ഭൂകമ്പം

ഭൂമികുലുക്കം
(ഭൂമികുലുക്കം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൂമിയുടെ ഉപരിതലം അവിചാരിതമായി ചലിക്കുന്നതിന് ഭൂകമ്പം അഥവാ ഭൂമികുലുക്കം എന്നു പറയുന്നു. ഭൂകമ്പങ്ങൾ ദുരന്തകാരണമാകാറുണ്ട്. ഭൂകമ്പത്തെ കുറിച്ചുള്ള പഠനത്തിന് ഭൂകമ്പ വിജ്ഞാന ശാസ്ത്രം (seismology) എന്നു പറയുന്നു. 1903-ൽ ലോക ഭൂകമ്പ വിജ്ഞാന സമിതി രൂപീകൃതമായി. ഭൂകമ്പത്തെ കുറിച്ചുള്ള ആധികാരിക പഠനങ്ങൾക്ക് ഈ സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്. 1906 ഏപ്രിൽ 18-നു അമേരിക്കയിലെ സാൻഫ്രാസിസ്കോയിലുണ്ടായ ഭൂകമ്പവും, അതിനെ തുടർന്നുണ്ടായ സാൻ ആന്ദ്രിയാസ് ഭ്രംശവുമാണ് ഭൂകമ്പത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയത്. ഭൂകമ്പം സൃഷ്ടിക്കപ്പെടുന്ന ബിന്ദുവിന് അധികേന്ദ്രം എന്നു പറയുന്നു. ഇന്ന് ഭൂകമ്പത്തിന്റെ ശക്തി അളക്കാനായി പൊതുവേ റിച്ചർ മാനകം ഉപയോഗിക്കുന്നു. റിച്ചർ മാനകത്തിൽ മൂന്നിനു താഴെയുള്ള ഭൂകമ്പങ്ങൾ ദുരന്തങ്ങൾ സൃഷ്ടിക്കാറില്ല.

ഭൂകമ്പ ബാധിത പ്രദേശങ്ങൾ

വർഗ്ഗീകരണങ്ങൾ

തിരുത്തുക
 
1906-ൽ സാൻ ഫ്രാൻസിസ്കോവിലെ ഭൂകമ്പത്തിനിരയായ ഭവനം.

ഏതെങ്കിലും സ്ഥലത്ത് വലിയ നാശം വിതയ്ക്കുന്ന ഭൂമികുലുക്കത്തിന് പ്രധാനാഘാതം (Major Shock) എന്നു പറയുന്നു. പ്രധാനാഘാതത്തിനു മുമ്പായി അധികേന്ദ്രത്തിലും ചുറ്റുമായി ഉണ്ടാകുന്ന ചെറിയ കുലുക്കങ്ങളെ മുന്നാഘാതങ്ങൾ (Fore shock) എന്നു പറയുന്നു. പ്രധാനാഘാതത്തിനു ശേഷമുണ്ടാകാറുള്ള ചെറു ഭൂകമ്പ പരമ്പരയെ പിന്നാഘാതങ്ങൾ (After Shock) എന്നും പറയുന്നു. പിന്നാഘാതങ്ങൾ ചിലപ്പോൾ മാസങ്ങളോളം നീണ്ടു നിൽക്കാറുണ്ട്.

കാരണങ്ങൾ

തിരുത്തുക
 
1989-ൽ കാലിഫോർണിയ ഭൂകമ്പത്തിനിരയായ പാത.

ഭൂമിയുടെ ഉള്ളിൽ നടക്കുന്ന രണ്ടുതരം കാര്യങ്ങൾ ഭൂകമ്പങ്ങൾക്ക് കാരണമാകാറുണ്ട്.

  1. വിവർത്തന പ്രവർത്തനങ്ങൾ (Tectonic Activities)
  2. അഗ്നിപർവ്വത പ്രവർത്തനങ്ങൾ (Volcanic Activities)

എന്നിവയാണവ. ഇവരണ്ടുമല്ലാതെ അണക്കെട്ടുകൾ ഉണ്ടാക്കുന്നതു പോലുള്ള കടുത്ത സമ്മർദ്ദം ഭൂവൽക്കത്തിലെ ചെറുഭ്രംശരേഖകൾക്ക് താങ്ങാനാവാതെ വരുമ്പോഴും ഭൂമികുലുക്കമുണ്ടാവാറുണ്ട്. ഇത്തരം ചലനങ്ങളെ പ്രേരിത ചലനങ്ങൾ എന്നു വിളിക്കുന്നു. മറ്റു മാനുഷിക പ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന(ഉദാ: അണുബോംബ് സ്ഫോടനം, ഖനി പ്രവർത്തനങ്ങൾ) ഭൂവല്ക ചലനങ്ങൾക്ക് ഭൂകമ്പം എന്നു സാധാരണ പറയാറില്ല.

വിവർത്തന പ്രവർത്തനങ്ങൾ

തിരുത്തുക

ഭൂമിയുടെ ഉത്ഭവകാലത്ത് കത്തിജ്ജ്വച്ചുകൊണ്ടിരുന്ന ഭൂമി സാവധാനം തണുത്തുറയുകയുണ്ടായി. ഭൂവല്ക്കം ആദ്യം തണുക്കുകയും അന്തർഭാഗങ്ങളിലേക്ക് സാവധാനം തണുക്കുകയും ചെയ്തു. ഈ പ്രവർത്തനത്തിന്റെ ഫലമായി ഭൂവല്ക്കത്തിന്റെ പലഭാഗങ്ങളിലും ആഴമേറിയ പൊട്ടലുകൾ ഉണ്ടായി. ഇത്തരം പൊട്ടലുകളെ ഭ്രംശ രേഖകൾ എന്നു വിളിക്കുന്നു. ഭൂവല്ക്കത്തിന്റേയും താഴെ ഇന്നും ഉറയാത്ത ശിലാദ്രവങ്ങളുണ്ട്(Magma). അതുകൊണ്ട് ഭ്രംശരേഖകൾക്കിരുപുറവുമുള്ള ഖണ്ഡങ്ങൾ അഥവാ ഫലകങ്ങൾ തിരശ്ചീനമായും ലംബമായും ശിലാദ്രവങ്ങൾക്കു മുകളിലൂടെ തെന്നിനീങ്ങുന്നു. ഇത്തരം തെന്നിനീങ്ങലുകളിൽ ഖണ്ഡങ്ങൾ തമ്മിൽ കൂട്ടിയിടിക്കാറുണ്ട്. തത്ഫലമായുണ്ടാകുന്ന ഭൂഖണ്ഡങ്ങളുടെ ഞെരിഞ്ഞമരിലിനാൽ ഉണ്ടാകുന്ന ഇലാസ്തിക ബലം ഊർജ്ജമായി പുറത്തു വരുന്നതുകൊണ്ട് വിവർത്തന ഭൂമികുലുക്കമുണ്ടാവാറുണ്ട്. ഭ്രംശരേഖകൾക്ക് സമീപമുള്ള പ്രദേശങ്ങളിലായിരിക്കും ഇത്തരം ഭൂകമ്പങ്ങൾ ഉണ്ടാവുക.

ഇങ്ങനെയുണ്ടാകുന്ന ഭൂകമ്പങ്ങൾക്ക് ആവർത്തനക്രമമുണ്ട്. ഭ്രംശരേഖകളിൽ ഊർജ്ജം ശേഖരിക്കപ്പെടുന്നതനുസരിച്ചാണിവിടെ ഭൂകമ്പങ്ങളുണ്ടാകുന്നത്. ഭൂഫലകങ്ങളുടെ ചലനം ആർജ്ജവത്തോടെ നടക്കുന്ന പ്രദേശങ്ങളിൽ പെട്ടെന്നു തന്നെ ഫലകങ്ങളുടെ വക്കുകൾ വലിയുകയും പൊട്ടിപ്പോവുകയും ഭൂകമ്പമുണ്ടാവുകയും ചെയ്യുന്നു.

അഗ്നിപർവ്വത പ്രവർത്തനങ്ങൾ

തിരുത്തുക

അഗ്നിപർവ്വതങ്ങളോടനുബന്ധിച്ചാണ് ഇത്തരം കുലുക്കങ്ങളുണ്ടാകാറ്‌. തിളച്ചുമറിയുന്ന ശിലാദ്രവത്തിലേക്ക് ഭൂഗർഭ ജലം ഊറിയിറങ്ങാനിടയായാൽ അതു രാസപ്രവർത്തനത്തിനും വിസ്ഫോടനത്തിനും കാരണമാവുന്നു. തത്ഫലമായുണ്ടാകുന്ന ചെറിയ വിടവുകളിലേക്ക് ശിലാദ്രവം ചലിക്കുമ്പോൾ ചുറ്റുമുള്ള ശിലാഖണ്ഡങ്ങൾ ചൂടിനാൽ വികാസസങ്കോചങ്ങൾക്ക് കാരണമാകുന്നു. കൂടാതെ ശിലകൾ കടുത്ത മർദ്ദത്തിനിടയാവുകയും ചെയ്യുന്നു. ഇപ്രകാരമുണ്ടാവുന്ന ഊർജ്ജം ശിലകളിൽ നിന്ന് മോചിക്കപ്പെടുമ്പോളും ഭൂകമ്പമുണ്ടാവാറുണ്ട്. അത്തരം ഭൂകമ്പങ്ങൾക്ക് ഭ്രംശരേഖകളുടെ സാന്നിദ്ധ്യം ആവശ്യമില്ല. വിവർത്തന പ്രവർത്തനങ്ങളെ അപേക്ഷിച്ച് ശക്തികുറഞ്ഞവയായിരിക്കും ഇത്തരത്തിലുള്ള ഭൂകമ്പങ്ങൾ.

പ്രേരിത ചലനങ്ങൾ

തിരുത്തുക

അണക്കെട്ടുകളോ കനാലുകളോ ഒക്കെ ഉണ്ടാക്കുന്ന ചലനങ്ങളെ പ്രേരിത ചലനങ്ങൾ (Induced Seimicity) എന്നു വിളിക്കുന്നു. അണക്കെട്ടുകളും മറ്റും ഭൂഗർഭമർദ്ദത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ കാരണമാണ് പ്രേരിത ചലനങ്ങൾ ഉണ്ടാകുന്നത്. പ്രേരിത ചലനങ്ങൾ കാലക്രമേണ ശക്തികുറഞ്ഞ് ഇല്ലാതാവുകയാണ് സാധാരണ ചെയ്യാറ്. ആ പ്രദേശം ഒരു സന്തുലിതാവസ്ഥ പ്രാപിക്കുന്നതോടെയാണിത്. കേരളത്തിൽ ഇടുക്കി, മംഗലം അണക്കെട്ടുകൾ പ്രേരിത ചലനങ്ങൾക്ക് കാരണമാകുന്നതായി കരുതുന്നു [1]. ഇത്തരത്തിലുള്ള നൂറിലധികം സാധ്യതകൾ ലോകമാകമാനം ഉള്ളതായി പറയപ്പെടുന്നു[2]. അമേരിക്കയിലെ ലേക് മിഡ് എന്ന പ്രദേശത്ത് 1945-ൽ ഉണ്ടായ ഭൂകമ്പം ആണ് ഇത്തരത്തിലുള്ള സാധ്യതയിലേക്ക് ശാസ്ത്രജ്ഞരെ എത്തിച്ചത്.

ഭൂകമ്പ തരംഗങ്ങൾ

തിരുത്തുക

ഭൂകമ്പത്തിന്റെ ഊർജ്ജം തരംഗരൂപത്തിലാ‍ണ് ഭൂമിയിലൂടെ സഞ്ചരിക്കുന്നത്, ഇത്തരം തരംഗങ്ങൾ പുറപ്പെടുന്ന ബിന്ദുവിനെ ഭൂകമ്പ നാഭി എന്നു വിളിക്കുന്നു. ആ ബിന്ദുവിന് ഏറ്റവുമടുത്ത് ഭൌമോപരിതലത്തിലുള്ള ബിന്ദുവിനെ അധികേന്ദ്രം എന്നും വിളിക്കുന്നു. ഭൗമാന്തർഭാഗത്തിലേക്കും നാനാഭാഗങ്ങളിലേയ്ക്കുമായിരിക്കും ഭൂകമ്പതരംഗങ്ങൾ തൊടുത്തു വിടപ്പെടുക. മൂന്നു തരം തരംഗങ്ങളെങ്കിലും ഭൂകമ്പ നാഭിയിൽ നിന്നും പുറപ്പെടുന്നു.

  1. പ്രാഥമിക തരംഗങ്ങൾ(Primary Waves)
  2. ദ്വിതീയ തരംഗങ്ങൾ(Secondary Waves)
  3. ഉപരിതല തരംഗങ്ങൾ(Longitudinal Waves)

എന്നിവയാണവ.

പ്രാഥമിക തരംഗങ്ങൾ അനുദൈർഘ്യ തരംഗങ്ങളാണ്. കണങ്ങൾ തരംഗദിശക്ക് സമാന്തരമായി (മുന്നോട്ടും പിന്നോട്ടും) ചലിക്കുന്നു. അതുകൊണ്ടുതന്നെ ഖരഭാഗത്തുകൂടിയും ദ്രവഭാഗത്തുകൂടിയും സഞ്ചരിക്കാൻ കഴിയും. ഒരു സെക്കന്റിൽ 8 കിലോമീറ്ററാണ് വേഗത. ഇത്തരം തരംഗങ്ങൾ ഭൗമോപരിതലത്തിലെത്തുമ്പോൾ ചെറിയ ഭാഗം ഊർജ്ജം അന്തരീക്ഷത്തിലേക്കും നിക്ഷേപിക്കാറുണ്ട്. തത്ഫലമായുണ്ടാകുന്ന ശബ്ദം ആവൃത്തി കുറവുമൂലം(5 ഹെർട്സ്) മനുഷ്യർക്ക് ശ്രവണാതീതമെങ്കിലും പലമൃഗങ്ങളും ശ്രവിക്കുകയും രക്ഷാനടപടികളെടുക്കുകയും ചെയ്യും.

ഉത്ഭവസ്ഥാനത്തുനിന്നും തുടങ്ങുന്ന ഊർജ്ജപ്രവാഹം തിരമാലകൾ പോലെ വേഗത്തിൽ സഞ്ചരിക്കും. ഭൂമിയുടെ ഉപരിതലത്തിൽ എത്തുമ്പോൾ രൌദ്രഭാവം കൊള്ളും[3]

ദ്വിതീയ തരംഗങ്ങൾ അനുപ്രസ്ഥ തരംഗങ്ങളാണ് അതുകൊണ്ടുതന്നെ ദ്രവങ്ങളിലൂടെ സഞ്ചരിക്കാൻ കഴിവില്ല. ഖരഭാഗങ്ങളിലൂടെ സെക്കന്റിൽ 5 കിലോമീറ്റർ വേഗത്തിലാവും സഞ്ചാരം. അപകടങ്ങൾ സൃഷ്ടിക്കില്ല.

ഉപരിതല തരംഗങ്ങളാണ് ഭൌമോപരിതലം ചലിപ്പിക്കുന്നത്. സെക്കന്റിൽ 3.2 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നു.

ഭൂകമ്പ തരംഗങ്ങളെ സൂക്ഷ്മമായി പഠിക്കുന്നതുമൂലം ഭൂമിയുടെ അന്തർഭാഗത്തെ കുറിച്ചുള്ള പഠനം സാധ്യമാകുന്നു. വ്യത്യസ്ത ഭൂകമ്പതരംഗങ്ങളുടെ വേഗത - മാധ്യമങ്ങളുടെ സാന്ദ്രത, ഇലാസ്തികത എന്നിവയനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നതിനാലാണിത്. വ്യത്യസ്ത ഭൂകമ്പമാപിനികളിൽ ഈ തരംഗങ്ങൾ എത്തിച്ചേരാനെടുത്ത സമയവ്യത്യാസം കണക്കാക്കി ഭൂകമ്പനാഭിയും അധികേന്ദ്രവും കണ്ടെത്താനും കഴിയും.

ശബ്ദങ്ങൾ

തിരുത്തുക

കേന്ദ്രബിന്ദുവിൽ നിന്നും പുറത്തേക്കുവരുന്ന പ്രഥമ തരംഗങ്ങൾ ശബ്ദതരംഗങ്ങളോട് സമാനതയുള്ളവയാണ്. ഇവയാണ് ഭൂമികുലുക്കത്തോടനുബന്ധിച്ചുണ്ടാവുന്ന ശബ്ദങ്ങൾക്ക് കാരണം. [4]

ഭൂകമ്പ മാപിനികൾ

തിരുത്തുക

ഭൂകമ്പങ്ങളുടെ തീവ്രത അളക്കാനുപയോഗിക്കുന്ന ഉപകരണത്തെയാണ് ഭൂകമ്പമാപിനി എന്നു പറയുന്നത്. ഭൂകമ്പമാപിനികളെ രണ്ടായി തിരിച്ചിരിക്കുന്നു.

  1. സീസ്മോസ്കോപ്പുകൾ
  2. സീസ്മോഗ്രാഫുകൾ

സമയസൂചകങ്ങളില്ലാതെ ഭൂകമ്പം മാത്രം രേഖപ്പെടുത്തുന്നവയാണ് സീസ്മോസ്കോപ്പുകൾ. ഭൂകമ്പതരംഗങ്ങളെയെല്ലാം സമയാധിഷ്ഠിതമായി രേഖപ്പെടുത്തുന്നവയെ സീസ്മോഗ്രാഫുകൾ എന്നും വിളിക്കുന്നു[5][6].

ക്രി.പി. 132-ൽ ചൈനക്കാരനായ ചാംഗ് ഹെംഗ് നിർമ്മിച്ച ഉപകരണത്തെയാണ് ആദ്യത്തെ ഭൂകമ്പമാപിനായി കണക്കാക്കുന്നത്[7]. ആ ഉപകരണത്തിൽ ആറുദിശകളിൽ വായിൽ ഒരോ ഗോളങ്ങളുമായിരിക്കുന്ന ആറു വ്യാളികളെ ഉറപ്പിച്ചിരിക്കുന്നു. ഏതെങ്കിലും സ്ഥലത്ത് ഭൂകമ്പമുണ്ടായാൽ ആ ദിശയിലുള്ള വ്യാളിയുടെ വായിൽ നിന്നും ഗോളം താഴെ പതിക്കുന്നു ഇത്തരത്തിലായിരുന്നു അതിന്റെ പ്രവർത്തനം. ഈ ഉപകരണമൊരു സീസ്മോസ്കോപ്പാണെന്നു പറയാം.

ദൃഢമായുറപ്പിക്കപ്പെട്ട ഒരു അടിത്തറ, ചലനരഹിതമായ പിണ്ഡം, ഒരു ശേഖരണമാധ്യമം എന്നിങ്ങനെയാണ് ഭൂകമ്പമാപിനികളുടെ രൂപം. ആധുനിക സീസ്മോഗ്രാഫുകളിൽ ചലനരഹിത പിണ്ഡത്തിൽ ഒരു പെൻസിലോ ലേസർ സ്രോതസ്സോ ഘടിപ്പിച്ചിരിക്കും. തരംഗങ്ങൾക്കൊപ്പം ശേഖരണമാധ്യമം (പേപ്പർ നാട‍, ഫോട്ടോഗ്രാഫിക് നാട മുതലായവ) ചലിക്കുമ്പോൾ പിണ്ഡം ചലിക്കില്ല, തത്ഫലമായി ഭൂകമ്പത്തിന്റെ ആവൃത്തി ശേഖരണമാധ്യമത്തിൽ ശേഖരിക്കപ്പെടും. സമയാധിഷ്ഠിതമായും നാട ചലിച്ചുകൊണ്ടിരിക്കുന്നതിനാൽ ഈ ചലനം ഒരു ഗ്രാഫ് ആയിട്ടായിരിക്കും രേഖപ്പെടുത്തുക.

ഭൂകമ്പത്തിന്റെ ശക്തി അളക്കൽ

തിരുത്തുക

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഭൂമികുലുക്കങ്ങളുടെ തീവ്രത കണ്ടെത്താൻ ലോകവ്യാപകമായി ശ്രമങ്ങളുണ്ടായി. 1880-ൽ ഇറ്റാലിയനായ റോസിയും, സ്വിറ്റ്സർലണ്ടുകാരനായ ഫോറലും ചേർന്ന് ഒരു മാനകം കണ്ടെത്തി. ഇതിലുണ്ടായ ന്യൂനതകളൊക്കെയും 1902-ൽ ഇറ്റാലിയൻ ഭൂകമ്പശാസ്ത്രജ്ഞനായ മെർക്കാലി പരിഹരിച്ച് ഒരു മാനകം വികസിപ്പിക്കുകയും മെർക്കാലി മാനകം എന്നു പേർ നൽകുകയും ചെയ്തു. ഒന്നു മുതൽ പന്ത്രണ്ടുവരെ അളവുകളാണ് മെർക്കാലി മാനകത്തിലുള്ളത്.

ആധികാരിക പഠനങ്ങൾക്കായി അമേരിക്കനായ ചാൾസ്. എഫ്. റിച്ചർ 1935-ൽ കണ്ടുപിടിച്ച മാനകമാണ് റിച്ചർ മാനകം. ഒരു ഭൂകമ്പത്താലുളവാകുന്ന ഊർജ്ജത്തിനെയാണ് റിച്ചർ മാനകത്തിൽ നിർണ്ണയിക്കപ്പെടുന്നത്. ഒരു ലോഗരിതമിക മാനകമായ റിച്ചർ മാനകത്തിൽ ഒന്നു മുതൽ ഒമ്പതു വരെ അളവുകളുണ്ട്. റിച്ചർ മാനകത്തിൽ മൂല്യം കണ്ടെത്താനായി ഉപരിതല തരംഗങ്ങളുടെ ഏറ്റവും കൂടിയ ആവൃതിയും(A), ഭൂകമ്പനാഭിയിലേക്കുള്ള ദൂരവുമറിയണം (Δ)അതിനുശേഷം,

റിച്ചർ മാനക മൂല്യം   എന്ന സൂത്രവാക്യമുപയോഗിച്ചു കണ്ടെത്താം

ഭൂകമ്പത്തിൽ നിന്നും പുറത്തു വന്ന ഊർജ്ജത്തിന്റെ അളവിനെ കണ്ടെത്താനായി,

  എന്ന സൂത്രവാക്യമുപയോഗിക്കണം അപ്പോൾ ഊർജ്ജത്തിന്റെ അളവിന്റെ ലോഗരിതമിക മൂല്യം ലഭിക്കും.

ഭൂകമ്പ തോതുകളും നാശനഷ്ടങ്ങളും
മെർക്കാലി മാനകം റിച്ചർ മാനകം ഭൂകമ്പ സ്വഭാവം എണ്ണം(ശരാശരി)
1 3.1 സീസ്മോഗ്രാഫുകൊണ്ടുമാത്രം തിരിച്ചറിയാൻ കഴിയുന്നവ ദിവസം 8,000 എണ്ണം
2 3.8 ഉയർന്ന കെട്ടിടങ്ങളുടെ മുകളിലുള്ളവർക്ക് തിരിച്ചറിയാൻ കഴിയുന്നവ വർഷം 50,000 എണ്ണം
3 4.2 അനങ്ങാതിരിക്കുന്ന മനുഷ്യർക്കനുഭവപ്പെടുന്നു വർഷം 6200 എണ്ണം
4 4.5 തീവണ്ടി പ്ലാറ്റ്ഫോമിലെ കമ്പനം പോലെ
5 4.8 കെട്ടിടങ്ങൾ കുലുങ്ങുന്നു, പെൻഡുലം ക്ലോക്കുകൾ നിലയ്ക്കുന്നു
6 4.9-5.4 എല്ലാവർക്കും അനുഭവപ്പെടുന്നു, ജനൽ ചില്ലുകൾ തകരുന്നു, അപകടങ്ങൾ ഉണ്ടാകാം വർഷം 500 എണ്ണം
7 5.5-6.1 നല്ല കെട്ടിടങ്ങൾക്ക് വരെ ചെറിയ കുഴപ്പങ്ങൾ സംഭവിക്കുന്നു, വാഹനങ്ങൾ ഓടിക്കുന്നവർക്ക് അനുഭവപ്പെടുന്നു വർഷം 300 എണ്ണം
8 6.2 ഭിത്തികൾ തകരുന്നു, പാലങ്ങൾക്ക് ചെറിയ കുഴപ്പങ്ങളുണ്ടാകാം വർഷം 120 എണ്ണം
9 6.9 കെട്ടിടങ്ങൾ തകർന്നു വീഴുന്നു, നിലം വിണ്ടു കീറുന്നു, ഭൌമാന്തർ കുഴലുകൾ കേടാകുന്നു
10 7-7.3 കല്ലുകൊണ്ടുള്ള കെട്ടിടങ്ങൾ പൂർണ്ണമായി തകരുന്നു, പാലങ്ങളും തടിക്കെട്ടിടങ്ങളും അപകടത്തിൽ, തീവണ്ടി പാതകൾ വളയുന്നു, പുഴകൾ കരകവിയുന്നു വർഷത്തിൽ 15 എണ്ണം
11 7.4-8.1 പാലങ്ങൾ തകർന്നു വീഴുന്നു, നിലത്ത് വിള്ളലുകൾ അനവധി
12 8.1 നാശം മാത്രം, വസ്തുക്കൾ വായുവിലേക്ക് എറിയപ്പെടുന്നു, ഭൌമോപരിതലം തരംഗരൂപത്തിൽ സഞ്ചരിക്കുന്നത് കാണാൻ കഴിയുന്നു. വർഷത്തിൽ ഒന്നോ രണ്ടോ
- 9 സർവ്വത്ര നാശം 30 വർഷത്തിലൊരിക്കൽ

റിക്ടർ സ്കെയിൽ കൂടാതെ മെർക്കാളെ സ്കെയിൽ, റോസിഫോറൽ സ്കെയിൽ എന്നിവയുമുണ്ട്. ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്

ഭൂകമ്പ ബാധിത പ്രദേശങ്ങൾ

തിരുത്തുക

ഭൂവിജ്ഞാനീയത്തിലുണ്ടായിട്ടുള്ള(Geology) വളർച്ച ഭൂകമ്പങ്ങളേയും അവയുടെ കാരണങ്ങളേയും മനസ്സിലാക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്. ഭൂഫലകചലനസിദ്ധാന്തപ്രകാരം ഭൂമിയുടെ ഘടന പഠിച്ച ശാസ്ത്രജ്ഞർ വിവർത്തന പ്രവർത്തനങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാകാൻ ഇടയുള്ള പ്രദേശങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഘടനാപരമായി അസ്ഥിരമായ ഈ പ്രദേശങ്ങൾ ഭൂഫലകങ്ങളിലെ ഭ്രംശരേഖകൾക്കു മുകളിലുള്ള പ്രദേശങ്ങളായിരിക്കും. ഈ പ്രദേശങ്ങളെ അസ്ഥിര ഭൂപ്രദേശങ്ങൾ എന്നു വിളിക്കുന്നു. നാടകളായാണ്(Belts) ഇവയെ കരുതുന്നത്. ഏറ്റവും പ്രധാനപ്പെട്ട മൂന്നു അസ്ഥിര നാടകൾ ഇവയാണ്.

  1. അഗ്നിവലയം(Ring of Fire)
    ശാന്തമഹാസമുദ്രത്തിനു വക്കിലായി വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരവും ഏഷ്യയുടെ കിഴക്കേതീരവും തെക്കുകിഴക്കൻ ശാന്തസമുദ്രദ്വീപുകളും ന്യൂസിലാന്റും ചേർന്ന ഈ നാട ഭൂകമ്പങ്ങൾ തുടർച്ചയായി ഉണ്ടാകുന്ന കുതിരലാടത്തിന്റെ ആകൃതിയിലുള്ള നാടയാണ്.
  2. ആൽ‌പൈൻ നാട
    ദക്ഷിണ ശാന്തസമുദ്രദ്വീപുകളിൽ നിന്ന് ഇന്തോനേഷ്യയിലൂടെ മധ്യേഷ്യൻ പർവ്വതങ്ങളിലൂടെയും ഗ്രീസിലെ കാക്കാസസ്സിലൂടെയും, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളിലൂടെയും പോകുന്ന നാട.
  3. അറ്റ്‌ലാന്റിക് നാട
    അറ്റ്‌ലാന്റിക് മഹാസമുദ്രത്തിൽ തെക്കുവടക്കായി കിടക്കുന്ന സംവൃതനാടയാണിത്.

ഇത്ര പ്രാധാന്യമില്ലാത്ത നാടകൾ ഒട്ടേറെ ഉണ്ട്. ഇന്ത്യയിൽ ഹിമാലയത്തിലൂടെയും ഗുജറാത്തിലെ കച്ചിലൂടെയും പോകുന്ന മറ്റൊരു ഭ്രംശനാട ഒരു ഉദാഹരണമാണ്.

ഭൌമോപരിതലത്തിൽ നിന്നും 70 കിലോമീറ്റർ താഴ്ച്ചയ്ക്കുള്ളിൽ ഭൂകമ്പനാഭിയുള്ള ഭൂകമ്പങ്ങളെ ‘ആഴം കുറഞ്ഞവ’ എന്നു വിളിക്കുന്നു. 70 മുതൽ 300 കിലോമീറ്റർ വരെ ആഴത്തിൽ നിന്നുണ്ടാകുന്നവയെ ‘മദ്ധ്യവർത്തി’ എന്നാണ് വിളിക്കുന്നത്. അതിലും താഴ്ചയിൽ (300 മുതൽ 700 വരെ കിലോമീറ്റർ‍) ഉണ്ടാകുന്നവയെ ‘അഗാധം’ എന്നു വിളിക്കുന്നു[8]. 1920-ൽ ഈസ്റ്റ് ഇൻഡീസിലെ ഫോറസ് കടലിടുക്കിൽ 720 കി.മീ. താഴെ നിന്നുണ്ടായ ഭൂകമ്പമാണ് ഏറ്റവും ആഴത്തിലുണ്ടായ ഭൂകമ്പമായി തിരിച്ചറിഞ്ഞിട്ടുള്ളത്. ഭൂകമ്പങ്ങളിൽ സർവ്വസാധാരണം മദ്ധ്യവർത്തി ഭൂകമ്പങ്ങളാണ്. അഗാധങ്ങളിൽ നിന്നുണ്ടാകുന്നവയേക്കാളും മൂന്നിരട്ടിയും, കുറഞ്ഞ ആഴത്തിൽ നിന്നുണ്ടാകുന്നവയുടെ പത്ത് ഇരട്ടിയും ഭൂകമ്പങ്ങൾ മദ്ധ്യവർത്തി വിഭാഗത്തിൽ ഉണ്ടാകുന്നു. അഗാധ വിഭാഗത്തിലെ മുഴുവനും മദ്ധ്യവർത്തി വിഭാഗത്തിലെ 90 ശതമാനവും ആഴം കുറഞ്ഞവയിൽ 75 ശതമാനവും പസഫിക് മഹാസമുദ്രത്തിന്റെ അരികു ചേർന്ന് അഗ്നിവലയം എന്നറിയപ്പെടുന്ന പ്രദേശത്താണുണ്ടാകുന്നത്[9]. ആകെ ഭൂചലനങ്ങളിൽ 90 ശതമാനവും, വൻ ഭൂകമ്പങ്ങളിൽ 81 ശതമാനവും ഈ പ്രദേശത്തു തന്നെ[10][11].

ഇന്ത്യയിലുണ്ടായ ഭൂകമ്പങ്ങൾ‍

തിരുത്തുക
 
ഇന്ത്യയിലെ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളുടെ വർഗ്ഗീകരണം

ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശവും ഇന്ത്യൻ ഫലകത്തിൽ ഉൾപ്പെടുന്നതിനാൽ ഉപഭൂഖണ്ഡത്തിൽ ഭൂകമ്പങ്ങൾ കുറവാണ്. എന്നാൽ ഇന്ത്യൻ ഫലകം യൂറേഷ്യൻ ഫലകവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഹിമാലയ പ്രദേശം കൂടുതൽ ഭൂകമ്പങ്ങൾ ഉണ്ടാകുന്ന ഭാഗമായി കണക്കാക്കുന്നു. 1950 ഓഗസ്റ്റ് 15-നു അസമിൽ ഉണ്ടായ റിച്ചർ മൂല്യം 8.5 കണക്കാക്കുന്ന ഭൂകമ്പമാണ് സമീപ ഭൂതകാലത്ത് ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പം. ഇതേ പ്രദേശത്തു തന്നെ കഴിഞ്ഞ നൂറു കൊല്ലങ്ങൾക്കുള്ളിൽ നിരവധി വലിയ ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്. 1934 ജനുവരി 15-നും 1998 ഓഗസ്റ്റ് 21-നും ബീഹാറിന്റേയും നേപ്പാളിന്റെയും അതിർത്തി കേന്ദ്രമാക്കി ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്, യഥാക്രമം 8.3, 6.5 എന്നിങ്ങനെയായിരുന്നു അവയുടെ റിച്ചർ മൂല്യം. ഉത്തരകാശിക്കടുത്തുള്ള പ്രദേശങ്ങൾ അധികേന്ദ്രമായി 1991 ഒക്ടോബർ 20 -നും (റിച്ചർ മൂല്യം 6.6) 1999 ഏപ്രിൽ 23-നും (റിച്ചർ മൂല്യം 6.8) ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്. 53 കൊല്ലത്തിനുള്ളിൽ ഹിമാലയത്തിലെ പ്രദേശങ്ങൾ കേന്ദ്രമാക്കി നാല് മഹാ ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്. അസമിൽ 1897-ൽ, കാൻ‌ഗ്രയിൽ 1905-ൽ, 1934-ൽ ബീഹാർ നേപ്പാൾ അതിർത്തിയിൽ, 1950-ലെ അസം ഭൂകമ്പം എന്നിവയാണവ[2]. ഇന്നും ഇപ്രദേശത്ത് തുടർച്ചയായ ഇടത്തരം ചലനങ്ങളും ഇടയ്ക്ക് മഹാചലനങ്ങളും പ്രതീക്ഷിക്കപ്പെടുന്നു.

ഇന്തോനേഷ്യക്കു സമീപത്തുകൂടി പോകുന്ന ഭ്രംശരേഖമൂലം ആന്തമാൻ നിക്കോബാർ ദ്വീപുകളേയും ഭൂകമ്പ ബാധിത പ്രദേശമായി കണക്കാക്കുന്നു. 1941 ജൂൺ 26-നു പോർട്ട് ബ്ലയറിൽ ഉണ്ടായ റിച്ചർ മൂല്യം 8.1 കണക്കാക്കിയ ഭൂകമ്പം മറ്റൊരു വൻ ഭൂകമ്പമായിരുന്നു. 2001 ജനുവരി 26-നു രാജ്യം അമ്പത്തിഒന്നാമതു റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ ഗുജറാത്തിലെ ഭുജിൽ ഉണ്ടായ റിച്ചർ മാനകത്തിൽ 7-ൽ അധികം രേഖപ്പെടുത്തിയ ഭൂകമ്പം ഏറെ നാശനഷ്ടങ്ങളുണ്ടാക്കി. ഇന്ത്യയിലെ സജീവമായ മറ്റൊരു ഭ്രംശരേഖ ഇതുവഴി കടന്നു പോകുന്നു. 1819 ജൂൺ 16-നു റാൻ ഓഫ് കച്ചിലുണ്ടായ ഭൂകമ്പത്തിൽ കിലോമീറ്ററുകളോളം നീളവും പത്തടി ഉയരവുമുള്ള അല്ലാഹ് ബന്ദ് എന്ന് പേരായ മൺ‌തിട്ട ഉയർന്നുവന്നിട്ടുണ്ട്[12].

കൊയ്ന അണക്കെട്ടിന്റെ ശിവാജി സാഗർ തടാകം ഭൂകമ്പങ്ങൾ ഉണ്ടാകാൻ കാരണമാകുന്നതായി കണക്കാക്കുന്നു. റിച്ചർ മാപിനിയിൽ ആറിലധികം രേഖപ്പെടുത്തിയ നാലു ഭൂകമ്പങ്ങളും അഞ്ചിലധികം രേഖപ്പെടുത്തിയ നിരവധി ഭൂചലനങ്ങളും ഇവിടെയുണ്ടായിട്ടുണ്ട്. തടാകം നിറയുന്നതും ഭൂകമ്പവും തമ്മിൽ വളരെ ബന്ധമുണ്ട് എന്നു കണ്ടെത്തിയിട്ടുണ്ട്[2]. ഒരാഴ്ചയിൽ 12 മീറ്ററിലധികം ജലനിരപ്പുയരുമ്പോഴാണ് കൊയ്നയിൽ പരിമാണം അഞ്ചിൽ അധികമുള്ള ഭൂകമ്പങ്ങളുണ്ടാകുന്നതെന്നു പഠനങ്ങൾ തെളിയിക്കുന്നു[13]. കൊയ്ന ഭൂചലനങ്ങൾ ഇന്ത്യയിലെ പ്രേരിത ചലനങ്ങൾക്ക് ഉത്തമോദാഹരണമായി കണക്കാക്കുന്നു.

1993 ഡിസംബർ 30-നു മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ കില്ല്ലാരി അധികേന്ദ്രമായുണ്ടായ ഭൂകമ്പം വലിയ നാശനഷ്ടങ്ങളുണ്ടാക്കി. ഭൂകമ്പം വളരെ ശക്തമല്ലായിരുന്നെങ്കിലും (റിച്ചർ മൂല്യം 6.4) പ്രദേശത്തെ കെട്ടിടങ്ങളുടെ ബലക്കുറവ് വളരെയധികം മരണങ്ങൾക്ക് കാരണമായി[1]. ലാത്തൂർ ദുരന്തത്തിനു കാരണം കൊയ്ന അണക്കെട്ടാണെന്നും കരുതപ്പെടുന്നുണ്ട്[14]

കേരളത്തിൽ

തിരുത്തുക

ഇന്ത്യൻ ഫലകത്തിന്റെ ഏറ്റവും സുരക്ഷിതമായ ഭാഗമെന്നു കരുതപ്പെടുന്ന ഒരു പ്രദേശത്താണ് കേരളമുള്ളത്. ശാസ്ത്രഭാഷ്യത്തിൽ ഈ പ്രദേശത്തെ ‘ദക്ഷിണേന്ത്യൻ പരിച’ (The South Indian Shield) എന്നു വിളിക്കുന്നു[14]. അതുകൊണ്ട് കേരളത്തിൽ വൻ ചലനങ്ങൾ പ്രതീക്ഷിക്കുന്നില്ല. എങ്കിലും ലാത്തൂർ ഭൂകമ്പം ഉണ്ടായത് ഇത്തരമൊരു പ്രദേശത്തായിരുന്നതിനാൽ സാധ്യതകൾ തള്ളിക്കളയാനാവില്ല. കേരളം നവീകരിച്ച മെർക്കാലി മാപിനിയിൽ 7 വരെ രേഖപ്പെടുത്താവുന്ന പ്രദേശമായാണ് ഇന്ത്യൻ നിലവാര കാര്യാലയം (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) കണക്കാക്കുന്നത്[15] എറണാകുളത്തെ വൈപ്പിൻ ദ്വീപ് വേമ്പനാട്ട് കായലിൽ നിന്ന് ഉയർന്നു വന്നത് 1341-ൽ ഉണ്ടായ ഒരു ഭൂകമ്പത്തെ തുടർന്നാണ്[16][12]. 2000 ഡിസംബർ 12-ന് ആണ് കേരളത്തിൽ സമീപകാലത്തെ ഏറ്റവും വലിയ ഭൂകമ്പം ഉണ്ടായത്. ഇടുക്കി ജില്ലയിൽ മേലുകാവിനടുത്ത് പ്രഭവസ്ഥാനം കണക്കാക്കപ്പെട്ട ഈ ഭൂചലനം റിച്ചർ മാപിനിയിൽ 5 രേഖപ്പെടുത്തിയിരുന്നു. കാ‍സർഗോഡും കണ്ണൂരുമൊഴിച്ച് കേരളത്തിലെല്ലായിടത്തും തമിഴ്നാട്ടിൽ നീലഗിരി, കോയമ്പത്തൂർ, തേനി, മധുര ജില്ലകളിലും ഈ ഭൂകമ്പം അനുഭവപ്പെട്ടു. 1998 ജൂണിൽ നെടുങ്കണ്ടം കേന്ദ്രമാക്കി 4.5 പരിമാണമുള്ള മറ്റൊരു ഭൂകമ്പവുമുണ്ടായിട്ടുണ്ട്. കേരളത്തിനടുത്ത് കോയമ്പത്തൂരിൽ 1990-ൽ സാമാന്യം ശക്തമായ (റിച്ചർ മാപിനിയിൽ 5.5) ഭൂകമ്പമുണ്ടായിട്ടുണ്ട്. 1994-ൽ തൃശൂർ ജില്ലയിൽ ദേശമംഗലം കേന്ദ്രമായി റിച്ചർ മാപിനിയിൽ 4.3 ശക്തിയുള്ള ഭൂകമ്പം ഉണ്ടായിട്ടുണ്ട്. ഇടുക്കി കേന്ദ്രമായി 1988 ജൂൺ 07 -നു രണ്ടു ഭൂകമ്പങ്ങളുണ്ടായി 4.5, 4.1 എന്നിങ്ങനെയായിരുന്നു ഇവയുടെ റിച്ചർ പരിമാണം. തൊട്ടടുത്ത ദിവസം 3.4 ശക്തിയുള്ള മറ്റൊരു ഭൂകമ്പവും ഇവിടെ ഉണ്ടായി. 2006 ഡിസംബർ 20-ന് മലപ്പുറം, തൃശൂർ‍, പാലക്കാട് ജില്ലകളിൽ റിച്ചർ മാപിനിയിൽ 2.8 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. കുന്നംകുളത്തിനടുത്ത കടങ്ങോട് പ്രദേശത്താണ് ഇതിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയത്. തുടർന്ന് ഡിസംബർ 27-ന് റിച്ചർ മാപിനിയിൽ 3.0 രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും ഉണ്ടായി[17]

അപകടങ്ങൾ

തിരുത്തുക

ഭൂകമ്പമല്ല, ഭൂകമ്പത്തിനെ താങ്ങാൻ ശേഷിയില്ലാത്ത കെട്ടിടങ്ങളും മറ്റു വാർപ്പുകളുമാണ് അപകടം വരുത്തിവെയ്ക്കുന്നത്. മരങ്ങളും മറ്റും ഭൂകമ്പത്തിൽ സാധാരണ കടപുഴകാറില്ല. കെട്ടിടങ്ങൾക്കും മറ്റു ഘനരൂപങ്ങൾക്കും സാ‍മീപ്യമില്ലാത്ത അന്തരീക്ഷം യാതൊരു അപകടവും വരുത്തി വയ്ക്കില്ല. ഭൂകമ്പത്തിനനുബന്ധമായുണ്ടാകാറുള്ള തീയും അപകടകാരിയാണ്. വൈദ്യതിക്കമ്പികളും പൊട്ടിവീണും മറ്റും അപകടം വരുത്തി വെയ്ക്കുന്നു. പ്രധാന ഭൂകമ്പത്തിനു ശേഷമുണ്ടാകാറുള്ള പിന്നാഘാതങ്ങൾ ഭാഗികമായി തകർന്ന കെട്ടിടങ്ങളേയും മറ്റും പൂർണ്ണമായി തകർക്കാറുള്ളതുകൊണ്ട് വലിയ അപകടങ്ങൾ വരുത്തിവെയ്ക്കാറുണ്ട്.

കടൽത്തറയിൽ ഉണ്ടാകുന്ന ഭൂകമ്പങ്ങളുടെ ഫലമായി സൃഷ്ടിക്കപ്പെടുന്നത് കൂറ്റൻ തിരമാലകളാണ് സുനാമി. ഭീമാകാരങ്ങളായ ഇവ ജലഭിത്തികൾ ദീർഘദൂരം സഞ്ചരിക്കുകയും കരയിലേക്കു കയറി നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ആഴക്കടലിൽ ഏതാനും അടി മാത്രം ഉയരത്തിൽ മണിക്കൂറിൽ 600-800 കി.മീ. വേഗത്തിൽ സഞ്ചരിക്കുന്ന സുനാമികൾ ആഴം കുറഞ്ഞഭാഗങ്ങളിൽ കുറഞ്ഞവേഗത്തിലാവുകയും 50 മീറ്റർ വരെ ഉയരം വയ്ക്കുകയും ചെയ്യുന്നു. കടൽത്തീരത്ത് ഉത്ഭവിക്കുന്ന സുനാമികൾ കരകളെ മുക്കിക്കളയുകയും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. കടലിലൂടെ ആയിരക്കണക്കിനു കിലോമീറ്ററുകൾ സഞ്ചരിക്കാൻ കഴിവുള്ള സുനാമികൾ ഉണ്ടാകാറുണ്ട്. 2004 ഡിസംബർ 26-നു ഇന്തോനേഷ്യക്കു സമീപം ഉണ്ടായ സുനാമി ഇത്തരത്തിൽ വളരെ ദൂരം സഞ്ചരിക്കുകയും ആഫ്രിക്കയുടെ കിഴക്കൻ തീരങ്ങളിൽ വരെ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു.

മണ്ണിടിച്ചിൽ

തിരുത്തുക

കുന്നുകളുടേയും മറ്റും സമീപം ഭൂകമ്പമുണ്ടാകുമ്പോൾ ഉണ്ടാകാവുന്ന ഒരു ഭീഷണിയാണ് മണ്ണിടിച്ചിൽ. പിന്നാഘാതങ്ങളിൽ കൂടുതൽ കൂടുതൽ മണ്ണിടിച്ചിലുണ്ടാകുന്നത് രക്ഷാപ്രവർത്തനങ്ങളേയും ബാധിക്കുന്നു. ചിലപ്പോൾ ഭൂഗർഭജലനിരപ്പ് ഉയരുകയും മണ്ണിന്റെ കട്ടി നഷ്ടപ്പെടുകയും അങ്ങനെ കെട്ടിടങ്ങളും മറ്റും തകരുകയും ചെയ്യാറുണ്ട്.

വെള്ളപ്പൊക്കം

തിരുത്തുക

ഭൂകമ്പത്തെ തുടർന്ന് നദികളും തടാകങ്ങളും കരകവിയാനും അങ്ങനെ വെള്ളപ്പൊക്കമുണ്ടാകാനുമിടയുണ്ട്. അണക്കെട്ടുകളും മറ്റും തകരുന്നതുമൂലം വൻ‌തോതിലുള്ള നാശനഷ്ടങ്ങളുമുണ്ടായേക്കാം. ചിലപ്പോൾ ഭൂകമ്പത്തെ തുടർന്ന് നദിയുടെ ഗതി തന്നെ മാറിപ്പോയേക്കാം. സിന്ധു നദീതട സംസ്കാരം അസ്തമിച്ചത് ഇത്തരത്തിൽ സിന്ധുനദിയുടെ ഗതി മാറിയൊഴുകിയതിനെ തുടർന്നാണെന്നു പൊതുവേ വിശ്വസിക്കപ്പെടുന്നു. 1897-അസമിൽ ഭൂമികുലുങ്ങിയപ്പോൾ ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള നദികളുടെ അടിത്തട്ട് ചെരിയുകയും അവ ഗതിമാറി ഒഴുകുകയും വെവെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്[12]. 2008-ൽ ചൈനയിലുണ്ടായ ഭൂകമ്പത്തിലെ മണ്ണിടിച്ചിലിൽ ചില നദികളിലെ ഒഴുക്ക് തടസ്സപ്പെട്ട് വലിയ തടാകങ്ങൾ രൂപപ്പെട്ടു . ഈ തടാകങ്ങളിലെ ജലനിരപ്പ് ഉയർന്ന് ദ്വിതീയ വെള്ളപ്പൊക്കം ഉണ്ടായി.[18]

അപകടങ്ങളെ തടയാൻ‍

തിരുത്തുക

കോൺക്രീറ്റ് പോലെ ഭൂകമ്പതരംഗങ്ങൾക്ക് മുന്നിൽ പൊട്ടിപോകുന്ന വസ്തുക്കളൊഴിവാക്കി സ്റ്റീൽ പോലെ ഇലാസ്തികത കൂടുതലുള്ളതും ഊർജ്ജത്തിനെ ആഗിരണം ചെയ്യാൻ കഴിവുള്ളതുമായ വസ്തുക്കളെ ഉപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യകൾ നിലവിലുണ്ട്. ബെൽ ബിൽഡിങ് മുതലായ രീതികളിൽ ഭൂകമ്പ ഊർജ്ജത്തെ കെട്ടിടം ആടുന്നതിനായി ഉപയോഗിക്കാനും അങ്ങനെ കെട്ടിടം തകരാതെ കാത്തു സൂക്ഷിക്കാനും കഴിയുന്നു.

ഭൂകമ്പ പഠനം

തിരുത്തുക

ഭാവി ഭൂചലനങ്ങളിൽ അപകടങ്ങളുടെ ശക്തി കുറക്കാനും, ഭൗമാന്തർ ഭാഗത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനും ഭൂകമ്പ പഠനങ്ങൾ ഇന്നും നടത്തി വരുന്നു. ചരിത്രാതീതകാലത്തേയും രേഖപ്പെടുത്തിയ കാലത്തിലേയും ഭൗമ മാറ്റങ്ങളെക്കുറിച്ചും ഇത്തരത്തിൽ പഠിക്കാൻ കഴിയുന്നു. ഭ്രംശമേഖലകളിലെ ഭൂവിജ്ഞാന വിവരങ്ങൾ ജിയോ ഫിസിക്കൽ സർവേകൾ ഉപയോഗിച്ചും ടൊമോഗ്രാഫിക് സാങ്കേതികവിദ്യവഴിയും മനസ്സിലാക്കുന്നു. ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം ഉപയോഗിച്ച് ആധാരശിലകളുടെ സ്ഥാനചലനങ്ങൾ മനസ്സിലാക്കി ഭൗമോപരിതലത്തിലെ മർദ്ദവ്യതിയാനം കണ്ടെത്തി ഭൂകമ്പസാദ്ധ്യത കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്.

ഭൂകമ്പം പ്രവചിക്കൽ‍

തിരുത്തുക

കൃത്യമായ ഭൂകമ്പ പ്രവചനം മിക്കവാറും അസാദ്ധ്യമാണെങ്കിലും അസംഭവ്യമല്ല. പ്രാഥമിക തരംഗങ്ങളുടെ അന്തരീക്ഷഭാഗം ജന്തുക്കൾക്ക് ശ്രവിക്കാനാവുന്നതിനാൽ ജന്തുക്കളെ നിരീക്ഷിച്ച് ഭൂകമ്പം നേരത്തേയറിയാമെന്ന് ക്രിസ്തുവിനു മുമ്പുതന്നെ ചൈനക്കാർക്കറിയാമായിരുന്നു. എന്നാൽ ശരിയായ ഭൂകമ്പപ്രവചനം എന്നർത്ഥമാക്കുന്നത്, ഭൂകമ്പം നടക്കുന്ന സ്ഥലം, സമയം, തോത് എന്നിവ പ്രവചിക്കുക എന്നതിലാണ്. ഭൗമതരംഗങ്ങളുടെ അവിചാരിതമായ സ്വഭാവവ്യതിയാനവും ഒരു പ്രദേശത്തെ ശിലാഖണ്ഡങ്ങളിലൂടെയുള്ള ഭൂകമ്പതരംഗങ്ങളുടെ പ്രവേഗത്തിലുണ്ടാകുന്ന മാറ്റവും നിരീക്ഷിക്കുന്നതു വഴി ഭൂകമ്പം പ്രവചിക്കാൻ സാധിക്കും. ഒരു ശിലാഖണ്ഡത്തിന്റെ ഇലാസ്തിക സ്വഭാവം വ്യത്യാസപ്പെടുമ്പോൾ അതിലൂടെയുള്ള തരംഗങ്ങളുടെ പ്രവേഗവും മാറുമെന്ന കാരണം കൊണ്ടാണിത്. 1962-ൽ തജിക്കിസ്ഥാനിൽ ഇത്തരമൊരു പ്രവചനം നടന്നിട്ടുണ്ട്. ഭൂകമ്പം നടക്കുന്ന പ്രദേശങ്ങളിലെ ആഴമേറിയ ഗർത്തങ്ങളിൽ നിന്നും വിശിഷ്ടവാതകമായ റെഡോൺ വമിക്കുന്നതായി കണ്ടുവരുന്നു[19][20]. റേഡിയോ വികിരണ സ്വഭാവമുള്ള ഈ വാതകം എളുപ്പത്തിൽ തിരിച്ചറിയാവുന്നതാണ്. ശിലകളുടെ വൈദ്യുത പ്രതിരോധം അളന്നും പ്രവചനങ്ങൾ സാധിക്കും[21][22]. ശിലകളിൽ അതിമർദ്ദം ചെലുത്തപ്പെടുമ്പോൾ അവയുടെ പ്രതിരോധം കുറയപ്പെടും. മുന്നാഘാതങ്ങളെ കൃത്യമായി തിരിച്ചറിയാൻ സാധിച്ചാൽ അങ്ങിനേയും പ്രവചനം സാധ്യമാണ്. എങ്കിലും 1975 ഫെബ്രുവരിയിൽ ചൈനയിലെ ഹായ്‌ചെങ് പ്രവിശ്യയിലുണ്ടായ ഒരേയൊരു ഭൂകമ്പം മാത്രമേ ഇന്നുവരെ ഏറ്റവും കൃത്യമായി മുൻ‌കൂട്ടി പ്രവചിക്കാൻ സാധിച്ചിട്ടുള്ളൂ.

  1. 1.0 1.1 ഭൂചലനം, വസ്തുതകളും നിർദ്ദേശങ്ങളും. ഡോ. സി.പി. രാജേന്ദ്രൻ (സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്), വിജ്ഞാനകൈരളി, ഫെബ്രുവരി 2001, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
  2. 2.0 2.1 2.2 "ആർക്കൈവ് പകർപ്പ്". Archived from the original on 2007-12-01. Retrieved 2008-10-04.
  3. അജിത് ചെരുവള്ളി- പേജ് 15, മാതൃഭൂമി, 2012 ജനുവരി5
  4. അജിത് ചെറുവള്ളി- പേജ് 15, മാതൃഭൂമി, 2012 ജനുവരി5
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-07-04. Retrieved 2008-02-15.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-02-03. Retrieved 2008-02-15.
  7. http://inventors.about.com/library/inventors/blseismograph2.htm[പ്രവർത്തിക്കാത്ത കണ്ണി]
  8. "M7.5 Northern Peru Earthquake of 26 September 2005" (pdf). Retrieved 2008-08-01.
  9. ഭൂചലനം വസ്തുതകൾ, വ്യാകുലതകൾ, എം.പി. മുരളീധരൻ (സീനിയർ ജിയോളജിസ്റ്റ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ), വിജ്ഞാനകൈരളി, ഫെബ്രുവരി 2001, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
  10. "Historic Earthquakes and Earthquake Statistics: Where do earthquakes occur?". USGS. Retrieved 2006-08-14.
  11. "Visual Glossary - Ring of Fire". USGS. Retrieved 2006-08-14.
  12. 12.0 12.1 12.2 ഭൂകമ്പം ഭൂമിയുടെ അന്തകനാകുമോ, രാജുനാരായണസ്വാമി, ഐ.എ.എസ്., വിജ്ഞാനകൈരളി, ഫെബ്രുവരി 2001, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
  13. ഭൂചലനങ്ങളും ആനുകാലിക ആശയങ്ങളും, ഡോ. കുശല രാജേന്ദ്രൻ (സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്), വിജ്ഞാനകൈരളി, ഫെബ്രുവരി 2001, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
  14. 14.0 14.1 ഭൂമി കുലുങ്ങുന്നത് എന്തുകൊണ്ട്?, ബി. അജിത്ബാബു (സബ് എഡിറ്റർ, മലയാള മനോരമ, തൃശൂർ), വിജ്ഞാനകൈരളി, ഫെബ്രുവരി 2001, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
  15. http://www.imd.gov.in/section/seismo/static/seismo-zone.htm
  16. കേരളത്തിലെ ഭൂകമ്പങ്ങൾ, ഡോ. എം.എം. നായർ (ഡയറക്ടർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ), വിജ്ഞാനകൈരളി, ഫെബ്രുവരി 2001, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
  17. http://asc-india.org/lib/20061220-thrissur.htm
  18. http://news.xinhuanet.com/english/2008-05/28/content_8265651.htm
  19. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2007-06-30. Retrieved 2008-02-15.
  20. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-08-29. Retrieved 2008-02-15.
  21. http://www.nat-hazards-earth-syst-sci.net/7/535/2007/nhess-7-535-2007.pdf
  22. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-02-21. Retrieved 2008-02-15.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. http://pubs.usgs.gov/gip/earthq1/
  2. http://www.gi.alaska.edu/Quarterly/Q97_3/gee_whiz/earthquakes.html Archived 2006-09-01 at the Wayback Machine.
  3. http://tsunami.geo.ed.ac.uk/local-bin/quakes/mapscript/home.pl Archived 2006-04-24 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ഭൂകമ്പം&oldid=4119859" എന്ന താളിൽനിന്ന് ശേഖരിച്ചത്