നെടുമ്പുര കുലശേഖരനെല്ലൂർ ക്ഷേത്രം
തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തിക്കടുത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് നെടുമ്പുര കുലശേഖരനെല്ലൂർ ക്ഷേത്രം. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രാധാന്യമേറിയ [1] ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവനാണ്. കിഴക്ക് ദർശനം നൽകി കുടികൊള്ളുന്ന ഈ ക്ഷേത്രം രണ്ടാം ചേരരാജവംശക്കാലത്ത് നിർമ്മിക്കപ്പെട്ട മഹാശിവക്ഷേത്രങ്ങളിൽ ഒന്നാണ്. പേരാർ എന്നു പണ്ടുകാലത്ത് അറിയപ്പെട്ടിരുന്ന മലയാളത്തിന്റെ പുണ്യനദിയായ ഭാരതപ്പുഴയുടെ [2] തീരത്താണ് കുലശേഖരനെല്ലൂർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഉപദേവതകളായി പാർവ്വതി, ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ശ്രീകൃഷ്ണൻ, നാഗദൈവങ്ങൾ, മഹാവിഷ്ണു എന്നിവരും വാഴുന്നു.
നെടുമ്പുര കുലശേഖരനെല്ലൂർ ശിവക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 10°44′20″N 76°14′5″E / 10.73889°N 76.23472°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | തൃശ്ശൂർ |
പ്രദേശം: | ചെറുതുരുത്തി |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | പരമശിവൻ |
പ്രധാന ഉത്സവങ്ങൾ: | ശിവരാത്രി, പ്രതിഷ്ഠാദിനം |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | ഊരാണ്മ ദേവസ്വം |
ഐതിഹ്യം
തിരുത്തുകവൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് നെടുമ്പുര മഹാദേവക്ഷേത്ര പ്രതിഷ്ഠ നടത്തിയതെന്നു വിശ്വസിക്കുന്നുണ്ടങ്കിലും[3] ഇവിടെ കുലശേഖരത്തപ്പന്റെ പ്രതിഷ്ഠ നടത്തിയത് ഖരമഹർഷിയാണാന്നാണ് മറ്റൊരു ഐതിഹ്യം.
ചരിത്രം
തിരുത്തുകമൈസൂർ സുൽത്താന്റെ പടയോട്ടക്കാലത്തെ അതിജീവിച്ച മഹാക്ഷേത്രങ്ങളിൽ ഒന്നു കൂടിയാണിത്. അധികം ചരിത്രത്താളുകളിൽ ഇടം നേടാൻ നെടുമ്പുര കുലശേഖരനെല്ലൂർ മഹാ ശിവ ക്ഷേത്രത്തിനായിട്ടില്ല. എഴുപത്തിയഞ്ചു വർഷങ്ങൾക്കു മുൻപ് ഇവിടുത്തെ കിഴക്കേ ക്ഷേത്രക്കുളം വൃത്തിയാക്കാനായി വെള്ളം വറ്റിക്കുകയും കുളത്തിലെ വള്ളം താഴ്ന്നു വന്നപ്പോൾ കുളത്തിനു നടുക്കായി ഒരു വിഷ്ണുവിഗ്രഹം കാണുകയും ചെയ്തെന്ന് ചരിത്രം. പക്ഷേ അന്ന് ഭാരതപ്പുഴയിൽ നിന്നും വെള്ളം ഇരച്ചു കയറി ക്ഷേത്രകുളം നിറഞ്ഞ് വിഗ്രഹം പൂർണ്ണമായി കാണാനോ അത് അവിടെ നിന്നും എടുത്തു മാറ്റി പ്രതിഷ്ഠിക്കാനോ കഴിഞ്ഞില്ലത്രേ.
2011-ൽ വീണ്ടും ക്ഷേത്രക്കുളം വറ്റിച്ചു മഹാവിഷ്ണുവിഗ്രഹം ഭക്തർക്ക് ദർശനമാക്കി കൊടുത്തു നാട്ടുകാരും ഊരാണ്മദേവസ്വവും ചേർന്ന്. മുൻപ് വിഗ്രഹത്തിന്റെ മുകൾഭാഗം കണ്ട ചിലരെങ്കിലും ഇന്നും ക്ഷേത്ര പരിസരത്ത് ജീവിച്ചിരിപ്പുണ്ട്. നിൽക്കുന്ന രൂപത്തിൽ കാണപ്പെട്ട വിഷ്ണുഭഗവാൻ നാലു കൈകളോടെ പാഞ്ചജന്യം (ശംഖ്), സുദർശനം (ചക്രം), കൗമോദകി (ഗദ), താമര എന്നിവ ധരിച്ചിരിക്കുന്ന മനോഹര വിഗ്രഹമാണിത്. പ്രതിഷ്ഠ കിട്ടുമ്പോൾ കിഴക്കോട്ട് ദർശനമായാണ് കണ്ടത്. ഇപ്പോൾ ക്ഷേത്രത്തിനകത്ത് വിഷ്ണുവിന് പ്രത്യേക ശ്രീകോവിൽ ഒരുക്കാൻ ജനങ്ങൾ ആഗ്രഹിയ്ക്കുന്നു. അതിനുള്ള പണികൾ നടന്നുവരുന്നു.
ക്ഷേത്ര നിർമ്മിതി
തിരുത്തുകഭാരതപ്പുഴയുടെ തെക്കേക്കരയിൽ ചെറുതുരുത്തി ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രണ്ടാം ചേരസാമ്രാജ്യത്തിന്റെ സംഭാവനയാണ് നെടുമ്പുര കുലശേഖരനെല്ലൂർ ശിവക്ഷേത്രം. കുലശേഖരന്മാരുടെ പേരിനെ സൂചിപ്പിക്കാനാണോ ക്ഷേത്രത്തിനും ആ പേരു കൊടുത്തത് എന്നറിയില്ല. എന്തായാലും അവരുടെ പ്രശസ്തിക്ക് ഉതകുന്നവണ്ണമുള്ള നിർമ്മാണ ശൈലിയും ഗാംഭീരവും ക്ഷേത്രത്തിനു കിട്ടിയിട്ടുണ്ട്. അതിമനോഹരമാണിവിടുത്തെ ശില്പചാരുതയേറിയ ക്ഷേത്ര നിർമ്മിതി. നഗരത്തിൽ നിന്നും വളരെ അകന്ന് ഗ്രാമത്തിന്റെ പ്രശാന്തി നിറഞ്ഞാടുന്ന അന്തരീക്ഷം ക്ഷേത്രത്തിനെ മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്നും മാറ്റിനിർത്തുന്നു. സാധാരണയായി മഹാക്ഷേത്രങ്ങൾ എല്ലാംതന്നെ നഗരസാമീപ്യത്തിലുള്ളതാവുമ്പോൾ 'ചെറുതുരുത്തി നെടുമ്പുര കുലശേഖരനെല്ലൂർ മഹാശിവക്ഷേത്രം' ഗ്രാമീണഭംഗി ഒട്ടു ചോരാതെ ഇവിടെ നെടുനായകത്വം വഹിക്കുന്നു.
വളരെ വിശാലമായ ക്ഷേത്ര മതിലകമാണിവിടുത്തേത്. ക്ഷേത്ര മതിലകത്തുതന്നെ വടക്കുവശത്തായി ഊട്ടുപുരയും നിലവറയും നിലകൊള്ളുന്നു. മൂന്നു നിലയിൽ നിലവറയോടുകൂടിയ കെട്ടിട സമുച്ചയം വളരെ മനോഹരമായി വലിയ കേടുപാടുകൾ ഒന്നും തന്നെ ഇല്ലാതെ ഇന്നും ക്ഷേത്രത്തിൽ നിലനിൽക്കുന്നുണ്ട്. അതിനോട് ചേർന്ന് പടിഞ്ഞാറു വശത്തായി സദ്യാലയവും പണിതീർത്തിരിക്കുന്നു. നിലവറയും സദ്യാലയവും ക്ഷേത്രത്തിന്റെ വടക്കേ അതിരായി നീണ്ടു നിവർന്നു കിടക്കുന്നു. ക്ഷേത്ര മതിൽക്കകത്തിനു പുറത്ത് കിഴക്കു വശത്തായി വടക്കു കിഴക്കേ മൂലയിൽ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു.
ശ്രീകോവിൽ
തിരുത്തുകഗജ പൃഷ്ഠാകൃതിയിൽ ഇരുനിലയിൽ പണിതീർത്ത മഹാസൗധമാണ് ഇവിടുത്തെ ശ്രീകോവിൽ. രണ്ടാം കുലശേഖരന്മാരുടെ കാലത്തു നിർമ്മിക്കപ്പെട്ട അതിമനോഹരമായ ഈ നിർമ്മിതി കാലത്തെ അതിജീവിച്ച് ഇവിടെ ഇന്നും നിലകൊള്ളുന്നു. നെടുമ്പുരയിലെ ശ്രീകോവിലിന് ഏകദേശം 50 അടിയിലേറെ പൊക്കമുണ്ട്.[അവലംബം ആവശ്യമാണ്] കേരളത്തിലെ വലിപ്പമേറിയ ശ്രീകോവിലുകളിൽ കുലശേഖരനെല്ലൂർ ക്ഷേത്രം മുൻനിരയിൽ നിൽക്കുന്നു. മുഖമണ്ഡപത്തോടു കൂടിയ ഇവിടുത്തെ ശ്രീകോവിലിന്റെ ഇരുനിലകളും ചെമ്പുമേഞ്ഞ് മനോഹരമാക്കിയിട്ടുണ്ട്. കിഴക്കോട്ട് ദർശനം നൽകി ശ്രീ കുലശേഖരത്തപ്പൻ ഇവിടെ മഹാശിവലിംഗ രൂപത്തിൽ ദർശനം നൽകുന്നു. ശിവലിംഗത്തിനു രണ്ടടിയോളം പൊക്കംവരും. ഇവിടുത്തെ ശ്രീകോവിലിന്റെ പഴക്കം തിട്ടപ്പെടുത്തിയിട്ടില്ല.
കരിങ്കല്ലും മണ്ണും ചേർത്ത് നിർമ്മിച്ചിരിക്കുന്ന ശ്രീകോവിലിന്റെ ഭിത്തികളിൽ ധാരാളം ശില്പങ്ങൾ അതിന്റെ ഭംഗികൂട്ടുന്നു. കുമ്മായവും, മണലും ചേർത്ത മിശ്രിതം കൊണ്ടാണ് ശ്രീകോവിലിന്റെ ഭിത്തിയിലെ രൂപങ്ങളും മറ്റും ഉണ്ടാക്കിയിരിക്കുന്നത്. അതുകൂടാതെ തടിയിലും ധാരാളം പുരാണേതിഹാസകഥകൾ ഇവിടെ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ശിവലിംഗവും ശിവലിംഗ പ്രതിഷ്ഠ കൺചിമ്മാതെ നോക്കിയിരിക്കുന്ന നന്ദികേശ്വര പ്രതിഷ്ഠയും ഇവിടുത്തെ പ്രത്യേകതയാണ്. നാലമ്പലത്തിനു പുറത്ത് വലിയ ബലിക്കല്ലിന് പടിഞ്ഞാറു വശത്തായി നന്ദികേശ്വരനെ പ്രതിഷ്ഠിച്ചിരിക്കുന്നു. സാധാരണ ക്ഷേത്രങ്ങളിൽ നിന്നും പല വാസ്തു നിർമ്മിതികളും ഇവിടെ വേറിട്ടു നിൽക്കുന്നു. വളരെ ദൂരെനിന്നു പോലും ക്ഷേത്ര ശ്രീകോവിൽ നമുക്ക് ദർശിക്കാനാവും, അത്ര വലിപ്പവും പൊക്കവുമേറിയതാണ് ഇവിടുത്തെ മഹാ ശ്രീകോവിലിന്റെ നിർമ്മിതി.
മുഖമണ്ഡപം
തിരുത്തുകനെടുമ്പുര മഹാദേവ ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ കിഴക്കേ സോപാനത്തിനു കിഴക്കു വശത്തായി നമസ്കാര മണ്ഡപം നിലകൊള്ളുന്നു. ചതുരാകൃതിയിൽ പണിതീർത്തിരിക്കുന്ന നമസ്കാര മണ്ഡപം തനതു കേരളാ ദ്രാവിഡശൈലിക്ക് ഉത്തമ ഉദാഹരണമാണ്. അടിത്തറയും തൂണുകളും കരിങ്കല്ലിൽ നിർമ്മിച്ചിരിക്കുന്ന മണ്ഡപത്തിന്റെ മുകൾഭാഗം ഓട് മേഞ്ഞിട്ടുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിൽ മണ്ഡപം തുറന്നു കിടക്കുമ്പോൾ ഇവിടെ നാലുവശവും തടികൊണ്ടുള്ള അഴികളാൽ മറച്ചിരിക്കുന്നു.
നാലമ്പലം
തിരുത്തുകവെട്ടുകല്ലിൽ പടുത്തുയർത്തിയ ഇവിടുത്തെ നാലമ്പലം വിസ്താരമേറിയതാണ്. പുറമേ കുമ്മായവും സിമന്റു കൊണ്ട് മിനുസപ്പെടുത്തിയിട്ടുണ്ട്. നാലമ്പലത്തിന്റെ കിഴക്കുവശത്ത് നമസ്കാരമണ്ഡപവും വടക്കു കിഴക്കേ മൂലയിൽ കിണറും പണിതീർത്തിരിക്കുന്നു. ബലിക്കൽപ്പുര ഇവിടെ നിർമ്മിച്ചിട്ടില്ല എന്നുള്ളതു എടുത്തു പറയാം. വലിയബലിക്കല്ല് നാലമ്പലത്തിനു വെളിയിലായി കിഴക്കുവശത്തു സ്ഥിതിചെയ്യുന്നു. നാലമ്പലത്തിനുള്ളിലായി ശ്രീകോവിലിനു തെക്കു വശത്ത് മുൻപ് കൂവളം ഉണ്ടായിരുന്നു. ഇവിടെ നാലമ്പലത്തിനുള്ളിലായി വടക്കു-പടിഞ്ഞാറു വശത്തായി ശ്രീകൃഷ്ണ പ്രതിഷ്ഠയും നടത്തിയിരിക്കുന്നുണ്ട്. മിനുസമേറിയ കരിങ്കൽ പാളികൾ പാകിയിരിക്കുന്ന നാലമ്പലത്തിനുള്ളിലായി തെക്കു-കിഴക്കു മൂലയിൽ തിടപ്പള്ളിയും നിലകൊള്ളുന്നു.
ഉപദേവ പ്രതിഷ്ഠകൾ
തിരുത്തുക- ശാസ്താവ്
- ഗണപതി
- സുബ്രഹ്മണ്യൻ
- ശ്രീകൃഷ്ണൻ
- പാർവ്വതി
- നാഗദൈവങ്ങൾ
- മഹാവിഷ്ണു
പൂജകൾ
തിരുത്തുകരാവിലെ 5:00നു ക്ഷേത്രനട തുറക്കുകയും തുടർന്ന് ശംഖാഭിഷേകവും ഉഷഃപൂജയും നടത്തി പതിനൊന്നുമണിയോടുകൂടി ഉച്ചപൂജയും കഴിച്ച് നട അടയ്ക്കുകയും ചെയ്യുന്നു. അതുകഴിഞ്ഞ് വൈകിട്ട് നട തുറന്ന് ദീപാരാധനയും തുടർന്ന് അത്താഴപൂജയും നടത്തി തേവരുടെ നടയടയ്ക്കുന്നു. പണ്ട് പഞ്ചപൂജാവിധികൾ പടിത്തരമായിട്ടുണ്ടായിരുന്ന മഹാക്ഷേത്രമായിരുന്നു ഇത്. കാലാന്തരത്തിൽ മാറ്റം സംഭവിക്കുകയും പല പടിത്തരങ്ങളും നിന്നു പോകുകയും ചെയ്തു.
- നിർമ്മാല്യ ദർശനം
- ശംഖാഭിഷേകം
- ഉഷഃപൂജ
- ഉച്ചപൂജ
- ദീപാരാധന
- അത്താഴപൂജ
വിശേഷങ്ങൾ
തിരുത്തുക- പ്രതിഷ്ഠാദിനം
മലയാള മാസം ഇടവത്തിലെ അത്തം നക്ഷത്രമാണ് നെടുമ്പുര ശിവക്ഷേത്ര പ്രതിഷ്ഠാദിനം ആഘോഷിക്കുന്നത്. പ്രത്യേക പൂജകൾ അന്നേ ദിവസം ക്ഷേത്രത്തിൽ നടത്തുവാൻ ആറു ഊരാണ്മ ഇല്ലക്കാരെല്ലാരും ഒത്തുകൂടുന്നു. രാത്രിയിലെ തേവരുടെ എഴുന്നള്ളത്തും വിളക്കും കണ്ടുതൊഴാൻ നൂറുകണക്കിനു ഭക്തർ എത്തിച്ചേരുന്ന ദിവസം കൂടിയാണിത്.
- ശിവരാത്രി
മലയാള മാസം കുംഭത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസമാണ് ശിവരാത്രി ആഘോഷിക്കുന്നത്. അന്നേദിനം ക്ഷേത്രത്തിൽ ശീവേലി എഴുന്നള്ളത്തും, വിളക്കും നടത്തുന്നു.
- ധനു തിരുവാതിര
മലയാള മാസം ധനുവിലെ തിരുവാതിര നാളിലാണ് (ശ്രീമഹാദേവന്റെ ജന്മനാൾ) തിരുവാതിര ആഘോഷിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരനാളിൽ വ്രതമെടുത്താൽ നെടുമാംഗല്യം ലഭിക്കുമെന്നാണ് വിശ്വാസം. തിരുവാതിരക്കു രണ്ടു ദിവസം മുൻപുതന്നെ വ്രതമെടുത്തു തുടങ്ങി അന്നേദിവസം രാവിലെ ക്ഷേത്ര ദർശനം നടത്തി വിവാഹിതരായ സ്ത്രീകൾ നെടുമാംഗല്യത്തിനും കന്യകകൾ നല്ല വിവാഹബന്ധത്തിനും വ്രതം നോറ്റ് ക്ഷേത്ര ദർശനം നടത്തുന്നു.
ക്ഷേത്രഭരണം
തിരുത്തുകചെറുതുരുത്തി ഗ്രാമത്തിലെ ആറു മനകൾ ചേർന്നുള്ള ഊരാണ്മ ദേവസ്വമാണ് ക്ഷേത്രഭരണം നടത്തുന്നത്. ഈ ആറു മനകൾ മേക്കാട് മന, കരിപ്പാല മന, വൈലശ്ശേരി മന, കപ്ലിങ്ങാട്ട് മന, കാട്ടിലമന, മാത്തൂർ മന എന്നിങ്ങനെയാണ്.
ക്ഷേത്ര തന്ത്രം
തിരുത്തുകക്ഷേത്ര താന്ത്രികവകാശം അയ്കാട്ടില്ലത്തിനു നിക്ഷിപ്തമാണ്
ക്ഷേത്രത്തിൽ എത്തിച്ചേരാൻ
തിരുത്തുകചെറുതുരുത്തി ടൗണിൽ നിന്നും നെടുമ്പുറം ക്ഷേത്ര റോഡിലൂടെ ഒന്നര കിലോമീറ്റർ പടിഞ്ഞാറേക്ക് സഞ്ചരിച്ചാൽ ക്ഷേത്ര കിഴക്കേ ഗോപുര നടയിൽ എത്തിച്ചേരാം.
അവലംബം
തിരുത്തുക- ↑ കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“
- ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല. തൃശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-051-6.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ - കുഞ്ഞിക്കുട്ടൻ ഇളയത്