മലയാളനാടകവേദി

(മലയാള നാടകരംഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള നാടക വേദിയേയും പ്രവർത്തനങ്ങളേയും സൂചിപ്പിക്കുന്നതാണ് മലയാള നാടക വേദി.

അകനാടകങ്ങൾ

നാടകം ഒരു രംഗകലാരൂപമാണെങ്കിൽ 'അകനാടകം' തനതായ നാടകസാഹിത്യരൂപമാണ്. നാടകീയ മുഹൂർത്തങ്ങളുടെ ദൃശ്യാവിഷ്ക്കാരത്തിനായുള്ള രംഗപാഠമെന്ന നിലയിൽ സമൂർത്തമായ ദൃശ്യമാനത്തിൽ തയ്യാറാക്കപ്പെടുന്ന രചനകളെ പൊതുവേ, നാടകസാഹിത്യമായിത്തന്നെയാണ് പരിഗണിക്കപ്പെടുന്നത്. അതേസമയം, അവയുടെ സ്വതന്ത്രമായ ദൃശ്യാവിഷ്ക്കാരത്തിൽ നാടകകൃത്തല്ല പ്രധാനി, സംവിധായകനാണ്. എന്നാൽ, ദൃശ്യാവിഷ്ക്കാരത്തിന് വഴങ്ങാത്തതും അമൂർത്തവും ഭാവാത്മകവുമായ നാടകീയ മുഹൂർത്തങ്ങൾ നാടകാവബോധത്തോടെ വായനക്കുവേണ്ടി മാത്രം രചിക്കപ്പെടുന്നവയാണ് അകനാടകങ്ങൾ. നാടകകൃത്തും തിരക്കഥാകൃത്തുമായ മന്ദ്യത്ത് സുകുമാരൻ എന്ന എം.സുകുമാർജിയാണ് ആദ്യമായി അകനാടകരചനാസമ്പ്രദായം പരീക്ഷിച്ചത്. 1985-ൽ ഏഴ് ലഘു അകനാടകങ്ങളുടെ സമാഹാരമായ 'പൂക്കൾകൊണ്ടൊരു ഇതിഹാസ'മായിരുന്നൂ, ആദ്യ കൃതി. അതേ തുടർന്ന് 2022-ൽ പന്ത്രണ്ട്‌ ലഘു അകനാടകങ്ങളുടെ സമാഹാരമായ 'പന്ത്രണ്ട് അകനാടകങ്ങൾ' എന്ന കൃതിയും പ്രസിദ്ധീകരിക്കപ്പെട്ടു.

മലയാള നാടക പ്രസ്ഥാനത്തിന്റെ വളർച്ച

തിരുത്തുക

കേരളീയ നാടോടിക്കലകളിൽനിന്ന് സ്വാംശീകരിച്ചെടുത്ത അഭിനയപ്രധാനമായ ഒരു പാരമ്പര്യമല്ല മലയാളനാടകത്തിന്റേത്. ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്റെയും തമിഴ് സംഗീത നാടകസംസ്കാരത്തിന്റെയും സ്വാധീനവും സമന്വയവുമാണ് ആദ്യകാല മലയാള നാടകങ്ങളിലുള്ളത്.

ആദ്യകാലം

തിരുത്തുക

കല്ലൂർ ഉമ്മൻ ഫിലിപ്പോസ് ഷെയ്ക്സ്പിയർ കൃതിയിൽനിന്ന് പരിഭാഷപ്പെടുത്തിയ ആൾമാറാട്ടമാണ് (കോമഡി ഓഫ്

എറേഴ്സ്)
മലയാളത്തിലെ ആദ്യനാടക കൃതിയെന്ന് കരുതുന്നു (1866)
മലയാള നാടകരചനകൾക്കു തുടക്കം കുറിച്ചത്. കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ അഭിജ്ഞാന ശാകുന്തളം വിവർത്തനത്തെ രണ്ടാമത്തേതായും കണക്കാക്കുന്നു. 1882ൽ പ്രകാശിതമായ ശാകുന്തളവിവർത്തനത്തിനു മുമ്പ് കേരളത്തിൽ നാടകം എന്നപേരിൽ അറിയപ്പെട്ടിരുന്നത് തമിഴ് നാട്ടിൽ നിന്നും കേരളത്തിൽ വന്ന് അവതരിപ്പിച്ചിരുന്ന സംഗീത നാടകങ്ങളായിരുന്നു.സാഹിത്യലോകത്ത് ചക്രവർത്തിപദം അലങ്കരിച്ചിരുന്ന കേരളവർമ്മയുടെ വിവർത്തനപരിശ്രമം ഈ ദിശയിൽ പ്രവർത്തിക്കുവാൻ മലയാളികളായ സാഹിത്യകാരന്മാരെ പ്രേരിപ്പിച്ചു.സംസ്കൃതത്തിൽനിന്നു വിവർത്തനം ചെയ്ത ഈ കൃതി വളരെയധികം ആസ്വാദകരെ സമ്പാദിച്ചു.

പിന്നീട് ഒട്ടനവധി സംസ്കൃത നാടക വിവർത്തനങ്ങളും സ്വതന്ത്ര നാടകകൃതികളും പുറത്തിറങ്ങിയെങ്കിലും പലതും രംഗത്ത് അവതരിപ്പിച്ചിരുന്നില്ല. സംസ്കൃതത്തിൽ നിന്ന് മാളവികാഗ്നിമിത്രം, വിക്രമോർവശീയം, മാലതീമാധവം, ചാരുദത്തം, സ്വപ്നവാസവദത്തം, പഞ്ചരാത്രം, അഭിഷേകനാടകം, അവിമാരകം, മധ്യമവ്യായോഗം, വേണീസംഹാരം, മൃച്ഛകടികം, രത്നാവലി, നാഗാനന്ദം തുടങ്ങിയ നാടകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഇംഗ്ളീഷിൽ നിന്ന് ചില ഷെയ്ക്സ്പിയർ കൃതികളും പോർഷ്യാ സ്വയംവരം, കലഹിനീദമനകം, ലിയർ നാടകം, സുനന്ദാസരസവീരം, ഹാംലെറ്റ്, വെനീസിലെ വ്യാപാരി, വാസന്തികാസ്വപ്നം എന്നീ പേരുകളിൽ മലയാളത്തിലെത്തി. ഒപ്പം സാമൂഹികപ്രശ്നങ്ങൾ അവതരിപ്പിക്കുന്ന മലയാളത്തിന്റേതായ നാടകങ്ങളും പ്രഹസനങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിനൊടുവിൽ പ്രത്യക്ഷപ്പെട്ടു അതിൽ ഒന്നായിരുന്നു മലയാളത്തിൽ ഡോ.അയ്യത്താൻ ഗോപാലൻ രചിച്ച ആദ്യത്തെ സംഗീത നാടകമായ "സാരഞ്ജിനിപരിണയം" 1899 -ൽ ഇത് പ്രസിദ്ധപെടുത്തി പിന്നീട് അദ്ദേഹം തന്നെ രണ്ടാമത് 1903-ൽ പ്രസിദ്ധപെടുത്തിയ "സുശീലാദുഃഖം". ഈ രണ്ടു സംഗീത നാടകങ്ങളും കേരളക്കര ഒന്നാകെ നെഞ്ചിലേറ്റിയ നാടകങ്ങൾ ആയിരുന്നു. പിന്നീട് ഇത് പി.എസ്സ്.വാരിയരുടെ നാട്യ സംഘം ഒരുപാട് വർഷങ്ങൾ കേരളത്തിൽ കളിക്കുകയുണ്ടായിട്ടുണ്ട്. [1] ചെറിയ ഒരിടവേളക്കുശേഷം സി.വി. രാമൻപിള്ള 1909ൽ ‘കുറുപ്പില്ലാക്കളരി’ എന്ന ആക്ഷേപഹാസ്യ നാടകവുമായി രംഗത്തുവന്നു. സി.വി.യുടെ പിൽക്കാല നാടകങ്ങൾ ‘തെണ്ടനാംകോട്ടു ഹരിശ്ചന്ദ്രൻ’ (1918), ‘ബട്‍‍ലർ‍ പപ്പൻ’ (1921) എന്നിവയായിരുന്നു.സിവിയുടെ പ്രധാന നാടകകൃതികൾ പ്രഹസനം എന്ന വിഭാഗത്തിൽ പെടുന്നവയായിരുന്നു.

തമിഴ്നാടകസംഘങ്ങൾ അവതരിപ്പിച്ചിരുന്ന ചരിത്രപുരാണ നാടകങ്ങളും കേരളത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തി. രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയവയെ ഇതിവൃത്തമാക്കിയുള്ള സംഗീതനാടകങ്ങൾക്ക് ഏറെ ആസ്വാദകരുണ്ടായിരുന്നു. സി.വി.യുടെ ആഖ്യായികകളും ഇന്ദുലേഖയും നാടകരൂപത്തിൽ എത്തിയപ്പോൾ പുതിയൊരു നാടകസങ്കല്പം മലയാളത്തിൽ വികസിച്ചു. തമിഴ്നാടകക്കമ്പനികളുടെ മാതൃകയിൽ സെറ്റുകളുമായിട്ടാണ് മലയാളത്തിൽ ആദ്യ നാടകക്കമ്പനികൾ ഉണ്ടായത്. തിരുവട്ടാർ നാരായണപ്പിള്ളയുടെ മനോമോഹനം കമ്പനി, സി.പി. അച്യുതമേനോന്റെ വിനോദചിന്താമണി, ചാത്തുക്കുട്ടി മന്നാടിയാരുടെ രസികരഞ്ജിനി, പി.എസ്. വാര്യരുടെ പരമശിവവിലാസം എന്നിവ അവയിൽ ചിലതാണ്. ടി.സി. അച്യുതമേനോന്റെ സംഗീത നൈഷധം (1892), കെ.സി. കേശവപിള്ളയുടെ സദാരാമ (1903) എരുവയിൽ ചക്രപാണിവാര്യരുടെ ഹരിശ്ചന്ദ്രചരിതം (1913) എന്നീ നാടകങ്ങൾ സംഗീത നാടകകലയെ പുഷ്ടിപ്പെടുത്തി. 1898-ൽ എഴുതപ്പെട്ട സാരഞ്ജിനിപരിണയം, മുതൽക്കാണ് യഥാർഥത്തിൽ മലയാള നാടകവേദിയുടെ ചരിത്രം ആരംഭിക്കുന്നതെന്ന് സി.എൻ. ശ്രീകണ്ഠൻ നായർ അഭിപ്രായപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലുണ്ടായ സി.വി. രാമൻപിള്ളയുടെ പ്രഹസനങ്ങളും മലയാളനാടകത്തിന്റെ വളർച്ചയ്ക്ക് പുതിയ മുഖം സമ്മാനിച്ചു. തെന്തനാംകോട്ട് ഹരിശ്ചന്ദ്രൻ (1914), കയ്മളശ്ശന്റെ കടശ്ശിക്കൈ (1915), ഡാക്ടർക്ക് കിട്ടിയ മിച്ചം (1916), ചെറുതേൻ കൊളംബസ് (1917), പണ്ടത്തെ പാച്ചൻ (1918), പാപി ചെല്ലുന്നിടം പാതാളം (1919), കുറുപ്പിന്റെ തിരിപ്പ് (1920), ബട്ളർ പപ്പൻ (1921) എന്നിവയായിരുന്നു അവ.

1886 മുതൽ 1930 വരെയുള്ള കാലത്ത് ഇരുന്നൂറോളം നാടകങ്ങൾ രചിക്കപ്പെട്ടു. സംഗീതനാടകം കലാപരമായി അധഃപതിച്ച കാലഘട്ടത്തിലാണ് സ്വാമി ബ്രഹ്മവ്രതൻ, കുമാരനാശാന്റെ കരുണ (1930) നാടകരൂപത്തിൽ അവതരിപ്പിച്ചത്. തത്ഫലമായി സംഗീതനാടകവേദിയിൽ പുതിയ ചലനങ്ങളുണ്ടായി. പ്രഗല്ഭരായ കലാകാരന്മാരുടെ നേതൃത്വത്തിൽ പുതിയ നാടകാവതരണങ്ങളുണ്ടായി. അഞ്ചൽ രാമകൃഷ്ണപിള്ളയുടെ ബഹ്മവിലാസം സംഗീതനടനസഭ, പി.ജെ. ചെറിയാന്റെ റോയൽ ഡ്രമാറ്റിക് കമ്പനി, പൊടക്കനയത്ത് വേലുപ്പിള്ളയുടെ ഓച്ചിറ പരബ്രഹ്മോദയ സംഗീത നടനസഭ കടയ്ക്കാവൂർകുഞ്ഞുകൃഷ്ണപണിക്കരുടെ ശ്രീ സഹൃദയാനിന്ദിനി നടനസഭ [S.S.നടനസഭ]തുടങ്ങിയ നാടകക്കമ്പനികൾ ഇക്കാലത്ത് രൂപംകൊണ്ടവയാണ്.മലയാളനാടകരംഗത്ത് ചിട്ടയുള്ള ഫ്രൊഫഷണലിസത്തിന് തുടക്കംകുറിച്ചത് കടയ്ക്കാവൂർകുഞ്ഞുകൃഷ്ണപണിക്കരാണ്.അഞ്ചുകളികഴിഞാൽ ആറാംകളി സമിതിക്കെന്ന രീതി നടപ്പിലാക്കിയതും നടീനടന്മാർക്ക് അഡ്വാൻസ് നൽകി ഒരു വർഷത്തേക്ക് കരാറുറപ്പിക്കുകയും കരാറുതുക ഓരോ കളിയിൽനിന്നും ക്രമാനുഗതമായ് തിരികെപ്പിടിക്കുകയെന്ന സമ്പ്രദായവുമൊക്കെ നടപ്പിലാക്കിയതും ഇദ്ദേഹമാണ് .ഓച്ചിറ വേലുക്കുട്ടി, സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ, തേവലക്കര കുഞ്ഞൻപിള്ള, തിരുവമ്പാടി പാച്ചുപിള്ള, പാൽക്കുളങ്ങര കൃഷ്ണൻകുട്ടി നായർ, ആർ.പി. കേശവപിള്ള തുടങ്ങിയ നടന്മാർ പേരെടുത്തതും ഈ കാലയളവിലാണ്.

സാമൂഹിക നവോത്ഥാനവും നാടകപ്രസ്ഥാനവും

തിരുത്തുക

സാമൂഹിക അനാചാരങ്ങളും അസമത്വങ്ങളും കൊടികുത്തി വാഴുന്ന ഒരു കാലഘട്ടത്തിലാണ് സംഗീത നാടകങ്ങളിൽ നിന്ന് വ്യത്യസ്തമായി, മാനവികബോധം ഊട്ടിയുറപ്പിക്കുന്ന ഒരു നാടകസങ്കല്പം കേരളത്തിൽ പിറവികൊള്ളുന്നത്. ലോകമെമ്പാടും സംഭവിച്ച സാമൂഹികപരിണാമങ്ങളും രാഷ്ട്രീയ സംഭവവികാസങ്ങളും അതിന് പ്രചോദനമായി. സംഗീത നാടകങ്ങളിൽ ഡോ.അയ്യത്താൻ ഗോപാലൻ രചിച്ച സാരഞ്ജിനിപരിണയം- (1899) സുശീലാദുഃഖം- (1903) എന്നീ രണ്ടു നാടകങ്ങൾ സാമൂഹിക അനാചാരങ്ങളും, അസമത്വങ്ങളും പൊതു ജനങ്ങൾക്ക് ചൂണ്ടി കാണിച്ചു കൊടുത്തവ ആയിരുന്നു. അദ്ദേഹത്തിൻ്റെ സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകിയ നാടകങ്ങൾ ആയിരുന്നു ഇത് രണ്ടും. കേരളക്കര ഒന്നാകെ സഹർഷം നെഞ്ചിലേറ്റിയ രണ്ടു നാടകങ്ങളാണ് ഇത്. പിന്നീട് 1929-ൽ വി.ടി. ഭട്ടതിരിപ്പാട് രചിച്ച അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന സാമൂഹിക നാടകം ഒട്ടേറെ കോളിളക്കങ്ങൾ സൃഷ്ടിച്ചു. ബ്രാഹ്മണ സമൂഹത്തിലെ അനാചാരങ്ങളെ പുറത്തുകാട്ടിയ ആ നാടകം മലയാള നാടകവേദിക്ക് പുതിയൊരു സാമൂഹ്യദർശനം പകർന്നു നൽകി. എം.ആർ.ബി.യുടെ മറക്കുടയ്ക്കുള്ളിലെ മഹാനരകം (1931), പ്രേംജിയുടെ ഋതുമതി (1938) എന്നീ നാടകങ്ങളും പരിവർത്തനസ്വഭാവം കൊണ്ടു മികച്ചുനിന്നു.

വളരുന്ന കലാരംഗം

തിരുത്തുക

1930 കളിൽ ഇബ്സന്റെ നാടകങ്ങളുടെ സ്വാധീനം ആംഗലേയലോകത്തെന്നപോലെ മലയാളത്തിലും നാടകരംഗത്ത് സുപ്രധാന മാറ്റങ്ങൾക്കു വഴിതെളിച്ചു. പ്രശസ്തനിരൂപകനാ‍യ കേസരിഎ.ബാലകൃഷ്ണപിള്ള ഇബ്സന്റെ ‘പ്രേതങ്ങൾ’ 1936ഇൽ മലയാളത്തിലേക്കു വിവർത്തനം ചെയ്യുകയും ഇബ്സന്റെ നാടകങ്ങളെക്കുറിച്ച് മലയാളത്തിൽ അനേകം ലേഖനങ്ങൾ എഴുതുകയും ചെയ്തു. 1940-ൽ സി.നാരായണപിള്ള ‘റോസ്മെർഹോം’ മലയാളത്തിലേക്കു വിവർത്തനം ചെയ്തു. വി.ടി.ഭട്ടതിരിപ്പാടിന്റെ ‘അടുക്കളയിൽനിന്നും അരങ്ങത്തേക്ക്’ (1930) എന്ന നമ്പൂതിരിസ്ത്രീകളുടെ പുരോഗമനത്തിന്റെ കഥപറയുന്ന നാടകം നാടൊട്ടൊക്കും പ്രചുരപ്രചാരം നേടി. പ്രേംജി(എം.ആർ ഭട്ടത്തിരി)യുടെ നാടകമായ ‘ഋതുമതി’ (1939) അതിന്റെ ആശയസമ്പൂർണതയ്ക്കു പേരുകേട്ടതാണ്.

ഇ.വി. കൃഷ്ണപിള്ള, സി.വി.രാമൻപിള്ളയുടെ ചരിത്ര ദുരന്തങ്ങളുടെയും ആക്ഷേപഹാസ്യത്തിന്റെയും പാത പിന്തുടർന്ന് പല നാടകങ്ങളും രചിച്ചു. ഇ.വി.യുടെ ഹാസ്യരസ പ്രധാനമായ നാടകങ്ങളുടെ ശൈലി പിന്തുടർന്ന് നാടകമെഴുതിയവരിൽ പ്രധാനികളായിരുന്നു ടി.എൻ.ഗോപിനാഥൻനായരും എൻ.പി.ചെല്ലപ്പൻ‌‌നായരും. അദ്ദേഹത്തിന്റെ ചരിത്രദുരന്ത നാടകങ്ങളുടെ പാത പിന്തുടർന്നവരായിരുന്നു കൈനിക്കര പത്മനാഭപിള്ള (‘വേലുത്തമ്പി ദളവാ’, ‘കാൽ‌വരിയിലെ കല്പപാദപം’ (1934)), കാപ്പന കൃഷ്ണമേനോൻ (‘ചേരമാൻ പെരുമാൾ’, ‘പഴശ്ശിരാജാ’), കൈനിക്കര കൃഷ്ണപിള്ള (‘ഹരിശ്ചന്ദ്രൻ’ (1938)), കുട്ടനാട്ട് രാമകൃഷ്ണപിള്ള (‘തപ്തബാഷ്പം’ (1934)) തുടങ്ങിയവർ.

കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ-സാമൂഹിക നാടകം ഒരുപക്ഷേ കെ.ദാമോദരന്റെ ‘പാട്ടബാക്കി’ (1938) ആയിരിക്കും. 1940 കളിൽ എൻ.ബാലകൃഷ്ണപിള്ള, പുളിമന പരമേശ്വരൻപിള്ള, ഇടശ്ശേരി ഗോവിന്ദൻ നായർ, സി.ജെ.തോമസ് തുടങ്ങിയവർ മലയാള നാടകരംഗത്തേക്ക് ദുരന്തനാടകങ്ങളെ അവതരിപ്പിച്ചു. കൃഷ്ണപിള്ളയുടെ പ്രധാന നാടകങ്ങളിൽ ‘ഭഗ്നഭവനം‘ (1942), ‘കന്യക’ (1944), ബലാബലം (1946), തുടങ്ങിയവ ഉൾപ്പെടും. പുളിമന പരമേശ്വരൻപിള്ളയുടെ ‘സമത്വവാദി’ (1944) ‘എക്സ്പ്രഷനിസ്റ്റ്’ സമ്പ്രദായത്തിലെഴുതിയ ഒരു അമൂല്യ കൃതിയാണ്. ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി‘(1950) ഗ്രാമീണയാഥാർത്ഥ്യങ്ങളുടെ കഥപറഞ്ഞു. സി.ജെ.തോമസിന്റെ പ്രധാന നാടകമായ ‘അവൻ വീണ്ടും വരുന്നു’ മലയാള നാടകങ്ങൾക്കു ഒരു പുതിയ മാനം നൽകി. അദ്ദേഹത്തിന്റെ നാടകങ്ങൾ പുരോഗമന സ്വഭാവമുള്ളവയും ഭാവിയിലെ മലയാള നാടകവേദിയെ മുൻ‌കൂട്ടിക്കണ്ടവയുമായിരുന്നു. അദ്ദേഹത്തിന്റെ പരീക്ഷണത്വര അതിന്റെ പാരമ്യത്തിലെത്തുന്നത് ‘1128 ഇലെ ക്രൈം 27‘ (1954) എന്ന നാടകത്തിലൂടെയാണ്. അഭിനേതാക്കൾക്കും സംവിധായകർക്കും വെല്ലുവിളിയുയർത്തിയ ഈ നാടകം ഇന്നും മലയാള നാടകരംഗത്ത് വേറിട്ടുനിൽക്കുന്നു.

സ്വാതന്ത്ര്യത്തിനു ശേഷം

തിരുത്തുക

1950-60കളിലെ നാടകങ്ങൾ നാടക ഗാനങ്ങൾക്കു പ്രാധാന്യമുള്ളവയും രാഷ്ട്രീയ-സാമൂഹിക ചായ്‌വുകൾ ഉള്ളവയുമായിരുന്നു. തോപ്പിൽ ഭാസി, എൻ.എൻ. പിള്ള, കെ.ടി. മുഹമ്മദ്, ജി. ശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കർ തുടങ്ങിയവർ ചലച്ചിത്രങ്ങളുടെ കുത്തൊഴുക്കിലും നാടകരംഗത്തെ ചലനാത്മകവും ആസ്വാദകവുമാക്കി നിലനിർത്തി.

പ്രധാനപ്പെട്ട നാടകകൃത്തുക്കൾ[അവലംബം ആവശ്യമാണ്]

തിരുത്തുക

പ്രധാന നാടകസംഘങ്ങൾ

തിരുത്തുക
  • കെ.പി.എ.സി.
  • കാളിദാസ കലാകേന്ദ്രം
  • കേരള കലാനിലയം
  • സോപാനം തിരുവനന്തപുരം
  • കലിംഗ തിയ്യേറ്റേഴ്സ്
  • സംഗമം തിയ്യറ്റേഴ്സ്
  • നാടകഗ്രാമം കോഴിക്കോട്
  • നവചേതന
  • സംഗമിത്ര
  • സൂര്യസോമ
  • ഫ്രീഡം തീയറ്റേഴ്സ്, കൊല്ലം
  • രംഗചേതന
  • രംഗപ്രഭാത്
  • നാടകക്കൂട് നെയ്യാറ്റിൻകര
  • ദൃശ്യ ആറ്റിങ്ങൽ
  • ലോകധർമ്മി
  • ഓച്ചിറ നിള
  • കൊല്ലം ചൈതന്യ
  • സംഘമിത്ര
  • ജനഭേരി
  • സ്വരലയ, മുഖത്തല
  • അഭിനയ ,തിരുവനന്തപുരം
  • കനൽ, തിരുവനന്തപുരം
  • തിയേറ്റർ ഇനിഷ്യേറ്റീവ്, കൊല്ലം
  • സംസ്കൃതി,ആലപ്പുഴ
  • ലിറ്റിൽ എർത്ത് തിയേറ്റർ,പാലക്കാട്
  • പ്രകാശ് കലാകേന്ദ്രം,നീരാവിൽ
  • സുവർണ്ണ തിയേറ്റേഴ്‌സ്,വളയഞ്ചിരങ്ങര
  • വള്ളുവനാട് ബ്രഹ്മ
  • കൊച്ചിൻ ദൃശ്യ കലാഞ്ജലി, കൊല്ലം

നവയുഗ് ചിൽഡ്രൻസ് തീയറ്റർ, കോട്ടയം== പ്രധാന നാടകസംവിധായകർ ==

  1. "ഗൂഗിൾ ബുക്സിലെ ശേഖരം". ഗൂഗിൾ ബുക്സ്. 2013 ഓഗസ്റ്റ് 19. Archived from the original on 2013-08-19. Retrieved 2013 ഓഗസ്റ്റ് 19. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=മലയാളനാടകവേദി&oldid=4138329" എന്ന താളിൽനിന്ന് ശേഖരിച്ചത്