തലപ്പലം ഗ്രാമപഞ്ചായത്ത്

കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട ബ്ളോക്കിൽ ഈരാറ്റുപേട്ട, തലപ്പലം വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 22.73 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തലപ്പലം ഗ്രാമപഞ്ചായത്ത്. 1953-ൽ നിലവിൽ വന്ന ഈ പഞ്ചായത്തിൽ ഈരാറ്റുപേട്ട, തലപ്പുലം എന്നീ വില്ലേജുകൾ ഉൾപ്പെടുന്നു. തലപ്പുലം ഗ്രാമ പഞ്ചായത്തിന് പൊതുവേ കുന്നിൻ പ്രദേശങ്ങളും സമതലപ്രദേശങ്ങളും ഇടകലർന്ന ഭൂപ്രകൃതിയാണ്. മീനച്ചിൽ ആറും ചെറുതോടുകളുമാണ് ഈ പ്രദേശത്തെ മുഖ്യ ജലസ്രോതസ്സുകൾ.

അതിരുകൾ

തിരുത്തുക
  • തെക്ക്‌ - ഈരാറ്റുപേട്ട, ഭരണങ്ങാനം, തിടനാട് പഞ്ചായത്തുകൾ
  • വടക്ക് -മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകൾ
  • കിഴക്ക് - തിക്കോയി, മൂന്നിലവ്, ഈരാറ്റുപേട്ട പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - ഭരണങ്ങാനം പഞ്ചായത്ത്

വാർഡുകൾ

തിരുത്തുക

തലപ്പലം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]

പേരിനു പിന്നിൽ

തിരുത്തുക

പശ്ചിമഘട്ടത്തിലെ ഇടനാട് മേഖലയിൽ ഉൾപ്പെടുന്ന ഒരു കാർഷിക ഗ്രാമമാണ് തലപ്പുലം. 'തല' ശബ്ദം പ്രാധാന്യത്തേയും 'പുലം' എന്നത് മേച്ചിൽപ്പുറം, കൃഷിയിടം എന്നിവയേയും സൂചിപ്പിക്കുന്നു. മുൻകാലത്ത് ഈ പ്രദേശത്തിനുണ്ടായിരുന്ന കാർഷിക പ്രാധാന്യത്തെയാണ് ഗ്രാമനാമം വ്യക്തമാക്കുന്നത്.

വരുമാനമാർഗങ്ങൾ

തിരുത്തുക

ഫലഭൂയിഷ്ഠമായ ഈ ഭൂഭാഗം കൃഷിക്ക് തികച്ചും അനുയോജ്യമാണ്. റബ്ബറാണ് പ്രധാന കൃഷി. ഇടവിളയായി കുരുമുളക്, കവുങ്ങ്, വാഴ, കൊക്കോ, ജാതി, ഗ്രാമ്പൂ, കൈതച്ചക്ക, ഇഞ്ചി, കാപ്പി, മരച്ചീനി, മഞ്ഞൾ , കശുമാവ്, കിഴങ്ങുവർഗങ്ങൾ തുടങ്ങിയവയും കൃഷി ചെയ്യുന്നു. കേവലം 10 ഹെക്ടർ സ്ഥലത്തു മാത്രമേ ഇപ്പോൾ നെൽകൃഷിയുള്ളൂ. വൻ വ്യവസായശാലകൾ ഒന്നുമില്ലാത്ത ഇവിടത്തെ ചെറുകിട വ്യവസായ സംരംഭങ്ങളിൽ 9 എണ്ണം ഉത്പാദനക്ഷമമാണ്.

പ്രധാന കേന്ദ്രങ്ങൾ

തിരുത്തുക

സ്കൂളുകൾ , ആരോഗ്യസ്ഥാപനങ്ങൾ , സഹകരണബാങ്കുകൾ , സഹകരണസംഘങ്ങൾ , പോസ്റ്റ് ഓഫീസ്, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് തുടങ്ങിയവ ഇവിടത്തെ പ്രധാന സർക്കാർ സ്ഥാപനങ്ങളിൽപ്പെടുന്നു. ചെറുതും വലുതുമായ 28 റോഡുകൾ ഈ പഞ്ചായത്തിലൂടെ കടന്നു പോകുന്നുണ്ട്.

പ്രശസ്തി

തിരുത്തുക

കലാസാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ നിരവധി വ്യക്തികൾക്ക് തലപ്പുലം ജന്മം നൽകിയിട്ടുണ്ട്. ശ്രീയേശു വിജയം മഹാകാവ്യത്തിന്റെ കർത്താവും പാലായിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന വിജ്ഞാന രത്നാകരം (1913) മാസികയുടെ പത്രാധിപരുമായിരുന്ന കട്ടക്കയം ചെറിയാൻ മാപ്പിളയുടെ ജന്മദേശം തലപ്പുലമാണ്. കുതിരനൃത്തം അഥവാ കുതിരയാട്ടം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു പ്രാചീന ദ്രാവിഡ കലാരൂപം തലപ്പുലം പ്രദേശത്ത് നിലനിന്നിരുന്നു. പ്രദേശത്തെ പ്രമുഖ കുടുംബക്കാരുടെ വകയായി നെൽക്കതിർകൊണ്ട് കുതിരരൂപങ്ങൾ നിർമിച്ച് പാട്ടും വാദ്യഘോഷവുമായി ക്ഷേത്രങ്ങളിലെത്തിക്കുന്നത് പുലയസമുദായക്കാരുടെ അവകാശമായിരുന്നു. അധഃസ്ഥിതർക്ക് അക്കാലത്ത് ക്ഷേത്രപ്രവേശനം വിലക്കപ്പെട്ടിരുന്നതിനാൽ ക്ഷേത്രാങ്കണത്തിനുപുറത്ത് നിശ്ചിത അകലത്തിൽ കുതിരയോട്ടം അവസാനിപ്പിക്കേണ്ടിവന്നിരുന്നു. ഈ അതിർത്തി 'കുതിരക്കളം' എന്ന പേരിൽ അറിയപ്പെട്ടിരുന്നു. വൃശ്ചികം ഒന്നു തുടങ്ങിയാണ് കെട്ടി ആടിയിരുന്നത്. വൃശ്ചികം ഒന്നു മുതലുള്ള മണ്ഡലകാലത്ത് ഇവിടത്തെ ഭഗവതി ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും നടത്തുന്നതും പതിവായിരുന്നു; ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്ന 'കുംഭകുടം' ഇന്നും തുടരുന്നു. ഓട്ടൻതുള്ളൽ, പറയൻതുള്ളൽ, തിരുവാതിരക്കളി, കോൽക്കളി തുടങ്ങിയവയും അരങ്ങേറാറുണ്ട്. തലപ്പുലത്തെ അന്യംനിന്നുപോയ കലാരൂപങ്ങളാണ് പള്ളിപ്പാന, ഓണക്കളി എന്നിവ. വേലൻ സമുദായക്കാരാണ് ഇവ നടത്തിയിരുന്നത്. പഞ്ചായത്തിലുൾപ്പെട്ട മുങ്ങുമലയിലെ അതി പ്രാചീന ശിലാഗുഹയും ഇഞ്ചോലിക്കാവിലെ പുരാതന ക്ഷേത്രവും വിനോദസഞ്ചാര പ്രാധാന്യമുള്ള സ്ഥലങ്ങളാണ്.

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കോട്ടയം
ബ്ലോക്ക് ഈരാറ്റുപേട്ട
വിസ്തീര്ണ്ണം 22.73 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 12,150
പുരുഷന്മാർ 6228
സ്ത്രീകൾ 5922
ജനസാന്ദ്രത 535
സ്ത്രീ : പുരുഷ അനുപാതം 951
സാക്ഷരത 95%
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തലപ്പുലം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. "തലപ്പലം ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]