ക്രിക്കറ്റ് നിയമങ്ങൾ
ക്രിക്കറ്റ് കളിയുടെ അടിസ്ഥാന ശിലകളാണ് ക്രിക്കറ്റ് നിയമങ്ങൾ. ലോകമെമ്പാടും കളിക്കുന്ന അംഗീകൃത ക്രിക്കറ്റ് മത്സരങ്ങളെ അദൃശ്യമായി നിയന്ത്രിക്കുന്നത് ക്രിക്കറ്റ് നിയമങ്ങളാണ്. ഇംഗ്ലണ്ടിലെ മെരിലെബോൺ ക്രിക്കറ്റ് ക്ലബ്ബാണ് ക്രിക്കറ്റ് നിയമങ്ങളെ രൂപീകരിച്ചെടുത്തത്. കാലാനുസൃതമായ വിവിധ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ടെങ്കിലും ക്രിക്കറ്റ് നിയമങ്ങൾ അന്തിമമായി പഴയ ചട്ടക്കൂടിൽ തന്നെയാണ് നിലനിൽക്കുന്നത്. ക്രിക്കറ്റ് നിയമങ്ങളെ അടിസ്ഥാനപരമായി 8 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
ക്രിക്കറ്റ് നിയമങ്ങൾ
തിരുത്തുകകളിക്കാരെയും ഒഫീഷ്യലുകളെയും സംബന്ധിക്കുന്നത്
തിരുത്തുക- നിയമം 1: കളിക്കാർ
ഒരു ക്രിക്കറ്റ് ടീം ക്യാപ്റ്റനുൾപ്പടെ 11 കളിക്കാർ ഉൾപ്പെട്ടതാണ്. എന്നിരുന്നാലും ഔദ്യോഗികമല്ലാത്ത മത്സരങ്ങളിൽ ടീമുകൾ തമ്മിലുള്ള ധാരണപ്രകാരം പതിനൊന്നിലേറെ കളിക്കാരെ ഒരു ടീമിൽ ഉൾപ്പെടുത്താൻ കഴിയും, എന്നാൽ പതിനൊന്നിലേറെ കളിക്കാർക്ക് ഒരു സമയം ഫീൽഡിൽ ഇറങ്ങാൻ സാധിക്കില്ല.
- നിയമം 2: പകരം കളിക്കാർ (സബ്സ്റ്റിറ്റ്യൂട്ടുകൾ)
കളിക്കിടെ പരിക്കേൽക്കുന്ന ഫീൽഡറിന് പകരമായി സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറെ ഇറക്കാവുന്നതാണ്. എന്നാൽ അങ്ങനെയിറങ്ങുന്ന സബ്സ്റ്റിറ്റ്യൂട്ടുകൾക്ക് ബാറ്റിങ്ങും, ബോളിങ്ങും ചെയ്യാനോ, വിക്കറ്റ് കീപ്പറാകാനോ, ക്യാപ്റ്റൻസി ഏറ്റെടുക്കാനോ അവകാശമില്ല. പരിക്കേറ്റ ഫീൽഡർ പരിക്ക് ഭേദമായെങ്കിൽ തിരിച്ചെത്തേണ്ടതാണ്. പരിക്ക് മൂലം ഓടാൻ കഴിയാത്ത ബാറ്റ്സ്മാന് പകരം ഓടാനായി റണ്ണറെ ഏർപ്പെടുത്താം എന്ന നിയമം ഐസിസി നിർത്തലാക്കി
- നിയമം 3: അമ്പയർമാർ
ഒരു ക്രിക്കറ്റ് മത്സരത്തിൽ 2 അമ്പയർമാരാണ് ഫീൽഡിൽ ഉണ്ടാകേണ്ടത്. ക്രിക്കറ്റ് നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതും, ആവശ്യമായ തീരുമാനങ്ങൾ എടുക്കുന്നതുമെല്ലാം അമ്പയർമാരുടെ ജോലിയാണ്. ക്രിക്കറ്റ് നിയമങ്ങൾ പ്രകാരം നിർബന്ധമില്ലെങ്കിലും വലിയ മത്സരങ്ങൾക്ക് ഫീൽഡ് അമ്പയർമാരെ നിർണായക തീരുമാനങ്ങളെടുക്കാൻ സഹായിക്കാനായി ഒരു മൂന്നാം അമ്പയറിനെയും (ടി.വി. അമ്പയർ) ഫീൽഡിനുപുറത്ത് നിയോഗിക്കാവുന്നതാണ്.
- നിയമം 4: സ്കോറർമാർ
അമ്പയർമാരുടെ ആംഗ്യങ്ങളനുസരിച്ച് സ്കോർ രേഖപ്പെടുത്താനായി 2 സ്കോറർമാരാണ് ഉള്ളത്.
ഉപകരണങ്ങളെയും ക്രിക്കറ്റ് പിച്ച് രൂപരേഖയേയും സംബന്ധിക്കുന്നത്
തിരുത്തുക- നിയമം 5: ബോൾ
ഒരു ക്രിക്കറ്റ് ബോളിന് 22.4 മുതൽ 22.9 സെന്റിമീറ്റർ വരെ ചുറ്റളവും, 155.9 മുതൽ 163 വരെ ഗ്രാം ഭാരവും ഉണ്ടായിരിക്കണം. ഒരു സമയം ഒരു പന്ത് മാത്രമേ കളിക്ക് ഉപയോഗിക്കുവാൻ പാടുള്ളു. ഏതെങ്കിലും വിധേന ആ പന്ത് നഷ്ടപ്പെട്ടാൽ ആ പന്തിന് തുല്യമായ പഴക്കമുള്ള മറ്റൊരു പന്ത് ഉപയോഗിച്ച് കളി തുടരാം.പന്തിന്റെ പഴക്കവും പെരുമാറ്റവും കളിയെ വളരെയധികം സ്വാധീനിക്കുന്നതിനാലാണ് ഇത്. ഓരോ ഇന്നിങ്സിന്റെയും തുടക്കത്തിൽ പന്ത് മാറ്റുന്നതാണ്. ഫീൽഡിങ് ടീമിന്റെ അഭ്യർത്ഥന പ്രകാരം ആവശ്യമെങ്കിൽ അമ്പയർക്ക് പന്ത് മാറ്റാവുന്നതാണ്. ഏകദിനത്തിൽ 34ഉം, ടെസ്റ്റിൽ 80ഉം ഓവറുകൾ കഴിയുമ്പോൾ പന്ത് മാറ്റാവുന്നതാണ്.
- നിയമം 6: ബാറ്റ്
ക്രിക്കറ്റ് ബാറ്റിന് 97 സെന്റിമീറ്ററിലധികം നീളവും, 10.8 സെന്റിമീറ്ററിലധികം വീതിയും അനുവദനീയമല്ല. ബാറ്റ് പിടിച്ചിരിക്കുന്ന കൈയ്യും, ഗ്ലൗവും ബാറ്റിന്റെ തന്നെ ഭാഗമായി കണക്കാക്കും. ബാറ്റിന്റെ ബ്ലേഡ് (അടിക്കുന്ന വശം) തീർത്തും തടിയുപയോഗിച്ചുള്ളതാകണം. ലോഹങ്ങൾ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ബാറ്റ് കളിക്ക് ഉപയോഗിക്കാൻ പാടില്ല.
- നിയമം 7: പിച്ച്
ദീർഘചതുരാകൃതിയിൽ 22 യാർഡ് (20.12 മീറ്റർ) നീളവും, 10 അടി (3.05 മീറ്റർ) വീതിയുമുള്ള ക്രിക്കറ്റ് ഗ്രൗണ്ടിന്റെ മധ്യത്തിലായി വരുന്ന ഒരു ഭാഗമാണ് പിച്ച്. സാധാരണയായി പ്രൊഫഷണൽ ക്രിക്കറ്റ് മത്സരങ്ങളിൽ ഗ്രാസ് സർഫസിലായിരിക്കും കളി നടക്കുക. ഗ്രൗണ്ട് അതോറിറ്റികൾക്ക് തന്നെ അതത് ഗ്രൗണ്ടിലെ പിച്ച് തിരഞ്ഞെടുക്കാനും,നിർമ്മിക്കാനും,ഒരുക്കാനും അനുവാദമുണ്ട്. എന്നാൽ മത്സരം തുടങ്ങിക്കഴിഞ്ഞ ശേഷം പിച്ചിൽ എന്ത് ചെയ്യണം എന്ന് തീരുമാനിക്കാനുള്ള അവകാശം അമ്പയർക്ക് മാത്രമാണ്. പിച്ച് കളിക്കുവേണ്ടി അനുയോജ്യമാണോ എന്ന് പരിശോധിക്കുന്നതും അമ്പയർമാരാണ്. പിച്ച് കളിക്കുവേണ്ടി യോഗ്യമല്ലെങ്കിൽ ഇരു ക്യാപ്റ്റന്മാരുടെയും അനുവാദത്തോടെ പിച്ച് മാറ്റാനും അമ്പയർക്ക് കഴിയും.
- നിയമം 8: വിക്കറ്റുകൾ
3 തടി സ്റ്റമ്പുകളും, 2 ബെയ്ലുകളും ഉൾപ്പെട്ടതാണ് ഒരു വിക്കറ്റ്. സ്റ്റമ്പിന് 28 ഇഞ്ച് (71 സെന്റിമീറ്റർ) നീളം ഉണ്ടായിരിക്കും. പിച്ചിന് ലംബമായി വരുന്ന രീതിയിൽ തുല്യ അകലത്തിലായിരിക്കും 3 സ്റ്റമ്പുകളും ഉറപ്പിക്കുന്നത്. സ്റ്റമ്പിന്റെ മുകൾഭാഗത്താണ് 2 ബെയ്ലുകൾ വെക്കുന്നത്. സ്റ്റമ്പിൽ നിന്ന് 1.3 സെന്റിമീറ്ററിൽ അധികം ഉയരത്തിൽ ബെയ്ലുകൾ കാണപ്പെടാൻ പാടില്ല. പുരുഷ ക്രിക്കറ്റിൽ 10.95 സെന്റിമീറ്റർ നീളമുള്ള ബെയ്ലുകളാണ് ഉപയോഗിക്കുന്നത്. വിക്കറ്റുകളെപ്പറ്റിയുള്ള അധിക വിശദീകരണങ്ങൾ ക്രിക്കറ്റ് നിയമങ്ങളിലെ അപ്പെന്റിക്സ് എയിലാണ് പരാമർശിച്ചിരിക്കുന്നത്.
- നിയമം 9: ബൗളിങ്, പോപ്പിങ്, റിട്ടേൺ ക്രീസുകൾ
ക്രീസുകളുടെ സ്ഥാനത്തേക്കുറിച്ചും അളവുകളെക്കുറിച്ചും ക്രിക്കറ്റ് നിയമങ്ങളിൽ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. സ്റ്റമ്പുകളുടെ അതേ നേർ രേഖയിലാണ് ബൗളിങ് ക്രീസ് രേഖപ്പെടുത്തുന്നത്. ഓരോ ബൗളിങ് ക്രീസും 264 സെന്റിമീറ്റർ വീതം നീളമുള്ളതായിരിക്കണം. ബൗളിങ് ക്രീസിന് സമാന്തരമായാണ് പോപ്പിങ് ക്രീസ് അടയാളപ്പെടുത്തുന്നത്. ബൗളിങ് ക്രീസിനെക്കാൾ 120 സെന്റിമീറ്റർ മുൻപിലായാണ് പോപ്പിങ് ക്രീസ് അടയാളപ്പെടുത്തുന്നത്. ബൗളർ പന്തെറിയുമ്പോൾ പോപ്പിങ് ക്രീസിന്റെ പുറത്ത് കാൽ വച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചാണ് മുൻകാൽ നോബോളുകൾ (ഫ്രണ്ട്ഫുട്ട് നോബോൾ) കണ്ടുപിടിക്കുന്നത്. പോപ്പിങ് ക്രീസിന്റെ നീളം സാങ്കല്പികമായി ബൗണ്ടറി ലൈൻ വരെയും തുടരുന്നു. എന്നാൽ സ്റ്റമ്പിന്റെ രണ്ട് വശത്തും ആറടിയെങ്കിലും നീളത്തിൽ പോപ്പിങ് ക്രീസ് അടയാളപ്പെടുത്തിയിരിക്കണം എന്നാണ് ചട്ടം. ബൗളിങ് ക്രീസിനും പോപ്പിങ് ക്രീസിനും കുറുകെയാണ് റിട്ടേൺ ക്രീസ് അടയാളപ്പെടുത്തുന്നത്. പോപ്പിങ് ക്രീസിൽനിന്ന് ആരംഭിച്ച് അനന്തമായി നീണ്ടുപോകുന്ന രേഖയാണിത്. പോപ്പിങ് ക്രീസിൽനിന്ന് 240 സെന്റിമീറ്റർ നീളത്തിലാണ് സ്റ്റമ്പിന് ഇരുവശത്തും റിട്ടേൺ ക്രീസ് അടയാളപ്പെടുത്തുന്നത്.
- നിയമം 10: കളിക്കുന്ന സ്ഥലത്തിന്റെ നിർമ്മാണവും, പരിചരണവും
ക്രിക്കറ്റ് കളിയുടെ ഗതിയെ നിർണയിക്കുന്നതിൽ പിച്ചിന് വലിയ പങ്കുണ്ട്. പന്തിന്റെ ബൗൺസും, സ്വിങ്ങുമെല്ലാം നിർണയിക്കുന്നതിൽ പിച്ച് വലിയ പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ പിച്ചിന്റെ മേൽനോട്ടം സംബന്ധിച്ച് നിയമം അനിവാര്യമാണ്. പിച്ച് ഒരുക്കൽ, റോളിങ്, പരിചരണം തുടങ്ങിയ കാര്യങ്ങൾ എങ്ങനെയാണ് നിർവഹിക്കേണ്ടത് എന്ന് ഈ നിയമത്തിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
- നിയമം 11: പിച്ച് കവർ ചെയ്യൽ (മൂടിയിടുക)
മഴയോ, മഞ്ഞോ ഉണ്ടാകുമ്പോഴാണ് സാധാരണയായി പിച്ച് മൂടിയിടുന്നത്. നനഞ്ഞ പിച്ചിലും ഉണങ്ങിയ പിച്ചിലും പന്തിന്റെ സ്വഭാവം വ്യത്യസ്തമായിരിക്കും എന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. പിച്ച് കവറിങ് നിയന്ത്രണങ്ങൾ ഇരു ക്യാപ്റ്റന്മാരുടെയും സമ്മതത്തോടെ മാത്രമേ നടപ്പിലാക്കാൻ സാധിക്കൂ. ബൗളർ റണ്ണപ്പ് ചെയ്യുന്ന ഗ്രൗണ്ടിന്റെ ഭാഗങ്ങളും മൂടിയിടേണ്ടത് തെന്നിവീഴലുകളും പരിക്കുകളും ഒഴിവാക്കാൻ അത്യന്താപേക്ഷിതമാണ്.
കളിയുടെ ഘടന സംബന്ധിക്കുന്നത്
തിരുത്തുക- നിയമം 12: ഇന്നിങ്സ്
ക്രിക്കറ്റ് മത്സരത്തിന്റെ ദൈർഘ്യം സംബന്ധിച്ചുള്ള ഒരു പദമാണ് ഇന്നിങ്സ്. സാമാന്യമായി ഒരു ടീമിന്റെ ബാറ്റിങ് അല്ലെങ്കിൽ ബൗളിങ്ങ് തുടരുന്ന കാലയളവിനെ ഇന്നിങ്സ് എന്നു പറയാം. ടെസ്റ്റ് മത്സരങ്ങളിൽ ഒരു ടീമിന്റെ പത്തു വിക്കറ്റുകളും നഷ്ടപ്പെടുകയോ, നിശ്ചിത ദിവസങ്ങൾക്കപ്പുറത്തേക്ക് മത്സരം നീളുകയോ, ടീം ഡിക്ലയർ ചെയ്യുകയോ, വിജയം ലക്ഷ്യമാക്കി ബാറ്റു ചെയ്യുന്ന ടീം ആദ്യം ബാറ്റു ചെയ്ത ടീമിന്റെ സ്കോർ മറികടക്കുകയോ ചെയ്യുമ്പോൾ ആ ഇന്നിങ്സ് അവസാനിച്ചതായി കണക്കാക്കും. ഏകദിന മത്സരങ്ങളിൽ 50 ഓവറുകൾ പൂർത്തിയാക്കപ്പെടുകയോ, വിജയം ലക്ഷ്യമാക്കി ബാറ്റു ചെയ്യുന്ന ടീം ആദ്യം ബാറ്റു ചെയ്ത ടീമിന്റെ സ്കോർ മറികടക്കുകയോ, പത്തു വിക്കറ്റുകൾ നഷ്ടപ്പെടുകയോ ചെയ്യുമ്പോൾ ഇന്നിങ്സ് പൂർത്തിയാകുന്നു.
- നിയമം 13: ഫോളോ ഓൺ
ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ ഇന്നിങ്സിൽ ആദ്യം ബാറ്റ് ചെയ്ത ടീമിനെക്കാൾ നിശ്ചിത തോതിൽ കുറവ് റൺസ് സ്കോർ ചെയ്ത, രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനോട് തുടർച്ചയായി അവരുടെ രണ്ടാമത്തെ ഇന്നിങ്സ് കളിക്കാൻ ആദ്യ ടീമിന് ആവശ്യപ്പെടാം. ഇതിനെയാണ് ഫോളോ ഓൺ എന്ന് പറയുന്നത്.
- നിയമം 14: ഇന്നിങ്സ് ഡിക്ലയർ ചെയ്യുക, ഉപേക്ഷിക്കുക
പന്ത് ഡെഡ് ആയിരിക്കുന്ന ഏത് സമയത്തും ബാറ്റിങ്ങ് ടീമിന്റെ ക്യാപ്റ്റന് ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ അനുവാദമുണ്ട്, അതുപോലെ ഇന്നിങ്സ് ആരംഭിക്കുന്നതിന് മുൻപ് ഇന്നിങ്സ് ഉപേക്ഷിക്കാനും ക്യാപ്റ്റന് തീരുമാനമെടുക്കാൻ സാധിക്കും.
- നിയമം 15: ഇടവേളകൾ
ഓരോ ദിവസത്തെയും കളികകൾ തമ്മിൽ ഇടവേളകൾ ഉണ്ട്, ഇത് കൂടാതെ ഇന്നിങ്സ് അവസാനിക്കുമ്പോഴും, ഉച്ചഭക്ഷണസമയത്തും, വെള്ളം കുടിക്കാനുമെല്ലാം ഇടവേളകൾ നൽകാറുണ്ട്. ഇടവേള കളുടെ സമയവും ദൈർഘ്യവും സംബന്ധിച്ച് കളി ആരംഭിക്കുന്നതിനുമുൻപ് തന്നെ ധാരണയിലെത്താറുണ്ട്.
- നിയമം 16: കളി തുടങ്ങൽ, നിർത്തിവെക്കൽ
ഒരു ഇടവേളക്കു ശേഷം കളി ആരംഭിക്കുന്നത് അമ്പയർ പ്ലേ എന്ന് പറഞ്ഞതിന് ശേഷം മാത്രമാണ്, അതുപോലെ "ടൈം" എന്ന് പറഞ്ഞതിനുശേഷമാണ് കളി അവസാനിപ്പിക്കുന്നത്.
- നിയമം 17: ഫീൽഡിലെ പരിശീലനം
കളിതുടങ്ങുന്നതുന് മുൻപോ അവസാനിച്ച് ശേഷമോ മാത്രമേ ഫീൽഡിൽ പരിശീലനം ചെയ്യാൻ കളിക്കാർക്ക് അനുവാദമുള്ളു. അമ്പയറിന്റെ അനുവാദത്തോടെ മാത്രമേ ബൗളർ ട്രയൽ റണ്ണപ് എടുക്കുവാൻ പാടുള്ളു.
സ്കോറിങ്ങും വിജയവും സംബന്ധിക്കുന്നത്
തിരുത്തുക- നിയമം 18: റൺസ് നേടുന്നത്
ഇരു ബാറ്റ്സ്മാന്മാരും സ്വന്തം എൻഡിൽനിന്ന് മറുബാറ്റ്സ്മാന്റെ എൻഡിലേക്ക് ഓടുമ്പോഴാണ് റൺസ് നേടുന്നത്. ഒരേ പന്തിൽനിന്ന് തന്നെ നിരവധി റൺസ് നേടാൻ കഴിയും
- നിയമം 19: ബൗണ്ടറികൾ
ഫീൽഡിന്റെ ചുറ്റും വൃത്താകൃതിയിലാണ് ബൗണ്ടറി ലൈൻ അടയാളപ്പെടുത്തുന്നത്. ബാറ്റ്സ്മാൻ അടിക്കുന്ന പന്ത് ഒന്നോ അതിലധികമോ തവണ ഫീൽഡിൽ കുത്തിയശേഷം ബൗണ്ടറിലൈൻ കടന്നാൽ നാലു റൺസും, ഫീൽഡിൽ സ്പർശിക്കാതെ നേരിട്ട് ബൗണ്ടറി ലൈൻ കടന്നാൽ ആറു റൺസും ബാറ്റ്മാൻ ലഭിക്കുന്നു.
- നിയമം 20: ബോൾ നഷ്ടപ്പെടുക (ലോസ്റ്റ് ബോൾ)
കളിക്കിടെ പന്ത് തിരിച്ചെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ ഫീൽഡിങ് ടീമിന് ലോസ്റ്റ് ബോൾ വിളിക്കാവുന്നതാണ്. ഇതിലൂടെ ബാറ്റിങ് ടീമിന് നോബോളോ, വൈഡോ ഉണ്ടെങ്കിൽ അതിലൂടെ ലഭിക്കുന്ന റൺസും, 6 അധിക റൺസും, ലോസ്റ്റ് ബോൾ വിളിക്കുന്നതിനുമുൻപ് ബാറ്റ്സ്മാന്മാർ ഓടിയെടുത്ത റൺസും സ്കോറിനൊപ്പം ലഭിക്കുന്നതാണ്. ഇത് അന്താരാഷ്ട്ര ക്രിക്കറ്റിൽ അസാധാരണമായ ഒരു പ്രതിഭാസമാണ്.
- നിയമം 21: മത്സരഫലം
മത്സരത്തിൽ കൂടുതൽ റൺസ് നേടിയ ടീമാണ് അന്തിമവിജയികൾ. മത്സരം അവസാനിക്കുമ്പോൾ ഇരു ടീമുകളുടെയും സ്കോർ തുല്യമാണെങ്കിൽ മത്സരം ടൈ ആയതായി പ്രഖ്യാപിക്കുന്നു. ടെസ്റ്റ് മത്സരം പോലെയുള്ള മത്സരരൂപങ്ങളിൽ നിശ്ചിത സമയം അവസാനിക്കുന്നതിനകം ഫലമുണ്ടായില്ലെങ്കിൽ മത്സരം ഡ്രോ ആയതായി പ്രഖ്യാപിക്കുന്നു
- നിയമം 22: ഓവർ
നോബോളുകളും, വൈഡുകളും ഉൾപ്പെടാതെ ഒറോവറിൽ 6 പന്തുകളാണ് ഉള്ളത്. ആറു പന്തുകൾ എറിഞ്ഞുകഴിയുമ്പോൾ ആ ബൗളറിന് പകരം മറ്റൊരാൾ പന്തെറിയാനെത്തുന്നു. ഒരേ ബൗളർക്ക് തന്നെ തുടർച്ചയായി ഒന്നിലേറെ ഓവറുകൾ എറിയാൻ സാധിക്കില്ല.
- നിയമം 23: ഡെഡ് ബോൾ
പന്ത് സജീവമായിരിക്കാത്ത അവസ്ഥയാണ് ക്രിക്കറ്റിൽ ഡെഡ് ബോൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ബൗളർ തന്റെ റണ്ണപ്പ് ആരംഭിക്കുമ്പോൾ പന്ത് സജീവമാകുന്നു. സാധാരണയായി പല കാരണങ്ങൾകൊണ്ട് ഒരു പന്ത് ഡെഡ് ബോൾ ആകാം- ഒരു ബാറ്റ്സ്മാൻ പുറത്തായിക്കഴിയുമ്പോൾ, ഒരു ബൗണ്ടറി നേടിക്കഴിയുമ്പോൾ, അല്ലെങ്കിൽ പന്ത് അന്തിമമായി ഫീൽഡറിന്റെയോ വിക്കറ്റ് കീപ്പറുടെയോ കൈയ്യിൽ എത്തുമ്പോൾ പന്ത് ഡെഡ് ബോൾ ആകുന്നു. ഒരു ഡെഡ് ബോളിൽ ബാറ്റ്സ്മാനെ പുറത്താക്കുകയോ, റൺസ് നേടുകയോ ചെയ്യാൻ കഴിയില്ല.
- നിയമം 24: നോ ബോൾ
നിരവധി കാരണങ്ങളാൽ ഒരു പന്ത് നോബോൾ ആയി വിധിക്കപ്പെടാം: ബൗളിങ് ക്രീസ്, പോപ്പിങ് ക്രീസ് എന്നിവിടങ്ങളിൽ അനുവദനീയമല്ലാത്ത രീതിയിൽ ബൗളറുടെ കാൽപ്പാദം സ്പർശിക്കുക, ഫീൽഡ് വിന്യാസത്തിലെ നിലവിലുള്ള നിയമങ്ങൾ തെറ്റിച്ചുകൊണ്ട് ബൗൾ ചെയ്യുക, നിയമാനുസൃതമല്ലാത്ത ബൗളിങ് ആക്ഷൻ, ബൗളർ എറിഞ്ഞ പന്ത് ബാറ്റ്സ്മാന്റെ സമീപത്ത് എത്തുന്നതിനുമുൻപ് രണ്ടിലേറെ തവണ നിലത്ത് കുത്തി ഉയരുക, അപകടകരമായ രീതിയിൽ ബൗൾ ചെയ്യുക, ബാറ്റ്സ്മാൻ പന്ത് അടിക്കാൻ ശ്രമിക്കുകയോ, പന്ത് സ്റ്റമ്പ് കടന്ന് പിന്നിലേക്ക് പോവുകയോ ചെയ്യുന്നതിനുമുൻപ് വിക്കറ്റ് കീപ്പറിന്റെ ഏതെങ്കിലും ശരീരഭാഗങ്ങൾ സ്റ്റമ്പിനെ മറികടന്ന് മുൻപിൽ എത്തുക മുതലായ സന്ദർഭങ്ങളിൽ പന്ത് നോബോളാണ്. നോബോൾ ബാറ്റിങ് ടീമിന്റെ സ്കോറിനോട് 1 റൺസ് അധികമായി ചേർക്കപ്പെടുന്നു. ആ ഓവറിൽ ഒരു പന്ത് അധികമായി എറിയേണ്ടി വരികയും ചെയ്യുന്നു.
- നിയമം 25: വൈഡ് ബോൾ
ക്രിക്കറ്റിൽ ബാറ്റ്സ്മാന് ബാറ്റുകൊണ്ട് എത്തിപ്പിടിക്കാൻ കഴിയാത്ത പന്തുകളെ വൈഡ് എന്ന് വിവക്ഷിക്കാം. വിക്കറ്റിന്റെ ഇരുവശങ്ങളിലും അനുവദിക്കപ്പെട്ട പരിധിക്ക് പുറത്തുപോകുന്ന പന്തുകളെ അമ്പയർ വൈഡ് എന്ന് വിധിക്കുന്നു, അതോടൊപ്പം ബാറ്റ്സ്മാന്റെ തലക്ക് മുകളിലൂടെ പോകുന്ന ബൗൺസറുകളും വൈഡായാണ് വിളിക്കപ്പെടുന്നത്. വൈഡുകളെ അധിക റണ്ണുകൾ അഥവാ എക്സ്ട്രാകൾ എന്ന ഗണത്തിലാണ് പെടുത്തുന്നത്. വൈഡുകൾക്ക് ഒരു റൺ വീതമാണ് അധികമായി നൽകുന്നത്, കൂടാതെ ഒരു പന്ത് അധികമായി എറിയുകയും വേണം.
ബൈ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ബാറ്റ്സ്മാന്റെ ബാറ്റിലോ, ശരീരത്തോ കൊള്ളാതെ പോകുന്ന പന്തുകളിൽ ബാറ്റിങ് ടീം നേടുന്ന റൺസാണ്. ലെഗ് ബൈ എന്നത് ബാറ്റ്സ്മാന്റെ ബാറ്റിൽ കൊള്ളാതെ ശരീരത്തിൽ തട്ടി പോകുന്ന പന്തുകളിൽ നേടുന്ന റൺസാണ്. ബൈകളും, ലെഗ് ബൈകളും ബാറ്റ്സ്മാന്റെ വ്യക്തിഗത സ്കോറിനോട് ചേർക്കില്ല, അവ എക്സ്ട്രാകൾ എന്ന വിഭാഗത്തിൽ പെടുത്തി ബാറ്റിങ് ടീമിന്റെ ആകെ സ്കോറിനൊപ്പമാണ് ചേർക്കുന്നത്.
ബാറ്റ്സ്മാനെ പുറത്താക്കുന്നതിനുള്ള രീതികളെ സംബന്ധിക്കുന്നത്
തിരുത്തുക- നിയമം 28: അപ്പീലുകൾ
ബാറ്റ്സ്മാൻ ഔട്ടാണെന്ന് ഫീൽഡർമാർ കരുതുന്നെങ്കിൽ അവർ അടുത്തപന്ത് എറിയുന്നതിനുമുമ്പ് അമ്പയറോട് ഹൗസ് ദാറ്റ്? എന്ന് ചോദിക്കണം. അവരുടെ അപ്പീലിന്മേൽ അമ്പയർ ബാറ്റ്സ്മാൻ ഔട്ടാണോ, നോട്ടൗട്ടാണോ എന്ന് അന്തിമ തീരുമാനം സ്വീകരിക്കും. ബൗൾഡ് ഉൾപ്പെടെയുള്ള എല്ലാ തരത്തിലുള്ള പുറത്താകലുകൾക്കും ഫീൽഡിങ് ടീം അപ്പീൽ ചെയ്യണം എന്നാണ് നിയമമെങ്കിലും അത്തരം സാഹചര്യങ്ങളിൽ ഫീൽഡിങ് ടീമിന്റെ അപ്പീലിനും, അമ്പയറുടെ തീരുമാനത്തിനും കാത്തുനിൽക്കാതെ ബാറ്റ്സ്മാൻ കളിക്കളത്തിനു പുറത്തുപോകാറാണ് പതിവ്.
- നിയമം 28: വിക്കറ്റ് വീഴ്ത്തുക
വിക്കറ്റ് ഭേദിക്കപ്പെടുമ്പോഴാണ് മിക്കവാറും തരത്തിലുള്ള പുറത്താകലുകൾ സംഭവിക്കുന്നത്. കളിക്കിടെ പന്തിനാലോ, ബാറ്റ്സ്മാനാലോ, ഫീൽഡറിന്റെ പന്ത് പിടിച്ചിരിക്കുന്ന കൈയ്യാലോ വിക്കറ്റ് ഭേദിക്കപ്പെടുകയും, കുറഞ്ഞത് ഒരു ബെയിലെങ്കിലും നിലത്ത് വീഴുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
- നിയമം 29: ബാറ്റ്സ്മാൻ തന്റെ ഗ്രൗണ്ടിന്റെ പുറത്തു പോകുക
ബാറ്റ്സ്മാൻ ഗ്രൗണ്ടിന്റെ പുറത്താണെങ്കിൽ റൺ ഔട്ട് മുഖേനയോ, സ്റ്റമ്പിങ് മുഖേനയോ അയാളെ പുറത്താക്കാൻ സാധിക്കും. ബാറ്റ്സ്മാന്റെ ഏതെങ്കിലും ശരീരഭാഗമോ, അയാളുടെ ബാറ്റോ പോപ്പിങ് ക്രീസിന്റെ ഉള്ളിലാണെങ്കിൽ അയാൾ തന്റെ ഗ്രൗണ്ടിലാണ് എന്ന് പറയാം. രണ്ടു ബാറ്റ്സ്മാന്മാരും പിച്ചിന്റെ മധ്യത്തിലാകുകയും, ഏതെങ്കിലും ഒരു എൻഡിലെ വിക്കറ്റ് തകർക്കപ്പെടുകയും ചെയ്താൽ ആ എൻഡിനോട് ഏറ്റവും സമീപത്തുള്ള ബാറ്റ്സ്മാൻ പുറത്തായതായി വിധിക്കപ്പെടും.
ബാറ്റ്സ്മാൻ പുറത്താകുന്ന മാർഗങ്ങളെ സംബന്ധിക്കുന്നത്
തിരുത്തുക- നിയമം 30: ബൗൾഡ്
ഒരു ബൗളർ എറിഞ്ഞ പന്ത് ബാറ്റ്സ്മാന് അടിച്ചകറ്റാനോ, പ്രതിരോധിക്കാനോ കഴിയാതെ, ബാറ്റിലോ, ശരീരത്തിലോ സ്പർശിച്ചോ, അല്ലാതെയോ പിന്നിലെ വിക്കറ്റ് തകർത്താൽ ആ ബാറ്റ്സ്മാൻ ബൗൾഡ് ആയി പുറത്താകുന്നു.
- നിയമം 31: ടൈംഡ് ഔട്ട്
ഒരു ബാറ്റ്സ്മാൻ പുറത്തായതിനുശേഷം 3 മിനിറ്റിനുള്ളിൽ അടുത്ത ബാറ്റ്സ്മാൻ കളിക്കാൻ തയ്യാറായി ക്രീസിൽ എത്തിയില്ലെങ്കിൽ അയാൾ ഔട്ട് ആയതായി പ്രഖ്യാപിക്കപ്പെടുന്നു.
- നിയമം 32: ക്യാച്ച്
ബാറ്റ്സ്മാന്റെ ബാറ്റിലോ, ബാറ്റ് പിടിച്ചിരിക്കുന്ന ഗ്ലൗവിലോ കൊള്ളുന്ന പന്ത് ഗ്രൗണ്ടിൽ സ്പർശിക്കുന്നതിനുമുമ്പ് ഏതെങ്കിലുമൊരു ഫീൽഡർ പിടിയിലൊതുക്കിയാൽ ആ ബാറ്റ്സ്മാൻ ക്യാച്ചിലൂടെ പുറത്തായതായി പ്രഖ്യാപിക്കപ്പെടുന്നു.
- നിയമം 33: ഹാൻഡിൽ ദ് ബോൾ (ബോൾ കൈകൊണ്ട് പിടിക്കുക)
ബാറ്റ് പിടിക്കാത്ത കൈകൾ കൊണ്ട്, ബൗളിങ് ടീമിന്റെ അനുമതിയില്ലാതെ ഒരു ബാറ്റ്സ്മാൻ മനഃപൂർവം പന്തിനെ സ്പർശിക്കുമ്പോൾ ഹാൻഡിൽ ദ് ബോൾ നിയമപ്രകാരം അയാളെ ഔട്ടാക്കാൻ സാധിക്കും.
- നിയമം 34: ഹിറ്റ് ദ് ബോൾ റ്റ്വൈസ് (രണ്ടു തവണ പന്തിനെ അടിക്കുക)
കളിക്കിടെ ഒരു ബാറ്റ്സ്മാന്റെ ശരീരത്തിലോ ബാറ്റിലോ കൊണ്ട പന്ത് ഏതെങ്കിലും ഫീൽഡറുടെ കൈയ്യിലെത്തുന്നതിനുമുൻപ്, ബാറ്റ് പിടിക്കാത്ത കൈ ഒഴികെ ഏതെങ്കിലും ശരീരഭാഗങ്ങൾ കൊണ്ടോ ബാറ്റ് കൊണ്ടോ, വിക്കറ്റ് സംരക്ഷിക്കുന്നതിന് ഒഴികെ, മനഃപൂർവ്വം തട്ടിയിടുകയോ അടിക്കുകയോ ചെയ്താൽ ഹിറ്റ് ദ് ബോൾ റ്റ്വൈസ് നിയമപ്രകാരം ഫീൽഡിങ് ടീമിന്റെ അപ്പീലിന്മേൽ അയാളെ പുറത്താക്കാം
- നിയമം 35: ഹിറ്റ് വിക്കറ്റ്
കളിക്കിടെ ബാറ്റ്സ്മാന്റെ ബാറ്റ് സ്പർശിച്ചതു മൂലമോ, ഏതെങ്കിലും ശരീരഭാഗങ്ങൾ സ്പർശിച്ചത് മൂലമോ വിക്കറ്റ് വീഴപ്പെട്ടാൽ ആ ബാറ്റ്സ്മാൻ ഹിറ്റ് വിക്കറ്റ് മുഖേന ഔട്ട് ആയതായി പ്രഖ്യാപിക്കപ്പെടുന്നു. ബാറ്റ്സ്മാന്റെ ശരീരഭാഗങ്ങൾ എന്നതിൽ ധരിച്ചിരിക്കുന്ന ജഴ്സിയും, ശരീരത്തിൽ ധരിച്ചിരിക്കുന്ന സുരക്ഷാ ഉപകരണങ്ങളും, ഗ്ലൗ പോലെയുള്ള വസ്തുക്കളും ഉൾപ്പെടുന്നു.
- നിയമം 36: ലെഗ് ബിഫോർ വിക്കറ്റ് (എൽ.ബി.ഡബ്ലു)
ബോളർ എറിയുന്ന പന്ത് ബാറ്റ്സ്മാന്റെ ബാറ്റിൽ സ്പർശിക്കുന്നതിനു പകരം സ്റ്റമ്പിനു മുന്നിൽ നിലയുറപ്പിച്ചിരിക്കുന്ന കാലിലോ, ശരീരഭാഗങ്ങളിലോ പതിക്കുമ്പോഴാണ് ഈ പുറത്താക്കൽ രീതിക്കു സാധ്യത തെളിയുന്നത്. ബാറ്റ്സ്മാന്റെ പാഡിലോ, ശരീരത്തിലോ തട്ടിയില്ലായിരുന്നെങ്കിൽ അതു നേരെ വിക്കറ്റിൽ പതിക്കുമായിരുന്നോ എന്നു നിർവചിച്ചാണ് അമ്പയർ പുറത്താക്കൽ തീരുമാനമാനമെടുക്കുന്നത്
- നിയമം 37: ഫീൽഡിങ് തടസ്സപ്പെടുത്തുക
ഒരു ബാറ്റ്സ്മാൻ തന്റെ വാക്കുകൾകൊണ്ടോ, പ്രവർത്തികൾകൊണ്ടോ എതിർടീമിന് തടസ്സമുണ്ടാക്കിയാൽ ഈ നിയമപ്രകാരം അയാളെ പുറത്താക്കാം.
- നിയമം 38: റൺ ഔട്ട്
കളിക്കിടെ ക്രീസിൽനിന്ന് ഏതെങ്കിലും കാരണങ്ങൾ മൂലം പുറത്തിറങ്ങുന്ന ബാറ്റ്സ്മാനെ ഔട്ടാക്കാനായി ബൗളറോ, ഏതെങ്കിലും ഫീൽഡർമാരോ പ്രസ്തുത വശത്തെ വിക്കറ്റ് പന്തുപയോഗിച്ച് തകർക്കുന്നു. ഇങ്ങനെ സംഭവിക്കുന്ന ഔട്ടുകൾക്കാണ് റൺ ഔട്ട് എന്ന് പറയുന്നത്.
- നിയമം 39: സ്റ്റംപ്ഡ്
ഒരു ബാറ്റ്സ്മാൻ പന്തിനെ അടിച്ചകറ്റാനുള്ള ശ്രമത്തിനിടെയോ മറ്റെന്തെങ്കിലും കാരണങ്ങൾക്കൊണ്ടോ ക്രീസിനു പുറത്തിറങ്ങിയാൽ വിക്കറ്റ് കീപ്പറിന് തന്റെ കൈയ്യിലിരിക്കുന്ന പന്തുപയോഗിച്ച് വിക്കറ്റ് തകർത്ത് അയാളെ സ്റ്റംപ് ചെയ്ത് പുറത്താക്കാം.
ഫീൽഡർമാരെ സംബന്ധിക്കുന്നത്
തിരുത്തുക- നിയമം 40: വിക്കറ്റ് കീപ്പർ
ബൗളിങ് ടീമിൽ, ബാറ്റ്സ്മാന്റെയും, സ്റ്റമ്പിന്റെയും പിന്നിൽ നിൽക്കാൻ നിയോഗിക്കപ്പെട്ട ഫീൽഡറാണ് വിക്കറ്റ് കീപ്പർ. ഗ്ലൗകളും, പുറമേയുള്ള കാൽപാഡുകളും ഉപയോഗിക്കാൻ അനുവാദമുള്ള ഒരേയൊരു ഫീൽഡറാണ് വിക്കറ്റ് കീപ്പർ.
- നിയമം 41: ഫീൽഡർ
ബൗളിങ് ടീമിലെ പതിനൊന്നു കളിക്കാരും ഫീൽഡർമാരാണ്. പന്ത് തടയാനും, ബൗണ്ടറികൾ തടയാനും, ബാറ്റ്സ്മാനെ ക്യാച്ചിലൂടെയും, റൺ ഔട്ടിലൂടെയും പുറത്താക്കാനും ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിയോഗിക്കപ്പെടുന്ന കളിക്കാരാണ് ഫീൽഡർമാർ.
മാന്യവും മാന്യമല്ലാത്തതുമായ കളി പ്രവണതകളെ സംബന്ധിക്കുന്നത്
തിരുത്തുക- നിയമം 42: മാന്യമായ കളി, മാന്യമല്ലാത്ത കളി (ഫെയർ&അൺഫെയർ പ്ലേ)
അപ്പന്റിക്സുകൾ
തിരുത്തുകമേല്പറഞ്ഞവയോടൊപ്പം 5 അപ്പന്റിക്സുകളും ക്രിക്കറ്റ് നിയമങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നു
- അപ്പന്റിക്സ് 1: സ്റ്റംപുകളുടെയും ബെയിലുകളുടെയും ചിത്രസഹിതമുള്ള വിശദീകരണങ്ങൾ
- അപ്പന്റിക്സ് 2: പിച്ചിന്റെയും ക്രീസുകളുടെയും ചിത്രസഹിതമുള്ള വിശദീകരണങ്ങൾ
- അപ്പന്റിക്സ് 3: ഗ്ലൗവുകളുടെ ചിത്രസഹിതമുള്ള വിശദീകരണങ്ങൾ
- അപ്പന്റിക്സ് 4: ക്രിക്കറ്റ് സാങ്കേതികപദങ്ങളൂടെ വിശദീകരണങ്ങൾ
- അപ്പന്റിക്സ് 5: ക്രിക്കറ്റ് ബാറ്റിന്റെ വിശദീകരണങ്ങൾ