മഹാഭാരതം എന്ന ഇതിഹാസ കഥയിലെ ബൃഹദ്രഥൻ എന്ന മഗധ രാജാവിന്റെ പുത്രനാണ് ജരാസന്ധൻ. കുരുക്ഷേത്ര യുദ്ധത്തിനുമുൻപു തന്നെ ജരാസന്ധൻ, പാണ്ഡവനായ ഭീമസേനനാൽ കൊല്ലപ്പെട്ടു. കൗരവപക്ഷക്കാരനായിരുന്നു ഈ മഗധാദിപതിയായ ജരാസന്ധൻ. ഇദ്ദേഹത്തിന്റെ രണ്ടു പുത്രിമാരെ കംസനു വിവാഹം ചെയ്തു കൊടുത്തിരുന്നു.

ബലരാമനും ജരാസന്ധനുമായുള്ള യുദ്ധം

മഗധാധിപനായിരുന്ന ബൃഹദ്രഥ മഹാരാജാവിനു മക്കളില്ലാതെ വിഷമിക്കുന്നാവസരത്തിൽ ചണ്ഡകൗശികൻ എന്ന മുനി ഒരു മാമ്പഴം സമ്മാനിക്കുകയും അദ്ദേഹം അത് തന്റെ രണ്ടു ഭാര്യമാർക്കുമായി തുല്യമായി വീതിച്ചു നൽകുകയും ചെയ്തു. രണ്ടുപേരും ഗർഭം ധരിക്കുകയും ഒരേസമയം പ്രസവിക്കുകയും ചെയ്തു. പക്ഷേ രണ്ടുപേരും പ്രസവിച്ചത് പകുതിശരീരം മാത്രമുള്ള ചത്ത കുഞ്ഞിനെയായിരുന്നു. മാമ്പഴം പാതി കഴിച്ചതിനാൽ പകുതി കുഞ്ഞിനെയായിരുന്നു ഭാര്യമാർ പ്രസവിച്ചത്. ഇതു കണ്ട് പേടിച്ച രാജാവും പത്നിമാരും പകുതി ശരീരങ്ങളെ അടുത്തുള്ള കാട്ടിൽ ഉപേക്ഷിച്ചു.

ജരയാൽ സന്ധിക്കപ്പെട്ടവൻ

തിരുത്തുക

കാട്ടിലൂടെ സഞ്ചരിച്ച ജരയെന്നു പേരുള്ള രാക്ഷസി ഈ പകുതി ശരീര ഭാഗങ്ങളെ കാണുകയും കൗതുകം തോന്നി രണ്ടും കൂടി യോജിപ്പിക്കുകയും ചെയ്തു. പകുതി ശരീരഭാഗങ്ങൾ യോജിച്ചപ്പോൾ തന്നെ കുട്ടിക്ക് ജീവൻ വെക്കുകയും വളരെ ഉച്ചത്തിൽ കരയുകയും ചെയ്തു. കുട്ടിയുടെ കരച്ചിൽ മാറ്റാൻ സാധിക്കാതെ ജര കുട്ടിയെ അവിടെ തന്നെ ഉപേക്ഷിക്കുകയും, തുടർന്ന് ഇത് അറിഞ്ഞ മഹാരാജാവ് അവനെ വീണ്ടും കൊട്ടാരത്തിൽ കൊണ്ടുവന്നു വളർത്തി. ജരയാൽ യോജിപ്പിക്കപ്പെട്ടവൻ (സന്ധിക്കപ്പെട്ടവൻ) എന്ന അർത്ഥത്തിൽ അവനു ജരാസന്ധൻ എന്ന് നാമകരണവും നടത്തി.[1]

ജരാസന്ധന്റെ പുത്രിമാർ

തിരുത്തുക

അസ്തി, പ്രാപ്തി എന്ന പേരിൽ രണ്ടു പുത്രിമാർ ജരാസന്ധനുണ്ടായിരുന്നു. ഇരുവരും വിവാഹം കഴിച്ചത് കംസനെയാണ്. കംസവധത്തിനുശേഷം ശ്രീകൃഷ്ണനോട് ജരാസന്ധനു വൈരാഗ്യം ഉണ്ടാവനുള്ള കാരണം ഇതായിരുന്നു.

ശ്രീകൃഷ്ണനുമായുള്ള യുദ്ധം

തിരുത്തുക

രുഗ്മിണീ സ്വയംവരം

തിരുത്തുക

രുക്മിണിയുമായി സ്വയംവര ശേഷം രഥത്തിലേറി പോകുന്ന ശ്രീകൃഷ്ണനെ ജരാസന്ധൻ വഴിക്കു തടഞ്ഞ് യുദ്ധം ചെയ്തതായി ഭാഗവതത്തിൽ പറയുന്നുണ്ട്.

കൃഷ്ണന്റെ പാലായനം

തിരുത്തുക

ജരാസന്ധനും കർണ്ണനും

തിരുത്തുക

പരശുരാമനിൽ നിന്നും അസ്ത്രവിദ്യകൾ നേടിയതിനു ശേഷം , കർണ്ണൻ ദുര്യോധനനുമായി സന്തോഷപൂർവ്വം ജീവിച്ചു വരവെ , കലിംഗദേശത്തെ രാജാവായ ചിത്രാംഗദന്റെ പുത്രിയുടെ സ്വയംവര വാർത്ത കേൾക്കാനിടയായി . തുടർന്ന് കർണ്ണന്റെ അകമ്പടിയോടെ ദുര്യോധനൻ കലിംഗത്തേക്കു എഴുന്നള്ളി . രാജപുരം എന്ന പേരോടു കൂടിയ കലിംഗന്റെ രാജധാനിയിലെ കലിംഗരാജപുത്രി അണിഞ്ഞൊരുങ്ങി സ്വയംവരത്തിനു സന്നദ്ധയായി നിൽക്കുന്നുണ്ടായിരുന്നു . ആ രാജപുത്രിയെ വരിക്കുന്നതിനായി ശിശുപാലൻ , ജരാസന്ധൻ , ഭീഷ്മകൻ , വക്രൻ , കപോതരോമൻ, നീലൻ , രുക്മി , സ്ത്രീരാജ്യത്തിന്റെ അധിപതിയായ ശൃഗാലൻ , അശോകൻ , ശതധന്വൻ , ഭോജരാജാവ് എന്നിവരും എത്തിയിരുന്നു . എല്ലാവരും അതിശക്തന്മാരും ദേവന്മാർ പോലും ഭയക്കുന്നവരുമാണ് . ഇത് കൂടാതെ ദക്ഷിണദേശക്കാരും അസംഖ്യം മ്ലേച്ഛരാജാക്കളും വടക്കു ദേശക്കാരും ഉണ്ടായിരുന്നു . എല്ലാപേരും സഭയിലിരിക്കുമ്പോൾ രാജകുമാരി അണിഞ്ഞൊരുങ്ങി രംഗത്തു വരികയും, സമർത്ഥയായ ഒരു തോഴി അവളുടെ കൂടെ അനുഗമിച്ചു കൊണ്ട് എല്ലാ രാജാക്കന്മാരെയും പ്രത്യേകം പ്രത്യേകമായി പരിചയപ്പെടുത്തിക്കൊണ്ടു കടന്നു പോകുകയും ചെയ്തു . അത്തരത്തിൽ എല്ലാപേരെയും കടന്നു വരുന്ന കൂട്ടത്തിൽ , തോഴിയും രാജകുമാരിയും ദുര്യോധനന് സമീപമെത്തുകയും , വർണ്ണനകൾ കേട്ട ശേഷം മറ്റെല്ലാവരെയും പോലെ കടന്നു പോകാൻ ഭാവിക്കുകയും ചെയ്തു . എന്നാൽ ഇത് ഒരു അവഗണനയായാണ് ദുര്യോധനന് തോന്നിയത് . ഉടനെ ചാടിയെഴുന്നേറ്റു ദുര്യോധനൻ അവളോട് നിൽക്കുവാൻ പറഞ്ഞു . തുടർന്ന് ആ രാജകുമാരിയെ അവൻ കടന്നു പിടിക്കുകയും വലിച്ചു തേരിൽക്കയറ്റി കൊണ്ട്പോകാനൊരുങ്ങുകയും ചെയ്തു . തുടർന്ന് ദുര്യോധനന് സഹായമായി കർണ്ണൻ അദ്ദേഹത്തിന് പുറകെ ഊരിപ്പിടിച്ച വാളും ആയുധങ്ങളുമായി പുറപ്പെട്ടു. അവിടെയിരുന്ന രാജാക്കന്മാരെല്ലാം ആയുധങ്ങളുമേന്തി തേരിൽ ദുര്യോധനനേയും കർണ്ണനേയും പിന്തുടർന്നു . അവർ സംഘടിതരായി ദുര്യോധനനും കർണ്ണനും നേരെ ശരമാരി ചൊരിഞ്ഞു . എന്നാൽ കർണ്ണനാകട്ടെ ഒറ്റ ദിവ്യാസ്ത്രം കൊണ്ട്തന്നെ അവരുടെയെല്ലാം ശരങ്ങളെ തകർക്കുകയും , ഘോരമായി യുദ്ധം ചെയ്യുകയും ചെയ്തു . ഗദയെന്തിയും വാളെടുത്തും അസ്ത്രങ്ങൾ കൊണ്ടും അനേകർ കർണ്ണനോട് പൊരുതി . കർണ്ണനാകട്ടെ അതിശക്തമായ അസ്ത്രങ്ങളാൽ സേനകളെയെല്ലാം പരാജിതരാക്കി . തുടർന്ന് രാജാക്കളെല്ലാം പിന്തിരിഞ്ഞപ്പോൾ അടുത്തത് ജരാസന്ധന്റെ വരവായി . അദ്ദേഹം കർണ്ണനെ വെല്ലിവിളിച്ചുകൊണ്ടു നേരിട്ടു .

തുടർന്ന് അസ്ത്രങ്ങൾ കൊണ്ടു ഘോരയുദ്ധം നടക്കുകയും രണ്ടുപേരുടെയും അസ്ത്രങ്ങൾ തീർന്നുപോകുകയും ചെയ്തു . അതിനു ശേഷം കർണ്ണനും ജരാസന്ധനും വാളുകൊണ്ട് യുദ്ധം ചെയ്തു . വാളുകൾ മുറിയുകയും രഥങ്ങൾ തകരുകയും ചെയ്തപ്പോൾ , അവർ രണ്ടുപേരും താഴെയിറങ്ങി മല്ലയുദ്ധം ആരംഭിച്ചു . കർണ്ണനും ജരാസന്ധനും തമ്മിൽ ഉഗ്രമായ മല്ലയുദ്ധം നടന്നു .ആ ഭയങ്കരമായ മല്ലയുദ്ധത്തിൽ കർണ്ണൻ ഏതാണ്ട് വിജയത്തോടടുക്കുകയും ജരാസന്ധന്റെ ശരീരത്തെ രണ്ടായി പിളർത്തി കൊല്ലാനാരംഭിക്കുകയും ചെയ്തു വളരെയധികം വേദന അനുഭവപ്പെട്ടതുകൊണ്ടും ജീവരക്ഷയെ കരുതിയും ജരാസന്ധൻ കർണ്ണനോട് മാപ്പു പറയുകയും " ഞാൻ പ്രസാദിച്ചിരിക്കുന്നു " എന്ന് പറഞ്ഞു പുകഴ്ത്തുകയും ചെയ്തു . തുടർന്ന് കർണ്ണനും ജരാസന്ധനും ഉത്തമ സുഹൃത്തുക്കളായി മാറി . ആ സൗഹൃദത്തിന്റെ പേരിൽ ജരാസന്ധൻ കർണ്ണന് സംഭാവന ചെയ്തതാണ് മാലിനീപുരം എന്ന രാജ്യം . അത്തരത്തിൽ കർണ്ണൻ ദുര്യോധനൻ നൽകിയ അംഗരാജ്യത്തിന്റേയും ജരാസന്ധദത്തമായ മാലിനീപുരത്തിന്റെയും , താൻ തന്നെ യുദ്ധംചെയ്തു നേടിയെടുത്ത ചമ്പാപുരിയുടെയും അധിപനായി വാണു .അവലംബം : [മഹാഭാരതം ശാന്തിപർവ്വം , അദ്ധ്യായങ്ങൾ 4 ,5 ]

ദ്വന്ദ്വയുദ്ധവും മരണവും

തിരുത്തുക

പാണ്ഡവർ ഇന്ദ്രപ്രസ്ഥത്തിൽ ഭരണം നടത്തുന്ന സമയം നാരദമുനി യുധിഷ്ഠിരനെ സന്ദർശിക്കുകയും സംഭാഷണ മദ്ധ്യേ പാണ്ഡുവിനെ സ്വർഗ്ഗത്തിൽ കണ്ടിരുന്ന വിവരം പറയുകയും, പാണ്ഡവരോടു രാജസൂയയാഗം നടത്തണമെന്ന് പാണ്ഡു പറഞ്ഞിരുന്ന കാര്യം ധരിപ്പിക്കുകയും ചെയ്യുന്നു. യുധിഷ്ഠിരൻ സഹോദരമാരോടും മറ്റും ഇക്കാര്യം ചർച്ച ചെയ്യുകയും എല്ലാവരും അനുകൂലമായി അഭിപ്രായം പറയുന്നു. എന്നിട്ടും മതി വരാത്ത യുധിഷ്ഠിരൻ കൃഷ്ണനെ ആളയച്ചു വരുത്തുകയും, അദ്ദേഹത്തോടു അഭിപ്രായം ആരായുന്നു. മഗധ ചക്രവർത്തിയായ ജരാസന്ധനെ തോൽപിക്കാതെ രാജസൂയം സുഗമമായി നടത്താൻ കഴിയുകയില്ലെന്നു കൃഷ്ണൻ യുധിഷ്ഠിരനെ അറിയിക്കുന്നു. ജരാസന്ധൻ 86 രാജാക്കൻമാരെ തടവിൽ വയ്ക്കുകയും 100 എണ്ണം തികഞ്ഞാൽ ഓരോരുത്തരെയായി ബലികൊടുക്കാൻ ഉദ്ദേശിക്കുന്ന കാര്യം പറയുന്നു. പിന്നീടു ബ്രാഹ്മണ വേഷത്തിൽ കൃഷ്ണനും ഭീമാർജ്ജുനൻമാരും മഗധയിലേക്ക് യാത്ര തിരിച്ച് ജരാസന്ധനെ നേരിൽ കാണുന്നു. ജരാസന്ധൻ മൂവരെയും തിരിച്ചറിയുകയും, അവരുടെ ആവശ്യപ്രകാരം ഭീമനുമായി ദ്വന്ദ്വയുദ്ധത്തിനു തയ്യാറാകുന്നു. അവർ തമ്മിൽ പോരാട്ടം തുടങ്ങുകയും ഒടുവിൽ അവശനായ ജരാസന്ധനെ ഭീമൻ പൊക്കിയെടുത്തു നൂറുവട്ടം ചുഴറ്റി നിലത്തിടുകയും, മുട്ടു നെഞ്ചിലമർത്തി നട്ടെല്ലൊടിച്ചു കൊല്ലുകയും ചെയ്യുന്നു.(ജരാസന്ധൻെറ ശരീരം രണ്ടായി വലിച്ചു കീറി കൊല്ലുന്നതായുള്ള കഥ ശ്രീമദ് ഭാഗവതത്തിൽ കാണാം)

ഇതും കാണുക

തിരുത്തുക

മധുരയ്ക്കടുത്തുള്ള ഒരു സ്ഥലമാണിത്. ജരാസന്ധൻ കൃഷ്ണന്റെ നേർക്ക്‌ എറിഞ്ഞ ഗദ ചെന്നുവീണ സ്ഥലമായതിനാൽ ഈ പേരു ലഭിച്ചു എന്നു കരുതുന്നു.

  1. സഭാപർവ്വം -- മഹാഭാരതം, മലയാളം -- ഡോ.പി.എസ്. വാര്യർ -- വിദ്യാരംഭം പബ്ലിഷേഴ്സ്
"https://ml.wikipedia.org/w/index.php?title=ജരാസന്ധൻ&oldid=3482091" എന്ന താളിൽനിന്ന് ശേഖരിച്ചത്