ഭദ്രാചലം സീതാരാമചന്ദ്രസ്വാമിക്ഷേത്രം

ഇന്ത്യയിൽ, തെലങ്കാന സംസ്ഥാനത്തെ ഭദ്രാദ്രി-കോത്തഗുഡം ജില്ലയിൽ ഭദ്രാചലം എന്ന സ്ഥലത്ത് ഗോദാവരീനദിയുടെ തീരത്ത് ഒരു കുന്നിന്മുകളിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ഹൈന്ദവക്ഷേത്രമാണ് ശ്രീ സീതാരാമചന്ദ്രസ്വാമിക്ഷേത്രം (തെലുഗു: భద్రాచలం శ్రీ సీతారామచంద్రస్వామి దేవస్ఠానం). ഭദ്രാദ്രി, ഭദ്രഗിരി എന്നീ പേരുകളിലും അറിയപ്പെടുന്ന ക്ഷേത്രം ഗോദാവരീതീരത്തെ ദിവ്യക്ഷേത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. 'ദക്ഷിണ അയോദ്ധ്യ' എന്ന പേരും ഈ ക്ഷേത്രത്തിനുണ്ട്. ഈ ക്ഷേത്രത്തിൽ ശംഖ്,ചക്രം, അമ്പ്, വില്ല് എന്നിവ ധരിച്ച ചതുർബാഹുവായ ശ്രീരാമഭഗവാനാണ് പ്രതിഷ്ഠ. കൂടാതെ, ഭഗവാന്റെ ഇടത്തേ തുടയിൽ സീതാദേവിയും സമീപം ലക്ഷ്മണനുമുണ്ട്. ഈ രൂപത്തിലുള്ള ശ്രീരാമപ്രതിഷ്ഠ മറ്റെങ്ങുമില്ല എന്നതാണ് ശ്രദ്ധേയം. ഐതിഹ്യമനുസരിച്ച്, മേരുപർവ്വതത്തിന്റെ പുത്രനായ ഭദ്രന്റെ തപസ്സിൽ സംപ്രീതനായ മഹാവിഷ്ണുഭഗവാൻ വൈകുണ്ഠത്തിൽ നിന്നുവന്ന് ശ്രീരാമരൂപത്തിൽ പ്രത്യക്ഷപ്പെടുകയും, എന്നാൽ, തന്റെ അവതാരമായിരുന്ന രാമൻ ഒരു മനുഷ്യനായിരുന്നു എന്ന കാര്യം ഭഗവാൻ മറക്കുകയും തുടർന്ന്, ശംഖ്-ചക്രങ്ങളോടുകൂടിയ ശ്രീരാമനായി മാറുകയും ചെയ്തു എന്നാണ് കഥ. കൂടെ, സീതയും ലക്ഷ്മണനും കൂടിച്ചേർന്നപ്പോൾ സ്വയംഭൂവായ മുഖ്യപ്രതിഷ്ഠയായി എന്നാണ് കഥ. പിൽക്കാലത്ത് ഒരു ക്ഷേത്രം അവിടെ വന്നു. എന്നാൽ, കാലാന്തരത്തിൽ ക്ഷേത്രം നശിച്ചുപോകുകയും വിഗ്രഹങ്ങൾ ചിതലരിച്ചുപോകുകയും ചെയ്തു.

ഭദ്രാചലം സീതാരാമചന്ദ്രസ്വാമിക്ഷേത്രം
Tower of the temple painted in light yellow.
ക്ഷേത്രഗോപുരം
ഭദ്രാചലം സീതാരാമചന്ദ്രസ്വാമിക്ഷേത്രം is located in Telangana
ഭദ്രാചലം സീതാരാമചന്ദ്രസ്വാമിക്ഷേത്രം
Location in Telangana
അടിസ്ഥാന വിവരങ്ങൾ
സ്ഥലംഭദ്രാചലം
നിർദ്ദേശാങ്കം17°40′0.92″N 80°52′57.94″E / 17.6669222°N 80.8827611°E / 17.6669222; 80.8827611
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിശ്രീരാമൻ, സീത, ലക്ഷ്മണൻ
ആഘോഷങ്ങൾശ്രീരാമനവമി
വൈകുണ്ഠ ഏകാദശി
വിജയദശമി
ജില്ലഭദ്രാദ്രി കോത്തഗുഡം ജില്ല
സംസ്ഥാനംതെലങ്കാന
രാജ്യംഇന്ത്യ
വെബ്സൈറ്റ്http://www.bhadrachalamonline.com
സ്ഥാപകൻഭദ്രാചലം രാമദാസ്
ഉയരം500 മീ (1,640 അടി)

പിന്നീട്, പതിനേഴാം നൂറ്റാണ്ടിൽ ദമ്മക്ക എന്ന ആദിവാസി സ്ത്രീയാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. അവർ പ്രതിഷ്ഠകൾക്കായി ആദ്യം ഒരു മണ്ഡപം പണിതു. പിൽക്കാലത്ത്, ഭക്തകവിയും ഭദ്രാചലത്തെ തഹസിൽദാരുമായിരുന്ന ഭദ്രാചലം രാമദാസ് എന്ന കഞ്ചർല ഗോപണ്ണ ഇവിടെയൊരു ക്ഷേത്രം പണിതു. ഗോൽക്കൊണ്ട രാജവംശത്തിലെ രാജാവായിരുന്ന അബുൽ ഹസൻ താനാഷായുടെ കാലത്തായിരുന്നു ഇത്. ഇതിന്റെ പേരിൽ അദ്ദേഹം ജയിൽ ശിക്ഷ അനുഭവിയ്ക്കുകയുണ്ടായി. രാമദാസിന്റെ കാലശേഷം, തുമു ലക്ഷ്മീനരസിംഹദാസും വരദ രാമദാസുമാണ് ക്ഷേത്രകാര്യങ്ങൾ നോക്കിയത്. പഞ്ചരാത്രവിധിയനുസരിച്ച് പൂജകൾ നടക്കുന്ന ഭദ്രാചലത്തെ ആചാരങ്ങൾ, ശ്രീരംഗം രംഗനാഥസ്വാമിക്ഷേത്രം മാതൃകയാക്കിയാണ് നടത്തിപ്പോരുന്നത്. ക്ഷേത്രത്തിന് നാലുഭാഗത്തും ഗോപുരങ്ങളുണ്ട്. അവയിൽ, വടക്കുഭാഗത്തുള്ളതാണ് രാജഗോപുരം. ഇതിലെ വാതിൽ, 'വൈകുണ്ഠദ്വാരം' എന്നറിയപ്പെടുന്നു. ക്ഷേത്രത്തിൽ, നിരവധി ഉപദേവതാസന്നിധികളും മണ്ഡപങ്ങളുമുണ്ട്.

ഭദ്രാചലത്തെ പ്രധാന പ്രതിഷ്ഠ 'വൈകുണ്ഠ രാമൻ' എന്ന പേരിൽ അറിയപ്പെടുന്നു. ലോകത്ത് മറ്റൊരിടത്തും കാണാൻ കഴിയാത്ത രൂപമാണിത്. ചതുർബാഹുവായ മഹാവിഷ്ണുവിന്റെ പുറകിലെ ഇരുകൈകളിലും ശംഖചക്രങ്ങളും, മുന്നിലെ കൈകളിൽ ശ്രീരാമപ്രതീകങ്ങളായ അമ്പും വില്ലും കാണുന്നതാണ് ഈ രൂപം. ഭദ്രാചലം രാമദാസ് ഈ ക്ഷേത്രം ഭജനയ്ക്കായും മറ്റും ഉപയോഗിച്ചു. വർഷം തോറും ചൈത്രമാസത്തിൽ നടക്കുന്ന ബ്രഹ്മോത്സവമാണ് ഭദ്രാചലത്തെ ഏറ്റവും വലിയ ഉത്സവം. ശ്രീരാമനവമിയോടനുബന്ധിച്ചാണ് ഈ ചടങ്ങ് നടത്തിവരുന്നത്. ഇതിനോടനുബന്ധിച്ച് നടക്കുന്ന സീതാ-രാമ തിരുക്കല്യാണമഹോത്സവം പ്രസിദ്ധമാണ്. വൈകുണ്ഠ ഏകാദശി, വസന്തോത്സവം, വിജയദശമി എന്നിവയാണ് മറ്റ് പ്രധാന ചടങ്ങുകൾ.

ഐതിഹ്യം

തിരുത്തുക

ത്രേതായുഗത്തിൽ, ശ്രീരാമൻ സീതയോടും ലക്ഷ്മണനോടുമൊപ്പം ദണ്ഡകാരണ്യത്തിൽ താമസിച്ചിരുന്ന കാലത്ത് ശ്രീരാമസ്പർശമേറ്റ ഒരു കല്ല് മേരുപർവ്വതത്തിന്റെ പുത്രനായ ഭദ്രനായി രൂപം മാറുകയുണ്ടായി.[1] [2] തികഞ്ഞ രാമഭക്തനായിരുന്ന ഭദ്രൻ, നാരദമഹർഷിയിൽ നിന്ന് രാമമന്ത്രോപദേശം നേടി ഗോദാവരീതീരത്തുവന്ന് തപസ്സിരുന്നു. അദ്ദേഹത്തിന്റെ ഭക്തിയിൽ സന്തോഷിച്ച ശ്രീരാമൻ, സീതാന്വേഷണത്തിന് പോകുന്ന വഴിയിൽ ഭദ്രനെ വന്നുകാണുകയും സീതാന്വേഷണത്തിനുശേഷം മടങ്ങിവരാമെന്ന് പറയുകയും ചെയ്തു. എന്നാൽ, തന്റെ അവതാരകാലത്ത് ശ്രീരാമന് ഈ വാക്ക് പാലിയ്ക്കാൻ സാധിച്ചില്ല.[1]

വർഷങ്ങൾക്കുശേഷം, സാക്ഷാൽ മഹാവിഷ്ണുഭഗവാൻ തന്നെ ഭദ്രനുമുന്നിൽ ശ്രീരാമരൂപത്തിൽ പ്രത്യക്ഷനായി. എന്നാൽ, തന്റെ അവതാരമായിരുന്ന ശ്രീരാമൻ ഒരു മനുഷ്യനായിരുന്നു എന്ന കാര്യം മറന്നുപോയ ഭഗവാൻ, തന്മൂലം പുറകിലെ കൈകളിൽ ശംഖചക്രങ്ങളും മുന്നിലെ കൈകളിൽ അമ്പും വില്ലുമേന്തിയ ചതുർബാഹു രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടത്.[3] മഹാലക്ഷ്മീദേവിയുടെ അവതാരമായ സീതാദേവി, ഭഗവാന്റെ ഇടത്തേ തുടയിലും, ആദിശേഷന്റെ അവതാരമായ ലക്ഷ്മണൻ, ഇടതുവശത്ത് സഹായിയായും നിന്നു. മൂവരും പടിഞ്ഞാറോട്ട് ദർശനം നൽകിയാണ് പ്രത്യക്ഷപ്പെട്ടത്. പതിവിൽ നിന്ന് വ്യത്യസ്തമായി ഭഗവാൻ വലതുകയ്യിൽ ശംഖും ഇടതുകയ്യിൽ ചക്രവും പിടിച്ചാണ് ദർശനം നൽകിയത്.[1] ഭദ്രന് മോക്ഷം നൽകുകയായിരുന്നത്രേ ഇതിന്റെ പിന്നിൽ.[4]

രാമൻ ഭദ്രനെ ഒരു മലയാക്കി മാറ്റി. തുടർന്ന്, ആ മലയിൽ ഭദ്രന് ദർശനം നൽകിയ രൂപത്തിൽ തന്നെ സ്വയംഭൂവായി അവതരിച്ചു. മലയായി മാറിയ ഭദ്രൻ, അങ്ങനെ 'ഭദ്രാചലം', 'ഭദ്രഗിരി', 'ഭദ്രാദ്രി' എന്നീ പേരുകളിൽ അറിയപ്പെടാൻ തുടങ്ങി. വൈകുണ്ഠത്തിൽ നിന്ന് നേരിട്ടുവന്ന രാമനായതിനാൽ, ഇവിടത്തെ പ്രതിഷ്ഠ 'വൈകുണ്ഠ രാമൻ' എന്നറിയപ്പെടുന്നു. വിഷ്ണുവിന്റെ അവതാരമായി ചതുർബാഹുരൂപത്തിൽ കുടികൊള്ളുന്നതിനാൽ 'രാമനാരായണൻ' എന്നും പേരുണ്ട്. കൂടാതെ, ശ്രീരാമ-സീതാ-ലക്ഷ്മണന്മാരുടെ പ്രതിഷ്ഠാരൂപങ്ങൾക്ക് ഓംകാരരൂപവുമായി സാദൃശ്യമുള്ളതിനാൽ, 'ഓംകാരരാമൻ' എന്നും പ്രതിഷ്ഠ അറിയപ്പെടുന്നു. [2]

ചരിത്രം

തിരുത്തുക
 
ഭദ്രാചലം രാമദാസിന്റെ പ്രതിമ

ആദ്യകാലത്തുതന്നെ ഭദ്രാചലത്ത് ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാൽ, അതിന്റേതായ യാതൊരു ലക്ഷണവും ഇന്നില്ല. ബ്രഹ്മപുരാണത്തിൽ ക്ഷേത്രത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പരാമർശമുണ്ട്. തന്നെ ഭജിയ്ക്കുന്നവർക്കെല്ലാം വൈകുണ്ഠരാമൻ അറിവു നൽകുമെന്ന് അതിൽ പറയുന്നു. ആദി ശങ്കരാചാര്യരും തിരുമങ്കൈ ആഴ്വാരും ക്ഷേത്രത്തിൽ വന്നതായും പറയപ്പെടുന്നു. പിന്നീടേതോ കാലത്ത് വൈദേശികാക്രമണം മൂലമോ മറ്റോ ആകണം ആദ്യക്ഷേത്രം നശിച്ചുപോയിട്ടുണ്ടാകുക.

നിലവിലുള്ള ക്ഷേത്രത്തിന്റെ ചരിത്രം തുടങ്ങുന്നത് പതിനേഴാം നൂറ്റാണ്ടിലാണ്. ചിതലരിച്ചുകിടക്കുകയായിരുന്നു അപ്പോൾ വിഗ്രഹങ്ങൾ. പോകാല ദമ്മക്ക എന്നുപറയുന്ന ആദിവാസി സ്ത്രീ ചിതൽപ്പുറ്റിൽ അസാധാരണമായ എന്തോ തെളിയുന്നതായി കാണുകയും അന്വേഷിച്ചുനോക്കിയപ്പോൾ അവ ദൈവവിഗ്രഹങ്ങളാണെന്ന് മനസ്സിലാക്കുകയും ചെയ്തു. തുടർന്ന്, നദിയിൽ നിന്ന് വെള്ളം കൊണ്ടുവന്ന് അവർ ചിതൽപ്പുറ്റ് അലിയിച്ച് വിഗ്രഹങ്ങൾ വീണ്ടെടുത്തു. പിന്നീട് അവർ പ്രതിഷ്ഠകൾക്ക് ഒരു മണ്ഡപവും പണിതു.[5] അവരും മറ്റ് ആദിവാസികളും വിഗ്രഹത്തിൽ തങ്ങളുടേതായ രീതിയിൽ പൂജ നടത്തിപ്പോന്നു. ഗോൽക്കൊണ്ട സുൽത്താൻ അബ്ദുഹസ്സൻ താനിഷായുടെ ഭരണകാലത്ത്, ഭദ്രാചലത്തെ തഹസിൽദാരായിരുന്ന കഞ്ചർല ഗോപണ്ണ ഹിന്ദുക്കളിൽ നിന്ന് ജസിയ നികുതി പിരിയ്ക്കുന്നതിന്റെ ഭാഗമായി സഞ്ചാരം നടത്തുന്നതിനിടയിൽ, അദ്ദേഹം മണ്ഡപത്തോടുകൂടിയ ശ്രീരാമ-സീതാ-ലക്ഷ്മണവിഗ്രഹങ്ങൾ കാണുകയുണ്ടായി.[6] തികഞ്ഞ രാമഭക്തനായിരുന്ന ഗോപണ്ണ നികുതി പിരിച്ചുകിട്ടിയ കാശുകൊണ്ട് ഇഷ്ടദേവന് ക്ഷേത്രം നിർമ്മിയ്ക്കാൻ തീരുമാനിച്ചു. ആദ്യകാലത്ത് നാട്ടുകാരായ ഹിന്ദുക്കളുടെ കയ്യിൽ നിന്ന് കടുത്ത വിമർശനം ഏറ്റുവാങ്ങിയ ഗോപണ്ണ, എന്നാൽ എങ്ങനെയും ക്ഷേത്രം പണിതീർക്കണമെന്ന ഉദ്ദേശ്യത്തോടെ നികുതി പിരിയ്ക്കുകയും രാമക്ഷേത്രം പണിതുതീർക്കുകയും ചെയ്തു. ശ്രീരാമനെക്കൂടാതെ മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹമൂർത്തി, രംഗനാഥസ്വാമി, ഗോവിന്ദരാജസ്വാമി, ഹനുമാൻ, ഗണപതി, ശിവൻ തുടങ്ങിയവർക്കും ക്ഷേത്രങ്ങൾ പണിതു.[7] ഗോപണ്ണയുടെ ഭക്തിയിൽ പ്രസന്നനായ സ്ഥലത്തെ മുസ്ലിം സിദ്ധനായിരുന്ന കബീർദാസ് (പതിനഞ്ചാം നൂറ്റാണ്ടിൽ ഇതേ പേരും ആശയവുമായി ജീവിച്ച ഉത്തരേന്ത്യൻ സിദ്ധനല്ല), അദ്ദേഹത്തിന് 'രാമദാസ്' എന്ന പേര് സമ്മാനിച്ചു.[8]

ക്ഷേത്രനിർമ്മാണത്തിന് ഏകദേശം ആറുലക്ഷം വരാഹം തുക ചെലവായി. നികുതിപ്പണം വഴിവിട്ട് ചെലവഴിച്ച രാമദാസിനെ താനിഷാ ജോലിയിൽ നിന്ന് പുറത്താക്കുകയും അദ്ദേഹത്തെ ജയിലിൽ അടയ്ക്കുകയും ചെയ്തു. പന്ത്രണ്ടുവർഷം കഠിനതടവാണ് അദ്ദേഹത്തിന് വിധിച്ചത്. പന്ത്രണ്ടുവർഷത്തിനുള്ളിൽ തുക തിരിച്ചടച്ചില്ലെങ്കിൽ രാമദാസിനെ തൂക്കിക്കൊല്ലാനും താനിഷാ വിധിച്ചു.[9] പന്ത്രണ്ടുവർഷം തികയുന്നതിന്റെ തലേന്ന് രാത്രി ശ്രീരാമനും ലക്ഷ്മണനും താനിഷായുടെ സ്വപ്നത്തിൽ വരികയും തുക തിരിച്ചടയ്ക്കുകയും ചെയ്തു എന്നാണ് കഥ. താനിഷാ ഉണർന്നുനോക്കിയപ്പോൾ അദ്ദേഹം യഥാർത്ഥ സ്വർണ്ണനാണയങ്ങൾ കാണുകയും രാമദാസിനെ വിട്ടയയ്ക്കുകയും ചെയ്തു.[10] തുടർന്ന് അദ്ദേഹം രാമദാസിന് പെൻഷൻ അനുവദിയ്ക്കുകയും ഭദ്രാചലം ക്ഷേത്രത്തിന് പ്രത്യേക സമർപ്പണങ്ങൾ നടത്തുകയും ചെയ്തു.[6]

രാമദാസിന്റെ കാലം കഴിഞ്ഞ് വർഷങ്ങൾക്കുശേഷം, ക്ഷേത്രം കാഞ്ചീപുരം സ്വദേശിയായിരുന്ന വരദ രാമദാസിന്റെയും ഗുണ്ടൂർ സ്വദേശിയായിരുന്ന ലക്ഷ്മീനരസിംഹദാസിന്റെയും ഉടമസ്ഥതയിലായി. നിരവധി കാലം അവർ ഇവിടെ ഭജന നടത്തിക്കഴിഞ്ഞുകൂടി. വരദ രാമദാസിന്റെ മരണശേഷം ലക്ഷ്മീനരസിംഹദാസ് അദ്ദേഹത്തിന്റെ മൃതദേഹവുമായി ഗോദാവരീനദിയിൽ ഇറങ്ങുകയും ആത്മഹത്യ ചെയ്യുകയും ചെയ്തു.[11]

1956-ൽ ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ വികസനം വരും വരെ ഗോദാവരി ജില്ലയുടെ ഭാഗമായിരുന്നു ഭദ്രാചലം. ആന്ധ്രാപ്രദേശ് വികസനത്തിനുശേഷം ഖമ്മം ജില്ലയുടെ ഭാഗമായി ഭദ്രാചലം മാറി. 1958-ൽ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം ആന്ധ്രാപ്രദേശ് ദേവസ്വം വകുപ്പ് ഏറ്റെടുത്തു. 1960-ൽ അന്നത്തെ ആന്ധ്രാപ്രദേശ് ദേവസ്വം മന്ത്രി കല്ലൂരി ചന്ദ്രമൗലിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ വൻ തോതിൽ നവീകരണപ്രവൃത്തികൾ നടത്തി.[12] ഭദ്രാചലത്തെ ശ്രീരാമനവമിയുടെ മുഖ്യപ്രായോജകരായും സർക്കാർ മാറുകയുണ്ടായി.

1986 ഓഗസ്റ്റിൽ ഗോദാവരീനദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ക്ഷേത്രത്തിന് വൻ ഭീഷണിയുണ്ടായി. ക്ഷേത്രത്തിനടുത്തുള്ള തെരുവുകളും കടകളും വീടുകളുമെല്ലാം അഞ്ചുദിവസം വെള്ളത്തിലായി. പലരും സാധനങ്ങളുമായി ക്ഷേത്രത്തിൽ അഭയം തേടി. ക്ഷേത്രത്തിലെ കല്യാണമണ്ഡപം വെള്ളപ്പൊക്കത്തിൽ തകർന്നുപോയി. എന്നാൽ, ക്ഷേത്രത്തിലെ മുഖ്യപൂജാരിയായിരുന്ന പി. ശേഷാചാര്യലുവും മറ്റ് പൂജാരിമാരും യാതൊരു മുടക്കവും കൂടാതെ പൂജകൾ നടത്തിപ്പോന്നു.[13]

2009 മുതൽ 2014 വരെ ആഞ്ഞടിച്ച തെലങ്കാന പ്രക്ഷോഭത്തിൽ ഇരുസംസ്ഥാനക്കാരും ഭദ്രാചലത്തിനുവേണ്ടി മുറവിളി കൂട്ടി. പിന്നീട്, തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായി മാറിയ കെ. ചന്ദ്രശേഖർ റാവു അടക്കമുള്ള പ്രമുഖ നേതാക്കന്മാർ ഭദ്രാചലം വിട്ടുകൊടുക്കില്ല എന്ന വാദത്തിൽ ഉറച്ചുനിൽക്കുകയും ഒടുവിൽ തെലങ്കാനയുടെ ഭാഗമായി ഭദ്രാചലം മാറുകയും ചെയ്തു.[14][15] 2016 ഒക്ടോബറിൽ ഖമ്മം ജില്ല വിഭജിച്ച് ഭദ്രാദ്രി കോത്തഗുഡം ജില്ല രൂപവത്കരിച്ചപ്പോൾ ക്ഷേത്രം അതിന്റെ ഭാഗമായി..[16]

ക്ഷേത്രനിർമ്മിതി

തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും

തിരുത്തുക
 
ഭദ്രാചലത്തെ യോഗാനന്ദ നരസിംഹക്ഷേത്രത്തിലുള്ള സീതാ-രാമ-ലക്ഷ്മണന്മാരുടെ ഛായാചിത്രം

ഭദ്രാചലം പട്ടണത്തിന്റെ ഒത്തനടുക്ക് ഗോദാവരീനദിയുടെ കിഴക്കേക്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രദർശനം. ക്ഷേത്രത്തിന്റെ നാലുപുറവും വമ്പൻ ഗോപുരങ്ങളുണ്ട്. അമ്പത് പടികൾ കയറിവേണം പടിഞ്ഞാറേ നടയിലെ പ്രധാന കവാടത്തിലെത്താൻ.[10] ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിയ്ക്കാൻ 1974-ൽ വൈകുണ്ഠദ്വാരം എന്ന പേരിൽ പുതിയൊരു കവാടം തുറന്നിരുന്നു. ക്ഷേത്രമിരിയ്ക്കുന്ന കുന്ന് മൂന്നാക്കിത്തിരിച്ചിട്ടുണ്ട്. അവയിൽ ഒരു ഭാഗം, ഭദ്രന്റെ തലയായി കണക്കാക്കപ്പെടുന്നു. അവിടെ അതിന്റെ സൂചനയായി ഒരു ഗോപിക്കുറിയും ഭദ്രന്റെ ഒരു ക്ഷേത്രവുമാണ്. ശ്രീകോവിൽ നിലകൊള്ളുന്ന സ്ഥലം, ഭദ്രന്റെ ഹൃദയമായും പടിഞ്ഞാറേ നടയിലെ രാജഗോപുരം, കാലടികളായും സങ്കല്പിയ്ക്കപ്പെടുന്നു.

ഗോപുരം കടന്ന് അല്പം ചെല്ലുമ്പോൾ തെലുങ്ക് ശൈലിയിൽ തീർത്ത കൊടിമരവും, അതിനടുത്ത് ഭഗവദ്വാഹനമായ ഗരുഡന്റെ പഞ്ചലോഹവിഗ്രഹവും കാണാം.[17] ഇവ കഴിഞ്ഞാണ് ശ്രീകോവിൽ. മൂന്നടിയോളം ഉയരം വരുന്ന ശ്രീരാമ-സീതാ-ലക്ഷ്മണ വിഗ്രഹങ്ങൾ പടിഞ്ഞാറോട്ട് ദർശനം നൽകി കുടികൊള്ളുന്നു. സ്വയംഭൂവാണ് ഇവിടെയുള്ള മൂന്ന് വിഗ്രഹങ്ങളും. പദ്മാസനരൂപത്തിൽ സീതയെ മടിയിലിരുത്തി വാഴുന്ന ശ്രീരാമനും അവർക്ക് കാവൽ നിൽക്കുന്ന ലക്ഷ്മണനുമായാണ് രൂപങ്ങൾ. ശ്രീകോവിലിന്റെ താഴികക്കുടത്തിന് മുകളിൽ എട്ടുമുഖങ്ങളോടുകൂടിയതും ആയിരം ആരക്കാലുകളുള്ളതുമായ ഒരു സുദർശനചക്രം കാണാം. ഇത് രാമദാസ് ഗോദാവരീനദിയിൽ നിന്ന് വീണ്ടെടുത്തതാണെന്ന് വിശ്വസിയ്ക്കുന്നു. താഴികക്കുടത്തിൽ ക്ഷേത്രവിഗ്രഹത്തിന്റെ ഒരു ചെറുപതിപ്പ് സ്വർണ്ണത്തിൽ പണിതുവച്ചിട്ടുമുണ്ട്. ശ്രീകോവിലിന്റെ വലതുഭാഗത്ത് ഒരു പ്രത്യേക ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ക്ഷേത്രത്തിലെ ഉത്സവമൂർത്തികളും പൂജിയ്ക്കപ്പെടുന്നു.

ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള ഒരു വലിയ കുന്നിലാണ് രംഗനാഥസ്വാമിയുടെ പ്രതിഷ്ഠ. പ്രസിദ്ധമായ ശ്രീരംഗം ക്ഷേത്രത്തിലെ മൂർത്തിയായ രംഗനാഥൻ, അനന്തശയനരൂപത്തിലുള്ള മഹാവിഷ്ണുവാണ്.

  1. 1.0 1.1 1.2 Warrier 2014, പുറം. 183.
  2. 2.0 2.1 Viswanath, K. (4 April 2017). "కనగ కనగ కమనీయం" [A memorable visual experience]. Sakshi (in തെലുങ്ക്). Archived from the original on 7 April 2017. Retrieved 7 April 2017.
  3. Reddy 2011, പുറം. 128.
  4. "మోక్షాన్ని ప్రసాదించే వైకుంఠ ఏకాదశి" [Importance of Vaikuntha Ekadasi]. Andhra Jyothy (in തെലുങ്ക്). 7 January 2017. Archived from the original on 7 April 2017. Retrieved 7 April 2017.
  5. "Bhadrachalam: Dhammakka Sevayatra held on grand scale". The Hans India. 13 July 2014. Archived from the original on 7 April 2017. Retrieved 7 April 2017.
  6. 6.0 6.1 Chaitanya Deva 1995, പുറം. 82.
  7. Glener & Komaragiri 2002, chpt. 23.
  8. Chaitanya Deva 1995, പുറം. 81.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; devout എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. 10.0 10.1 Nadimpally, Lasya (8 March 2017). "Bhadrachalam: Godavari's Temple Town". Outlook. Archived from the original on 7 April 2017. Retrieved 7 April 2017.
  11. Gudipoodi, G. S. (11 October 2012). "In rememberance(sic)". The Hindu. Archived from the original on 9 April 2017. Retrieved 7 April 2017.
  12. "అదిగో భద్రాద్రి." [Welcome to Bhadradri]. Sakshi (in തെലുങ്ക്). 14 October 2016. Archived from the original on 7 April 2017. Retrieved 7 April 2017.
  13. Sridhar, P. (13 December 2011). "When Bhadrachalam was under a sheet of water". The Hindu. Archived from the original on 9 April 2017. Retrieved 7 April 2017.
  14. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; telegraph എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  15. "Demand to retain Bhadrachalam in Telangana". The Hindu. 5 November 2013. Archived from the original on 7 April 2017. Retrieved 7 April 2017.
  16. "Padayatra celebrates creation of Kothagudem district". The Hindu. 5 October 2016. Archived from the original on 7 April 2017. Retrieved 7 April 2017.
  17. Teerthayatra Archival – Bhadrachalam. ETV Andhra Pradesh. 19 April 2013. Retrieved 8 April 2017.