, ഭരണങ്ങാനം, മൂന്നിലവ് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മേലുകാവ് ഗ്രാമപഞ്ചായത്തിനു 30.49 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് ഇടുക്കി ജില്ലയിലെ മുട്ടം, കുടയത്തൂർ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കടയത്തൂർ, മൂന്നിലവ് പഞ്ചായത്തും, ഇടുക്കി ജില്ലയിലെ കുടയത്തൂർ പഞ്ചായത്തും, തെക്കുഭാഗത്ത് തലപ്പാലം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ഭരണങ്ങാനം, കടനാട്, പഞ്ചായത്തുകളുമാണ്. 2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം 11,397 ആണ് ഇവിടുത്തെ ജനസംഖ്യ. 88 ശതമാനമാണ് ഈ പഞ്ചായത്തിലെ സാക്ഷരത. പഞ്ചായത്തിലെ ഇലവീഴാപുഞ്ചിറ എന്ന സ്ഥലം ധാരാളം വിനോദ സഞ്ചാരികളെ ആകർഷിച്ചുവരുന്ന ഇടമാണ്. 1953 ആഗസ്റ്റ് 28-നാണ് മേലുകാവ് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.

മേലുകാവ് ഗ്രാമപഞ്ചായത്ത്
കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്ത്
9°46′8″N 76°46′2″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾഇലവീഴപൂഞ്ചിറ, കല്ലുവെട്ടം, വടക്കുംഭാഗം, മേലുകാവ്മറ്റം, മേലുകാവ്, വകക്കാട്‌, ഇടമറുക്, കൊണിപ്പാട്‌, പയസ്മൌണ്ട്, ചാലമറ്റം, കൈലാസം, കിഴക്കെൻമറ്റം, കുളത്തിക്കണ്ടം
ജനസംഖ്യ
ജനസംഖ്യ11,228 (2001) Edit this on Wikidata
പുരുഷന്മാർ• 5,581 (2001) Edit this on Wikidata
സ്ത്രീകൾ• 5,647 (2001) Edit this on Wikidata
സാക്ഷരത നിരക്ക്97 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221364
LSG• G050601
SEC• G05034
Map

അതിരുകൾ

തിരുത്തുക

വാർഡുകൾ

തിരുത്തുക

മേലുകാവ് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]

  • കല്ലുവെട്ടം
  • വടക്കുംഭാഗം
  • ഇലവീഴപൂഞ്ചിറ
  • മേലുകാവ്
  • മേലുകാവ്മറ്റം
  • കൊണിപ്പാട്‌
  • വകക്കാട്‌
  • ഇടമറുക്
  • കൈലാസം
  • കിഴക്കെൻമറ്റം
  • പയസ്മൌണ്ട്
  • ചാലമറ്റം
  • കുളത്തിക്കണ്ടം

ഗതാഗത സൌകര്യങ്ങൾ

തിരുത്തുക

സമീപത്തുള്ള പട്ടണങ്ങളായ ഈരാറ്റുപേട്ട (12 കി.മീ ), പാലാ (16 കി.മീ ), തൊടുപുഴ (18 കി.മീ ) എന്നീ സ്ഥലങ്ങളുമായി മേലുകാവ് റോഡ്‌ മാർഗ്ഗം ബന്ധപ്പെട്ടിരിക്കുന്നു. നിർദ്ധിഷ്ട എറണാകുളം-എരുമേലി സംസ്ഥാന ഹൈവേ മേലുകാവിലൂടെയാണ് കടന്നു പോകുന്നത് .

റെയിൽവേ ലൈനുകളൊന്നും മേലുകാവ് പഞ്ചായത്തിലൂടെ കടന്നു പോകുന്നില്ല. ഏറ്റവും അടുത്ത പ്രധാന റെയിൽവേ സ്റ്റേഷൻ കോട്ടയം ആണ് (50 കി.മീ ).

ഏറ്റവും അടുത്ത വിമാനത്താവളം ആയ കൊച്ചി (നെടുമ്പാശേരി) രാജ്യാന്തര വിമാനത്താവളം 70 കി.മീ അകലെയാണ് .

ചരിത്രം

തിരുത്തുക

കോട്ടയം ജില്ലയുടെ കിഴക്ക് ഇടുക്കി ജില്ലയോട് ചേർന്ന് കിടക്കുന്ന ഒരു മലയോര പ്രദേശമാണ് മേലുകാവ് ഗ്രാമപഞ്ചായത്ത്. ഈ പ്രദേശത്തിന്റെ പ്രാചീനകാലചരിത്രം അഗസ്ത്യമുനിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്‌ ഐതിഹ്യം. മേലുകാവ് എന്ന സ്ഥലനാമത്തിന്റെ ഉല്പത്തിക്കു അടിസ്ഥാനമായ ഒരു സംഭവകഥയുണ്ട് . കുളത്തിക്കണ്ടത്തിനടുത്തുള്ള കൊടിത്തോപ്പിൽ സ്ഥിതി ചെയ്തിരുന്ന ഒരു പുരാതന ക്ഷേത്രം കാട്ടാനകളുടെ നിരന്തരമായ ആക്രമണത്തെ തുടർന്ന് മലമുകളിലുള്ള കല്ലുവെട്ടതേക്ക് മാറ്റി സ്ഥാപിച്ചതോടെയാണ് മേലുകാവ് എന്ന് ഈ പ്രദേശം അറിയപ്പെടുവാനിടയായത് . മലമുകളിലുള്ള കാവ് എന്നാ അർത്ഥത്തിൽ പ്രചാരത്തിൽ വന്ന ഈ പേര് പിൽക്കാലത്ത്‌ മേലുകാവ് എന്നായിത്തീർന്നു.

മേലുകാവിന്റെ പ്രാചീന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ചരിത്രാവശിഷ്ടങ്ങൾ ഈ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലുമുണ്ട് . അഞ്ചാം നൂറ്റാണ്ടിൽ ഉപയോഗത്തിലിരുന്നുവെന്നു ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ള നന്നങ്ങാടികൾ ഇരുമാപ്രയിൽ നിന്നും , പുരാതന റോമൻ നാണയങ്ങൾ ഇടമറുകിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് . ശവസംസ്കാരത്തിന് വേണ്ടി സ്ഥാപിച്ചിരുന്ന കരിങ്കൽ അറകളും തൊപ്പിക്കല്ലുകളും കോണിപ്പാട്, ഉപ്പിടുപാറ, പയസ് മൌണ്ട് , കളപ്പുരപ്പാറ, എന്നിവിടങ്ങളിൽ ഇപ്പോഴും കാണാവുന്നതാണ്

പണ്ട് കച്ചവടാവശ്യങ്ങല്ക്കായി തമിഴ്നാട്ടിൽ നിന്നും, നിലക്കൽ പോലുള്ള ജനവാസകേന്ദ്രങ്ങളിൽ നിന്നും തൊടുപുഴ, കാരിക്കോട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് മേലുകാവ് വഴി ദിവസേന ജനസഞ്ചാരമുണ്ടായിരുന്നതായി പറയപ്പെടുന്നു.

ഈ പഞ്ചായത്തിൽ ഉൾപെട്ട പല പ്രദേശങ്ങളുടെയും സ്ഥലനാമങ്ങൾ മേലുകാവിന്റെ ഗതകാലചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. വാകമരങ്ങൾ തിങ്ങി വളർന്നിരുന്ന പ്രദേശം വാകക്കാടും, കുളവും കണ്ടവും ചേർന്ന ഇടം കുളത്തിക്കണ്ടവും ആയി മാറി. നായാട്ടുകാർ വേട്ടമൃഗങ്ങളുടെ മാംസം കേടാവാതെ ഉപിട്ടു തയ്യാറാക്കുന്നതിന് ഉപയോഗിച്ചിരുന്ന പാറ ഉപ്പിട്ടപാറയും കാലാന്തരത്തിൽ ഉപ്പിടുപാറയുമായി തീർന്നു. മലകളുടെ ഇടയിൽ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന് ഇടമറുക് എന്ന പേരും അന്വർത്ഥമായി. മറുക് എന്ന വാക്കിനു മല എന്നും അര്ത്ഥം ഉണ്ട് . വനങ്ങളിൽ മേഞ്ഞു നടന്നിരുന്ന കാട്ടെരുമകൾ വിശ്രമിച്ചിരുന്ന പാറകൾ നിറഞ്ഞ കുന്നിൻ പ്രദേശങ്ങൾ എരുമപ്പാറയെന്നു ആദ്യകാലങ്ങളിൽ അറിയപ്പെട്ടു. പിന്നീട് അത് ഇരുമാപ്രയായി. ഇരു മഹാ പാറകൾ ഉള്ള സ്ഥലമാണ് ഇരുമാപ്ര ആയെതെന്നും വേറൊരു ഐതിഹ്യം ഉണ്ട്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പരാമർശിക്കുന്ന അസാധാരണ കായിക ശേഷിയുണ്ടായിരുന്ന കുളപ്പുറത്ത് ഭീമൻ ചുമന്നു കൊണ്ട് വന്ന കൂറ്റൻ പലകകൾ (തളിരങ്ങൾ ) ചാരി വച്ച സ്ഥലമാണ് പലകചാരി. തന്റെ പ്രജകളെ കണ്ടു ക്ഷേമാന്വേഷണം നടത്താനിറങ്ങിയ രാജാവ് സ്വന്തം തലപ്പാവ് (മുടി ) ഒരു മരുത് ശിഖരത്തിൽ വെച്ചതിനു ശേഷം വിശ്രമിച്ച സ്ഥലമാണ് മേലുകാവ് -പാലാ റോഡിൽ കടനാട് -മേലുകാവ് പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള മുടിവെച്ചമരുത് .

നാടുവഴിത്തത്തിന്റെയും ജന്മിത്ത ജാതിവ്യവസ്ഥകളുടെയും തിക്തഫലങ്ങൾ അനുഭവിച്ചവരാണ് ഈ പ്രദേശത്തെ ആദിമ നിവാസികളായ മലയരയ വിഭാഗത്തിൽ പെട്ട പട്ടികവർഗക്കാർ. 1848-ൽ റവ: ഹെന്ററി ബേക്കർ ജൂനിയർ എന്നാ വിദേശ ക്രിസ്ത്യൻ മിഷനറിയുടെ ആഗമനത്തോടെയാണ് ഇവരുടെ മുൻപിൽ വിമോചനത്തിന്റെ പാത തുറക്കപ്പെട്ടത്‌ . അദ്ദേഹം നിരവധിയാളുകളെ ക്രിസ്തുമതാനുയായികളാക്കി. ബ്രിട്ടീഷ്‌ വൈസ്രോയിയുടെയും തിരുവിതാംകൂര് മഹാരാജാവിന്റെയും അനുമതിയോടെ റവ:ഹെന്ററി ബേക്കർ ജൂനിയറും, ബെഞ്ചമിൻ ബെയലിയും 2000 ഏക്കർ ഭുമി പതിപ്പിച്ചെടുത്തു നൽകി. മേലുകാവ് സന്ദർശിക്കുന്നതിനായി കുതിരപ്പുറത്തു എത്തി ചേർന്ന റവ: ഹെന്ററി ബേക്കർ ജൂനിയർ വിശ്രമിച്ച സ്ഥലത്താണ് അദ്ദേഹത്തിന്റെ നാമധേയത്തിൽ സ്ഥാപിച്ചിട്ടുള്ള ഹെന്ററി ബേക്കർ കോളേജ് സ്ഥിതി ചെയ്യുന്നത് . 1983 ഏപ്രിൽ 30 നു രൂപം കൊണ്ട സി. എസ് . ഐ ഈസ്റ്റ്‌ കേരള ഡയോസിസിന്റെ ആസ്ഥാനമെന്ന നിലയിൽ മേലുകാവിനു സവിശേഷമായ പ്രാധാന്യമുണ്ട് .

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കോട്ടയം
ബ്ലോക്ക് ഈരാറ്റുപേട്ട
വിസ്തീര്ണ്ണം 30.49 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 11,228
പുരുഷന്മാർ 5581
സ്ത്രീകൾ 5647
ജനസാന്ദ്രത 368
സ്ത്രീ : പുരുഷ അനുപാതം 1012
സാക്ഷരത 97%
  1. "മേലുകാവ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]