ആദ്യകാല ക്രിക്കറ്റ് തിരുത്തുക

ഉത്ഭവം തിരുത്തുക

എന്ന് എവിടെ ക്രിക്കറ്റ് ഉത്ഭവിച്ചു എന്നുള്ളതിനെ പറ്റി ആർക്കും വ്യക്തമായ ഒരു സൂചനയില്ല. ദക്ഷിണ ഇംഗ്ലണ്ടിലെ കെന്റിനും സസെക്സിനും ഇടയിലുള്ള പുൽമേടുകളിലാവം ക്രിക്കറ്റ് ആദ്യമായി ഉടലെടുത്തത്. മധ്യകാലഘട്ടങ്ങളിൽ ഇവിടുത്തേ പുൽമേടുകളിൽ ബാലന്മാർ ആടുകളെ മേയിക്കാൻ വരുമായിരുന്നു. ഈ ബാലന്മാരായിരിക്കണം ആദ്യമായി ക്രിക്കറ്റ് കളിച്ചു തുടങ്ങിയതെന്നാണ്‌ പൊതുവേ വിശ്വസിച്ചിരിക്കുന്നത്. അതിനു ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ ക്രിക്കറ്റ് മുതിർന്നവരും കളിച്ചുതുടങ്ങി. പതിനേഴാം നൂറ്റാണ്ടോടുകൂടിയാണ്‌ മുതിർന്നവരുടെ ഇടയിൽ ക്രിക്കറ്റിനു പ്രചാരം കൂടുതലായത്[1].

കുട്ടികൾ കളിച്ചുതുടങ്ങിയ ക്രിക്കറ്റിന്‌ മുതിർന്നവരുടെ ഇടയിൽ പ്രചാരം നേടാൻ പല തലമുറകൾ കാത്തിരിക്കേണ്ടി വന്നു. പതിനേഴാം നൂറ്റാണ്ടിനു മുൻപ് മുതിർന്നവരുടെ ഇടയിൽ ക്രിക്കറ്റിന്‌ സ്വാധീനമുള്ളതായി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ബൗൾ എന്ന പഴയ കളിയിൽ നിന്നാവാം ക്രിക്കറ്റ് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത് ഇവിടെ പന്ത് ലക്ഷ്യത്തിലെത്തുന്നതിനു മുൻപ് ബാറ്റ്സ്മാൻ പന്ത് അടിച്ചു തെറിപ്പിക്കുന്നു. മേച്ചിൽ പുറങ്ങളിൽ ക്രിക്കറ്റ് കളിച്ചുതുടങ്ങിയ സമയങ്ങളിൽ പന്തിനായി ഉപയോഗിച്ചത് ചെറിയ തടികഷ്ണമോ, കല്ലോ, കമ്പിളിയോ ആയിരിക്കണം. ബാറ്റിനായി ഉപയോഗിച്ചത് ആടുകളെ തെളിയ്കാനുള്ള വടിയോ ദണ്ഡാകൃതിയിലുള്ള മറ്റു കാർഷിക ഉപകരണങ്ങളോ ആയിരുന്നു. വിക്കറ്റായി മരങ്ങളും, മരക്കുറ്റികളും ഇരിപ്പിടങ്ങളുമായിരുന്നു ഉപയോഗിച്ചിരുന്നത്[2].

ക്രിക്കറ്റ് എന്ന പേര്‌ തിരുത്തുക

ക്രിക്കറ്റിന്‌ ആ പേരു ലഭിച്ചതിന്റെ പിന്നിൽ ധാരാളം വാദഗതികൾ നിലനിൽക്കുന്നു. കായികരംഗത്തേ അറിയപ്പെടുന്ന ആദ്യ അവലംബമനുസരിച്ച്(1598) ക്രെക്കറ്റ് (ഇംഗ്ലീഷ്:creckett) എന്ന വാക്കിൽ നിന്നുമാണ് ക്രിക്കറ്റിനു ആ പേരു ലഭിച്ചത്‌. ക്രികെ (ഇംഗ്ലീഷ്:krick(-e)) എന്ന ഡച്ച് വാക്കിൽ നിന്നുംമാകാം ക്രിക്കറ്റ് എന്ന പേരുലഭിച്ചതെന്നാണ്‌ മറ്റൊരു മതം. ഡച്ചിൽ ക്രികെ എന്നാൽ ദണ്ഡ് എന്നാണർത്ഥം. പുരാതന ഇംഗ്ലീഷിലെ ക്രിക്ക് (ഇംഗ്ലീഷ്:cricc) ക്രൈക്കേ (ഇംഗ്ലീഷ്:cryce) എന്നീ വാക്കുകളിൽ നിന്നുമാവാം ക്രിക്കറ്റ് എന്ന പേരുവന്നത്,[2] ഈ വാക്കുകൾക്ക് ബലമുള്ള വടി എന്നാണർത്ഥം. മറ്റൊരു സാധ്യത ക്രിക്സ്റ്റൊയിൽ (ഇംഗ്ലീഷ്:krickstoel) എന്ന ഡച്ച് പദത്തിൽ നിന്നുമാകാം എന്നാണ്‌, ഈ വാക്കിന്റെ സാരം നീളമുള്ള ഊന്ന് വടി എന്നാണ്‌. വിക്കറ്റിനായി നീളമുള്ള ഇത്തരം വടികളായിരുന്നു പണ്ട് ഉപയോഗിച്ചിരുന്നത്.

ബോൺ സർ‌വ്വകലാശാലയിലെ ഭാഷാപണ്ഡിതനായ ഹെയിനർ ഗീൽമിസ്റ്ററിന്റെ അഭിപ്രായത്തിൽ ക്രിക്കറ്റ് എന്ന പദം കമ്പുകെണ്ട് പിന്തുടരുന്ന എന്നർത്ഥമുള്ള ഡച്ച് പദമായ (krik ket)ൽ നിന്നാണ്‌. ഇത് ഡച്ചുകാർക്ക് ക്രിക്കറ്റിന്റെ ഉൽഭവം മുതലുള്ള ബന്ധത്തേയാണ്‌ കാണിക്കുന്നത്. ക്രിക്കറ്റിൽ ഇന്നു ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങളൊട്ടുമിക്കവയും ഇംഗ്ലണ്ടിൽ നിന്നുള്ളതാണ്‌[3][4].

ആദ്യ അവലം‌ബം തിരുത്തുക

 
ജോൺ ഡെറിക് ക്രെക്കെറ്റ് കളിച്ചിരുന്ന ഗിൽഡ്ഫോർഡിലെ റോയൽ ഗ്രാമർ സ്കൂൾ

ക്രിക്കറ്റിനേ പറ്റി പഴയ പലതെളിവുകൾ ലഭിച്ചിട്ടുണ്ടെങ്കിലും ആധികാരികമായ ഏറ്റവും പഴയ തെളിവ് എന്നു പറയാവുന്നത് 1598ൽ കോടതിയിൽ വന്ന ഒരു കേസിന്റേതാണ്‌. ഈ കേസ് ഭൂമിയുടെ ഉടമസ്ഥാവകാശത്തേ പറ്റിയുള്ള സ്കൂളിന്റെ വാദമായിരുന്നു. ഈ സ്കൂളിന്റെ പേര്‌ റോയൽ ഗ്രാമ്മർ സ്കൂൾ, ഗിൽഡ്ഫോർഡ് എന്നാണ്‌. 59കാരനായ ഒരു വൈദ്യ പരിശോധകനായ ജോൺ ഡെറികിന്റെ വാദമനുസരിച്ച് താനും തന്റെ സ്കൂൾ ചങ്ങാതിമാരും കഴിഞ്ഞ അൻപതുവർഷമായി സ്ഥലത്ത് ക്രെക്കെറ്റ്(creckett) കളിയ്ക്കുന്നു എന്നാണ്‌. ഡെറിക്കിന്റെ വാക്കുകൾ കണിക്കിലെടുത്താൽ ഇംഗ്ലണ്ടിൽ 1550 മുതൽക്കേ തന്നെ ക്രിക്കറ്റ് കളിച്ചിരുന്നു എന്നാണ്‌.[5]

മുതിർന്നവരുടെ ക്രിക്കറ്റ് കളിയേ പറ്റിയുള്ള ആദ്യ ആധികാര തെളിവുകൾ ലഭിക്കുന്നത് 1611ലാണ്‌. ഇതും ഒരു കേസുമായി ബന്ധപ്പെട്ടുള്ളതാണ്‌. ഒരു ഞായറാഴ്ച പള്ളിയിൽ പോകാതെ ക്രിക്കറ്റ് കളിച്ച രണ്ട് സസെക്സിലേ ചെറുപ്പകാർക്കെതിരേ ആയിരുന്നു ഇത്.[6] ഇതേ വർഷം തന്നെ പുറത്തിറങ്ങിയ ഒരു വിജ്ഞാനകോശത്തിൽ ക്രിക്കറ്റിനേ ഇങ്ങനേ പ്രദിപാദിച്ചിരിക്കുന്നു:ക്രിക്കറ്റ് ആൺകുട്ടികളുടെ കളിയാണ്‌, എന്നിരുന്നാലും ഈയിടെയായി മുതിർന്നവരുടെ ഇടയിലും ക്രിക്കറ്റ് കളിക്കുന്നവരുണ്ട്.[5]

പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ തിരുത്തുക

ഇംഗ്ലണ്ടിലേ ആഭ്യന്തര യുദ്ധസമയം വരെയുള്ള ക്രിക്കറ്റിനേ കുറിച്ച് ധാരാളം അവലം‌ബങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിൽ നിന്നും ക്രിക്കറ്റ് മുതിർന്നവരുടെ കൂടെ കളിയാണെന്നും പാരിഷ് ടീമിന്റെ എതിർപ്പുകളേയും പറ്റിയുള്ള സൂചന നൽകുന്നു. എന്നാലും രാജ്യാന്തര കളികളേ പറ്റിയും അത്തരം ടീമുകളുടെ കഴിവുകളെ പറ്റിയുള്ള അവലംബങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. ഈ കാലഘട്ടത്തിൽ തുടങ്ങിയ വന്യമായ വാതുവെപ്പുകൾ പതിനെട്ടാം നൂറ്റാണ്ടു വരെ തുടർന്നിരുന്നു. പൊതുവേയുള്ള അഭിപ്രായ പ്രകാരം ഗ്രാമീണ ക്രിക്കറ്റ് പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തോടുകൂടി വികാസം പ്രാപിച്ചു. എന്നാൽ രാജ്യാന്തര നിലവാരത്തിലേക്കുയരാൻ പിന്നേയും സമയമെടുത്തു.[1]

കോമൺ‌വെൽത്തിൽ തിരുത്തുക

1648ലെ ആഭ്യന്തര യുദ്ധത്തിനു ശേഷം വന്ന പുതിയ പുരിട്ടൻ സർക്കാർ നിയമപരമായ അനുമതി ഇല്ലാത്ത എല്ലാ അസംബ്ലികളേയും നിരുത്സാഹപ്പെടുത്തി, ഇതിൽ ഏറ്റവും കൂടുതൽ ശകാരം കേൾക്കേണ്ടി വന്നത് ഫുട്ബോൾ പോലെയുള്ള കായിക മേഖലകളിലായിരുന്നു. പുതിയ നിയമപ്രകാരം നിർബന്ധിതമായ ഒരു ഒഴിവു ദിവസം(Sabbath) തൊഴിലാളികൾക്ക് ലഭിച്ചു. താഴേക്കിടയിലുള്ളവർക്ക് സബത്ത് ദിവസങ്ങളിൽ മാത്രമേ ക്രിക്കറ്റ് കളിയ്കാൻ അവസരം ലഭിച്ചിരുന്നുള്ളു ഇതു മൂലം കോമൺ‌വെൽത്ത് കാലത്ത് ക്രിക്കറ്റിന്റെ വളർച്ചയിൽ കാര്യമായ കോട്ടം സംഭവിച്ചു. എന്നാലും പൊതു ഉടമയിലുള്ള സ്കൂളുകളായ വിൻസ്റ്റർ, സെന്റ്.പോൾസ് എന്നിവിടങ്ങളിൽ ക്രിക്കറ്റിനു കാര്യമായ പ്രോത്സാഹനങ്ങൾ കിട്ടിയിരുന്നു. ക്രിക്കറ്റ് കളിക്കുന്നതിൽ നിന്നും ഈ സ്കൂളുകളെ അന്നത്തെ ഭരണകർത്താക്കൾ വിലക്കിയിരുന്നു എന്നുള്ളതിനു തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഭരണകർത്താക്കളെ സംബന്ധിച്ചിടത്തോളം സബത്ത് നയം തെറ്റിക്കരുത് എന്നേ ഉണ്ടായിരിന്നുള്ളു.[1] സമൂഹത്തിലെ ഉന്നതരുടെ ഇടയിലുള്ള ക്രിക്കറ്റ് അക്കാലത്തെ ഗ്രാമങ്ങളിൽ ഉള്ള ക്രിക്കറ്റിൽ നിന്നും കടം കൊണ്ടവയായിരുന്നു.[5]

വാതുവെപ്പുകൾ തിരുത്തുക

1660ൽ ഇംഗണ്ടിലെ ഭരണനേതൃത്തത്തിൽ വന്ന മാറ്റം ക്രിക്കറ്റിനെ നല്ല രീതിയിൽ സ്വാധീനിച്ചു. ഈ മാറ്റങ്ങൾ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ഒരു കുതിച്ചു ചാട്ടം തന്നെ സൃഷ്ടിച്ചു. ഈ കാലഘട്ടത്തിലാണ്‌ ധാരാളം വാതുവെപ്പുകാർ ക്രിക്കറ്റിലേക്ക് ആകൃഷ്ടരാകുന്നത്. 1664ൽ കവലിയർ പർലമെണ്ട് ഗെയിമിങ് ആക്ട് 1664 എന്ന ഒരു നിയമം പാസാക്കി. ഇതു പ്രകാരം സ്റ്റേക്കുകളുടെ(Stakes) പരമാവധി വില £100 ആക്കി.[1] ഈ തുക എന്നു പറയുന്നത് ആ സമയത്ത് ഒരു വലിയ തുക തന്നെ ആയിരുന്നു. ഇന്നത്തെ മൂല്യം വച്ചു നോക്കുകയാണെങ്കിൽ ഇത് ഏകദേശം £12000 ആണ്‌. [7]പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ വതുപെപ്പുകാരുടെ പ്രിയങ്കരമായ ഒരു കളിയായി ക്രിക്കറ്റ്.അക്കാലത്തെ വാതുവപ്പിനേയും ഒത്തുകളികളേയും പറ്റി 1697ൽ പത്രവാർത്തകൾ വന്നിട്ടുണ്ട്.[6]

1696ൽ മാധ്യമ സ്വാതന്ത്ര്യം വന്നതിനു ശേഷം ക്രിക്കറ്റിനേ പറ്റിയുള്ള ധാരാളം വാർത്തകൾ പത്ര മാധ്യമങ്ങളിൽ വന്നു. 1696ലാണ് ക്രിക്കറ്റിനേ പറ്റി ആദ്യമായി ഒരു വാർത്ത വർത്തമാന പത്രത്തിൽ വരുന്നത്. പത്രങ്ങളിൽ ആദ്യമൊക്കെ ക്രിക്കറ്റിന്റെ വാതുവപ്പിനേ പറ്റിയുള്ള വാർത്തകളാണ് വന്നിരുന്നതെങ്കിലും പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയോടെ വാതുവപ്പിനേക്കാൾ കൂടുതൽ പ്രാധാന്യം മാധ്യമങ്ങൾ ക്രിക്കറ്റ് എന്ന കളിയ്ക്കു നൽകി.[1]

പതിനെട്ടാം നൂറ്റാണ്ടിൽ തിരുത്തുക

ഈ കാലഘട്ടമായപ്പോഴേക്കും പത്രങ്ങളിൽ ക്രിക്കറ്റിനേ പറ്റി ആധികാരികമായ വാർത്തകൾ വരാൻ തുടങ്ങി. ഈ സമയത്താണ്‌ ഇംഗ്ലണ്ടിൽ ഔദ്യോഗിക ആഭ്യന്തരമത്സരങ്ങൾ ആരംഭിച്ചത്.

കളിക്കാരും രക്ഷാധികാരികളും തിരുത്തുക

ക്രിക്കറ്റിനു ആദ്യമായി രക്ഷാധികാരികളെ കിട്ടിയതിനു കാരണം മുകളിൽ പറഞ്ഞ വതുവെപ്പുകളാണ്‌. തങ്ങളുടെ വാതുകളുടെ ഉറപ്പിനു വേണ്ടി വാതുവെപ്പുകാർ തന്നെ അംഗങ്ങളെ സംഘടിപ്പിച്ചു പുതിയ ടീമുകൾ ഉണ്ടാക്കി. ആദ്യമായി രാജ്യാന്തര രീതിയിലുള്ള ടീമുകൾ ഉണ്ടായത് 1660നു ശേഷമാണ്‌. ആദ്യകാലങ്ങളിൽ തെരുവിൽ ക്രിക്കറ്റ് കളിച്ചു നടന്ന ബാലന്മാർ പലരുമാണ്‌ പിന്നീട് ആഭ്യന്തര മത്സരങ്ങളിലെ പ്രഗല്ഭരായത്.[5] ആദ്യമായി രാജ്യങ്ങളുടെ പേരിൽ മത്സരം ആരംഭിച്ചത് 1709ലാണ്‌. എങ്കിലും ഇതിനും മുൻപേ തന്നെ ഇത്തരം കളികൾ ആരംഭിച്ചിട്ടുണ്ടാകാം എന്നും അഭിപ്രായങ്ങൾ ഉണ്ട്. ഇത്തരത്തിൽ ഒരു മത്സരം 1697-ൽ സസെക്സും മറ്റൊരു പ്രവിശ്യയുമായി നടന്നിട്ടുണ്ട്.

ഏറ്റവും ശ്രദ്ധേയമായ രക്ഷാധികരികൾ എന്നു പറയുന്നത് 1725 മുതൽ ഈ രംഗത്ത് സജീവമായിരുന്ന ഒരു കൂട്ടം കച്ചവടക്കാരും ഉന്നതരുമായിരുന്നു. ഈ കാലഘട്ടത്തിൽ ക്രിക്കതിനേ പറ്റി പത്രങ്ങളിൽ കൂറ്റുതൽ വാർത്തകൾ വരാൻ തന്നെ കാരണം ഈ രക്ഷാധികരികളുടെ ഇടപെടലുകളാകാം. ചില പ്രശസ്തരായ ആദ്യകാല രക്ഷാധികാരികൾ റിച്ച്മണ്ടിലെ രണ്ടാം ഡ്യൂക്, സർ വില്ല്യം ഗേഗ്, അലൻ ബ്രൊഡ്രിക്, എഡ്വാർഡ് സ്റ്റെഡ് എന്നിവരാണ്‌. മാധ്യമങ്ങളിൽ പേരു വന്ന ആദ്യ കളിക്കാരൻ തോമസ് വേമാർക്കാണ്‌.

ക്രിക്കറ്റ് ഇംഗ്ലണ്ടിന്‌ പുറത്തേക്ക് തിരുത്തുക

പതിനേഴാം നൂറ്റാണ്ടോടു കൂടി[4] തന്നെ ക്രിക്കറ്റിന്‌ ബിട്ടന്റെ വടക്കേ അമേരിക്കൻ കോളനികളിൽ പ്രചാരം ലഭിച്ചു. ഒരു പക്ഷേ ഇതിനു ശേഷമായിരിക്കണം ഉത്തര ഇംഗ്ലണ്ടിൽ ക്രിക്കറ്റിനെ പറ്റി ആളുകൾ അറിഞ്ഞു തുടങ്ങിയത്. പതിനെട്ടാം നൂറ്റാണ്ടോടെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ക്രിക്കറ്റ് എത്തിതുടങ്ങി. വെസ്റ്റീൻഡീസിൽ ക്രിക്കറ്റ് ഇംഗ്ലീഷ് കോളനിവാഴ്ചയിലൂടെയാണ്‌[4] എത്തിയത്. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ഇന്ത്യയിൽ ക്രിക്കറ്റ് കൊണ്ടു വന്നത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ്‌.[5] ഓസ്ട്രേലിയയിലും കോളനീവത്കരണ ഫലമായാണ്‌ ക്രിക്കറ്റ് എത്തിയത് ഇത് ഉദ്ദേശം 1788ആം ആണ്ടോടെയാണ്‌.[5] ന്യൂസിലാന്റിലും ദക്ഷിണാഫ്രിക്കയിലും ക്രിക്കറ്റ് എത്തിയത് പത്തൊൻപതാം നൂറ്റാണ്ടിലാണ്‌.[5]

നിയമ നിർമ്മാണങ്ങൾ തിരുത്തുക

 
ലോർഡ്സിലെ പവലിയൻ

ക്രിക്കറ്റിന്റെ അടിസ്ഥാനങ്ങളായ ബാറ്റ്, പന്ത്, വിക്കറ്റ്, പിച്ചിന്റെ അളവുകൾ, ഓവറുകൾ, പുറത്താക്കൽ തുടങ്ങിയവയേ പറ്റിയുള്ള നിയമങ്ങൾ പണ്ടു മുതലേ തന്നെ നിവവിലുണ്ടായിരിന്നു. 1728ൽ റിച്ച്മണ്ടിലെ രണ്ടാം ഡ്യൂകും, അലൻ ബ്രോഡികും ചേർന്നു Articles of Agreement എന്ന നിയമങ്ങളുടെ ഒരു രൂപരേഖയുണ്ടാക്കി. ഇതിൽ പണം എങ്ങനെ ഒരോരുത്തർക്കും വീതിച്ചുകൊടുക്കണം എന്നതിനെ പറ്റി പരാമർശങ്ങളുണ്ട്. ഇതില കൂടുതലും വാതുവെപ്പുകളെ സംബന്ധിച്ച തീരുമാനങ്ങളാണ്‌.[6]

ക്രിക്കറ്റിന്റെ നിയമങ്ങൾ ആദ്യമായി ക്രോഡീകരിച്ചത് 1744ലാണ്‌. ഈ സമയത്താണ്‌ എൽ.ബി.ഡബ്ല്യു.(LBW), മൂന്നാമത്തെ കുറ്റി(മിഡിൽ സ്റ്റം‌പ്), ബാറ്റിന്റെ പരമാവധി വീതി എന്നിവ നിയമത്തിൽ ഉൾപ്പെടുത്തുന്നത്. ക്രിക്കറ്റിൽ അമ്പയർമാർക്കു അനുവദിച്ചിട്ടുള്ള അധികാരങ്ങളെയും പറ്റി ഈ നിയമത്തിൽ പ്രതിപാദിച്ചുകാണുന്നു.സ്റ്റാർ ആൻഡ് ഗാർട്ടർ ക്ലബ് (Star and Garter Club) എന്ന ക്ലബ്ബിലെ അംഗങ്ങളായിരുന്നു ഈ ക്രോഡീകരണത്തിനു പിന്നിൽ പ്രവൃത്തിച്ചത്. ഈ ക്ലബ്ബിലെ അംഗങ്ങളാണ്‌ പിൽക്കാലത്ത് വളരെ പസിദ്ധമായ ലോർഡ്സിലെ എം.സി.സി. (MCC-Merlybone Cricket Club) ക്രിക്കറ്റ് ക്ലബ്ബ് 1787ൽ സ്ഥാപിച്ചത്.എം.സി.സി.ക്ലബ്ബാണ്‌ ക്രിക്കറ്റിന്റെ നിയമ നിമ്മാണ മേൽനോട്ടം ഇപ്പോഴും വഹിച്ചുകൊണ്ടിരിക്കുന്നത്.[8]

ഇംഗ്ലണ്ടിലെ വളർച്ച തിരുത്തുക

പതിനെട്ടാം നൂറ്റാണ്ടോടെ ക്രിക്കറ്റിനു ഇംഗ്ലണ്ടിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും മികച്ച ജന പിന്തുണ ലഭിച്ചു. 1751ൽ ആദ്യത്തെ വേദി എന്ന പേരില യോർക്ഷയർ മാറി.[9] ആദ്യകാലങ്ങളിൽ ബൗളിംഗ് കളിയിലെ പോലെ പന്ത് നിലത്തുകൂടി ഉരിട്ടിയെറിയുന്ന രീതിയിൽ നിന്നും 1760 ആയപ്പോഴെക്കും ഇന്നത്തെ പേലെ വേഗതത്തിലു, സ്പിൻ ചെയിച്ചും കുത്തി എറിഞ്ഞു തുടങ്ങി.[1] 1772ലാണ്‌ സ്കോർബോർഡുകൾ സ്ഥാപിക്കുന്ന രീതി കൈക്കൊണ്ടത്. ഇത് കളിയുടെ പുരോഗതിയെ കാണിക്കുന്ന വ്യക്തമായ ഒരു ചിത്രമാണ്‌.[10]

 
ക്രിക്കറ്റ് ബാറ്റിന്റെ മാറ്റങ്ങൾ കാണിക്കുന്ന ചിത്രം

പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ പ്രശസ്തമായ ഇംഗ്ലീഷ് ക്രിക്കറ്റ് ക്ലബ്ബുകൾ ലണ്ടൻ ക്ലബ്ബും ഡാർട്ട്ഫോർഡ് ക്ലബ്ബുമായിരുന്നു. ലണ്ടൻ ക്ലബ്ബിലെ അംഗങ്ങൾ ആദ്യകാലങ്ങളിൽ ക്രിക്കറ്റ് കളിച്ചിരുന്ന ആർടില്ലെരി ഗ്രൗണ്ട് ഇപ്പോഴും ഉണ്ട്. അതുപോലെ തന്നെ പ്രഗല്ഭനായ റിച്ചാർഡ് ന്യൂലാന്റിനെ സംഭാവന ചെയ്ത സസെക്സിലെ സ്ലിണ്ടൻ ക്ലബ്, മറ്റു ക്ലബുകളായ മെയ്‌ഡൻഹെഡ്, ഹോൺ‌ചർച്ച്, മെയ്‌ഡ്‌സ്റ്റോൺ, സെവനൊക്സ്, ബ്രൊംലി, അടിംങ്ടൺ, ഹാഡ്‌ലോ,ചെർട്സി ഈ ക്ലബ്ബുകളെല്ലാം തന്നെ ഇംഗ്ലണ്ടിൽ ക്രിക്കറ്റിന്റെ വളർച്ചയ്ക്കുത്തമോദാഹരണങ്ങളാണ്‌.

പിന്നീടുള്ള ക്ലബ്ബുകളുടെ കൂട്ടത്തിലെ എടുത്തു പറയാവുന്ന ഒരു ക്ലബ്ബ് ഹാം‌പ്‌ഷെയറിലെ ഹാംബ്ലെഡൊൻ ക്ലബ്ബാണ്‌. 1756ൽ പാരീഷ് ഓർ‌ഗനൈസേഷനാണ്‌ ഇതിന്റെ സ്ഥാപിച്ചത്. പക്ഷേ ഇതൊരു ക്രിക്കറ്റ് ക്ലബ്ബാകുന്നത് 1760ൽ മാത്രമാണ്‌. ക്ലബ് സ്ഥാപിച്ചതിനു ശേഷം ഏകദേശം മുപ്പതു വർഷത്തോളം ക്രിക്കറ്റ് രക്ഷാധികാരികളുടെ സംഗമസ്ഥാനം കൂടിയായിരിന്നു. 1787-ൽ ലോർഡ്സിൽ MCC ക്ലബ് സ്ഥാപിച്ചതോടെ ഈ സ്ഥാനം ഹാംബ്ലെഡൊൻ ക്ലബ്ബിനു കൈവിട്ടു. പ്രതിഭാശാലികളായ ധാരാളം കളിക്കരെ സംഭാവന ചെയ്യാൻ ഹാംബ്ലെഡൊൻ ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്. ഇതിൽ എടുത്തു പറയാവുനത് മാസ്റ്റർ ബാറ്റ്സ്മാനായ ജോൺ സ്മാളും, ആദ്യ ഫാസ്റ്റ് ബൗളറായ തോമസ് ബ്രെറ്റുമാണ്‌. അക്കാലത്ത് ഇവരുടെ എതിരാളികൾ ചെർ‌ട്സിയുടെയും സുറൈയുടേയും കളിക്കാരനായ എഡ്വാർഡ് സ്റ്റീവൻസായിരുന്നു. ഫ്ലൈറ്റ് ഡെലിവറികൾ ആദ്യമായി കളിക്കളത്തിൽ കൊണ്ടു വന്നത് ലമ്പി സ്റ്റീവൻസ് എന്ന വിളിപ്പേരുള്ള ഈ എഡ്വാർഡ് സ്റ്റീവൻസായിരുന്നു.

ക്രിക്കറ്റിൽ എങ്ങനെ ഫ്ലൈറ്റ് ബോളുകളും. കുത്തിപൊങ്ങുന്ന ഡെലിവറികളും വന്നു എന്നതിന്റെ ശരിയായ കാരണം ബാറ്റുകളുടെ രൂപത്തിൽ വരുത്തിയ മാറ്റമാണ്‌. പഴയകാലത്തെ ബാറ്റുകൾക്ക് ഹോക്കി സ്റ്റിക്കുകളോടായിരുന്നു സാദൃശ്യം കൂടുതലായിട്ടുണ്ടായിരുന്നത്. ഇത്തരം ബാറ്റുകൾ തറയിൽ കൂടി നിരങ്ങിവരുന്ന പന്തുകളെ പ്രതിരോധിക്കാനായിരുന്നു അനുയോജ്യം. ഇങ്ങനെ ബാറ്റുകളുടെ രൂപമാറ്റം മൂലം ബൗളിംഗ് ശൈലിയും മാറി.

പ്രതിബന്ധങ്ങൾ തിരുത്തുക

ക്രിക്കറ്റിന്റ വളർച്ചയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്ന ആദ്യ പ്രതിബന്ധം പതിനെട്ടാം നൂറ്റാണ്ടിൽ നടന്ന എഴുവർഷം നീണ്ടുനിന്ന യുദ്ധമായിരുന്നു. യുദ്ധം മൂലം നടക്കേണ്ടിയിരുന്ന പ്രധാനപ്പെട്ട പല മത്സരങ്ങളും റദ്ദ് ചെയ്തു. മത്സരങ്ങൾ ഇത്തരത്തിൽ ഉപേക്ഷിക്കേണ്ടി വന്നതിന്റെ പ്രധാന കാരണങ്ങൾ കളിക്കാരെ ലഭ്യമല്ലാത്തതും ധനക്കമ്മിയുമായിരുന്നു. എന്നാൽ 1760കളുടെ മധ്യത്തോടെ ക്രിക്കറ്റിന്‌ ഈ പ്രതിബദ്ധത അതിജീവിക്കാനായി. ഇത് ഹാംബ്ലെഡൺ കാലഘട്ടത്തിന്റെ (Hambledon Era) മികച്ച തുടക്കം എന്നു വിശേഷിപ്പിക്കുന്നു.

പിന്നീടുള്ള എടുത്തു പറയത്തക്കതായ പ്രതിബദ്ധത പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലായിരുന്നു. നെപ്പോളിക് യുദ്ധത്തിന്റെ അവസാന കാലഘട്ടത്തിൽ നിരവധി മത്സരങ്ങൾ യുദ്ദം മൂലം ഉപേക്ഷിക്കപ്പെട്ടു. ഇത്തവണയും മത്സരങ്ങൾ റദ്ദുചെയ്യാനുള്ള കാരണം മുകളിൽ പറഞ്ഞ അതേ കാരണങ്ങളായ കളിക്കാരുടെ ദൗർലഭ്യവും ധനക്കമ്മിയുമായിരുന്നു. ഈ പ്രതിസന്ധികളിൽ നിന്നും ക്രിക്കറ്റ് സാവധനത്തിൽ കരകയറിയത് 1815ഓടെ ആണ്‌.

ഇംഗ്ലണ്ടിലെ റീജന്റ് ഭരണകാലഘട്ടത്തിൽ (1811-1820) MCC ക്ലബ്ബിനുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. ഇതിനുകാരണം ഫ്രെഡ്രിക് ബൗക്ലെർക് പ്രഭുവും ജോർജ്ജ് ഓസ്ബൽഡ്സ്റ്റൊനും തമ്മിലുള്ള ശത്രുതയായിരുന്നു. ഇവരുടെ ശത്രുതയുടെയും അസൂയയുടെയും തിക്ത ഫലം അനുഭവിക്കേണ്ടി വന്നത് 1817ൽ വാതുവെപ്പിന്റെ ഇരയായി ലോർഡ്സിൽ അജീവനാന്ത വിലക്ക് കിട്ടിയ വില്ല്യം ലാംബെർട്ട് എന്ന മുതിർന്ന കളിക്കാരനാണ്‌. ഇത്തരം വാതുവെപ്പുകൾ പതിനേഴാം നൂറ്റാണ്ട് മുതൽക്കേ ക്രിക്കറ്റിൽ സജീവമായിരുന്നു.

1820കളിൽ ക്രിക്കറ്റിൽ റൗണ്ട് ആം ബൗളിംഗിന്റെ ആവിർഭാവത്തോടെ കൂടുതൽ പ്രശ്നങ്ങൾ ഉടലെടുത്തു.

പത്തൊൻപതാം നൂറ്റാണ്ടിൽ തിരുത്തുക

 
1817ൽ ജനീവയിൽ നടന്ന ക്രിക്കറ്റ് മത്സരത്തിന്റെ രേഖാചിത്രം
 
1820ൽ ഡർനാൽ സ്റ്റേഡിയത്തിൽ നടന്ന ഒരു മത്സരം.

കൗണ്ടി ക്ലബ്ബുകളുടെ ആരംഭത്തോടുകൂടിയാണ്‌ ക്രിക്കറ്റിന്റെ അടിസ്ഥാന മേഖലകളിലും, ഘടനയിലും ഒരു മാറ്റം വന്നു തുടങ്ങിയത്. നവീനകാല ക്ലബ്ബുകളുടെ തുടക്കം ആരംഭിക്കുന്നത് 1839ൽ തുടക്കം കുറിച്ച സസെക്സ് ക്ലബ്ബിലൂടെയാണ്‌.

പത്തൊൻപതാം നൂറ്റാണ്ടിലെ മധ്യത്തിലും അവസാനത്തിലും ക്രിക്കറ്റിന്റെ പുരോഗതിയിൽ അക്കാലത്തെ തീവണ്ടി ശൃംഖലകൾക്കുള്ള പങ്ക് കുറവല്ല. വളരെ അകലെയുള്ള പ്രദേശങ്ങളിൽ ക്രിക്കറ്റ് കളിക്കുന്ന അവസരത്തിൽ ടീമംഗങ്ങൾ യാത്രയ്ക് തീവണ്ടിയെയാണ്‌ ആശ്രയിച്ചിരുന്നത്. തീവണ്ടികളിൽ കൂടുതൽ കാണികൾ കളികാണാനും എത്തിയതോടുകൂടി സ്റ്റേഡിയങ്ങളിൽ കാണികളുടെ എണ്ണം മുൻ‌കാലങ്ങളെക്കാൾ കൂടി.

1864 ബൗളിംഗിൽ വന്ന മാറ്റം ഓവർ ആം ബൗളിംഗ് എന്ന രീതിയുടെ കടന്നു വരവിനു കാരണമായി. ഇതേ വർഷം തന്നെ ക്രിക്കറ്റിന്റെ ബൈബിൾ എന്നറിയപ്പെടുന്ന വിസ്ഡൻ ക്രിക്കറ്റേഴ്സ് അൽമനക്ക് (Wisden Cricketers' Almanack) ഗ്രന്ഥം ആദ്യമായി പ്രസിദ്ധപ്പെടുത്തി.

ക്രിക്കറ്റിനു നവീന മുഖഛായ നൽകിയ‌ വില്ല്യം ഗിൽബർട്ട് ഗ്രേസ് തന്റെ ആദ്യ ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത് 1865ലാണ്‌. ആധുനിക ബാറ്റിംഗിലെ പല തന്ത്രങ്ങളും ആവിഷ്ക്കരിച്ചത് ഗ്രേസാണ്‌. ഗേസിന്റെ കളിമികവുകൾ ക്രിക്കറ്റിന്റെ ജനപ്രീതി ഈ കാലയളവിൽ കൂടാൻ സഹായകരമായി.

അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ആരംഭം തിരുത്തുക

 
ആദ്യ ഓസ്ട്രേലിയൻ ടൂറിംഗ് ടീം (1878) നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപം

ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടന്നത് യു.എസ്.എ.യും കാനഡയും തമ്മിൽ 1844ലാണ്‌. ന്യൂയൊർക്കിലെ സെന്റ്. ജോർജ്ജ് ക്രിക്കറ്റ് ക്ലബ്ബിലായിരുന്നു ഈ മത്സരം നടന്നത്.[11]

ഇംഗ്ലണ്ടിന്റെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർ 1859ൽ വടക്കേ അമേരിക്കയിലേക്കായിരുന്നു. അതു പോലെ ഇംഗ്ലണ്ടിന്റെ ആദ്യ ഓസ്ട്രേലിയൻ ടൂർ 1862ൽ നടന്നു. 1868 മേയിലും ഒക്ടോബറിലുമായി ഓസ്ട്രേലിയ ഇംഗ്ഗണ്ടിൽ എത്തി. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ അന്താരാഷ്ട്ര യാത്ര ഇതാണ്‌.

1877ൽ ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ഓസ്ട്രേലിയൻ പര്യടനത്തിൽ ഓസ്ട്രേലിയൻ XI എതിരെ രണ്ട് മത്സരങ്ങൾ കളിച്ചു. ഈ മത്സരങ്ങളാണ്‌ ടെസ്റ്റ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരങ്ങളായി കണക്കാക്കുന്നത്. ഇതിന്റെ അടുത്ത വർഷം ഓസ്ട്രേലിയൻ ടീം ഇംഗ്ലണ്ടിൽ നടത്തിയ പര്യടനം വിജയകരമായിരുന്നു. പക്ഷേ ഈ പര്യടനത്തിൽ ടെസ്റ്റ് മത്സരങ്ങൾ ഒന്നും തന്നെ കളിച്ചിരുന്നില്ല. എന്നാൽ അധികം താമസിയാതെ തന്നെ ഓവലിൽ ആഷസ് മത്സരങ്ങളുടെ തുടക്കം 1882ൽ നടന്നു. 1889ൽ മൂന്നാമത്തെ ടെസ്റ്റ് പദവിയുള്ള രാജ്യമായി ദക്ഷിണാഫ്രിക്ക.

ദേശീയ ചാമ്പ്യൻഷിപ്പുകൾ തിരുത്തുക

ക്രിക്കറ്റിന്റെ ചരിത്രത്തിലെ എടുത്ത് പറയത്തക്കതായ ഒരു അധ്യായമായിരുന്നു 1890ൽ ഇംഗ്ലണ്ടിൽ വച്ചു നടന്ന ഔദ്യോഗിക രാജ്യാന്തര ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്. പിന്നീട് ഇത്തരം സം‌രഭങ്ങൾ മറ്റു രാജ്യങ്ങളിലും ആരംഭിച്ചു. ഓസ്ട്രേലിയയിൽ ഷെഫീൽഡ് ഷീൽഡ്(Sheffield Shield) 1892–93 കാലത്ത് ആരംഭിച്ചു. മറ്റു രാജ്യങ്ങളിൽ തദ്ദേശീയമായി തുടങ്ങിയ ചില ചാമ്പ്യൻഷിപ്പുകൾക്കുദാഹരണം ദക്ഷിണാഫ്രിക്കയിലെ ക്യൂറി കപ്പും(Currie Cup), ന്യൂസീലന്റിലെ പ്ലങ്കറ്റ് ഷീൽഡും(Plunkett Shield) ഇന്ത്യയിലെ രഞ്ജി ട്രോഫിയും.

1890 മുതൽ ഒന്നാം ലോക മഹായുദ്ധത്തിന്റെ ആരംഭം വരെ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളാം സുവർണ്ണ കാലഘട്ടമായിരുന്നു, ഈ സമയത്തായിരുന്നു കളിക്കാർ ക്രിക്കറ്റിന്റെ ആത്മാവ് അറിഞ്ഞുകൊണ്ട് കളിച്ചത്. പക്ഷേ ഈ സൗഹാർദ്ദ അന്തരീക്ഷം ഒന്നാം ലോക മഹായുദ്ധത്തോടെ ക്രിക്കറ്റിനു നഷ്ടപെട്ടു. ഈ കാലഘട്ടന്റെ ക്രിക്കറ്റിന്റെ സുവർണ്ണ കാലഘട്ടം എന്നാണ്‌ അറിയപ്പെടുന്നത്. ഈ കാലത്തെ പ്രാഗൽഭരായ ചില കളിക്കർ ഗ്രേസ്, വിൽഫ്രെഡ് റോഡ്സ്‌, സി. ബി. ഫ്രൈ, കെ. എസ്. രഞ്ജിത് സിഞ്ജി, വിക്റ്റർ ട്രമ്പർ എന്നിവരായിരുന്നു.

ഒരൊവറിലെ പന്തുകൾ തിരുത്തുക

ആദ്യകാലങ്ങളിൽ ക്രിക്കറ്റിൽ ഒരോവറിൽ നാലു പന്തുകളായിരുന്നു എറിഞ്ഞിരുന്നത്, ഇതിന്‌ ആദ്യമായി മാറ്റം വന്നത് 1889ലാണ്‌. 1889ൽ നാലു പന്തുകളുടെ സ്ഥാനത്ത് അഞ്ച് പന്തുകൾ എറിഞ്ഞുതുടങ്ങി. ഇപ്പോഴത്തെപ്പോലെ ഒറൊവറിൽ ആറ് പന്തുകൾ കൊണ്ടു വന്നത് 1900ലാണ്‌. എന്നാലും ചില രാജ്യങ്ങളിൽ ഒരോവറിൽ എട്ടു പന്തുകൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും നടത്തിയിരുന്നു. 1922ൽ ഓസ്ട്രേലിയയിൽ മാത്രം ഒരോവറിൽ എറിയുന്ന പന്തുകളുടെ എണ്ണം ആറിൽ നിന്നും എട്ടാക്കി. ഈ മാറ്റം 1924ലോടെ ന്യൂസിലാന്റിലും 1937ഓടെ ദക്ഷിണാഫ്രിക്കയിലും എത്തി. ഇംഗ്ലണ്ടിൽ പരിക്ഷണാടിസ്ഥാനത്തിൽ ആറു പന്തിൽ നിന്നും എട്ടു പന്തിലേക്ക് ഒരു മാറ്റം 1939ലെ സീസണിൽ നടപ്പാക്കി; ഈ പരീക്ഷണം 1940 വരെ തുടർന്നു. എന്നാൽ രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചതോടുകൂടി ഇംഗ്ലണ്ടിൽ ക്രിക്കറ്റ് കളി നിർത്തി വച്ചു. യുദ്ധം അവസാനിച്ച് ക്രിക്കറ്റ് പിന്നീട് ആരംഭിച്ചപ്പോൾ ഒരോവറിൽ ആറ് പന്തുകൾ എന്ന രീതി ആണ്‌ പിന്തുടർന്നത്. 1947 ക്രിക്കറ്റിന്റെ നിയമം ഒരോവറിലെ പന്തുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ കളിയുടെ സന്ദർഭം അനുസരിച്ച് ആറോ എട്ടോ ആക്കാം എന്ന് അനുവദിച്ചു. 1979/80 മുതൽക്ക് ഓസ്ട്രേലിയൻ, ന്യൂസിലന്റ് ക്രിക്കറ്റിലും ആറ് പന്തുകളാണ്‌ എറിയുന്നത്. ക്രിക്കറ്റ് നിയമം ഒറൊവറിലെ പന്തുകളുടെ എണ്ണം ആറായി പരിമിതപ്പെടുത്തിയത് 2000ലാണ്‌.

ഇരുപതാം നൂറ്റാണ്ടിൽ തിരുത്തുക

ടെസ്റ്റ് ക്രിക്കറ്റിന്റെ വളർച്ച തിരുത്തുക

ഇമ്പീരിയൽ ക്രിക്കറ്റ് കോൺഫറൻസ് 1909ൽ സ്ഥാപിതമായപ്പോൾ ഇംഗ്ലണ്ടും, ഓസ്ട്രേലിയയും, ദക്ഷിണാഫ്രിക്കയും ആയിരുന്നു അംഗങ്ങൾ. ഇന്ത്യയും, വെസ്റ്റ് ഇൻഡീസും, ന്യൂസീലാന്റും രണ്ടാം ലോക മഹായുദ്ധത്തിനു മുൻപ് ഇമ്പീരിയൽ ക്രിക്കറ്റ് കോൺഫറൻസിൽ അംഗത്വം നേടിയ മറ്റു രാജ്യങ്ങളാണ് പാകിസ്താൻ പിന്നീടാണ് അംഗത്വം എടുക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൽ അന്താരാഷ്ട്ര മത്സരങ്ങളുടെ എണ്ണം കൂടികയും അഫിലിയേറ്റ് ചെയ്ത രാജ്യങ്ങളിൽ നിന്നും പല രാജ്യങ്ങൾക്കും ടെസ്റ്റ് പദവി ലഭിച്ചു. ശ്രീലങ്ക, ബംഗ്ലാദേശ്, സിംബാബ്‌വെ എന്നിവയാണ് ഏറ്റവും ഒടുവിൽ അംഗത്വം നേടിയ രാജ്യങ്ങൾ.

കായികരംഗത്ത് ഏറ്റവും ഉന്നത നിലവാരം ടെസ്റ്റ് ക്രിക്കറ്റ് ഇരുപതാം നൂറ്റാണ്ടിൽ നിലനിർത്തിപോന്നിരുന്നെങ്കിലും ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഒന്നാണ് 1932–33 കാലത്ത് കുപ്രസിദ്ധമായ ബോഡിലൈൻ സീരീസ്. ഓസ്ട്രേലിയൻ ബാറ്റ്സ്മാനായ ബ്രാഡ്മാന്റെ സ്കോറിംഗ് നിയന്ത്രിക്കാൻ വേണ്ടി ഇംഗ്ലണ്ട് ബൌളറായ ഡഗ്ല്സ് ജാർഡീന്റെ ലെഗ് തിയറിയും വിമർ‌ശന വിധേയമായിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയെ പുറത്താക്കുന്നു (1970–91) തിരുത്തുക

അന്താരാഷ്ട്ര ക്രിക്കറ്റ് സമൂഹം നേരിട്ട ഏറ്റവും വല്ലിയ ഒരു പ്രതിസന്ധി ഘട്ടം വർണ്ണവിവേചനമായിരുന്നു. ദക്ഷിണാഫ്രിക്കയിലുണ്ടായ ഈ വർഗ്ഗീകരണ നയം അപ്പാർത്തീഡ് എന്നാണറിയപ്പെട്ടിരുന്നത്. സാഹചര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായതിനാൽ 1961-ൽ ദക്ഷിണാഫ്രിക്കയെ കോമൺ‌വെൽത്തിൽനിന്നും പുറത്താക്കി. അന്താരാഷ്ട്ര ക്രിക്കറ്റ് സമൂഹവും ഇത്തരം വിവേചനങ്ങൾക്കെതിരായിരുന്നു. ക്രിക്കറ്റിനെ ഇത്തരം വിവേചനങ്ങൾക്കെതിരെ തീവ്രമാക്കിയത് 1968 ൽ ദക്ഷിണാഫ്രിക്കയിൽ വച്ച് നടത്താനിരുന്ന ഇംഗ്ലണ്ട് ടീമിന്റെ പര്യടനം ദക്ഷിണാഫ്രിക്കൻ മാമൂലുകൾ റദ്ദ് ചെയ്തതാണ്. ബയ്സിൽ ഡി ഒലിവേറിയ എന്ന കറുത്ത വർഗ്ഗക്കരാനെ ഇംഗ്ലീഷ് ടീമിൽ എടുത്തതാണ് ദക്ഷിണാഫ്രിക്കക്കാർ പര്യടനം റദ്ദ് ചെയ്യാനുള്ള കാരണം. ഈ സംഭവങ്ങളെ തുടർന്ന് 1970ൽ അന്താരാഷ്ട്ര ക്രിക്കറ്റ് സമൂഹം ദക്ഷിണാഫ്രിക്കയെ അനന്തകാലത്തേക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പുറത്താക്കി. ഇതിലെ വിരോധാഭാസം ആ കാലത്തെ ലോകത്തിലെ ഏറ്റവും മികച്ച ടീമായിരുന്നു ദക്ഷിണാഫ്രിക്ക.

ടീമിലെ മികച്ച കളിക്കാർക്ക് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു വേണ്ടി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ആക്കാലത്ത് കൂടുതൽ മുതൽ മുടക്കി മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇത്തരം മത്സരങ്ങളെ ‘’റിബൽ ടൂറുകൾ’‘ എന്നാണറിയപ്പെട്ടിരുന്നത്. ഇങ്ങനെ റിബൽ ടീമിനു വേണ്ടി കളിക്കാൻ അന്താരാഷ്ട്രകളിക്കാർക്ക് കൂടുതൽ തുക വാഗ്ദാനം ചെയ്യപെടുകയുണ്ടായി. എന്നാൽ ഇത്തരം റിബൽ ടൂറുകളിൽ കളിയ്കാൻ പോയ എല്ലാ കളിക്കാരെയും അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി കരിമ്പട്ടികയിൽ ഉൾക്കൊള്ളിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിലക്കി. എന്നിരുന്നാലും സാമ്പത്തികമായി താഴെയുള്ള പല ക്രിക്കറ്റ് കളിക്കാരും ദക്ഷിണാഫ്രിക്കൻ ബോർഡിന്റെ ഈ സംരംഭത്തിൽ ആകൃഷ്ഠരായി ക്ഷണം സ്വീകരിച്ചു. പ്രത്യേകിച്ചും ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാൻ തയ്യാറയിരുന്ന പ്രായംകൂടിയ കളിക്കാരെ ഈ പ്രശ്നങ്ങൾ കാര്യമായി ബാധിച്ചില്ല.

റിബൽ ടൂറുകൾ 1980കളിലും ദക്ഷിണാഫ്രിക്കയിൽ തുടർന്നുകൊണ്ടിരുന്നു.ഇക്കാല്ല്തെ ഇവിടുത്തെ രാഷ്ട്രീയത്തിൽ നിന്നും മനസ്സിലാക്കൻ കഴിയുന്നത് അപ്പാർത്തീഡിന്റെ അവസാനം ആഗതമാകുന്നതാണ്. ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ വർണ്ണ വിവേചനമില്ല. നെത്സൺ മണ്ടേലയുടെ നേതൃത്തത്തിലുള്ള പുതിയ സർക്കാറിനെ കായിക ലോകം 1991ൽ സ്വാഗതം ചെയ്തു.

ലോക സീരീസ് മത്സരങ്ങൾ തിരുത്തുക

1970കളിൽ ക്രിക്കറ്റ് നേരിട്ട മറ്റൊരു പ്രതിസന്ധി മികച്ച കളിക്കാരുറ്റെ വേതനക്കുറവാണ്‌. ഇതിന്റെ പ്രധാന കാരണമായി ചൂണ്ടികാട്ടുന്നത് ഓസ്ട്രേലിയയിലെ മാധ്യമ രാജാവായ കെറി പാർക്കറും ഓസ്ട്രേലിയൻ ക്രിക്കറ്റുബോർഡും തമ്മിൽ ടിവി സം‌പ്രേക്ഷണത്തേ പറ്റിയുള്ള ഉരസലായിരുന്നു.ഇതിന്‌ പ്രതികാരമായി താരങ്ങളുടെ വേതനക്കുറവ് മുതലെടുത്തുകൊണ്ട് പാർക്കർ മികച്ച കളിക്കാരെയുൾപ്പെടുത്തി അന്താരാഷ്ട്രക്രിക്കറ്റിന്റെ അധികാര പരിധിയിലുൾപ്പെടാത്ത പല മത്സരങ്ങളും സംഘടിപ്പിച്ചു. ലോകസീരിസിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വിലക്കിയ പല കളിക്കാരയും ഉൾക്കൊള്ളിച്ചു. ഇത് വിലക്കിലുള്ള ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് തങ്ങളുടെ കഴിവ് അന്താരാഷ്ട്ര തലത്തിൽ പ്രകടപ്പിക്കാനുള്ള വേദി കൂടിയായി. പക്ഷേ ഈ സം‌രംഭം 1979 വരെ നിലനിന്നൊള്ളു, അതിനു കാരണം കരിമ്പട്ടികയിലുൾപ്പെടുത്തിയ കളിക്കാരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ മടക്കി വിളിച്ചതാണ്‌. ലോകസീരീസ് മത്സരങ്ങളുടെ സംഭാവന കളിക്കാർക്ക് ഉയർന്ന വേതനം, രാത്രികാല ക്രിക്കറ്റ് മത്സരങ്ങൾ, ബഹു വർണ്ണ ജേഴ്സികൾ എന്നിവയാണ്‌.

പരിമിത ഓവർ ക്രിക്കറ്റ് തിരുത്തുക

1960കളിൽ ഇംഗ്ലണ്ടിലെ കൗണ്ടി ടീമുകൾ പുതിയ ഒരു തരം ക്രിക്കറ്റിനു തുടക്കം കുറിച്ചു, രണ്ടിനു പകരം ഒരിന്നിം‌ഗ്സും ഇന്നിംഗ്‌സിലെ ഓവറുകളുടെ എണ്ണവും നിജപ്പെടുത്തി. 1963ൽ നോക്കൗട്ട് മത്സര രീതിയിൽ സംഘടിപ്പിച്ച പുതിയ ക്രിക്കറ്റിന്‌ വളരെപ്പെട്ടെന്നു തന്നെ ജനശ്രദ്ധ ലഭിച്ചു. 1969ൽ ഒരു ദേശീയ ലീഗ് തുടങ്ങി, ഇത് അതു വരെയുണ്ടായിരുന്ന കൗണ്ടി ചാമ്പ്യൻഷിപ്പുകളുടെ എണ്ണം കുറയ്ക്കാനിടയാക്കി.

പരിമിത ഓവർ കളിക്ക് ജനപ്രീതി കൂടിയെങ്കിലും ട്രഡിഷണൽ ആരാധകർ ക്രിക്കറ്റിന്റെ ഈ ചെറിയ രൂപത്തെ ശക്തമായെതിർത്തു. പരിമിത ഓവർ ക്രിക്കറ്റിന്റെ മേന്മ ഒരു ദിവസം കൊണ്ട് കളിയുടെ ഫലം അറിയാം എന്നുള്ളതായിരുന്നു. അതുപോലെ തന്നെ ചെറുപ്പക്കാരിലും, തിരക്ക് കൂടിയ ആൾക്കാരിലും സ്വാധീനം ചെലുത്താനായി. ഇതിനെല്ലാമുപരി ഒരു വ്യാവസായിക വിജയം ഉണ്ടാക്കാൻ കഴിഞ്ഞുവെന്നുള്ളതാണ്‌.

ആദ്യത്തെ അന്താരഷ്ട്ര ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത് 1971-ൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു. മുൻ കൂട്ടി തീരുമാനിച്ച് ഒരു മത്സരമല്ലയിരുന്നു മറിച്ച് ആദ്യ ദിനങ്ങളിലെ മഴയെത്തുടർന്ന് ഉപേക്ഷിക്കേണ്ടി വന്ന ഒരു ടെസ്റ്റ് മത്സരത്തിന്റെ സമയം കൊല്ലിയായി നടത്തിയതാണ്‌. ഒരു പരീക്ഷണാടിസ്ഥാനത്തിലും കളിക്കരുടെ കായിക പരിശീലനത്തിനുമായി നടത്തിയ ഒരു പരിശീലന മത്സരമായിരുന്നു ഇത്, എങ്കിൽക്കൂടിയും വളരെ ജനശ്രദ്ധ നേടാൻ കഴിഞ്ഞു. അങ്ങനെ പരിമിത ഓവർ ക്രിക്കറ്റിന്റെ വളർച്ച ത്വരിത ഗതിയിലായിരുന്നു.ഈ പരിമിത ഓവർ കളിയാണ്‌ പ്രശസ്തമായ ഏകദിന ക്രിക്കറ്റ് (Limited overs internationals-LOIs or One-day Internationals-ODIs). ഏകദിന ക്രിക്കറ്റിന്റെ വരവോടുകൂടി കൂടുതൽ ആൾക്കാർക്ക്‌ കളികാണാൻ സാധിച്ചു. പ്രത്യേകിച്ചും തിരക്ക് കൂടിയ ആൾക്കാർക്ക് പലരും ഒരു ദിവസം മാത്രമുള്ള കളികാണാൻ തുടങ്ങി. അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി ക്രിക്കറ്റിന്റെ പുതിയ രൂപത്തെ വരവേറ്റത് ലോകകപ്പ് മത്സരങ്ങളിലൂടെയായിരുന്നു. ടെസ്റ്റ് കളിക്കുന്ന എല്ലാ ടീമുകളേയും ഉൾക്കൊള്ളിച്ചു കൊണ്ട് നടന്ന ആദ്യ ലോകകപ്പ് 1975-ൽ ഇംഗ്ലണ്ടിൽ നടന്നു. ലോഡ്സിൽ നടന്ന കലാശക്കളിയിൽ വെസ്റ്റ് ഇൻഡീസ് ആദ്യ ലോകകപ്പ് ജേതാക്കളായി.

സാങ്കേതിക വിദ്യകളുടെ ഉപയോഗങ്ങൾ തിരുത്തുക

ക്രിക്കറ്റിൽ ടിവിയുടെ സ്വാധീനം വളരെ ഉയർന്നതായിരുന്നു. ക്രിക്കറ്റ് ടെലിവിഷനിൽ സം‌പ്രേക്ഷണം ചെയ്തതിലൂടെ ലോകത്തിന്റെ വിവിധ മേഖലകളിൽ പ്രചരിച്ചു. സാങ്കേതിക വിദ്യയുടെ പ്രയോഗങ്ങൾ ആദ്യമായി അവതരിപ്പിച്ചത് ഏകദിന ക്രിക്കറ്റിലാണ്‌. ആദ്യം സം‌പ്രേക്ഷണം ചെയ്തതു ഏകദിന മത്സരങ്ങളായിരുന്നു, പിന്നീട് ടെസ്റ്റ് മത്സരങ്ങളും സം‌പ്രേക്ഷണം ചെയ്തു. നൂതന സാങ്കേതിക വിദ്യയിലൂടെ ആഴത്തിലുള്ള സ്ഥിതി വിവര കണക്കുകളും ചിത്രങ്ങൾ ഉപയോഗിച്ചുള്ള അവതരണ രീതിയും കൈ വന്നു. ഇതിനു സഹായകരമായത് വിക്കറ്റിൽ സ്ഥാപിക്കാൻ സാധ്യമായ ചെറിയ ക്യാമറകളുടെ വരവായിരുന്നു. ഗ്രൗണ്ടിന്റെ നാനാ ഭാഗത്തും ക്യാമറകൾ സ്ഥാപിക്കുക വഴി ഒരു ഷോട്ട് പല കോണിൽ കൂടിക്കാണാൻ പേക്ഷകർക്കായി. കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള വിശകലന വിദ്യകളിലൂടെ അമ്പയറുടെ തീരുമാനം ന്യായമാണോ എന്ന് മൻസ്സിലാക്കൻ പേക്ഷകർക്ക് കഴിഞ്ഞു. സാങ്കേതിക വിദ്യ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഒരു കായിക ഇനമാണ്‌ ഇന്ന് ക്രിക്കറ്റ്. സാങ്കേതിക വിദ്യ സഹാത്തോടെ തീരുമാനം എടുക്കുന്ന അമ്പയറാണ്‌ മൂന്നാം അമ്പയർ.

1992ലാണ്‌ റണ്ണൗട്ടുകൾ പോലെ സംശയം ജനിപ്പിക്കുന്ന വിധികൾ മുന്നാം അമ്പയർക്ക് കൊടുക്കുന്ന രീതി ആദ്യമായി കൊണ്ടുവരുന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തിലാണ്‌ ആദ്യമായി മൂന്നാം അമ്പയറെ പരീക്ഷിച്ചത്. റണ്ണൗട്ടുകൾ കൂടാതെ, സ്റ്റമ്പിം‌ഗ്, ക്യാച്ചുകൾ, ബൗണ്ടറി മുതലായവയിൽ സംശയം ഉണ്ടെങ്കിൽ മൂന്നാം അമ്പയർക്ക് വിട്ടുകൊടുക്കാറുണ്ട്. എന്നിരുന്നാലും എൽ. ബി. ഡബ്ല്യൂ മൂന്നാം അമ്പയറിന്‌ വിട്ടുകൊടുക്കാറില്ല. ഹാക്-ഐ (Hawk-Eye) എന്ന നൂതന വിദ്യയിലൂടെ പന്തിന്റെ ദിശ മനസ്സിലാക്കൻ കഴിയും.

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ തിരുത്തുക

കളിക്കാരുടെ എണ്ണം, കാണികൾ, നിരൂപകർ, മാധ്യമ താല്പ്പര്യം എന്നിവ വച്ചു നോക്കുമ്പോൾ ഇന്ന് ക്രിക്കറ്റ് ലോകത്തിലെ മികച്ച ഒരു കായിക ഇനമാണ്‌.

കൂടുതൽ ടീമുകളെ ടെസ്റ്റ് ക്രിക്കറ്റിലേക്കാകർഷിക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി പല പദ്ധതികളുമായ് മുന്നോട്ട് പോകുന്നു. പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളെയാണ്, മറ്റൊരു രാജ്യം അമേരിക്കയാണ്. 2004-ൽ ഐ. സി. സി. ആരംഭിച്ച ഇന്റർകോണ്ടിനെന്റൽ കപ്പ് 12 രാജ്യങ്ങളിൽ ആദ്യമായി ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റ് കൊണ്ടുവന്നു.

ജൂൺ മാസം 2001 അന്താരഷ്ട്ര ക്രിക്കറ്റ് സമിതി ടെസ്റ്റ് ചാമ്പ്യൻഷിപ് എന്ന് പേരിൽ ടെസ്റ്റ് റാങ്കിം‌ഗും ഒക്ടോബർ 2002 ഏകദിന റാങ്കിം‌ഗും കൊണ്ടുവന്നു. 2000 ആണ്ടുകളിൽ ഏറ്റവും കൂടുതൽ തവണ രണ്ട് പട്ടികകളിലും ഒന്നാം സ്ഥാനം നിലനിർത്തിയത് ഓസ്ട്രേലിയയാണ്‌.

ക്രിക്കറ്റിന്റെ ഏറ്റവും ആധുനിക മായ രൂപമാണ്‌ ട്വന്റി20 ക്രിക്കറ്റ്‌. ഇതര സംഘകായിക വിനോദങ്ങളുടേതുപോലെ മത്സരദൈർഘ്യം ചുരുക്കി ക്രിക്കറ്റിനെ കൂടുതൽ ജനകീയമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ട്വന്റി20 മത്സരങ്ങൾ സംഘടിപ്പിച്ചു തുടങ്ങിയത്. 2007 സെപ്റ്റംബറിൽ ഐ.സി.സി. ദക്ഷിണാഫ്രിക്കയിൽ വച്ച് ആദ്യ ട്വന്റി20 ലോകകപ്പ് സംഘടിപ്പിച്ചു. ആദ്യ തവണ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് നേടിയത് ഇന്ത്യയാണ്‌. ബി.സി.സി.ഐ.ക്കു കീഴിൽ നടക്കുന്ന ഒരു ട്വന്റി20 ക്രിക്കറ്റ് പരമ്പരയാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഇതിലെ ആദ്യ പരമ്പര 2008 ഏപ്രിൽ 18ന് ആരംഭിച്ചു.[12][13][14][15]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 "From Lads to Lord's; The History of Cricket: 1300–1787". Archived from the original on 2011-06-29. Retrieved 2010-07-09.
  2. 2.0 2.1 Derek Birley, A Social History of English Cricket, Aurum, 1999
  3. Middle Dutch was the language in use in Flanders at the time.
  4. 4.0 4.1 4.2 Rowland Bowen, Cricket: A History of its Growth and Development, Eyre & Spottiswoode, 1970
  5. 5.0 5.1 5.2 5.3 5.4 5.5 5.6 H S Altham, A History of Cricket, Volume 1 (to 1914), George Allen & Unwin, 1962
  6. 6.0 6.1 6.2 Timothy J McCann, Sussex Cricket in the Eighteenth Century, Sussex Record Society, 2004
  7. UK CPI inflation numbers based on data available from Measuring Worth: UK CPI.
  8. The official laws of cricket
  9. F S Ashley-Cooper, At the Sign of the Wicket: Cricket 1742–1751, Cricket Magazine, 1900
  10. Arthur Haygarth, Scores & Biographies, Volume 1 (1744–1826), Lillywhite, 1862
  11. "United States of America v Canada". CricketArchive. Retrieved 2008-09-06.
  12. How will the IPL change cricket? BBC News 17th April 2008
  13. Cricket's new order BBC News 29 February 2008
  14. Stars come out as the eyes of the cricket world switch to Bangalore The Guardian April 18, 2008
  15. Test nations must act or lose players Archived 2012-12-08 at Archive.is The Australian April 18, 2008

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

കൂടുതൽ വായനയ്ക്ക് തിരുത്തുക

  • H S Altham, A History of Cricket, Volume 1 (to 1914), George Allen & Unwin, 1962
  • Derek Birley, A Social History of English Cricket, Aurum, 1999
  • Rowland Bowen, Cricket: A History of its Growth and Development, Eyre & Spottiswoode, 1970
  • Wisden Cricketers Almanack (annual): various editions