ഭൂകമ്പസാദ്ധ്യതകൾ പരിഗണിക്കുമ്പോൾ, ഇന്ത്യൻ ഫലകത്തിന്റെ ഏറ്റവും സുരക്ഷിതമായ ഭാഗമെന്നു കരുതപ്പെടുന്ന ഒരു പ്രദേശത്താണ് കേരളമുള്ളത്. ശാസ്ത്രഭാഷ്യത്തിൽ ഈ പ്രദേശത്തെ ‘ദക്ഷിണേന്ത്യൻ പരിച’ (The South Indian Shield) എന്നു വിളിക്കുന്നു[1]. അതുകൊണ്ട് കേരളത്തിൽ വൻ ചലനങ്ങൾ പ്രതീക്ഷിക്കുന്നില്ല. എങ്കിലും ലാത്തൂർ ഭൂകമ്പം ഉണ്ടായത് ഇത്തരമൊരു പ്രദേശത്തായിരുന്നതിനാൽ സാധ്യതകൾ തള്ളിക്കളയാനാവില്ല. കേരളം നവീകരിച്ച മെർക്കാലി മാപിനിയിൽ 7 വരെ രേഖപ്പെടുത്താവുന്ന പ്രദേശമായാണ് ഇന്ത്യൻ നിലവാര കാര്യാലയം (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) കണക്കാക്കുന്നത്[2]എറണാകുളത്തെവൈപ്പിൻ ദ്വീപ്വേമ്പനാട്ട് കായലിൽ നിന്ന് ഉയർന്നു വന്നത് 1341-ൽ ഉണ്ടായ ഒരു ഭൂകമ്പത്തെ തുടർന്നാണ്[3]. 2000 ഡിസംബർ 12-ന് ആണ് കേരളത്തിൽ സമീപകാലത്തെ ഏറ്റവും വലിയ ഭൂകമ്പം ഉണ്ടായത്. ഇടുക്കി ജില്ലയിൽമേലുകാവിനടുത്ത് പ്രഭവസ്ഥാനം കണക്കാക്കപ്പെട്ട ഈ ഭൂചലനം റിച്ചർ മാപിനിയിൽ 5 രേഖപ്പെടുത്തിയിരുന്നു. കാസർഗോഡുംകണ്ണൂരുമൊഴിച്ച് കേരളത്തിലെല്ലായിടത്തും തമിഴ്നാട്ടിൽ നീലഗിരി, കോയമ്പത്തൂർ, തേനി, മധുര ജില്ലകളിലും ഈ ഭൂകമ്പം അനുഭവപ്പെട്ടു. 1998 ജൂണിൽ നെടുങ്കണ്ടം കേന്ദ്രമാക്കി 4.5 പരിമാണമുള്ള മറ്റൊരു ഭൂകമ്പവുമുണ്ടായിട്ടുണ്ട്. കേരളത്തിനടുത്ത് കോയമ്പത്തൂരിൽ 1990-ൽ സാമാന്യം ശക്തമായ (റിച്ചർ മാപിനിയിൽ 5.5) ഭൂകമ്പമുണ്ടായിട്ടുണ്ട്. 1994-ൽ തൃശൂർ ജില്ലയിൽ ദേശമംഗലം കേന്ദ്രമായി റിച്ചർ മാപിനിയിൽ 4.3 ശക്തിയുള്ള ഭൂകമ്പം ഉണ്ടായിട്ടുണ്ട്. ഇടുക്കി കേന്ദ്രമായി 1988 ജൂൺ 07 -നു രണ്ടു ഭൂകമ്പങ്ങളുണ്ടായി 4.5, 4.1 എന്നിങ്ങനെയായിരുന്നു ഇവയുടെ റിച്ചർ പരിമാണം. തൊട്ടടുത്ത ദിവസം 3.4 ശക്തിയുള്ള മറ്റൊരു ഭൂകമ്പവും ഇവിടെ ഉണ്ടായി. 2006 ഡിസംബർ 20-ന് മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിൽ റിച്ചർ മാപിനിയിൽ 2.8 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. കുന്നംകുളത്തിനടുത്ത കടങ്ങോട് പ്രദേശത്താണ് ഇതിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയത്. തുടർന്ന് ഡിസംബർ 27-ന് റിച്ചർ മാപിനിയിൽ 3.0 രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും ഉണ്ടായി[4]
ഔദ്യോഗികരേഖകൾ അനുസരിച്ച് 1819 മുതൽ 2005 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലും പരിസരപ്രദേശങ്ങളിലും സംഭവിച്ചിട്ടുള്ള ഭൂകമ്പങ്ങളുടെ വിശദവിവരങ്ങൾ താഴെ കാണാം. അക്ഷാംശം വടക്കു് 6.25° മുതൽ 12.25° വരെയും രേഖാംശം കിഴക്കു് 73.5° മുതൽ 79.5° വരെയും ഉൾപ്പെടുന്ന മേഖലയിലെ വിവരങ്ങളാണു് ഇതു്. ['സ്രോതസ്സ്: GSI (2000) Seismo-tectonic Atlas of India and its Environs. Geological Survey of India. (റൂർക്കി ഐ.ഐ.ടി.യിലെ ഭൂകമ്പസാങ്കേതികവിദ്യാവിഭാഗം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് നടത്തിയ പഠനറിപ്പോർട്ട് പ്രകാരം - 2008 മേയ്)]''