ജന്തുക്കൾക്ക് ദൈവികമായ അമാനുഷിക ശക്തിയുണ്ടെന്ന് വിശ്വസിച്ച്, അവയെ ആരാധിക്കുന്ന രീതിക്കാണു ജന്തുപൂജ എന്ന് വിവക്ഷിക്കപ്പെടുന്നത്. ഇതിനു ഇംഗ്ലീഷിൽ ടോട്ടെമിസം (Totemism) എന്നറിയപ്പെടുന്നു. മാനവസംസ്കാരത്തിന്റെ ആദ്യഘട്ടങ്ങളിൽ, ഭയവും ഭയജന്യമായ ഭക്തിയുമായിരുന്നു മനുഷ്യനുണ്ടായിരുന്ന രണ്ടു മുഖ്യവികാരങ്ങൾ. ഓരോ ജന്തുവിന്റേയും രൂപവും, ശബ്ദവും, മറ്റു ചേഷ്ടകളും മനുഷ്യരിലുണ്ടാക്കിയ വികാരങ്ങൾക്കനുസരിച്ച് അവയോട് ഭയമോ സ്നേഹമോ മനുഷ്യന്നു തോന്നി. അതിന്റെ അടിസ്ഥാനത്തിൽ അവയെ ആരാധിക്കാനും തുടങ്ങി.

Apis
God of strength and fertility
Statue of Apis, Thirtieth dynasty of Egypt (Louvre)
V28Aa5
Q3
E1
, or
G39
, or
Aa5
Q3
G43
, or
Aa5
Q3
പ്രതീകംA Bull

ധാരാളം ജന്തുക്കളെ മനുഷ്യർ ആരാധിക്കാറുണ്ടായിരുന്നെങ്കിലും സർപ്പവും പശുവുമാണു ലോകത്തെമ്പാടുമായി ഏറ്റവുമധികം ആരാധിക്കപ്പെടുന്നത്. പ്രാകൃതമനുഷ്യനെസംബന്ധിച്ചിടത്തോളം ഒരു നിശ്ചിതവർഗ്ഗത്തിൽപ്പെട്ട ജീവികളുമായുള്ള നിരന്തരസമ്പർക്കം, ആ വർഗ്ഗത്തോടുള്ള പ്രത്യേകമായൊരു അഭിനിവേശമുണർത്തിയെന്നത് സ്വാഭാവികം മാത്രമാണു. കാലം കഴിയുമ്പോൾ ജനങ്ങൾക്ക് ഇത്തരം കാര്യങ്ങളിലുള്ള വിശ്വാസം നശിക്കുകയാണു പതിവ്. പല പുരാതന ജനസമൂഹങ്ങളിലും സാങ്കല്പിക ജീവികളുടെ വിഗ്രഹങ്ങളെ പൂജിക്കുന്ന രീതി നിലനിന്നിരുന്നു. ആനയുടെ കാൽ, ദംഷ്ട്രങ്ങൾ, കാളച്ചെവി തുടങ്ങിയവ പല്ലവശില്പങ്ങളിൽ കാണാം. പുരാതന ഈജിപ്തിലെ ജനങ്ങൾഎപ്പിസ് കാളയെ ഒരു ദിവ്യമൃഗമായാണു സങ്കല്പിക്കപ്പെട്ടിരുന്നത്. പോസിഡോൻ , ഹിപ്പിയസ്, ഡയോനിസസ് മുതലായ ഗ്രീക്ക് ദേവതകൾക്ക് ജന്തുഭാവങ്ങളും ജന്തുപ്രതിരൂപകങ്ങളും ഉണ്ടായിരുന്നു. ചൈനയിലെ ഷാങ് വംശത്തിന്റെ കാലത്ത് കരടിയുടെ രൂപത്തിലുള്ള യു ദേവതയുടേയും, മൂങ്ങയുടെ രൂപത്തിലുള്ള റ്റ്സുൻ ദേവതയുടെയും വിഗ്രഹങ്ങൾ ആരാധിച്ചിരുന്നു. അങ്കോർവത്, ഭാർഹത് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് വരാഹമൂർത്തിയുടേയും മറ്റും വിഗ്രഹങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്.

ഇന്ത്യയിൽ

തിരുത്തുക
 
അശോക സ്തഭം വൈഷാലി ബീഹാർ

ഇന്ത്യയുടെ അടിസ്ഥാന വീക്ഷണങ്ങളിലൊന്നായ അഹിംസാസിദ്ധാന്തവുമായി യോജിച്ചുപോകുന്നതാണു് ഇവിടത്തെ ജന്തുപൂജാ സമ്പ്രദായം. ഇന്ത്യയിലെ പല ജനവിഭാഗങ്ങളും ജന്തുപൂജ ചെയ്യുന്നവരാണു്. ജന്തുലോകത്തെ ആദരിക്കുന്ന ഹിന്ദുക്കൾ പൊതുവെ സസ്യഭുക്കുകളാണു്.[അവലംബം ആവശ്യമാണ്] വൈദികകാലത്തെ ആര്യന്മാർ മൃഗങ്ങളെ ആരാധിച്ചിരുന്നതായി കാണുന്നില്ല; എങ്കിലും പുരാണങ്ങളിൽ ജന്തുപൂജ പരാമർശിക്കപ്പെട്ടിട്ടുള്ളതായി കാണാം. രാമായണം, മഹാഭാരതം എന്നിവയിൽ പക്ഷിമൃഗാദികളെ ആരാധനാപാത്രങ്ങളായി ചിത്രീകരിച്ചിട്ടുണ്ട്. ദശാവതാരങ്ങളിൽ മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, എന്നിവ ഈശ്വരന്റെ പദവിയിൽ തന്നെ ആരാധിക്കപ്പെടുന്നുണ്ട്. ഗണപതിയുടെ വാഹനമായ എലി ഉത്തരേന്ത്യയിൽ ആദരിക്കപ്പെടുന്നു. ഇന്ദ്രന്റെ വാഹനമായ ആനയെ (ഐരാവതം ) ഇന്ത്യക്കാർ ആദരിക്കുന്നു. [1]

ശ്രീരാമന്റെ ഭൃത്യനായിരുന്ന ഹനുമാൻ ഹിന്ദുക്കൾക്ക് ആരാധനക്കർഹനാണു്. ശിവന്റെ വാഹനമായ കാളയെയും ആരാധിക്കാറുണ്ട്. ശിവപ്രസാദത്തിനായി കാളയെ തൊഴുക, തലോടുക എന്നിവ പുണ്യകർമ്മമായി അനുഷ്ടിക്കുന്നു. പശുവും, ബ്രാഹ്മണനും ഒരേദിവസം സൃഷ്ടിക്കപ്പെട്ടുവെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു. പശുവിൻ ചാണകം, ഗോമൂത്രം, പാൽ, തൈരു, നെയ്യ് ഇവ ചേർന്ന പഞ്ചഗവ്യം ആത്മശുദ്ധിപ്രദമാണത്രെ. ജന്മാഷ്ടമിനാളിൽ പശുക്കളെയും, കാളകളെയും ആടയാഭരണങ്ങൾ ചാർത്തി എഴുന്നള്ളിച്ചു കൊണ്ടുനടക്കുക മധുരയിലെ ഉത്സവത്തിന്റെ ഭാഗമാണു്. തമിഴ്‌നാട്ടിൽ മാട്ടുപ്പൊങ്കൽ കന്നുകാലികളുടെ ഉത്സവമാണു്.

ഹിന്ദുക്കൾ പൊതുവെ പാമ്പിനെ ഇഷ്ടപ്പെടുന്നവരാണു. ഭൂമിയെ വഹിക്കുന്ന വാസുകിയും, മഹാവിഷ്ണുവിന്റെ ശയ്യയായ അനന്തനും ശിവന്റെ ഇഷ്ടാഭരണങ്ങളും സർപ്പങ്ങളാണു. ബംഗാളിൽ സർപ്പദേവതയായ മാനസാദേവിക്ക് ക്ഷേത്രവും ആരാധനയുമുണ്ട്. ശ്രാവണമാസത്തിലെ അഞ്ചാംദിവസം നാഗപഞ്ചമിയായി ആഘോഷിച്ചുവരുന്നു. നിലം ഉഴുമ്പോൾ പാമ്പിനോ പാമ്പിൻ വർഗ്ഗത്തില്പെട്ട ഞാഞ്ഞൂലിനോ അപായം സംഭവിച്ചേക്കുമെന്ന ഭയത്താൽ നാഗപഞ്ചമി ദിവസം നിലം ഉഴുകയോ കിളയ്ക്കുകയോ ചെയ്യരുതെന്ന് ബംഗാളിലെ ഹിന്ദുക്കൾ നിർബന്ധിക്കുന്നു. ആസ്സാം, നാഗാലാന്റ് എന്നിവിടങ്ങളിലും സർപ്പം ആരാധിക്കപ്പെടുന്നു. ദക്ഷിണേന്ത്യയിൽ സർപ്പാരാധന സർവ്വസാധാരണമാണു.

മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡൻ, ശിവന്റെ കാള, സുബ്രഹ്മണ്യന്റെ മയിൽ, ബ്രഹ്മാവിന്റെ അരയന്നം ,ഗണപതിയുടെ എലി, സതിയുടെ പുനർജ്ജന്മമായ കുയിൽ, സരസ്വതിയ്ക്കു പ്രിയപ്പെട്ട തത്ത എന്നിവയ്ക്കു പുറമെ, സീതയെ കട്ടുകൊണ്ടുപോയ രാവണനോടു പോരാടിയ ജടായുവും, പിതൃക്കൾക്കായുള്ള ബലിപിണ്ഢം കൊത്തുന്ന കാക്കയും ഇന്ത്യക്കാരുടെ കണ്ണിൽ പുണ്യജീവികളാണു. ഭാരതീയ ജോതിഷപ്രകാരം, ഓരോ വ്യക്തിയും ജനിക്കുന്ന നാളിന്റെ സവിശേഷതയ്ക്കനുസരിച്ച്, അയാൾക്ക് ചില ജീവികളോടും, സസ്യങ്ങളോടും പ്രത്യേകമായ ബന്ധമുണ്ട്. ആ ജീവികളോടും, വൃക്ഷങ്ങളോടുമുള്ള അയാളുടെ സമീപനം, ആരാധനാപൂർണ്ണമായിരിക്കണമെന്നും നിഷ്കർഷിക്കപ്പെടുന്നു. പക്ഷിശാസ്ത്രം, ഗൗളിശാസ്ത്രം എന്നിവയുടെ പേരിൽ,തത്ത, പല്ലി എന്നീ ജീവികൾക്ക് ദിവ്യത്വം കല്പിച്ചുവരുന്നു.

കേരളത്തിൽ

തിരുത്തുക

കേരളത്തിലെ ജന്തുപൂജാക്രമങ്ങളിൽ പ്രാധാന്യം സർപ്പാരാധനയ്കാണു.കുണ്ഡലിനിയുടെ പ്രതീകമാണു സർപ്പമെന്നു വിശ്വസിക്കപ്പെടുന്നു. പഴയ തറവാടുകളിലെല്ലാം സർപ്പക്കാവുകൾ കാണാം. സർപ്പങ്ങളുടെ പ്രസാദം ആയുരാരോഗ്യസൗഭാഗ്യങ്ങളെ നിയന്ത്രിക്കുന്നതായി ചിലർ വിശ്വസിക്കുന്നു.കൊച്ചിയിലെ പാമ്പിന്മേക്കാട് നാഗാരാധനക്കു പ്രസിദ്ധിനേടിയ ഒരു ഇല്ലമാണു. കൊല്ലം ജില്ലയിലെ ഉത്സവങ്ങളോടനുബന്ധിച്ചുള്ള കുതിരയെടുപ്പും, തെക്കെ മലബാറിലെ കാള-കുതിര വേലകളും, മലപ്പുറം ജില്ലയിലെ കളിയാട്ടുമുക്കിലെ വേലയും അതതു മൃഗത്തോടുള്ള ആരാധനാപൂർണ്ണമായ മനോഭാവത്തിന്റെ പ്രകടനമായി കണക്കാക്കാം. ഓച്ചിറയിലും നാഗരാജാവിന്റേയും, നാഗയക്ഷിയുടെയും വിഗ്രഹങ്ങൾ ആരാധിക്കപ്പെടാറുണ്ട്. മദ്ധ്യകേരളത്തിലെ ഭദ്രകാളീക്ഷേത്രങ്ങളിൽ ഉത്സവങ്ങളോടനുബന്ധിച്ച് നടത്തുന്ന വഴിപാടായ ഗരുഡൻ തൂക്കം പരുന്തിന്റെ നേർക്കുള്ള ആരാധനാ മനോഭാവം വ്യക്തമാക്കുന്നു. കൃഷ്ണപ്പരുന്തിനെ കാണുമ്പോൾ തൊഴുന്ന പതിവും ഇപ്പോഴും ചിലർ ആരാധനാപൂർവ്വം ചെയ്യുന്നു.

  1. വിശ്വവിജ്ഞാനകോശം
"https://ml.wikipedia.org/w/index.php?title=ജന്തുപൂജ&oldid=3088510" എന്ന താളിൽനിന്ന് ശേഖരിച്ചത്