നളചരിതം
ആട്ടക്കഥാ സാഹിത്യത്തിൽ എന്തുകൊണ്ടും പ്രഥമസ്ഥാനത്തിന് അർഹമായ കൃതി എന്ന് നിരൂപകർ വാഴ്ത്തുന്ന കൃതിയാണ് ഉണ്ണായിവാരിയരുടെ നളചരിതം. ഇതു നാലുദിവസം കൊണ്ട് ആടത്തക്കവണ്ണമാണ് കവി രൂപപ്പെടുത്തിയിട്ടുള്ളത്. മനോഹരമായ ഒരു ദൃശ്യകാവ്യത്തിന്റെയും ശ്രാവ്യകാവ്യത്തിന്റെയും ഗുണഗണങ്ങളെല്ലാം ഇതിൽ പരിലസിക്കുന്നുണ്ട്. മലയാളസാഹിത്യം ആകമാനം പരിശോധിച്ചാലും നളചരിതത്തിന് ഏറ്റവും സമുന്നതമായ സ്ഥാനമാണുള്ളത്. അത് സർവ ലക്ഷണ സമ്പന്നമായ ഒരു സംസ്കൃത നാടകത്തിനു സമമാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. മലയാളത്തിലെ ശാകുന്തളം എന്ന പ്രശംസയും അതിനു ലഭിച്ചിട്ടുണ്ട്. പഞ്ചസന്ധികളുടെ അഭിസംയോഗത്തിലും, രസങ്ങളുടെ അംഗാങ്ഗിഭാവസ്ഫുരണത്തിലും നളചരിതത്തോടു കിടനില്ക്കുന്ന മറ്റൊരാട്ടക്കഥയില്ല.
ഉണ്ണായിവാര്യർ
തിരുത്തുകഉണ്ണായിവാര്യരുടെ നളചരിതത്തെ യാഥാസ്ഥിതികരും ഉത്പതിഷ്ണുക്കളുമായ എല്ലാ നിരൂപകന്മാരും ഒന്നുപോലെ പുകഴ്ത്തുന്നു. കവന നൈപുണിയും കലാമർമജ്ഞതയും, ജീവിത തത്ത്വാവബോധവും, നിരീക്ഷണപാടവവും സമഞ്ജസമായി സമ്മേളിച്ചിട്ടുള്ള ഒരു കൃതിയാണത്. പഠിപ്പിക്കുന്തോറും പുതിയ ആശയങ്ങളും, നവനവോല്ലേഖകല്പനകളും, മനുഷ്യ സ്വഭാവവൈചിത്യ്രങ്ങളും, ജീവിതത്തിന്റെ ഗതിവിഗതികളും ഒന്നോടൊന്നു പൊന്തിപ്പൊന്തി വന്ന് സഹൃദയരെ ആനന്ദലഹരിയിൽ ആ കൃതി ആറാടിക്കുന്നു. വായിച്ചു രസിക്കാനും, കണ്ടുരസിക്കാനും, കേട്ടുരസിക്കാനും പറ്റിയ ഒരാട്ടക്കഥയെന്ന നിലയിലും അത് ഉയർന്നുനിൽക്കുന്നു. സംഗീതം, സാഹിത്യം, അഭിനയം എന്നീ മൂന്നു കലകളുടെ സൗന്ദര്യവും സ്വാരസ്യവും ഹൃദയാവർജകതയും അതിൽ ഒത്തിണങ്ങിയിട്ടുണ്ട്.
കഥകളി സംഗീതം
തിരുത്തുകകഥകളിക്കാർക്കെന്നല്ല, തിരുവാതിരക്കളിക്കാർക്കും പാടാൻ അത്യന്തം ഉതകുന്ന പദങ്ങൾ നളചരിതത്തിൽ ധാരാളമുണ്ട്. അതിലെ പ്രാസഭംഗിയും താളഭംഗിയും സംഗീതത്തിന്റെ മാറ്റുകൂട്ടുന്നു. സാഹിത്യത്തിന്റെ ഏതു മാനദണ്ഡമനുസരിച്ചു നോക്കിയാലും നളചരിതം ഒന്നാം കിടയിൽത്തന്നെ ശോഭിക്കുന്നു. ശൃംഗാരാദി നവരസങ്ങളും ഭക്തിവാത്സല്യാദി ഭാവങ്ങളും സന്ദർഭോചിതമായി കൂട്ടിയിണക്കിയിട്ടുള്ളത് ഈ കഥയുടെ രസാഭിനയയോഗ്യതയെ വർധിപ്പിക്കുന്നു. വേഷവൈവിധ്യം കൊണ്ട് ഈ ദൃശ്യകാവ്യത്തെ സുന്ദരമാക്കുവാനും കവിശ്രദ്ധിച്ചിട്ടുണ്ട്. നൃത്തം, നൃത്യം, നാട്യം, ആങ്ഗികം, സാത്വികം, ആഹാര്യം എന്നിങ്ങനെ അഭിനയത്തിന്റെ എല്ലാ ഘടകങ്ങളും ഇതിൽ സമന്വയിച്ചിരിക്കുന്നു. സാത്വികാഭിനയത്തിന് കൂടുതൽ പ്രാധാന്യം കൊടുത്തിട്ടുണ്ട്. വാചികത്തിനു പകരമാണു സംഗീതം.
അനാവശ്യമായ ഒരു രംഗംപോലും ഈ കഥയിലില്ല. യുദ്ധം, വധം മുതലായവയെയും ഒഴിവാക്കിയിട്ടുണ്ട്. ആദ്യന്തം രസപുഷ്ടി വരുത്തുവാനാണ് കവിയുടെ ശ്രമം.
കഥ
തിരുത്തുകമഹാഭാരതം വനപർവത്തിൽ 52 മുതൽ 79 വരെയുള്ള 28 അധ്യായങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കഥാഭാഗമായ നളോപാഖ്യാനത്തെ അവലംബിച്ചാണ് വാരിയർ ആട്ടക്കഥയെഴുതിയിട്ടുള്ളത്. മൂലകഥയിൽ നിന്ന് വലിയ വ്യത്യാസമൊന്നും ഉണ്ണായി തന്റെ കഥയിൽ വരുത്തിയിട്ടില്ല. അല്പം ചില സ്ഥലങ്ങളിൽ ചില നിസ്സാര വ്യതിയാനങ്ങൾ വരുത്തിയിട്ടുള്ളത് ഒരു ദൃശ്യകാവ്യമെന്ന നിലയിൽ തന്റെ കൃതിയെ മോടിപിടിപ്പിക്കാനാണ്. അതിൽ വേണ്ടത്ര ഔചിത്യവും അദ്ദേഹം ദീക്ഷിക്കുന്നുണ്ട്. ഒന്നാം ദിവസത്തെ കഥയെ സംബന്ധിച്ചിടത്തോളം ശ്രീഹർഷന്റെ നൈഷധീയ ചരിതം മഹാകാവ്യത്തെയാണ് വാരിയർ പല സ്ഥലത്തും അനുകരിച്ചിരിക്കുന്നത്.
മഹാഭാരതത്തിൽ വനപർവ്വത്തിൽ വനവാസക്കാലത്ത് കഷ്ടപ്പെടുന്ന പാണ്ഡവരെ കണ്ട്, ബൃഹദശ്വൻ എന്ന മുനി സമാശ്വസിപ്പിക്കാനായി പറഞ്ഞുകൊടുക്കുന്ന കഥയാണ് നളോപാഖ്യാനം. ഇക്കഥയെ അധികരിച്ച് നൈഷധീയചരിതം (നൈഷധം മഹാകാവ്യം) എന്ന് പേരായി സംസ്കൃതത്തിൽ ശ്രീഹർഷൻ എഴുതിയ ഒരു ഉത്തമകാവ്യം ഉണ്ട്. നൈഷധീയചരിതത്തെ അനുകരിച്ചാണ് ഉണ്ണായി വാര്യർ “നളചരിതം” ആട്ടക്കഥ എഴുതിയത്.
കലിബാധ അകറ്റാൻ നളൻ, ദമയന്തി, ഋതുപർണ്ണൻ, കാർക്കോടകൻ എന്നിവരുടെ കഥകൾ കേട്ടാൽ മതി എന്ന് മഹാഭാരതത്തിൽ നളോപാഖ്യാനത്തിന്റെ സാരാംശത്തിൽ പറയുന്നു.
പാത്രസൃഷ്ടി
തിരുത്തുകപാത്രസൃഷ്ടിയിലും കഥാഘടനയിലും സംഭാഷണ നിബന്ധനയിലും മനോവ്യാപാര പ്രതിപാദനത്തിലുമാണ് ഉണ്ണായിയുടെ പാടവം സവിശേഷം നിഴലിക്കുന്നത്. ഒരു നാടകകവിയുടെ സകലവിധ കഴിവുകളോടും കൂടി അദ്ദേഹം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. തിരഞ്ഞെടുത്തിരിക്കുന്ന കഥാസന്ദർഭങ്ങളെല്ലാം തികഞ്ഞ നാടകീയ ഭംഗിയെ ആവാഹിക്കയും ചെയ്യുന്നു. പാത്ര സൃഷ്ടിയിൽ ഉണ്ണായിക്കു സമന്മാരായ ഇതര കഥകളി ഗ്രന്ഥകാരന്മാർ ഇല്ലതന്നെ. നായികാനായകന്മാർ മുതൽ നിസ്സാര കഥാപാത്രങ്ങൾ വരെ എല്ലാവർക്കും അദ്ദേഹം മിഴിവു വരുത്തിയിട്ടുണ്ട്. അവർക്ക് കഥയോടു ഗാഢബന്ധമുണ്ട്. കഥാഗതിയിൽ നിർണായകമായ പങ്കുമുണ്ട്. കഥ പ്രതിനിധാനം ചെയ്യുന്ന സമഗ്രമായ ധാർമിക ജീവിതത്തിലെ സങ്കീർണസ്വഭാവങ്ങൾ ഉൾക്കൊള്ളുന്ന വ്യക്തികൾ എന്ന നിലയിലും, കഥയുടെ വിവിധഘട്ടങ്ങളിൽ ഒളിവിതറുന്ന തേജഃ പുഞ്ജങ്ങൾ എന്ന നിലയിലും അവർക്ക് ബാഹ്യമായും ആന്തരമായും കഥയോട് അഭേദ്യമായ അടുപ്പമുണ്ട്.
വാരിയരുടെ ഭാഷാരീതിയും ഒന്നു പ്രത്യേകമാണ്. സംസ്കൃതവും മലയാളവും യഥേഷ്ടം അദ്ദേഹം കൂട്ടിയിണക്കുന്നു. അവയ്ക്കുതമ്മിൽ ഭേദമേ കല്പിക്കുന്നില്ല. അനാവശ്യമായി, നിരർഥകമായി, ഒരു പദവും അദ്ദേഹം പ്രയോഗിക്കുന്നില്ല. ശബ്ദസൌന്ദര്യത്തിനും അർഥ നിഷ്കർഷയ്ക്കും നളചരിതകാരൻ തുല്യ പ്രാധാന്യം നൽകുന്നു.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നളചരിതം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |