പ്രിയമാനസം
വിനോദ് മങ്കര തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ സംസ്കൃത ചലച്ചിത്രമാണ് പ്രിയമാനസം.[1] സോമാ ക്രിയേഷൻസിന്റെ ബാനറിൽ ബേബി മാത്യു സോമതീരമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.[2] പതിനേഴാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന കവിയും പണ്ഡിതനുമായ ഉണ്ണായി വാര്യരുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്.[3] ഉണ്ണായി വാര്യരുടെ പ്രശസ്ത കൃതിയായ നളചരിതം ആട്ടക്കഥയുടെ രചനയ്ക്കു പിന്നിലെ കഷ്ടപ്പാടുകളും സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.[4]
പ്രിയമാനസം | |
---|---|
സംവിധാനം | വിനോദ് മങ്കര |
നിർമ്മാണം | ബേബി മാത്യു സോമതീരം |
രചന | വിനോദ് മങ്കര |
കഥ | വിനോദ് മങ്കര |
തിരക്കഥ | വിനോദ് മങ്കര |
അഭിനേതാക്കൾ | രാജേഷ് ഹെബ്ബാർ പ്രതീക്ഷ കാശി |
സംഗീതം | ശ്രീവത്സൻ ജെ. മേനോൻ |
ഛായാഗ്രഹണം | ശംഭു ശർമ്മ |
ചിത്രസംയോജനം | ഹാഷിം |
സ്റ്റുഡിയോ | സോമ ക്രിയേഷൻസ് |
റിലീസിങ് തീയതി | 2015 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 90 മിനിറ്റ് |
നളചരിതത്തിലെ എല്ലാ കഥാപാത്രങ്ങളും ചിത്രത്തിൽ കടന്നുവരുന്നുണ്ട്. ഈ കഥാപാത്രങ്ങൾ ഉണ്ണായി വാര്യരോടു സംവദിക്കുന്നതായും ചിത്രീകരിച്ചിരിക്കുന്നു. ഒരു എഴുത്തുകാരനെ അയാളുടെ കഥാപാത്രങ്ങൾ എങ്ങനെ വേട്ടയാടുന്നുവെന്ന് വരച്ചുകാട്ടുകയാണ് ഈ ചിത്രം. ഉണ്ണായി വാര്യർ എന്ന കവിയെ ലോകത്തിനു പരിചയപ്പെടുത്തുക, സംസ്കൃതഭാഷ പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രിയമാനസം നിർമ്മിച്ചിരിക്കുന്നത്.[5]
രാജേഷ് ഹെബ്ബാർ കേന്ദ്രകഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിൽ പ്രതീക്ഷ കാശി, മീരാ ശ്രീനാരായൺ എന്നിവരും അഭിനയിച്ചിരിക്കുന്നു. തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലാണ് പ്രിയമാനസത്തിന്റെ ചിത്രീകരണം നടന്നത്.[1]
ചരിത്രം
തിരുത്തുകഇന്ത്യയിലെ മൂന്നാമത്തെ സംസ്കൃത ചലച്ചിത്രമാണ് പ്രിയമാനസം.[2] ജി.വി. അയ്യർ സംവിധാനം ചെയ്ത ആദിശങ്കരാചാര്യ (1983), ഭഗവദ് ഗീത (1993) എന്നിവയാണ് ഇതിനുമുമ്പ് ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള സംസ്കൃത ചലച്ചിത്രങ്ങൾ.[3] 22 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യയിൽ നിർമ്മിക്കുന്ന സംസ്കൃത ചലച്ചിത്രം എന്ന വിശേഷണവുമായാണ് പ്രിയമാനസം പ്രദർശനത്തിനെത്തിയത്.[1] കേരളത്തിൽ നിർമ്മിക്കുന്ന ആദ്യത്തെ സംസ്കൃത ചലച്ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.[6]
വിവാദം
തിരുത്തുക2015-ൽ കേരളത്തിൽ നടന്ന 20-ആമത് രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രിയമാനസത്തിന് പ്രദർശനാനുമതി നിഷേധിച്ചത് വിവാദമായിരുന്നു.[7][8] ഹൈന്ദവ ബിംബങ്ങൾ കൂടുതലായി ചിത്രീകരിച്ചുകൊണ്ട് മതപ്രചാരണം നടത്തുന്നുവെന്ന വാദവുമായാണ് കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി ഈ ചിത്രത്തെ മേളയിൽ നിന്നൊഴിവാക്കിയത്.[7][9][3] അമ്പലവാസിയായിരുന്ന ഉണ്ണായി വാരിയരുടെ ജീവിതം പള്ളിയിലോ മോസ്കിലോ ചിത്രീകരിക്കാനാകുമോ എന്നു ചോദിച്ചുകൊണ്ട് ചിത്രത്തിന്റെ സംവിധായകൻ വിനോദ് മങ്കര പ്രതിഷേധവുമായി രംഗത്തെത്തി.[9]
2015-ൽ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ നിന്നൊഴിവാക്കിയ ഈ ചിത്രം അതേവർഷം ഗോവയിൽ നടന്ന 46-ആമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുകയുണ്ടായി.[8][10] ഏറെ നിരൂപകശ്രദ്ധ നേടിയ ഈ ചിത്രം 2015-ലെ മികച്ച സംസ്കൃത ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കി.[11]
അണിയറ പ്രവർത്തകർ
തിരുത്തുക- രചന, സംവിധാനം - വിനോദ് മങ്കര
- സംഗീതം - ശ്രീവത്സൻ ജെ. മേനോൻ
- ചമയം - പട്ടണം റഷീദ്
- വസ്ത്രാലങ്കാരം - ഇന്ദ്രൻസ് ജയൻ
- ഛായാഗ്രഹണം - ശംഭു ശർമ്മ
- നൃത്തസംവിധാനം - ശ്രീലക്ഷ്മി ഗോവർദ്ധൻ (കുച്ചിപ്പുടി)
- കഥകളി പദങ്ങൾ - കോട്ടയ്ക്കൽ മധു[5]
പുരസ്കാരങ്ങൾ
തിരുത്തുക- മികച്ച സംസ്കൃത ചലച്ചിത്രം[11]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "പ്രിയമാനസം , 22 വർഷത്തിനു ശേഷം ഒരു സംസ്കൃത സിനിമ". ഫിലിം ബീറ്റ്. 2015-08-04. Archived from the original on 2018-01-14. Retrieved 2018-01-14.
- ↑ 2.0 2.1 "ഉണ്ണായിവാര്യരുടെ ജീവിതം പകർത്തുന്ന 'പ്രിയമാനസം' പൂർത്തിയായി". മാതൃഭൂമി ദിനപത്രം. 2015-07-16. Archived from the original on 2018-01-14. Retrieved 2018-01-14.
- ↑ 3.0 3.1 3.2 "Controversial Sanskrit film selected at IFFI". The Hindu. 2015-11-07. Archived from the original on 2018-01-14. Retrieved 2018-01-14.
- ↑ "ഉണ്ണായി വാര്യരുടെ കഥയുമായി പ്രിയമാനസം". മെട്രോവാർത്ത. 2015-06-21. Archived from the original on 2017-12-28. Retrieved 2018-01-14.
- ↑ 5.0 5.1 "ഉയർത്തെഴുന്നേൽക്കുന്ന സംസ്കൃത ചലച്ചിത്രം". സിറ്റി ന്യൂസ് ഇന്ത്യ. 2015-06-15. Archived from the original on 2018-01-20. Retrieved 2018-01-20.
- ↑ "ഉൾപിടച്ചിലുകളുടെ പുസ്തകം".
- ↑ 7.0 7.1 "IFFK rejects world's third Sanskrit Film 'Priyamanasam' for showcasing Hindu deities". Hinduexistance.org. 2015-10-16. Archived from the original on 2018-01-14. Retrieved 2018-01-14.
- ↑ 8.0 8.1 "പ്രിയമാനസം ഇന്ത്യൻ പനോരമയുടെ ഉദ്ഘാടനചിത്രം". മലയാള മനോരമ. 2015-11-03. Archived from the original on 2018-01-14. Retrieved 2018-01-14.
- ↑ 9.0 9.1 "പ്രിയമാനസം കേരളത്തിന്റെ നിലപാട് ഗോവയിൽ വിവാദമാകുന്നു. നുണപ്രചരണവുമായി മനോരമ". ജന്മഭൂമി. 2015-11-23. Archived from the original on 2015-11-24. Retrieved 2018-01-14.
{{cite web}}
: line feed character in|title=
at position 11 (help) - ↑ "സംസ്ഥാനം തഴഞ്ഞ പ്രിയമാനസം ഇന്ത്യൻ പനോരമയിലേക്ക്; 4 മലയാള ചിത്രങ്ങളും പനോരമയുടെ ഭാഗമാകും". മറുനാടൻ മലയാളി. 2015-11-03. Archived from the original on 2018-01-14. Retrieved 2018-01-14.
- ↑ 11.0 11.1 "ബാഹുബലി ചിത്രം, ബച്ചനും കങ്കണയും താരങ്ങൾ". മാതൃഭൂമി ദിനപത്രം. 2016-03-28. Archived from the original on 2018-01-14. Retrieved 2018-01-14.
പുറംകണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ് Archived 2018-01-03 at the Wayback Machine.