പൂമ്പാറ്റ (ദ്വൈവാരിക)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
മലയാള ബാലസാഹിത്യശാഖയ്ക്ക് മികച്ച സംഭാവനകളും വ്യാപകമായ ഉത്തേജനവും നല്കിയ കുട്ടികൾക്കായുള്ള ഒരു ആനുകാലിക പ്രസിദ്ധീകരണമായിരുന്നു പൂമ്പാറ്റ. ഇത് ആദ്യം ബ്ലാക്ക് ആൻഡ് വൈറ്റ് മാസിക ആയിരുന്നു. 1964-ൽ[1] പ്രസിദ്ധീകരണമാരംഭിച്ച ഇതിന്റെ സ്ഥാപകൻ സാഹിത്യകാരനും വിവർത്തകനും ആയ പി.ഏ.വാര്യർ (പി. അച്യുതവാര്യർ) ആയിരുന്നു. പിന്നീട് ഇതിന്റെ പ്രസിദ്ധീകരണം കൊച്ചിയിലെ പൈ & കമ്പനി ഏറ്റെടുത്തപ്പോഴാണ് ഇതിന് ഏറ്റവും വ്യാപകമമായ പ്രചാരം ഉണ്ടായത്; ആ സമയത്ത് ഇതിന്റെ പത്രാധിപത്യം വഹിച്ചത് എൻ.എം. മോഹനൻ (ചുമതലാകാലം: 1978-82) ആർ. ഗോപാലകൃഷ്ണൻ (ചുമതലകാലം: 1982-1986) എിവരാണ്.[2] അക്കാലത്ത് ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രചാരമുള്ള ബാലപ്രസിദ്ധീകരണമെന്ന നിലയിലേയ്ക്കുയർന്നിരുന്നു. കപീഷ്, കിഷ്കു, പൂമ്പാറ്റ രാജകുമാരി, പങ്കതന്ത്രം എന്നീ ചിത്രകഥകൾ പൂമ്പാറ്റയിൽ പ്രസിദ്ധീകരിച്ചു വന്നു. 1996 കളുടെ അന്ത്യത്തോടെ ആദ്യഘട്ട പ്രസിദ്ധീകരണം നിലച്ചു.
ഗണം | ബാലപ്രസിദ്ധീകരണം |
---|---|
ആദ്യ ലക്കം | 1964 |
കമ്പനി | വിവിധം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അനന്ത് പൈ ആയിരുന്നു ഇതിന്റെ പ്രസാധകൻ. അനന്ത പൈക്ക് പൂമ്പാറ്റയിൽ അവകാശം ഒന്നും ഇല്ലായിരുന്നു. കപിഷിന്റെ കഥ എഴുതിയെന്നു മാത്രം. ഇതു വരച്ചത് മലയാളിയായ ഇരിങ്ങാലക്കുടയിലുള്ള മോഹൻദാസ് ആയിരുന്നു.
1978 ൽ എസ് . വി പൈ പൂമ്പാറ്റ വാങ്ങിയ ശേഷം എൻ . എം മോഹനൻ പത്രാധിപർ ആയി[3], ഇന്ദുചൂഡൻ സഹായിയായി, വാസു, എ എൻ ചന്ദ്രൻ എന്നിവർ ചിത്രകാരന്മാർ ആയിരുന്നു. പിന്നീടു ആർ. ഗോപാലകൃഷ്ണൻ പൂമ്പാറ്റയുടെ പത്രാധിപർ ആയി. (മോഹൻ പിന്നീടു 1982 ൽ ബാലരമയിലേക്കു പോയി. മോഹനോടൊപ്പം ഇന്ദുചൂഡനും ചന്ദ്രനും പിന്നീടു ബാലരമയിൽ ചേക്കേറി ) പിന്നീടു വേണു വാരിയത്ത് ഉദയ് ലാൽ എന്നിവർ ഗോപാലകൃഷ്ണനെ സഹായിച്ചു.
സിപ്പി പള്ളിപ്പുറം , ഡോ. സെബാസ്റ്റ്യൻ പോൾ , വിക്ടർ ലീനുസ്, അനന്ത പൈ തുടങ്ങിയവർ ആയിരുന്നു അന്നത്തെ പൂമ്പാറ്റയുടെ കരുത്ത്. ചിത്ര കഥകൾക്ക് കൂടുതൽ പ്രാധാന്യം നല്കി. പുതുമയുള്ള ലേഖനങ്ങൾ ലളിതമായി അവതരിപ്പിച്ചു. കഥകൾക്കും പുതുമ കൊണ്ടുവന്നു. ശാസ്ത്ര ലേഖനങ്ങൾ പോലും വളരെ രസകരമായി അവതരിപ്പിക്കുന്നതിൽ മോഹൻ വിജയിച്ചു. പൈകോ യിൽ നല്ല ലൈബ്രറി ഉണ്ടായിരുന്നത് കൊണ്ട് നല്ല ഉള്ളടക്കം പൂമ്പാറ്റയുടെ മുഖമുദ്രയായി. ഇംഗ്ലീഷിലും ഹിന്ദിയിലും പ്രസിദ്ധീകരിച്ചിരുന്ന കപിഷ് മലയാളത്തിൽ ആദ്യം വന്നത് പൂമ്പാറ്റയിൽ ആയിരുന്നു. ഇതു കുട്ടികളുടെ ഹരമായി മാറി. മോഹനൻ പോയപ്പോൾ ചന്ദ്രൻ ചൂലിശ്ശേരിയെ ബാലരമയിലേക്ക് കൊണ്ടുപോയി. പൂമ്പാറ്റയുടെ പല കഥകളും പേര് മാറി അതേപടി ബാലരമയിൽ വന്നു. കലുലു അത്തരത്തിൽ ഒന്നായിരുന്നു. നേരത്തെ ബ്രേർ റാബിറ്റ് എന്ന ഇംഗ്ലീഷ് മുയൽ കഥ പി . എ വാരിയർ പൂമ്പാറ്റയിൽ കൊടുത്തിരുന്നു. മുയലിന്റെ കഥ എന്നായിരുന്നു പേര്. ഇതു പിന്നീട് മോഹൻ കലുലുവാക്കി. കലുലു പിന്നീടു പോപ്പി ആയി. അതുപോലെ പൈകോ പൂമ്പാറ്റ പ്രസാധനം അവസാനിപ്പിച്ചപ്പോൾ കപീഷ് ബാലരമയിലേക്ക് മാറി.
തുടക്കവും ആദ്യകാലവും
തിരുത്തുകമാധ്യമപ്രവർത്തകനും സാഹിത്യകാരനും പരിഭാഷകനുമായ പി.ഏ. വാര്യർ ആകാശവാണിയിൽ നിന്ന് മൂന്നുവർഷത്തെ കരാർ ജോലി അവസാനിപ്പിച്ച് 1964-ൽ സ്വതന്ത്രനായപ്പോൾ ഉണ്ടായ ആശയമാണ് 'പൂമ്പാറ്റ'യുടെ തുടക്കം. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹയാത്രികനായ അദ്ദേഹത്തിന് വിപുലമായ സുഹൃത് വലയം ഉണ്ടായിരുന്നു. 'പൂമ്പാറ്റ' മാസികയായി പ്രസിദ്ധീകരിക്കാനാരംഭിച്ചതിനോടൊപ്പം അദ്ദേഹം അതിന്റെ അച്ചടിക്കായി അതെ പേരിൽ ഒരു അച്ചടിശാലയും ആരംഭിച്ചു. 1/8 ഡിമൈ സൈസ്സായിരുന്നു പൂമ്പാറ്റയുടെ തുടക്കം മുതൽ. ആദ്യകാല പൂമ്പാറ്റയിൽ പ്രമുഖരായ ബാലസാഹിത്യകാരന്മാരെ അണിനിരത്തുവാൻ കഴിഞ്ഞു; വിശ്വസാഹിത്യവുമായി ഉറ്റപരിചയം നേടിയിരുന്ന പി.ഏ. വാര്യർ അവയിൽ പലതും മലയാളത്തിലാക്കി പ്രസിദ്ധീകരിച്ചു. 'മുയലിന്റെ കൗശലം', 'ജെനിങ്ങ്‌സ് കഥകൾ' തുടങ്ങിയ വളരെ പ്രസിദ്ധി നേടിയ പ്രതിമാസ തുടർക്കഥാപംക്തികളായിരുന്നു. 'ബ്രേയർ റാബിറ്റ്' കഥകൾ ആയിരുന്നു 'മുയലിന്റെ കൗശല' മായി അവതരിപ്പിച്ചിരുന്നത്. അന്തോണി ബുക്ക്‌റിഡ്ജിന്റെ 'ജെന്നിങ്ങ്‌സ്' എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള കഥകളുടെ പരിഭാഷകളായിരുന്നു 'ജെന്നിങ്ങ്‌സ് കഥകൾ'. 'അമ്മാവൻ വിളിക്കുന്നു' എന്ന ശീർഷകത്തിലുള്ള പത്രാധിപക്കുറിപ്പുകളും 'കൂട്ടുകാരും അമ്മാവനും' എന്ന ചോദ്യോത്തരപംക്തിയും വായനക്കാരുമായുള്ള സമ്പർക്കത്തിന് വഴിയൊരുക്കി. പി.നരേന്ദ്രനാഥിന്റെ 'പങ്ങുണ്ണി' തുടങ്ങിയ നോവലുകളും പൂമ്പാറ്റയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്നു.
'ലറ്റർപ്രസ്സ്' അച്ചടിയുടെ പരിമിതികൾക്കുള്ളിൽ നിന്ന് ചിത്രങ്ങൾ ചേർക്കുന്നതിൽ പി.ഏ.വാര്യർ ശ്രദ്ധിച്ചിരുന്നു. 'മുയലിന്റെ കൗശല'ത്തിൽ ഇംഗ്ലീഷ് 'ബ്രേയർ റാബിറ്റ്' പുസ്തകങ്ങളിൽ കണ്ടുവരുന്നവിധമുള്ള 'അനിമെറ്റഡ്' ചിത്രങ്ങൾതന്നെയായിരുന്നു, മറ്റുള്ളവ അന്നത്തെ മാസികാ ചിത്രണരീതിയിലുള്ള രേഖാചിത്രങ്ങളും. മാധവൻനായരെപ്പോലുള്ള പ്രസിദ്ധന്മാരും ഇതിൽ വരച്ചിരുന്നു. മുരളി (എം.പി. മുരളീധരൻ) ഒരു മുഖ്യചിത്രകാരനായിരുന്നു; ബീംജി, പനയ്ക്കൽ എന്നീ ഒപ്പുകളൊടെയും ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. സോമനാഥിന്റെ കാർട്ടൂണുകളല്ലാതെ ചിത്രകഥകൾ ഒന്നുമുണ്ടായിരുന്നില്ല.
പലവർഷങ്ങളിലും മദ്ധ്യവേനൽക്കാലത്ത് കൂടുതൽ പേജുകളോടെ വലിയ സൈസ്സിൽ (1/4 ഡിമെ) വിശേഷാപ്രതികൾ പ്രസിദ്ധീകരിക്കുവാൻ വാര്യർ ശ്രദ്ധിച്ചിരുന്നു. കൂടുതൽ പരസ്യങ്ങൾ സമ്പാദിച്ച് 'നഷ്ടം' കുറെയൊക്കെ പരിഹരിക്കുക എന്ന ലക്ഷ്യമായിരുന്നിരിക്കാം ഇതിന്റെ പിറകിൽ. 1968-ൽ ജനുവരിയിലും 1969-71 വർഷങ്ങളിൽ മേയ് മാസത്തിലുമാണ് വിശേഷാൽ പ്രതികൾ ഇറക്കിയത്.
പ്രസ്സ് നടത്തിപ്പിന്റെ സാമ്പത്തികമായ ദുർഭാരം 'പൂമ്പാറ്റ' പ്രസിദ്ധീകരണരംഗത്ത് വേണ്ടത്ര ശ്രദ്ധിക്കുവാൻ വാര്യർക്ക് അവസരം നല്കിയില്ല. പ്രസ്സ് സ്ഥാപിക്കാനെടുത്ത കടങ്ങളുടെ ഭാരവും പ്രസ്സിലെ പണിമുടക്ക് സമരവും കൂടി അദ്ദേഹത്തെ തളർത്തി. 1973 മാർച്ച് ലക്കത്തോടെ പി.ഏ. വാര്യർ 'പൂമ്പാറ്റ' പ്രസിദ്ധീകരണം നിർത്തി.
'സിതാര' കാലം
തിരുത്തുകപി.ഏ. വാര്യരിൽ നിന്ന് 'പൂമ്പാറ്റ'യുടെ പ്രസിദ്ധീകരണഅവകാശം വാങ്ങി എറണാകുളത്തുനിന്ന് പി. മധു (മാധവൻനായർ) സിതാര പബ്ലിക്കേഷനുവേണ്ടി 'പൂമ്പാറ്റ' 1973 ജൂൺ മുതൽ പ്രസിദ്ധീകരണമാരംഭിച്ചു. ഇതിനിടയിൽ രണ്ടുമൂന്നു മാസത്തെ മുടക്കം മാത്രമെ ഉണ്ടായുള്ളൂ. ഒരു വർഷത്തിൽ താഴെ മാത്രമാണ് മധുവിന്റെ പത്രാധിപത്യത്തിനും ഉടമസ്ഥതയിലും 'പൂമ്പാറ്റ' പ്രസിദ്ധീകരിക്കപ്പെട്ടത്. 'മുയലിന്റെ കൗശല'വും 'ജെന്നിങ്ങ്‌സ് കഥ'കളും ഈ ഘട്ടത്തിലും തുടർന്നുവെങ്കിലും കൂടുതൽ വൈജ്ഞാനിക ലേഖനങ്ങൾക്കാണ് പ്രാധാന്യം നല്കിയത്. ഉദാ: 'പൂമ്പാറ്റയുടെ ആത്മകഥ': മുട്ടയിൽ നിന്ന് വിരിഞ്ഞ് പൂമ്പാറ്റയാകുന്ന ജന്തുശാസ്ത്രപരമായ പരിണാമദശകളെക്കുറിച്ചുള്ള ലേഖനം. സാമ്പത്തികവൈഷമ്യങ്ങൾ നിമിത്തം മധുവും 'പൂമ്പാറ്റ'യുടെ പ്രസിദ്ധീകരണം നിർത്തി.
'പൈക്കോ' കാലഘട്ടം
തിരുത്തുകവിജ്ഞാനത്തിനും വിനോദത്തിനുമുള്ള കുട്ടികളുടെ അടങ്ങാത്തദാഹം മറ്റാരെയുംകാൾ കൂടുതലായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ള 'പൈകോ' ഇതാ, അവർക്കുവേണ്ടി ഒരു പ്രസിദ്ധീകരണം ആരംഭിക്കുകയാണ് - 'പൂമ്പാറ്റ'. യഥാർത്ഥത്തിൽ 'പൂമ്പാറ്റ' ഒരു പുതിയ പ്രസിദ്ധീകരണമല്ല. കുറെനാൾ മുൻപുവരെ മലയാളക്കരയിൽ പാറിനടന്നിരുന്ന ആ ശലഭം പിന്നീട് ചിറകൊതുക്കി കഴിയുകയായിരുന്നു. ഇപ്പോൾ പൈകോയിൽ നിന്ന് കൂടുതൽ വർണ്ണഭംഗിയോടെ ചിറകുവിടർത്തുകയാണ്... നാലുവർഷത്തെ ഇടവേളയ്ക്കുശേഷം 1978 ജൂൺ മാസത്തിൽ 'പൈകോ' പ്രസ്സിൽ നിന്ന് പൂമ്പാറ്റയുടെ പുനഃപ്രസിദ്ധീകരണം ആരംഭിച്ചപ്പോൾ ആദ്യലക്കത്തിന്റെ ആമുഖത്തിൽ പ്രസാധകർ കുറിച്ച വാക്കുകളാണിവ.
പൈകോയുടെ പശ്ചാത്തലം
തിരുത്തുകപുസ്തക വിപണനത്തിലും അച്ചടിരംഗത്തും കേരളത്തിലെങ്ങും പ്രശസ്തമായിക്കഴിഞ്ഞ പൈ & കമ്പനി (പൂക്കാരൻ മുക്ക്, ജൂ സ്ട്രീറ്റ്, എറണാകുളം: സ്ഥാപിതം-1956) യും അവരുടെ 'പൈകോ' അച്ചടിശാലയും പുസ്തക-മാസികാ വിപണരംഗത്തും അച്ചടിരംഗത്തും തികഞ്ഞ തൊഴിൽ പരിചയം നേടിയിട്ടുള്ള സ്ഥാപനങ്ങളായിരുന്നു. (ഉടമ: എസ്. വാസുദവേ പൈ - എസ്.വി.പൈ) അവർ പുസ്തക-മാസികാ പ്രസാധനത്തിന്റെ രംഗത്തു മാത്രമായിരുന്നു പുതുമുഖമായിരുന്നത്. 1978 ജൂണിൽ, അവരുടെ ആദ്യലക്കത്തിൽ വാഗ്ദാനം ചെയ്തപ്രകാരം 'പൈകോ' ഒരു ലക്കം പോലും മുടക്കം വരാതെ ഒരു വ്യാഴവട്ടക്കാലം 'പൂമ്പാറ്റ' പ്രസിദ്ധീകരിച്ചു. മാസികയായിരുന്ന 'പൂമ്പാറ്റ' ദ്വൈവാരികയാക്കുകയും കൂടാതെ 'പൂമ്പാറ്റ അമർചിത്രകഥ' 'പൈകോ ക്ലാസിക്‌സ്' എന്നിങ്ങനെ രണ്ടു സഹപ്രസിദ്ധീകരണങ്ങൾ കൂടി പ്രസിദ്ധീകരിക്കുകയും ചെയ്തു.
സിൻഡിക്കേറ്റഡ് കോമിക്‌സ് സ്ട്രിപ്‌സ്
തിരുത്തുകപലതരത്തിലുള്ള ചിത്രകഥകൾ, കാർട്ടൂൺ പരമ്പരകൾ തയ്യാറാക്കി വിവിധ ഭാഷകളിലുള്ള പ്രസിദ്ധീകരണ സ്ഥാപനങ്ങൾക്ക് നല്കുന്ന സ്ഥാപനങ്ങൾ പാശ്ചാത്യരാജ്യങ്ങളിൽ ധാരാളമായി ഉണ്ടായിരുന്നു. ഫാന്റം, മാൻഡ്രേക്ക്, സ്‌പൈഡർ മാൻ തുടങ്ങിയ സാഹസിക കഥകളുടെ ക്രോമിക്‌സ് സ്ട്രിപ്പുകൾ ധാരാളമായി മലയാളത്തിലുള്ള ആനുകാലികങ്ങളിലും വരാറുണ്ട്. കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പകരുന്ന ഭാരതീയ ഉള്ളടക്കമുള്ള കോമിക്‌സ് സ്ട്രിപ്പുകൾ തയ്യാറാക്കി വിവിധ ഭാഷാ പ്രസിദ്ധീകരണങ്ങൾക്ക് നല്കുന്ന (സിൻഡിക്കേറ്റ് ചെയ്യുന്ന) സ്ഥാപനങ്ങൾ ബോംബെ (ഇന്നത്തെ മുംബൈ)യിൽ ഉണ്ടായി. ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യ സ്ഥാപനമായിരുന്നു 'രംഗ രേഖ ഫീച്ചർ സിൻഡിക്കേറ്റ്' (സ്ഥാപിതം: 1970) പ്രശസ്ത ബാലസാഹിത്യകാരനും എഡിറ്ററുമായ 'അനന്ത് പൈ' ആയിരുന്നു ഇതിന്റെ ഉടമ. (1924- 2011) മണിപ്പാലിനടുത്തുള്ള കാർക്കലയിൽ ജനനം; 15-ാം വയസ്സു മുതൽ മുംബൈയിൽ, 'രംഗ രേഖ' തയ്യാറാക്കിയിരുന്ന 'കപീഷ്' എന്ന കോമിക്‌സ് സ്ട്രിപ്പിന്റെ മലയാള പ്രസിദ്ധീകരണ അവകാശം പൈകോ 'പൂമ്പാറ്റ' നേടിയിരുന്നു. യഥാർത്ഥത്തിൽ അനന്ത് പൈ 'ടൈംസ് ഓഫ് ഇന്ത്യ'യിൽ ജോലിചെയ്യുന്ന കാലത്ത് പൈകോ ഉടമയായ എസ്.വി. പൈയുമായി ഉണ്ടായ സൗഹൃദമാണ് 'പൂമ്പാറ്റ' പ്രസിദ്ധീകരണത്തിന് 'പൈകോ'യെ പ്രചോദിപ്പിച്ച ഒരു കാര്യം. ('കപീഷി'ന്റെ ഇംഗ്ലീഷ് പ്രസിദ്ധീകരണഅവകാശം നല്കിയിരുന്നത് കാർട്ടൂണിസ്റ്റ് ശങ്കർ സ്ഥാപിച്ച 'ചിൽഡ്രൻസ് വേൾഡി'നായിരുന്നു; അക്കാലത്തെ അതിന്റെ പത്രാധിപർ, ദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പൗത്രൻ രാമകൃഷ്ണൻ ആയിരുന്നു.) കപീഷിന്റെ ചിത്രരചന നിർവഹിച്ചിരുന്നത് ഇരിങ്ങാലക്കുടക്കാരനായ മോഹൻദാസും ആയിരുന്നു.
ബോംബെയിൽ നിന്ന് 'ഇൻഡ്യാ ബുക്ക് ഹൗസ്' (IBH) എന്ന പ്രസാധകർ ഇംഗ്ലീഷിലും ഹിന്ദിയിലും പ്രസിദ്ധീകരിച്ചിരുന്ന 'അമർ ചിത്രകഥ' കഥയുടെ മലായളം പ്രകാശനാവകാശവും 'പൈകോ' വാങ്ങിയിരുന്നു. 'കപീഷി' (നാലുപേജുള്ള ഒരു എപ്പിസോഡ്) നോടൊപ്പം ഏകദേശം 64 പേജ് വരുന്ന ഒരു 'അമർ ചിത്രകഥ'യുടെ എട്ടുപേജ് വീതം ഖണ്ഡശഃ പ്രസിദ്ധീകരണവും 'പൈകോ പൂമ്പാറ്റ' അതിന്റെ ആദ്യലക്കം മുതൽ പ്രസിദ്ധീകരിച്ചിരുന്നു. 'പൂമ്പാറ്റ അമർ ചിത്രകഥ' എന്ന പേരിൽ പൈകോ തന്നെ ഒരു ദ്വൈവാരിക ആരംഭിച്ചപ്പോഴും മറ്റു ചില ശീർഷകങ്ങളിലുള്ള അമർചിത്രകഥാ കോമിക്‌സ് ഇപ്രകാരം ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്നു.
പൈകോ പൂമ്പാറ്റയുടെ വളർച്ച
തിരുത്തുക'പൂമ്പാറ്റ'യുടെ പ്രസിദ്ധീകരണ അവകാശം പൈകോ ഏറ്റെടുക്കുന്ന വേളയിൽ മറ്റ് പല ബാലപ്രസിദ്ധീകരണങ്ങളും രംഗത്ത് ഉണ്ടായിരുന്നു. മലയാള മനോരമ ഗ്രൂപ്പിലെ എം.എം. പബ്ലിക്കേഷൻ ('വനിത'യുടെ പ്രസാധകർ) പ്രസിദ്ധീകരിച്ചിരുന്ന 'ബാലരമ'യായിരുന്നു അവയിൽ മുഖ്യമായത്. ജനയുഗത്തിന്റെ 'ബാലയുഗം',പശ്ചിമ താരകയുടെ നേതൃത്വത്തിൽ പൂഞ്ചോല എന്നൊരു ബാല മാസികയും', ദീപികയുടെ 'കുട്ടികളുടെ ദീപിക', ചെന്നൈയിലെ 'ചന്ദാമാമ' പ്രസിദ്ധീകരണത്തിന്റെ മലയാളം പതിപ്പ്, 'അമ്പിളി അമ്മാവൻ' തുടങ്ങിയവയും സാമാന്യം പ്രചാരമുള്ളവയായിരുന്നു. ശാസ്ത്രബാലമാസികകൾ എന്ന നിലയിൽ 'യുറീക്ക'യും, 'ശാസ്ത്രകേരള'വും 'ബാലശാസ്ത്രം' (ചുവർപത്രം) എന്നിവയും സജീവമായിരുന്നുവെങ്കിലും അവയുടെ വായനാതലം തികച്ചും വ്യത്യസ്തമായിരുന്നു.
സമകാലികമായ എല്ലാ വായനശീലങ്ങളെയും മറികടക്കുന്ന ഒരു വ്യത്യസ്ത അഭിരുചി കൊണ്ടുവരാൻ പൈകോയുടെ 'പൂമ്പാറ്റ'യ്ക്ക് കഴിഞ്ഞു എന്നതാണ് അതിന്റെ അസാധാരണമായ മുന്നേറ്റത്തിന്റെ പ്രധാന കാരണം. മറ്റുള്ളവയെല്ലാം 10-12 വയസ്സിനു മേലെയുള്ള കുട്ടികളെയാണ് മുഖ്യമായും അഭിസംബോധന ചെയ്തതെങ്കിൽ, പൂമ്പാറ്റ അതിനു താഴെയുള്ള ബാലകരുടെ വായനാരുചികൾ കൂടി കണ്ടറിഞ്ഞ് വിഭവങ്ങൾ ഒരുക്കി; അതേസമയം അവയെല്ലാം മുതിർന്നവർക്കൂടി രസിക്കുന്നവയുമായിരുന്നു. വളരെ മികച്ച നിലവാരമുള്ള രൂപകല്പനയോടുകൂടി കോമിക്‌സ് സ്ട്രിപ്പുകൾ മലയാളത്തനിമയോടെ നല്കാൻ കഴിഞ്ഞു എന്നതുതന്നെയാണ് ഉള്ളടക്കത്തിന്റെ പ്രഥമസവിശേഷത. ചിത്രകഥകൾക്കു പുറമെയുളള ഉള്ളടകത്തിലും ദൃശ്യചാരുത പകരുന്ന അവതരണം കൂടിയായപ്പോൾ പൈകോ 'പൂമ്പാറ്റ' ബാലമനസ്സുമായി കൂടുതൽ അടുക്കാനിടവന്നു. (പൈകോ ആണ് 'പൂമ്പാറ്റ' ആദ്യമായി ഓഫ് സെറ്റ് അച്ചടിയിൽ പുറത്തിറക്കുന്നത്) കഥകൾ, പാട്ടുകൾ, വൈജ്ഞാനിക വിഭാഗം, തുടർക്കഥകൾ, മത്സരപംക്തികൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഉള്ളടക്കം കുട്ടികളുടെ അഭിരുചികൾക്കിണങ്ങുന്നതായിരുന്നു; അതേസമയം മുതിർന്നവർക്കും ഇഷ്ടപ്പെടുന്നവയായിരുന്നു.
പ്രസിദ്ധ സാഹിത്യകൃതികളിൽ നിന്നുള്ള ചില ഖണ്ഡങ്ങൾ കുട്ടികൾക്കനുയോജ്യമായ രീതിയിൽ 'പൂമ്പാറ്റ'യിൽ പ്രസിദ്ധീകരിച്ചിരുന്നു. ഉദാ:വൈക്കം മുഹമ്മദ് ബഷീറിന്റെ ഗ്രന്ഥങ്ങളിൽ നിന്ന് പല ഭാഗങ്ങളും.
ആദ്യകാലത്ത് തുടർക്കഥകൾ/നോവലുകൾ 'പൂമ്പാറ്റ'യിൽ വന്നിരുന്നില്ല; ചിത്രകഥകളിൽ മാത്രമെ തുടർച്ച ഉണ്ടായിരുന്നുള്ളൂ. പിന്നീട്, നോവലുകൾ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു തുടങ്ങി. കെ. രാധാകൃഷ്ണൻ രചിച്ചിരുന്ന ('ബാബു' എന്ന പേരിലും ഇദ്ദേഹം ചില നോവലുകൾ എഴുതി) ചരിത്രപശ്ചാത്തലമുള്ള കല്പിതകഥകൾ നോവൽ രൂപം പൂണ്ടവയാണ് ഏറ്റവും സ്വീകാര്യത നേടിയ ഒരു ഇനം. 'മനു പ്രതാപ്' (1980 ഏപ്രിൽ), 'അമർജിത്ത് സിംഗ്' (1980 ഒക്‌ടോബർ), 'തച്ചോളി അമ്പാടി' (1981 ഓഗസ്റ്റ്), 'ഭൂപതിക്കോട്ട' (1982 ഡിസംബർ) തുടങ്ങിയ വയെല്ലാം ഇതിലുൾപ്പെടുന്നു. സുമംഗല, എ.വിജയൻ മാന്ത്രിക കണ്ണാടി (1979 മേയ്), കെ.വി. രാമനാഥൻ തുടങ്ങിയ പ്രശസ്തരുടെ നോവലുകളും 'പൂമ്പാറ്റ'യിൽ വന്നിട്ടുണ്ട്. കെ.വി. രാമനാഥന്റെ 'അത്ഭുത വാനരന്മാർ' (1984), 'അത്ഭുത നീരാളി' (1988) എന്നീ അതിപ്രശസ്തമായ 'സയൻസ് ഫിക്ഷൻ' സ്പർശമുള്ള ബാലനോവലുകളും 'പൂമ്പാറ്റ' പ്രസിദ്ധീകരിച്ചവയാണ്.
ചരിത്രത്തിലും ഐതിഹ്യങ്ങളിലും സ്ഥിരപ്രതിഷ്ഠനേടിയ ആനകളുടെ കഥപറയുന്ന തുടർപംക്തിയും വളർത്തു നായ്ക്കളുടെ കഥകളും ('സ്‌നേഹത്തിന്റെ കഥകൾ') യുദ്ധരംഗത്തെ വീരനായകന്മാരായ കുതിരകളുടെ കഥകളും ('കടിഞ്ഞാണിനുള്ളിലെ കുതിപ്പുകൾ') വളരെയേറെ വായനാ താല്പര്യമുണർത്തിയ തുടർപംക്തികളായിരുന്നു. 1981 മാർച്ചിൽ ആരംഭിച്ച 'കലുലുവിന്റെ കൗശലങ്ങൾ' എന്ന തുടർപംക്തി, പി.ഏ. വാര്യരുടെ കാലത്ത് വന്നിരുന്ന 'മുയലിന്റെ കൗശലങ്ങളു'ടെ ഒരു തുടർച്ചയാണെന്ന് പറയാമെങ്കിലും ഇതിൽ 'ബ്രേയർ റാബിറ്റ്' പരിഭാഷ തീരെയില്ലായിരുന്നു; തദ്ദേശീയമായ ഒരു തനിമ കണ്ടെത്തുവാൻ 'കലുലു'വിന് കഴിഞ്ഞു. (അതിനും വളരെ വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ച 'കലുലു' എന്ന പേരുള്ള മുയലിന്റെ കഥപറയുന്ന ഒരു പുസ്തകത്തിൽ നിന്നാണ് 'പൂമ്പാറ്റ'യിലേക്ക് ആ പേര് സ്വീകരിച്ചത്.) ഇത് നിർത്തിയപ്പോൾ 'രുക്കുവിന്റെ സാഹസങ്ങൾ' (1983 ഏപ്രിൽ) എന്ന പേരിലും മാൻ മുഖ്യകഥാപാത്രമായി ഒരു കഥാപരമ്പര പ്രസിദ്ധീകരിക്കപ്പെട്ടു. വായന സ്വായത്തമാക്കിയിട്ടില്ലാത്ത ചെറുകുട്ടികളുടെ 'വായനാ'പങ്കാളിത്തത്തിനായി ആരംഭിച്ച പംക്തിയാണ് 'ചൊല്ലിക്കൊടുക്കും കഥകൾ' (Read Aloud Stories). താളാത്മകമായി വായിക്കാൻ കഴിയുന്നതും ഒരു രസകരമായ കഥാതന്തു ഉള്ളതുമായ കഥകളാണ് ഇതിൽ ഉൾപ്പെടുത്തിയിരുന്നത്; മുതിർന്നവർ ചെറിയ കുട്ടികളെ വായിച്ചുകേൾപ്പിക്കുമ്പോൾ ശ്രവണസുഖം കൂടി കിട്ടുന്നതരം കഥകൾ. ഇത്തരത്തിൽപ്പെട്ട പരമ്പരാഗതമായി മലയാളത്തിനു ലഭിച്ചിട്ടുള്ള ഒരു കഥയിലെ ദീർഘമായ 'ഈ ചോദ്യം' (വായ്ത്താരി) പ്രസിദ്ധമാണ്: കിളി ചൊട്ടനുറുമ്പിനോട്:-ആഞ്ഞിലിപ്പൊത്തിലെ മുട്ടയെടുത്ത ആശാരിയുടെ ചേമ്പും ചേനയും കുത്താത്ത, വേടന്റെ ഞാണു കരളാത്ത, എലിയെ പിടിക്കാത്ത, പൂച്ചയെ കടിക്കാത്ത, പട്ടിയെ അടിക്കാത്ത, അപ്പൂപ്പന്റെ താടിയിൽ പിടിക്കാത്ത, തീയ്യിനെ കെടുത്താത്ത, വെള്ളത്തെ കലക്കാത്ത, ആനയുടെ തുമ്പികൈയിൽ കടിക്കാമോ ചൊട്ടനുറുമ്പേ? റീഡ് എലൗഡ് കഥകൾ എല്ലാം തന്നെ തയ്യാറാക്കിയിരുന്നത് കുട്ടികൾക്കായി കവിതയും കഥയും എഴുതിയിരുന്ന സിപ്പി പള്ളിപ്പുറമാണ്.
പൂമ്പാറ്റ ദ്വൈവാരികയാകുന്നു.
തിരുത്തുക'പൂമ്പാറ്റ' അതിന്റെ ലക്ഷ്യസ്ഥാനത്ത് ചെന്ന് സ്വീകാര്യത നേടിയതോടെ പൈകോ അതിന്റെ പ്രസിദ്ധീകരണം വിപുലപ്പെടുത്തുവാനാരംഭിച്ചു. മലയാളത്തിൽ ആദ്യമായി ഒരു ബാലപ്രസിദ്ധീകരണം മാസിക എന്ന നിലയിൽ നിന്ന് ദ്വൈവാരികയാകുന്നത് 'പൂമ്പാറ്റ'യാണ്. 1980 ജനുവരി മുതൽ (തുടങ്ങി ഒന്നര വർഷത്തിനുശേഷം) ഈ നേട്ടം കൈവരിച്ചു.
IBH-സിൻഡിക്കേറ്റ് ചെയ്യുന്ന അമർ ചിത്രകഥ തുടക്കം മുതൽ പൈകോ 'പൂമ്പാറ്റ'യിൽ ഖണ്ഡശഃ പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും അതേവർഷം (1980) ഏപ്രിൽ മാസം മുതൽ 'പൂമ്പാറ്റ അമർചിത്രകഥ' എന്ന പേരിൽ മറ്റൊരു ദ്വൈവാരികയായി. (വലിപ്പം 1/8 ഡിമൈ; ഉള്ളടക്കപേജുകൾ 32; ദ്വിവർണ്ണഅച്ചടി) ആദ്യമായി പുറത്തിറങ്ങിയ അമർചിത്രകഥ 'സ്വാമി വിവേകാനന്ദ'ന്റെ ജീവിതകഥയാണ്. ഭാരതചരിത്രത്തിലെയും പുരാണങ്ങളിലെയും മാഹാത്മക്കളെയും വീരനായകന്മാരെയും ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രകഥാപരമ്പര വളരെ വേഗം പ്രചാരംനേടി. ഇത് യുവതലമുറയിൽ ചരിത്രപുരാണജ്ഞാനവും അവബോധവും വർദ്ധിപ്പിക്കാൻ ഇടയാക്കി. അമർചിത്രകഥകളെ അടിസ്ഥാനമാക്കി അതിവിപുലമായ ക്വിസ്മത്സരങ്ങളും നടത്തിയിരുന്നു.
1985-ൽ പൈകോയും അമേരിക്കയിലുള്ള പെൻഡുലം പ്രസ്സും തമ്മിലുള്ള പകർപ്പവകാശഉടമ്പടിപ്രകാരം, ലോക ക്ലാസിക് കൃതികളുടെ ചിത്രകഥ രൂപങ്ങളുടെ ഇംഗ്ലീഷിലും ഇന്ത്യൻ ഭാഷകളിലുമുള്ള ഇന്ത്യയിലെ പ്രസിദ്ധീകരണാവകാശം പൈകോയ്ക്ക് ലഭിച്ചു. അതുപ്രകാരം 'പൈകോ ക്ലാസിക്‌സ്' എന്ന ഒരു പ്രതിമാസ ചിത്രകഥാപ്രസിദ്ധീകരണം കൂടി 'പൂമ്പാറ്റ' കുടുംബത്തിൽ ഉണ്ടായി. (1/8 ഡിമൈ വലിപ്പം; 64 പേജുകൾ) ആദ്യമായി ഇറങ്ങിയത് 'മൊബിഡിക്ക്' ആണ്. 50-ൽ പരം ശീർഷകങ്ങൾ ഈ പരമ്പരയിൽ പ്രസിദ്ധീകരിച്ചു; മറ്റു ഭാഷാപതിപ്പുകളും ഇറങ്ങി.
പൂമ്പാറ്റയുടെ തമിഴ് പതിപ്പ്
തിരുത്തുക1984-ൽ പൂമ്പാറ്റയുടെ ഒരു തമിഴ് പതിപ്പ് പ്രസിദ്ധീകരിക്കുവാൻ പൈകോ തീരുമാനിച്ചു. 'പൂമ്പാറ്റ' (ചിത്രശലഭം) എന്നതിന്റെ തമിഴ് നാമം 'വണ്ണാത്തിപൂച്ചി' എന്നാകയാൽ കൂടുതൽ ശ്രവണസുഖമുള്ള 'പൂന്തളിർ' എന്ന ശീർഷകമാണ് തമിഴിൽ സ്വീകരിച്ചത്. 'പൂമ്പാറ്റ'യിൽ വന്നിട്ടുള്ള മികച്ച രചനകൾ തമിഴിലേക്ക് പരിഭാഷപ്പെടുത്തി 'പൂന്തളിരി'ൽ ഉൾപ്പെടുത്തി; ഏതാണ്ട് കാൽഭാഗം രചനകൾ തമിഴിൽ നിന്നുതന്നെ സ്വീകരിച്ചു. ചെന്നൈയിലെ റോയ്‌പ്പെട്ടയിൽ ഇതിന്റെ വാണിജ്യആവശ്യങ്ങൾക്കായി ഓഫീസ് തുറന്നു. പക്ഷേ, പ്രതീക്ഷച്ചതുപോലെ ഇത് വ്യാപാരവിജയം നേടിയില്ല. കുട്ടികൾക്കുള്ള ഒരു ഇംഗ്ലീഷ് ശാസ്ത്രമാസിക, 'Scifun' ധാരാളം ചിത്രങ്ങളോടെ ആരംഭിച്ചെങ്കിലും അതും ഒരു വർഷത്തിലേറെ നീണ്ടുനിന്നില്ല.
പൈകോയുടെ പത്രാധിപർമാർ
തിരുത്തുക1978-ൽ പൈകോ 'പൂമ്പാറ്റ'യുടെ പ്രസിദ്ധീകരണം ആരംഭിച്ചപ്പോൾ സർക്കാർ രേഖകളിൽ പത്രാധിപത്യം ഉടമയായ എസ്.വി. പൈയും അസോ. ഏഡിറ്റർ മകളായ കാഞ്ചന വി, പൈയും ആയിരുന്നുവെങ്കിലും യഥാർത്ഥ പത്രാധിപർ എൻ.എം. മോഹനൻ ആയിരുന്നു. പിൽക്കാലത്ത് മോഹനന്റെ സഹായിയായി എം.ജി. ഇന്ദുചൂഡനും ചേർന്നു. മലയാളത്തിലെ ബാലമാസികവിജയത്തിന്റെ സൂത്രധാരൻ എൻ.എം. മോഹനൻ ആണെന്ന് പറയാം. നാലുപതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അദ്ദേഹം ആവിഷ്‌ക്കരിച്ച ചേരുവകൾ തന്നെയാണ് ഇപ്പോഴും ബാലമാസികകൾ പിൻതുടരുന്നത്. ഇവർ ഇരുവരും മലയാള മനോരമയിലേക്ക് മാറിയപ്പോൾ ആർ. ഗോപാലകൃഷ്ണൻ പൂമ്പാറ്റ പത്രാധിപരായി (1982). ആ വേളയിൽ (1983 മുതൽ) സഹായികളായി വേണു വാര്യത്ത്, ഉദയലാൽ എന്നിവർ ചേർന്നു. 1986-ൽ പൂമ്പാറ്റയുടെ പത്രാധിപസ്ഥാനത്ത് എസ്. ജയപ്രകാശ് ചുമതലയേറ്റു.
വമ്പിച്ച പ്രചാരം സിദ്ധിച്ചെങ്കിലും 'പൈകോ' കമ്പനിയ്ക്കുള്ളിലെ തൊഴിൽപ്രശ്‌നങ്ങളും മറ്റും മൂലം 1988-ൽ പ്രസിദ്ധീകരണം താല്ക്കാലികമായി നിർത്തി. വീണ്ടും പ്രസിദ്ധീകരിച്ചെങ്കിലും തൊഴിൽ സമരത്തെത്തുടർന്ന് പൈകോ പൂമ്പാറ്റയുടെ പ്രസിദ്ധീകരണം 1989കളിൽ എന്നന്നേക്കുമായി അവസാനിപ്പിച്ചു.
ചിത്രണം ((Illustration))
തിരുത്തുകബാലമാസികകളെ സംബന്ധിച്ചിടത്തോളം ഉള്ളടക്കത്തിന്റെ പാഠഭാഗത്തോളം തന്നെ പ്രാധാന്യമുള്ളതാണ് അതിന്റെ ചിത്രവും (Illustration) അവയുടെ രൂപകല്പനയും. 1964-ലെ തുടക്കം മുതൽ പൈകോ ഏറ്റെടുക്കും വരെ (1978) 'പൂമ്പാറ്റ'യുടെ അച്ചടി 'ലറ്റർ പ്രസ്സ്' സമ്പ്രദായത്തിലായതുകൊണ്ട് ബ്ലോക്ക് തയ്യാറാക്കി ചേർക്കുന്നതിനും മറ്റും പരിമിതികൾ ഉണ്ടായിരുന്നു. എങ്കിലും വാര്യർ അക്കാര്യത്തിലും ശ്രദ്ധപുലർത്തിയിരുന്നു. 'മുയലിന്റെ കൗശലം' എന്ന തുടർക്കഥയുടെ ശീർഷകത്തിൽ 'മു' വിന്റെ മേൽ ഒരു 'മുയൽ' മുഖം കൂടി ചേർത്തുള്ള ശീർഷകചിത്രം അവിസ്മരണീയമാണ്. ഇക്കാലത്ത് ചിത്രം വരച്ചവരിൽ മുരളി (എം.പി. മുരളീധരൻ നായർ), കെ. മാധവൻനായർ, ബീംജി, പനയ്ക്കൽ, സോമനാഥ് (കാർട്ടൂൺ) തുടങ്ങിയവരാണ്.
പൈകോ 'പൂമ്പാറ്റ' യിൽ ഓഫ്‌സെറ്റ് അച്ചടിയായിരുന്നു. മാസികയിലുടനീളം കറുപ്പിനു പുറമെ മറ്റൊരു വർണ്ണം കൂടി ഉപയോഗിച്ചിരുന്നു. ചിത്രണവും പേജുകളുടെ രൂപകല്പനയും കൂടുതൽ ആകർഷകമായി. സി.എൻ.കരുണാകരൻ, കെ.ജി. വാസു, എ.എൻ.ചന്ദ്രൻ ചൂലിശ്ശേരി എന്നിവരായിരുന്നു ആദ്യകാലത്ത് പൈകോയിലെ ചിത്രകാരന്മാർ. കോമിക്‌സ് വരച്ചിരുന്ന മോഹൻദാസ്, രാംവീർക്കർ തുടങ്ങിയ ബോംബെയിലെ കലാകാരന്മാരുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു. പിന്നീട് വേണുഗോപാൽ കെ. ആർട്ടിസ്റ്റായി വന്നു. ചന്ദ്രൻ, ബാലരമയിലേക്ക് പോയപ്പോൾ വേണുഗോപാലും, വാസുവും ചിത്രീകരണം നടത്തി. വേണുഗോപാലിനു ശേഷം ഷമ്മി ജോൺ ചേർത്തല ചിത്രകാരനായി വന്നു. ജനു, സദാനന്ദൻ, സന്തോഷ്. രഘു, ശശിധരൻ എന്നിവരും പൈകോ പൂമ്പാറ്റയിൽ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. വേണുഗോപാൽ ബാങ്ക് ഉദ്യോഗസ്ഥനാണ്. ഷമ്മി ജോൺ ഇപ്പോൾ വിദേശത്ത് ജോലി ചെയ്യുന്നു. വാസു അന്തരിച്ചു. ചന്ദ്രൻ ബാലരമയിൽ നിന്നും ബാലഭൂമിയിലേക്ക് മാറി. ബാലഭൂമിയുടെ ചീഫ് ആർട്ടിസ്റ്റായി വിരമിച്ചു. 'പൂമ്പാറ്റ'യിലെ ചിത്രകാരന്മാരിൽ ഏക്കാലത്തെയും മികച്ചയാൾ തീർച്ചയായും ചന്ദ്രൻ തന്നെയാണ്.
പ്രചാരം ഉച്ചകോടിയിൽ
തിരുത്തുക'പൂമ്പാറ്റ'യുടെ പ്രചാരം ഏറ്റവും ഉയരത്തിൽ എത്തിയത് 1980-കളുടെ ആദ്യപകുതിയിലാണ്. അത് ഇന്ത്യയിലെ മറ്റെല്ലാഭാഷകളിലും ഇംഗ്ലീഷിലുമുള്ള ബാലപ്രസിദ്ധീകരണങ്ങളേക്കാൾ പ്രചാരംനേടി. 1983 ജനുവരിയിൽ എൻ.എം. മോഹൻ പൈകോ പൂമ്പാറ്റയുടെ പത്രാധിപസ്ഥാനം ഒഴിയുമ്പോൾ ദ്വൈവാരപ്രചാരം (ഓരോ ലക്കവും) 1,52,000 കോപ്പിയിൽ എത്തിയിരുന്നു. ഇതുതന്നെ അന്ന് ഇന്ത്യയിലെ ഏറ്റവും ഉയർന്ന സംഖ്യയായിരുന്നു; 'പൂമ്പാറ്റ അമർ ചിത്രകഥ' യ്ക്ക് 68,000 കോപ്പിയും. തുടർന്ന് ആർ. ഗോപാലകൃഷ്ണൻ പത്രാധിപരായി ചുമതലയേറ്റപ്പോഴും പ്രചാരത്തിന്റെ സൂചിക മേലോട്ടുതന്നെയായിരുന്നു. 1985 സെപ്റ്റംബർ ആദ്യലക്കമാണ് (1-15) പൂമ്പാറ്റയുടെ ചരിത്രത്തിൽ ഏറ്റവുമധികം വില്പനയുണ്ടായിരുന്ന ലക്കം; (ആ വർഷത്തെ ഓണപ്പതിപ്പായിരുന്നു അത്) 2,75,000 കോപ്പി. ആ വർഷം ഓഗസ്റ്റ് 25ന് ഇറങ്ങിയ 'പൂമ്പാറ്റ അമർ ചിത്രകഥ' 92,000 കോപ്പിയാണ് വിറ്റത്.
മനോരാജ്യം 'പൂമ്പാറ്റ'യോടൊപ്പം
തിരുത്തുകപൈകോ പ്രസിദ്ധീകരണം നിർത്തിയപ്പോൾ 'മനോരാജ്യം' പ്രസിദ്ധീകരണസ്ഥാപനം 'പൂമ്പാറ്റ'യുടെ പ്രസിദ്ധീകരണഅവകാശം 1992ൽ ഏറ്റെടുത്തു. 'പൂമ്പാറ്റ' പ്രസിദ്ധീകരണ സ്ഥാനം ആദ്യം 'കോട്ടയ'ത്തേക്ക് മാറ്റി. (പിന്നീട് എഡിറ്റോറിയൽ ഓഫീസ് മാത്രം 'എറണാകുള'വുമായി) മനോരാജ്യത്തിനു കീഴിൽ മാറ്റങ്ങൾ സംഭവിച്ചു. ഉള്ളടക്കത്തിന്റെ നിലവാരതാഴ്ചയും സിൻഡിക്കേറ്റഡ് ചിത്രക്കഥകൾ പലതും ലഭിക്കാതായതും ഇതര പ്രസിദ്ധീകരണങ്ങളുടെ മത്സരവും നിമിത്തം 'മനോരാജ്യ'ത്തിന് 'പൂമ്പാറ്റ'യുടെ പ്രചാരം പഴയനിലയുടെ അടുത്തെത്തിക്കുവാൻപോലും കഴിഞ്ഞില്ല. 'മനോരാജ്യം' ഗ്രൂപ്പിന്റെ ഉടമയായിരുന്ന ആർ. വെങ്കിട്ടരാമൻ പ്രസാധകനായിരുന്നു; പത്രാധിപർമാർ ആദ്യം പ്രദീപ് മേനോനും പിന്നീട് എസ്. ജയപ്രകാശും വേണു വാരിയത്തും ആയിരുന്നു. 2002-ൽ 'മനോരാജ്യം'ത്തോടൊപ്പം 'പൂമ്പാറ്റ'യുടെയും പ്രസിദ്ധീകരണം നിലച്ചു.
'സൂര്യപ്രഭ'യുടെ 'പൂമ്പാറ്റ'
തിരുത്തുക'മനോരാജ്യം' പബ്ലിക്കേഷൻ 'പൂമ്പാറ്റ'യുടെ പ്രസിദ്ധീകരണം നിർത്തിയപ്പോൾ അത് ഏറ്റെടുക്കുവാൻ തൃശൂർ അളഗപ്പനഗർ ആസ്ഥാനമായുള്ള 'സൂര്യപ്രഭ' പബ്ലിക്കേഷൻ മുന്നോട്ടുവരികയും 2002 മുതൽ 2008 വരെ ദ്വൈവാരിക ആയിത്തന്നെ 'പൂമ്പാറ്റ' പ്രസിദ്ധീകരിക്കുകയും ചെയ്തു. മുൻകാലത്തു പൂമ്പാറ്റയുടെ പത്രാധിപസമിതി അംഗമായിരുന്ന കൃഷ്ണവാര്യർ എഡിറ്ററായും എം.എസ്. സജീവ് പ്രിന്ററും പബ്ലിഷറുമായാണ് 'സൂര്യപ്രഭ'യുടെ പ്രസിദ്ധീകരണം നടന്നത്. 2008-ൽ പ്രസിദ്ധീകരണം നിലച്ചെങ്കിലും അതിന്റെ പ്രസിദ്ധീകരണഅവകാശം ഇപ്പോഴും 'സൂര്യപ്രഭ' യിൽതന്നെ നിക്ഷിപ്തമാണ്.
പൊതു നിരീക്ഷണം
തിരുത്തുക1964-2008 വരെ, ഇടയ്ക്ക് ചില ഇടവേളകൾ ഉണ്ടായിരുന്നെങ്കിലും, കേരളത്തിൽ നിലനിന്ന ഒരു ബാലപ്രസിദ്ധീകരണം എന്ന നിലയിലുള്ള പ്രാധാന്യം 'പൂമ്പാറ്റ'യ്ക്ക് അവകാശപ്പെടാവുന്നതാണ്; മാത്രമല്ല ഇതു ദിനപത്രംപോലെ മറ്റു മുഖ്യധാരപ്രസിദ്ധീകരണങ്ങളുടെ തണലുള്ള വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പിൻതുണയില്ലാതെ നിലനിന്ന ഒന്നാണെന്ന കാര്യവും പരിഗണിക്കേണ്ടതാണ്. മലയാളത്തിലെ ബാലകരുടെ വായനാഭിരുചികളെ ഏതാനും പതിറ്റാണ്ടുകൾ സ്വാധീനിച്ച, ഇപ്പോഴും തകർക്കാൻ കഴിയാത്ത ഒരു ബാലമാസികാചേരുവ സൃഷ്ടിച്ച, ഒന്ന് എന്ന നിലയിൽ പൂമ്പാറ്റയുടെ പ്രാധാന്യം ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു.
അവലംബം
തിരുത്തുക- ↑ The Indian P.E.N. Google Books. Retrieved 6 March 2013.
- ↑ Encyclopaedia of Indian Literature: A-Devo - Amaresh Datta. Google Books. Retrieved 6 March 2013.
- ↑ "N.M. MOHAN".